പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി ഭരണകൂട നീതിനിഷേധത്തിന്റെ ഇരയായി ജയിലിൽ വെച്ച് മരണമടഞ്ഞു. 84കാരനായ സ്റ്റാൻ സ്വാമിക്ക് ഭരണകൂടം വിധിച്ച അപ്രഖ്യാപിത വധശിക്ഷയായിരുന്നു ഈ മരണം എന്നുതന്നെ പറയേണ്ടതുണ്ട്. സുധാ ഭരദ്വാജും, ഗൗതം നവ്‌ലാഖയും, സായ്ബാബയും അടക്കം നിരവധി മനുഷ്യാവകാശ പ്രവർത്തകർ എന്തുകൊണ്ട് ഭരണകൂടത്തിന്റെ ജയിലറകളിൽ നരക യാതന അനുഭവിക്കേണ്ടി വരുന്നു? ബിനായക് സെന്നിനും സോണി സോറിക്കും ഡോ. സൈബൽ ജനയ്ക്കും കൂടെക്കൂടെ കോടതി കയറിയിറങ്ങേണ്ടി വരുന്നതെന്തുകൊണ്ട്? ഹിമാൻഷു കുമാറിനും ഫെലിക്‌സ് പാഡലിനെയും പോലുള്ള ഗാന്ധിയൻ സോഷ്യലിസ്റ്റുകൾക്ക് താന്താങ്ങളുടെ പ്രദേശങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതെന്തുകൊണ്ട്? കോന്ധ് ആദിവാസി വിഭാഗത്തിൽ പെട്ട കുനി സികാകയ്ക്ക് തന്റെ 18-ാമത്തെ വയസ്സിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നതെന്തുകൊണ്ട്? നൂറുകണക്കായ ആദിവാസി ആക്ടിവിസ്റ്റുകൾ അനധികൃതമായ അറസ്റ്റിനും ജയിൽശിക്ഷയ്ക്കും വിധേയരാക്കപ്പെടുന്നതെന്തുകൊണ്ട്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന "വികസന' പരിപാടികളുമായി ബന്ധപ്പെട്ടതാണെന്ന യാഥാർത്ഥ്യത്തെ തിരസ്‌കരിച്ചുകൊണ്ട് ഏറെക്കാലം നമുക്ക് മുന്നോട്ടുപോകാൻ കഴിയില്ല. ഈ മഹാമാരിക്കാലത്തുപോലും ഇന്ത്യയിലെ ആദിവാസികൾക്ക് നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടി വരുന്നുവെന്ന യാഥാർത്ഥ്യം മനസ്സിലാകണമെങ്കിൽ ഛത്തീസ്ഗഢിലെ സുക്മ-ബിജാപൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന സിൽഗേർ ഗ്രാമത്തിലേക്ക് നോക്കിയാൽ മതി.
ഇന്ത്യൻ നഗരങ്ങളുടെ "വികസന വിശപ്പി'ന് അറുതിവരുത്താൻ കോളനികളാക്കി മാറ്റപ്പെടുന്ന ആദിവാസി മേഖലകളിൽ ആദിവാസി പ്രശ്‌നത്തിൽ സജീവമായി ഇടപെടുന്ന എല്ലാ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരെയും പല രീതിയിൽ വേട്ടയാടുകയാണ് ഭരണകൂടം. എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര കോളനികളായി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദിവാസി ഇടനാഴികളിൽ ചെറുത്തുനിൽപ്പിന്റെ സ്വരങ്ങൾ കൂടുതൽ കടുത്തുകൊണ്ടിരിക്കുകയും ആ മേഖല കൂടുതൽ അസ്വസ്ഥമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അസന്തുലിതമായ വിഭവ പ്രവാഹത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം ചർച്ച ചെയ്തുകൊണ്ടല്ലാതെ ഈ മനുഷ്യാവകാശ ലംഘനത്തിന്റെയും ഭരണകൂട ഹിംസയുടെയും പ്രതിലോമ രാഷ്ട്രീയത്തെ നേരിടാൻ സാധ്യമല്ല തന്നെ. "ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്' എന്ന പേരിൽ എഴുതിയ പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത് അനുചിതമാകുകയില്ലെന്ന് തോന്നുന്നു.
ആഭ്യന്തര കോളനികളാകുന്ന ആദിവാസി മേഖലകൾ
നഗര കേന്ദ്രീകൃത വികസനവും കേന്ദ്രീകൃത ആസൂത്രണവും ആധുനിക വികസനത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടൂ കൂടി നഗരവൽക്കരണത്തിന്റെ തോത് ക്രമാതീതമായി വർദ്ധിച്ചുവരുന്നതായി കാണാം. വർദ്ധിച്ചുവരുന്ന ഈ നഗരങ്ങളുടെ ദൈനംദിനാവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും മറ്റുമായി പ്രകൃതി വിഭവങ്ങളുടെയും ഊർജ്ജത്തിന്റെയും വൻതോതിലുള്ള ഉപഭോഗം അനിവാര്യമാണ്. ഗതാഗതം, വൈദ്യുതി, ഭക്ഷണം, പാർപ്പിടം, വിനോദ വ്യവസായം തുടങ്ങി സകല മേഖലകളിലും പ്രകൃതിവിഭവങ്ങളുടെ വിനിയോഗം ക്രമാതീതമായ തോതിൽ ഇതോടൊപ്പം വളർന്നുവന്നു. പ്രകൃതി വിഭവങ്ങളെ ഉപഭോഗ വസ്തുക്കളായി പരിവർത്തിപ്പിക്കുന്ന പ്രക്രിയകൾ നഗരങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ഉത്പാദനം സ്വാഭാവികമായും ഗ്രാമീണ-വനമേഖലകളെ ആശ്രയിച്ചാണ് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ പ്രകൃതി വിഭവങ്ങൾ സമൃദ്ധമായി ലഭിക്കുന്ന ഇത്തരം മേഖലകൾ നഗരങ്ങളെ തീറ്റിപ്പോറ്റാനുള്ള കോളനികളായി മാറി എന്നതാണ് കഴിഞ്ഞ നൂറ്റമ്പത് വർഷക്കാലത്തെ വികസനങ്ങളുടെ പരിണതഫലം. വികസന നയങ്ങളും കേന്ദ്രീകൃത ആസൂത്രണങ്ങളും കോളനിവത്കരണ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു. ഒരുഭാഗത്ത്, അസംസ്‌കൃത വിഭവങ്ങൾക്കായി ഗ്രാമീണ-ആദിവാസി മേഖലകളെ നിരന്തര ചൂഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത്, നഗരങ്ങളുടെ മാലിന്യങ്ങൾ നിക്ഷേപിക്കുവാനുള്ള കുപ്പത്തൊട്ടികളായും മാറ്റുന്ന സ്ഥിതിവിശേഷമാണുള്ളത്.
നഗരങ്ങളിലേക്കുള്ള പ്രകൃതി വിഭവങ്ങളുടെ വൻതോതിലുള്ള പ്രവാഹം നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സാമ്പത്തികാസമത്വങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രതിശീർഷ ഊർജ്ജ ഉപഭോഗങ്ങളിലും വ്യക്തിഗത വരുമാനങ്ങളിലും ജീവിത നിലവാരങ്ങളിലും ഒക്കെത്തന്നെ വർധിച്ച തോതിലുള്ള അന്തരം പ്രകടമാണ്. ഒരു നഗരപൗരന്റെയും ആദിവാസി-ഗ്രാമീണ പൗരന്റെയും പ്രതിശീർഷ ‘പാരിസ്ഥിതിക പാദമുദ്ര’തമ്മിലുള്ള അന്തരം ഭീമമാണ്. പ്രകൃതി വിഭവങ്ങൾ നഗരങ്ങളിലേക്ക് വഴിതിരിച്ചുവിടുമ്പോൾ സ്വാഭാവികമായും അത്തരം മേഖലകളിൽ അധിവസിക്കുന്ന ജനതയുടെ ജീവനോപാധികൾക്കുമേൽ നിയന്ത്രണവും കാലക്രമത്തിൽ ദൗർലഭ്യവും സംഭവിക്കുന്നു. ഈ രീതിയിൽ ജീവനോപാധികൾ നഷ്ടപ്പെടുന്ന ജനത തൊഴിൽ തേടി നഗരങ്ങളിലേക്ക് കുടിയേറാൻ നിർബ്ബന്ധിതമാക്കപ്പെടുകയാണ് ചെയ്യുന്നത്. ഗ്രാമീണ-ആദിവാസി മേഖലകളിൽ നിന്ന് ജീവിതം പറിച്ചെടുത്ത് നഗരങ്ങളിലേക്കെത്തുന്ന ജനങ്ങൾ അവിടെയും ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. നഗരങ്ങളിലെ അവിദഗ്ധ തൊഴിലുകൾ കുറഞ്ഞ കൂലിക്ക് ചെയ്യാൻ ഈ വിഭാഗം നിർബ്ബന്ധിതമാക്കപ്പെടുന്നു. കുടിയിറക്കത്തിന്റെയും കുടിയേറ്റത്തിന്റെയും ഈ ഇരട്ട പ്രക്രിയകൾ ആധുനിക വികസനം ആരുടെ താൽപര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
കൊളോണിയൽ യജമാനന്മാർ പാതിവഴിയിൽ ഇട്ടുപോയ അതേ നയങ്ങൾ തന്നെയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകൂടങ്ങളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുടർന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷവും ആദിവാസികളുടെ ദുരിതജീവിതത്തിന് യാതൊരറുതിയുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല അവ കൂടുതൽ ദുരിതക്കയങ്ങളിലേക്ക് നിലംപതിക്കുകയാണ് ചെയ്തത്. "ആധുനികത', "വികസനം', "പൊതുതാൽപര്യം' എന്നീ ലേബലുകളിൽ ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്നും ജീവിതത്തിൽ നിന്നും അകറ്റുകയാണ് നാം ചെയ്തത്. വിഭജനത്തെത്തുടർന്ന് കിഴക്കൻ പാകിസ്താനിൽ നിന്ന് പലായനം ചെയ്യപ്പെട്ട ഹിന്ദു അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി പശ്ചിമബംഗാളിൽ 2,30,000 ഹെക്ടർ ഭൂമി ഉപയോഗപ്പെടുത്തുകയുണ്ടായി. ഇതിൽ 80,000ത്തോളം ഹെക്ടർ ഭൂമിയും ആദിവാസി സമൂഹം പൊതുഭൂമിയായി ഉപയോഗിച്ചുകൊണ്ടിരുന്നവയായിരുന്നു. അസമിൽ ഇത് 1,40,000 ഹെക്ടറായിരുന്നു. അവയിൽ ഏതാണ്ട് 6,600 ഹെക്ടർ ഭൂമി ആദിവാസി ഭൂമിയും. 1960ൽ കിഴക്കൻ പാകിസ്താനിൽ നിന്ന് കുടിയേറിയ ചക്മാ അഭയാർത്ഥികളെ പുനരധിവസിപ്പിച്ചത് അരുണാചൽ പ്രദേശിലായിരുന്നു. ഒറീസയിലെ കോരാപുത്, ഛത്തീസ്ഗഡിലെ ബസ്തർ എന്നീ പ്രദേശങ്ങളിലും അഭയാർത്ഥി പുനരധിവാസത്തിനായി വലിയതോതിൽ ആദിവാസി ഭൂമി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദിവാസികളെ പൊതുഭൂമിയിൽ നിന്ന് അകറ്റുന്നതിന് ഇത്തരത്തിലുള്ള നിരവധി ഘടകങ്ങൾ കാരണമായിട്ടുണ്ടെന്ന് പറയാം.
1950ൽ സ്വതന്ത്ര്യ ഭാരതത്തിലെ ആദ്യസർക്കാർ ഇന്ത്യയുടെ വനനയം രൂപപ്പെടുത്തിന്നതിനായുള്ള സെൻട്രൽ ബോർഡ് ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് നയസമീപനങ്ങളിൽ കാതലായ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ 1952ൽ ദേശീയ വനനയം പ്രഖ്യാപിക്കപ്പെട്ടു. വന വിഭവങ്ങൾ ശേഖരിച്ച് ജീവിച്ചിരുന്ന ആദിവാസികളുടെ ജീവിതത്തെ കൂടുതൽ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ 1973ൽ കെന്ദു ഇലകളും മറ്റ് ചെറുകിട വനവിഭവങ്ങളും ദേശീയസ്വത്തായി പ്രഖ്യാപിച്ചുകൊണ്ട് ആദിവാസികളുടെ കഞ്ഞിയിൽ കേന്ദ്രവനം വകുപ്പ് മണ്ണുവാരിയിട്ടു. ആദിവാസികളുടെ ജീവിതത്തെയും വനസംരക്ഷണത്തിൽ അവരുടെ പങ്കിനെക്കുറിച്ചും മനസിലാക്കാതെയുള്ള നിയമനിർമ്മാണങ്ങൾ അവരെ കൂടുതൽ അന്യവൽക്കരിക്കുവാൻ മാത്രമേ സഹായിച്ചുള്ളൂ. അതേസമയം തന്നെ ആദിവാസി ക്ഷേമത്തിനും ഉദ്ധാരണത്തിനും വേണ്ടി പ്രത്യേക മന്ത്രാലയവും അവയുടെ മേൽനോട്ടത്തിൽ വിവിധ ക്ഷേമപദ്ധതികളും ഇന്ത്യയിൽ നടപ്പിലാക്കപ്പെട്ടു. ഓരോ പഞ്ചവൽസര പദ്ധതികളിലൂമായി ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കപ്പെട്ട തുകകളുടെ കണക്കു പരിശോധിച്ചാൽ അമ്പരന്നുപോകും. ഭരണഘടനയിൽ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ആദിവാസി ഭൂമിയും സംസ്‌കാരവും സംരക്ഷിക്കുവാനുള്ള നിയമപരമായ നടപടികൾ പലപ്പോഴായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വികസന നയങ്ങളിൽ പലതരത്തിലുള്ള പഴുതുകൾ സൃഷ്ടിച്ച് നിയമവിധേയമായും നിയമവിരുദ്ധമായും ആദിവാസി ഭൂമി കയ്യേറാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ എക്കാലവും നടന്നിട്ടുണ്ട്.
പൊതുവിഭവങ്ങളിന്മേലുള്ള വിശാല രാജ്യതാൽപ്പര്യങ്ങളും അവകാശങ്ങളും ഉന്നയിച്ചുകൊണ്ട് അത്തരം വിഭവങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകളെ "എമിനന്റ് ഡൊമൈൻ' (eminent domain) എന്ന് നാമകരണം ചെയ്ത് എല്ലാ അനീതികളെയും സാധൂകരിക്കുവാനായിരുന്നു ഇന്ത്യയിലെ വികസനവാദികൾ എക്കാലവും പ്രയത്‌നിച്ചിരുന്നത്.
ഭൂമി അന്യാധീനപ്പെടൽ
ആദിവാസി വിഭാഗങ്ങളുടെ ഭൂമിയിൽ നിന്നുള്ള അന്യവൽക്കരണത്തിന് നിരവധി ഘടങ്ങൾ കാരണമായിട്ടുണ്ട്. കൊളോണിയൽ ഭരണ കാലത്തുതന്നെ ഈയൊരു പ്രക്രിയ ആരംഭിച്ചുവെങ്കിലും സ്വതന്ത്ര ഭാരതത്തിൽ ഇതിന് ആക്കം വർദ്ധിക്കുകയാണുണ്ടായത്. ആദിവാസി ഭൂമി അവരുടെ കൈകളിൽ തന്നെ നിലനിർത്തുന്നതിനായി ഒട്ടനവധി ഭൂസംരക്ഷണ നിയമങ്ങൾ, നിയമനിർമ്മാണങ്ങൾ, നിയന്ത്രണങ്ങൾ, വന നിയമങ്ങൾ, സർക്കാർ നയങ്ങൾ, ഉത്തരവുകൾ, കോടതി ഉത്തരവുകൾ, വിധി പ്രസ്താവങ്ങൾ, എന്നിവയൊക്കെ ഉണ്ടായിട്ടും അവ യാഥാർത്ഥ്യമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഗവൺമെന്റുകൾക്ക് ഉണ്ടായിരുന്നില്ല. വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ‘നിയമപരമായി’ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കൽ, വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ നിയമവിരുദ്ധമായി ആദിവാസി ഭൂമികളിലേക്ക് കടന്നുകയറൽ, ആദിവാസി ഭൂമി സർക്കാർ ഭൂമിയായി ഔദ്യോഗിക രേഖകളിൽ എഴുതിച്ചേർത്ത് തട്ടിയെടുക്കൽ, ബിനാമി ഇടപാടുകളിലൂടെ ഭൂമി സ്വന്തമാക്കൽ, ദേശീയോദ്യാനങ്ങൾ, സംരക്ഷിതവനങ്ങൾ എന്നിവയ്ക്കുവേണ്ടി ആദിവാസികളെ അവരുടെ താമസ സ്ഥലങ്ങളിൽ നിന്ന് പുറത്താക്കൽ, പ്രാദേശിക ഭൂവുടമകളുടെയും വട്ടിപ്പലിശക്കാരുടെയും ഇടപെടലിലൂടെ ഭൂമി അന്യാധീനപ്പെടൽ തുടങ്ങി നിരവധി ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് ആദിവാസികളുടെ ഭൂമിയിൽനിന്നുള്ള അന്യവൽക്കരണം ഇത്രയധികം രൂക്ഷമായതെന്ന് പറയാം. ജല -വൈദ്യുത പദ്ധതികൾ, ഖനന പ്രവർത്തനങ്ങൾ എന്നിവ വികസന പ്രവർത്തനങ്ങൾക്കായുള്ള കുടിയൊഴിപ്പിക്കലുകളിൽ മുൻനിരയിൽ നിൽക്കുന്നുണ്ട്. ഈ രണ്ട് മേഖലകളെയും പ്രത്യേകമായി പിന്നീട് പരിശോധിക്കുന്നതാണ്.
നിയമവിരുദ്ധമായ ഭൂമി അന്യവൽക്കരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തമാണെന്നും നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും, രേഖകൾ തിരുത്തിയും അന്യവൽക്കരിക്കപ്പെട്ട ആദിവാസി ഭൂമികൾ പതിച്ചുനൽകുന്നതിൽ റവന്യൂ ഉദ്യോഗസ്ഥരുടെയും പങ്കുണ്ടെന്നും ആദിവാസി അന്യവൽക്കരണത്തിന് ഇടയാക്കുന്നതിൽ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണങ്ങൾ സഹായിച്ചിട്ടുണ്ടെന്നും ആദിവാസികളുടെ സാമ്പത്തിക-ആരോഗ്യ-വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട വിവിധങ്ങളായ ഉന്നതതല സമിതികൾ വിലയിരുത്തുകയുണ്ടായി.
ദേശീയോദ്യാനങ്ങളുടെ നിർമ്മാണം ആദിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്നതും അവരെ വനഭൂമയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനും നിർബ്ബന്ധിതമായ കുടിയേറ്റത്തിന് കാരണമാക്കിയെന്നും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ആദിവാസികളെ തെരുവാധാരമാക്കിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഛത്തീസ്ഗഢ്, ഝാർഘണ്ട്, ഒഡീഷ എന്നീ ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങൾ ഇന്ത്യയിലെ ആദിവാസികളുടെ ദയനീയാവസ്ഥയുടെ സമ്പൂർണ്ണ ചിത്രം നമ്മുടെ മുമ്പിൽ വരച്ചുകാട്ടുന്നുണ്ട്. നിയമങ്ങളിലെ പഴുതുകൾ കണ്ടെത്തിയും, നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും, നിയമലംഘനങ്ങൾ നടത്തിയും ഒക്കെത്തന്നെ വൻതോതിലുള്ള ഭൂമി കവർച്ച ഈ പ്രദേശങ്ങളിൽ സാധ്യമാക്കിയിട്ടുണ്ട്. എസ്സാർ സ്റ്റീൽസ്, അവന്ത ഗ്രൂപ്പ് ഓഫ് കമ്പനീസ്, ജിൻഡാൽ സ്റ്റീൽസ്, ബിർള ഗ്രൂപ്പ് ഓഫ് കമ്പനീസ്, സ്റ്റെർലൈറ്റ്, വീഡിയോകോൺ തുടങ്ങി സ്വദേശിയും വിദേശിയുമായ നിരവധി കമ്പനികൾ ഇന്ത്യയുടെ കിഴക്കൻ മേഖലകളിൽ ആദിവാസി ഭൂമി കയ്യേറുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് നിരവധി രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഒറീസ്സയിലെ ജഗത്സിംഗ്പൂരിൽ എസ്സാർ കമ്പനി സ്ഥാപിച്ച സ്റ്റീൽ പ്ലാന്റിന് വേണ്ടി അക്വയർ ചെയ്ത 2000 ഏക്കർ ഭൂമിയിൽ 1663 ഏക്കർ ഭൂമിയും ഗ്രാമീണരുടേതായിരുന്നു. മധ്യപ്രദേശിലെ സത്പുര മലനിരകളിലെ ആദിവാസി ഭൂമിയിൽ ഒട്ടനവധി ഖനന കമ്പനികൾ നിയമവിരുദ്ധമായി ഖനനപ്രവർത്തനങ്ങൾ നടത്തിയത് സംബന്ധിച്ച് പരാതികൾ സമർപ്പിക്കപ്പെട്ടിട്ടും നാളിതുവരെയായും യാതൊരു നിയമ നടപടികളും കൈക്കൊണ്ടിട്ടില്ല. ഝാർഘണ്ടിൽ മാത്രമായി 1951-1995 കാലഘട്ടത്തിൽ വിവിധ പദ്ധതികൾക്കായി 15,45,947 ഏക്കർ ഭൂമി ഏറ്റെടുത്തതായി കണക്കുകൾ പറയുന്നു. ഈ ഭൂമിയിൽ ഏതാണ്ട് 65-70 ശതമാനവും ആദിവാസികളുടേതാണ്. ഇതേകാലയളവിൽ ഒഡീഷയിൽ 23ലക്ഷം ജനങ്ങൾക്ക് തങ്ങളുടെ ഭൂമിയിൽ നിന്നും കുടിയൊഴിഞ്ഞുപോകേണ്ടതായി വന്നിട്ടുണ്ട്. ഇതിൽ 42.02% (14,65,909)വും ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് (Ekka & Asif 2000). കുടിയൊഴിപ്പിക്കലിനെ സംബന്ധിച്ച നിർവ്വചനങ്ങളിലെ അവ്യക്തതയും, സങ്കുചിതത്വവും ഈ വിഷയത്തിന്മേലുള്ള അധികൃതരുടെ അവഗണനയെയും അലംഭാവത്തെയും വ്യക്തമാക്കുന്നുണ്ട്. പദ്ധതിബാധിതരായ ജനങ്ങളിൽ പുനരധിവാസത്തിനു നഷ്ടപരിഹാരത്തിനും അവകാശമുള്ളവർ ഭൂരേഖകൾ കൈവശമുള്ളവർ മാത്രമാകുമ്പോൾ ഭൂരഹിതരും ദൈനംദിന ഉപജീവനത്തിനായി വനങ്ങൾ, നദികൾ, മലകൾ എന്നിവയെ ആശ്രയിച്ചു കഴിയുന്നവരുമായ ഭൂരിപക്ഷം ആദിവാസികളും നിർദ്ദയം അവഗണിക്കപ്പെടുന്നു എന്നത് നാളിതുവരെയുള്ള വികസന പ്രവർത്തനങ്ങളിൽ കണ്ടുവരുന്ന കാഴ്ചകളാണ്.
മൊത്തം ജനസംഖ്യയിൽ 6.6% മാത്രം ആദിവാസികളുള്ള ആന്ധ്രപ്രദേശിൽ പദ്ധതിബാധിതരായ ആദിവാസികളുടെ ശതമാനം 30 ശതമാനത്തിലും മുകളിലാണെന്ന് കണക്കുകൾ നമ്മോടു പറയുന്നു. ആസാം, ഗുജറാത്ത്, ഝാർഘണ്ട്, ഒറീസ്സ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ആദിവാസി ജനസംഖ്യയുടെ ശതമാനത്തെക്കാൾ രണ്ടും മൂന്നും ഇരട്ടി ആദിവാസികൾ കുടിയൊഴിപ്പിക്കലിന് വിധേയമായിട്ടുണ്ട്. അതേസമയം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ പുനരധിവാസമെന്നത് മറ്റ് സാമൂഹ്യ വിഭാഗങ്ങളെക്കാൾ തുലോം കുറവാണെന്നും കണക്കുകൾ നമ്മോട് പറയുന്നുണ്ട്.
കോർപ്പറേറ്റ് സ്ഥാപനങ്ങളും ഗവൺമെന്റ് ഏജൻസികളും വ്യാവസായികാവശ്യങ്ങൾക്കായി ആദിവാസി ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം തന്നെ വ്യക്തിതലത്തിൽ വൻഭൂവുടമകളും കച്ചവടക്കാരും, വട്ടിപ്പലിശക്കാരും ആദിവാസികളുടെ ഭൂമി കയ്യേറുന്നത് സാധാരണ സംഭവമായിക്കഴിഞ്ഞിരിക്കുന്നു. ആദിവാസികളുടെ കൈകളിൽ നിന്നും ഈ രീതിയിൽ നഷ്ടമാകുന്ന ഭൂമിയുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. ഇന്ത്യൻ ഭൂവിഭവ വകുപ്പ് (Department of Land Resources, GoI) 2007-08 കാലയളവിൽ ഇന്ത്യയിലെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി. 12 സംസ്ഥാനങ്ങളിലെ വിവിധ കോടതികളിലായി 5,06,307 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. 9,02,417 ഏക്കർ ആദിവാസി ഭൂമി ഈ രീതിയിൽ കേസിൽ അകപ്പെട്ടു കിടക്കുകയാണ്. ഇവയിൽ 2,25,343 കേസുകൾ ആദിവാസികൾക്കനുകൂലമായി വിധിക്കുകയുണ്ടായി (5,00,376 ഏക്കർ). 1,99,000 കേസുകൾ കോടതികൾ തള്ളിക്കളഞ്ഞു (4.11 ലക്ഷം ഏക്കർ ഭൂമി) (Xaxa Committee report 2014). കോടതി അനുകൂലമായി വിധിച്ച കേസുകളിൽപ്പോലും ആത്യന്തികമായി ഭൂമിയുടെ അവകാശം ആദിവാസികളുടെ കൈകളിലേക്കെത്തിപ്പെടാത്ത നിരവധി സംഭവങ്ങളുണ്ട്. നിയമം നടപ്പിലാക്കേണ്ട പോലീസ് സംവിധാനം ഭൂവുടമസ്ഥരുടെയും വട്ടിപ്പലിശക്കാരുടെയും സഹായത്തിനെത്തുന്നതാണ് ഇതിനുകാരണം. കോടതികളിൽ എത്താത്ത കേസുകളുടെ എണ്ണം എത്രയോ വരും. നിയമപരമായി ഇത്തരം കേസുകളിൽ ആദിവാസികളെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അത്തരം കേസുകൾ ഏറ്റെടുക്കാൻ വക്കീൽമാർ തയ്യാറാകാത്തത് ആദിവാസികളുടെ ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. സർക്കാർ അനുവദിക്കുന്ന നിയമസഹായ ഫണ്ട് വളരെ കുറഞ്ഞതാണ് എന്നതാണ് വക്കീൽമാരെ പിന്തിരിപ്പിക്കുന്ന ഘടകം.
ഭൂമി ഏറ്റെടുക്കൽ
1894 ൽ പാസാക്കിയ ‘ഭൂമി ഏറ്റെടുക്കൽ നിയമത്തെ’ (Land Aquisition Act 1894) അടിസ്ഥാനപ്പെടുത്തിയാണ് നാളിതുവരെയും സർക്കാരുകൾ വികസനപ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. കൊളോണിയൽ ഭരണകൂടം തങ്ങളുടെ സ്വാർത്ഥലക്ഷ്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് തയ്യാറാക്കിയ നിയമം മാറ്റങ്ങളൊന്നും കൂടാതെ തുടരാൻ ‘ജനാധിപത്യ ഇന്ത്യ’യിലെ ഭരണസാരഥികൾക്ക് ലജ്ജയേതുമില്ലായിരുന്നു. എമിനന്റ് ഡൊമൈൻ, പബ്ലിക് പർപസ് എന്നീ പ്രയോഗങ്ങളിലൂടെയായിരുന്നു ഈ നിയമത്തിനുകീഴിൽ സർക്കാരുകൾ ജനങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുത്തത്. ഈ രണ്ട് പദങ്ങളുടെയും സാധുതയെ സുപ്രീം കോടതി അടക്കമുള്ള വിവിധ കോടതികൾ പലപ്പോഴായി ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഭൂരഹിതരാക്കപ്പെട്ട ജനങ്ങളുടെ പരിദേവനങ്ങൾ എല്ലായ്‌പോഴും സ്റ്റേറ്റിന്റെ സമാനതകളില്ലാത്ത അധികാരത്തിന് മുന്നിൽ നിഷ്ഫലമാകുകയാണുണ്ടായത്. “സമൂഹത്തിന്റെ മൊത്തത്തിലൂള്ള താൽപര്യം എല്ലായ്‌പോഴും വ്യക്തികളുടെ താൽപ്പര്യങ്ങളേക്കാൾ ഉപരിയാണ്” എന്നതാണ് ‘എമിനന്റ് ഡൊമൈൻ’ തത്വത്തിന്റെ കാതൽ. ഏതൊരു സ്വകാര്യ ഭൂമിയും യാതൊരു ചോദ്യം ചെയ്യലും കൂടാതെ ഏറ്റെടുക്കുവാനുള്ള അധികാരമാണ് ഇതുവഴി രാഷ്ട്രത്തിന് മേൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ‘പൊതുആവശ്യം’ എന്ന മുദ്രകുത്തി ഈ അധികാരം പ്രയോഗിക്കുവാൻ ഭരണകൂടം എല്ലാക്കാലത്തും തയ്യാറായിട്ടുണ്ട്. ‘ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുമ്പോൾ’ ഈ തത്വങ്ങളുടെ ഏറ്റവും പ്രധാന ഇരകൾ ഭൂരഹിതരായ ജനങ്ങളാണ്. ഏറ്റെടുത്ത ഭൂമിക്ക് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഭൂരേഖകൾ കൈവശമുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളപ്പോൾ ഭൂരഹിതരായ ആളുകളെ സംബന്ധിച്ചിടത്തോളം നഷ്ടപരിഹാരമെന്നത് മരീചിക മാത്രമാകുന്നു (Ramanathan 2009). ഇന്ത്യയിലെ ആദിവാസി ഗോത്രവിഭാഗങ്ങൾ വലിയതോതിൽ ഇരകളാക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ആദിവാസികളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും അവകാശ സംരക്ഷണങ്ങൾക്കായി നിരവധി നിയമനിർമ്മാണങ്ങൾ കാലാകാലങ്ങളായി കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും നിയമനിർമ്മാണ സഭകൾ നടത്തിയിട്ടുണ്ട്. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക നിയമങ്ങൾ വരെ ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഭൂമി നഷ്ടപ്പെട്ട ആദിവാസി - ഗോത്ര വിഭാഗങ്ങളുടെ കണക്കുകൾ മറ്റേതൊരു സമൂഹങ്ങളെക്കാളും കൂടുതലാണ് എന്നത് വസ്തുതയാണ്. എമിനന്റ് ഡൊമൈൻ എന്ന അധികാരം നൽകി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ പിന്തുണ ഒരു ഭാഗത്ത് ഭരണഘടന ഭരണകൂടത്തിന് നൽകുമ്പോൾ, മറുഭാഗത്ത് ഇതേ ഭരണഘടനയുടെ 14ാം ഖണ്ഡം ആദിവാസികളുടെ സംരക്ഷണത്തെക്കുറിച്ചും ഉറപ്പുനൽകുന്നുണ്ട്. ആദിവാസികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ഭരണഘടന ഉറപ്പുനൽകുമ്പോൾ, ഇതേ ഭരണഘടന നൽകുന്ന അധികാരമുപയോഗിച്ചാണ് ആദിവാസികളുടെ ഭൂമി കൈക്കലാക്കാനും തൽപര കക്ഷികൾ പ്രാപ്തരാകുന്നത്. സുപ്രീംകോടതിയുടെ 1994ലെ ഒരു വിധിയിൽ പറയുന്നത്, “പൊതു ആവശ്യങ്ങൾക്കുവേണ്ടി സ്വകാര്യ സ്വത്ത് ഏറ്റെടുക്കുവാനുള്ള അധികാരം പരമാധികാരത്തെ സംബന്ധിച്ച മനോഭാവം കൂടിയാണ്, ഭരണകൂടങ്ങളുടെ നിലനിൽപിന് അത് അനിവാര്യമാണ്. ഉടമസ്ഥരുടെ അനുമതി കൂടാതെ പരമാധികാര രാഷ്ട്രത്തിന് പൊതു നന്മയ്ക്കായി ഏതൊരു പൗരന്റെയും ഭൂമി ഏതുസമയത്തും ഏറ്റെടുക്കാമെന്ന തത്വത്തെ അംഗീകരിച്ചുകൊണ്ടാണ് എമിനന്റ് ഡൊമൈൻ എന്ന കാഴ്ചപ്പാട് നിലനിൽക്കുന്നത്.(Ram Chand Vs Union of India, 1994, Quoted Ramanathan 1995).
പൊതു ആവശ്യത്തെ പരിഗണിച്ചുകൊണ്ട് ഭരണകൂടത്തിന് ലഭിക്കുന്ന ഈ അമിതാധികാരത്തെ സംബന്ധിച്ച് വളരെ കാതലായ പല ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. ജനാധിപത്യ സങ്കല്പങ്ങൾക്ക് ഒട്ടും നിരക്കാത്തതാണ് ഭരണകൂടത്തിന് ലഭിക്കുന്ന ഈ അമിതാധികാരം. ‘പൊതു ആവശ്യം’ എന്ന സങ്കല്പത്തിന്റെ അടിത്തറയെത്തന്നെ ഇന്ന് പലരീതിയിൽ ചോദ്യം ചെയ്തുവരുന്നുണ്ട്. ‘പൊതുആവശ്യങ്ങളെ’ നിർവ്വചിക്കുന്നത് ആരാണ് എന്ന സുപ്രധാന ചോദ്യം ഉന്നയിക്കപ്പെടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്നത്തെ നിലയിൽ ഇന്ത്യയിലെ ‘പൊതു ആവശ്യങ്ങളെ’ നിർണ്ണയിക്കുന്നതിൽ വിപണി ശക്തികൾക്കുള്ള സ്വാധീനത്തെക്കുറിച്ച് എത്ര ശ്രമിച്ചാലും മറച്ചുവെക്കാൻ സാധിക്കുകയില്ല.
വംശഹത്യയോളം നീളുന്ന വികസനപാതകൾ
സ്വാതന്ത്രപൂർവ്വ ഭാരതത്തിൽ നിന്നും സ്വതന്ത്ര ഇന്ത്യയിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യയിൽ ആദിവാസി-ഗോത്രവിഭാഗം അനുഭവിക്കേണ്ടിവന്ന കഷ്ടതകൾക്ക് സീമകളില്ലാതായി. പ്രകൃതി വിഭവങ്ങളെയും മനുഷ്യാധ്വാനത്തെയും സാധ്യമായത്രയും ചൂഷണം ചെയ്തുകൊണ്ട് ലാഭം വർദ്ധിപ്പിക്കുക എന്ന കൊളോണിയൽ സാമ്പത്തിക- വികസന തന്ത്രം തന്നെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും സ്വീകരിച്ചത്. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിൽ ഏറ്റവു കൂടുതൽ വിലനൽകേണ്ടിവന്നത് ആദിവാസി വിഭാഗങ്ങളായിരുന്നുവെന്നത് സ്ഥിതിവിവരക്കണക്കുകളിലൂടെ കടന്നുപോകുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണ്. വ്യവസായം, ഖനനം, ജലസേചനം, ഊർജ്ജം, സംരക്ഷിതവനമേഖലകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ തുടങ്ങി ആധുനിക വികസനത്തിന്റെ ഏതു മേഖലകൾ പരിശോധിച്ചാലും ഈ വസ്തുതകൾ വെളിപ്പെട്ടുവരും. ധാതുനിക്ഷേപങ്ങളും വനവിഭവങ്ങളും അടക്കമുള്ള പ്രകൃതി സമ്പത്തുകൾ ആദിവാസി-ഗോത്രജനത അധിവസിക്കുന്ന മേഖലകളിലായത് അവരുടെ ജീവിതത്തിന് ഗുണപരമായല്ല മറിച്ച് ദുരിതങ്ങളാണ് സമ്മാനിച്ചത്. വൻകിട ജലസേചന - ഊർജ്ജ പദ്ധതികൾക്ക് വേണ്ടിയും ഖനന പദ്ധതികൾക്കും വേണ്ടിയും സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികളുടെ കണക്കുകൾ പരിശോധിച്ചാൽ അന്തംവിട്ടുപോകും. 1947 മുതൽ 2000വരെ ഇന്ത്യയിൽ വികസന പ്രവർത്തനങ്ങൾക്കായ് ഏറ്റെടുത്ത ഭൂമിയുടെ അളവ് ഏകദേശം 25 ദശലക്ഷം ഹെക്ടർ വരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തിൽ ഏഴു ദശലക്ഷം ഹെക്ടർ വനഭൂമിയും ആറു ദശലക്ഷം ഹെക്ടർ പൊതുവിഭവ ഭൂമിയും ഉൾപ്പെടും. വികസനപദ്ധതികൾക്കായി ഈ ഭൂമിയിൽ നിന്നും പുറത്താക്കപ്പെട്ട ജനങ്ങളുടെ സംഖ്യ 60 ദശലക്ഷം വരുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏതാണ്ട് 40-44ശതമാനവും തദ്ദേശീയ ആദിവാസി - ഗോത്ര വിഭാഗങ്ങളാണ് എന്നത് ഇന്ത്യയുടെ വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി അവർ നൽകേണ്ടി വന്ന വിലയുടെ ആഴം മനസിലാക്കിത്തരുന്നുണ്ട്. ഇന്ത്യയിൽ നാളിതുവരെയായി 3300ഓളം വൻകിട അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവയിൽ ബഹുഭൂരിപക്ഷത്തിന്റെയും നിർമ്മാണത്തിനായി വൻതോതിൽ നിർബ്ബന്ധിത കുടിയൊഴിപ്പിക്കലുകൾ നടന്നിട്ടുണ്ട്. വനമേഖലയുമായി ചേർന്ന പ്രദേശങ്ങളിലാണ് അണക്കെട്ടുകളുടെ നിർമ്മാണം എന്നതുകൊണ്ടുതന്നെ ആദിവാസി-ഗോത്ര വിഭാഗങ്ങളാണ് ഈ നിർബ്ബന്ധിതകുടിയൊഴിപ്പിക്കലിന്റെ പ്രധാന ഇരകൾ.
ഇന്ത്യയുടെ വികസന ക്ഷേത്രങ്ങളുടെ ബലിക്കല്ലുകളിൽ കുരുതികൊടുക്കേണ്ടി വന്ന ആദിവാസി ജീവിതങ്ങളെക്കുറിച്ച് കുറച്ചെങ്കിലും പുറംലോകം അറിയുന്നത് നർമ്മദാ പദ്ധതിക്കെതിരായി 80കളിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. ലോകത്തിലെ തന്നെ വൻകിട ജലപദ്ധതികളിൽ ഒന്നായ നർമ്മദ അണക്കെട്ട് പദ്ധതിക്കെതിരായി നർമ്മദ ബചാവോ ആന്ദോളന്റെ നേതൃത്വത്തിൽ ആദിവാസി-കർഷക ജനത ഒരുമിച്ച് ചേർന്ന് നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ലോകത്ത്, പ്രത്യേകിച്ചും ഇന്ത്യയിൽ അണക്കെട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട് ആദിവാസികൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് അല്പമെങ്കിലും ശ്രദ്ധ കിട്ടിത്തുടങ്ങിയത്. നാളതുവരെ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തെക്കുറിച്ചോ നിലനിൽപ്പിനെ സംബന്ധിച്ചോ യാതൊരുവിധ ആലോചനകളും ഉണ്ടായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരും പുനരധിവസിക്കപ്പെട്ടവരുമായ ആദിവാസി ജനതയുടെ കണക്കുകളിലൂടെ കണ്ണോടിച്ചാൽ ഈ വസ്തുത നമുക്ക് ബോധ്യപ്പെടും. ഔദ്യോഗിക കണക്കുകൾ ഒരുതരത്തിലും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നതിന് നിരവധി തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. ഒരുദാഹരണമെടുക്കാം. പശ്ചിമ ബംഗാളിലെ ഫറാക്കാ സൂപ്പർ തെർമൽ പ്ലാന്റിന് വേണ്ടി ഒരൊറ്റ വ്യക്തിയെയും കുടിയൊപ്പിക്കേണ്ടിവന്നിട്ടില്ലെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുമ്പോൾ ഈ പദ്ധതിയെ സംബന്ധിച്ച് 1994ൽ പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോർട്ടിൽ പദ്ധതി ബാധിതരുടെ എണ്ണം 53,325 എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്! സർദാർ സരോവർ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഭീമമായ അന്തരമാണ് ഔദ്യോഗിക-അനൗദ്യോഗിക കണക്കുകൾ തമ്മിലുള്ളത്. ഔദ്യോഗിക കണക്കുകൾ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം 42,000 ആയി നിജപ്പെടുത്തുമ്പോൾ നർമ്മദാ ബചാവോ ആന്ദോളന്റെ കണക്കിൽ അത് 85,000 വരും. നർമ്മദാ പദ്ധതിക്കായി മൊത്തത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ എണ്ണം ഏതാണ്ട് അഞ്ചു ലക്ഷത്തോളം വരുമെന്ന്. ഏതാണ്ട് ഇരട്ടിയോളം വരുന്ന ഈ അന്തരത്തിന്റെ ഇരകൾ സ്വാഭാവികമായും കാടിന്റെ ഉൾത്തളങ്ങളിൽ വസിക്കുന്ന ആദിവാസി സമൂഹങ്ങളായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല. വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന കണക്കുകൾ പലപ്പോഴും വിശ്വാസ യോഗ്യല്ലെന്നാണ് വികസന പദ്ധതികൾ സംബന്ധിച്ച് സ്വതന്ത്ര ഏജൻസികൾ നടത്തിയ പഠനങ്ങളൊക്കെയും വ്യക്തമാക്കുന്നത്. ജനസംഖ്യാ കണക്കെടുപ്പുകളിൽ പോലും പെടാത്ത പതിനായിരക്കണക്കിന് ആദിവാസികൾ ഇന്ത്യയിലുണ്ടെന്നതാണ് യാഥാർത്ഥ്യം.
കുടിയേറ്റം
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടയിൽ വൻതോതിൽ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ പുറംലോകവുമായി അകന്ന് കഴിയാൻ ഇഷ്ടപ്പെടുന്ന ആദിവാസി-ഗോത്രവിഭാഗങ്ങൾക്കിടയിലും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് ക്രമാതീതമായി വർദ്ധിച്ചതായി കാണാം. ആദിവാസി ജനതയുടെ കുടിയേറ്റം സംബന്ധിച്ച് കൃത്യമായ കണക്കുകൾ തയ്യാറാക്കുവാൻ ദേശീയ സാമ്പിൾ സർവ്വേ സംഘടനയ്ക്കടക്കം സാധിച്ചിട്ടില്ല എന്നത് കുടിയേറുന്ന ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നിലയെക്കുറിച്ച് മനസിലാക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുടെ കാനേഷുമാരി സ്ഥിതിവിവരക്കണക്കുകളിൽ വിവിധ സാമൂഹ്യ വിഭാഗങ്ങളെ സംബന്ധിച്ച കണക്കുകൾ ആദ്യമായി ക്രോഡീകരിക്കപ്പെടുന്നത് 2001ലാണ് ഈ ഡാറ്റയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനകത്തുതന്നെയുള്ള നഗരങ്ങളിലേക്കുള്ള ആദിവാസി കുടിയേറ്റ നിരക്ക് 24.57%ആണെന്ന് കണക്കാക്കപ്പെടുന്നു. ദാരിദ്ര്യം, വനനശീകരണം, വരൾച്ച. വികസന പദ്ധതികൾക്കായുള്ള കുടിയൊഴിപ്പിക്കൽ തുടങ്ങിയ നിരവധി സാമൂഹ്യ ഘടകങ്ങൾ ആദിവാസികളുടെ കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും, തൊഴിൽമേഖലയിലെ സാമർത്ഥ്യക്കുറവും കുടിയേറുന്ന പ്രദേശങ്ങളിൽ അവരുടെ ജീവിതനിലവാരം വളരെ പരിതാപകരമാക്കുന്നുണ്ട്. പൊതുവിതരണ സംവിധാനങ്ങൾ ലഭ്യമാകാതിരിക്കൽ, നിയമസഹായങ്ങളുടെ അഭാവം എന്നിവയും ഈ പിന്നോക്കാവസ്ഥയുടെ പരിണതഫലങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആദിവാസികൾ താമസിക്കുന്ന മധ്യപ്രദേശ്, ഝാർഘണ്ട്, തെലങ്കാന എന്നിവിടങ്ങളിലെ ആദിവാസി തൊഴിലാളികളാണ് ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ കൂലിക്ക് തൊഴിലെടുക്കുന്നവരെന്ന് കണക്കാക്കപ്പെടുന്നു. തൊഴിൽ മേഖലയിലെ നൈപുണ്യക്കുറവ് കെട്ടിട നിർമ്മാണ മേഖലയിലും, ഇഷ്ടികക്കളങ്ങളിലും, ക്വാറികളിലും മറ്റും കുറഞ്ഞ കൂലിക്ക് തൊഴിൽ ചെയ്യാൻ അവരെ നിർബ്ബന്ധിതരാക്കുന്നു. കുടിയേറിയെത്തുന്ന ഈ തൊഴിലാളികളുടെ ക്ഷേമത്തെ സംബന്ധിച്ച് തൊഴിൽ വകുപ്പിനോ, ആദിവാസി ക്ഷേമ വകുപ്പിനോ മറ്റ് സർക്കാർ ഏജൻസികൾക്കോ പ്രത്യേക താൽപ്പര്യങ്ങളൊന്നുമില്ലെന്നത് തൊഴിലിടങ്ങളിലെ അവരുടെ അവസ്ഥ കൂടുതൽ ദുരിതമയമാക്കുന്നുണ്ട്.
കുറഞ്ഞ കൂലിക്ക് ജോലിചെയ്യേണ്ടി വരുന്നതോടൊപ്പം തന്നെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ ശരിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യാനും ഈ തൊഴിലാളികൾ നിർബ്ബന്ധിതരാക്കപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. കരാറുകാർ, കച്ചവടക്കാർ, പോലീസുകാർ എന്നിവരുടെ ചൂഷണങ്ങൾക്ക് പുറമെ ലേബർ ക്യാമ്പുകളിൽ നരകതുല്യമായ ജീവിതം നയിക്കപ്പെടാനും അവർ വിധിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തൊഴിലാളികളിലെ സ്ത്രീകളുടെ അവസ്ഥ ഇതിലും ദയനീയമാണ്. ലൈംഗിക ചൂഷണത്തിനടക്കം വിധേയരാക്കപ്പെടുന്ന സ്ത്രീകൾ മാനസിക സമ്മർദ്ദത്തിന് ഇരകളാക്കപ്പെട്ടുകൊണ്ടാണ് പിന്നീട് ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നത്.
ഒരുഭാഗത്ത് നഗരങ്ങളിലേക്കുള്ള ആദിവാസികളുടെ കുടിയേറ്റ നിരക്ക് വർധിച്ചുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് തങ്ങളുടെ സ്വന്തം പ്രദേശങ്ങളിലെ വ്യാവസായിക വികസനത്തിൽ നിന്ന് അവർ അന്യരാക്കപ്പെടുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. ആദിവാസി മേഖലകളിൽ വർധിച്ചുവരുന്ന നഗരവൽക്കരണം ഈ മേഖലകളിലെ ആദിവാസികളുടെ ജനസംഖ്യയിൽ വൻതോതിലുള്ള ഇടിവു വരുത്തിയിട്ടുണ്ട്. വ്യാവസായിക വികസനത്തിന്റെ ഭാഗമായി പുറമെ നിന്നുള്ളവരുടെ എണ്ണത്തിലുള്ള പെരുപ്പമാണിതിന് കാരണം. സർക്കാർ ഭരണ സംവിധാനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, കരാർ തൊഴിലുകൾ എന്നിവ വർദ്ധിച്ചുവന്നപ്പോൾ വിദഗ്ദ്ധ തൊഴിലുകളും മറ്റും പുറമെ നിന്നുള്ള ആളുകളുടെ കൈകളിലേക്ക് എത്തിപ്പെട്ടു. ഝാർഘണ്ടിലെ ധൻബാദ് ഖനന മേഖലയുടെ കണക്ക് ശ്രദ്ധിക്കുക. 1951ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ആദിവാസി ജനസംഖ്യ 15.65%മായിരുന്നത് 1981 ആയപ്പോഴേക്കും 9.12% ആയി കുറഞ്ഞുവന്നു. ഇതേ കാലയളവിൽ സാന്താൾ പർഗാന മേഖലയിൽ 44.6%ത്തിൽ നിന്നും 36.80% ആയി കുറയുകയുണ്ടായി. ഝാർഘണ്ടിലെ റാഞ്ചി ജില്ലയിലെ ആദിവാസി ജനസംഖ്യ 43.56% (1991) ത്തിൽ ന്ന് 35.76% ആയി കുറഞ്ഞതായും സെൻസസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അണകെട്ടി തടയുന്ന ആദിവാസി ജീവിതം
സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ അണക്കെട്ടുകളുടെ നിർമ്മാണം വളരെ അപൂർവ്വമായി മാത്രമേ നടന്നിട്ടൂള്ളൂ. പ്രാദേശിക ജലസേചനാവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ചെറുകിട അണക്കെട്ടുകളും കനാലുകളും പണിയുക എന്നതായിരുന്നു രീതി. അക്കാലങ്ങളിൽ പണിതിരുന്ന അണക്കെട്ടുകളുടെ ഉയരം പരമാവധി 15 മുതൽ 20 വരെ മീറ്ററായിരുന്നു. ഇന്ത്യയിലങ്ങളോമിങ്ങോളം 30 മീറ്ററിൽ കൂടുൽ ഉയരമുള്ള 39ഓളം അണക്കെട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ (Central Board of Irrigation and Power, 1979). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അണക്കെട്ടുകൾ സാമ്പത്തിക വികസനത്തിലെമുഖ്യഘടകമായി പരിഗണിക്കപ്പെട്ടു എന്നുപറയാം. സ്വാതന്ത്ര്യം പടിവാതിൽക്കൽ എത്തിയെന്ന് ഉറപ്പായപ്പോൾ തന്നെ വൻകിട അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് നമ്മുടെ ആസൂത്രണ വിദഗ്ധന്മാർ ആലോചിച്ചു തുടങ്ങിയിരുന്നുവെന്ന് പിൽക്കാലത്ത് നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഗതിവിഗതികളിലൂടെ കടന്നുപോയാൽ മനസിലാകും. ഭക്ര, ഹിരാക്കുഡ്, തുംഗഭദ്ര, ദാമോദർവാലി തുടങ്ങിയ വൻകിട ജലപദ്ധതികൾ സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല പദ്ധതികളിൽപ്പെട്ടവയാണ്.
ഇന്ത്യയിലിന്ന് 3300ഓളം വൻകിട അണക്കെട്ടുകൾ ഉണ്ടെന്ന് 2013ൽ ലോക്‌സഭയിൽ ദേശീയ ജലവൈദ്യുതോർജ്ജ (National Hydro Power Corportation) കോർപ്പറേഷൻ നടത്തിയ പ്രസന്റേഷനിൽ സൂചിപ്പിക്കുന്നു. മധ്യനിരയിലും ചെറുകിടയിലും പെട്ട അനേകായിരം അണക്കെട്ടുകൾ വേറെയുമുണ്ട്. വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നടക്കം ഇന്ത്യയിലെ ഊർജ്ജോത്പാദനം ആയിരം മടങ്ങ് വർദ്ധിച്ചിട്ടുപോലും ഇന്ത്യയിലെ 40ശതമാനം ഗ്രാമങ്ങളും ഇനിയും അന്ധകാരത്തിലാണ് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ ജലസേചനത്തിന് വേണ്ടി മാത്രമായി 80,000 കോടി രൂപ ഇന്ത്യാ ഗവൺമെന്റ് ചെലവഴിച്ചിട്ടുണ്ട് (Roy, 1999). അതേസമയം വരൾച്ചാ ബാധിത പ്രദേശങ്ങളുടെ എണ്ണം വർഷങ്ങൾ കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ് എന്നതും യാഥാർത്ഥ്യമാണ്. ഇത്തരത്തിലുള്ള വിരോധാഭാസങ്ങൾ തിരിച്ചറിയുന്നതിലോ ആസൂത്രണ വൈകല്യങ്ങൾ തിരുത്തുന്നതിലോ ആയിരുന്നില്ല ആസൂത്രണ വിദഗ്ദ്ധർക്ക് താൽപര്യം. പകരം മുൻകാലങ്ങളിൽ സ്വീകരിച്ചുപോന്ന നയങ്ങൾ അതേപടി തുടരുന്നതിലായിരുന്നു. കുടിയൊഴിപ്പിക്കലിന്റെ കാര്യത്തിൽ മറ്റേതൊരു വികസന പദ്ധതികളെക്കാളും മുന്നിലാണ് അണക്കെട്ടുകൾ എന്നത് സംശയരഹിതമായ കാര്യമാണ്. അണക്കെട്ട് നിർമ്മാണത്തിനുവേണ്ടിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടിയൊഴിപ്പിക്കപ്പെടലുകൾ നടന്നിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ 54 വൻകിട അണക്കെട്ടുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ ഒരു വൻകിട അണക്കെട്ട് ശരാശരി 44,182 പേരെ കുടിയൊഴിപ്പിക്കുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ കണക്കിനെ ആധാരമാക്കിയാൽ ഇന്ത്യയിലെ 3300 വൻകിട അണക്കെട്ടുകൾക്ക് വേണ്ടി മാത്രമായി 14,58,00,600ഓളം ആളുകളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും പറിച്ചെറിഞ്ഞിട്ടുണ്ട്.
കുടിയൊഴിപ്പിക്കലുകൾ സംബന്ധിച്ച കണക്കുകൾ പലരും പല രീതിയിലാണ് നടത്തിയിട്ടുള്ളത്. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ കണക്കുകൾ ഒന്നും തന്നെ വ്യക്തമായ ചിത്രം നമുക്ക് നൽകുന്നില്ല. ഇന്ത്യയിലെ അണക്കെട്ടു നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെ സംഖ്യ 63 ലക്ഷത്തിലധികം വരുമെന്ന് വാൾട്ടർ ഫെർണാണ്ടസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ വികസന പദ്ധതികൾ പൊതുവിൽ കുടിയൊഴിപ്പിച്ചത് 60 ദശലക്ഷം ആളുകളെയാണെന്ന് ആസൂത്രണബോർഡ് അംഗം കൂടിയായ എൻ.സി. സക്‌സേന രേഖപ്പെടുത്തുന്നു. വൻകിട അണക്കെട്ടുകളുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലുകൾ മിക്കവാറും നടന്നിട്ടുള്ളത് ബലപ്രയോഗങ്ങളിലൂടെയും ഭീഷണികളിലൂടെയുമാണെന്നതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. സ്റ്റേറ്റിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു കൊണ്ടാണ് ഈ കുടിയൊഴിപ്പിക്കലുകളത്രയും നടന്നിട്ടുള്ളത്. വൻകിട അണക്കെട്ടുകൾക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുന്നത് സംബന്ധിച്ച വിവരങ്ങൾ യഥാസമയം നൽകാൻ അധികൃതർ മെനക്കെടാറില്ലെന്ന് എൻ.സി. സക്‌സേന ചൂണ്ടിക്കാട്ടുന്നു. ആദിവാസി വിഭാഗങ്ങളെ ഇക്കാര്യത്തിൽ പരിഗണിക്കാറേ ഇല്ലെന്നത് അത്രതന്നെ യാഥാർത്ഥ്യമാണ്. ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിപ്പിക്കലുകൾ സാമൂഹ്യസംഘർഷങ്ങൾക്കും ഇരകളാക്കപ്പെടുന്നവരിൽ മാനസിക അസ്വസ്ഥത. കൾക്കും കാരണമാകാറുണ്ട്. സ്റ്റേറ്റ് മെഷിനറി ഉപയോഗിച്ചുകൊണ്ടുള്ള ബലപ്രയോഗങ്ങൾ ജനങ്ങളിൽ ഭരണസംവിധാനങ്ങളിലുള്ള അവിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുന്നുണ്ട്. ഇന്ത്യയിലെ നൂറുകണക്കായ അണക്കെട്ടുകൾക്ക് വേണ്ടി ലക്ഷക്കണക്കായ ജനങ്ങളെ ഈ രീതിയിൽ ബലപ്രയോഗത്തിലൂടെ കുടിയിറക്കിയിട്ടുള്ളതായി ശ്രീശൈലം പദ്ധതിയെ സംബന്ധിച്ച വസ്തുതാന്വേഷണ സംഘം റിപ്പോർട്ടുചെയ്യുന്നു (Sreesailam Project, Fact Finding Committee1986).
അണക്കെട്ടുകളുടെ ഇരകളായി മാറുന്നത് ഏറ്റവുമാദ്യം ആദിവാസി വിഭാഗങ്ങളാണ്. ഇന്ത്യയിലെ അണക്കെട്ടുകൾക്കെതിരായി നടന്ന പ്രക്ഷോഭങ്ങളിലെല്ലാം തന്നെ ആദിവാസി ജനതയുടെ സജീവസാന്നിദ്ധ്യം കാണാം. നർമ്മദയിലും കോയൽകാരോയിലും ഉകായിലും തെഹ്‌രിയിലും തൊട്ട് ഭൂരിപക്ഷം പ്രക്ഷോഭങ്ങളും ആരംഭിച്ചത് ആദിവാസികളുടെ നേതൃത്വത്തിലാണ്.
ഖനനം
ആദിവാസികളിൽ നിന്നും ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതിനായി ഇന്ത്യൻ ഭരണഘടന വളരെ സുവ്യക്തമായ രീതിയിൽ തന്നെ അവരുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. "The Constitution intends that the land shall always remain with the tribal’ എന്ന് ഭരണഘടനയെ ഉദ്ധരിച്ച് സുപ്രീംകോടതി അഭിപ്രായപ്പെടുകയുണ്ടായി (സമതവിധി). ആദിവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതവും ജീവിതോപാധികളും സംസ്‌കാരവും ഭൂമിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഭൂമിയിന്മേലുള്ള അവകാശം അവരുടെ ജീവിതത്തിന്റെ ഗുണാത്മകതയെ -സാമ്പത്തികവും സാമൂഹികവും ആയ നീതി, വ്യക്തിപരമായ ഉയർച്ച എന്നിവയെ- എങ്ങിനെ സ്വാധീനിക്കുന്നു എന്നും ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ആദിവാസി ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിനായി ആദിവാസി മേഖലകളെ അഞ്ചാം പട്ടികയിൽ പെടുത്തി സംരക്ഷിക്കാനും ഭരണഘടനാ ശില്പികൾ ശ്രമിച്ചു. ഭരണഘടനാപരമായ സംരക്ഷണം, അന്താരാഷ്ട്ര കരാറുകൾ (ILO Convention 1996, UN Declaration on Right to Development) അംഗീകരിക്കൽ, കേന്ദ്ര-സംസ്ഥാന സംർക്കാരുകൾ കാലാകാലങ്ങളിൽ നിർമ്മിച്ച നിയമങ്ങൾ (Land Transfer Regulation Act, PESA etc.) തുടങ്ങി നിയമപരമായ നിരവധി സംരക്ഷണ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും ആദിവാസികളുടെ കൈകളിൽ നിന്ന് ഭൂമിയുടെ ഉടമസ്ഥത നാൾക്കുനാൾ അന്യാധീനപ്പെട്ടുവരുന്നതാണ് നാം കാണുന്നത്. വ്യാവസായിക വികസനത്തിന്റെ മർമ്മപ്രധാന അസംസ്‌കൃത വസ്തുക്കൾ ആദിവാസി മേഖലകളിലാണ് എന്നത് അവരുടെ നാശത്തിന്റെ സുപ്രധാന കാരണങ്ങളിലൊന്നായി പരിഗണിക്കാവുന്നതാണ്. ഇന്ത്യയിലെ വൻകിട ധാതുനിക്ഷേപങ്ങൾ ഒക്കെത്തന്നെയും സ്ഥിതി ചെയ്യുന്നത് ആദിവാസി മേഖലകളിലാണ് എന്നത് വസ്തുതയാണ്. സ്വതന്ത്ര ഇന്ത്യയിലെ വികസന പരിപാടികളിൽ ഇന്ത്യയിലെയും വിദേശങ്ങളിലെയും വൻകിട കുത്തക കമ്പനികൾക്ക് ഏറ്റവും ആകർഷണീയമായ ഒരു മേഖലയാണ് ഇന്ത്യയുടെ ധാതുസമ്പത്ത്. പുത്തൻ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതുവരെയുള്ള കാലഘട്ടങ്ങളിൽ ഒരു പരിധിവരെ ഇന്ത്യയുടെ പൊതുമേഖലയുടെ ഭാഗമായിരുന്ന ഖനന പദ്ധതികൾ സ്വകാര്യ കമ്പനികൾക്ക് പൂർണ്ണമായും ഏൽപിച്ചുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും കടുത്ത ഫലങ്ങൾ അതോടുകൂടി ഇന്ത്യയുടെ ഖനന മേഖലകളിൽ താമസിക്കുന്ന ജനങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇന്ത്യയിലെ ആദിവാസികളുടെ സ്വത്തും ജീവനോപാധികളും സംസ്‌കാരവും സംരക്ഷിക്കുമെന്ന് ഭരണഘടനാ ബാധ്യയതയായി പ്രഖ്യാപിച്ച സർക്കാരുകൾ തന്നെ സ്വകാര്യ കമ്പനികൾക്ക് വേണ്ടി ആദിവാസികളുടെ ഭൂമി ഏറ്റെടുത്ത് നൽകാൻ തുടങ്ങി. സ്വകാര്യ കമ്പനികളുടെ പണത്തിന്റെ ഹുങ്കും ഭരണകൂടത്തിന്റെ മസിൽപവറും ചേർന്ന് നിസ്സഹായരായ ജനങ്ങൾക്ക് നേരെ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കാഴ്ചകളാണ് നമുക്ക് കാണാൻ കഴിയുക. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയും തുല്യാവസരവും ജീവിക്കുവാനുള്ള അവകാശവും സംരക്ഷിക്കുന്നതിനായി നീതിന്യായ വ്യവസ്ഥയെ സമീപിക്കുകയും നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുപോലും തങ്ങൾ തന്നെ ഉണ്ടാക്കിയ നിയമങ്ങളെ മറികടന്നും ഭരണഘടനയെപ്പോലും അതിലംഘിച്ചും സ്വകാര്യ കമ്പനികളുട താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാരുകൾ ശ്രമിച്ചുപോന്നിട്ടുള്ളത് എന്നതിന് എത്രയോ ഉദാഹരണങ്ങൾ ലഭ്യമാണ്.
വന മേഖലയിലെ ഖനന പ്രവർത്തനങ്ങൾ ദേശീയ വനനയ (National Forest Policy-1988)ത്തിന്റെ പരിപൂർണ്ണ ലംഘനമാണെന്ന് സാമാന്യ ബുദ്ധികൊണ്ടുതന്നെ മനസിലാക്കാൻ സാധിക്കും. ദേശീയ വനനയത്തിലെ സെക്ഷൻ 2.1 (maintenance of environment stability), 2.2 (maintenance of Ecological Balance), 3.1 (existing forest and forest land should be fully protected), 3.2 (diversion of good and productive agricultural land to forestry should be discouraged), 3.4 (provision of sufficient fodder, fuel and pasture especially in areas adjoining forests), 3.5 (minor forest produce should be protected, improved for the sustenance of tribal people), 4.3 (management of state forest), 4.4 (diversion of forest land for non-forest land purpose), 4.6 (tribal people and forest), 4.9 (forest based industries) എന്നിവ ലംഘിക്കാതെ വന പ്രദേശങ്ങളിൽ ഖനന പദ്ധികൾ സ്ഥാപിക്കുവാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.
ഇതേരീതിയിൽ പഞ്ചായത്തീ രാജ് ആക്ടിലെയും, ഷെഡ്യൂൾ ഏരിയ ആക്ടിലെയും പല വകുപ്പുകളും അതിലംഘിച്ചുകൊണ്ടുമാത്രമേ ഇത്തരം മേഖലകളിൽ ഖനനാനുമതി നൽകാൻ സാധിക്കൂ. പഞ്ചായത്തീ രാജ് ആക്ടിലെ സെക്ഷൻ 4 (a) പറയുന്നതിങ്ങനെയാണ്, “പഞ്ചായത്തുകളെ സംബന്ധിച്ച നിയമനിർമ്മാണങ്ങൾ നിലവിലുള്ള നിയമങ്ങൾക്കും, സാമൂഹികവും മതപരവുമായ ആചാരങ്ങൾക്കും. പരമ്പരാഗതമായ സാമൂഹിക വിഭവ മാനേജ്‌മെന്റ് രീതികൾക്കും അനുസൃതമായ വിധത്തിലാകേണ്ടതുണ്ട്”. ഇതേ നിയമത്തിലെ സെക്ഷൻ 4 (b), ജനങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനും, അവരുടെ സാംസ്‌കാരികാസ്തിത്വവും സാമൂഹിക വിഭവങ്ങളും പരമ്പരാഗത രീതിയിലുള്ള തർക്ക പരിഹാര സമ്പ്രദായങ്ങളും സംരക്ഷിക്കുന്നതിൽ ഗ്രാമസഭകളെ പ്രാപ്തരാക്കേണ്ടതാണ് എന്നും വിശദീകരിക്കുന്നു.
ഇത്തരത്തിൽ നിയമപരമായ എല്ലാ അവകാശങ്ങളും നിലനിൽക്കെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വനമേഖലയിലും ആദിവാസി ഗ്രാമങ്ങളിലും വൻതോതിലുള്ള ഖനനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായി ലഭിച്ച അടിസ്ഥാനാവകാശങ്ങളും മാർഗ്ഗനിർദ്ദേശക തത്വങ്ങളും ദേശീയതലത്തിലുള്ള നയങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് വൻകിട ഖനന കമ്പനികൾക്ക് അനുകൂലമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുവാൻ സർക്കാരുകൾ തയ്യാറാകുമ്പോൾ അവയ്ക്ക് പരിപൂർണ്ണ പിന്തുണയുമായി കേന്ദ്ര ഗവൺമെന്റുകൾ മുന്നോട്ടുവരുന്നു.
പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വിദേശനിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുകയും ഇന്ത്യയുടെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നരീതി ആരംഭിച്ചത് 90കളോടെയായിരുന്നു. ഇന്ത്യയുടെ ഖനന മേഖല ഈ രീതിയിൽ വിദേശ കുത്തകകൾക്ക് തുറന്നുകൊടുത്ത ഒന്നായിരുന്നു. ഫെൽപ്‌സ് ഡോഡ്ജ്, ഡീബെയേർസ്, ആംഗ്ലോ-അമേരിക്കൻ എക്‌സ്‌പ്ലോറേഷൻ, എ.സി.സി. ആർ.ടി.സെഡ്. തുടങ്ങി ഡസൻ കണക്കിന് വിദേശ കമ്പനികൾ വിലകൂടിയ ധാതുക്കളായ വജ്രം, സ്വർണ്ണം, ചെമ്പ്, നിക്കൽ, കോബാൾട്ട് എന്നിവ ഖനനം ചെയ്യുന്നതായി ഇന്ത്യയുമായി കരാർ ഒപ്പുവെക്കുകയുണ്ടായി. 1997നും 2002നും ഇടയിൽ ഇന്ത്യയുമായി ഖനന കരാറിൽ ഒപ്പുവെച്ച കമ്പനികൾക്കായി പകുത്തു നൽകിയത് 53,995 ചതുരശ്ര കിലോമീറ്റർ ഭൂമിയായിരുന്നു. കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണ്ണത്തിലും കൂടുതലാണ് ഇതെന്ന് ഓർക്കുക. കൽക്കരി, ബോക്‌സൈറ്റ്, ഇരുമ്പ് തുടങ്ങിയ ഖനിജങ്ങൾക്കായി ഇന്ത്യയെ തുരന്നുതീർക്കാൻ അനുവദിക്കുന്നത് വേറെയും.
പാരിസ്ഥിതിക നിയമങ്ങളും വനസംരക്ഷണ നിയമങ്ങളും ലംഘിച്ചതിന്റെ പേരിൽ തങ്ങളുടെ സ്വന്തം നാടുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്ത പല വിദേശ കമ്പനികൾക്കും ഇന്ത്യയിൽ വളരെ ലാഘവത്തോടെ ഖനന പദ്ധതികൾ പ്രാവർത്തികമാക്കുവാൻ സാധിക്കുന്നു. ഖനന പദ്ധതികൾ പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടും അവയൊന്നും മുഖവിലയ്‌ക്കെടുക്കാൻ ഭരണാധികാരികൾ തയ്യാറായിട്ടില്ല. വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും പേരിൽ കടന്നുവരുന്ന ഖനന പദ്ധതികൾ ഈ രണ്ട് വാഗ്ധാനങ്ങളും നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, പരമ്പരാഗതമായ രീതിയിൽ തങ്ങളുടെ ഭൂമിയിൽ ഉപജീവനം നടത്തിവരുന്ന ലക്ഷക്കണക്കിന് ജനങ്ങളെ തെരുവുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഛത്തീസ്ഗഢിലെ ഢാലി-രാജ്ഹാര ഖനന മേഖലയെ ഉദാഹരണമായെടുക്കാം. ഭിലായ് സ്റ്റീൽ പ്ലാന്റിലേക്ക് ആവശ്യമായ ഇരുമ്പയിര് പൂർണ്ണമായും ലഭ്യമാക്കുന്നത് ഇവിടെ നിന്നുമാണ്. 1958ൽ ആരംഭിച്ച രാജ്ഹാര മൈൻസ് 1978 ആയപ്പോഴേക്കും സമ്പൂർണ്ണ യന്ത്രവൽക്കരണത്തിലേക്ക് കടക്കുകയായിരുന്നു. 10000 തൊഴിലാളികളാണ് ഒറ്റയടിക്ക് ഇവിടെനിന്നും പുറത്താക്കപ്പെട്ടത്. തൊഴിൽ നഷ്ടപ്പെട്ട ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമർത്തി. 10000ത്തോളം കുടിലുകൾ അഗ്നിക്കിരയാക്കി.
ഭിലായ് സ്റ്റീൽ പ്ലാന്റിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. 1984 കാലത്ത് 96,000 തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. 1992 ആയപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 55,000 ആയി ചുരുങ്ങി. നിലവിൽ ഏതാണ്ട് 38,000 തൊഴിലാളികൾ മാത്രമാണ് ഭിലായ് പ്ലാന്റിൽ ജോലി ചെയ്യുന്നത്. അതേസമയം ഇവിടുത്തെ ഉത്പാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുമുണ്ട്. ആധുനിക യന്ത്രവൽക്കരണം അതേപടി തുടരുകയാണെങ്കിൽ 6000 തൊഴിലാളികളെക്കൊണ്ട് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. വൻകിട വ്യവസായ പദ്ധതികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവകാശപ്പെടുമ്പോൾ ഇന്ത്യയിലെ വ്യവസായ മേഖലകളിൽ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി സംഭവിക്കുന്നതിതാണ്. വ്യവസായ വികസനത്തിന്റെ പേരിൽ പ്രകൃതി വിഭവങ്ങളും ജനങ്ങളുടെ ജീവനോപാധികളും ബഹുരാഷ്ട്ര കമ്പനികൾക്ക് നൽകുന്നതിൽ ഭരണകൂടങ്ങൾക്ക് തെല്ലും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാറില്ല.
വിദേശ മൂലധനം ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വൻകിട സ്വകാര്യ കമ്പനികൾക്ക് എല്ലാ നിയന്ത്രണങ്ങളും നീക്കി ഖനനാനുമതി നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ മത്സരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നാം കണ്ടുവരുന്നത്. പുത്തൻ സാമ്പത്തിക പരിഷ്‌കരണ നയങ്ങൾ ഇക്കാര്യത്തിൽ അവരുടെ സഹായത്തിനെത്തുന്നുണ്ട്. ഝാർഘണ്ട്, ഛത്തീസ്ഗഢ്, ഒഡീഷ, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡസൻ കണക്കിന് ബഹുരാഷ്ട്ര കമ്പനികൾ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
ഛത്തീസ്ഗഢ്-ഒഡീഷ-ഝാർഘണ്ട്
ഇന്ത്യയുടെ ഖനന ഭൂപടത്തിൽ നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളാണ് ഛത്തീസ്ഗഢ്-ഒഡീഷ-ഝാർഘണ്ട് എന്നീ സംസ്ഥാനങ്ങൾ. ജനസംഖ്യയിൽ ഇരുപത് ശതമാനത്തിനും മുകളിൽ ആദിവാസികൾ അധിവസിക്കുന്ന ഈ സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം സംഘർഷഭരിതമാണ്.
ഇന്ത്യയിലെ സുപ്രധാന കൽക്കരി ബ്ലോക്കുകളിലൊന്നായ റായ്ഗഢിലായാലും, പ്രേംനഗറിലെ പവർ പ്ലാന്റിന് വേണ്ടിയായാലും രാജ്‌നന്ദ്ഗാവിലെ വ്യവസായ പാർക്കുകൾക്ക് വേണ്ടിയായാലും സർഗുജയിലെയും ജാഷ്പൂരിലെയും ബോക്‌സൈറ്റ് മൈനിംഗിനു വേണ്ടിയായാലും ദേവ്‌ഭോഗിലെ ഡയമണ്ട്, സ്‌പോഞ്ച് അയൺ ഖനനത്തിന് വേണ്ടിയായാലും കുടിയൊഴിഞ്ഞുപോകേണ്ടവരിൽ ഭൂരിഭാഗം ജനങ്ങളും ആദിവാസികളാണ്. ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ മേൽപ്പറഞ്ഞ ജില്ലകളിലെ പ്രധാനപ്പെട്ട ആദിവാസി വിഭാഗങ്ങൾ അഭൂജ്മാരിയ, ബൈഗ, ബിർഹോർ, ഹിൽകോർവ, കമാർ എന്നിവരാണ്. ഇവിടെ നടക്കുന്ന ഒട്ടനവധി പ്രക്ഷോഭ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും ഇവർക്കുണ്ട്. ഛത്തീസ്ഗഢിലെ ബസ്തർ അടക്കമുള്ള ആദിവാസി പ്രദേശങ്ങളിൽ എവിടെയും ആദിവാസികൾ ബഹുരാഷ്ട്ര കുത്തകകളിൽ നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിനായി പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന കാഴ്ചകൾ കാണാൻ കഴിയും. ജാഷ്പൂരിലെ കുൻകുറി താലൂക്കിൽ ജിൻഡാൾ പവർ ആന്റ് സ്റ്റീൽ കമ്പനിക്ക് വേണ്ടി 30 ഗ്രാമങ്ങളിൽ നിന്നായി 105 സ്‌ക്വയർ കിലോമീറ്റർ പ്രദേശം അക്വയർ ചെയ്യാനുള്ള നടപടികൾക്കെതിരെ ഗ്രാമീണർ ശക്തമായ പ്രക്ഷോഭത്തിലാണ്. എന്നാൽ ഈ പ്രക്ഷോഭങ്ങളെയെല്ലാം തീവ്രവാദ മുദ്രകുത്തി അടിച്ചമർത്താൻ സർക്കാരിന് സാധിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ ആർത്തിപൂണ്ട നോട്ടത്തിന് ഈ മേഖലകൾ ഇരകളാകുന്നതിനുള്ള കാരണം ഇവിടുത്തെ സമൃദ്ധമായ ധാതുനിക്ഷേപങ്ങളാണ് എന്നത് പരക്കെ അറിവുള്ള കാര്യമാണ്.
ഛത്തീസ്ഗഢിലെ റായ്പൂർ, ദൂർഗ്, ജാൻജ്ഗിർ, ബിലാസ്പൂർ, രാജ്‌നന്ദ്ഗാവ്, കവർധാ, ബസ്തർ എന്നീ ജില്ലകളിലായി ഏതാണ്ട് 8225 ദശലക്ഷം ചുണ്ണാമ്പ്കല്ല് (Limestone) നിക്ഷേപമുള്ളതായി കണക്കാപ്പെട്ടിട്ടുണ്ട്. സിമെന്റ് നിർമ്മാണത്തിലെ സുപ്രധാന അസംസ്‌കൃത വസ്തുവായ ലൈം സ്റ്റോൺ ഉപയോഗിച്ച് പൊതുമേഖലാ സ്ഥാപനമായ സിമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അടുത്ത കാലം വരെ റായ്പൂർ ജില്ലയിലെ മന്ദാറിൽ പ്രവർത്തനം നടത്തിയിരുന്നെങ്കിലും പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി അത് അടച്ചുപൂട്ടുകയും കുത്തക കമ്പനികൾക്ക് വഴിമാറിക്കൊടുക്കുകയും ചെയ്യുകയുണ്ടായി. സ്വിസ്സ് ബഹുരാഷ്ട്ര ഭീമനായ ഹോൾസിം (Holcim) ഈ മേഖലയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
ഇന്ത്യയുടെ ബോക്‌സൈറ്റ് നിക്ഷേപങ്ങളിൽ ഒമ്പത് ശതമാനത്തോളം സ്ഥിതിചെയ്യുന്നതും ഛത്തീസ്ഗഢിലാണ്. സർഗുജാ, ജാഷ്പൂർ, കവർധാ, കാൻകേർ, ബസ്തർ ജില്ലകളിലായി ഏതാണ്ട് 198 ദശലക്ഷം ടൺ ബോക്‌സൈറ്റ് നിക്ഷേപമുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. സ്റ്റൈർലൈറ്റ്, ഹിൻഡാൽകോ തുടങ്ങിയ സ്വകാര്യ കമ്പനികൾ സർഗുജയിൽ ഖനന പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ആയിരക്കണക്കിന് ആദിവാസികൾക്ക് ഈ ഖനന പദ്ധതികൾ വഴി തങ്ങളുടെ ഭൂമി നഷ്ടപ്പെടുകയുണ്ടായി. പദ്ധതി ബാധിതരായ ആളുകൾക്ക് ഏറ്റവും താഴെക്കിടയിലുള്ള കരാർ ജോലികൾ നൽകി കമ്പനി അധികൃതർ തങ്ങളുടെ സാമൂഹികധർമ്മം നിർവ്വഹിക്കുകയാണ്.
ഛത്തീസ്ഗഢ്, സർഗുജ, കോറിയ, കോർബ എന്നീ ജില്ലകളിലായി ഇന്ത്യയുടെ കൽക്കരി സമ്പത്തിന്റെ 16% സ്ഥിതിചെയ്യുന്നുണ്ട്. 39,545 ദശലക്ഷം ടൺ കൽക്കരിയാണ് ഇവിടുത്തെ നിക്ഷേപം എന്ന് ഔദ്യോഗിക രേഖകൾ പറയുന്നു. ജിൻഡാൾ അടക്കമുള്ള കൽക്കരി മേഖലയിലെ ഭീമന്മാർ ജനങ്ങളുടെ പ്രതിഷേധങ്ങളെ വകവെക്കാതെ തങ്ങളുടെ ലാഭം പെരുപ്പിക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുകയാണ്. 2007ൽ ജിൻഡാൽ കമ്പനിക്കെതിരെ അതിശക്തമായ പ്രക്ഷോഭം ആദിവാസികളുടെ മുൻകൈയ്യിൽ നടക്കുകയുണ്ടായി. അതുപോലെത്തന്നെ ഇന്ത്യയുടെ ഇരുമ്പയിര് (Iron Ore) നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് സ്ഥിതി ചെയ്യുന്നതും ഛത്തീസ്ഗഢിലാണ്. ദാണ്‌ഡേവാഡ, കാൻകേർ, രാജ്‌നന്ദ്ഗാവ്, ബസ്തർ, ദുർഗ് ജില്ലകളിലായി 68% ശുദ്ധതയുള്ള 2336 ദശലക്ഷം ടൺ ഇരുമ്പയിര് കുത്തകകളുടെ കടന്നാക്രമണം കാത്തിരിപ്പാണ്. ജിൻഡാൽ കമ്പനിയുടെ കഴുകൻ കണ്ണുകൾ ഇവിടങ്ങളിലെ ധാതുനിക്ഷേപങ്ങളിൽ ഉടക്കിനിൽക്കുകയാണ്.
ഖനന-ജല പദ്ധതികൾക്കും ഗതാഗതം, വ്യവസായം, പ്രതിരോധം എന്നിവയ്‌ക്കൊക്കെയായി പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് ഓരോ വർഷവും സർക്കാർ ജനങ്ങളിൽ നിന്ന് ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. സാസ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് 1982 മുതൽ 2007 വരെയുള്ള കാലയളവിൽ 1,48,768.3 ഏക്കർ ഭൂമി പൊതുജനങ്ങളിൽ നിന്നായി ഏറ്റെടുക്കുകയുണ്ടായി. മുകളിൽ നൽകിയിരിക്കുന്ന ചാർട്ടിൽ നിന്നും വളരെ വ്യക്തമായും മനസിലാകുന്ന കാര്യം വ്യാവസായിക വികസനത്തിനും ഗതാഗതത്തിനും പ്രതിരോധത്തിനും മറ്റുമായി വൻതോതിൽ ഭൂമി എറ്റെടുത്തപ്പോൾ സാമൂഹിക ക്ഷേമ മേഖലകളെ പൂർണ്ണമായും അവഗണിച്ചുവെന്നതാണ്. കേന്ദ്ര സർക്കാർ നിയോഗിച്ച സാസ കമ്മിറ്റി കണ്ടെത്തിയിരിക്കുന്ന കണക്ക് ജലവിഭവ പദ്ധതികൾക്ക് 65.18%വും, ഗതാഗതത്തിന് 24.18%വും ഭൂമി ഏറ്റെടുത്തപ്പോൾ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം എന്നീ മേഖലകൾക്കായി കഴിഞ്ഞ രണ്ടര ദശകക്കാലത്തിനിടയ്ക്ക് ഛത്തീസ്ഗഡ് സംസ്ഥാനത്തിൽ മൊത്തത്തിലായി 65 ഏക്കർ ഭൂമി മാത്രമേ ഏറ്റെടുത്തിട്ടൂള്ളൂ. ആദിവാസി ജനതയുടെ ഉദ്ധാരണത്തിന്റെ കാര്യത്തിൽ സർക്കാർ എത്രമാത്രം ശുഷ്‌കാന്തി കാണിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ നമ്മോടു പറയുന്നുണ്ട്.
ബസ്തർ
ആധുനിക വികസനം, വനനശീകരണം, ഖനനം, വൻകിട ബഹുരാഷ്ട്ര കമ്പനികൾ, നിയമവ്യവസ്ഥ, ഭരണകൂടം, ഇടതുതീവ്രവാദം തുടങ്ങിയ എല്ലാ ഘടകങ്ങളും ചേർന്ന് ആദിവാസി ജീവിതത്തെ നിരന്തര സംഘർഷത്തിലാക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബസ്തർ. കൊളോണിയൽ കാലം തൊട്ടിങ്ങോട്ട് പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം ആദിവാസി ജീവിതത്തെ കൂടുതൽ കൂടുതൽ ഉൾവലിയാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ എന്ന് ബസ്തർ സന്ദർശിക്കുന്ന ആർക്കും എളുപ്പത്തിൽ ബോധ്യപ്പെടുന്ന കാര്യമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വൈദേശിക ഉദ്യോഗസ്ഥന്മാരും ജമീന്ദാർമാരും ബസ്തർ മേഖലയിൽ താമസിക്കുന്ന ആദിവാസികളെ ചൂഷണത്തിന് വിധേയമാക്കിക്കൊണ്ടിരുന്നു. ജമീന്ദാർമാരിൽ നിന്നും രക്ഷപ്പെടുന്നതിനായി അവർ തങ്ങളുടെ കിടപ്പാടം പോലും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സ്വാതന്ത്ര്യബ്ധിക്ക് ശേഷം തിരികെ വന്ന അവർ കണ്ടത് തങ്ങളുടെ ഭൂമി വനമേഖലയായി മാറ്റിയതാണ്. പുതുതായി രൂപംകൊണ്ട് ഫോറസ്റ്റ് ആക്ട് അനുസരിച്ച് ആദിവാസികൾക്ക് അവരുടെ ഭൂമിയിൽ പോലും അവകാശമില്ലാതായി. സ്വന്തം ഭൂമിയിൽ വനവിഭവങ്ങൾ ശേഖരിച്ചതിന്റെ പേരിൽ പലരും കുറ്റവാളികളായി മാറി. വ്യാവസായിക വികസനം ആരംഭിച്ചപ്പോഴും ആദിവാസികൾ സ്വന്തംഭൂമിയിൽ അന്യരായി. സ്റ്റീൽ പ്ലാന്റുകളിലും ഫാക്ടറികളിലും ഖനികളിലും തൊഴിൽ ചെയ്യാൻ പുറത്തുനിന്നും ആളുകളെത്തി. ആദിവാസികൾ നിരന്തര ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്നു. ഒരുകാലത്ത് ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്നവർ വ്യാവസായിക മേഖലകളിൽ നിന്നും പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടു. അവരെ ‘പ്രാചീനർ’ എന്ന് വിശേഷിപ്പിച്ച് അകറ്റിനിർത്തി. ആദിവാസികളോടുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെ മനോഭാവം വ്യക്തമാക്കുന്നതാണ് പഞ്ചവൽസര പദ്ധതികളെ സംബന്ധിച്ച കുറിപ്പുകൾ. അതിലൊന്നിൽ ഇങ്ങനെ പറയുന്നു; “ബസ്തറിലെ ആദിവാസികൾ കുടിയന്മാരും മടിയന്മാരുമാണ്, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ അവർക്കാഗ്രഹമില്ല”. മധ്യപ്രദേശ് സംസ്ഥാന വനവികസന കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം, “ബസ്തർ ആധുനിക കാലത്തെ എൽ ഡൊറാഡോയും (സ്പാനിഷ് ഐതിഹ്യകഥയിലെ സ്വർണ്ണനഗരം), കിഴക്കിന്റെ റുഹ് (Ruhr ജർമ്മനിയിലെ റൂഹർ നഗരം കൽക്കരി ഖനനത്തിന് പേരുകേട്ടതാണ്)” ആണ്. വികസന പദ്ധതികളും ആദിവാസി ക്ഷേമപദ്ധതികളും ആസൂത്രണം ചെയ്യുന്ന ഗവൺമെന്റ് മെഷിണറികൾ ആദിവാസികളെ നോക്കിക്കാണുന്നതെങ്ങിനെ എന്നത് ഇതിൽ നിന്നും വ്യക്തമാണ്. ഈയൊരു മനോഭാവം തന്നെയാണ് ആദിവാസികളുടെ അന്യവൽക്കരണത്തിന് കാരണമാകുന്നതും.
ഏറ്റവും ഫലഭൂയിഷ്ടമായ, വനമേഖലകൾ നിറഞ്ഞ, നദികളും നീരുറവകളും കൊണ്ട് അനുഗ്രഹീതമായ, ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള (ചതുരശ്ര കിലോമീറ്ററിന് 135പേർ എന്നതാണ് ഇവിടുത്തെ കണക്ക്), ധാതുസമ്പത്തുകൾ കൊണ്ട് സമൃദ്ധമായ ബസ്തർ മേഖലയിലെ ആദിവാസികൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കേണ്ടിവരുന്നുണ്ടെങ്കിൽ അത് നമ്മുടെ വികസന സങ്കൽപങ്ങളിലെ പാളിച്ചകൾകൊണ്ടാണെന്ന് തിരിച്ചറിയാൻ നമുക്ക് സാധിച്ചിട്ടില്ല. ആധുനികവികസനത്തിന്റെ ഇങ്ങേത്തലയ്ക്കൽ എത്തിനിൽക്കുമ്പോഴും ബസ്തറിലെ ആദിവാസികൾ ഇന്നും മരക്കലപ്പകളും മറ്റ് പുരാതന ആയുധങ്ങളും ഉപയോഗിച്ച് കഴിയുകയാണ്. പുനംകൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങൾ വർഷത്തിലെ ഭൂരിഭാഗം സമയവും ചെറുകിട വനവിഭവങ്ങൾ ശേഖരിച്ചാണ് ജീവിക്കുന്നത്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനരൂപീകരണം നടന്നതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങളാണ് ബസ്തറിലേത്. ബസ്തർ മേഖലയോടു ചേർന്നുകിടക്കുന്ന മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളിലെ ഭാഷകളായ മറാഠി, തെലുഗ്, ഹിന്ദി, ഒഡിയ എന്നിവയിൽ ഒന്നുപോലും ബസ്തറിലെ ആദിവാസികൾക്ക് കൈകാര്യം ചെയ്യാനറിയില്ല എന്നതാണ് വസ്തുത. ആദിവാസികളുടേതായ 72ഓളം പ്രാദേശിക ഭാഷകൾ ഈ മേഖലയിൽ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയിലൊന്നിന് പോലും ഔദ്യോഗിക ഭാഷാ പരിവേഷമില്ലാത്തതുകൊണ്ടുതന്നെ ഭാഷാപരമായ അവരുടെ വളർച്ച മുരടിച്ചുനിൽക്കുകയും ചെയ്യുന്നു. സ്‌കൂൾ തലം മുതൽ ഭാഷാപരമായ ന്യൂനത പേറാൻ വിധിക്കപ്പെട്ടവരാണ് ബസ്തറിലെ ആദിവാസികൾ. ബസ്തർ മേഖലയിലെ സാമൂഹ്യ സംഘർഷങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈയൊരു ഘടകത്തെ ശരിയായ രീതിയിൽ പഠനവിധേയമാക്കാൻ നരവംശ-സാമൂഹ്യ ശാസ്ത്രകാരന്മാർ ഇതുവരെയും മെനക്കെട്ടിട്ടില്ല എന്നത് ദൗർഭാഗ്യകരമായ സംഗതിയാണ്.
വനങ്ങളെ തോട്ടങ്ങളായി പരിവർത്തിപ്പിക്കൽ. സംരക്ഷിത വനങ്ങളുടെ നിർമ്മാണം, വ്യവസായ ശാലകൾ, ഖനികൾ തുടങ്ങി ആധുനിക വികസന പരിപ്രേക്ഷ്യങ്ങളിൽ ജീവിതവും സാംസ്‌കാരികാസ്തിത്വവും നഷ്ടപ്പെട്ട് അലയാൻ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു ഇവിടുത്തെ ആദിവാസി ജനത. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ പതിനായിരക്കണക്കിന് ഹെക്ടർ വനങ്ങൾ വെട്ടിവെളുപ്പിച്ച് തോട്ടങ്ങളാക്കി മാറ്റുന്ന പ്രവണ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം അത് പതിന്മടങ്ങായി വർദ്ധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1956-81 കാലഘട്ടത്തിൽ 1,25,483 ഹെക്ടർ വനമേഖല വിവിധ വികസന പദ്ധതികൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. 70കളുടെ ആരംഭത്തിൽ ദേശീയ കാർഷിക കമ്മീഷൻ (National Commission on Agriculture) വ്യാവസായിക വന പദ്ധതി പ്രഖ്യാപിച്ചതുമുതൽ ബസ്തറിലെ വന മേഖല വ്യാവസായിക വൃഷ്ടി പ്രദേശമായി (Industrial Catchment Area) ആയി പരിവർത്തിക്കപ്പെട്ടു. ബസ്തർ മേഖലയുടെ 25% പ്രദേശവും ഇതിൽ ഉൾപ്പെട്ടു. വനങ്ങളെ വ്യാവസായികാവശ്യങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാനുള്ള സ്രോതസ്സായി പരിവർത്തിപ്പിക്കുക എന്നതാണ് ഇതിന്റെ പിറകിലെ ഉദ്ദേശം. ഇതേത്തുടർന്ന് ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പൈൻ പ്ലാന്റേഷൻ പദ്ധതി ആരംഭിച്ചു. ജഗദൽപൂരിന് അടുത്തുള്ള കുറുണ്ടി വനമേഖലയിൽ 3,100 ഹെക്ടർ വനഭൂമി പൈൻ പ്ലാന്റേഷനായി മാറ്റുന്നതിനായി 1975ൽ വെട്ടിത്തെളിക്കുകയുണ്ടായി. ജനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് 81ൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ബാക്കിയായ പൈൻമരങ്ങൾ ഫംഗസ് ആക്രമണത്തിലും നശിച്ചു. വനങ്ങൾ നശിപ്പിക്കപ്പെട്ട 3100 ഹെക്ടർ ഭൂമി ദേശീയ ഖനന വികസന കോർപ്പറേഷൻ ഏറ്റെടുക്കുകയും 2450 ഹെക്ടർ ഭൂമിയിൽ ഡോൾമൈറ്റ് ഖനനം ചെയ്യാനുള്ള പദ്ധി മുന്നോട്ടുവെക്കുകയും ചെയ്തു. ഈ പദ്ധതിയെയും ജനങ്ങൾ എതിർത്തുതോൽപിച്ചു. സാമൂഹിക വനവൽക്കരണത്തിന്റെ (Social Forestry) ഭാഗമായി സ്വാഭാവിക വനങ്ങൾ നശിപ്പിച്ച് വ്യാവസായികാവശ്യങ്ങൾക്കുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പ്രവണത 80കളുടെ ആരംഭത്തോടെ ശക്തമായി. ലോകബാങ്ക്, സ്വീഡിഷ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് അതോറിറ്റി (Swedish International Development Authority- SIDA) തുടങ്ങിയ വിദേശ ഏജൻസികളുടെ സഹായത്തോടെ ഇന്ത്യയിലെങ്ങും ഇത്തരത്തിലുള്ള പദ്ധതികൾ അരങ്ങേറി. ബസ്തർ മേഖലയിൽ മാത്രമായി 10,000 ഹെക്ടർ വനഭൂമി യൂക്കാലിപ്റ്റ്‌സ് പ്ലാന്റേഷനുകളാക്കി മാറ്റി. 1,25,000 ഹെക്ടർ ഭൂമി തേക്ക് തോട്ടങ്ങളായി പരിവർത്തിപ്പിച്ചു. വനവിഭവങ്ങളെ വ്യാവസായിക അസംസ്‌കൃത വസ്തുക്കളായി മാറ്റിയതോടുകൂടി മുറിച്ചുമാറ്റപ്പെടുന്ന മരങ്ങൾ ദേശീയ വിപണിയിലേക്ക് കടത്തുന്ന പരിപാടികളും ആരംഭിച്ചു. ആദിവാസികൾ തങ്ങളുടെ ഉപജീവനത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന മുളകൾ അടക്കമുള്ള വനവിഭവങ്ങൾ വ്യാവസായിക മേഖലയ്ക്ക് ചുളുവിലയ്ക്ക് അനുവദിക്കപ്പെട്ടു. വൻകിട റയോൺസ് ഫാക്ടറികൾക്കും കടലാസ് നിർമ്മാണ ശാലകൾക്കും വേണ്ടി വനങ്ങളിൽ നിന്ന് മുളകൾ വെട്ടിക്കൊടുക്കുന്ന തുച്ഛവേതനത്തിന് ജോലി ചെയ്യുന്ന കരാർ തൊഴിലാളികളായി ആദിവാസികളിൽ പലരും മാറി.
സംരക്ഷിത വനങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങി വനസംരക്ഷണ പദ്ധതികളിൽ പെടുത്തി ബാക്കിയുള്ള വനങ്ങൾ കൂടി സർക്കാർ നിയന്ത്രണത്തിലായതോടുകൂടി ആദിവാസികൾ വനഭൂമിയിൽ നിന്നും പൂർണ്ണമായും അകറ്റപ്പെട്ടു. ഇന്ദ്രാവതി ടൈഗർ പ്രൊജക്ട് (3400ച.കി.മീ), കാൻകേർ വാലി നാഷണൽ പാർക്ക് (200ച.കി.മീ), ബൈറാംഗഡ് സാങ്ച്വറി (340ച.കി.മീ) തുടങ്ങിയ നിരവധി പദ്ധതികൾ ആദിവാസികളെ അവരുടെ വനസ്ഥലങ്ങളിൽ നിന്ന് കുടിയിറക്കുന്നതായി മാറി. “ആദിവാസികൾ വനമേഖലയുടെ ആവാസവ്യവസ്ഥയിലെ അവിഭാജ്യ ഘടകമാണ്” എന്ന വനസംരക്ഷണ നിയമത്തിന്റെ ഉള്ളടക്കത്തെ പൂർണ്ണമായും നിരാകരിച്ചുകൊണ്ടായിരുന്നു ആദിവാസികളെ അകറ്റിനിർത്തിക്കൊണ്ടുള്ള ഈ പദ്ധതികളുടെ പൂർത്തീകരണം. കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഒരുകോടി രൂപ സർക്കാർ വകയിരുത്തുകയുണ്ടായി. ഇതിൽ വലിയൊരു ഭാഗവും കോൺട്രാക്ടർമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കൈകളിലേക്ക് ചെന്നെത്തുകയാണുണ്ടായത്.
പ്രതിവർഷം 3 ദശലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കുന്ന നാഗർനാർ സ്റ്റീൽ പ്ലാന്റ് ദേശീയ ഖനന വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നാഗർനാറിൽ സ്ഥാപിക്കുവാനുള്ള പദ്ധതികൾ നടന്നുവരുന്നു. 2010 ആഗസ്ത് മാസത്തിൽ ഇതിനുവേണ്ട ലാന്റ് അക്വിസിഷൻ നടപടികൾ പൂർത്തിയായി. 65 ബില്യൺ രൂപയുടെ പാക്കേജുകൾ അന്താരാഷ്ട്ര കമ്പനികൾക്കായി പ്രഖ്യാപിക്കപ്പെട്ടു. 5.5 ദശലക്ഷം ടൺ വാർഷിക ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ടാറ്റാ സ്റ്റീൽ പ്ലാന്റും ലൊഹാൻഡിഗുഡയിൽ ആരംഭിച്ചു. 195 ദശലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നത്. വ്യാവസായിക ആവശ്യത്തിന് വേണ്ടി വനങ്ങൾ വിട്ടുകൊടുക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചിരിക്കുകയാണ്. നാഗർനാറിൽ തന്നെ ലംബോധർ സിമെന്റ് പ്രൊഡക്ട് കമ്പനിയും പ്രവർത്തിച്ചുവരുന്നുണ്ട്. ബസ്തറിലെ ജഗദൽപൂർ വ്യവസായ മേഖലയുടെ ലഘുചിത്രമാണിത്. ബസ്തറിലെ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം ഇന്ന് ആരുടെ കൈകളിലാണ് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. വ്യാവസായിക മേഖലയായ കിരാൻഡലിലെ ആദിവാസി ജനസംഖ്യ ഇന്ന് 2%ത്തിൽ താഴെയാണ്.
ഇന്ദ്രാവതി, ഇച്ചാംപള്ളി, ഗഡ്ചിരോളി എന്നീ പ്രദേശങ്ങളിലായി 9 ജലപദ്ധതികളും സർക്കാർ ആസൂത്രണം ചെയ്യുകയുണ്ടായി. ജനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാരിന് പദ്ധതി പിൻവലിക്കേണ്ടിവന്നു. ബോധ്ഘാട്ട് പദ്ധതി ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുകയായിരുന്നു. സാഖിനി നദി അടക്കമുള്ള ഇവിടുത്തെ നദികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഖനന വ്യവസായത്തിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് ഈ ജലസ്രോതസ്സുകളിലേക്കാണ്. 54 ഗ്രാമങ്ങളിലായി 30000ത്തിൽ പരം ജനങ്ങൾ ഈ നദിയെ ആശ്രയിച്ചാണ് കഴിയുന്നത്.
രാജ്യത്തിന് ഊർജ്ജവും ധാതുസമ്പത്തും മറ്റ് പ്രകൃതി വിഭവങ്ങളും സംഭാവന ചെയ്യുന്ന ബസ്തറിലെ 80ശതമാനം ഗ്രാമങ്ങളും ഇന്നും വൈദ്യുതീകരിക്കപ്പെട്ടിട്ടില്ല. സ്‌കൂളുകളിലെ അധ്യാപകരുടെ എണ്ണം തുലോം കുറവാണ്. 25000 ആളുകൾക്ക് ഒരു ഡിസ്‌പെൻസറി എന്നതാണ് ബസ്തറിലെ കണക്ക്. 250 ചതുരശ്ര കിലോമീറ്ററിൽ ഒരെണ്ണം! പ്രതിശീർഷ വാർഷിക വരുമാനം 450രൂപ. എന്നാൽ ബസ്തറിലെ പോലീസ് സാന്നിദ്ധ്യം ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെക്കാളും എത്രയോ ഇരട്ടിയും!! മാവോയിസ്റ്റുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുവാനാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം. സർക്കാരും പോലീസും ചേർന്ന് ആരുടെ സുരക്ഷയാണ് ഒരുക്കിക്കൊടുക്കുന്നത് എന്നത് ആദിവാസികളുടെ ജീവിതാവസ്ഥ തെളിവുനൽകുന്നുണ്ട്.
ഒഡീഷ
ഇന്ത്യയുടെ ഖനന ഭൂപടത്തിൽ നിർണ്ണായക സ്ഥാനമുള്ള അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. കൽക്കരി, ബോക്‌സൈറ്റ്, ഇരുമ്പയിര്, ലൈംസ്റ്റോൺ തുടങ്ങി നിരവധി ഖനിജ ഇന്ധനങ്ങളും ധാതുക്കളും ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നുണ്ട്. നിയാമഗിരി, മഹേന്ദ്രഗിരി, ഗന്ധമർദ്ദൻ, ദേവ്മാലി തുടങ്ങിയ 18ഓളം മലനിരകൾ ഉൾപ്പെടുന്ന പൂർവ്വഘട്ട (Eastern Ghats)ത്തിലെ വനമേഖല ജൈവവൈവിധ്യങ്ങളാൽ സമൃദ്ധമാണ്. ജനസംഖ്യയിലെ 16ശതമാനത്തോളം ആദിവാസികളുള്ള ഒഡീഷയിലെ പ്രധാന ഗോത്രവിഭാഗങ്ങൾ കോന്ധ്, ഗോണ്ട്, സാന്താൾ, സൗര, ബുയ്യാൻ, പറാജ, കോയ, ഒറാൺ, ഗഡബ, ജുവാൻഗാ, മുണ്ട എന്നിവയാണ്. ഇവരെക്കൂടാതെ ജനസംഖ്യയിൽ കുറവായ ചെൻചൂസ്, ബൈഗ, ബിർഹോർ, ഘാര തുടങ്ങിയ മറ്റ് ചെറുചെറു ഗോത്രവിഭാഗങ്ങളും ഇവിടെയുണ്ട്.
ആയുധനിർമ്മാണം തൊട്ട് ഓട്ടോമൊബൈൽ വ്യവസയാത്തിന് വരെ ഒഴിച്ചുകൂടാൻ പറ്റാത്ത അസംസ്‌കൃത വിഭവമായ ബോക്‌സൈറ്റ് നിക്ഷേപത്തിന് പേരുകേട്ടതാണ് ഒഡീഷ സംസ്ഥാനം. ഇന്ത്യയുടെ ബോക്‌സൈറ്റ് നിക്ഷേപത്തിന്റെ 70%വും ഒഡീഷയിലാണ് (ആഗോളതലത്തിൽ 17%) എന്നതുകൊണ്ടുതന്നെയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ പോസ്‌കോ, ബഹുരാഷ്ട്ര ഭീമനായ വേദാന്ത തുടങ്ങിയ വിദേശ കമ്പനികളും ജിൻഡാൾ, ഭൂഷൺ, ടാറ്റ തുടങ്ങിയ സ്വദേശി കമ്പനികളും ഒഡീഷയുടെ മണ്ണിൽ നിന്ന് വിട്ടുപോകാൻ കൂട്ടാക്കാതിരിക്കുന്നത്. ബോക്‌സൈറ്റ് കൂടാതെ ഇരുമ്പയിരിന്റെ കാര്യത്തിലും ഒഡീഷ മുന്നിലാണ്. ഏതാണ്ട് 35% (5231 ദശലക്ഷം ടൺ) ഇരുമ്പയിരും സ്ഥിതി ചെയ്യുന്നത് ഒഡീഷയുടെ മണ്ണിലാണ്. പ്രകൃതി വിഭവങ്ങളുടെ കാര്യത്തിൽ ഇത്രയേറെ സമൃദ്ധി നിലനിന്നിട്ടുപോലും ദാരിദ്ര്യത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് ഒഡീഷയുടെ സ്ഥാനം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സാമൂഹിക-സാമ്പത്തിക മേഖലകളിലെ ഏതു സൂചികകൾ പരിശോധിച്ചാലും ഈ സംസ്ഥാനം മറ്റുള്ളവയെക്കാൾ പിന്നിലാണെന്നുകാണാം. നാൽകോ (NALCO), ബാൽകോ (BALCO), ഇന്ദ്രാവതി, ഹിരാക്കുഡ്, അപ്പർ കൊളാബ് എന്നിങ്ങനെ നിരവധി വ്യവസായ സ്ഥാപനങ്ങളും ജലപദ്ധതികളും സംസ്ഥാനത്ത് നിലനിൽക്കുമ്പോൾ തന്നെയും ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾ ഉപജീവനമാർഗ്ഗം തേടി അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതായി കാണാം. 1951 മുതൽ 1995 വരെയുള്ള കണക്കുകളനുസരിച്ച് വിവിധ വികസന പദ്ധതികൾക്കായി 24ലക്ഷം ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട് ഒഡീഷയിൽ. ഇതിൽ 14,65,909 (42.2%) ആളുകളും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് എന്ന് സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ആദിവാസി വിഭാഗങ്ങളെ ഏതുരീതിയിലാണ് വികസന പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിച്ചതെന്ന് വ്യക്തമാണ്.
ഖനന പദ്ധതികൾക്കെതിരായ പ്രക്ഷോഭങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഒഡീഷ. ഇവ കൂടാതെ തലതിരിഞ്ഞ വികസന നയങ്ങൾക്കെതിരെ ഗ്രാമീണരുടെയും ആദിവാസികളുടെയും മുൻകൈയ്യിൽ ഒട്ടനവധി പ്രക്ഷോങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുണ്ട്. ബലിയപാലിലെ മിസൈൽ ടെസ്റ്റിംഗ് റേഞ്ചിനെതിരായ പ്രക്ഷോഭം, ചിൽകാ ആന്ദോളൻ, നിയാമഗിരിയിലെ കോന്ധ് ആദിവാസികൾ വേദാന്ത കമ്പനിക്കെതിരായി നടത്തിയ പ്രക്ഷോഭം എന്നിവ ഗ്രാമീണ മുന്നേറ്റങ്ങളുടെ വിജയഗാഥകളാണ്. തങ്ങളുടെ ഭൂമിയും പ്രകൃതിസമ്പത്തും കൊള്ളയടിക്കുന്ന കുത്തക കമ്പനികൾക്കെതിരായ സമരത്തിൽ ജീവൻതന്നെ ബലികൊടുക്കാൻ തയ്യാറായ നിരവധി ആദിവാസികളെക്കുറിച്ച് കേൾക്കാൻ നമുക്ക് സാധിക്കും. കാശിപ്പൂരിലും, കലിംഗനഗറിലും നടന്ന വെടിവെപ്പിൽ ഒട്ടനവധി പേർക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ജനകീയ വിജയങ്ങളുടെ ഏതാനും കഥകൾ നാട്ടുകാർക്ക് പറയുവാനുണ്ടെങ്കിലും അധികാരവും പണവും ഉപയോഗിച്ച് ആദിവാസി - ഗ്രാമീണ മേഖലകളിൽ കടന്നാക്രമണം നടത്തി ഭൂമി തട്ടിയെടുത്ത കഥകളാണ് കൂടുതലായും കേൾക്കാൻ സാധിക്കുക. ഗന്ധമർദ്ദനിലും, ഗോപാൽപൂരിലും, താൽച്ചേറിലും ഒക്കെത്തന്നെ നിരവധി ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാരിന് സാധിച്ചു.
ഝാർഘണ്ട്
കൊളോണിയൽ ഭരണത്തിനെതിരെ ആദിവാസി ജനതയുടെ മുൻകൈയ്യിൽ നിരവധി കലാപങ്ങൾ ഉയർന്നുവന്ന പ്രദേശമാണ് ഝാർഘണ്ട്. 1771ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായി ബിൻസു മാൻകിയുടെ നേതൃത്വത്തിൽ മുണ്ട ആദിവാസികൾ നടത്തിയ പ്രക്ഷോഭമാണ് ഈ മേഖലയിലെ ആദ്യത്തെ കലാപമെന്നു പറയാം. തുടർന്ന് ബിർസ മുണ്ട അടക്കമുള്ള ആദിവാസി നേതാക്കൾ പിറവിയെടുത്തതും ഝാർഘണ്ടിലായിരുന്നു, ആദിവാസി ജനസംഖ്യയിൽ മുന്നിലായ ഈ പ്രദേശം ഇതേകാരണം കൊണ്ടുതന്നെ ഇന്ത്യയുടെ വികസന ഭൂപടത്തിൽ വളരെ പിന്നോക്കാവസ്ഥയിലാണ്. വർത്തമാന ഝാർഘണ്ട് സംസ്ഥാനത്തിന്റെ വലിയൊരു ഭാഗം ബീഹാർ സംസ്ഥാനത്തിന്റെ കീഴിലായിരുന്നു. ബീഹാറിലെ റവന്യൂ വരുമാനത്തിന്റെ 70%വും ലഭ്യമാക്കിയിരുന്നത് ഝാർഘണ്ട് മേഖലയിലെ പ്രകൃതി വിഭവങ്ങളിലൂടെയായിരുന്നു. അതേസമയം വികസന പ്രവർത്തനങ്ങൾക്കായി ഈ മേഖലയിൽ ചെലവഴിക്കപ്പെട്ടത് കേവലം 20ശതമാനവും. ബീഹാർ സംസ്ഥാനത്തിന്റെ ഭാഗമായി നിലനിന്നിരുന്നപ്പോൾ ഝാർഘണ്ടിലെ 5% പ്രദേശം പോലും വൈദ്യൂതീകരിക്കപ്പെട്ടിരുന്നില്ല. റോഡുകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. വികസന പിന്നോക്കാവസ്ഥയുടെ കാര്യത്തിൽ ഝാർഘണ്ട് 'നാലാം ലോക'മായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഝാർഘണ്ടിലേക്ക് എത്തിപ്പെട്ട വികസന ഫണ്ടുകൾ പോലും പ്രധാനമായും വിനിയോഗിക്കപ്പെട്ടിരുന്നത് ആദിവാസിയേതര സമൂഹങ്ങൾക്കിടയിലായിരുന്നു എന്നത് ആദിവാസി വിഭാഗങ്ങൾക്കിടയിലെ വർദ്ധിച്ചുവരുന്ന അതൃപ്തിക്ക് കാരണമായി മാറി.
പ്രത്യേക ഝാർഘണ്ട് സംസ്ഥാനത്തിനായുള്ള പ്രവർത്തനങ്ങൾ സ്വാതന്ത്രലബ്ധിക്ക് മുമ്പെ തന്നെ ആരംഭിച്ചിരുന്നു. 1950ൽ ആദിവാസി മഹാസഭ ഈ ആവശ്യത്തെ പിന്തുണച്ചതോടുകൂടി പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭം ശക്തമായി. ബീഹാർ നിയമ സഭയിൽ 52 അംഗങ്ങൾ ഝാർഘണ്ട് സംസ്ഥാനത്തിനായി വാദിച്ചുവെങ്കിലും പല കാരണങ്ങൾകൊണ്ട് ഈ ആവശ്യങ്ങൾ തള്ളിക്കളയുകയായിരുന്നു. 1973ഓടുകൂടി ഝാർഘണ്ട് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം തീവ്രതയിലെത്തിച്ചേർന്നു. ഝാർഘണ്ട് മുക്തി മോർച്ച, ആൾ ഝാർഘണ്ട് സ്റ്റൂഡന്റ്‌സ് യൂണിയൻ തുടങ്ങിയ സംഘടനകൾ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ജനങ്ങളുടെ സമരവീര്യത്തെ കൂടുതൽ ശക്തമാക്കി. നിരന്തരമായ പ്രക്ഷോഭ പരിപാടികൾ നടന്നുവെങ്കിലും തങ്ങളുടെ ആവശ്യം അനുവദിച്ചുകിട്ടാൻ അവർക്ക് കാൽനൂറ്റാണ്ടുകൂടി കാത്തിരിക്കേണ്ടിവന്നു. 2000 നവമ്പർ 15 പ്രത്യേക ഝാർഘണ്ട് സംസ്ഥാനം നിലവിൽ വന്നു.
മൊത്തം ജനസംഖ്യയിൽ 26 % ആദിവാസികളുള്ള സംസ്ഥാനമാണ് ഝാർഘണ്ട്. ലൊഹാർദ്, ഗുംല, വെസ്റ്റ് സിങ്ഭം, ഡുംക, പാകുർ തുടങ്ങി എട്ടോളം ജില്ലകളിലായാണ് ആദിവാസി ജനങ്ങളിൽ കൂടുതലും താമസിക്കുന്നത്. ഈ ജില്ലകളിലെ ആദിവാസി ജനസംഖ്യ നാല്പത് ശതമാനത്തിനും മുകളിലാണ്.
മുണ്ട, സാന്താൾ, ഹോ, ഓറാൺ, കോർവ, കോന്ധ് തുടങ്ങി 32ഓളം ആദിവാസി ഗോത്ര വിഭാഗങ്ങളാണ് ഝാർഘണ്ടിലുള്ളത്. രാജ്യത്തിന്റെ ധാതുസമ്പത്തിന്റെ 40%വും ഝാർഘണ്ട് സംസ്ഥാനത്തിലാണ് എങ്കിലും ഇവിടുത്തെ ദാരിദ്ര്യത്തിന്റെ കണക്ക് ദേശീയ ശരാശരിയെക്കാളും കൂടുതലാണ്. 46.2% മുതൽ 54% വരെ ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. പ്രതിശീർഷ വരുമാനം ഇതര സംസ്ഥാനങ്ങൾക്കൊപ്പമാണെങ്കിലും (15,000രൂപ) ജനങ്ങൾക്കിടയിലെ ദാരിദ്ര്യത്തിന്റെ നിരക്ക് വളരെ ഉയർന്നിരിക്കുന്നതു തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തിന്റെ ലക്ഷണമാണ്. പ്രാചീന ഗോത്ര വിഭാഗത്തിൽ (Primitive Tribe Group -PGT) പെടുന്നവരാണ് ഝാർഘണ്ടിലെ ആദിവാസികൾ. നിയമപരമായ പ്രത്യേക സംരക്ഷണത്തിന് അവകാശമുള്ളവർ. എങ്കിൽ കൂടിയും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ എന്നീ കാര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരാണ് ഈ ജനത. ആദിവാസികൾക്കിടയിലെ സാക്ഷരതാ നിരക്ക് 40.7 ശതമാനമാണ്. ദേശീയ ശരാശരിയെക്കാളും താഴെയാണിത്. അതേസമയം ആദിവാസി സ്ത്രീകൾക്കിടയിലെ സാക്ഷരതാ നിരക്ക് 10 ശതമാനത്തിലും താഴെയാണ്. മേൽപ്പറഞ്ഞ കണക്കുകളൊക്കെ ഝാർഘണ്ടിലെ ആദിവാസികളുടെ സാമ്പത്തിക-സാമൂഹികാവസ്ഥകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നവയാണ്. 2000ത്തിൽ പ്രത്യേക ഝാർഘണ്ട് സംസ്ഥാനം രൂപീകരിച്ചതിനുശേഷം 15വർഷം പൂർത്തിയാകാറായിട്ടും ആദിവാസി ജനതയെ കാര്യത്തിൽ പ്രത്യേക മെച്ചമൊന്നുമുണ്ടായിട്ടില്ലെന്നത് എടുത്തുപറയേണ്ട സംഗതിയാണ്.
വികസനത്തെയും പുരോഗതിയെയും സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെയും ഭരണകൂടങ്ങളുടെയും ആസൂത്രണവിദഗ്ധരുടെയും ഇടയിൽ നിലനിൽക്കുന്ന മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നുപറയാം. സംസ്ഥാന രൂപീകരണം തൊട്ട് ആദിവാസി മുഖ്യമന്ത്രിമാർ ഭരണസാരഥ്യം ഏറ്റെടുത്തിട്ടും ആദിവാസി ജനതയുടെ ജീവിത സാഹചര്യങ്ങളിൽ വലിയെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, ഝാർഘണ്ടിലെ പ്രകൃതി വിഭവ ചൂഷണം മുൻകാലങ്ങളേക്കാൾ കൂടുകയാണ് ചെയ്തത്. സ്റ്റീൽ, വ്യവസായശാലകൾ, ഊർജ്ജോത്പാദന പദ്ധതികൾ, ഖനനം തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങൾക്കായി 102ഓളം കരാറുകളിൽ സർക്കാർ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. 42,67,240 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ ഏതാണ്ട് 2 ലക്ഷം ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ 10ലക്ഷം ആളുകളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് കുടിയിറക്കേണ്ടി വരികയും ചെയ്യും. കഴിഞ്ഞ ആറുദശകക്കാലത്തെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഏഴു ലക്ഷം ആളുകളെ ഝാർഘണ്ട് മേഖലയിൽ നിന്ന് കുടിയിറക്കേണ്ടിവന്നിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. കുടിയിറക്കപ്പെട്ട ജനങ്ങളിൽ വലിയൊരുഭാഗവും ആദിവാസികളാണ് എന്നകാര്യത്തിൽ സംശയമൊന്നുമില്ല.
ആർസെലർ മിത്തൽ (Arcelormittal), ജിൻഡാൾ (Jindal Steel & Power), ടാറ്റ (Tata Steels), ഹിൻഡാൽകോ (Hindalco), യുസിഐഎൽ (UCIL), എസ്സാർ (Essar Steels) തുടങ്ങി നിരവധി കമ്പനികൾ സംസ്ഥാനത്ത് ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. യുറേനിയം, മൈക്ക, ബോക്‌സൈറ്റ്, സ്വർണ്ണം, വെള്ളി, ഗ്രാഫൈറ്റ്, ഡോൾമൈറ്റ്, ഫയർക്ലേ, ക്വാർട്‌സ്, കൽക്കരി, ഇരുമ്പ് എന്നിങ്ങനെ ഒട്ടനവധി ധാതുക്കൾ ഈ കമ്പനികൾ ചേർന്ന് ഖനനം ചെയ്തുകൊണ്ടിരിക്കുകയാണ്. ടിസ്‌കോ, ലിസ്‌കോ, സെയ്ൽ തുടങ്ങിയ കമ്പനികൾ ഇരുമ്പയിര് ഖനനത്തിലും, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ചെമ്പ് ഖനനത്തിലും, പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ യുറേനിയം ഖനനത്തിലും, സിസിഎൽ, ബിസിസിഎൽ, ടിസ്‌കോ എന്നിവ കൽക്കരി ഖനനത്തിലും ഹിൻഡാൽകോ ബോക്‌സൈറ്റ് ഖനനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവയെക്കൂടാതെ ഡസൻ കണക്കിന് ചെറുകിട സ്വകാര്യ കമ്പനികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുണ്ട്.
വനമേഖലയുടെ നാശത്തിനും, പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനും, കുടിയൊഴിപ്പിക്കലിനും, ഉപജീവനമാർഗ്ഗങ്ങളുടെ നാശത്തിനും ഇടയാക്കുന്ന വൻകിട വികസന പദ്ധതികൾക്കെതിരെ ഝാർഘണ്ടിലെ ആദിവാസികൾ ദശാബ്ദങ്ങളായി നിരന്തര പ്രക്ഷോഭങ്ങളിലാണ്. പുതുസഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ ഈ പോരാട്ടങ്ങൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ആഗോളവൽക്കരണവും പുത്തൻസാമ്പത്തിക നയങ്ങളും തങ്ങളുടെ സ്വച്ഛജീവിതത്തെ അനുദിനം കശക്കിയെറിയുന്നത് ജീവിതം കൊണ്ട് അനുഭവിച്ചറിയുന്നവരാണ് ഝാർഘണ്ടിലെ ആദിവാസിജനത. 2008 സെപ്തംബർ 1ന് ജംഷഡ്പൂരിൽ കോഹിനൂർ സ്റ്റീൽ പ്ലാന്റിന് വേണ്ടി ജനങ്ങളുടെ അനുമതി വാങ്ങിക്കാതെയും നഷ്ടപരിഹാരം നൽകാതെയും ഭൂമി ഏറ്റെടുക്കുവാനുള്ള ശ്രമങ്ങളെ ജനങ്ങൾ തടയുകയും കമ്പനിയിലേക്ക് ഇരച്ചുകയറുകയും ചെയ്യുകയുണ്ടായി. പ്ലാന്റിൽ പ്രാദേശിക ആദിവാസി ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകാത്തതിലും ജനങ്ങൾക്ക് പ്രതിഷേധമുണ്ടായിരുന്നു. ഈസ്റ്റ് സിങ്ഭം ജില്ലയിലെ സർമാന്ദാ നദീതീരത്ത് ഭൂഷൺ സ്റ്റീൽ പ്ലാന്റിന് വേണ്ടി നടന്ന സർവ്വേക്കെതിരെയും ജനങ്ങൾ പ്രതികരിക്കുകയുണ്ടായി. സർവ്വേക്കെത്തിയ ഉദ്യോഗസ്ഥന്മാരെ ജനങ്ങൾ തടയുകയും അവരെ തിരിച്ചയക്കുകയും ചെയ്തു. ഇതേവർഷം സെപ്തംമ്പർ 11ാം തീയ്യതി ഖർസാവാൻ ഗ്രാമത്തിൽ ജൂപിറ്റർ സിമെന്റ് ഫാക്ടറി ഭൂനിയമങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ചുകൊണ്ട് ജനങ്ങൾ പ്രതിഷേധമുയർത്തി. റാഞ്ചി ജില്ലയിലെ ടോർപാ-കാംധാര മേഖലയിൽ ആർസെലർ മിത്തലിന്റെ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നത് വർഷങ്ങളായി ആദിവാസികൾ വിലക്കിയിരിക്കുകയാണ്. സരൈകേല ജില്ലയിലെ ടോൻടോപാരി ഗ്രാമീണർ ടാറ്റ സ്റ്റീലിന്റെ ഗ്രീൻഫീൽഡ് പ്രൊജക്ടിനെതിരെയും കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ഡുംക ജില്ലയിലെ കാതിക്കുണ്ട്-സിക്കാരിപാഡ മേഖലയിൽ സിഇഎസ്എൽ ലിമിറ്റിഡിനെതിരെ ആദിവാസികൾ ‘ജനകീയ കർഫ്യൂ’ ഏർപ്പെടുത്തിയിരിക്കുകയാണ്. 2008 ഡിസംബർ 6ന് ജനങ്ങളുടെ പ്രതിഷേധത്തിനുനേരെ പോലീസ് വെടിയുതിർത്തതിനെത്തുടർന്ന് 2 പേർ കൊല്ലപ്പെടുകയും ഏഴ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജതുഗുഡ യുറേനിയം ഖനനം
ഈസ്റ്റ് സിങ്ഭം ജില്ലയിലെ ജതുഗുഡയിലെ ജനങ്ങൾ കഴിഞ്ഞ നാലരപ്പതിറ്റാണ്ടുകാലമായി ആണവ വികിരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സാന്താൾ, ഹോ, മുർമു തുടങ്ങിയ ആദിവാസികൾ ഏറെയുള്ള പ്രദേശമാണിത്. ജനങ്ങൾക്ക് ആണവവികിരണം പകർന്നു നൽകുന്നത് ഏതെങ്കിലും സ്വകാര്യ കമ്പനികളൊന്നുമല്ല മറിച്ച്, ഇന്ത്യൻ ഭരണകൂടം തന്നെയാണ്. 1967ലാണ് ഝാർഘണ്ടിലെ ജതുഗുഡ മേഖലയിൽ ഇന്ത്യൻ ആണവോർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന, പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ (UCIL) ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾക്കാവശ്യമായ നാച്യുറൽ യുറേനിയം ഖനനം ചെയ്യുന്നത് ഇവിടെനിന്നുമാണ്. ഇന്ത്യയിലെ ഏക യുറേനിയം ഖനനകേന്ദ്രവും ഇതുതന്നെ. ജതുഗുഡയിൽ നിന്നും കുഴിച്ചെടുക്കുന്ന യുറേനിയം അയിര് വിവിധ സംസ്‌കരണ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് ആണവ നിലയങ്ങൾക്കാവശ്യമായ ഇന്ധനമായി പരിവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയകൾക്കിടയിൽ വൻതോതിലുള്ള ആണവ വികിരണത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജതുഗുഡ ഖനന മേഖലയ്ക്ക് 5-10 കിലോമീറ്റർ ചുറ്റളവിലുള്ള ഡുൻഗ്രിദിഹ്, ചാട്ടിക്കോച്ച, തലായ്തണ്ട്, മെച്ചുവാ, മാട്ടിഗോര തുടങ്ങിയ ഗ്രാമങ്ങൾ ആണവ മാലിന്യങ്ങളുടെ ഭീഷണി പേറുന്ന സ്ഥലങ്ങളാണ്. ഇന്ത്യയിലെ പ്രശസ്ത ആണവവിരുദ്ധ സംഘടനയായ ‘അണുമുക്തി’ ജതുഗുഡയിൽ നടത്തിയ ആരോഗ്യസർവേയിൽ ഈ ഗ്രാമങ്ങളിലെ ജനങ്ങൾക്കിടയിൽ ആണവ റേഡിയേഷനുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അക്യൂട്ട് മൈലോയ്ഡ് ലുക്കേമിയ, ചാപിള്ളകളുടെ ജനനം, ജനിതക വൈകല്യങ്ങൾ, കാൻസറുകൾ, നിരവധി ത്വക്‌രോഗങ്ങൾ എന്നിവയെക്കൂടാതെ ടിബി, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ദേശീയശരാശരിയിലും വളരെ ഉയർന്ന നിലയിലാണെന്ന് അണുമുക്തി പഠനം വെളിപ്പെടുത്തുന്നു.
ജതുഗുഡ ഖനന മേഖലയിലെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന 30,000ത്തോളം ആളുകളാണ് ആണവ വികിരണത്തിന്റെ ഭീഷണിയിൽ വർഷങ്ങളായി ജീവിച്ചുവരുന്നത്. ഖനന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ 95ശതമാനം പേരും ആദിവാസികളാണ്. അതേസമയം മാനേജ്‌മെന്റ്, മറ്റ് ഉയർന്ന തസ്തികകൾ എന്നിവയിൽ ഒരൊറ്റ ആദിവാസികളെപ്പോലും കാണാൻ സാധിക്കില്ല. കരാർ തൊഴിലാളികളിൽ 100 ശതമാനവും ആദിവാസികളാണെന്നത് മറ്റൊരു കണക്ക്. തൊഴിൽ മേഖലയിലെ ഈ വിവേചനം തൊഴിൽ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും പ്രകടമാണ്. വളരെ അപകടകരമായ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ യുസിഐഎൽ വിമുഖത കാട്ടുന്നുവെന്നു മാത്രമല്ല, മാലന്യം കൈകാര്യം ചെയ്യുന്നതിലും നിരുത്തരവാദപരമായ സമീപനങ്ങളാണ് അവർ സ്വീകരിച്ചുവരുന്നത്. യുറേനിയം ഖനന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി തൊഴിലാളികൾ തൊഴിൽപരമായ കാരണങ്ങൾ മൂലം മരണപ്പെടുന്നത് ജതുഗുഡയിൽ സാധാരണ കാര്യമായി മാറിയിരിക്കുന്നു. 1994 മുതൽ 1997 വരെയുള്ള കാലയളവിൽ 71 തൊഴിലാളികൾ മരണമടഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
യുറേനിയം ഖനനത്തിന്റെ അവശിഷ്ടങ്ങൾ തള്ളുന്നത് ഗ്രാമീണ ജനങ്ങൾ കുളിക്കുന്നതിനും പശുക്കളെ തുറന്നുവിടുന്നതിനും ഉപയോഗിക്കുന്ന ജലസ്രോതസ്സുകളിലേക്കാണ്. ആണവ വകിരണങ്ങളടങ്ങിയ മാരകമായ വിഷവസ്തുക്കളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലും. മാലിന്യ നിക്ഷേപം നടത്തുന്ന ടെയ്‌ലിംഗ് പോണ്ടിൽ നിന്നും സ്ഥലം നികത്തുന്നതിനും വീടുനിർമ്മിക്കുന്നതിനും ഉള്ള മണ്ണ് കടത്തിക്കൊണ്ടുപോകുന്നത് സ്വാഭാവികമായ ഒന്നാണ്. വികിരണത്തിന്റെ ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ചറിയാത്ത ജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അധികൃതർ ശ്രമിക്കാറുമില്ല. പശുക്കളും ജനങ്ങളും ഇവിടേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതിനാവശ്യമായ വേലികൾ നിർമ്മിക്കാനാവശ്യമായ സുരക്ഷാബോധം പോലും ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കില്ലായെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്.
യുറേനിയം ഖനനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടും ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നിറഞ്ഞുനിന്നിട്ടും സുരക്ഷാക്രമീകരണങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ യു.സി.ഐ.എൽ. തയ്യാറായിട്ടില്ലെന്നു മാത്രമല്ല, തുർമിഡിഹ്, ബാടിൻ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഖനനം വ്യാപിപ്പിക്കുവാനുള്ള നീക്കങ്ങൾ നടത്തുകയായിരുന്നു. യുസിഐഎല്ലിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ആദിവാസികൾ ഝാർഘണ്ട് ഓർഗനൈസേഷൻ എഗേൻസ്റ്റ് റേഡിയേഷൻ (JOAR) രൂപീകരിച്ച് ഖനന പ്രവർത്തനങ്ങൾക്കെതിരെ രംഗത്തുവന്നു. 1997 ഫെബ്രുവരി 25ന് ടൈലിംഗ് പോണ്ട് നിർമ്മാണം ജനങ്ങൾ തടഞ്ഞു. പോലീസിനെ വിന്യസിച്ചുകൊണ്ടായിരുന്നു യു.സി.ഐ.എൽ. പ്രതികരിച്ചത്. പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ അന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ബാന്ദുരംഗിൽ ഓപ്പൺ കാസ്റ്റ് മൈനിംഗ് നടത്തുവാനുള്ള തീരുമാനത്തിനെതിരെ ആദിവാസി മൂൽവാസി ഭൂമിജ് സുരക്ഷാ സമിതിയുടെ മുൻകൈയ്യിൽ 17 സംഘടനകൾ ചേർന്ന് പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക രഹസ്യനിയമത്തിന്റെ സുരക്ഷാ കവചത്തിൽ മറഞ്ഞിരിക്കുന്ന ഇന്ത്യൻ ആണവോർജ്ജ വകുപ്പിനോടാണ് നിസ്സഹായരായ ആദിവാസികൾക്ക് ഏറ്റുമുട്ടേണ്ടത്. ആണവ ബ്രാഹ്‌മണ്യത്തിന് എന്ത് ആദിവാസികൾ!
ഇന്ത്യയിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളായ ഒഡീഷ, ഛത്തീസ്ഗഢ്, ഝാർഘണ്ട് എന്നീ സംസ്ഥാനങ്ങളിൽ അണക്കെട്ട് നിർമ്മാണങ്ങളുടെയും ഖനനങ്ങളുടെയും പേരിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി നടന്നുവരുന്ന ആദിവാസി ചൂഷണത്തിന്റെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. തോട്ടവൽക്കരണം, പ്രതിരോധം, ഗതാഗതം തുടങ്ങി മറ്റനേകം മേഖലകളിൽ കൂടിയും ആദിവാസി ഭൂമി അന്യാധീനപ്പെടുത്തിയതിന്റെ നിരവധി കഥകൾ ഓരോ ആദിവാസി ഗ്രാമങ്ങൾക്കും പറയാനുണ്ട്.
ഇന്ത്യൻ ആദിവാസി ഇടനാഴികളിൽ അസ്വസ്ഥതകൾ പെരുകുക തന്നെയാണ്. വികസനം വംശഹത്യയിലേക്കുള്ള വഴി വെട്ടിയൊരുക്കുമ്പോൾ ചെറുത്തുനിൽപ്പുകളിൽ നിന്ന് അവർക്ക് ഒഴിഞ്ഞുമാറി നിൽക്കാനാകില്ല. സോണി സോറിമാർക്കും കുനി സികാകമാർക്കും ഭരണകൂടം ഒരുക്കിക്കൊടുക്കുന്നത് ജയിലറകൾ തന്നെയാണ്. സ്റ്റാൻ സ്വാമിമാർക്ക് അപ്രഖ്യാപിത വധശിക്ഷയും. "വികസനം.. വികസനം' എന്ന് ആർത്ത് വിളിക്കുന്നവരും ഈ ഭരണകൂട കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് മറന്നുപോകരുത്.
(വിദ്യാർത്ഥി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത് എന്ന പുസ്തകത്തിൽ നിന്ന്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്തകവും ലേഖകന്റേതായുണ്ട്).