കൊലപാതകം ആത്മഹത്യയാക്കി മാറ്റുന്ന ഒരു സിസ്റ്റമാറ്റിക്​ വംശഹത്യാരീതി

ഒരാളിൽ മോഷണക്കുറ്റം ആരോപിക്കുക, എന്നിട്ട് മർദ്ദിച്ച് മാനസികമായും ശാരീരികമായും തകർത്ത് കൊല്ലുക. പിന്നീട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ അത് ആത്മഹത്യയാക്കിത്തീർത്ത്, പൊതുധാരണക്കു ചേർന്നവണ്ണം കൊലപാതികളെ സഹായിക്കുക. സിസ്റ്റമാറ്റിക് ആയി ആദിവാസികളെ കൊല്ലുന്ന രീതി കൂടിയാണിത്​​.

ൽപ്പറ്റ അഡ്‌ലേഡ് പാറവയലിലെ ആദിവാസി സഹോദരൻ വിശ്വനാഥനെ കൊന്നത് മലയാളി വംശീയതയും അധികാരികളുമാണ്​. ആദിവാസികളെ എളുപ്പത്തിൽ ‘കള്ളന്മാ'രാക്കുന്നത്​ പൊതുസമൂഹം എന്ന് അഹങ്കരിക്കുന്നവരുടെ വംശീയബോധം തന്നെയാണ്. സാമൂഹിക - സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന ഒരു സമുദായമാണ്​ആദിവാസികൾ. മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുക എന്നത് ആദിവാസികളുടെ ജീവിതരീതിയല്ല. അതുകൊണ്ടാണ് വിശ്വനാഥന്റെ കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കുന്നത്.

ഒരാളിൽ മോഷണക്കുറ്റം ആരോപിക്കുക, എന്നിട്ട് മർദ്ദിച്ച് മാനസികമായും ശാരീരികമായും തകർത്ത് കൊല്ലുക. പിന്നീട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ അത് ആത്മഹത്യയാക്കിത്തീർത്ത്, പൊതുധാരണക്കു ചേർന്നവണ്ണം കൊലപാതികളെ സഹായിക്കുക. സിസ്റ്റമാറ്റിക് ആയി ആദിവാസികളെ കൊല്ലുന്ന രീതി കൂടിയാണിത്​​. ആദിവാസികളെ അന്യരും അപരരുമാക്കി കൊല ചെയ്യുന്നത് ആദ്യമായല്ല; മറിച്ച് ചരിത്രപരമായി ഒരു സമൂഹത്തോട് ചെയ്യുന്ന ഹിംസയുടെ തുടർച്ചയാണ്. ആദിവാസികളെ കൊന്നാൽ നിയമം ശിക്ഷിക്കില്ല എന്ന വിശ്വാസം പൊതുസമൂഹത്തിനുണ്ട്. അട്ടപ്പാടിയിലെ മധുവിന്റെ കാര്യത്തിൽ അതു തെളിഞ്ഞതുമാണ്​. ഇത്തരം, ധാരണകളിലൂടെയാണ്​സാമൂഹിക വ്യവസ്​ഥിതി ആദിവാസി കൊലപാതകങ്ങൾക്ക് കൂട്ടുനിൽക്കുന്നത്. അതുകൊണ്ടുതന്നെ, വിശ്വനാഥനെ കൊന്നത് ആൾക്കൂട്ടം മാത്രമല്ല, കേരളത്തിലെ സാമൂഹിക വ്യവസ്​ഥിതി കൂടിയാണ്. ആദിവാസികളെ സ്വന്തം മണ്ണിൽ നിന്ന്​ കുടിയിറക്കി, അടിമത്തത്തിലേക്ക് തള്ളിയിട്ട കയ്യേറ്റക്കാർക്കൊപ്പമായിരുന്നു ഭരണകൂടവും എന്നത്​ ഈ സാമൂഹിക വ്യവസ്ഥിതിയുടെ ചൂണ്ടുപലകയാണ്​.

പൊതുഇടത്തിൽ യാതൊരു സ്ഥാനവും അവകാശപ്പെടാൻ കഴിയാത്ത സമൂഹമാണ്​ ആദിവാസികൾ എന്നൊരു മലയാളി വംശീയ ബോധമുണ്ട്. മുത്തങ്ങ സമരം മുതൽ ഇത്​ കാണാം. മുത്തങ്ങ സമരകാലത്ത് പൊതുഇടത്തിൽ ആദിവാസികളെ കണ്ടാൽ മർദ്ദിക്കുന്ന സംഭവങ്ങൾ ഓർക്കുമല്ലോ. ഇത് കേവലം ‘നാട്ടുകാരുടെ' മാത്രം മനോഭാവമല്ല, നമ്മുടെ നിയമ വ്യവസ്ഥയുടേതുകൂടിയാണ്​. വിശ്വനാഥന്റെ സഹോദരൻ പൊലീസ് സ്റ്റേഷനിൽ പോകുമ്പോൾ, നീ മദ്യപിച്ചാണ്​ വന്നിരിക്കുന്നത് എന്ന് പൊലീസ് കയർത്തു സംസാരിക്കുന്നതും കേസെടുക്കാൻ സാധ്യമല്ല എന്ന് പറയുന്നതും ആദിവാസികൾ ഇത്തരം ‘നിസാര' കേസുകളുമായി വന്ന് പൊലീസിനെ സ്​ഥിരമായി ബുദ്ധിമുട്ടിക്കുന്നവരാണ്​ എന്നു പറയുന്നതും വംശീയബോധത്തിലൂന്നി, ആദിവാസികളെ അപരവൽക്കരിക്കുന്ന സമീപനത്തിന്​ ഉദാഹരണമാണ്​. ആദിവാസി എന്നാൽ മദ്യപിച്ച് പൊതുനിരത്തിൽ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നവർ ആണെന്ന ധാരണ ഉണ്ടാക്കിയെടുക്കുന്നതിൽ പൊതുസമൂഹം വിജയിച്ചിട്ടുണ്ട്. അത്​ ആദിവാസികളെ കയ്യേറ്റം ചെയ്യാനുള്ള ലൈസൻസ് ആയി കൂടി പൊതുസമൂഹം കരുതുന്നു. അതാണ് പൊതുഇടത്തിൽ ആദിവാസികൾ ആക്രമിക്കപ്പെടാൻ ഒരു കാരണം. കേരളീയ സമൂഹം ആദിവാസികളെ ഈ സമൂഹത്തിന്റെ ഭാഗമായി ഒരിക്കലും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ആദിവാസികളുടെ ശബ്ദവും ആരും കേട്ടിരുന്നില്ല.

മുത്തങ്ങ സമരഭൂമിയിൽ ആദിവാസികൾ സ്ഥാപിച്ച കുടിലുകൾ പൊലീസുകാർ തീയിട്ട് നശിപ്പിക്കുന്നു / Photo: Ajeeb Komachi

വിശ്വനാഥന്റെ സഹോദരൻ വിനോദിന്റെ വെളിപ്പെടുത്തലുകളും അനുഭവ സാക്ഷ്യങ്ങളും പറയുന്നത്, ഈ കൊലപാതകത്തിലെ അധികാരികളുടെ പങ്കിനെക്കുറിച്ചാണ്​. അതിലൊന്ന് മൃതദേഹത്തിലെ മുറിവുകളും മൃതദേഹം കിടന്നിരുന്ന രീതിയുമാണ്​. മരത്തിന്റെ ഒരു കൊമ്പിൽ ചവിട്ടിയ രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്​. വിശ്വനാഥൻ മർദ്ദനമേൽക്കുന്ന സമയത്ത് ധരിച്ചിരുന്ന ഷർട്ട് (സി.സി.ടി.വിയിൽ കണ്ടത്) ആയിരുന്നില്ല മൃതദേഹത്തിലുണ്ടായിരുന്നത്​. ഈ കാര്യങ്ങളെല്ലാം കൃത്യമായി കാണിക്കുന്നത് അധികാരികളുടെ ദുരൂഹ ഇടപെടലാണ്. ആദിവാസികളെ എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാം എന്ന ബോധം അധികാരികൾക്കുമുണ്ട്. ഇത്​ വർണ- വംശീയ വെറി തന്നെയാണ്. ആക്രമണം നടത്തുന്നവരെ സംരക്ഷിക്കാൻ നിയമ വ്യവസ്​ഥ ഒപ്പമുണ്ട്​, നീതിന്യായ വ്യവസ്​ഥയിലും അവർ അന്യരാണ്​. അതുകൊണ്ടുതന്നെ ആദിവാസികൾക്ക് നീതിയും അകലെയാണ്. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുമെന്ന്​ ഉറപ്പാണ്​.

ഞങ്ങൾക്ക്​ നീതി അകലെയാണ്​ എന്നറിയാം, എങ്കിലും ഒരാവശ്യം മുന്നോട്ടുവക്കുന്നു: വിശ്വനാഥന്റെ കൊലപാതകത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യുക.

Comments