എട്ടേകാല്‍ ലക്ഷം രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കാന്‍ മണപ്പുറം ഫിനാന്‍സ് (Manappuram Finance) എന്ന പണമിടപാട് സ്ഥാപനം ഒരു സ്ത്രീയെയും പന്ത്രണ്ടും ഏഴും വയസ്സായ അവരുടെ രണ്ട് മക്കളെയും പെരുവഴിയിലിറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവം ശുഭപര്യവസായിയായി മാറിയ ഒരു വാര്‍ത്തയായാണ് നമ്മള്‍ ഇപ്പോള്‍ വായിച്ചും കേട്ടും കൊണ്ടിരിക്കുന്നത്.
എന്നാല്‍, അതൊരു ആഘോഷവാര്‍ത്ത മാത്രമായി കാണേണ്ട ഒന്നല്ല, അതിന്റെ ശരിക്കുമുള്ള ഇംപാക്റ്റ് ലുലു ഗ്രൂപ്പ് (LuLu Group) ചെയര്‍മാന്‍ എം.എ. യൂസഫലി നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നുമല്ല.
മണപ്പുറം ഫിനാന്‍സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം നിസ്സഹായയായ ഒരു സ്ത്രീയോടും അവരുടെ കൊച്ചുമക്കളോടും ചെയ്ത കൊടും ക്രൂരതയും നിയമവിരുദ്ധതയുമാണ് ശരിക്കും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മണപ്പുറം എന്ന പേരുപോലും മറച്ചുപിടിച്ച്, ഒരു ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഇംപാക്റ്റ് മാത്രമായി ഒടുങ്ങേണ്ടതല്ല ഈ സ്‌റ്റോറി. സാധാരണ മനുഷ്യര്‍ക്കുനേരെ കണ്ണില്‍ച്ചോരയില്ലാതെ പ്രയോഗിക്കപ്പെടുന്ന നിയമവിരുദ്ധതയാണ് ശരിക്കും ഈ സ്‌റ്റോറിയിലുള്ളത്.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും സര്‍വതും നഷ്ടപ്പെട്ടവര്‍ക്കുപോലും തിരിച്ചടവിനുള്ള നോട്ടീസ് അയച്ച ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പ്രതിഷേധം നിലച്ചിട്ടില്ല. അതിന്റെ തുടര്‍ച്ച കൂടിയായി നോര്‍ത്ത് പറവൂരിലെ വടക്കേക്കരയിലുള്ള സന്ധ്യ എന്ന സ്ത്രീയും രണ്ടു മക്കളും നേരിട്ട അനീതിയെ കാണാം. നിയമസംവിധാനത്തിനുള്ളില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം പണമിടപാട് സ്ഥാപനങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്?
ഈയിടെയാണ് ജപ്തി വിരുദ്ധ ബില്‍ (The Kerala Taxation Laws- Amendment- Bill — 2024) കേരള നിയമസഭ പാസാക്കിയത്. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വീടോ സ്ഥലമോ ജപ്തി ചെയ്ത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്നത് തടയുന്ന നിയമമാണിത്.
1968-ലെ നിയമം ഭേദഗതി ചെയ്താണ് 'നികുതി വസൂലാക്കല്‍ ഭേദഗതി ബില്‍' നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയത്. ഇതനുസരിച്ച് ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ജപ്തി നടപടികളില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാനും സ്‌റ്റേ നല്‍കാനും മോറട്ടോറിയം പ്രഖ്യാപിക്കാനും പൂര്‍ണ അധികാരമുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള ജപ്തി തടയാന്‍ കലക്ടര്‍ക്കും അഞ്ചു ലക്ഷം വരെ റവന്യു മന്ത്രിക്കും പത്തു ലക്ഷം വരെ ധനകാര്യമന്ത്രിക്കും 20 ലക്ഷം വരെ മുഖ്യമന്ത്രിക്കും 20 ലക്ഷത്തിനുമുകളില്‍ സര്‍ക്കാറിനും അധികാരം നല്‍കുന്നതാണ് ഈ ബിൽ.
മാത്രമല്ല, ജപ്തി ചെയ്യപ്പെട്ട ഭൂമിയും വീടും കെട്ടിടവും ഉടമയ്ക്ക് തിരിച്ചെടുക്കാനും അവസരമുണ്ട്. ജപ്തി വസ്തുവിന്റെ പണം ഗഡുക്കളായി നല്‍കിയാല്‍ മതി. ലേലത്തില്‍ പോകാത്ത വീടോ ഭൂമിയോ ഒരു രൂപയ്ക്ക് സര്‍ക്കാറിന് ഏറ്റെടുത്ത് ഉടമയ്ക്ക് നല്‍കാനും വ്യവസ്ഥയുണ്ട്.
കേരളത്തില്‍ ഇനി ഒരാളും ജപ്തി ചെയ്യപ്പെട്ട് തെരുവിലേക്ക് എറിയപ്പെടില്ല എന്ന് അന്ന് നിയമസഭ നടത്തിയ പ്രഖ്യാപനം ചൂടാറാതെ നമ്മുടെ കേള്‍വിയിലുള്ളപ്പോഴാണ് ഇന്നലെ സന്ധ്യയും മക്കളും തെരുവിലേക്കിറങ്ങേണ്ടിവന്നത്. ഇങ്ങനെ ഇറക്കിവിടപ്പെട്ട ആദ്യത്തെയാളുമല്ല സന്ധ്യ. സര്‍ഫാസി എന്ന ജനവിരുദ്ധമായ നിയമമുപയോഗിച്ച് ബാങ്കുകളും അവരുടെ ശമ്പളക്കാരായ മാഫിയകളും നിയമസംവിധാനങ്ങളുടെ പിന്‍ബലത്തോടെ നടത്തുന്ന കുടിയിറക്കലുകള്‍ക്കെതിരെ ഇന്നും കേരളത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ആ നിയമത്തിന്റെ ഇരകള്‍ ഇപ്പോഴും നീതി നിഷേധിക്കപ്പെട്ട് കഴിയുന്നുണ്ട്.
അഞ്ചു വര്‍ഷം മുമ്പ് എടുത്ത നാലു ലക്ഷം രൂപയുടെ വായ്പ, രണ്ടു വര്‍ഷം കൃത്യമായി തിരിച്ചടച്ചിട്ടും, ബാക്കി മൂന്നു വര്‍ഷം കൊണ്ട് എങ്ങനെയാണ് എട്ടേകാല്‍ ലക്ഷമായി ഇരട്ടിയിലേറെയായത് എന്നതിന് മണപ്പുറത്തിന്റെ കൈയില്‍ കണക്കുണ്ടായിരിക്കും. എന്നാല്‍ ഈ ഇരട്ടിപ്പിന്റെ സാമ്പത്തികശാസ്ത്രം എന്താണ് എന്ന് നിയമത്തിനകത്തുനിന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.
പല തവണ നോട്ടീസ് അയച്ചും നേരിട്ട് കണ്ടുമെല്ലാം സന്ധ്യക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് മണപ്പുറം ഫിനാന്‍സിന്റെ ലീഗല്‍ ഓഫീസര്‍ പറയുന്നുണ്ട്. എന്നാല്‍, സ്ത്രീകളും കുട്ടികളും മാത്രമുള്ള ഒരു കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കിവിടാന്‍ മണപ്പുറം ഫിനാന്‍സിന് ഏത് നിയമമാണ് അധികാരം നല്‍കിയത്?
സന്ധ്യ എന്ന സ്ത്രീ ജോലിക്കുപോയ സമയത്താണ് വീട് ജപ്തി ചെയ്തത്. അവര്‍ വിവരമറിഞ്ഞ് സ്‌കൂളിലായിരുന്ന മക്കളെയും കൂട്ടി എത്തിയപ്പോള്‍, വീട് മണപ്പുറം ഫിനാന്‍സുകാര്‍ താഴിട്ട് പൂട്ടിയതായാണ് കണ്ടത്. മരുന്ന് അടക്കമുള്ള അത്യവശ്യസാധനങ്ങളൊന്നും എടുക്കാനാകാതെ, വീടിനുമുന്നിലെ പെരുവഴിയില്‍ നില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. കേരളത്തില്‍, സ്വന്തമായി ഒരു വീട് പണിയാന്‍ ഇത്തരം കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരുന്ന നിസ്സഹായരായ നിരവധി മനുഷ്യരെ നമുക്ക് സന്ധ്യയില്‍ കാണാം.
ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം മുമ്പ് സന്ധ്യ നാലു ലക്ഷം രൂപയാണ് വായ്പ എടുത്തത്. രണ്ടു വര്‍ഷം മുടങ്ങാതെ തിരിച്ചടക്കുകയും ചെയ്തു. ഇതിനിടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ, തുണിക്കടയിലെ ജോലിയില്‍നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് അവര്‍ക്ക് തുക തിരിച്ചടക്കാന്‍ കഴിയാതായി. രണ്ടു വര്‍ഷത്തെ തിരിച്ചടവ് കഴിഞ്ഞ നാലു ലക്ഷം രൂപയാണ് ഇപ്പോള്‍ എട്ടേകാല്‍ ലക്ഷം രൂപയുടെ കുടിശ്ശികയായി മാറിയത്.
ഇന്നലെ വൈകീട്ടാണ് വീട് ജപ്തി ചെയ്തത്. മക്കളെ അടുത്ത വീട്ടിലാക്കി സന്ധ്യ വീടിനുപുറത്തിരുന്നു. ചാനലുകള്‍ ലൈവായി തന്നെ വാര്‍ത്തകള്‍ നല്‍കിയതിനെതുടര്‍ന്ന് പലയിടത്തുനിന്നും പണമായും മറ്റും അവര്‍ക്ക് സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. വാര്‍ത്ത കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ധ്യയെ വിളിച്ച്, വീട് തുറന്ന് അകത്തു കയറാന്‍ സൗകര്യം ചെയ്യാമെന്ന് ഉറപ്പു നല്‍കി. ഒടുവില്‍, എം.എ. യൂസഫലി ഈ വാര്‍ത്ത കണ്ട് വായ്പാകുടിശ്ശിക നല്‍കാമെന്ന് അറിയിക്കുകയും രാത്രി തന്നെ ലുലു ഗ്രൂപ്പ് ഈ ഉറപ്പ് മണപ്പുറം ഫിനാന്‍സിന് നല്‍കുകയും പണത്തിനുള്ള ചെക്ക് സന്ധ്യക്ക് കൊടുക്കുകയും ചെയ്തു.
ഇതെല്ലാം നടക്കുമ്പോഴും മണപ്പുറം ഫിനാന്‍സ് അവരുടെ ചട്ടപ്പടി ക്രൂരത തുടര്‍ന്നുകൊണ്ടിരുന്നു. വീട് തുറന്ന് സന്ധ്യക്ക് അകത്തുകയറണമെങ്കില്‍ കമീഷന്റെ അനുമതി വേണമെന്നും അതിന് അവര്‍ അപേക്ഷ നല്‍കണമെന്നും അത് അടുത്ത ദിവസമേ നടക്കുകയുള്ളൂ എന്നുമാണ് അവര്‍ മാധ്യമങ്ങളെ അറിയിച്ചത്.
ഈ ചോദ്യങ്ങളൊന്നും ചോദിക്കാതെ, മണപ്പുറം ഫിനാന്‍സിനെയും വിശുദ്ധരാക്കുന്ന പണിയും നടക്കുന്നുണ്ട്.
മണപ്പുറം ഫിനാന്‍സിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ റിലീസുകള്‍ അതേപടി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ ചിലവ, 'മണപ്പുറം' എന്ന പേര് മറച്ചുപിടിക്കാന്‍ അതീവജാഗ്രത കാട്ടി. മാതൃഭൂമി പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ നാട്ടുകാരുടെ പ്രതിഷേധമടക്കമുള്ള കാര്യങ്ങളുണ്ട്, 'മണപ്പുറം ഫിനാന്‍സ്' എന്നു മാത്രമില്ല, പകരം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം എന്നു മാത്രം. രാത്രി വീട് തുറന്നുകൊടുത്തുവെന്ന 'സല്‍കൃത്യം' ചെയ്ത സ്ഥാപനം എന്ന നിലയ്ക്കാണ് മനോരമയുടെ വാര്‍ത്തയില്‍ മണപ്പുറം കടന്നുവരുന്നത്. അല്ലാത്തിടത്തെല്ലാം മാതൃഭൂമിയിലെ അതേതരം അച്ചുകള്‍ മനോരമയിലും- ധനകാര്യ സ്ഥാപനം എന്നു മാത്രം.
സന്ധ്യയെപ്പോലുള്ള മനുഷ്യര്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിയെച്ചൊല്ലിയുള്ള ആശങ്കകള്‍ തമസ്‌കരിക്കാനുള്ള ഉപാധി കൂടിയായി, അവര്‍ക്ക് ലഭിച്ച സഹായങ്ങള്‍ ആഘോഷിക്കപ്പെടുന്നതില്‍ അപകടമുണ്ട്. അതിലൂടെ രക്ഷപ്പെടുക മണപ്പുറം പോലുള്ള പ്രതികളായിരിക്കും.
നിയമസഭ പാസാക്കിയ ബില്ല് നിയമമാകാന്‍ കാത്തുനില്‍ക്കേണ്ടതില്ല, മണപ്പുറം പോലുള്ള സ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്താന്‍. മനുഷ്യാവകാശത്തിലൂന്നിയുള്ള സമീപനം മാത്രം മതി.