സ്വയം ആധാരമെഴുതാം;
വഴിയാധാരമായ ഒരു അവകാശം

രജിസ്ട്രാർ ഓഫീസുകളിലെ അഴിമതിയും ആധാരമെഴുത്തിലെ അമിതഫീസും തടയാനും രജിസ്ട്രേഷൻ നടപടി സുതാര്യമാക്കാനുമാണ് 2016- ൽ കേരള സർക്കാർ പൊതുജനങ്ങൾക്കും സ്വന്തമായി ആധാരമെഴുതാം എന്ന ഉത്തരവിറക്കിയത്. എന്നാൽ ഏഴ് വർഷങ്ങൾക്കിപ്പുറവും സംസ്ഥാനത്ത് മൊത്തം രജിസ്റ്റർ ചെയ്യുന്നതിന്റെ ഒരു ശതമാനത്തിലും കുറവാണ് സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്യുന്നത്. ഒരു പൗരാവകാശ നടപടി അപ്രായോഗികമാക്ക​പ്പെട്ടതിനുപുറകിലെ വസ്തുതകളെക്കുറിച്ച് അന്വേഷണം.

നങ്ങളും സർക്കാർ വകുപ്പുകളും തമ്മിൽ നിരവധി ഇടപാടുകൾ നടക്കുന്നുണ്ട്. താഴെത്തട്ടുമുതൽ അതിനനുയോജ്യമായ സംവിധാനങ്ങളും നടത്തിപ്പിനുള്ള മനുഷ്യ മൂലധനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. സേവനങ്ങൾ സുതാര്യവും ലളിതവുമാക്കുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം കൂടിയാണ്. അതിനനുസൃതമായ നിരവധി നടപടികൾ സമീപകാലത്ത് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ രജിസ്‌ട്രേഷൻ വകുപ്പിന് ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട്. ആധാരപ്പുകർപ്പുകളുടെ ഡിജിറ്റലൈസേഷനോടെ വകുപ്പിന്റെ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് സംഭവിക്കുന്നത് എന്ന് പുതുതായി അധികാരമേറ്റ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറയുന്നുണ്ട്.

പ്രതിവർഷം ശരാശരി 10 ലക്ഷം ആധാരങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത്. ഒരു ആധാരത്തിന്റെ രജിസ്‌ട്രേഷനുമായി ശരാശരി 10 പേർ ബന്ധപ്പെടുന്നതിനാൽ ഒരു കോടി പേർ സബ് രജിസ്ട്രാർ ഓഫീസുകളുടെ സേവനം തേടുന്നുണ്ട് എന്നു കണക്കാക്കാം. വിവിധ തരം ആധാരങ്ങളുടെ മാതൃകകൾ ലളിതമാക്കി അവയ്ക്ക് ഏകീകൃതരൂപം കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. ആധാരങ്ങൾക്ക് ഡിജിറ്റൽ രൂപം കൈവരുന്നതോടെ, ആധാരം രജിസ്‌ട്രേഷനായി ഹാജരാക്കിയ ദിവസം തന്നെ തിരിച്ചുകൊടുക്കാനും കഴിയും. എന്നാൽ, രജിസ്​ട്രേഷൻ വകുപ്പിൽ കൊണ്ടുവന്ന പുരോഗമനപരമായ ഒരു മാറ്റത്തോട് പൗരസമൂഹം പുറംതിരിഞ്ഞുനിൽക്കുകയാണ്. മാതൃകാ പ്രമാണങ്ങൾ ഉപയോഗിച്ച് ആധാരമെഴുത്തുകാരുടെ ആവശ്യമില്ലാതെ തന്നെ പൊതുജനങ്ങൾക്ക് സ്വന്തമായി ആധാരമെഴുതാം എന്ന ഉത്തരവ് 2016- ലാണ് കേരള സർക്കാർ കൊണ്ടുവന്നത്.

കേരള രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയ മാതൃകാ പ്രമാണങ്ങളും സ്വയം ആധാരമെഴുതാനുള്ള അപേക്ഷയുടെ കോളവും

രജിസ്ട്രാർ ഓഫീസുകളിലെ അഴിമതിയും അവിഹിത ഇടപാടുകളും അവസാനിപ്പിക്കാനും ആധാരമെഴുത്ത് മേഖലയിലെ അതിസങ്കീർണമായ നടപടിക്രമം ലഘൂകരിക്കാനുമായിരുന്നു ഈ നിയമം കൊണ്ടുവന്നതെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. സ്വയം ആധാരമെഴുതാനുള്ള അവകാശം പ്രാബല്യത്തിൽ വന്ന് ഏഴ് വർഷത്തിനുള്ളിൽ, സ്വന്തമായി ആധാരം രജിസ്റ്റർ ചെയ്തത് 10000- ലും കുറവ് പേരാണ്. അതായത്, സംസ്ഥാനത്ത് മൊത്തം രജിസ്റ്റർ ചെയ്യുന്നതിന്റെ ഒരു ശതമാനത്തിലും കുറവാണ് സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്യുന്നത്.

സർക്കാറിലേക്ക് നൽകേണ്ട ഏതൊരു അപേക്ഷയും പോലെ സ്വയം എഴുതി തയാറാക്കാവുന്ന ഒന്നാണ് ആധാരവും എന്ന അടിസ്ഥാന വസ്തുത ഇന്നും അപ്രായോഗികമായി തന്നെ തുടരുകയാണ്. സംശയനിവാരണത്തിന് സബ് രജിസ്ട്രാർ ഓഫീസിനെ സമീപിക്കാം, അവിടുത്തെ ഉദ്യോഗസ്ഥർ സഹായത്തിനുണ്ട് എങ്കിലും പൊതുജനം എന്തുകൊണ്ട് സ്വയം ആധാരം എഴുതുന്നതിൽനിന്ന് മാറിനിൽക്കുന്നു? അതിന്റെ കാരണങ്ങളിലേക്കും പ്രശ്നങ്ങളിലേക്കുമാണ് ഈ അന്വേഷണം.

ആ ഉത്തരവിനുപിന്നിൽ…

ഭൂമി രജിസ്റ്റർ ചെയ്യുന്നതിനും ആധാരം അനുവദിച്ചു കിട്ടുന്നതിനും രജിസ്ട്രാർ ഓഫീസുകളിൽ വൻ കൈക്കൂലി വാങ്ങുന്നുവെന്ന വ്യാപക പരാതിയുണ്ട്. ആധാരമെഴുത്തുകാർ ഭൂവുടമകളിൽനിന്ന് അമിത ഫീ ചുമത്തുന്നതുമായി ബന്ധപ്പെട്ടും പലതരം പരാതികൾ നിലവിലുണ്ട്. ആധാരമെഴുത്ത് ഓഫീസിലുള്ള ഏജൻറുമാർ മുതൽ രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ വരെയുള്ളവർ ഒരു സംഘമായി തന്നെ പ്രവർത്തിക്കുന്നതായി പരാതികളുണ്ട്.
കൂടാതെ, ഭൂമി വിൽപ്പനയും ആധാരം രജിസ്ട്രേഷനുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ അത്യന്തം സങ്കീർണവും പഴഞ്ചനുമായി തുടരുകയുമാണ്. പുതിയ സാ​ങ്കേതികവിദ്യ, പല സർക്കാർ സേവനങ്ങളെയും വലിയ തോതിൽ നവീകരിക്കുകയും സുതാര്യമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും രജിസ്ട്രേഷൻ നടപടികളിൽ ഇത് പ്രതിഫലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രജിസ്ട്രാർ ഓഫീസുകളും അതിന്റെ ഭാഗമായ ആധാരമെഴുത്ത് നടപടികളും ഇന്നും ജനങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന സംവിധാനമായി തുടരുകയാണ്.

ഇത്തരം സങ്കീർണ്ണതകൾ ഒഴിവാക്കാനാണ് 1960- ലെ കേരള ആധാരമെഴുത്ത് ലൈസൻസ് റൂൾസ്- കേരള രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 30-ൽ ഭേദഗതി വരുത്തി സ്വയം ആധാരമെഴുതുന്നതിനുള്ള അവകാശം ജനങ്ങൾക്ക് നൽകിയത്. അതു വരെയും 1958- ലെ രജിസ്ട്രേഷൻ നിയമപ്രകാരം ആധാരമെഴുത്ത് ലൈസൻസുള്ളവർക്ക് മാത്രമുള്ളതായിരുന്നു ആധാരം എഴുതുവാനുള്ള അവകാശം.

ലളിതമായ ഭാഷയിലും പൂരിപ്പിക്കാൻ എളുപ്പത്തിലുമുള്ള ആധാര അപേക്ഷയുടെ ഫോർമാറ്റ്. സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.

ആധാരമെഴുതാൻ എല്ലാവർക്കും അവകാശം നൽകിയതിനുപിന്നാലെ വിരമിച്ച രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാർക്ക് നൽകിയിരുന്ന ലൈസൻസ് കൂടി സർക്കാർ നിർത്തലാക്കിയിരുന്നു. എന്നാൽ 2016- നുമുമ്പ് അപേക്ഷ നൽകി ലൈസൻസ് എടുത്തിരുന്നവർക്ക് ഇപ്പോഴും അത് തുടരാനുള്ള അവകാശം നൽകുന്നുണ്ട്. എന്നാൽ പുതിയതയായി രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് വിരമിക്കുന്നവർക്ക് ഇത്തരം പ്രത്യേക ലൈസൻസ് ലഭിക്കുന്നതല്ല.

പോക്കുവരവും ഓൺലൈനിൽ

ഭൂമി വാങ്ങുകയോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോൾ ഒരാളുടെ പേരിൽ നിന്ന് മറ്റൊരാളിലേക്ക് മാറുന്ന ഭൂമിയുടെ വിവരങ്ങളാണ് പോക്കുവരവ്. 50 സെന്റ് ഭൂമിയുള്ള ഒരു വ്യക്തി തന്റെ ഭൂമിയിലെ 10 സെന്റ് മറ്റൊരു വ്യക്തിക്ക് വിറ്റെന്നു കരുതുക. 50 സെന്റ് ഭൂമിയുള്ള വ്യക്തിയുടെ പേരിൽ നിന്ന് 10 സെന്റ് ഭൂമി പോവുകയും വാങ്ങുന്ന വ്യക്തിയുടെ പേരിൽ  അധികമായി 10 സെന്റ് ഭൂമി വരികയും ചെയ്യും. രജിസ്ട്രാർ ഓഫീസിൽ അപേക്ഷ കൊടുത്ത് ഓഫീസർമാരുടെ സ്ഥലപരിശോധന കഴിഞ്ഞാണ് മുമ്പ് പോക്കുവരവ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ഇതെല്ലാം വേഗത്തിലാക്കാൻ രജിസ്ട്രാർ, വില്ലേജ് ഓഫീസുകളിൽ കൈക്കൂലിയും നൽകണമായിരുന്നു. എന്നാൽ പോക്കുവരവ് വിവരങ്ങൾ രേഖപ്പെടുത്തുന്നത് ഓൺലൈൻ ആയതോടെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതായി. ഭൂമിയിടപാടിന് വില്ലേജ് ഓഫീസിൽ ആധാരം സമർപ്പിച്ചാൽ ആധാരം പരിശോധിച്ച് അപ്പോൾ തന്നെ കൈവശരേഖ നൽകും.

ഭൂമിയുടെ പോക്കുവരവ് നടപടികൾ ഓൺലൈനാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയമസഭയിൽ നൽകിയ മറുപടി

ഭൂമിയുടെ യഥാർത്ഥ അവകാശിയാണ് എന്നുറപ്പുവരുത്തി കൈവശരേഖയുടെ കമ്പ്യൂട്ടർ പ്രിന്റാണ് ഉടമക്ക് നൽകുക. ഈ രേഖ ആധികാരിക രേഖയായി പരിഗണിക്കും. ഈ രേഖ രജിസ്ട്രാർ ഓഫീസിലെ കമ്പ്യൂട്ടറിലുമെത്തും. ശേഷം അന്നു തന്നെയോ രണ്ടു ദിവസത്തിനകമോ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാം. ഈ സംവിധാനം വന്നതോടെ കൈവശരേഖ ലഭിക്കുന്നതിനും രജിസ്‌ട്രേഷനും ആഴ്ചകൾ കാത്തിരിക്കേണ്ടണ്ട സ്ഥിതി ഒഴിവായി. സർക്കാറിന് അടക്കേണ്ട രജിസ്ട്രേഷൻ തുകക്കപ്പുറം വരുന്ന അനാവശ്യ ചെലവും വില്ലേജ്, രജിസ്ട്രാർ ഓഫീസുകളിൽ കയറിയിറങ്ങുന്നതും ഒഴിവായി.

രജിസ്ട്രേഷൻ ഓഫീസുകൾ ഇപ്പോൾ കൂടുതൽ സുതാര്യമായതായി മലപ്പുറം മക്കരപ്പറമ്പ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥൻ ശിവനുണ്ണി പറയുന്നു:

ശിവനുണ്ണി, മക്കരപ്പറമ്പ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥൻ

‘‘സർക്കാർ നടപടികളുടെയും ജനങ്ങളിലുണ്ടായ അവകാശ ബോധത്തിന്റെയും ഫലമായി രജിസ്ട്രേഷൻ ഓഫീസുകൾകൂടുതൽ സുതാര്യമായിട്ടുണ്ട്. പലതും ഓൺലൈൻ ആക്കുന്നതുവഴി ഒരേസമയം ജനങ്ങളുടെയും ജീവനക്കാരുടെയും അധ്വാനം കുറഞ്ഞിട്ടുണ്ട്. സ്വയം ആധാരം എഴുതുന്നത് പ്രോൽസാഹിപ്പിക്കപ്പെടണം. ഒപ്പം ആധാരമെഴുത്തുകാരുടെ ആശങ്കകളും പരിഗണിക്കണം. ആധാരമെഴുത്തുകാരെയും ജനങ്ങളെയും ബാധിക്കാത്ത രീതിയിൽ സുതാര്യമായി ഈ സംവിധാനങ്ങളെയെല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ് വേണ്ടത്.’’

സർക്കാർ ഫീസും
ആധാരമെഴുത്തുകാർ വാങ്ങുന്ന ഫീസും

ആധാരമെഴുത്ത് നടപടികളിലുള്ള ജനങ്ങളുടെ അറിവില്ലായ്മ മുതലാക്കി ചൂഷണം നടത്തുന്നത് ഒഴിവാക്കാൻ ലൈസൻസികൾക്കുമേൽ സർക്കാർ ചില മാനദണ്ഡങ്ങൾ വെച്ചിരുന്നു. ഇതിന്റെ ഭാഗമായി ആധാരമെഴുത്ത് ഫീസിനത്തിൽ സ്ലാബുകൾ ഏർപ്പെടുത്തി. മൂന്നു മുതൽ അഞ്ചുവരെ ലക്ഷം രൂപയുള്ള വസ്തുവിന്റെ ആധാരമെഴുതാൻ 5000 രൂപയും എട്ടു ലക്ഷത്തിനു മുകളിലുള്ള എത്ര മതിപ്പ് വസ്തുവിനും 7500 രൂപയുമാണ് സർക്കാർ നിശ്ചയിച്ച ഫീ. എന്നാൽ കേരളത്തിലെ ഭൂരിഭാഗം ആധാരമെഴുത്തുകാരും ഓരോ എട്ടു ലക്ഷത്തിനും 7500 രൂപ അധികമായി വാങ്ങിയിരുന്നു. ഇതിനുപുറമെ ആധാരം പെട്ടെന്ന് അനുവദിച്ചുകിട്ടാൻ രജിസ്ട്രാർ ഓഫീസിലുള്ളവർക്ക് കൈക്കൂലിയും കൊടുക്കേണ്ടിവരും.

2016- ലെ ഭേദഗതി വന്നതോടെ ഈ സ്ഥിതി മാറി. എഴുത്ത് എന്ന അധ്വാനം മാത്രമേ ആധാരമെഴുത്തുകാർക്കുള്ളൂ എന്നും ന്യായമായ എഴുത്തുകൂലി മാത്രമേ വാങ്ങാൻ പാടുള്ളൂ എന്നും ഈ നിയമം പറയുന്നുണ്ട്. ഡി.ടി.പി ചെയ്യുന്നുണ്ടെങ്കിൽ തന്നെ മറ്റ് ഡോക്യുമെന്റുകൾ ഡി.ടി.പി ചെയ്യുന്നതിന് നൽകേണ്ട തുക നൽകിയാൽ മതി. അഥവാ നേരത്തെയുണ്ടായിരുന്ന 5000 രൂപയുടെയും 7500 രൂപയുടെയും സ്ലാബ് പോലും നൽകേണ്ടതില്ല എന്നർത്ഥം. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. ആധാരമെഴുത്തുകാർ ഇപ്പോഴും പൊതു ജനങ്ങളിൽനിന്ന് ഈടാക്കുന്നത് വലിയ തുകയാണ്. സർക്കാർ ഇതിനെതിരെ കണ്ണടക്കുകയാണ് എന്നതാണ് അനീതി.

ആധാരമെഴുത്തിന്റെ വിവിധ സ്ലാബുകൾക്കുള്ള തുക. 2009-ൽ സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.

വായിച്ചാൽ മനസ്സിലാകുന്ന പ്രമാണങ്ങൾ

രജിസ്ട്രേഷൻ നടപടി അഴിമതിരഹിതവും സുതാര്യവുമാക്കുക എന്നതുപോലെ 2016-ലെ ഭേദഗതിയുടെ മറ്റൊരു ലക്ഷ്യമായിരുന്നു ആധാരമെഴുത്തിലെ സങ്കീർണ്ണത ഒഴിവാക്കുക എന്നത്. കാലങ്ങളായി ആധാരമെഴുതാൻ ഉപയോഗിച്ചിരുന്ന പഴഞ്ചൻ മലയാള ഭാഷ തന്നെയായിരുന്നു ഏറ്റവും വലിയ സങ്കീർണ്ണത.

ഉദാഹരണത്തിന് “പണ്ടാരവകപാട്ടം പഴയ സർവേ 73\1 ഡി/134 ൽ ഏഴ് സെന്റ് എഴുന്നൂറ് ലിംഗ്‌സ് ഉള്ളതും റീസർവേ പ്രകാരം ബ്ലോക്ക് 1ൽ സർവേ 243\3\1 ൽ നിന്നും 1431-ാം നമ്പറായി എന്റെ പേരിൽ തണ്ടപ്പേര് പിടിച്ച് പോക്കുവരവ് സബ്ഡിവിഷൻ ചെയ്ത് റീസർവേ മുന്നൂറ്റി പതിനെട്ടിൽ അഞ്ചിൽ മൂന്ന് ടിയാന് അവകാശപ്പെട്ട ..” തുടങ്ങി, ആധാരത്തിന്റെ ഉടമകളായ ഒരു മലയാളിക്കും മനസ്സിലാക്കാനാകാത്ത ഭാഷയിലാണ് ഇത്രയും കാലം ആധാരങ്ങൾ എഴുതിക്കൊണ്ടിരുന്നത്. എന്നാൽ 2016- ൽ 19 മാതൃകാ പ്രമാണങ്ങൾ സർക്കാർ പുറത്തിറക്കുകയും ഭാഷയും മറ്റും ലഘൂകരിക്കുകയും ചെയ്തു. ഈ മാതൃകാ പ്രമാണങ്ങൾ www.keralaregistration.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഇഷ്ടദാനം, ജന്മതീരാധാരം, കാണാധാരം, ധനനിശ്ചയ ആധാരം, ഭാഗപത്രം, പാട്ടാധാരം തുടങ്ങി എല്ലാം അതിൽപ്പെടും. ഇതിൽ നിന്ന് ആവശ്യമുള്ള മാതൃകയുടെ പ്രിന്റടുത്ത് പ്രസക്തമായ ഭാഗങ്ങൾ പൂരിപ്പിക്കേണ്ട ആവശ്യമേയുള്ളൂ. സാധാരണ അപേക്ഷകൾ പൂരിപ്പിക്കാനറിയുന്ന ഏതൊരാൾക്കും അത് പൂരിപ്പിക്കാനാവും. എന്നാൽ ആ മാതൃകാ പ്രമാണങ്ങളെ പിന്തുടരാതെ പരമ്പരാഗതമായി തങ്ങൾ എഴുതിയിരുന്ന ഭാഷയാണ് ആധാരമെഴുത്തുകാർ ഇപ്പോഴും ഉപയോഗിക്കുന്നത്. ആ ‘വ്യാജ ഭാഷ’ നിലനിർത്തുക എന്നത് തങ്ങളുടെ നിലനിൽപ്പിന് അനിവാര്യമാണ് എന്ന നിലയ്ക്കാണ്, അവരിതിനെ കാണുന്നത്.

പരമ്പരാഗത ആധാരമെഴുത്തിന്റെ രൂപം

മാതൃകാ ആധാരത്തിന് എന്തു സംഭവിച്ചു?

ആധാരം സ്വയം തയ്യാറാക്കാനുള്ള നിയമം നിലവിൽവന്ന് ഏഴുവർഷം കഴിഞ്ഞിട്ടും വളരെ ലളിതമായ മാതൃകാ മോഡൽ പൊതുജനങ്ങൾക്ക് എളുപ്പം ലഭ്യമാകുന്ന രീതിയിൽ രജിസ്ട്രേഷൻ ഡിപ്പാർമെന്റിന്റെ വെബ്സൈറ്റിൽ ചേർത്തിട്ടും നാമമാത്രമായ ആളുകളാണ് സ്വന്തം നിലയിൽ ആധാരമെഴുതിയിട്ടുള്ളത്- മൂന്നു വർഷത്തിനിടെ 3414 പേർ മാത്രം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 9,57,862 ആധാരങ്ങളിൽ 1094 എണ്ണമാണ് സ്വയം എഴുതിയിട്ടുള്ളത്. ശതമാന കണക്കിൽ, ആകെ രജിസ്റ്റർ ചെയ്തതിന്റെ ഒരു ശതമാനം മാത്രം. ഇങ്ങനെയൊരു സൗകര്യമോ സംവിധാനമോ ഉള്ളതായി മിക്കവർക്കും അറിയില്ല എന്നാണ് ഇത് നൽകുന്ന സൂചന. ഈ രംഗത്ത് പരമ്പരാഗത ആധാരമെഴുത്തുകാരുടെ ആധിപത്യം ​തുടരുകയാണ്.
ഈയിടെ ഭൂമി വാങ്ങിയ മലപ്പുറം, പൂക്കോട്ടൂർ സ്വദേശി സഫ്വാൻ കല്ലായി പറയുന്നു:

സഫ്വാൻ കല്ലായി, മലപ്പുറം പൂക്കോട്ടൂർ സ്വദേശി

“കഴിഞ്ഞ മാസമാണ് ഞാൻ പൂക്കോട്ടൂർ വില്ലേജിലെ ഒമ്പതാം വാർഡിൽ വീട് വെക്കാൻ പത്ത് സെന്റ് സ്ഥലം വാങ്ങുന്നത്. മലപ്പുറത്തെ ആധാരമെഴുത്ത് ഓഫീസിൽ പോയാണ് ആധാരം രജിസ്റ്റർ ചെയ്തത്. പത്ത് ലക്ഷത്തിന് താഴെയുള്ള വസ്തുവെഴുതാൻ ചെലവായത് പതിനായിരത്തിലേറെ രൂപയാണ്. പേപ്പർ, സ്റ്റാമ്പ് ചാർജുകൾ വേറെയും. ഭൂമി രജിസ്റ്റർ ചെയ്യാൻ സർക്കാറിന് നല്കേണ്ട ഭാരിച്ച തുകക്കു മേലെയാണ് ഈ എക്സ്ട്രാ ഫീസ്. സ്വയം ആധാരം എഴുതാൻ കഴിയുമെന്നോ അതിന്റെ രീതികളെ കുറിച്ചോ അറിയില്ലായിരുന്നു”

ആധാരമെഴുത്തുകാർക്കുമുണ്ട് പ്രശ്നങ്ങൾ

തലമുറകളായി ചെയ്തുവരുന്ന തങ്ങളുടെ തൊഴിൽ സർക്കാർ അട്ടിമറിക്കുകയാണ്, പുതിയ ഭേദഗതിയിലൂടെ എന്ന പരാതി ആധാരമെഴുത്തുകാർക്കുണ്ട്. സ്വയം തൊഴിൽ എന്ന പരിഗണന നൽകി ആധാരമെഴുത്ത്, എഴുത്തുകാർക്കുമാത്രമായി സംവരണം ചെയ്യണം എന്ന് അവരുടെ സംഘടന ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾക്ക് സാമ്പത്തിക സഹായമോ പങ്കാളിത്തമോ നൽകി സഹകരിക്കില്ലെന്ന് ആധാരമെഴുത്ത് അസോസിയേഷനുകൾ പരസ്യ നിലപാടെടുത്തു.

മൂന്നര ലക്ഷത്തോളം വരുന്ന ആധാരമെഴുത്തുകാരുടെ പ്രതിഷേധം ഒരു വലിയ സമ്മർദമായി മാറിയെന്നുവേണം കരുതാൻ, അങ്ങനെയാണ് ഈ വ്യവസ്ഥ ജനകീയമാക്കുന്നതിനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞത്. ആധാരമെഴുത്തുകാരുടെ തൊഴിലിനെ ബാധിക്കാത്ത തരത്തിലാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത് എന്ന് സർക്കാർ വ്യക്തമാക്കി. ടോക്കൺ എടുക്കുന്നതും രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിക്കുന്നതും ആധാരമെഴുത്തുകാർ തന്നെയാണ്, ഇതിന് സർവീസ് ചാർജും ഈടാക്കുന്നുണ്ടെന്ന് നിയമസഭയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

ആധാരമെഴുത്തുകാരുടെ പരമ്പരാഗത ഉപജീവന മാർഗത്തിൽ ഇടപെടുന്നത് ശരിയല്ല എന്നാണ് ആധാരമെഴുത്തുകാരനായ കുരിക്കൾ മുനീർ പറയുന്നത്:

കുരിക്കൾ മുനീർ, ആധാരം എഴുത്തുക്കാരൻ

“ആധാരമെഴുത്ത് മേഖലയിൽ ചിലർ അമിത ഫീസ് വാങ്ങുന്നു എന്നത് ശരിയാണ്. എന്നാൽ സ്വയം ആധാരം എഴുതാൻ അവകാശം കൊടുത്തുള്ള സർക്കുലർ ഇറക്കുക എന്നതിനപ്പുറം ഈ മേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മറ്റ് മാർഗങ്ങളുണ്ടായിരുന്നു. രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി തടയാനും സർക്കാറുകൾക്ക് കഴിയുന്നില്ല. അതിനെയെല്ലാം നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നിരിക്കെ ആധാരമെഴുത്തുകാരുടെ പരമ്പരാഗത ഉപജീവന മാർഗത്തിൽ ഇടപെടുക ശരിയല്ല. സ്വയം ആധാരം എഴുതാൻ ജനങ്ങൾക്ക് അവകാശം കൊടുക്കുമ്പോഴും അതിന്റെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതുകൊണ്ടാണ് ഇപ്പോഴും ആളുകൾ ആധാരമെഴുത്തുകാരെ തന്നെ സമീപിക്കുന്നത്”

സ്വയം ആധാരമെഴുതാം എന്ന ഉത്തരവ് പിൻവലിക്കണമെന്നാണ് പരമ്പരാഗത ആധാരമെഴുത്തുകാരുടെ സംഘടനകളുടെ ആവശ്യം. ഉത്തരവിറങ്ങിയ 2016- ൽ ആധാരമെഴുത്തുകാരുടെ സംഘടന സെക്ര​ട്ടേറിയേറ്റിലും കലക്ടറേറ്റ് കേന്ദ്രങ്ങളിലും സബ് രജിസ്ട്രാർ ഓഫീസുകൾക്കു മുന്നിലും സമരങ്ങൾ നടത്തിയിരുന്നു. ആ വർഷത്തെ ഓണാഘോഷത്തിൽ നിന്ന് സംസ്ഥാനമൊട്ടാകെയുള്ള ആധാരമെഴുത്തുകാരും കുടുംബങ്ങളും വിട്ടുനിന്നിരുന്നു.

ആധാരമെഴുത്തുകാരുടെ ഇക്കാര്യത്തിലുള്ള ആശങ്കയെക്കുറിച്ച് മലപ്പുറം ജില്ലാ അസോസിയേഷൻ സെക്രട്ടറി അനിൽ മേലാറ്റൂർ പറയുന്നു:

അനിൽ മേലാറ്റൂർ, ആധാരാമെഴുത്തുക്കാരുടെ മലപ്പുറം ജില്ലാ അസോസിയേഷൻ സെക്രട്ടറി

“ക്രിമിനൽ കേസുകൾ കൂടാനേ ഇതുപകരിക്കൂ. അതു പോലെ പരമ്പരാഗത ജോലി ചെയ്തു വരുന്ന ആധാരമെഴുത്തുകാർ, അവരെ ചുറ്റിപ്പറ്റി ജോലി ചെയ്യുന്ന ഓഫീസ് സ്റ്റാഫുകൾ, ഡി ടി പി വർക്കേഴ്സ് തുടങ്ങി മൂന്നര ലക്ഷം ആളുകളുടെ ജോലിയാണ് പ്രതിസന്ധിയിലാകുന്നത്. 2016-ൽ സ്വയം ആധാരമെഴുതാനുള്ള ഉത്തരവ് വന്നതുമുതൽ ആധാരമെഴുത്തിലെ എല്ലാ സംഘടനകളും ഐകകണ്ഠ്യേന പറയുന്നതാണ് ഉത്തരവ് പിൻവലിക്കണമെന്നതും പ്രയോഗികമല്ലെന്നും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയെയും നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല”

എന്തുകൊണ്ട് ജനം പിന്തിരിയുന്നു?

ആധാരമെഴുത്തിലെ ചെറിയ തെറ്റു പോലും ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന ധാരണ പൊതുവെയുണ്ട്. ഈ ആശങ്കക്ക് അടിസ്ഥാനമില്ല എന്നാണ് മാതൃകാ പ്രമാണം കാണിക്കുന്നത്. ‘ടിയാൻ’, ‘മൂന്നാം കക്ഷിക്കാരൻ ഹാജരാക്കിയ ഒന്നാം കക്ഷിയുടെ...’ പോലുള്ള പ്രയോഗങ്ങൾ മാതൃകാ പ്രമാണത്തിലില്ല. നിലവിൽ കയ്യിലുള്ള വസ്തുവിന്റെ രേഖകൾ ഉറപ്പുവരുത്തി വളരെ എളുപ്പം ഇപ്പോൾ ആധാര ഫോം പൂരിപ്പിക്കാം. സാമ്പിൾ കോപ്പി എഴുതിയശേഷം തെറ്റ് പരിശോധിക്കാനും തിരുത്താനും രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. എന്നാൽ പല ഉദ്യോഗസ്ഥരും ഇത്തരം ആവശ്യങ്ങൾക്കായി എത്തുന്നവരോട് വിമുഖത കാണിക്കുകയാണ്. സബ് രജിസ്ട്രാർ ഓഫീസ് പോലെ, ഇപ്പോഴും അത്യന്തം യാഥാസ്ഥിതികമായ ഉദ്യോഗസ്ഥ സമീപനമുള്ള സർക്കാർ സംവിധാനത്തോട് ഏറ്റുമുട്ടാനും ചോദ്യം ചെയ്യാനുമുള്ള ശേഷി സാധാരണക്കാർക്കുണ്ടാകില്ല.
2016- ൽ സ്വയം ആധാരമെഴുതുന്നതിനുള്ള നിയമഭേദഗതി കൊണ്ടു വരുമ്പോൾ പൊതുജനങ്ങളെ അതിനായി പ്രോത്സാഹിപ്പിക്കാൻ ഹെൽപ്പ് ഡെസ്ക് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. ഇത്തരം പിന്തുണാ സംവിധാനങ്ങളില്ലാത്തത്, ജനങ്ങളെ ഈ സംവിധാനത്തിൽനിന്ന് അകറ്റാനിടയാക്കി.

2023- ൽ സ്വയം ആധാരമെഴുതിയവരുടെ ജില്ല തിരിച്ച കണക്ക്

സ്വയമെഴുതുന്ന ആധാരത്തിന്
സാധുതയില്ലെന്ന പ്രചാരണം

സ്വയം എഴുതി തയ്യാറാക്കുന്ന പ്രമാണങ്ങൾക്ക് സാധുത കുറവാണെന്ന വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇത് തീ​ർത്തും അടിസ്ഥാനരഹിതമായിരുന്നു. സർക്കാർ സീലും സ്റ്റാമ്പും പതിക്കുന്നത് ഒരുപോലെയാണ്. എന്നാൽ സ്വയമെഴുതിയ ആധാരത്തിൽ കൃത്യത കുറവായിരിക്കുമെന്നും ആധാരത്തിൽ തയ്യാറാക്കിയ ലൈസൻസിയുടെ പേര് ഉണ്ടാവില്ലെന്നും അതിനാൽ ബാങ്കു വായ്പ പോലുള്ള ആവശ്യങ്ങൾക്കും മറ്റും മുടക്കമുണ്ടാവാൻ സാധ്യതയുണ്ടെന്നും പ്രചാരണങ്ങളുണ്ടായി. ഇതും സ്വയം ആധാരം എഴുതുന്നതിൽ നിന്ന് പൊതുജനങ്ങളെ പിന്നോട്ടടിപ്പിച്ചു. ഇതു സംബന്ധിച്ച ഒരു ചോദ്യം 2016-ൽ തന്നെ നിയമസഭയിൽ ഉന്നയിക്കപ്പെട്ട​പ്പോൾ, സ്വയം തയാറാക്കിയ ആധാരമാണ് എന്ന കാരണത്തിൽ ബാങ്ക് വായ്പ നിഷേധിക്ക​പ്പെട്ട ഒരു പരാതി പോലും സംസ്ഥാനത്തുണ്ടായിട്ടില്ല എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.

ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടാക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് മലപ്പുറം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ പച്ചീരി ഫാറൂഖ് സംസാരിക്കുന്നു:

പച്ചീരി ഫാറൂഖ്, മലപ്പുറം സഹകരണ ബാങ്ക്  ബ്രാഞ്ച് മാനേജർ

“ സർക്കാർ സീലും സ്റ്റാമ്പും പതിച്ച ഏതു പ്രമാണവും നിയമപരമായി സാധുതയുള്ളതാണ്. എന്നാൽ അംഗീകൃത ലൈസൻസിയുള്ള ആധാരമെഴുത്തുകാർ എഴുതുന്ന പ്രമാണങ്ങളിൽ അവരുടെ കൂടി ഒപ്പും സാക്ഷ്യപത്രവും ഉണ്ടാകും. ഭാവിയിൽ വസ്തുവിന്റെ വിവരങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ അവർ കൂടി അതിന് മറുപടി പറയാൻ ബാധ്യസ്ഥരാണ്. കോടതി നടപടികളിൽ ആധാരമെഴുത്തുകാരെ കൂടി സാക്ഷിയാക്കാൻ കഴിയും. അതല്ലാത്ത മറ്റ് കാര്യങ്ങൾ സ്വയം ആധാരമെഴുത്തിൽ ഇല്ല. എന്നാൽ ഇങ്ങനെയൊരു പ്രചാരണം നടക്കുന്നതുകൊണ്ടുതന്നെ ചുരുക്കം ചില ബാങ്കുകൾ ലോൺ കൊടുക്കുന്നതിലും മറ്റും വിമുഖത കാണിക്കുന്നുണ്ട്. സർക്കാർ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ബാങ്കുകൾക്ക് ഒരു ക്ലാരിഫിക്കേഷൻ ആവശ്യമുണ്ട്. അത് ഇതുവരെ ഉണ്ടായിട്ടില്ല”

രജിസ്ട്രാർ ഓഫീസിലെ നിസ്സഹകരണം

പൊതുജനങ്ങളെ സ്വയം ആധാരം എഴുതാൻ പ്രചോദിപ്പിക്കണമെന്നും ആവശ്യമായ നിർദേശവും സഹായവും നൽകണമെന്നും 2016- ലെ ഭേദഗതി പ്രത്യേകം പറയുന്നുണ്ട്. എന്നാൽ, ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇത് പാലിക്കുന്നില്ല. ആധാരമെഴുത്തുകാരുമായുള്ള രജിസ്ട്രാർ ഉദ്യോഗസ്ഥൻമാരുടെ കൂട്ടുകച്ചവടമാണ് ഇതിനുപുറകിൽ. പല രജിസ്ട്രാർ ഓഫീസുകളോടും ചേർന്ന് ഉദ്യോഗസ്ഥർക്ക് ഇത്തരം ‘ഇടപാട് സെന്ററുകൾ’ വരെയുണ്ട്. അതുവഴി നേരിട്ടല്ലാതെയാണ് കൈക്കൂലിയടക്കം രജിസ്ട്രാർ ഓഫീസിലെ ക്ലർക്ക് മുതൽ ചീഫ് ഓഫീസർമാർ വരെ കൈപ്പറ്റുന്നത്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്ക് അതിനെതിരെ നിയമനടപടി തേടാനുള്ള സാധ്യത ഇല്ലാതാകുന്നു. ​സ്വയം ആധാരമെഴുതാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരെ അതേ ഓഫീസിലെ സഹപ്രവർത്തകർ നിരുൽസാഹപ്പെടുത്തുന്ന പ്രവണതയും വ്യാപകമാണ്.

സ്വന്തമായി ആധാരമെഴുതാം എന്ന സർക്കുലറിനോടപ്പം മാതൃക പ്രമാണങ്ങളും അപേക്ഷ രീതികളും ചേർത്തുകൊണ്ട് സർക്കാറിറക്കിയ ഉത്തരവിന്റെ ആദ്യപേജിന്റെ പകർപ്പ്

സ്വന്തമായി ആധാരം
രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?

  1. www.keralaregistration.gov.in എന്ന കേരള രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ 19 രീതിയിലുള്ള മാതൃകാ പ്രമാണങ്ങളുണ്ട്. എല്ലാത്തിന്റെയും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മാതൃകകൾ ലഭ്യമാണ്. അതിൽ ആധാരം എഴുതേണ്ട ഭൂമിക്ക് യോജിച്ചുള്ള മാതൃകയെടുത്ത് പ്രിന്റ് ചെയ്യുക.

  1. ശേഷം അതിൽ ചോദിക്കുന്ന \ പൂരിപ്പിക്കേണ്ട വിവരങ്ങൾ കൃത്യമായി നൽകുക. വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ ആഗ്രഹിക്കുന്ന വസ്തുവിന്റെ നിലവിലെ ആധാരം കയ്യിലുണ്ടായിരിക്കണം. നിലവിലുള്ള ആധാരത്തിൽ നിന്നും വസ്തുവിന്റെ നമ്പറുകളിലോ തദേശ അതിർത്തികളിലോ മാറ്റം വന്നിട്ടുണ്ടെങ്കിൽ മാറിയ പുതിയ വിവരങ്ങൾ നൽകുക.

  2. വസ്തുവിന്റെ വിവരങ്ങൾ ചേർത്ത ശേഷം ചെയ്യേണ്ടത് ആധാരം രജിസ്റ്റർ ചെയ്യാനാവശ്യമായ ഭൂമിയുടെ അല്ലെങ്കിൽ വസ്തുവിന്റെ ന്യായ വില കണ്ടെത്തുക എന്നതാണ്. വെബ്സൈറ്റിലെ ന്യായവില കണക്കാക്കുന്ന കോളത്തിൽ സർവെ നമ്പർ, റിസർവെ നമ്പർ മറ്റ് വിശദാംശങ്ങൾ നല്കിയാൽ ഭൂമിയുടെ ന്യായ വില കാണക്കാക്കി വരും. ശേഷം ന്യായവില രേഖപ്പെടുത്തുക.

  3. ആധാരവിവരങ്ങൾ ചേർക്കുന്നതിന് വെബ്സൈറ്റിൽ നിന്ന് ടോക്കണെടുക്കുക. തുടർന്നുള്ള മാറിവരുന്ന വിൻഡോകളിൽ ആവശ്യമായ വിവരങ്ങൾ ചേർക്കുക.

  4. ആധാര വിവരങ്ങൾ ചേർത്തശേഷം ഭൂമിയുടെ തരവും വലിപ്പവുമൊക്കെ അനുസരിച്ച് സർക്കാറിലേക്കടക്കേണ്ട ഫീസ് കാണിക്കും. ഓൺലൈൻ സംവിധാനങ്ങൾ വഴിയോ ട്രഷറി വഴി നേരിട്ടോ പേയ്ൻമെന്റ് നടത്താം.

  5. പേയ്മെന്റ് പൂർത്തിയാക്കിയശേഷം രജിസ്ട്രാർ ഓഫീസിൽ പ്രമാണങ്ങൾ ഹാജരാക്കുന്നതിനുള്ള സമയവും തിയതിയും സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. ഇ-സ്റ്റാമ്പ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കിൽ വിവരങ്ങൾ അടങ്ങിയ മുദ്രപേപ്പർ അപ്പോൾ തന്നെ പ്രിന്റ് ചെയ്തുവരും.

  6. വെബ്സൈറ്റിൽ നിന്ന് തിരഞ്ഞെടുത്ത സമയം രജിസ്ട്രാർ ഓഫീസിൽ നേരിട്ടെത്തി പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഹാജരാക്കി ആധാരം കൈപ്പറ്റാം.

ആരുടെ കൂടെയാണ് സർക്കാർ?

പൊതുജനങ്ങൾക്ക് സാമ്പത്തിക- സമയ ലാഭം നൽകുന്ന സ്വയം ആധാരമെഴുത്ത് പദ്ധതി ആളുകളിലെക്കെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആലപ്പുഴ മുൻ ഡെപ്യൂട്ടി കലക്ടറും ലീഡിങ്ങ് ലാൻഡ് കൺസൾട്ടറുമായ ജെയിംസ് ജോസഫ് അധികാരത്തിൽ പറയുന്നത്:

ജെയിംസ് ജോസഫ്; ആലപ്പുഴ മുൻ ഡെപ്യൂട്ടി കലക്ടർ, ലാൻഡ് കൺസൾട്ടന്റ്

“ സംസ്ഥാനത്തെ രജിസ്ട്രേഷൻ വകുപ്പുകളിൽ വ്യാപക അഴിമതി ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് 2016-ൽ ഈ വ്യവസ്ഥ വരുന്നത്. എന്നാൽ അത് നടപ്പിലാക്കാനുള്ള യാതൊരു ശ്രമവും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന തോന്നലുണ്ടാക്കി രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും ആധാരമെഴുത്ത് സംഘടനകളുടെയും താല്പര്യത്തിനൊപ്പമാണ് സർക്കാർ നിന്നത്. അതിൽ തിരുത്തലുകൾ വരുത്താതെ മൂന്നര കോടി ജനങ്ങൾക്കും ഉപകാരമാകുന്ന പദ്ധതി വിജയത്തിലെത്തിക്കാൻ കഴിയില്ല”

സർക്കാർ ചെയ്യാത്ത കാര്യങ്ങൾ

പുതിയ നിയമഭേദഗതിയെ സർക്കാർ തന്നെ അവഗണിക്കുന്ന അനുഭവമാണ്, ഏഴു വർഷം കൊണ്ട് കാണാനാകുന്നത്. ഉത്തരവിറക്കിയതല്ലാതെ ഇതിനുള്ള ബോധവൽക്കരണ മാർഗനിർദേശങ്ങൾ ഉണ്ടാകേണ്ടതുണ്ട്. രജിസ്ട്രേഷൻ വകുപ്പിലെ പല നവീകരണ നടപടികളും, ഇക്കാര്യങ്ങളിൽ അവിഹിതമായി ഇടപെടുന്ന ഏജന്റുമാരുടെ ലോബിയിംഗിന് കടുത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഉദ്യോഗസ്ഥ- ഏജന്റ് മാഫിയാ ​സംഘം പ്രബലമായതുകൊണ്ട്, ​പൊതുജനങ്ങൾക്ക് സഹായകമാകുന്ന ഡിജിറ്റലൈസേഷൻ അടക്കമുള്ള പല പദ്ധതികളും നിരുത്സാഹപ്പെടുത്തപ്പെടുന്നു. സംഘടനകളുടെ വിലപേശൽ ശേഷി, പല നടപടികളിൽനിന്നും പിന്തിരിയാൻ സർക്കാറിനുമേൽ സമ്മർദം ചെലുത്തുന്നു. സർക്കാറിന്റെ നവീകരണ നടപടികൾ അട്ടിമറിക്കാനുള്ള ബോധപൂർവ ശ്രമം തന്നെ രജിസ്ട്രേഷൻ വകുപ്പിലുണ്ട് എന്ന് ചില ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടാണ്, മറ്റു പല നവീകരണ നടപടികൾക്കും നൽകുന്ന പിന്തുണാസംവിധാനമൊരുക്കാൻ സർക്കാർ വിമുഖത കാണിക്കുന്നത്. സ്വയം എഴുതുന്ന ആധാരങ്ങൾക്ക് ബാങ്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ് എന്ന തരത്തിലുള്ള കുപ്രചാരണങ്ങളെ പോലും തിരുത്താനുള്ള ശ്രമം സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

ലളിതമായി സ്വയം ആധാരമെഴുതാനുള്ള രീതിയിലേക്ക് സംവിധാനങ്ങൾ മാറിയിട്ടും ആരും സ്വന്തമായി ആധാരം എഴുതാൻ തയ്യാറാവുന്നില്ല.

രജിസ്ട്രാർ ഓഫീസുകൾക്കും വില്ലേജ് ഓഫീസുകൾക്കും അനുബന്ധമായി ഹെൽപ് ഡെസ്കുകൾ തുടങ്ങേണ്ടതുണ്ട്. ആധാരമെഴുത്ത് മേഖലയിൽ തുടരുന്ന അമിത ഫീസിനെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഇതെല്ലാം ചെയ്തെങ്കിൽ മാത്രമേ 2016- ലെ നിയമഭേദഗതി ജനങ്ങൾക്ക് ഉപകാരപ്പെടുകയുള്ളൂ.

Comments