ടുഗ് ടുഗ്; വിശ്വാസങ്ങൾക്കുമേൽ ഇടിച്ചുകയറ്റുന്ന ​​റോയൽ എൻഫീൽഡ്​ ബുള്ളറ്റ്​

ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്നതും പടരുന്നതും കത്തുന്നതും വിശ്വാസമാണ്. കോടിക്കണക്കിന് ദൈവങ്ങളും ലക്ഷക്കണക്കിന് ആൾദൈവങ്ങളും ഉള്ള ജനസമൂഹമാണ് ഇന്ത്യ. എണ്ണമറ്റ വർഗീയ ലഹളകൾ നടന്ന ഇന്ത്യയുടെ ഇത്തരം വിശ്വാസങ്ങൾക്ക് മേലെയാണ് 'ഠാക്കൂർ സാ'യുടെ മോട്ടോർ ബൈക്ക് ടുഗ് ടുഗ് പാടി കടന്നു വരുന്നത്.

രാജസ്ഥാനിൽ ബുള്ളറ്റിനെ പൂജിക്കുന്ന "ഓം ബന്ന' ക്ഷേത്രത്തിന്റെ കഥയിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ട് ഋത്വിക് പരീക്ക് സംവിധാനം ചെയ്ത സാമൂഹിക വിമർശന ചിത്രമാണ് ടുഗ് ടുഗ്.

1988-ൽ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സഞ്ചരിക്കവേ മരത്തിലിടിച്ചു മരിച്ച ഓം സിങ് റാത്തോഡിന്റെ വാഹനം പൊലീസ് അപകടം നടന്ന സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും പിറ്റേന്ന് അപകടം നടന്ന സ്ഥലത്തേക്കുതന്നെ അത് തിരികെ വന്നെന്നും പിന്നീട് മാറ്റിയപ്പോൾ ഒക്കെ പഴയ സ്ഥലത്തേക്കുതന്നെ വാഹനം തിരികെ മടങ്ങി എന്നുമാണ് പ്രചാരത്തിലുള്ള കഥ. അതോടെ ബുള്ളറ്റിൽ ഓം സിംഗ് റാത്തോഡിന്റെ ആത്മാവുണ്ടെന്ന വിശ്വാസം ഓം ബന്ന ക്ഷേത്രത്തിന്റെ നിർമാണത്തിലേക്ക് എത്തിച്ചു.

വളരെ വേഗം പടർന്നു പിടിക്കുന്ന വിശ്വാസത്തിന്റെ റൂട്ട് മാപ്പ് സൂക്ഷ്മമായി ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. അപകടത്തിൽ മരിക്കുന്ന ഠാക്കൂർ, "ഠാക്കൂർ സാ' എന്ന ദൈവദൂതനായി അവരോധിക്കപ്പെടുന്നു. അയാളുടെ പേരിൽ വിദ്യാഭാസ സ്ഥാപനങ്ങളും ചാരിറ്റി സെന്ററുകളും ഉയരുന്നു. അമ്പലം ഉയരുന്നു, പണം കുമിഞ്ഞു കൂടുന്നു.

ഡുഗ് ഡുഗിലെ ഒരു രംഗം

ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്നതും പടരുന്നതും കത്തുന്നതും വിശ്വാസമാണ്. കോടിക്കണക്കിന് ദൈവങ്ങളും ലക്ഷക്കണക്കിന് ആൾദൈവങ്ങളും ഉള്ള ജനസമൂഹമാണ് ഇന്ത്യ. വർഗീയത വളർത്തിയാണ് ഇന്ത്യയെ ഇന്ന് ഭരിക്കുന്ന രാഷ്ട്രീയപാർട്ടി വളർന്നത്. എണ്ണമറ്റ വർഗീയ ലഹളകൾ നടന്ന ഇന്ത്യയുടെ ഇത്തരം വിശ്വാസങ്ങൾക്ക് മേലെയാണ് "ഠാക്കൂർ സാ'യുടെ മോട്ടോർ ബൈക്ക് ടുഗ് ടുഗ് പാടി കടന്നു വരുന്നത്.

സംവിധായകന്റെ പരിഹാസം നിറഞ്ഞ നോട്ടം സിനിമയിലെങ്ങും കാണാൻ കഴിയും. "ഠാക്കൂർ സാ'യുടെ ബൈക്ക് എങ്ങനെയാണ് അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു വരുന്നത് എന്നതിനുപിന്നിലെ രഹസ്യം കൃത്യമായി അറിയാവുന്ന പൊലീസുകാരൻ പോലും ഒടുവിൽ വിശ്വാസത്തിന്റെ വലയിൽ വീഴുന്നു. രാജ് കുമാർ ഹിറാനിയുടെ "PK' എന്ന ചിത്രത്തിൽ ഒരു കല്ലിനെ ചാരി വച്ചു, അതിൽ കുറി വരച്ചു, PK സ്ഥാപിക്കാൻ ശ്രമിക്കുന്ന അതേ കാര്യമാണ് ഈ ചിത്രത്തിൽ മൊത്തം ടീം കാണിച്ചുതരുന്നത്.

സിനിമയുടെ സാങ്കേതിക വശത്തിലും ഈ ചിത്രം മികച്ചു നിൽക്കുന്നു. മോണ്ടാഷ് സീക്വൻസുകൾ സിനിമയ്ക്ക് വേഗവും സൗന്ദര്യവും നൽകുന്നുണ്ട്. ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ ടുഗ് ടുഗ് ടീം പുലർത്തിയ ശ്രദ്ധയും സിനിമയ്ക്ക് വിഷ്വലി സഹായകരമാക്കുന്നുണ്ട്. തുടർച്ചയായി പാൻ ഷോട്ടുകൾ കടന്നു വരുന്ന നീണ്ട ഷോട്ടുകളും സാധാരണ സിനിമകളിൽ നിന്നും കൂടുതലായി കാണുന്ന ക്ലോസപ്പ് ഷോട്ടുകളും സിനിമാകാഴ്ചയിൽ കൗതുകവും വ്യത്യസ്തതയും നൽകുന്നുണ്ട്.

Comments