സവാഹിരി വധം
ദുർബലമാക്കുമോ
ഭീകരതയുടെ കണ്ണികളെ?
സവാഹിരി വധം ദുർബലമാക്കുമോ ഭീകരതയുടെ കണ്ണികളെ?
അൽ സവാഹിരിയുടെ വധം, അൽഖാഇദ അടക്കമുള്ള ആഗോള ഭീകരശൃംഖലയുടെ ഏതെങ്കിലും കണ്ണികളെ ദുർബലമാക്കുമോ എന്നതാണ്, ഉടൻ ഉയരുന്ന ചോദ്യം.
3 Aug 2022, 08:53 AM
സയ്യിദ് ഖുതുബ് എന്ന മഹാപണ്ഡിതന്റെ ശിഷ്യനായി 14ാം വയസ്സില്‍ ഈജിപ്തിലെ ഇസ്ലാമിക പ്രസ്ഥാനവുമായി സഹകരിച്ചുപോന്ന, അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തിലൂടെയും തീവ്രവാദ നീക്കങ്ങളിലൂടേയും അമേരിക്കന്‍ ഭരണകൂടങ്ങളെ നാളിതുവരെ കിടുകിടാ വിറപ്പിച്ച അയ്മൻ അല്‍ സവാഹിരി, 71ാമത്തെ വയസ്സില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍, മൂളിപ്പറന്നുവന്ന ഡ്രോണ്‍ പായിച്ച മിസൈലേറ്റു പിടഞ്ഞുമരിച്ചതോടെ ആധുനിക ചരിത്രത്തില്‍ ചോരയുടേയും പ്രതികാരത്തിന്റേയും രുചി പുരണ്ട ഒരു രൂപകം കൂടി മാച്ചുകളയപ്പെടുന്നു.
താലിബാനുകള്‍ ഭരണം നടത്തുന്ന ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാന്റെ ആകാശത്തിനുകീഴെ പൊടുന്നനെയുള്ള ആക്രമണത്തിനുവിധേയനായ, അമേരിക്ക തിരഞ്ഞുകൊണ്ടിരുന്ന ഹിറ്റ്ലിസ്റ്റിലെ നമ്പര്‍ വണ്‍ കുറ്റവാളി ദയനീയമായി തിരോഭവിച്ചത്, ഭീകരവാദത്തിന് എന്ത് പ്രത്യാഘാതമാണുണ്ടാക്കുക? താലിബാനിസത്തിന്റെ തായ്വേര് ഇതിലൂടെ പിഴുതുമാറ്റാനാവുമോ?
അഫ്ഗാന്‍ ഭരണകൂടം പക്ഷേ ആദ്യപ്രതികരണത്തില്‍ തന്നെ, അമേരിക്കയ്ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്: ‘സവാഹിരിയുടെ അന്ത്യത്തിന് ഞങ്ങള്‍ പകരം ചോദിക്കും.’
ഈജിപ്തിലെ സമ്പന്ന കുടുംബത്തില്‍ പിറന്ന അയ്മന്, മാതാവിന്റെ കുടുംബം വഴി സൗദി അറേബ്യയിലെ ബദര്‍ എന്ന സ്ഥലത്തിനടുത്ത സവാഹിര്‍ ഗോത്രവുമായി രക്തബന്ധമുണ്ട്. അങ്ങനെയാണ് സവാഹിരി എന്ന പേര് കിട്ടിയത്. മതശാസനകള്‍ക്ക് വിധേയമായി ജീവിച്ചുപോന്ന അയ്മൻ, വളരെ ചെറുപ്പത്തിലേ ഇസ്ലാമിക് ബ്രദര്‍ഹുഡ് സ്ഥാപകനായ സയ്യിദ് ഖുതുബിന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടനായി. പ്രസിഡൻറ് ജമാല്‍ അബ്ദുല്‍നാസറിനു നേരെ നടന്ന വധശ്രമത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റം ചുമത്തി 1966 ല്‍ സയ്യിദ് ഖുതുബിനെ തൂക്കിലേറ്റി. ഈ സംഭവം നടക്കുമ്പോള്‍ അയ്മന് പ്രായം 15. നാലു സഹപാഠികളോടൊപ്പം ഇസ്ലാമിക് ബ്രദര്‍ഹുഡില്‍ അംഗത്വമെടുത്ത അൽ സവാഹിരി പഠിക്കാനും കളിക്കാനും പ്രസംഗിക്കാനുമെല്ലാം മിടുക്കനായിരുന്നു.
ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായി മാറിയ അൽ സവാഹിരി സ്വാഭാവികമായും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. ഈജിപ്ഷ്യന്‍ സൈന്യം, സൂയസ് കനാല്‍ കടന്ന് ഇസ്രായേലി അധിനിവേശത്തിലുണ്ടായിരുന്ന സീനായ് മേഖലയിലെ ഒരു പ്രദേശം തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദപ്രകടനം നടക്കുന്നതിനിടെ, 1981 ഒക്ടോബര്‍ ആറിന് പ്രസിഡൻറ് അന്‍വര്‍ സാദത്ത് വെടിയേറ്റുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദ് സംഘടനാ നേതൃത്വത്തിലുള്ള അയ്മനെയും നൂറുക്കണക്കിനാളുകളേയും ഈജിപ്ഷ്യന്‍ ഭരണകൂടം തടവറയിലാക്കി. അതികഠിനമായ പീഡനങ്ങള്‍ക്ക് വിധേയനായ അയ്മൻ അല്‍ സവാഹിരി എല്ലാ അര്‍ഥത്തിലും ഒരു ‘ടെറര്‍ മുദ്ര' യുമായാണ് ജീവിച്ചത്.

കയ്റോയില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ശേഷം 1985 ല്‍ ഹജ്ജ് അനുഷ്ഠിക്കാന്‍ ജിദ്ദയിലെത്തിയപ്പോഴാണ് ഒസാമാ ബിന്‍ ലാദനുമായി അയ്മൻ പരിചയപ്പെടുന്നത്. ഒരു വര്‍ഷം ജിദ്ദയിലെ സൈനികാശുപത്രിയില്‍ സേവനമനുഷിച്ചശേഷം അതിസമ്പന്നനായ ബിന്‍ ലാദന്റെ സ്വകാര്യ ഡോക്ടറായിത്തീര്‍ന്നു, മികച്ച ഫിസിഷ്യന്‍ എന്നു പേരെടുത്ത അൽ സവാഹിരി. സോവിയറ്റ് അധിനിവേശത്തെത്തുടര്‍ന്നും പലപ്പോഴായി നടന്ന യുദ്ധങ്ങളിലും മുറിവേറ്റവരെ ചികില്‍സിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിലേക്കുപോയ മെഡിക്കല്‍ സംഘത്തെ അയ്മൻ സവാഹിരിയാണ് നയിച്ചത്. ബിന്‍ ലാദനും ആയിടയ്ക്ക് സൗദിയില്‍ നിന്ന് അഫ്ഗാനില്‍ അഭയം തേടിയിരുന്നു. തുടര്‍ന്ന് എല്ലാ തീവ്രവാദപ്രവര്‍ത്തനങ്ങളുടേയും ചാലകശക്തികള്‍ ഇവര്‍ ഇരുവരുമായി.
ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദ്, 1998 ല്‍ അല്‍ഖ്വയ്ദയുമായി ലയിച്ചു. എല്ലാ അര്‍ഥത്തിലും ഒസാമാ ബിന്‍ലാദന്റെ ലെഫ്റ്റനന്റായിരുന്നു അൽ സവാഹിരി.
പതിനൊന്നു വര്‍ഷം മുമ്പ് ഒസാമാ ബിന്‍ ലാദനെ ചെയ്തതു പോലെ അല്‍ സവാഹിരിയുടെ കാര്യത്തിലും നീതിനടപ്പാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ പ്രതികരിച്ചത്. പത്തുകൊല്ലം നീണ്ട വേട്ടയാടലുകള്‍ക്കൊടുവില്‍ 2011 മെയ് രണ്ടിനാണ് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് ഒസാമാ ബിന്‍ലാദനെ യു.എസ് നാവിക സേന വകവരുത്തിയത്.
അയ്മൻ അൽ സവാഹിരി, മുതിര്‍ന്ന താലിബാന്‍ നേതാവ് സിറാജുദ്ദീന്‍ ഹഖാനിയുടെ അടുത്ത അനുനായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഒളിച്ചുകഴിഞ്ഞിരുന്നത്. അവിടത്തെ ബാല്‍ക്കണിയാണ് സവാഹിരിയ്ക്ക് മരണശയ്യയായി മാറിയത്.
ജോ ബൈഡനും ഉന്നത ഉപദേശകരും നടത്തിയ മാസങ്ങള്‍ നീണ്ട രഹസ്യ ആസൂത്രണങ്ങളുടെ ഫലമാണ് അയ്മൻ അല്‍ സവാഹിരിയെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണം. അല്‍ സവാഹിരി കഴിയുന്ന വീടിന്റെ ചെറിയ മാതൃക നിര്‍മിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ വീട്ടില്‍ അല്‍ സവാഹിരി ഒളിച്ചുകഴിയുന്ന വിവരം ഏപ്രിലില്‍ ആണ് ആദ്യമായി അമേരിക്കന്‍ പ്രസിഡൻറ് അറിഞ്ഞതത്രേ.

കാബൂളില്‍ അല്‍ഖാഇദ നേതാവിന് പിന്തുണയും സഹായവും നല്‍കുന്ന നെറ്റ്വർക്കിനെ കുറിച്ച് അമേരിക്കന്‍ അധികൃതര്‍ക്ക് അറിയാമായിരുന്നു. ഒന്നിലധികം രഹസ്യാന്വേഷണ സ്രോതസ്സുകള്‍ വഴി അല്‍ സവാഹിരിയുടെ ഭാര്യയെയും മകളെയും അവരുടെ മക്കളെയും മനസ്സിലാക്കി. ഈ വര്‍ഷം കാബൂളിലെ വീട്ടിലെത്തിയ ശേഷം ഇതുവരെ അല്‍ സവാഹിരി വീട് വിട്ട് പുറത്തിറങ്ങിയിരുന്നില്ല. വീടിന്റെ ബാല്‍ക്കണിയില്‍ അല്‍ സവാഹിരി ഇടക്കിടെ ഏറെ നേരം ചെലവഴിക്കുന്നത് അടക്കം വീടുമായും വീടിന്റെ ഘടനയുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ദീര്‍ഘകാലമായി അമേരിക്കന്‍ അധികൃതര്‍ വിശകലനം ചെയ്യാന്‍ തുടങ്ങിയിരുന്നു.
കാബൂള്‍ നഗരത്തിന്റെ മധ്യത്തിലാണ് അല്‍ സവാഹിരി ഒളിച്ചുകഴിഞ്ഞിരുന്ന വീട് എന്നത് വെല്ലുവിളിയായിരുന്നു. ഡ്രോണില്‍ സ്ഥാപിച്ച ഹെല്‍ഫയര്‍ ഇനത്തില്‍ പെട്ട രണ്ടു മിസൈലുകള്‍ ഉപയോഗിച്ചാണ് അല്‍ സവാഹിരിയുടെ വീടിന്റെ ബാല്‍ക്കണി ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. ശക്തമായ സ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ് ഈ മിസൈലുകൾ. എന്നാൽ, ആക്രമണത്തിൽ സമീപത്തുള്ളവർ കൂടി കൊല്ലപ്പെടുമെന്നതിനാൽ, ആ 9 എക്സ് എന്ന നവീകരണം കൂടി ഇതിൽ ഏർപ്പെടുത്തി. പൊട്ടിത്തെറിക്കാതെ തന്നെ, മിസൈലിലെ അതിവേഗം വിടരുന്ന ബ്ലേഡുകളാണ് വധിക്കേണ്ടയാളെ അരിഞ്ഞുവീഴ്ത്തുക. വീടിന്റെ മറ്റു ഭാഗങ്ങളിലായിരുന്ന അല്‍ സവാഹിരിയുടെ കുടുംബാംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നു. ആക്രമണ സമയത്ത് കാബൂളില്‍ അമേരിക്കക്കാര്‍ ആരുമുണ്ടായിരുന്നില്ല. അല്‍ സവാഹിരിയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക രണ്ടര കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പാക്, അഫ്ഗാന്‍ അതിര്‍ത്തിയിലെ അജ്ഞാതപ്രദേശത്താണ് അൽ സവാഹിരി ഒളിത്താവളമൊരുക്കിയതെന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
1995 ല്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില് ഈജിപ്ഷ്യന്‍ എംബസിക്കു നേരെ അൽ സവാഹിരി ആക്രമണം ആസൂത്രണം ചെയ്തതായും കേസുണ്ടായി. ടാന്‍സാനിയന്‍ തലസ്ഥാനമായ ദാര്‍ എസ് സലാമിലേയും കെനിയയന്‍ തലസ്ഥാനമായ നെയ്റോബിയിലേയും അമേരിക്കന്‍ എംബസികളിലുണ്ടായ സ്ഫോടനങ്ങളിലെ പങ്കിന്റെ പേരില്‍ 1998 ല്‍ അമേരിക്ക അൽ സവാഹിരിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഒസാമാ ബിന്‍ലാദനൊപ്പം അൽ സവാഹിരി കാബൂളില്‍ നിന്ന് തോറാബോറാ പര്‍വത നിരയിലേക്ക് രക്ഷപ്പെട്ടു.
2001 ല്‍ മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് എഫ്.ബി.ഐക്ക് പിടികിട്ടേണ്ട 22 കൊടുംഭീകരരുടെ പട്ടികയില്‍ അല്‍ സവാഹിരിയെയും ഉള്‍പ്പെടുത്തി. 2007 ല്‍ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ പങ്കുള്ളവരുടെ കൂട്ടത്തിലും അല്‍ സവാഹിരിയുടെ പേരുണ്ടായിരുന്നു.
അല്‍ സവാഹിരിക്ക് നാലു ഭാര്യമാരുണ്ട്. ആദ്യ ഭാര്യയായ ഹിസ്സയുടെ മക്കളാണ് ഫാത്തിമ, ഉമൈമ, നബീല, ഖദീജ, ആയിശ, മുഹമ്മദ് എന്നിവര്‍.
സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്കു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹിസ്സയും മുഹമ്മദും ആയിശയും കൊല്ലപ്പെട്ടു. 2011 ല്‍ അമേരിക്ക നടത്തിയ ആക്രമണത്തിലൂടെ ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ശേഷം അല്‍ സവാഹിരി, ‘ലൈംലൈറ്റി' ല്‍ നിന്ന് അദൃശ്യതയിലേക്ക് മറയുകയായിരുന്നു. അല്‍ഖാഇദയെക്കാള്‍ അതിശക്തമായ
ഭീകരതയുടെ മാര്‍ഗം സ്വീകരിച്ച ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ് ) അതിതീവ്ര ആഹ്വാനങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ അല്‍ഖാഇദയുമായി മത്സരിച്ചതും അല്‍ സവാഹിരിയുടെ പ്രസക്തിയ്ക്ക് മങ്ങലേല്‍പിച്ചു.
അല്‍ സവാഹിരിയുടെ അവസാന റേഡിയോ പ്രക്ഷേപണം അജ്ഞാതകേന്ദ്രം പുറത്ത് വിട്ടത് കഴിഞ്ഞ ഫെബ്രുവരി 21 നാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലെ വരികള്‍: സുരക്ഷിതത്വത്തിന്റെ കീഴില്‍ അമേരിക്കയ്ക്ക് ഇനി അധികകാലം കഴിയാനാവില്ല. നിങ്ങളുടെ സുരക്ഷയുടെ യുഗം അസ്തമിച്ചിരിക്കുന്നു. ഇറാഖിലേയും അഫ്ഗാനിലേയും പലസ്തീനിലേയും മുസ്ലിംകള്ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്
അറുതി വരുത്താത്തിടത്തോളം കാലം, നിങ്ങളോര്‍ക്കുക: ഈ സുരക്ഷിതത്വം വെറുമൊരു മിഥ്യയാണ്...
അൽ സവാഹിരിക്കുശേഷം അൽഖാഇദയുടെ നേതൃത്വത്തിലെത്തുന്നത് സ്ഥാപകരിൽ ഒരാളും ഈജിപ്തുകാരനുമായ സെയ്ഫ് അൽ ആദിൽ ആകുമെന്നാണ് റിപ്പോർട്ടുകൾ. സൊമാലിയയിലെ മൊഗദിഷുവിൽ യു.എസ്. സൈനികർക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പേരിൽ ആദിലും യു.എസിന്റെ നോട്ടപ്പുള്ളിയാണ്.
യു.എസും തങ്ങളും തമ്മിലുണ്ടാക്കിയ ദോഹ കരാറിന് വിരുദ്ധമാണ് ഈ ആക്രമണമെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചിട്ടുണ്ട്. അൽ സവാഹിരിയുടെ വധം, അൽഖാഇദ അടക്കമുള്ള ആഗോള ഭീകരശൃംഖലയുടെ ഏതെങ്കിലും കണ്ണികളെ ദുർബലമാക്കുമോ എന്നതാണ്, ഉടൻ ഉയരുന്ന ചോദ്യം.
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read
സുദീപ് സുധാകരന്‍
Aug 31, 2022
12 Minutes Read
സി.പി. ജോൺ
Aug 31, 2022
7 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 20, 2022
10 Minutes Watch
ടി.വൈ. വിനോദ്കൃഷ്ണൻ
Jul 11, 2022
15 Minutes Read