പകര്‍ച്ചാ സാധ്യത ഉള്ള 'ഒമിക്രോണ്‍' എത്തിയാലും "ബ്രെയ്ക്ക് ത്രൂ ഇന്‍ഫെക്ഷന്‍' ആയി ഭേദമായി പോകാനാണ് കൂടുതല്‍ സാധ്യത. എന്നാലും റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാലും 2022-ലും നമ്മള്‍ മാസ്ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ അടച്ചിട്ട മുറികളില്‍ കൂട്ടം കൂടാതെ നില്ക്കല്‍ തുടങ്ങിയ ശീലങ്ങള്‍ തുടരേണ്ടി വരുമെന്നാണ് 2021 നല്‍കുന്ന പാഠം.
1 Jan 2022, 10:32 AM
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പാന്‍ഡമിക്കിന്റെ പാളത്തില്‍ തപ്പിയും തടഞ്ഞും വിവിധ വേഗതയിലാണ് ആരോഗ്യ വണ്ടിയും ഓടിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയോടെ കുറഞ്ഞു കൊണ്ടിരുന്ന രോഗവ്യാപനം ഉടനെ തന്നെ അവസാനിക്കുമെന്ന മിഥ്യ ധാരണയോടെ പ്രധാനമന്ത്രി തന്നെ ഇന്ത്യയില്‍ ഫെബ്രുവരിയില്‍ "എന്‍ഡ് ഗെയിം സ്ട്രാറ്റജികള്‍' പ്രഖ്യാപിച്ചു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ മിക്കതും അയച്ച് വിട്ടു. കുംഭമേളകളും, ക്രിക്കറ്റ് മത്സരങ്ങളും അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചരണങ്ങളോടെ അസംബ്ലി തെരഞ്ഞെടുപ്പുകളും നടത്തി. തുടര്‍ന്ന് മാര്‍ച്ച് തൊട്ട് ഡെല്‍റ്റാ വൈറസിന്റ രണ്ടാം തരംഗം ഇന്ത്യയില്‍ കൂടുതല്‍ ഉയരത്തില്‍ വ്യാപകമായി ആഞ്ഞടിച്ചു. മിക്ക സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ കിടക്കകള്‍ നിറഞ്ഞൊഴുകി, ഐ.സി.യു കളില്‍ ബെഡും, പ്രാണവായുവും കിട്ടാതായി. രോഗികള്‍ ആശുപത്രികക്ക് പുറത്ത് നിരത്തുകളിലായി. ശ്മശാനങ്ങളില്‍ മൃതശരീരങ്ങള്‍ ഊഴം കാത്ത് കിടന്നു. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുണ്യനദികളില്‍ പ്ലവനം ചെയ്ത് ഒഴുക്കപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തു. ജനതയാകെ വലഞ്ഞു. ഒടുവില്‍ ഇതൊന്നു കുറഞ്ഞ് വരാന്‍ ജൂലായ് വരെ സമയമെടുത്തു.
പുതുവര്‍ഷം പിറന്നയുടനെ രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിച്ച രണ്ട് വാക്‌സിനുകള്‍ക്ക് ( കോവിഷീല്‍ഡ്, കോവാക്‌സിന്‍) അടിയന്തര അംഗീകാരം കിട്ടി. ജനുവരി 16 - ഓടെ തന്നെ ഇന്ത്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്‍നിര ജീവനക്കാര്‍ക്കും, അറുപത് കഴിഞ്ഞ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുകയും, ബജറ്റില്‍ വാക്‌സിന് വേണ്ടി മുപ്പത്തഞ്ചായി രം കോടി രൂപ വകയിരുത്തുകയും ചെയ്തു. മാര്‍ച്ച് മാസത്തോടെ സാധാരണ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങി. ആദ്യം സംശയത്തോടെ മടിച്ച് നിന്നവര്‍ രോഗം തരംഗമായി ആക്രമിച്ചപ്പോള്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഇരച്ച് കയറി. റേഷന്‍ കടകക്ക് മുമ്പിലെന്ന പോലെ "കോവിന്‍ ആപ്പ്'കള്‍ക്ക് മുമ്പില്‍ ജനം ഊഴം കാത്ത് നിന്നു. മെയ് മാസത്തോടെ പതിനെട്ട് കഴിഞ്ഞവര്‍ക്കടക്കം വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. വേണ്ടത്ര ഉത്പാദനം നടക്കാത്തതിനാല്‍ രൂക്ഷമായ വാക്‌സിന്‍ ക്ഷാമം ഉണ്ടായി. ആദ്യം രണ്ട് രീതിയില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ വില നല്‍കിയുമാണ് വാക്‌സിന്‍ വിതരണം തുടങ്ങിയതെങ്കിലും പിന്നീട് വാക്‌സിന്‍ ക്ഷാമമുണ്ടായപ്പോള്‍ സുപ്രിം കോടതി ഇടപ്പെട്ട് വാക്‌സിന്‍ "പബ്ലിക്ക് ഗുഡ്' ആയും നല്‍കല്‍ പൊതുസേവനത്തിന്റെ ഭാഗമായും മാറ്റി. അതോടെ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യവുമായി ലഭിക്കുന്ന അവസ്ഥയുണ്ടായി. സാധാരണക്കാര്‍ക്ക് ആശുപത്രികളില്‍ ചികിത്സ കിട്ടാത്ത അവസ്ഥയായപ്പോള്‍ മെയ് മാസത്തില്‍ കോടതി നിര്‍ദ്ദേശമനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുകയും, സര്‍ക്കാര്‍ മേഖലകളില്‍ ഐസോലേഷന്‍ വാര്‍ഡുകളും ഐ.സി.യു. കിടക്കകളും നാല്‍പ്പത് ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ഓക്‌സിജന്‍ വിതരണം 7 ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. രണ്ടാം തരംഗത്തോടൊപ്പം ഇന്ത്യയില്‍ കോവിഡ് രോഗികളില്‍ മ്യൂകര്‍ മൈകോസിസ് - ബ്ലാക്ക് ഫങ്കസ് രോഗം വ്യാപിക്കുകയും ചെയ്തു.

കോവിഡ് ക്രൈസിസിനോടനുബന്ധിച്ച് പരാജയം മറച്ച് വെക്കാനായി കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധനെ മാറ്റി പകരം മാന്‍ സുഖ് മാണ്ഡവ്യയെ നിയമിച്ചു. സെപ്റ്റംബറില്‍ കോവിഡ് മരണങ്ങളുടെ അണ്ടര്‍ കൗണ്ടിങ്ങ് ഫാക്ടര്‍ 8 ലധികമുള്ള ഇന്ത്യയില്‍ ദേശിയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി മരണപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് ദുരിതാശ്വസമായി അമ്പതിനായിരം രൂപ നല്‍കണമെന്ന് നിര്‍ദ്ദേശം സര്‍ക്കാറിന് നല്‍കി. സംസ്ഥാനങ്ങള്‍ അത് നടപ്പിലാക്കി തുടങ്ങി.
കോവിഡ് വ്യാപനത്തിനിടയില്‍ ആശുപത്രികള്‍ പലതും ഇതിന്റെ ചികിത്സക്കായി മാറ്റപ്പെട്ടതിനാല്‍ മറ്റ് പല രോഗങ്ങളും അവഗണിക്കപ്പെട്ടു. ഉദാ ഹരണമായി കഴിഞ്ഞ വര്‍ഷം രാജ്യത്തെ ടി ബി രോഗം പുതുതായി കണ്ട് പിടിക്കുന്നത് 41% കുറയുകയും മരണങ്ങള്‍ 12% കൂടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിശപ്പ് സൂചിക 94 ല്‍ നിന്ന് 101 ആയി താഴ്ന്ന് പോയിട്ടുമുണ്ട്. ഡോക്ടര്‍മാരും, നേഴ്‌സുമാരും പലരും രോഗികളില്‍ നിന്ന് അണുബാധയുണ്ടായി കോവിഡ് രോഗാശയ്യയിലാകുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാപ്പകല്‍ വിശ്രമമില്ലാതെ ജോലി ചെയ്ത് ആശുപത്രി ജീവനക്കാര്‍ ബേണ്‍ ഔട്ട് ആയി. നീറ്റ് പരീക്ഷ കഴിഞ്ഞ് പുതിയ ജൂനിയര്‍ റസിഡന്റ്മാര്‍ ജോയിന്‍ ചെയ്യാത്തതിനാല്‍ മൂന്നില്‍ രണ്ട് (2/3) മാനവശേഷി വെച്ചാണ് രാജ്യത്തെ മിക്ക മെഡിക്കല്‍ കോളേജുകളും തിരക്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അതിനാല്‍ ഒന്നാം വര്‍ഷ പ്രവേശനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷാന്ത്യത്തില്‍ "ഒമിക്രോണ്‍' അപകട മണി മുഴങ്ങുമ്പോള്‍ തലസ്ഥാനത്തടക്കം രാജ്യത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.
സാമ്പത്തിക സ്ഥിതി പരിതാപകരമായതിനിടയില്‍ ഔഷധ വ്യാപാരം മുപ്പത് ശതമാനം കൂടിയിട്ടുണ്ട്. ടെലിമെഡിസിന്‍ രീതികള്‍ക്ക് നേരത്തേ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി അംഗീകാരം കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തന്നെ വ്യാപിപ്പിച്ചിട്ടുണ്ടുമുണ്ട്. ഭാവിയിലെ ഇത്തരം ആരോഗ്യ അടിയന്തിരാവസ്ഥകളെ നേരിടാന്‍ ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ക്കൊപ്പം പബ്ലിക് ഹെല്‍ത്ത് സംവിധാനങ്ങളും ഗവേഷണങ്ങളും വ്യാപകമാക്കാന്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്റ്റക്ച്ചര്‍ മിഷന്‍ - അഭിം AHIM എന്ന പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവര്‍ഷ സമ്മാനമായി കുട്ടികള്‍ക്ക് കോവിഡ് വാക്സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കം മുന്‍കരുതല്‍ വാക്‌സിനും പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
2021 - കേരളം
ഡിസംബറില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചരണ കോലാഹലങ്ങളില്‍ കോവിഡ് വ്യാപനം ഉയരാതിരുന്നതിന്റെ ശുഭാപ്തി വിശ്വാസത്തിലായിരുന്ന 2021 പുതു വര്‍ഷത്തിലേക്ക് കേരളം കടന്നത്.
ആഘാതങ്ങള്‍ കുറക്കാനായി "ഫ്‌ലാറ്റനിംഗ് ദി കര്‍വ് ' എന്ന നിയന്ത്രണ തന്ത്ര പ്രയോഗത്തിലൂടെ കടന്ന് പോയതിനാല്‍ ഒന്നാം തരംഗം തന്നെ മറ്റ് സംസ്ഥാന ങ്ങളിലേക്കാളും വൈകിയെത്തി രോഗവ്യാപനം പിന്നേയും കുറച്ച് നാള്‍ കൂടി ഇവിടെ നീണ്ട് നിന്നു. ഏപ്രിലില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷമാണ് കേരളത്തില്‍ ഡെല്‍റ്റാ തരംഗം അതിരൂക്ഷമായത്. രോഗതീവ്രത മൂലം മെയ് മാസത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചു. ഈ അടച്ചിടല്‍ ഏതാണ്ട് മൂന്നു മാസത്തോളം വിവിധ രൂപത്തില്‍ ഉണ്ടായിരുന്നു.
ഇതു ജനജീവിതത്തെ ദുഃസഹമാക്കി തുടങ്ങിയിരുന്നു. ടി.പി.ആര്‍ വെച്ച് പ്രാദേശിക നിയന്ത്രണങ്ങള്‍ നടത്തിയത് ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ഉപകാരമായി. പിന്നീടുള്ള മാസങ്ങളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറഞ്ഞ് വന്നപ്പോള്‍ കേരളവും മഹാരാഷ്ട്രത്തോടൊപ്പം രോഗവ്യാപനതോത് അധികം കുറക്കാനാവാതെ നീണ്ട് പോയി പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് നവംബറോടെയാണ് വെന്റിലേറ്റററുകള്‍ ഒഴിഞ്ഞ് തുടങ്ങിയത്.
2021 പൂര്‍ത്തിയാകുന്ന അവസരത്തില്‍ കേരളത്തില്‍ നിന്നും 50 ലക്ഷത്തിലധികം കോവിഡ് കേസുകളും 47000 ത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസ് ഫെറ്റാലിറ്റി റേഷ്യോ മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് കൂടി 1 % ത്തിന് അടുത്ത് എത്തിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങള്‍ കൂടുതലുള്ള ഇവിടെ ധാരാളം പ്രമേഹ, കിഡ്‌നി, കാന്‍സര്‍ രോഗികള്‍ മരണപ്പെട്ടിട്ടുണ്ട്. ശരാശരി ആയുസ് കൂടുതലുള്ളതിനാല്‍ പ്രായമുള്ളവരുടെ എണ്ണം കൂടുതല്‍ ഉള്ളതും മരണങ്ങള്‍ കൂടാന്‍ കാരണമായി. കൂടാതെ കോവിഡാനന്തര രോഗമുണ്ടായി ചെറുപ്രായത്തിലുള്ളവര്‍ അടക്കം ധാരാളം പേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിട്ടുണ്ട്. ചികിത്സ കിട്ടാതെ മരണപ്പെടുന്ന അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ഒരാശ്വാസമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് കേരളത്തിലാണ്. മുതിര്‍ന്നവരില്‍ 77% പേര്‍ രണ്ട് ഡോസും 97% പേര്‍ ഒരു ഡോസ് എടുത്തിട്ടുണ്ട്. (രാജ്യ തലത്തില്‍ ഇത് യഥാക്രമം 60%, 90. % മാ ണ് ). സെപ്റ്റംബറോടെ കേരള ജനതയില്‍ എണ്‍പതു ശതമാനത്തിലധികം പേരുടെ ശരീരത്തില്‍ കോവിഡ് വന്ന് പോയത് മൂലമോ, വാക്‌സിന്‍ ലഭിച്ചത് മൂലമോ പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടായിട്ടുള്ളതായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സീറോ സര്‍വ്വേ ഫലം കാണിച്ചിരുന്നു. ഇതിന്റേയും ആശുപത്രി അഡ്മിഷനുകളുടേയും, കേസ് വ്യാപനം കുറയുന്നതിന്റേയും പാശ്ചാത്തലത്തില്‍ നവംബര്‍ തൊട്ട് ഒന്നര വര്‍ഷമായി അടഞ്ഞ് കിടന്നിരുന്ന വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങി.
പുറത്തിറങ്ങുന്നതിനും ആളുകള്‍ കൂടുന്നതിനും നിയന്ത്രണമുള്ളതിനാലും മാസ്‌ക് ഉപയോഗിയ്ക്കുന്നതിനാലും പൊതുവെ പകര്‍ച്ചവ്യാധികള്‍ കുറവായിരുന്നു.
യാത്ര നിയന്ത്രണങ്ങള്‍ മാറ്റിയതോടെ എണ്ണത്തില്‍ കൂടിയ സ്വകാര്യ വാഹനങ്ങളും കൂടി: ഒപ്പം റോഡപകടങ്ങളും കൂടി വന്നിട്ടുണ്ട്. ഹോട്ടലുകളൊക്കെ വീണ്ടും തുറന്ന്, പുറം യാത്രകള്‍ തുടങ്ങിയതോടെ ഫുഡ് പോയ്സനിംഗ്- വയറിളക്കരോഗങ്ങളും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് "നോറ വൈറസ് ' ബാധകളും കുട്ടികളില്‍ ഷിഗെല്ലാ മരണങ്ങളും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതങ്ങള്‍ കുറവായിരുന്നില്ലെങ്കിലും മഴക്കാലം കൂടുതല്‍ നീണ്ട് നിന്നതിനാല്‍ ഡെങ്കു പനിയേക്കാളും ഈ വര്‍ഷം ലെപ്‌ടോസ് പൈറോസിസ് ബാധകള്‍ ഉണ്ടായിട്ടുണ്ട്. കോവിഡിന്റെ ആദ്യ പകുതിയില്‍ ഭയം മൂലം ആശുപത്രികളില്‍ പോകാനുള്ള വിമുഖതയും മരണങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്ത് നിന്ന് ആദ്യമായി ഏഡീസ് കൊതുകുകള്‍ വഴി പകരുന്ന "സീക്ക ' രോഗബാധ ഈ വര്‍ഷം ജൂലായില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം സെപ്റ്റംബറില്‍ ഒരു "നിപ' മരണവും കോഴിക്കോട് നിന്ന് ഉണ്ടായി.
പരിസ്ഥതി - ജന്തുജന്യ രോഗങ്ങള്‍ നിയന്ത്രിക്കാനായി "ഏകാരോഗ്യ' കാഴ്ചപ്പാടില്‍ സംസ്ഥാനം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കോവിഡ് ഉണ്ടാക്കിയ ആഘാതത്തെ തുടര്‍ന്ന് കേരളത്തിലും ഈ വര്‍ഷം ആത്മഹത്യ പതിനായിരം കടന്നിട്ടുണ്ട്. (ഇന്ത്യ - 1.5 ലക്ഷം). മാനസിക ആരോഗ്യത്തിന്റെ പ്രതിഫലനമായി മയക്ക് മരുന്ന് ഉപയോഗവും, ക്രൈം നിരക്കും കൂടി വരുന്നുണ്ട്. കോവിഡ് മൂലം ഏതെങ്കിലും രക്ഷിതാക്കള്‍ മരണപ്പെട്ട മൂവായിരത്തോളം അനാഥ കുട്ടികളും ഇവിടെ ഉണ്ടായിട്ടുണ്ട്. (ഇന്ത്യ: 1 ലക്ഷത്തിലധികം ) ആദിവാസി മേഖലകളിലെ കുറയ്ക്കാനാവാത്ത ശിശു മരണങ്ങളും നവംബറില്‍ വാര്‍ത്തയായിരുന്നു. മുന്‍ വര്‍ഷത്തിലെ കോവിഡ് മാനേജ്‌മെന്റിന്റെ ജനവിധിയായിട്ടാണ് സംസ്ഥാനത്തെ തുടര്‍ഭരണത്തെ ചിലര്‍ വിലയിരുത്തുന്നത്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ നേതൃത്വം വീണ്ടും ഏറ്റെടുത്തപ്പോഴും ആരോഗ്യ മന്ത്രിയെ മാറ്റിയിട്ടുണ്ട്. ലോക് ഡൗണും, വര്‍ക്ക് അററ് ഹോമും ഗര്‍ഭിണികളുടെ എണ്ണം കൂട്ടുമെന്ന് പഠനങ്ങള്‍ ഉണ്ടെങ്കിലും അതത്ര ഉണ്ടായിട്ടില്ല. എങ്കിലും പല ജില്ലകളിലും മാതൃമരണനിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ട് എന്നാണ് സ്ഥിതിവിവരം.
അടുത്ത വര്‍ഷം പോസ്റ്റ് കോവിഡ് മാനേജ്‌മെന്റിനായി കൂടുതല്‍ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. വര്‍ഷങ്ങളായി കാത്ത് നിന്ന സംസ്ഥാനപൊതു ജനാരോഗ്യ ബില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതും പ്രധാന കാര്യമാണ്. വര്‍ഷമവസാനിക്കുമ്പോള്‍ നീതി ആയോഗ് നല്‍കിയ ആരോഗ്യ സ്‌കോറിങ്ങില്‍ 82.2 മാര്‍ക്കോടെ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കേരളം മുന്നിലാണ്. ഈ വര്‍ഷം ആരോഗ്യ മേഖലയിലെ ആര്‍ദ്രം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയിലും പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പണിപ്പുരയിലാണ്. ഈ വര്‍ഷത്തോടെ മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനെക്കാരെയും "മെഡിസെപ്' ആരോഗ്യ ഇന്‍ഷൂറസ് പദ്ധതിക്ക് കീഴില്‍ കൊണ്ട് വരുമെന്നതും ശ്രദ്ധേയമായ തീരുമാനമാണ്.
സംസ്ഥാന സര്‍വ്വീസിലെ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനവിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് നില്‍പ് സമരത്തിലാണ്. തിയറി പ്രകാരം വൈറസ് ബാധയോ, വാക്‌സിനോ മൂലം മഹാഭൂരിപക്ഷ പേര്‍ക്കും കോവിഡ് ആര്‍ജിത പ്രതിരോധം കിട്ടിയിട്ടുള്ളതിനാല്‍ അത്ര രോഗ തീവ്രതയില്ലാത്ത, എന്നാല്‍ പകര്‍ച്ചാ സാധ്യത ഉള്ള "ഒമിക്രോണ്‍' എത്തിയാലും "ബ്രെയ്ക്ക് ത്രൂ ഇന്‍ഫെക്ഷന്‍' ആയി ഭേദമായി പോകാനാണ് കൂടുതല്‍ സാധ്യത. എന്നാലും റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാലും 2022-ലും നമ്മള്‍ മാസ്ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ അടച്ചിട്ട മുറികളില്‍ കൂട്ടം കൂടാതെ നില്ക്കല്‍ തുടങ്ങിയ ശീലങ്ങള്‍ തുടരേണ്ടി വരുമെന്നാണ് 2021 നല്‍കുന്ന പാഠം.
എം.കെ. രാമദാസ്
Apr 13, 2022
56 Minutes Watch
മുഹമ്മദ് ഫാസില്‍
Feb 28, 2022
18 Minutes Read
പി.കെ. തിലക്
Feb 10, 2022
11 Minutes Read
ഡോ. മനോജ് കുമാര്‍
Feb 07, 2022
25 Minutes Watch
ഡോ. അജയ് ബാലചന്ദ്രന്‍
Feb 03, 2022
8 minutes read
പ്രമോദ് പുഴങ്കര
Jan 09, 2022
4 Minutes Read