മലയാളി മുസ്ലിംകൾ
നേരിടുന്ന അഞ്ച് വെല്ലുവിളികൾ
മലയാളി മുസ്ലിംകൾ നേരിടുന്ന അഞ്ച് വെല്ലുവിളികൾ
സുന്നീ ഇമാമുമാർ നിൽക്കേണ്ട ‘മിമ്പറു’കളിൽ പലതും ഇപ്പോൾ വഹാബികളുടെ കൈയിലാണ്. അവരാണ് അവിടങ്ങളിൽ ഖുതുബ നിർവ്വഹിക്കുന്നത്. മുസ്ലിം ലീഗിനുവേണ്ടി വെയിൽ കൊണ്ടത് മുഴുവൻ സുന്നികളാണെങ്കിലും, തണൽ മുഴുവൻ അനുഭവിച്ചത് വഹാബികളാണ്. കുറേ വർഷമായി മുസ്ലിം ലീഗിന്റെ ഉള്ളിൽ തിളച്ചു മറിയുന്ന മത വിഭാഗീയതയാണ് വഖഫ് വിഷയത്തിൽ പുറത്തു വരുന്നത്.
15 Dec 2021, 04:49 PM
മതം, ലോക മുസ്ലിംകളോടൊപ്പം ഒട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു വികാരമാണ്. അത് എത്രമേൽ ഒട്ടിപ്പിടിച്ചു നിൽക്കുന്നുവെന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണം, നഖം മുറിക്കുന്നതിൽ പോലും ‘ഇസ്ലാ'മുണ്ട്. ശയനമുറിയിലും ശൗചാലയത്തിലും ഇസ്ലാമിന്റെ ‘വിധി വില'ക്കുകളുണ്ട്. സുറുമയിടുന്നതിലും സംഭോഗത്തിലുമുണ്ട്, ഇസ്ലാം. അത് സൂക്ഷ്മമായി പിന്തുടരുന്ന എത്രയോ പേർ ലോകത്തുണ്ട്. ചോറുണ്ണുമ്പോൾ ഓരോ ഉരുള വായിലേക്ക് പോകുമ്പോഴും ‘ബിസ്മി' കൂട്ടുമായിരുന്ന ഒരു എളാപ്പ ഞങ്ങൾക്കുണ്ടായിരുന്നു. എത്രയുരുളുകളോ, അത്രയും ബിസ്മി. അത്രയും, ദൈവസ്തുതി. ഈ ‘അനുനിമിഷ ഇസ്ലാമി'ൽ നിന്ന് ചിലർ അവരുടേതായ പാട്ടും കഥകളും സിനിമകളുമുണ്ടാക്കി ലോകത്തെ അവരുടേതായ വെളിച്ചത്തിൽ നിർവ്വചിച്ചു. റൂമിയുടെയും ഈ ഭാഷയിൽ ബഷീറിന്റെയും ലോകവീക്ഷണത്തിൽ അവരനുഭവിച്ച ഇസ്ലാമിന്റെ സത്ത അവരുടേതായ സ്പിരിച്വൽ റിയാലിറ്റിയിൽ വെളിച്ചത്തിന്റെ വാക്കുകളായി അവതരിപ്പിക്കപ്പെട്ടു. വേറൊരു വിധത്തിൽ ദൈവം അവരിലൂടെയും സംസാരിച്ചു. അതാതു കാലങ്ങളിലെ മനുഷ്യാനുഭവങ്ങളെ എഴുത്തുകാർ അവരുടെ ‘കിത്താബു'കളിലൂടെ അവതരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇസ്ലാമിൽ നിന്ന് അനേകം തുറവികളുണ്ടായി.
എന്നാൽ, ഇസ്ലാം പുതുതായ ചില ഉള്ളടക്കങ്ങളും ജീവിതക്രമങ്ങളും കൊണ്ടുവന്നു എന്നതുപോലെ തന്നെ ഇസ്ലാമിതര ക്രമങ്ങൾ കൊണ്ടു കൂടി മുന്നോട്ടു പോകുന്ന ജീവിതവ്യവസ്ഥകൾക്കിടയിൽ പുതിയ സംഘർഷങ്ങൾക്കും വിത്തുപാകി. സ്വതന്ത്രമായ മനുഷ്യാവസ്ഥകളുടെയും ജീവിതാനുഭവങ്ങളുടെയും പ്രത്യക്ഷ വിരോധികൾ എന്ന നിലയിൽ ഒരു പൗരോഹിത്യ മതമായി ഇസ്ലാം വളർന്നു. അധികാര രൂപമെന്ന നിലയിൽ ഇസ്ലാമിന്റെ പേരിൽ പലരിൽ നിന്നുമുണ്ടായ ജനാധിപത്യ വിരുദ്ധമായ അധികാര നിർവ്വഹണങ്ങൾ ഏറെ അലങ്കോലപ്പെട്ട അവസ്ഥയിൽ പല രാജ്യങ്ങളെയുമെത്തിച്ചു. തികച്ചും യാഥാസ്ഥിതികമായ അധികാര രൂപമെന്ന നിലയിലായിരുന്നു, ‘മിക്കവാറും' അവയുടെ അധികാര പ്രകാശനങ്ങൾ.

ഇസ്ലാമിന്റെ പേരുപയോഗിച്ച് ‘അധികാരം കൈയാളാൻ ' എളുപ്പമായിരുന്നു. മതത്തിൽ, നേരത്തേ സൂചിപ്പിച്ചതു പോലെ, ഒട്ടിപ്പിടിച്ചു നിൽക്കുന്ന അവസ്ഥയുണ്ട്. ഇതൊരു ആത്മീയ തലമല്ല, അധികാര രൂപമായി എവിടെയും പ്രകടിപ്പിക്കാവുന്ന തുറുപ്പു ചീട്ടായി മാറി. ഈ മതാധികാര രൂപത്തെയാണ് മുസ്ലിം ലീഗും പ്രതിനിധീകരിക്കുന്നത്. അധികാര പദവികൾ കൈയാളാൻ മതത്തെ വളരെ തന്ത്രപരമായി ഉപയോഗിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ‘ഉപയോഗിക്കൽ കലയിൽ' എപ്പോഴും മുന്നിൽ നിന്നത് മതമാണ്. മുസ്ലിം ലീഗ് ‘മുസ്ലിം' എന്ന കൊമ്പ് മുന്നിൽ തന്നെ വെച്ചത് ഈ മതാത്മക കൊമ്പിന്റെ വമ്പത്തരം അറിയുന്നതു കൊണ്ടാണ്.
മുസ്ലിം ലീഗ് ഇപ്പോഴും കേരളത്തിലെ ഒരു വലിയ വിഭാഗം മുസ്ലിംകളുടെ പിന്തുണയുള്ള പാർട്ടിയാണ്. പുതിയ പല രാഷ്ട്രീയ ധാരകൾ വന്നപ്പോഴും മുസ്ലിം ലീഗ് പിടിച്ചു നിന്നത്, ‘പാണക്കാട് തങ്ങന്മാരിൽ ' മതനിരപേക്ഷ മലയാളികൾക്കുള്ള ആദരവ് കൊണ്ടു മാത്രമാണ്. മതനിരപേക്ഷമായ രാഷ്ട്രീയങ്ങൾക്കതീതമായ വലിയൊരു ആദരവ് പാണക്കാട് തങ്ങന്മാർക്ക് മലയാളി സമൂഹം നൽകിപ്പോരുന്നുണ്ട്. സി.എച്ച്. മുഹമ്മദ് കോയയും ശിഹാബ് തങ്ങളും നൽകിയ ജനകീയ മുഖം ആ പാർട്ടിക്ക് എക്കാലത്തേക്കുമുള്ള അടിത്തറയുണ്ടാക്കി.
ഓണത്തിന് മുസ്ലിംകൾ സദ്യയുണ്ണുന്നത് ‘ശിർക്ക് ' (ദൈവത്തിൽ പങ്കു ചേർക്കൽ) ആണെന്ന സലഫി വാദം വെറുപ്പിന്റെ ഭാഷയിൽ പടർന്നപ്പോൾ ഓണസദ്യയിൽ പങ്കെടുത്ത് മുനവ്വറലി തങ്ങൾ മാതൃക കാണിച്ചു. വെറുപ്പിന്റെ ഭാഷ പാണക്കാട് തങ്ങന്മാർ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കൽ ഇസ്ലാമിനെയും സലഫികളുടെ യാഥാസ്ഥിതിക ഇസ്ലാമിനെയും പല ധാരകളായി പടർന്നു കയറുന്ന സ്വത്വ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾക്കും അതീതമായ ‘സൗമ്യത 'യുടെ ഇസ്ലാമിക മുഖം പാണക്കാട് തങ്ങന്മാരുടെ ചിരിയിലും സംസാരത്തിലുമുണ്ടായിരുന്നു. കേരളം വർഗീയമായി ചേരിതിരിഞ്ഞ അപകടകരമായ തിരിവുകളിൽ നിൽക്കുമ്പോൾ സെക്യുലർ സിഗ്നൽമാൻമാരായി, പാണക്കാട് തങ്ങന്മാർ സൗഹൃദത്തിന്റെ കാവൽ പതാകകൾ നീട്ടി. രാഷ്ട്രീയ പാർട്ടിയുടെ അമരത്തിരിക്കുമ്പോഴും പൊതുസമ്മിതിയുള്ള ആത്മീയാചാര്യന്മാരായി അവർ തുടർന്നു. മുസ്ലിം ലീഗ് പോലെ അഴിമതിയുടെയും ഉദാസീനതയുടെയും വ്യക്തിഗത മോഹങ്ങളുടെയും വലിയ പാരമ്പര്യം പേറുന്ന പാർട്ടിക്ക് ‘അധികാര മോഹങ്ങളി'ല്ലാത്ത തങ്ങന്മാർ എന്ന പ്രതിച്ഛായ ഒരു വന്മറ പോലെ നിന്നു. എന്നാൽ, അധികാരത്തിന്റെ ഇടനാഴികളിൽ കാര്യങ്ങൾ ഏറെ അരോചകമായിരുന്നു. സമുദായത്തിന്റെ രക്ഷാകർതൃത്വം മുസ്ലിം ലീഗിന്റെ ഒരു വാചകമടി മാത്രമായിരുന്നു.
തങ്ങന്മാരുടെ മറവിൽ സമുദായത്തിൽ നിന്നു മാത്രമല്ല, ആരിൽ നിന്നും ഓഡിറ്റ് ചെയ്യപ്പെടാത്ത, മലയാളികൾക്ക് സ്വീകാര്യമായ ‘മതേതര പുതിയാപ്പിള "മാരുടെ പാർട്ടിയായി മുസ്ലിം ലീഗ് തുടർന്നു. സേട്ടു സാഹിബിനെപ്പോലെ ഉജ്വലനായ നേതാവിനെ മതേതര പ്രതിച്ഛായക്കുവേണ്ടി മാറ്റി നിർത്താൻ പോലും മുസ്ലിം ലീഗിന് മടിയുണ്ടായില്ല.
എന്നാൽ, ‘സമുദായത്തിനുവേണ്ടി മുസ്ലിം ലീഗ് എന്തു ചെയ്യുന്നു?' എന്ന ചോദ്യം മുസ്ലിം സോഷ്യൽ മീഡിയ ജനറേഷനിൽ നിന്ന് ഉയർന്നു വരാൻ തുടങ്ങി. മുസ്ലിം ലീഗ് എന്ന പാർട്ടിയുണ്ട്, അതിൽ ഞങ്ങളില്ല' എന്നൊരു തോന്നൽ അടിസ്ഥാന മുസ്ലിം ജനങ്ങളിൽ ശക്തമായി വന്നു. പഴയ പോലെ ചന്ദ്രിക മാത്രം വായിച്ച് രാഷ്ട്രീയം മനസ്സിലാക്കുന്ന ജനതയല്ല. ചന്ദ്രികയിൽ വിശ്വാസം നഷ്ടപ്പെട്ട് ‘സമസ്ത' തന്നെ സുപ്രഭാതം തുടങ്ങി. സുന്നികൾക്ക് ‘മുസ്ലിം ലീഗിന്റെ ‘ഉള്ളിൽ കൂടുതൽ' അറകളുള്ളത് വഹാബികൾക്കാണ് എന്ന തിരിച്ചറിവുണ്ടായി. അങ്ങനെ പാണക്കാട് തങ്ങന്മാരെ മുന്നിൽ നിർത്തി വഹാബി ലീഗുകാർ നടത്തിയ അണിയറ രാഷ്ട്രീയമാണ് ജിഫ്രി തങ്ങൾ വളരെ തന്ത്രപരമായി പൊളിച്ചു കയ്യിൽ കൊടുത്തത്. സുന്നികളുടെ വഖഫ് പോലും മുസ്ലിം ലീഗിന്റെ മറവിൽ വഹാബികൾ കൈയടക്കി എന്ന് സമസ്തക്കറിയാം. മുസ്ലിം ലീഗിനെ വിശ്വസിക്കുന്നത്തേക്കാൾ പിണറായിയെ വിശ്വസിക്കാം എന്ന് ജിഫ്രി തങ്ങൾക്ക് തോന്നുന്നത് അങ്ങനെയാണ്. സമസ്തയുടെ അഥവാ സുന്നികളുടെ പ്രത്യക്ഷ ശത്രുക്കൾ പിണറായിയല്ല, വഹാബികളാണ്. സുന്നീ ഇമാമുമാർ നിൽക്കേണ്ട ‘മിമ്പറു’ (വെള്ളിയാഴ്ച ഖുതുബ എന്ന മുഖ്യ പ്രഭാഷണം നടത്താൻ ഇമാമുമാർ നിൽക്കുന്ന സ്ഥലം) കളിൽ പലതും ഇപ്പോൾ വഹാബികളുടെ കൈയിലാണ്. അവരാണ് അവിടങ്ങളിൽ ഖുതുബ നിർവ്വഹിക്കുന്നത്. മുസ്ലിം ലീഗിനുവേണ്ടി വെയിൽ കൊണ്ടത് മുഴുവൻ സുന്നികളാണെങ്കിലും, തണൽ മുഴുവൻ അനുഭവിച്ചത് വഹാബികളാണ്. കുറേ വർഷമായി മുസ്ലിം ലീഗിന്റെ ഉള്ളിൽ തിളച്ചു മറിയുന്ന മത വിഭാഗീയതയാണ് വഖഫ് വിഷയത്തിൽ പുറത്തു വരുന്നത്.

അതോടൊപ്പം, പാണക്കാട് തങ്ങന്മാരുടെ ശൈലിയിലും ‘പൊളിറ്റക്കൽ ഇസ്ലാമിസ്റ്റ്’ ധാരയുടെ ഒരു സ്വാധീനം കാണാൻ തുടങ്ങുന്നുണ്ട്. ഹഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയായി ഉർദുഗാൻ പ്രഖ്യാപിച്ചപ്പോൾ അതിനെ പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനത്തിലെ ഭാഷ പാണക്കാട് തങ്ങന്മാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. തുർക്കി ഇസ്താംബൂളിലെ ആ ക്രിസ്തീയ ദേവാലയവും തികച്ചും അവ്യക്തമായ ഒരു ‘വഖഫ്’ രേഖയുടെ അടിസ്ഥാനമാക്കിയാണ് വീണ്ടും മുസ്ലിം പള്ളിയായി പിടിച്ചടക്കുന്നത്. തുർക്കിയിൽ ഇസ്ലാം ഒരു അധികാര ചിഹ്നമായതിന്റെ ലോകവിളംബരമായിരുന്നു അത്. ഇസ്ലാമിന്റെ പേരിൽ ചാർത്തപ്പെട്ട അന്യായമായ ഈ ലോക വിളംബരത്തെ പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങൾ മുന്നിൽ തന്നെ നിന്നത് ക്രിസ്തീയ മേഖലകളിൽ വലിയ അസ്വസ്ഥത തന്നെയുണ്ടാക്കി. പാണക്കാട് തങ്ങന്മാരെ പിന്തുണച്ചു കൊണ്ടിരുന്നവർ ആ തറവാട്ടിൽ നിന്ന് മൈത്രിയുടെ മഴവില്ല് മറയുകയാണെന്ന് ഖേദത്തോടെ മനസ്സിലാക്കി. തെരുവിലെ ‘ഇസ്ലാം, ഇസ്ലാം' എന്ന് തുടങ്ങുന്ന സ്വത്വവാദി മുസ്ലിം യൗവ്വനങ്ങളുടെ ശബ്ദമുഖരിതമായ അന്തരീക്ഷം സാദിഖലി ശിഹാബ് തങ്ങൾക്ക് പോലും മതമൗലികവാദികൾക്ക് മാത്രം ഇണങ്ങുന്ന പുതിയ തൊപ്പി സമ്മാനിച്ചു. സാദിഖലിയുടെ പല നയങ്ങളും വിമർശിക്കപ്പെട്ടു. ‘ഹരിത ' വിഷയത്തിൽ സാദിഖലി എടുത്ത നിലപാടുകൾ പുതിയ കാലത്തെ സ്ത്രീയുണർവ്വുകളുടെ ശബ്ദവും വെളിച്ചവും ഈ പ്രസ്ഥാനത്തിന് വേണ്ട എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു. ‘പുതുമാരി' സങ്കൽപത്തിനപ്പുറം മറ്റൊരു സ്ത്രീ സങ്കൽപം, മുസ്ലിം ലീഗ് എന്ന പുതിയാപ്പിള പാർട്ടിക്ക് മുന്നിലില്ല എന്ന അസന്ദിഗ്ദ്ധമായ പ്രഖ്യാപനമായിരുന്നു, അത്.
കോഴിക്കോട് ബീച്ചിൽ മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലി ആൾക്കൂട്ടത്തിന്റെ ഇരമ്പൽ കൊണ്ടു മാത്രമല്ല , പച്ചവർഗീയതയുടെ വിളംബരം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. മുസ്ലിം ലീഗിലെ മതവാദികളുടെ ലക്കും ലഗാനുമില്ലാത്ത പ്രസംഗം. അബ്ദുറഹ്മാൻ കല്ലായിയും കെ.എം. ഷാജിയും മതവാദികളായി നിറഞ്ഞാടി. മതം, മതം, മതം.... രാഷ്ട്രീയത്തിൽ കച്ചവടം പൊട്ടിയപ്പോൾ മതത്തിന്റെ ഏണിപ്പടികളിലൂടെ തിരിച്ചു കയറാനുള്ള ശ്രമം. കെ.എം. ഷാജിയെ കഴിഞ്ഞ വർഷം വരെ വിജയിപ്പിച്ച അഴിക്കോട്ടെ മതനിരപേക്ഷ വോട്ടർമാർ, കെ.എം. ഷാജി എന്ന ഈ തനി വർഗീയ വാദിയെയാണോ ഇത്രയും കാലം വിജയിപ്പിച്ചത് എന്ന് അത്ഭുതകരമായ നിരാശയോടെ ഓർത്തിരിക്കണം. മുസ്ലിം ലീഗിൽ നിന്ന് അകലുന്നവർ ദീനിൽ നിന്നാണത്രെ അകലുന്നത് .... കൂവാൻ ആരുമില്ലാത്ത ആൾക്കൂട്ടത്തിനു മുന്നിൽ നിങ്ങൾക്ക് എന്ത് വിഡ്ഡിത്തവും വിളിച്ചു പറയാം. അങ്ങനെ മുസ്ലിം ലീഗിൽ മതം പറയുന്ന പുതിയൊരു ‘പോരാളി ഷാജി’യുടെ പിറവിയും കണ്ടു.
അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ചിലർ മുസ്ലിം ലീഗിനുണ്ടാക്കുന്ന ചീത്തപ്പേര് പാണക്കാട് തങ്ങന്മാരുടെ മാപ്പപേക്ഷ കൊണ്ടു മാത്രം തീരുന്നതല്ല. മലയാളി മുസ്ലിം ഇപ്പോൾ നേരിടുന്നത് അഞ്ചുതരം വെല്ലുവിളികളാണ്.
ഒന്ന്: ഇരട്ടവാലൻ കോൺഗ്രസ്
രണ്ട്: തുമ്പും വാലുമില്ലാത്ത മുസ്ലിം ലീഗ്
മൂന്ന്: ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധിക രക്ഷാകർതൃത്വം
നാല്: പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ നവ മുസ്ലിം മതമൗലിക രാഷ്ട്രീയ മൂവ്മെൻറുകൾ
അഞ്ച്: മുസ്ലിം രക്ഷാകർതൃത്വം ഏറ്റെടുത്ത സി.പി.എം.
ആർ.എസ്.എസിൽ നിന്നുള്ള ഭീഷണിയെ ഏതൊരു മുസ്ലിമിനും മുഖാമുഖം അഭിമുഖീകരിക്കാം. കാരണം, ഇരട്ടത്താപ്പില്ലാത്ത മുസ്ലിം വിരുദ്ധതയാണത്. എന്നാൽ പ്രസ്ഥാനങ്ങളുടെ ഇരട്ടവാലൻ രക്ഷാകർതൃത്വം ഏതൊരു സമുദായത്തിനു മേലും അനാവശ്യമായ ദാസ്യ മനോഭാവം വളർത്തുന്നു. ദാസ്യങ്ങൾക്കും ആത്മാഭിമാനത്തിനുമിടയിലൂടെ നടന്നു പോവുകയാണ് മലയാളി മുസ്ലിംകൾ. സ്വയം തിരിച്ചറിവിന്റെ വലിയൊരു നാൽക്കവലയിൽ കൂട്ടരേ, അവർ ഒറ്റയ്ക്ക് നിൽക്കുന്നു.
എഴുത്തുകാരന്‍
ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Mar 10, 2023
6 Minutes Read
വിജൂ കൃഷ്ണൻ
Feb 28, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 17, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 10, 2023
3 Minute Read