ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, ജനാധിപത്യത്തിൽ നിന്നുള്ള ഇറങ്ങിപ്പോകൽ

ഇന്ന് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 86-ാം വാർഷികം. ക്ഷേത്രത്തിലേക്ക് പ്രവേശിച്ച ജനത ഒരർത്ഥത്തിൽ ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യ സങ്കല്പങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണുണ്ടായത്. ഹാമിങ്ടൺ ധ്വര വീക്ഷിച്ചതു പോലെ ഇന്ത്യ ഇന്നൊരു 'അമ്പല രാജ്യ'മായി വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണഘടനക്കു മുകളിൽ വാഴ്ച നടത്തുന്ന അമ്പല രാജ്യത്തിന്റെ ഈ ആചാരജീവിതമാണ് ശബരിമല കലാപത്തെ സാധ്യമാക്കിയത്. ബാബറി മസ്ജിദ് തകർത്തതും, ഗ്യാൻ വാപിക്കു മേൽ അവകാശമുന്നയിക്കുന്നതും...

കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായാണ് ക്ഷേത്രപ്രവേശന വിളംബരത്തെ പൊതുവെ സ്ഥാനപ്പെടുത്താറുള്ളത്. അധഃസ്ഥിത ജാതികളെന്ന് കരുതപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പ്രവേശനം ലഭിച്ചത് "വിപ്ലവ'മായാണ് ആഖ്യാനം ചെയ്യപ്പെട്ടത്. ദൈവമില്ലാത്ത ഏഴജാതികൾക്ക് ദൈവത്തെ ലഭിച്ച ഒന്നായി ക്ഷേത്ര പ്രവേശനത്തെ വീക്ഷിക്കാറുണ്ട്. യഥാർത്ഥത്തിൽ ദൈവമില്ലാത്തവരല്ലായിരുന്നു അബ്രാഹ്മണ ജാതി വിഭാഗങ്ങൾ. ബ്രാഹ്മണേതരരായ എല്ലാ ജാതി വിഭാഗങ്ങൾക്കും അവരുടേതായ ദൈവ സങ്കല്പമുണ്ടായിരുന്നു. ഈ ദൈവ സങ്കല്പങ്ങൾ അധമവും ബ്രാഹ്മണ്യത്തിന്റെ
ദൈവ സങ്കല്പങ്ങൾ ഉത്തമവും ശ്രേഷ്ഠവുമാണന്ന് വരുത്തിതീർത്തതിൽ നവോത്ഥാന പ്രക്രിയകളിൽ അന്തർലീനമായിരുന്ന സവർണാഖ്യാനങ്ങൾക്കും പങ്കുണ്ട്.

പുതിയ കാലത്ത് നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ക്ഷേത്രപ്രവേശനം ഒരു പ്രതിവിപ്ലവമായിരുന്നു എന്ന് വിലയിരുത്താൻ കഴിയും. നാസിക് ക്ഷേത്ര പ്രവേശന സമരത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവെ, ക്ഷേത്രപ്രവേശനമല്ല പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശനമാണ് പ്രാധാന്യമേറിയതെന്ന് ഡോ. ബി. ആർ. അംബേദ്കർ പ്രസ്താവിക്കുന്നുണ്ട്. ഭരണ അധികാര രംഗങ്ങളിലേക്കുള്ള പിന്നാക്ക കീഴാള ജാതി വിഭാഗങ്ങളുടെ പ്രവേശനമാണ് സാധ്യമാക്കേണ്ടതെന്ന് അംബേദ്കർ സുചിന്തിതമായി അഭിപ്രായപ്പെട്ടിരുന്നു.

ആത്യന്തികമായി ഇന്ത്യയിലെ മുഴുവൻ അബ്രാഹ്മണ ജാതി വിഭാഗങ്ങളെയും സമ്പൂർണമായി ബ്രാഹ്മണ്യത്തിന് കീഴ്പ്പെടുത്താൻ മാത്രമേ ക്ഷേത്രപ്രവേശനം ഉതകിയിട്ടുള്ളൂ എന്ന് ചരിത്ര വർത്തമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. "ബ്രാഹ്മണ്യം' എന്ന അവസ്ഥാവിശേഷം ഏറ്റവും ശ്രേഷ്ഠമാണെന്നും മനുഷ്യരാർജ്ജിക്കേണ്ട ഉന്നത പദവിയാണെന്നും വരുത്തി തീർത്തതിൽ ക്ഷേത്രപ്രവേശനത്തിന് വലിയ പങ്കുണ്ട്. മറ്റ് മനുഷ്യരെ ആത്മാഭിമാനമുള്ള മനുഷ്യജീവികളായി പരിഗണിക്കുന്നതിൽ നിന്നും ക്ഷേത്രാനുഷ്ഠാനങ്ങളും ആചാരങ്ങളും തടയിടുകയാണുണ്ടായത്. ഭരണഘടന നിയമം മൂലം അയിത്തത്തെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും അയിത്തം നിലനിൽക്കുന്ന സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ. പൂജാരിമാരായ ബ്രാഹ്മണരെ സ്പർശിക്കുന്നത് മഹാപാപമായി കണക്കാക്കുന്ന ക്ഷേത്രാചാരങ്ങൾ കേരളത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. പുരോഗമന കേരളമെന്ന് നിരന്തരം വാദിച്ചുറപ്പിക്കാൻ ശ്രമിക്കുമ്പോഴും കൃത്യമായ ജാതിവിഭാഗീയതയും അയിത്തവും കേരളത്തിൽ ആചരിക്കപ്പെടുന്നുണ്ട്. ഗുരുവായൂർ, ശബരിമല പോലുള്ള ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ പോലും അബ്രാഹ്മണ ജാതി വിഭാഗങ്ങൾക്ക് ക്ഷേത്ര മേൽശാന്തിമാരായി പ്രവേശിക്കാൻ സാധിച്ചിട്ടില്ല എന്നത് സൂചിപ്പിക്കുന്നത് കേരളീയരുടെ ജീവിതത്തിന്റെ രാഷ്ട്രീയ അബോധം ബ്രാഹ്മണ്യ മനോഭാവമാണ് എന്നതാണ്. പുറമേക്ക് മാർക്സിസവും ലെനിനിസവും വിപ്ലവ മുഖം മൂടിയായി അണിഞ്ഞ് ഉള്ളിൽ പൂന്താനം നമ്പൂതിരിയായി ജീവിതം നയിക്കുന്ന ദ്വിമുഖ ജീവിതത്തിനുടമകളാണ് മലയാളികൾ. മലയാളികളുടെ വീട്ടകങ്ങളിൽ ജീവിക്കുന്ന പൂന്താനം നമ്പൂതിരിമാരാണ് പുരോഗമന കേരളത്തെ പിന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. വലിച്ചെറിയാൻ കഴിയാത്ത ഈ ബ്രാഹ്മണ്യ മനോഭാവമാണ് "ജാതി വാലുകൾ' അണിയാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്.

‘സവർണ സ്ത്രീകളുടെ സങ്കടം’ എന്ന തലക്കെട്ടിൽ സവർണ സ്ത്രീകൾ ക്ഷേത്രപ്രവേശനത്തിനെതിരെ തിരുവിതാംകൂർ ഗവൺമെൻറിന് നൽകിയ പ്രത്യേക നിവേദനം

ക്ഷേത്രപ്രവേശനം ഒരധിക ബാധ്യതയായി കേരളത്തിന്റെ നവോത്ഥാന ആധുനികതയെ അസാധ്യമാക്കി തീർത്തിരിക്കുന്നു. "ക്ഷേത്രങ്ങൾ ജാതി വ്യത്യാസത്തെ അധികമാക്കുന്നു' എന്ന് വിളംബരം ചെയ്ത നാരായണ ഗുരുവിനെ ക്ഷേത്ര ദൈവമാക്കി ഗുരുവിന്റെ വിപ്ലവത്തെ നീർവീര്യമാക്കാൻ ബ്രാഹ്മണ്യത്തിന് കഴിഞ്ഞിരിക്കുന്നു. "ഈ തത്വമസിയുടെ ആഭാസ മതം ഞങ്ങൾക്കു വേണ്ട' എന്ന് കുഞ്ഞിരാമനെ പോലെ പറയാൻ കേരളത്തിൽ ആർക്കുമിന്ന് ധൈര്യമില്ലാതായിരിക്കുന്നു. ക്ഷേത്രങ്ങൾ തോറും നടന്നു വരുന്ന സപ്താഹ യജ്ഞങ്ങളും ഗീതാജ്ഞാന യജ്ഞങ്ങളും ബ്രാഹ്മണ്യ മൂല്യ സങ്കല്പങ്ങളിലേക്ക് അഗ്നിയിലേക്ക് ഈയാംപാറ്റയെ പോലെ മനുഷ്യജീവിതങ്ങളെ തള്ളിയിടുന്നു. മുസ്‍ലിങ്ങൾ, കീഴാള മനുഷ്യർ, സ്ത്രീകൾ എന്നിവരെ അധമവൽക്കരിക്കുന്നതിലും അപരവൽക്കരിക്കുന്നതിലും ക്ഷേത്രകേന്ദ്രിതമായ ആചാരാനുഷ്ഠാനവ്യവഹാരങ്ങളിലൂടെ സാധിച്ചിരിക്കുന്നു. ബ്രാഹ്മണ്യത്തിന്റെ മായികമായ അമ്മൂമ്മക്കഥകളിലകപ്പെട്ട മനുഷ്യർ ഭരണ അധികാര രംഗങ്ങളിൽ കാലൂന്നുന്നതിന് പകരം മോക്ഷോപ ജീവികളായിത്തീർന്നു. ഇത്തരം മനുഷ്യരുടെ ഒരു കൂട്ടമാണ് സാമ്പത്തിക സംവരണമെന്ന സവർണ സംവരണത്തെ സാധ്യമാക്കിയത്. ഇഹലോകജീവിതം മായയായി തിരിച്ചറിഞ്ഞ ജനവിഭാഗങ്ങൾ കിട്ടാനിരിക്കുന്ന വൈകുണ്ഠ-കൈലാസങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്‌. ചുരുക്കത്തിൽ കേരളം ആർജ്ജിച്ചു എന്ന് പറയപ്പെടുന്ന നവോത്ഥാന ആധുനികതയെ പിന്നോട്ടടിക്കുന്നതിൽ ക്ഷേത്രപ്രവേശനം വിജയിച്ചു. ക്ഷേത്രത്തിൽ പ്രവേശിച്ചവരെല്ലാം തന്നെ സമ്പൂർണമായി ബ്രാഹ്മണ്യത്തിലേക്ക് ഉപനയിക്കപ്പെടുകയാണുണ്ടായത്. "ഇനി ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടതെന്ന' ഗുരുവിന്റെ വാക്കുകൾ ആഴത്തിൽ മലയാളി സമൂഹം പരിഗണിച്ചതേയില്ല.

കിഴക്കൻ യൂറോപ്പിലുള്ള ഒരടിമവ്യാപാര കേന്ദ്രം പെയിന്റിംഗ് / Photo : Wikimedia Commons

ചരിത്ര പഠനത്തിലൂടെ വിപ്ലവമായി ആഘോഷിച്ച ക്ഷേത്രപ്രവേശനം ആത്യന്തികമായി ഒരു സമൂഹത്തെ ബ്രാഹ്മണ്യത്തിന് അടിപ്പെടുത്തുകയാണുണ്ടായത്. ക്ഷേത്രപ്രവേശനം അബ്രാഹ്മണ ജാതികളെ വിമോചിപ്പിക്കുകയല്ല ഉണ്ടായത്, മറിച്ച് അവരുടെ വിമോചനത്തെ സമ്പൂർണാർത്ഥത്തിൽ തടയിടുകയാണുണ്ടായത്. കേരളത്തിലെ അടിമ ജാതികളുടെ വിമോചനം സാധ്യമാക്കിയ അടിമവ്യാപാര നിരോധന വിളംബരമാണ് യഥാർത്ഥത്തിൽ വിമോചനാത്മകവും വിപ്ലവാത്മകവുമെന്ന സാമൂഹ്യ ചരിത്രകാരനായ ഡോ. വിനിൽ പോളിന്റെ നിരീക്ഷണം ഈ സന്ദർഭത്തിൽ കൂടുതൽ പ്രസക്തമാണ്. അടിമവ്യാപാര നിരോധന വിളംബരം അടിമ ജാതികളെ അടിമത്തത്തിൽ നിന്നും വിമോചിപ്പിക്കുമ്പോൾ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അബ്രാഹ്മണ ജാതി വിഭാഗങ്ങളെ അടിമകളാക്കുകയാണുണ്ടായത്. അതു കൊണ്ടു തന്നെ കേരളം ഇന്ന് അകപ്പെട്ടിരിക്കുന്ന "അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും' വ്യാപനത്തിന് സഹായിച്ച ഒന്നായി ക്ഷേത്രപ്രവേശനം മാറിത്തീർന്ന കാഴ്ചയാണ് വർത്തമാനകാലത്ത് തെളിയുന്നത്. അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ടു ചെയ്തു കൊണ്ട് പൂന്താനം നമ്പൂതിരിമാരായി ജീവിക്കുന്ന അടഞ്ഞ സമൂഹമായി കേരളത്തെ പരിവർത്തിപ്പിച്ചതിൽ ക്ഷേത്രപ്രവേശനത്തിനും കാതലായ പങ്കുണ്ട്. ക്ഷേത്രത്തിലേക്ക് പ്രവേശിച്ച ജനത ഒരർത്ഥത്തിൽ ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യ സങ്കല്പങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണുണ്ടായത്. ഹാമിങ്ടൺ ധ്വര വീക്ഷിച്ചതു പോലെ ഇന്ത്യ ഇന്നൊരു "അമ്പല രാജ്യ'മായി വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണ ഘടനക്കു മുകളിൽ വാഴ്ച നടത്തുന്ന അമ്പല രാജ്യത്തിന്റെ ഈ ആചാരജീവിതമാണ് ശബരിമല കലാപത്തെ സാധ്യമാക്കിയത്. ബാബറി മസ്ജിദ് തകർത്തതും, ഗ്യാൻ വാപി ക്കു മേൽ അവകാശമുന്നയിക്കുന്നതും, താജ്മഹലിനെ തേജോ മഹാലയമാക്കുന്നതും "അമ്പല രാജ്യത്തി'ലെ "പ്രജ'കളാണ്. പൗരത്വത്തിന് പകരം അമ്പല രാജ്യത്തിലെ പ്രജാത്വം ആന്തരികവൽക്കരിക്കുന്ന ഒരു സമൂഹത്തിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.

Comments