വേൾഡ് കപ്പ് തീർഥാടനത്തിനു പോയ ഒരു വെള്ളിയാഴ്ചയുടെ ഓർമ്മയ്ക്ക്

യാഥാസ്ഥിതികമായ പൊതു ധാരകൾ ജീവിത രീതിയാക്കി സ്വകാര്യതകളെ ധാരാളമായി പരിപാലിച്ചിരുന്ന ഒരു അതി സമ്പന്ന രാജ്യത്തെ പ്രജകൾ എന്ന, ഇന്നോളം അനുവർത്തിച്ച ജീവിത ശൈലിയുടെ ശുഷ്‌കതയിൽ നിന്നും വരൾച്ചയിൽ നിന്നും ജീവിതാഘോഷങ്ങളിൽ ഏർപ്പെട്ടു തിമർക്കുന്ന ജനക്കൂട്ടങ്ങളുടെ ഉന്മത്തമായ ഉത്സവങ്ങളുടെ പെരുമഴക്കാലത്തെക്കാണ് ലോകകപ്പ് ദിനങ്ങൾ അവരെ കൊണ്ട് പോകുന്നത്.

ബു സമ്രയിലെ ഖത്തറിന്റെ രാജ്യാതിർത്തിയിൽ വലിയ തമ്പുകളിൽ താത്കാലികമായി തയ്യാറാക്കിയ അനേകം എമിഗ്രെഷൻ കൗണ്ടറുകളിൽ ഒന്നിലൂടെ കടന്നു, അങ്ങേയറ്റം ഹാർദ്ദവമായി സ്വീകരിക്കുന്ന വോളന്റിയർ
മാരുടെ പുഞ്ചിരികൾ തെളിച്ച പാതയിലൂടെ അറബ് സ്വാഗത വ്യാകരണത്തിൽ ഒരുക്കിയ ഷാമിയാനയിലേക്ക് ഞങ്ങൾ മൂന്നുപേർ സംഘം ചെന്ന് നിന്നപാടെ മകൾ നയൻതാര ഷൂട്ട് ചെയ്ത സെക്കന്റുകൾ മാത്രം ദൈര്ഖ്യമുള്ള വീഡിയോയ്ക്ക് അവൾ ഇംഗ്ലീഷിൽ എഴുതിയ അടിക്കുറിപ്പ് ഏകദേശം ഇങ്ങനെയാണ്' നിങ്ങളെ ഫിഫ ഫുട്ബാൾ ജ്വരം ബാധിക്കട്ടെ, ഒരു കിറുക്കൻ അച്ഛൻ വേണം, കൂടെ വരാൻ തുല്യം കിറുക്കുള്ള ചങ്ങാതിയെ കണ്ടെത്തണം, രാജ്യങ്ങൾക്കു കുറുകെ വണ്ടിയോടിക്കാം, അങ്ങിനെ ഇപ്പോൾ ഞങ്ങൾ ഇവിടെയാ...(ദീർഖങ്ങൾ) ണ് .'

പുലർച്ചെ നാലര മണിയ്ക്ക് യാത്ര തിരിച്ചപ്പോൾ മുതൽക്കു അതി വേഗത്തിൽ ഓടുകയായിരുന്ന വണ്ടി ബഹ്‌റൈനും സൗദി അറേബിയയിലെ മരുഭൂമിയും പിന്നിട്ടു 500 കിലോമീറ്റർ സഞ്ചരിച്ചാണ് ഖത്തർ അതിർത്തിയിലേക്ക് കടന്നത്. അവിടെ "നോ മാൻസ് ലാന്റ്' കഴിയുന്നിടത്ത്, കരയിലൂടെ സഞ്ചരിച്ചു ലോകകപ്പു കാണാൻ ഖത്തറിൽ ചെല്ലുന്നവർക്കു വേണ്ടി നിർമ്മിച്ച, ഒരു വലിയ കാർ പാർക്കുണ്ട്. അതിൽ ഇരുപത്തിനാലു മണിക്കൂർ നേരം സൗജന്യമായി വണ്ടി നിറുത്തിയിടാം. അതിനു ശേഷം ഓരോ ദിവസത്തേയ്ക്കും ഇരുപതിനായിരം രൂപയ്ക്കു മേൽ ഒരു തുകയാണ് വാടക. അസംഖ്യം വണ്ടികൾക്ക് നിറുത്തിയിടാൻ സൗകര്യമുള്ള, വളരെ പുതിയതെന്നു തിളങ്ങുന്ന, ആ കാർ പാർക്കിൽ വണ്ടിയിട്ട ഞങ്ങളെ എമിഗ്രെഷൻ തമ്പിലേക്കു സ്‌നേഹപൂർവ്വം നയിക്കാൻ അനേകം പേരുണ്ടായിരുന്നു. വേഗത്തിൽ പൂർത്തിയായ എമിഗ്രെഷൻ നടപടികൾക്ക് പിന്നാലെ അന്നാട്ടു സിമ്മും തന്നു. ഞങ്ങളെ ഷാമിയാനയിലെ ഉപചാരങ്ങളിലേക്ക് നയിച്ചു. നാലുപാടും നോട്ടം പായിക്കുമ്പോൾ നിറഞ്ഞുതെളിഞ്ഞ ആകാശത്തിലോ അകലെക്കടലിലോ കാഴ്ച ചെന്നെത്തുന്ന അബു സമ്രയുടെ പരപ്പിൽ ഖത്തർ വേൾഡ് കപ്പിനു വേണ്ടി മാത്രം ഒരുക്കിയ നിർമ്മിതികളുടെ പുതുക്കശോഭയിൽ ഞങ്ങൾ തിളങ്ങി നിന്നു.

Photo: Fifa World Cup

മുമ്പ് സഞ്ചാരിയായിട്ട് പശ്ചിമേഷ്യയിലെ രാജ്യങ്ങളിലേക്ക് പോയപ്പോൾ ഒരിക്കലും ഈ വിധമൊരു സ്വീകരണം ഉണ്ടായിട്ടില്ല. ടൂറിസം മുഖ്യ വരുമാന സ്രോതസ്സല്ലാത്തതു കൊണ്ട് അതിഥിയെ ദേവനെന്നു കാണുന്ന ഔദ്യോഗിക മനോഭാവവുമില്ല. ഐ.ഡി. കാർഡ് കൈവശം വയ്ക്കാതെ പുറത്തിറങ്ങിയതിനും തെറ്റായ വിലാസത്തിൽ പോയി കാളിംഗ് ബെൽ അടിച്ചതിനും വിദേശി താമസക്കാർക്ക് ജയിൽ വാസം കൊടുത്തിട്ടുണ്ടെന്ന് കഥകൾ പ്രചരിച്ചിരുന്ന നാടുകളാണു. പതിനഞ്ചു വർഷങ്ങൾക്കു മുൻപ് കുടുംബ സമേതം സൗദി അറേബ്യ സന്ദർശിക്കാൻ നടത്തിയ അനവധി ശ്രമങ്ങൾ പരാജയപ്പെട്ടത് രാവിലെ സൗദി അറേബ്യയിലൂടെ യാത്ര ചെയ്യുമ്പോൾ പല തവണ ഓർമ്മിച്ചു. സൗദി അറേബ്യയിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയുടെ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണവുമായാണ് ആദ്യം സന്ദർശന വിസ തേടി സൗദി എംബസ്സിയിൽ പോയത്. തനിയെ പോയിട്ട് വരാൻ മാത്രമേ അനുമതി ഉള്ളെന്നു അവർ തറപ്പിച്ചു പറഞ്ഞു. ആറു മാസം കഴിഞ്ഞപ്പോൾ സെമിനാറിലെ പ്രബന്ധവതാരകന് കുടുംബ സമേതം എത്തിച്ചേരാനുള്ള ക്ഷണപത്രവുമായി വീണ്ടും ചെന്നു. എങ്കിൽ ഭാര്യയേയും കൂട്ടി പൊയ്‌ക്കോളൂ എന്നായി കൊണ്‌സലാർ സെക്ഷൻ ഓഫീസർ. പതിനാലു വയസുകാരിയായ മകളെ തനിയെ ബഹറൈനിൽ നിറുത്തിയിട്ടു പോകണമോ എന്ന എന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അയാൾ വരിയിൽ അടുത്തയാളിന്റെ കാര്യം എടുത്തു. മൂന്നാളും ചേർന്നു ഉമ്രയ്ക്ക്( മക്ക -മദീനയിലേക്കുള്ള ഹജ്ജിനു വേണ്ടിയല്ലാത്ത പ്രാർഥനാ യാത്ര) പോകാൻ പണം കൊടുത്തു രെജിസ്ടർ ചെയ്തിട്ട് ഉമ്രക്കാരുടെ തീർഥാടന വണ്ടിയിൽ കയറാതെ സൗദിയിലെ സ്‌നേഹിതരുടെ ഒപ്പം പോയി മടങ്ങാൻ ഉമ്ര കമ്പനിക്കാരോടും എമിഗ്രെഷനിലും ശുപാർശകൾ ചെയ്താണ് ഒടുവിൽ ആ യാത്ര സാദ്ധ്യമായത്. അന്നാട്ടിൽ കുറെ യാത്രകൾ ചെയ്ത ദിവസങ്ങളിൽ കറുത്ത നിറത്തിലെ ഒരു തുണിക്കെട്ട് ആയി കാറിന്റെ ഒരു മൂലയിൽ വച്ചിരുന്ന മകളാണ് ഈ യാത്രയിൽ ആ രാജ്യാതിർത്തികളിൽ വണ്ടിയോടിച്ചത്. ഖത്തർ വേൾഡ് കപ്പിന്റെ 'ഹയ കാർഡ്', അതു തന്നെയാണ് പ്രവേശനത്തിനുള്ള വിസയും, ചെക്ക് പോയിന്റുകളിൽ അവൾ കാട്ടിക്കൊടുക്കുകയും വിഘ്‌നങ്ങൾ ഏതുമില്ലാതെ കടന്നു പോവുകയും ചെയ്തു.

ഖത്തർ വേൾഡ് കപ്പിന്റെ ചിത്രാലങ്കാരങ്ങൾ ചെയ്ത അനേകം ബസ്സുകൾ അതിഥികളെ ദോഹ നഗരത്തിലേക്ക് കൊണ്ടു പോകാൻ തയ്യാറായി കാത്തു കിടക്കുന്നു. നഗരത്തിലേക്ക് യാത്ര തുടങ്ങുമ്പോൾ പെട്രോൾ പമ്പിനടുത്തുള്ള റൗണ്ട് എബൗട്ടിൽ ബസ്സിറങ്ങണമെന്നും അവിടെ താൻ കാത്തു നിൽക്കുമെന്നുമാണ് സ്‌നേഹിതൻ റഷീദ് അറയ്ക്കൽ പറഞ്ഞിരിക്കുന്നത്. അതിനു ഏതു ബസ്സിലാണ് കയറെണ്ടതെന്നു അന്വേഷിക്കാൻ ഒരു വോളണ്ടിയറെ സമീപിച്ചു ഇംഗ്ലീഷിൽ തുടങ്ങിയപ്പോൾ അദ്ദേഹം കൃത്യമായ അനുശീലനം നേടിയ വിനയാന്വിതമായ ശരീര ഭാഷയിൽ മലയാളത്തിൽ മറുപടി പറഞ്ഞു. ഖത്തറിൽ നിന്നു മടങ്ങും വരെയും ഈ ഫിഫ വേൾഡ് കപ്പിൽ മലയാളത്തിന്റെയും മറ്റു ഇന്ത്യൻ ഭാഷകളുടെയും കര്ത്രത്വപരമായ സാന്നിദ്ധ്യം പ്രകടമായി അനുഭവപ്പെട്ടു. മുമ്പൊരിക്കലും, ഒരു പക്ഷെ ഇനിയൊരിക്കലും, ഒരു ഫുട്‌ബോൾ വേൾഡ് കപ്പിൽ ഉണ്ടാവാത്ത ഇന്ത്യൻ സാന്നിധ്യമാണത് . സംഘാടനത്തിലും കാഴ്ചക്കാരായും ധാരാളം പേർ പങ്കെടുക്കുന്നു. ഫിഫ വേൾഡ് കപ്പെന്നാൽ കാൽപ്പന്തു കളിയിലെ തമ്പുരാക്കന്മാർ തമ്മിലെ മാറ്റുരച്ചു നോക്കൽ മത്സരം ആണെന്ന മുൻ വിധിയോടെ പൊന്നുരുക്കുന്നിടത്ത് നമുക്കെന്തു കാര്യമെന്നു ചിന്തിച്ചു ഖത്തറിലെ ഇന്ത്യാക്കാർ തുടക്കത്തിൽ വേൾഡ് കപ്പുമായി അകലം പാലിച്ചുവെന്ന് സ്റ്റേഡിയത്തിൽ കണ്ടു മുട്ടിയ മേജോയെന്ന ചെറുപ്പക്കാരൻ പറഞ്ഞു. പക്ഷെ സംഭവ പരമ്പരകൾ ചുരുൾ നിവർന്നു തുടങ്ങിയപ്പോഴാണ് തങ്ങളുടെ ചുറ്റിനും നിറവേറപ്പെടുന്നത് വെറും പന്ത് കളി മാത്രമല്ല സാംസ്‌കാരികമായ ഉണർന്നെഴുന്നേൽക്കൽ ആണെന്നും അതു സർഗാത്മകമായ ഭാവുകത്വങ്ങൾ ഉൾചേർന്നതാണെന്നും അവർ കണ്ടറിഞ്ഞത്. മലയാളി ഭൂരിപക്ഷമുള്ള ഖത്തറിലെ ഇന്ത്യൻ സമൂഹം കളികൾ കാണാൻ ടിക്കറ്റ് എടുത്തും വോളണ്ടിയർ കർമ്മങ്ങൾ ഏറ്റെടുത്തും അതിൽ പങ്കു ചേരാൻ അതി വേഗം മുന്നോട്ടിറങ്ങുകയായിരുന്നെന്നു മേജോ പറഞ്ഞു.

ദോഹയിൽ ചെന്നു ചേർന്ന പാടെ ഞങ്ങളുടെ സഹയാത്രികനായ അനൂപിന്റെ പ്രിയസ്‌നേഹിതൻ കൃഷ്ണ പ്രസാദ് വന്നു കൂട്ടുകാരനോട് ഒപ്പം ചേർന്നു. നയൻതാര രണ്ടു ദിവസം ഓൺ ലൈനിൽ തപസ്സിരുന്നു ഘാന ഉറുഗ്വേ കളിയുടെ മൂന്നു ടിക്കറ്റുകൾ നേടിയെടുത്തുവെന്നും ഞങ്ങൾ വെള്ളിയാഴ്ച കളി കാണാൻ വണ്ടിയോടിച്ചു ചെല്ലുന്നുവെന്നും അറിയിച്ചപ്പോൾ ആ കളിയുടെ ടിക്കറ്റ് താനും നേരത്തെ എടുത്തിട്ടുണ്ടെന്നും ഒരുമിച്ചു കളി കാണാമെന്നും കൃഷ്ണ പ്രസാദ് തന്റെ ആഹ്ലാദം അനൂപിനെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ തന്നെയുള്ള ബ്രസീൽ കളിയുടെ ടിക്കറ്റ് നേടാനാണ് ബ്രസീൽ ഫാൻ ആയ നയൻതാര ഉറക്കമിളച്ചു ശ്രമിച്ചത്. പക്ഷെ കിട്ടിയില്ല. ബാല്യം മുതൽക്കെ, ബ്രസീൽ മേന്മകൾ ഓതിക്കൊടുത്തു അവളെ ഒരു ബ്രസീൽ പക്ഷക്കാരിയാക്കി മാറ്റിയ ഞാൻ ഇപ്പോൾ നെയ്മാരുടെ രാഷ്ട്രീയം പറഞ്ഞു കാലുമാറി നിസ്സംഗത നടിക്കുന്നുവെന്നു അവൾ എപ്പോഴും ആരോപിക്കും. ഞങ്ങൾ മൂന്നുപേരും ജനൂപ് സ്റ്റേഡിയത്തിന്റെ ഉള്ളിലെ ആഹ്ലാദാരവങ്ങളിൽ മുങ്ങി കൃഷ്ണ പ്രസാദിനെ കാത്തിരുന്നിട്ടും പുറത്ത് സ്റ്റേഡിയത്തിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന അയാൾ അകത്തു വന്നില്ല. തന്റെ ടിക്കറ്റ് സ്‌കാൻ ചെയ്തപ്പോൾ ക്യു.ആർ കോഡിൽ എന്തോ ശരിയാകാതെ വന്നു. അതു കൊണ്ട് താൻ അകത്തു കയറുന്നില്ല, പുറത്തുണ്ടാവുമെന്നു, കൃഷ്ണ പ്രസാദ് അറിയിച്ചു. കളി കഴിഞ്ഞു പുറത്ത് ചെന്നിട്ടാണ് എന്താണ് ഉണ്ടായതെന്നു ഞങ്ങൾ മനസ്സിലാക്കിയത്. കൃഷ്ണ പ്രസാദ് അകത്തു കയറാൻ തുടങ്ങുമ്പോൾ ഘാനാക്കാരായ ഒരു ദമ്പതികൾ ഓടിക്കിതച്ചെത്തി. അവർക്ക് ഒരു ടിക്കറ്റ് ഉണ്ട്. ഒന്നു കൂടി എങ്ങിനെയും കരസ്ഥമാക്കി സ്വന്തം രാജ്യക്കാരുടെ കളി കാണാമെന്നു കരുതി ഘാനയിൽ നിന്നു വന്ന ഫുട്‌ബോൾ പ്രേമികളാണ്. ഒരു ടിക്കറ്റ് കൂടി നേടാൻ നടത്തിയ ശ്രമങ്ങളിൽ ആണു കൃഷ്ണ പ്രസാദ് അവരെ ശ്രദ്ധിക്കുന്നത്. എങ്കിൽ അവർക്കാണ് കളി കാണാൻ കൂടുതൽ യോഗ്യതയെന്ന് നിശ്ചയിച്ച കൃഷ്ണ പ്രസാദ് തന്റെ ടികറ്റ് അവർക്ക് കൊടുത്തിട്ടു ജനൂപ് സ്റ്റേഡിയത്തിനു വെളിയിൽ ഞങ്ങൾ കളി കണ്ടിറങ്ങും വരെ കാത്തു നിന്നു. അത്രമേൽ അഗാധമായിട്ട് നമ്മുടെ സ്വന്തം വേൾഡ് കപ്പ് എന്നു അവരെല്ലാം കൈക്കൊണ്ടിരിക്കുന്ന മനോഭാവത്തിലേക്ക് ഞങ്ങളുടെയും മനസൊരുങ്ങിയത് അതിവേഗമാണ്.

സാമ്പത്തിക ശേഷി, സംഘാടന വൈഭവം, വിഭവ സമൃദ്ധി തുടങ്ങി അനേകം കാരണങ്ങളാൽ ഇന്നോളം ഫിഫ വേൾഡ് കപ്പുകൾക്ക് ആതിഥേയരായത് വലിയ രാജ്യങ്ങളാണ്. ഭൂമിശാസ്ത്രപരമായി അതി വിസ്തൃതിയുള്ള ആ രാജ്യങ്ങളിലെ ആയിരക്കണക്കിനു മൈലുകളുടെ അകലമുള്ള പ്രധാന നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് പന്തുകളി നടക്കുക. എത്ര വലിയ പന്ത് കളി ജ്വരം പേറി നടക്കുന്നയാളായാലും ഒരാൾക്ക് എല്ലാ സ്റ്റേഡിയങ്ങളിലും പോയി എല്ലാ കളികളും കാണാൻ പ്രായോഗികമായി സാധ്യമാവില്ല. കളി അനുബന്ധ ആഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും എത്ര തന്നെ സാരവത്തും പകിട്ടേറിയതും ആയാലും വലിയ രാജ്യത്തെ വലിയ നഗരത്തിലെ ഒരു പരിപാടി എന്ന നിലയിൽ ഉദിച്ചസ്തമിക്കും. ഒരു ആസ്വാദകന് എല്ലായിടങ്ങളിലും പോയി അതനുഭവിക്കുവാൻ ആവില്ല. ഖത്തറിൽ രൂപം കൊണ്ടത് മറ്റൊരു ചിത്രമാണ്. രാജ്യത്തിന്റെ രണ്ടറ്റങ്ങളുടെയിടയിലെ ആകെ ദൂരം ഇരുനൂറു കിലോമീറ്റർ മാത്രമായിരിക്കുകയും മഹാനഗരം ഒന്നു മാത്രം ഉണ്ടാവുകയും ചെയ്ത സവിശേഷ ഭൂപ്രകൃതിയിൽ നാല് വലിയ കളിക്കളങ്ങളും ആ നഗര പാർശ്വങ്ങളിൽ തന്നെ സംഭവിച്ചു. ഒരു വേൾഡ് കപ്പിലെ ധാരാളം കളികൾ ഒരു കളി ആരാധകൻ കാണുകയെന്നത് പ്രായോഗികമായത് ആദ്യമായി ഖത്തർ വേൾഡ് കപ്പിലാണ്. ഫാൻ ക്ലബ്ബുകളുടെ ആഘോഷങ്ങളും സാസ്‌കാരിക പരിപാടികളും ദോഹ നഗരത്തിന്റെ പലയറ്റ ങ്ങളിൽ സംഭവിക്കുന്നതിനാൽ ഒരാളിനു ഒരിടത്ത് നിന്നും മറ്റൊരിടത്തെയ്ക്ക് പോയി പലതിൽ പങ്കു ചേരാൻ എളുപ്പമായി. കളി കാണാനായും ടീമുകളെ പിന്തുണയ്ക്കാനുമായി ലോകത്തിലെ വിവധ രാജ്യങ്ങളിൽ നിന്നു വന്നു ചേർന്ന അതിഥികളുടെ സാന്നിധ്യവും അതേ നഗരത്തിൽ തന്നെ ആയപ്പോൾ ദോഹ നഗരം വേൾഡ് കപ്പ് കൊണ്ട് നിറഞ്ഞു, സാന്ദ്രമായി. അതും ഫിഫ വേൾഡ് കപ്പുകളുടെ ചരിത്രത്തിലെ പുതുമയാണ്. പന്ത് കളിയെ അമിതമായി സ്‌നേഹിച്ചിട്ടില്ലാത്ത താൻ ഖത്തർ വേൾഡ് കപ്പിന്റെ ആരാധകനായി മാറിയത് കളിക്കളത്തിനു വെളിയിൽ അരങ്ങേറുന്ന സാംസ്‌കാരിക അനുഭവങ്ങൾ കാരണം ആണെന്നും സംഭവിക്കുന്നത് യുഗ സംക്രമണം ആണെന്നും റഷീദ് അറയ്ക്കൽ പറഞ്ഞു സ്ഥാപിച്ചു. ഖത്തറിലെ നാല് സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന, രാജ്യങ്ങൾ തമ്മിലെ ഫുട്‌ബോൾ കളിയാണ് ബീജ കേന്ദ്രങ്ങൾ എങ്കിലും ഖത്തർ ഫിഫ വേൾഡ് കപ്പ് 2022 അന്നാട്ടിൽ ആവിഷ്‌കരിക്കുന്നത് ഒരു ജനതയുടെ ഭാവുകത്വ പരിണാമമാണ്. യാഥാസ്ഥിതികമായ പൊതു ധാരകൾ ജീവിത രീതിയാക്കി സ്വകാര്യതകളെ ധാരാളമായി പരിപാലിച്ചിരുന്ന ഒരു അതി സമ്പന്ന രാജ്യത്തെ പ്രജകൾ എന്ന, ഇന്നോളം അനുവർത്തിച്ച ജീവിത ശൈലിയുടെ ശുഷ്‌കതയിൽ നിന്നും വരൾച്ചയിൽ നിന്നും ജീവിതാഘോഷങ്ങളിൽ ഏർപ്പെട്ടു തിമർക്കുന്ന ജനക്കൂട്ടങ്ങളുടെ ഉന്മത്തമായ ഉത്സവങ്ങളുടെ പെരുമഴക്കാലത്തെക്കാണ് ലോകകപ്പ് ദിനങ്ങൾ അവരെ കൊണ്ട് പോകുന്നത്. ഫാൻ ഫെസ്ടിവലുകളും അവയുടെ രാത്രിയാഘോഷങ്ങളും ഗ്രൗണ്ടിലെ പന്ത് കളികളേയും കടന്നു മുന്നോട്ടു പോയി. തുടക്കത്തിൽ മാറി നടന്നവരുടെയും അറച്ചു നിന്നവരുടെയും ആന്തരികമായ നിരോധ പ്രവണതകൾ മെല്ലെ കെട്ടടങ്ങുകയും ജനങ്ങൾ ഫുട്‌ബോൾ മാമാങ്കത്തിന്റെ ഘോഷയാത്രയിൽ പങ്കെടുത്തു തുടങ്ങുകയും ചെയ്തുവെന്നു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

വെസ്റ്റ് ബേയിലെ വീട്ടിൽ നിന്നും അടുത്ത് തന്നെയുള്ള DECC മെട്രോ സ്റ്റേഷൻ കാട്ടിത്തരാൻ റഷീദ് ഞങ്ങളെ കൊണ്ടുപോകുമ്പോൾ ആറു മണിക്കുള്ള കളിയ്ക്ക് എന്തിനാണ് രണ്ടു മണിയ്ക്ക് തന്നെ പോകുന്നതെന്നു ഞങ്ങൾക്ക് മനസ്സിലായില്ല. "കളിയേക്കാൾ ഗംഭീരമാണ് കളിയിലെക്കുള്ള പാതകൾ' എന്നായിരുന്നു മറുപടി.' ഇനി എന്റെ ആവശ്യമില്ല, നിങ്ങൾ കളി കണ്ടു പുതിയ ഉണർവുമായി ഇവിടെ തന്നെ മടങ്ങിയെത്തും എന്നു എനിക്കുറപ്പുണ്ട്' മെട്രോ കവാടത്തിൽ ഞങ്ങളെ വിട്ടു അദ്ദേഹം മടങ്ങിപ്പോയി.

ഭൂമിയിലെ അനേകം രാജ്യങ്ങളുടെ ഒരു സമ്മേളനത്തെ പെട്ടെന്ന് ഓർമ്മിപ്പിക്കും വിധത്തിൽ പതാകകളുടെ വർണ്ണങ്ങളിലും അടയാളങ്ങളിലും തയ്‌ച്ചെടുത്ത മേലങ്കികൾ സാധാരണ വസ്ത്രം പോലെ ചൂടിയ ആണും പെണ്ണും സവിശേഷമായി എന്തെങ്കിലും ചെയ്യുന്നുവെന്ന ബോധം പോലും പ്രകടിപ്പിക്കാതെ അവിടെല്ലാം നടക്കുന്നത് മെട്രോ സ്റ്റേഷനിൽ കടന്നപ്പോൾ തന്നെ കാണാനായി. താനിഷ്ടപ്പെടുന്ന ടീം രാജ്യത്തിന്റെ പതാക മാതൃകയിലെ കുപ്പായമൊ, മേലങ്കിയോ അല്ലെങ്കിൽ പതാക തന്നെയോ തങ്ങളുടെ സ്വാഭാവിക വേഷവിധാനം പോലെ അവരുടെ സഹജമായ ശരീര ഭാഷയിൽ ആയിത്തീർന്നതിലെ സ്വീകരിക്കൽ ശ്രദ്ധിക്കാതിരിക്കാൻ ആവില്ല. അവർ വേറെ ഓരോന്നിൽ വ്യാപ്രുതരായി അവിടെല്ലാം നിറഞ്ഞിരിക്കുന്നു. ജുനൂബ് സ്റ്റേഡിയത്തിലേക്ക് എത്താനായി വക്രയിലെക്കു പോകുന്ന മെട്രോയിൽ ഞങ്ങൾ ചെന്നിരുന്ന പ്രക്രിയയെ ഒരു സ്വീകരണപ്പന്തലിൽ അതിഥികളെ ആനയിച്ചിരുത്തുന്ന രീതിയോട് മാത്രമേ സമീകരിക്കാനാവൂ.

മെട്രോ ട്രെയിൻ സീറ്റിൽ ലോകത്തിലെ സകല വർഗ വർണ്ണങ്ങളിലെയും ആണും പെണ്ണും മനുഷ്യരോട് കലർന്നാണിരുന്നത്. ട്രെയിൻ വിട്ടപ്പോൾ തന്നെ ആഫ്രിക്കക്കാരായ ഒരു സംഘം യുവാക്കൾ എഴുന്നേറ്റു ഘാനയുടെ പതാക വിടർത്തി അതിനു പിന്നിൽ കൂടി നിന്നു ആഫ്രിക്കൻ താളത്തിലെ പാട്ടുകൾ പാടിത്തുടങ്ങി. ഘാന ടീമിന് വിജയം നേരുന്നതാകാം ആ ഗാനങ്ങൾ. സംഘം വലുതായി പാട്ടും നൃത്തവും ചടുല താളത്തിൽ മുറുകവേ, തൊട്ടു മുന്നിൽ ഇരുന്ന മധ്യവയസ്‌കനും ഒപ്പമുള്ള സ്ത്രീയും എഴുന്നേറ്റു . ലാറ്റിൻ അമേരിക്കൻ മുഖമുള്ള ആ മനുഷ്യരുടെ ഹിസ്പാനിക് സംഭാഷണ ശകലങ്ങൾ നേരത്തെ ശ്രദ്ധിച്ചിരുന്നു. കയ്യിലെ തുണി സഞ്ചിയിൽ പല തവണ മടക്കി ചെറുതാക്കി അവർ സൂക്ഷിച്ചിരുന്ന ഒരു വലിയ ഉറുഗ്വേ പതാക അവർ രണ്ടു പേർ മാത്രം ചേർന്നു വിടർത്തുമ്പോൾ അരികത്തിരുന്ന ഞങ്ങളും അറ്റങ്ങൾ പിടിച്ചു സഹായിച്ചു. അവർ ഘാനക്കാരോടൊപ്പം അവരുടെ പതാകയും വിടർത്തി ചേർന്നു നിന്നു ഒരുമിച്ചു പാടി. പാട്ട് അവരുടെ ഭാഷയിലേതു ആയിരുന്നു. ആളെണ്ണവും താളക്കൊഴുപ്പും അവർക്ക് കുറവായതിനാൽ ഉയർന്നു നിന്നത് ആഫ്രിക്കൻ പാട്ടും താളവുമാണ്. തൊട്ടടുത്ത സീറ്റിൽ നിന്നെഴുന്നേറ്റു വന്ന വടക്കേ ഇന്ത്യൻ യുവാവും യുവതിയും അവരുടെ കുഞ്ഞു മകളും നൃത്തത്തിനു ബോളിവുഡ് ഛായ കലർത്തി. പിന്നെയും പലരും വന്നു ചേരുകയും ഒരു ട്രെയിൻ ബോഗിയുടെ സീറ്റുകൾക്കിടയിലെ ചെറിയ സ്ഥലത്ത് ഐക്യ രാഷ്ട്ര മനുഷ്യ ഗാനം ഉണ്ടാവുകയും ചെയ്തു. ജീവിതത്തിലെ അസുലഭമായ ഒരു മുഹൂർത്തമാണ് കടന്നു പോകുന്നത് എന്നോർമ്മിച്ചു അതിന്റെ ഫോട്ടോ എടുക്കാൻ ഇടം കിട്ടാതെ ലയിച്ചിരുന്നു പോയി.

മെട്രോയിൽ യാത്ര ചെയ്തു എത്തിച്ചേരുന്ന നാല്പതിനായിരത്തിൽ അധികം കാഴ്ചക്കാരെ ജനൂബ് സ്റ്റേഡിയത്തിൽ എത്തിക്കുവാൻ ഏർപ്പാടാക്കിയിട്ടുള്ള അനേകം ബസ്സുകൾ നിറുത്തിയിട്ടിടത്തെക്കു മെട്രോ ഇറങ്ങി നടന്നതും ബസ്സിൽ യാത്ര ചെയ്തു സ്റ്റേഡിയത്തിനു വെളിയിൽ അകലെയായി പണി കഴിപ്പിച്ച ബസ് കേന്ദ്രത്തിൽ എത്തിയതും ബസ്സിറങ്ങി സ്റ്റേഡിയത്തിലേക്ക് നടന്നു പോയതും ഒന്നും അറിഞ്ഞതേയില്ല. ജനൂബ് സ്റ്റേഡിയം വളപ്പിൽ സൗഹൃദ ഭാവം മാത്രമണിഞ്ഞ പല രാജ്യ മനുഷ്യരോട് കലർന്നു തോളുരുമ്മി, പാട്ടുകളുടെയും നൃത്തങ്ങളുടെയും ഓരം ചേർന്നു, ആൾക്കൂട്ടത്തിൽ ഒഴുകുകയായിരുന്നു. നല്ല ദൂരം നടന്നെങ്കിലും നടന്നുവെന്ന് അറിയിക്കാതെ കൊണ്ടു പോകുന്ന ജാല വിദ്യയാണ് പാട്ടും താളവും മനുഷ്യ സംഗമവും ചേർന്നു സൃഷ്ടിച്ചത്. ഞങ്ങൾക്കനുഭവപ്പെട്ട ആ വൈകാരികതയുടെ വിസ്തൃത രൂപങ്ങളാണ് ഖത്തറിന്റെ ആകാശങ്ങളിൽ മഴവില്ല് വിരിയിച്ചിരിക്കുന്നത്.

ഘാനയും ഉറുഗ്വെയും ലോക കപ്പിൽ ഫുട്‌ബോൾ കളിക്കുന്നത് സ്റ്റേഡിയത്തിൽ ഇരുന്നു കണ്ടത് ഏറെ വൈകാരികമായ ഒരനുഭവമായിരുന്നു. ഗ്രൗണ്ടിൽ ഇരുപത്തിരണ്ടു കളിക്കാരും റഫറിമാരും ചേർന്നു നടത്തുന്ന ഒരു മത്സരമായാണ് ഇന്നോളം ടിവിയിൽ കണ്ട കളികളെ ആസ്വദിച്ചത്. സ്റ്റേഡിയത്തിൽ അതങ്ങനെ ആയിരുന്നില്ല. നാല്പത്തി മൂവായിരമെന്നോ മറ്റൊ എഴുതിക്കാണിച്ച ജന സഞ്ചയം മുഴുവനും കളിയിൽ പങ്കെടുക്കുന്നതായും ആ പങ്കെടുക്കലിന്റെ കൂടി സ്വാധീനമുള്ള കളി ഫലം ഉണ്ടാവുന്നതായും അനുഭവപ്പെട്ടു. തങ്ങളുടെ രാജ്യം പന്തുമായി മുന്നേറുമ്പോൾ ആരവമുയർത്തി
ഒപ്പം പോകുന്നവരെയും സാക്ഷാത്കാരം സംഭവിക്കാതിരിക്കുംപോൾ നഷ്ടബോധം തളർത്തുന്ന മനുഷ്യരെയും അരികത്തിരുന്നു കണ്ടു. അതേ സമയം തൊട്ടരികിൽ വിജയാരവം ഉയർത്തുന്നവരോട് പകയേതും ഇല്ലാതിരിക്കാൻ കഴിയുന്ന, ആക്രോശവുമായി പകവീട്ടാൻ പോവുകയോ ജയം തട്ടിയെടുക്കാൻ പുറപ്പെടുകയോ ചെയ്യാത്ത മനുഷ്യരെ കണ്ടു. തങ്ങളുടെ ടീമിന്റെ കാലിൽ പന്തെങ്ങാനും വന്നു ചേർന്നാൽ മോഹഭംഗം വെടിഞ്ഞു വീണ്ടും ആശ നിറച്ചു ഉത്സാഹം പൂണ്ടവരായി മാറുന്ന പാവം മനുഷ്യരെ കണ്ടു. ഘാനയുടെ ഫുട്‌ബോൾ ടീമിന് ഒരു സ്റ്റാർ കളിക്കാരൻ ഉണ്ടായിരുന്നെങ്കിൽ സാക്ഷാത്കരിക്കുമായിരുന്ന എത്രയോ ഗോളുകൾ സംഭാവിക്കാഞ്ഞത് കണ്ടു .
കളി തീർന്നപ്പോൾ ജയിച്ച പക്ഷത്തെയും തോറ്റ പക്ഷത്തെയും ആരാധകർ അന്യരാജ്യ പ്രജകളെ കെട്ടിപ്പിടിക്കുന്നതു കണ്ടു. ഘാനക്കാരെയും ഉറു ഗ്വേക്കാരെയും പിന്നെ എന്നെയും ചേർത്ത് തന്റെ ചൈനാ പതാകയുടെ പിന്നിൽ നിറുത്തി ഫോട്ടോ എടുപ്പിച്ച ചൈനീസ് വൃദ്ധനെ കണ്ടു.

രാജ്യത്തിന്റെ സ്വാഭാവികമായ ദൈനം ദിന വ്യാപാരങ്ങളും ദിനസരി പ്രവൃത്തി ശീലുകളും അതിന്റെ നിബന്ധനകളിൽ വ്യത്യാസമൊന്നുമില്ലാതെ അവിടെ നടന്നു പോകുന്നുണ്ടെന്ന് സ്‌നേഹിതർ പറഞ്ഞു. ഒരാൾ മാത്രം ഒരു വണ്ടിയിൽ ജോലി സ്ഥലങ്ങളിലേക്ക് പോകുന്ന ശീലമുള്ള ഒരു ജനതയാണ്. അസംഖ്യം അതിഥികൾ വന്നു ചേർന്നിട്ടും അവരുടെ ജീവിത ക്രമം ഭംഗങ്ങൾ ഒന്നുമില്ലാതെ തുടരുവാനായി വേൾഡ് കപ്പ് യാത്രക്കാർക്ക് വേണ്ടി ഒരുക്കിയ സമാന്തര പാതയെ അഭിനന്ദിച്ചേ മതിയാകൂ. കളി കാണാൻ ആ വഴി ദൂരമെല്ലാം തോളോട് തോൾ ചേർന്നു താണ്ടുന്ന മനുഷ്യ സഞ്ചയം സമത്വ സന്ദേശം കൂടി പ്രഖ്യാപിക്കുന്നുണ്ട്. കളി കഴിഞ്ഞു മടങ്ങുമ്പോൾ ഊർജ്ജം തീർന്നു ക്ഷീണിതരായ മനുഷ്യർ, അങ്ങോട്ട് പോകുമ്പോഴുള്ള പ്രസരിപ്പ് ഇല്ലാതെ, ആ ദൂരങ്ങൾ മുഴുവൻ തിരിയെപ്പോകുന്ന പ്രകൃയ ക്ലേശപൂർണ്ണം ആകേണ്ടതാണ്. പക്ഷെ അങ്ങനെ അല്ല അനുഭവപ്പെട്ടത്. കളിയിൽ തോറ്റ ഘാനയുടെ ആരാധകർ സ്റ്റേഡിയം വളപ്പിൽ വലിയ സംഘങ്ങളായി ഡി.ജെ പാർട്ടികൾ നടത്തുന്നുണ്ടായിരുന്നു. ഞങ്ങൾക്കിനി സെനഗൽ ഉണ്ടല്ലോ എന്നു അർഥം വരുന്ന വരികൾ അവരുടെ പാട്ടുകളിൽ ഉണ്ടെന്നു തോന്നി. മനുഷ്യർ ഉപാധികളില്ലാതെ ആലിംഗനം ചെയ്യുന്നതും തോറ്റവരും ജയിച്ചവരും എല്ലാം ഒന്നായി സംഗമിക്കുന്നതും മനുഷ്യരെല്ലാവരും ചേർന്നു നടക്കുന്നതും കാണുന്നതു ഒരാൾക്ക് ഊർജ്ജം പകരും. നടവഴികളുടെ വളവിലും തിരിവുകളിലും മെട്രോയിലും ബസ്സിലും പാട്ടു സംഘങ്ങൾ ഉണ്ടായിരുന്നു , നൃത്തങ്ങൾ ഉണ്ടായിരുന്നു, പതാകകളും സംസ്‌കാരങ്ങളുടെ മോട്ടീഫുകളും അണിഞ്ഞവർ ഉണ്ടായിരുന്നു, ഇത് വഴി പോകൂ എന്നു ചിരിയോടെ പറയുന്ന ആണും പെണ്ണും ഉണ്ടായിരുന്നു. അതു നൽകുന്ന പ്രത്യാശ ഒരാളെ ക്ഷീനിതനാകാതെ മുന്നോട്ടു കൊണ്ടുപോകും . എട്ടു മണിക്ക് കളി കഴിഞ്ഞിട്ട് ഞങ്ങൾ DECC യിൽ മെട്രോയിറങ്ങി റഷീദിന്റെ വീട്ടിലേക്കു നടക്കുമ്പോൾ സമയം പതിനൊന്നു മണിയാകുന്നു. അപ്പോഴും തെരുവിലെ രാത്രിയ്ക്ക് നവയവ്വനമാണെന്നു കണ്ടു കണ്ടാണ് ഞങ്ങൾ നടന്നത്. ഞങ്ങൾ കണ്ടത് ഒരു കളി മാത്രമാണെന്നും ഖത്തർ വേൾഡ് കപ്പ് നഗരത്തിലെ കുറെ ഇടങ്ങളിൽ അരങ്ങേറുന്ന സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും ആണെന്നും അതു കൂടി കണ്ടിട്ടേ മടങ്ങാവൂ എന്നും റഷീദും കുടുംബവും മറ്റു സ്‌നേഹിതരും നിർബന്ധിച്ചു. പക്ഷെ ബഹറൈനിൽ മടങ്ങിയെത്തി ശനിയാഴ്ച ചെയ്യേണ്ടുന്ന കാര്യങ്ങൾ മാറ്റി വയ്ക്കാനാവത്തതിനാൽ ആ രാത്രിയിൽ തന്നെ മടക്ക യാത്ര ചെയ്യണമെന്നു ഞങ്ങൾ തീരുമാനിച്ചത് മനസ്സില്ലാ മനസ്സോടെയാണ്. (വൈബ് എന്നു ഇക്കാലത്ത് പരക്കെ ഉപയോഗിക്കപ്പെടുന്ന വാക്ക് മനപ്പൂർവം മാറ്റി വയ്ക്കുന്നു.) കിടന്നുറങ്ങാതെ, രാവിന്റെ വൈകിയ യാമങ്ങളിൽ, മരുഭൂമിയുടെ മാറിലൂടെ വണ്ടിയോടിച്ചു മടങ്ങാൻ മനശക്തി പകരുന്നത്രയും ഉന്മേഷവും അഭിനിവേശവുമാണ് ആ ദിവസം ഞങ്ങളിൽ നിറച്ചത്.

Comments