truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
modi

National Politics

'മോദിത്തുടര്‍ച്ച' അസാധ്യമാക്കുന്ന
ചില സാധ്യതകള്‍

'മോദിത്തുടര്‍ച്ച' അസാധ്യമാക്കുന്ന ചില സാധ്യതകള്‍

2024 ലെ തെരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി സ്ഥാപിച്ചുറപ്പിക്കപ്പെടുന്ന തുടര്‍വിജയം എന്ന കാമ്പയിനെ ഒരു കെട്ടുകഥയാക്കാന്‍ പോന്ന രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഇനി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതൃത്വങ്ങള്‍ പ്രകടിപ്പിക്കേണ്ടത്

8 Dec 2022, 06:36 PM

കെ. കണ്ണന്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍, തുടര്‍ച്ചയായി ഏഴാം തവണയും നേടിയ ജയം മുന്നില്‍വച്ച്, 2024ല്‍ കേന്ദ്ര ഭരണത്തില്‍ ഒരു ‘മോദിത്തുടര്‍ച്ച' പ്രവചിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അത്, ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കും ഡല്‍ഹി കോര്‍പറേഷനിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെയും യു.പിയിലും ബിഹാറിലും രാജസ്ഥാനിലും ഒഡീഷയിലും ഛത്തീസ്ഗഡിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഫലത്തെ തമസ്‌കരിക്കുന്ന ഒരു വ്യാജ കാമ്പയിന്‍ കൂടിയാണ്. കാരണം, ഗുജറാത്ത് ഒഴികെ, തെരഞ്ഞെടുപ്പ് നടന്നിടങ്ങളിലെല്ലാം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേടിയ ജയം മാത്രമല്ല, അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന ഏഴ് ഉപതെരഞ്ഞെടുപ്പുകളില്‍ ഒരിടത്തും ബി.ജെ.പിക്ക് ജയിക്കാനായില്ല. യു.പിയിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.പി- ആര്‍.എല്‍.ഡി സഖ്യമാണ് ജയിച്ചത്. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ എസ്.പിയുടെ ഡിപിള്‍ യാദവാണ് ജയിച്ചത്. സംഘടനാപരമായി ഏറ്റവും തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ പോലും കോണ്‍ഗ്രസും സംസ്ഥാന പാര്‍ട്ടികളും നേടുന്ന ഓരോ ജയവും, ബി.ജെ.പിക്കെതിരായ ജനവികാരമായി വേണം പരിഗണിക്കാന്‍.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

‘നമ്മള്‍ സൃഷ്ടിച്ച ഗുജറാത്ത്'

ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്, 156 സീറ്റും 52.7ശതമാനം വോട്ടും. കഴിഞ്ഞ തവണ 99 സീറ്റില്‍ ബി.ജെ.പിയെ പിടിച്ചുകെട്ടിയ കോണ്‍ഗ്രസിന് വെറും 17 സീറ്റും 27 ശതമാനം വോട്ടും. അക്കൗണ്ട് തുറന്ന ആം ആദ്മി പാര്‍ട്ടിക്ക് അഞ്ചുസീറ്റും 13 ശതമാനം വോട്ടും.

ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്നുണ്ടായ സഹതാപതരംഗത്തിന്റെ പശ്ചാത്തലത്തില്‍, 1985ല്‍,  മാധവിസിങ് സോളങ്കിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റിന്റെ റെക്കോര്‍ഡാണ് ബി.ജെ.പി തകര്‍ത്തത്. വംശഹത്യക്കുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇതിനുമുമ്പ് ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചത്, 127 സീറ്റ്. പിന്നീടുനടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സീറ്റ് കുറഞ്ഞുവരികയായിരുന്നു. 2017ല്‍ അത് 99ലേക്ക് ചുരുങ്ങുകയും ചെയ്തു.
ഇത്തവണ, സംസ്ഥാനത്തെ എല്ലാ മേഖലകളിലും ബി.ജെ.പി സമ്പൂര്‍ണ ആധിപത്യമാണ് നേടിയത്. 54 സീറ്റുള്ള സൗരാഷ്ട്ര, കച്ച് മേഖല, 35 സീറ്റുള്ള തെക്കന്‍ ഗുജറാത്ത്, 32 സീറ്റുള്ള വടക്കന്‍ ഗുജറാത്ത്, നഗരമേഖലകളടങ്ങുന്ന, 61 സീറ്റുള്ള മധ്യ ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി ആധിപത്യം നേടി.

bjp
photo: BJP Gujarat/ facebook page

മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഇത്തവണ രൂക്ഷമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് കാമ്പയിനില്‍ വ്യക്തമായിരുന്നു. ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാറിനെതിരെ
സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, ആദിവാസികള്‍, അധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളിലും ജീവനക്കാരും തൊഴിലാളികളും സമരരംഗത്തയിരുന്നു. ഈ അസംതൃപ്തി മുന്നില്‍ കണ്ടുള്ള വെല്‍ഫെയര്‍ പ്രഖ്യാപനങ്ങളാണ് യഥാര്‍ഥത്തില്‍, കാമ്പയിനില്‍ ആം ആദ്മി പാര്‍ട്ടിയെ സ്വീകാര്യമാക്കിയത്. എന്നാല്‍, വോട്ടിംഗ് പാറ്റേണിനെ തീരുമാനിക്കുന്ന വോട്ടുബാങ്ക് രൂപീകരണം അടക്കമുള്ള തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ മാനേജുമെന്റില്‍ ബി.ജെ.പിയെ കടത്തിവെട്ടാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഗുജറാത്ത് തെളിയിക്കുന്നു.

ALSO READ

ഗുജറാത്ത്​, ഹിമാചൽ: പ്രധാന കളിക്കാർ ആര്​?

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടിക്കൊടുക്കാനിടയാക്കിയ സാമുദായിക- ജാതി സമവാക്യങ്ങളെ പിളര്‍ത്താനും അവയിലേക്ക് കടന്നുകയറാനും ഇത്തവണ ബി.ജെ.പിക്ക് നിഷ്പ്രയാസം കഴിഞ്ഞു. പട്ടേല്‍ സമുദായത്തെയും കഴിഞ്ഞതവണ കോണ്‍ഗ്രസ് മുന്നേറ്റത്തെ സഹായിച്ച ദലിത്- ഒ.ബി.സി വിഭാഗങ്ങളെയും ഭിന്നിപ്പിച്ച്, അവരുടെ  ‘രക്ഷകരായി' ചമയാന്‍ ബി.ജെ.പിക്കായി. കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്ന ഗോത്രമേഖലകള്‍ പോലും ഇത്തവണ ബി.ജെ.പി തൂത്തുവാരി. ഈ മേഖലകളില്‍, 1950നുശേഷം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസിന്റേത്‌. ട്രൈബല്‍ ബെല്‍റ്റില്‍ 27 സീറ്റുണ്ട്. ആകെ ജനസംഖ്യയുടെ 15 ശതമാനം, 89.17 ലക്ഷമാണ് ഗുജറാത്തിലെ ആദിവാസി ജനസംഖ്യ. 2017ല്‍, 27ല്‍ 15 സീറ്റാണ് കോണ്‍ഗ്രസ് നേടിയത് എങ്കില്‍, ഇത്തവണ 24ലും ബി.ജെ.പി ആധിപത്യം പുലര്‍ത്തി.

gujarath
  ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി

ഇന്ത്യയില്‍ തന്നെ, ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഏറ്റവും രൂക്ഷമായ വര്‍ഗീയവല്‍ക്കരണത്തിന് വിധേയമാക്കപ്പെടുന്ന വോട്ടിംഗ് പാറ്റേണാണ് ഗുജറാത്തിലേത്. ‘നമ്മളാണ് ഗുജറാത്തിനെ സൃഷ്ടിച്ചത്' എന്നായിരുന്നു ഇത്തവണ നരേന്ദ്ര മോദി മുന്നോട്ടുവച്ച കാമ്പയിന്‍ വാചകം. ‘നമ്മൾ സൃഷ്​ടിച്ച ഗുജറാത്ത്​’ എന്നത്​ തീര്‍ച്ചയായും 2002ലെ, മുസ്‌ലിംകള്‍ക്കെതിരായി സംഘടിപ്പിച്ച വംശഹത്യയെ ഓര്‍മിപ്പിക്കുന്ന ഒന്നായിരുന്നു. ഹിന്ദുത്വ വർഗീയതയുടെ ഒരു മോഡൽ സ്​റ്റേറ്റ്​. 2002ല്‍ മോദി അസ്ഥിവാരമിട്ട ആ മോഡൽ സ്​റ്റേറ്റ്​, പിന്നീട് വികസനത്തിന്റെ മാതൃകയായി സ്ഥാപിക്കപ്പെട്ടു. അടിസ്ഥാന ജനവിഭാഗങ്ങളുടെ നിലനില്‍പ് തന്നെ നിഷേധിക്കുന്ന കോര്‍പറേറ്റിസത്തിന്റെ പ്രയോഗഭൂമിയായി ഗുജറാത്ത് മാറി. ഇതെല്ലാം, വംശഹത്യാനന്തര തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ സമര്‍ഥമായി ഉപയോഗിക്കപ്പെട്ടു.

ഇത്തവണ, മോദിയും അമിത് ഷായും നേരിട്ടുതന്നെയാണ് കാമ്പയിന്‍ നയിച്ചത്. ബൂത്ത് ലെവല്‍ തയാറെടുപ്പുകള്‍, തെരഞ്ഞെടുപ്പ് റാലി നടത്താനുള്ള സ്‌പോട്ടുകള്‍ തെരഞ്ഞെടുക്കുന്നത്, വീടുകയറി പ്രചാരണം, കാമ്പയിന്‍ ടൂളുകള്‍ തുടങ്ങിയവയെല്ലാം അമിത്ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഭരണവിരുദ്ധവികാരം മറികടക്കാന്‍ 41 സിറ്റിംഗ് സീറ്റുകളിലെ എം.എല്‍.എമാരെ മാറ്റി പുതുമുഖങ്ങളെ നിയോഗിച്ചു. അത് വലിയ വിമതപ്രശ്‌നമായി മാറുമെന്ന പ്രവചനങ്ങളെല്ലാം, സംഘടനാ ഇടപെടലുകളിലൂടെ മറികടക്കാനായി. മോദി പയറ്റുന്ന ‘ഡബ്ള്‍ എഞ്ചിന്‍' വികസനതന്ത്രം കാമ്പയിനിലെ പ്രധാന കുന്തമുനയായിരുന്നു. അത്, അസംതൃപ്തരായ വലിയൊരു വിഭാഗത്തെ ആകര്‍ഷിച്ചിരിക്കണം.

അപ്രത്യക്ഷമായ കോണ്‍ഗ്രസ്, കയറിവന്ന ആപ്പ്

ദശാബ്ദത്തിലാദ്യമായാണ് കോണ്‍ഗ്രസിന്റെ വോട്ടുശതമാനം 30ല്‍ താഴെ വരുന്നത്. ഈ തകര്‍ച്ച പാര്‍ട്ടി കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്തതുമാണ്. കഴിഞ്ഞ തവണ നേടിയ 77 സീറ്റില്‍നിന്ന് മുന്നേറാനുള്ള എല്ലാ സാഹചര്യവും ഇത്തവണ ഗുജറാത്തിലുണ്ടായിരുന്നു. ഭരണവിരുദ്ധവികാരം മാത്രമല്ല, 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിയെടുത്ത, അടിസ്ഥാന വിഭാഗങ്ങളുടെ കോമണ്‍ പ്ലാറ്റുഫോമിന് നല്ലൊരു തുടര്‍ച്ചയുണ്ടാകാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. ആദിവാസികളും കര്‍ഷകരും അടക്കമുള്ളവരുടെ പ്രതിഷേധങ്ങളെ ഏറ്റെടുത്ത് ഒരു രാഷ്ട്രീയപ്രതികരണമായി വികസിപ്പിക്കാനും കോണ്‍ഗ്രസിന് കഴിയേണ്ടതായിരുന്നു. എന്നാല്‍, 2017നുശേഷം, ഗുജറാത്തിനെ കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ കാമ്പയിന്‍ സമയത്ത് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ സാന്നിധ്യമേയുണ്ടായില്ല. കോൺഗ്രസിനെ പ്രതിനിധീകരിച്ച്​ ഒരൊറ്റ നേതാവുപോലും സംസ്​ഥാനത്ത്​ എത്തിയില്ല. ബി.ജെ.പിയിലേക്ക്​ കൂറുമാറിയശേഷം ശോഷിച്ചുപോയ എം.എൽ.എമാരുടെ സംഘത്തിന്​ കാര്യമായ കാമ്പയിൻ പോലും നടത്താനായില്ല എന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഈ ഗ്യാപിൽ ആപ്പും ബി.ജെ.പിയും തകര്‍ത്താടിയപ്പോള്‍, ജനത്തിന് ശരിക്കും ഒരു ഓപ്ഷനില്ലാതെ പോയി. അങ്ങനെയാണ്, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ സ്വാധീനമേഖലകളെ പിളര്‍ത്തി ഒരു സ്വാധീനമായി വളര്‍ന്നത്. ആപ് നടത്തിയത് ബഹുതലസ്പര്‍ശിയായ പ്രചാരണമായിരുന്നു. സംസ്ഥാനത്തെ ഇരുപാര്‍ട്ടി രാഷ്ട്രീയത്തെ അത് പൊളിച്ചുകളഞ്ഞു. 31 സീറ്റുകളില്‍ ആപ് സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തുവന്നത്, കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ രൂക്ഷത വെളിവാക്കുന്നു.

aap
 photo: Aam Aadmi party Gujarat

കിഴക്കന്‍ അതിര്‍ത്തിയിലെ ആദിവാസി ബെല്‍റ്റിലും 27 ഗോത്ര സംവരണ സീറ്റുകളില്‍ മൂന്നെണ്ണത്തിലും ആപ്പിന് വലിയ മുന്നേറ്റമുണ്ടായി. ഇതെല്ലാം കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായിരുന്നു.
ഗുജറാത്തിലെ പ്രകടനത്തിലൂടെ, ആപ്പ്, രൂപീകരിച്ച് പത്തുവര്‍ഷത്തിനുശേഷം ദേശീയപാര്‍ട്ടിയുടെ സ്റ്റാറ്റസിലേക്കുകയരുകയാണ്. ഡല്‍ഹിയിലെയും പഞ്ചാബിലെയും ഭരണം, ഗോവയിലുള്ള 6.77 ശതമാനം വോട്ടും രണ്ട് സീറ്റും, ഇപ്പോള്‍ ഗുജറാത്തിലുണ്ടാക്കിയ നേട്ടം എന്നിവ ദേശീയപാര്‍ട്ടി എന്ന നിലയിലേക്കുള്ള ആപ്പിന്റെ മുന്നേറ്റത്തിന് വേഗം കൂട്ടും. 2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലേക്കാണ് ഇനി ആപ്പിന്റെ നോട്ടം. ഗുജറാത്ത് ആപ്പിനെ സംബന്ധിച്ച് ഇത്തവണ ഒരു വിജയലക്ഷ്യമായിരുന്നില്ല, പകരം, അടുത്ത തവണ രണ്ടാം സ്ഥാനത്തെങ്കിലും എത്താനുള്ള ഒരു പരീക്ഷണമായിരുന്നുവെന്നു പറയാം. അതില്‍, ആപ് വലിയ വിജയം തന്നെയാണ് നേടിയത്.

ഹിമാചലില്‍ പ്രിയങ്കയുണ്ടാക്കിയ കോണ്‍ഗ്രസ്

2017ല്‍, ഹിമാചല്‍ പ്രദേശില്‍, ബി.ജെ.പി 48.79 ശതമാനം വോട്ടും 44 സീറ്റുമാണ് നേടിയത്. കോണ്‍ഗ്രസിന് 41.68 ശതമാനം  വോട്ടും 21 സീറ്റുമാണ് കിട്ടിയത്. ഇത്തവണ കോണ്‍ഗ്രസ് 40 സീറ്റും (44 ശതമാനം) ബി.ജെ.പി 25 സീറ്റുമാണ് (42.9 ശതമാനം) നേടിയത്. ബി.ജെ.പിയില്‍ വിമതശല്യം രൂക്ഷമായിരുന്നു. 21 മണ്ഡലങ്ങളിലാണ് വിമതര്‍ രംഗത്തുണ്ടായിരുന്നത്. പലയിടത്തും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിമതശല്യം മൂലം മൂന്നാം സ്ഥാനത്തായി. നിരവധി ബി.ജെ.പി മേഖലകളില്‍ കോണ്‍ഗ്രസിന് ഇതുമൂലം കടന്നുകയറാനായി.
ഗുജറാത്തില്‍നിന്ന് ഹിമാചല്‍ പ്രദേശിലെത്തുമ്പോള്‍, ഒരു പുതിയ കോണ്‍ഗ്രസിനെ കാണാം. ഗുജറാത്തില്‍ കേന്ദ്രനേതൃത്വം സമ്പൂര്‍ണമായി ഉപേക്ഷിച്ചുകളഞ്ഞ ഒരു പാര്‍ട്ടിയെ അതേ നേതൃത്വം ചടുലമായി ഏറ്റെടുക്കന്നതാണ് കണ്ടത്. യു.പിയില്‍ പരാജയപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ കാമ്പയിന്‍ ഹിമാചലില്‍ വിജയം കണ്ടുവെന്നു പറയാം. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളെ പാര്‍ട്ടി ഏറ്റെടുത്തു. ഒരു ലക്ഷം ജോലി, സ്്ത്രീകള്‍ക്ക് സാമ്പത്തിക സഹായം, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍, വിലക്കയറ്റം ഇല്ലാതാക്കാനുള്ള വഴികള്‍ എന്നിവ വിശ്വാസ്യയോഗ്യമായി പാര്‍ട്ടിക്ക് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. സ്ത്രീവോട്ടര്‍മാരുടെ വന്‍തോതിലുള്ള സാന്നിധ്യം (76.8 ശതമാനം) ഇത്തവണത്തെ തെരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. അവശ്യസാധന വിലക്കയറ്റം അവരുടെ വോട്ടിംഗില്‍ പ്രതിഫലിച്ചു.

priyankha gandhi
   പ്രിയങ്ക ഗാന്ധി 

ആപ്പിള്‍ കര്‍ഷകരുടെ പ്രതിഷേധവും ഇത്തവണ ബി.ജെ.പിക്കെതിരായ വോട്ടായി മാറി. ഷിംല മേഖലയില്‍ ഇവര്‍ നിര്‍ണായക ശക്തിയാണ്. ഓരോ ആപ്പിള്‍ ഇനങ്ങള്‍ക്കും മിനിമം താങ്ങുവില കൊണ്ടുവരും, മിനിമം വിലയില്‍ കുറവിന് ആപ്പിള്‍ വാങ്ങാന്‍ അദാനി അടക്കമുള്ള കച്ചവടക്കാരെ അനുവദിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കി. അദാനി അഗ്രി ഫ്രഷ് ആണ് ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ വിപണിയെ നിയന്ത്രിക്കുന്നത്. വില കുറച്ചുകൊണ്ടുള്ള അദാനിയുടെ കര്‍ഷകവിരുദ്ധ നടപടികള്‍ക്കെതിരെ ആഗസ്റ്റില്‍ കര്‍ഷകര്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഈ വിഷയം കാര്യക്ഷമമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ഷിംല മേഖലയില്‍, സി.പി.എമ്മിനുണ്ടായ ഏക സീറ്റ് നഷ്ടമാകുകയും ചെയ്തു.

സാധ്യമാണ് ഒരു തിരിച്ചുവരവ്

ബി.ജെ.പിക്കെതിരെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് ഒരു തിരിച്ചുവരവ് സാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് ഗുജറാത്ത്, ഹിമാചല്‍ നിയമസഭകളിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുമുണ്ടായ ഫലം. പ്രത്യേകിച്ച്, ഹിമാചലില്‍ കോണ്‍ഗ്രസിന് ഭരണം പിടിച്ചെടുക്കാനായത്, ബി.ജെ.പിയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിനുള്ള വലിയൊരു പിടിവള്ളിയുമാണത്​. വർഗീയത അടക്കം ജനവിധിയെ ഹൈജാക്ക്​ ചെയ്യാൻ ബി.ജെ.പി പയറ്റിക്കൊണ്ടിരിക്കുന്ന ഇലക്ഷൻ അജണ്ടയെ ജനകീയമായ ഒരു പൊളിറ്റിക്കൽ പ്ലാറ്റ്​ഫോമിലൂടെ മറികടക്കാനുതകുന്ന ഒരു തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിന്റെ വാതിൽ തുറന്നുകിടപ്പുണ്ട്​. 2024 ലെ തെരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി സ്ഥാപിച്ചുറപ്പിക്കപ്പെടുന്ന തുടര്‍വിജയം എന്ന കാമ്പയിനെ ഒരു കെട്ടുകഥയാക്കാന്‍ പോന്ന രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഇനി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതൃത്വങ്ങള്‍ പ്രകടിപ്പിക്കേണ്ടത്

  • Tags
  • #National Politics
  • # Gujarat Assembly election
  • # Himachal Pradesh Assembly election
  • #Narendra Modi
  • #Priyanka Gandhi
  • #Aam Aadmi Party
  • #K. Kannan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Rahul Gandhi

National Politics

ജോജോ ആന്‍റണി

മതാധിഷ്​ഠിത അധികാരബോധത്തിനെതിരെ ഒരു രാഹുൽ പ്രതി​രോധം

Mar 25, 2023

2 Minutes Read

2

National Politics

ഇ.കെ. ദിനേശന്‍

രാഹുലിനെക്കുറിച്ചുള്ള ചിന്ത എന്തുകൊണ്ട്​ ഇന്ത്യയെക്കുറിച്ചുള്ളതാകുന്നു?

Mar 25, 2023

3 Minutes Read

rahul-gandhi

National Politics

എം.ബി. രാജേഷ്​

അസഹിഷ്ണുതയുടെ പരകോടി

Mar 24, 2023

3 Minutes Read

pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

Rahul Gandhi

UNMASKING

കെ. കണ്ണന്‍

രാഹുല്‍ ഗാന്ധി: കള്ളമല്ലാത്ത വാക്കിനുമുന്നില്‍ വിറയ്ക്കുന്ന ഭരണകൂടം

Mar 23, 2023

5 Minutes Watch

Rahul Gandhi

National Politics

ടി.എന്‍. പ്രതാപന്‍

ഭരണകൂട ഭീഷണിയെ രാജ്യം​ ചെറുക്കും, അതിന്​ രാഹുൽ നേതൃത്വം നൽകും

Mar 23, 2023

3 Minutes Read

K. Kannan Pinarayi Vijayan

UNMASKING

കെ. കണ്ണന്‍

ബ്രഹ്മപുരത്തെ പുകയില്‍ മുഖ്യമന്ത്രി മറച്ചുപിടിക്കുന്ന ഭരണകൂടമാലിന്യം

Mar 15, 2023

6 Minutes Watch

Atukal Ponkala

UNMASKING

കെ. കണ്ണന്‍

പൊങ്കാലയടുപ്പിൽനിന്ന്​ മാധ്യമങ്ങളും സർക്കാറും ഊതിയൂതിപ്പടർത്തിയ ആചാരപ്പുക

Mar 09, 2023

4:48 Minutes Watch

Next Article

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster