മലയാളം പഠിച്ചാൽ ജോലി കിട്ടില്ലെന്ന് ആരാണ് പറഞ്ഞത്?

കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ആരംഭിക്കാൻ പോകുന്ന ന്യൂജനറേഷൻ- തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിൽ ഭാഷയുടെ പൊടിപോലും കാണാനില്ല.ഭാഷാവിഷയങ്ങൾ പഠിക്കുന്നവർക്ക് തൊഴിൽ കിട്ടുന്നില്ലെന്ന് വിദഗ്ദ്ധ സമിതിയോട് പറഞ്ഞതാരാണെന്നറിയില്ല. മലയാളത്തിലും മറ്റുമുള്ള പ്രോഗ്രാമുകൾ തൊഴിൽ നൽകാത്തവയാണെങ്കിൽപ്പിന്നെ ഈ മലയാളം യൂണിവേഴ്‌സിറ്റികൊണ്ടും സംസ്‌കൃത സർവകലാശാലകൊണ്ടു മൊക്കെയുള്ള പ്രയോജമെന്താണ്? മലയാളവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ഈ കേരളത്തിലല്ലെങ്കിൽ പിന്നെ എവിടെയാണ് ഇനി ന്യൂ ജനറേഷൻ പ്രോഗ്രാമുകളായികളായിത്തീരാൻ പോകുന്നത്?

ലയാളഭാഷക്ക് വിരുദ്ധമായ ചില നയസമീപനങ്ങൾ കേരള പി.എസ്.സി തുടരുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. മലയാളം ഒരു പ്രത്യേകവിഷയമായി മറ്റു വിഷയങ്ങൾക്കൊപ്പം എൽ. പി., യു.പി അധ്യാപകനിയമന പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. വർഷങ്ങളായി തുടരുന്ന കാര്യമാണിതെന്നും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നുമുള്ള എതിർവാദങ്ങളുമായി പി.എസ്.സിയും സർക്കാരനുകൂലികളും മുന്നിൽത്തന്നെയുണ്ട്. കേരള അഡ്മിനിട്രേറ്റീവ് സർവീസിന്റെ പരീക്ഷയിൽ മലയാളത്തിൽ ചോദ്യം ചോദിക്കുന്ന കാര്യത്തിലും പി.എസ്. സി സമീപനം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അതേതായാലും കെട്ടടങ്ങി. പി. എസ്. സിക്ക് എന്തൊക്കെ ന്യായം നിരത്താനുണ്ടായാലും ശരി, മലയാളത്തോടുള്ള അവരുടെ സമീപനം എന്നും തലതിരിഞ്ഞതായിരുന്നു എന്നത് നിസ്തർക്കമാണ്.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല

പി.എസ്.സിയുടെ ഈ നയം പോലെയോ അതിനേക്കാളേറെയോ ഭീകരമാണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഷാനയം. കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ആരംഭിക്കാൻ പോകുന്ന ന്യൂജനറേഷൻ- തൊഴിലധിഷ്ഠിത പ്രോഗ്രാമുകളെക്കുറിക്കുറിച്ച് സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് നൽകുന്ന പുതിയൊരു നിർദ്ദേശമുണ്ട് (9 -9 -2020). (കോഴ്‌സുകൾ എന്ന അർഥത്തിൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇപ്പോൾ ഉപയോഗിക്കുന്നത് ‘പ്രോഗ്രാം' എന്ന വാക്കാണ്. ) മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. വിദഗ്ദ്ധ സമിതിയുടെയും വകുപ്പിന്റെയും ഭാഷാവിരുദ്ധനയം കാണണമെങ്കിൽ ആ നിർദ്ദേശമൊന്നു നോക്കിയാൽ മതി. ബിരുദാനന്തരതലത്തിൽ ഭാഷയുടെ പൊടിപോലും അതിൽ കാണാനില്ല. ആഗോളകമ്പോളത്തിൽ തന്നെ നല്ല വിപണനസാധ്യതയുള്ള എം.എ ഇംഗ്ലീഷുപോലും അക്കൂട്ടത്തിൽ വന്നിട്ടില്ല എന്നതാണ് ആശ്ചര്യകരം. ദോഷം പറയരുതല്ലോ, ബിരുദതലത്തിൽ ഇംഗ്ലീഷിന് നല്ല പരിഗണന നൽകിയിട്ടുണ്ട്. പക്ഷേ പഴയ വെർണാകുലറുകളായ ഒറ്റയൊന്നിനെയും അതിൽ അടുപ്പിച്ചിട്ടുമില്ല. ഒരു ഫ്രഞ്ചും ഒരു തമിഴും ബിരുദ പ്രോഗ്രാമുകളോടൊപ്പം കിടക്കുന്നതുകണ്ടു. എന്തെങ്കിലും പിശകുപറ്റിയതാവാനേ തരമുള്ളു അത്.

വിദഗ്ദ്ധസമിതി നിർദ്ദേശത്തിന്റെ കോപ്പി കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അയച്ചുകൊടുക്കുന്നുണ്ട്. കൂട്ടത്തിൽ മലയാളം സർവകലാശാല, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നീ സർവകലാശാലകളിലെ വൈസ് ചാൻസലർ മാർക്കും കോപ്പി അയച്ചുകൊടുക്കുന്നുണ്ട്. ഭാഷയുടെ പേരു പറഞ്ഞുള്ള ഇത്തരം സർവകലാശാലകളിലേക്ക് എന്തിനാണ് ഈ നിർദേശം അയച്ചതെന്ന് വ്യക്തമാകുന്നില്ല. കാരണം ഈ സർവകലാശാലകളിൽ പ്രധാനമായി പഠിപ്പിക്കുന്ന മലയാളം, സംസ്‌കൃതം എന്നീ ഭാഷകളുമായി ബന്ധപ്പെട്ട ഒരൊറ്റ കോഴ്‌സും വിദഗ്ദ്ധസമിതി ശുപാർശ ചെയ്യുന്നില്ല. ന്യൂ ജനറേഷൻ - തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തുനിന്ന് മലയാളം പോലെ ദീനം പിടിച്ച ഭാഷകളെയെല്ലാം പാടെ ഒഴിവാക്കുകയെന്നതാണ് സമിതിയെടുത്ത ധീരമായ തീരുമാനം!

മരുന്നിനെങ്കിലുമാകാമായിരുന്നു ഭാഷ

ആരാണ് നമ്മുടെ ഭാഷാനയം തീരുമാനിക്കുന്നത്? അതിന് വല്ല സംവിധാനവും സംസ്ഥാനത്ത് നിലവിലുണ്ടോ? അങ്ങനെയുണ്ടായിരുന്നെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ തത്വത്തിൽ അംഗീകരിക്കുന്ന അനുഭാവസംഘടനകളുടെ പ്രതിഷേധമെങ്കിലും സർക്കാരിന് തലയിൽ പേറാതെയിരിക്കാമായിരുന്നു.
മുമ്പൊക്കെ ശാസ്ത്രവിഷയങ്ങൾ കഴിഞ്ഞാൽ ഭാഷ- മാനവികവിഷയങ്ങൾ എന്നാണ് പറയാറുണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസത്തിൽ നയരൂപീകരണം നടത്തുന്നവർക്ക് അടുത്തിടെ വരെ സാഹിത്യം അധികപ്പറ്റായി തോന്നുകയും അതിന്റെ കഴുത്തിൽ കത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ ഭാഷ തന്നെ ഒരധികപറ്റായി അവർക്കു തോന്നിക്കഴിഞ്ഞു. ഇപ്പോൾ ഭാഷ പോയി മാനവികവിഷയങ്ങൾ എന്നു മാത്രമായി. ബിരുദതലത്തിലുള്ള പ്രോഗ്രാമുകളിൽ ഇംഗ്ലീഷിനെ വച്ചിരിക്കുന്നത് ഡബിൾ മെയിനിലോ ട്രിപ്പിൾ മെയിനിലോ ഉൾപ്പെടുത്തിയാണ്. അത്രയെങ്കിലും നന്ന്. ഇംഗ്ലീഷിനെ അങ്ങനെ വച്ചതുപോലെ മലയാളത്തെയും മറ്റു ഭാഷകളെയും വല്ലയിടത്തുമൊന്ന്, മരുന്നിനെങ്കിലും, കയറ്റി വയ്ക്കാമായിരുന്നില്ലേ എന്നാണ് ഇവിടുത്തെ ആവലാതി. മലയാളം പോലെയുള്ള ഭാഷകളോട് നമ്മുടെ നാട്ടിലെ ചില കോളേജു മാനേജ്‌മെന്റുകൾക്കുള്ള മനോഭാവം പോലെത്തന്നെയാണ് ഉന്നത വിദ്യാഭ്യാസകാര്യാലയങ്ങൾക്കുമുള്ളത്. സകലമാന ചർച്ചകളും പരിപാടികളും ആശയവിനിമയവുമൊക്കെ യാതൊരു ഉളുപ്പില്ലാതെ മലയാളത്തിൽ നടത്തിയശേഷമാണ് പുറംകാലുകൊണ്ടുള്ള ഈ തട്ട്. ഭാഷയോട് താൽപര്യമില്ലാത്തവർ അവരുടെ കാര്യസാധ്യത്തിനുവേണ്ടി ആ ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഭാഷയ്ക്ക് ഇനിമേൽ അവർ കപ്പം കൊടുക്കുന്ന ഏർപ്പാടുണ്ടാക്കുന്നതിനെക്കുറിച്ചു പോലും ആലോചിക്കേണ്ടി വരും.
സർക്കാരിന്റെ ഏത് ഔദ്യോഗിക വെബ്‌സൈറ്റെടുത്താലും ‘എന്റെ മലയാളം സുന്ദരമലയാളം', ‘ഹൃദ്യമലയാളം' എന്നു തുടങ്ങുന്ന ആലാപനങ്ങളും വാഴ്ത്തുപാട്ടുകളുമൊക്കെ കേൾക്കാറുണ്ട്. പക്ഷെ കാര്യത്തോടടുക്കുമ്പോൾ മലയാളത്തോട് തലതിരിഞ്ഞ മനോഭാവമാണ് പൊതുവെ.

മലയാളഭാഷയെന്നൊക്കെ കേൾക്കുമ്പോൾത്തന്നെ ഏതോ വൃത്തികെട്ട ഭാഷയാണതെന്ന് തോന്നുന്നവരാണ് ശരാശരി മലയാളികൾ. അവരുടെ ഭരണരഥചക്രം തിരിക്കുന്നവരും അങ്ങനെ ചിന്തിക്കുന്നതിനെ കുറ്റപ്പെടുത്താനാകുമോ? ‘യഥാ പ്രജാ തഥാ രാജാ’ എന്നതാണല്ലോ പുതിയ പ്രമാണം. നവംബർ ഒന്നുമുതൽ നടത്തപ്പെടുന്ന ഭരണഭാഷാപക്ഷാചരണകാലത്തെ മുണ്ടുടുപ്പും പദപരിചയവും കഴിഞ്ഞാൽ പിന്നെ അടുത്ത നവംബർ വരെ മലയാളത്തെക്കൊണ്ട് സാധാരണ മട്ടിൽ ഒരു ശല്യവുമില്ലാത്തതാണ്. അങ്ങനെ സമാധാനത്തോടെ ഇരിക്കുമ്പോഴായിരിക്കും ചില മലയാളവേദിക്കാരൊക്കെ വിതണ്ഡവാദങ്ങളുമായി രംഗത്തെത്തുക.

എന്തിന് ഷേക്‌സ്പിയറും കാളിദാസനും?

വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമാക്കണമെന്ന നിർബന്ധബുദ്ധി വിദ്യാഭ്യാസവകുപ്പിന് തോന്നിത്തുടങ്ങിയിട്ട് നാളെറെയായി. എം.എസ്‌സി ഫ്‌ളോറിക്കൾച്ചർ പോലെ പൂവിടരുന്ന തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ പലത് പരീക്ഷിച്ചതാണ്. ഒന്നും ഫലവത്തായില്ലെന്നു മാത്രം. തൊഴിലധിഷ്ഠിതമെന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഭാഷയുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമിനെ കുറിച്ചും അവർക്ക് സങ്കൽപ്പിക്കാനേ കഴിയുന്നില്ല. സർവകലാശാലകൾ തന്നെ രൂപീകരിക്കപ്പെട്ടിട്ടുള്ള മലയാളത്തിന്റെയോ സംസ്‌കൃതത്തിന്റെയോ കാര്യം മാത്രമല്ല ഇത്. ഹിന്ദി, ഉറുദു, അറബി, കന്നട തുടങ്ങിയ ഭാഷകളുമായി ബന്ധപ്പെട്ടും ഒരു കോഴ്‌സും സമിതി ശുപാർശ ചെയ്യുന്നില്ല. പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിൽ ഇംഗ്ലീഷിന് ബിരുദതലത്തിൽ സ്ഥാനം കിട്ടിയെങ്കിലും ആ വിദ്യാർത്ഥികൾക്ക് ഉപരിപഠനമെന്ന നിലയിൽ എം.എ ഇംഗ്ലീഷ് പ്രോഗ്രാമുകൾ പര്യാപ്തമായ മട്ടിലുണ്ടെന്ന് വിദഗ്ദ്ധസമിതി കരുതുന്നുണ്ടോ? ജേർണലിസവും മീഡിയ സ്റ്റഡീസുമടങ്ങുന്ന ചില പ്രോഗ്രാമുകളും ജൻഡർ ആന്റ് സെക്ഷ്വാലിറ്റി സ്റ്റഡീസ് എന്നൊക്കെയുള്ള തൊഴിലധിഷ്ഠിത പ്രോഗ്രാമുകളും ഇംഗ്ലീഷ് എം.എക്കുപകരം ചേർത്തിട്ടുണ്ട്. കാളിദാസന്റെയും ഷേക്‌സ്പിയറുടെയും വേർഡ്‌വർത്തിന്റെയും കുമാരനാശന്റെയും കവിത പഠിച്ചാൽ എന്തു തൊഴിലാണ് കിട്ടുന്നതെന്ന ചോദ്യത്തിന് മുമ്പ് പലരും ഉത്തരം പറഞ്ഞിട്ടുള്ളതുകൊണ്ട് ആ വിഷയത്തിലേക്ക് തൽക്കാലം കടക്കുന്നില്ല.എം.എ ഇംഗ്ലീഷോ മലയാളമോ ഹിന്ദിയോ സംസ്‌കൃതമോ നൽകുന്നതിനേക്കാൾ എന്തു തൊഴിൽ സാധ്യതയാണ് എം.എ വേൾഡ് ഹിസ്റ്ററിയും ഹിസ്റ്റോറിയോഗ്രാഫിയും ഉണ്ടാക്കാൻ പോകുന്നത് എന്നാണറിയാത്തത്.

കാലടി സംസ്കൃത സർവകലാശാല

ന്യൂജനറേഷൻ എന്ന പ്രയോഗത്തിൽ പൊതിഞ്ഞാണ് പ്രോഗ്രാമുകളൊക്കെ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. എം. എ ഹിസ്റ്ററിയുണ്ടാക്കുന്നതിനെക്കാൾ എന്ത് തൊഴിൽ സാധ്യതയാണ് എം.എ വേൾഡ് ഹിസ്റ്ററി ഉണ്ടാക്കാൻ പോകുന്നതെന്നുമറിയില്ല. എന്റയർ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ആവേശം കൊണ്ടിട്ടായിരിക്കും ഈ രീതിലുള്ള പുതിയ വിഷയനിർമ്മിതികളെന്നു കരുതാം. ഭാഷാധിഷ്ഠിത പ്രോഗ്രാമുകളൊന്നും ന്യൂ ജനറേഷനിൽ പെടുകയില്ലെന്നും അതൊന്നും തൊഴിലധിഷ്ഠിതമല്ലെന്നുമാണ് ഇതിൽ നിന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

തൊഴിലധിഷ്ഠിത പ്രോഗ്രാമുകളായി ഉന്നതവിദ്യാഭ്യാസ വകുപ്പും യൂണിവേഴ്‌സിറ്റികളും മുൻകാലങ്ങളിൽ പ്രഖ്യാപിച്ച മൾട്ടി ഡിസിപ്ലിനറി, ഇന്റർ ഡിസിപ്ലിനറി ന്യൂ ജനറേഷൻ പ്രോഗ്രാമുകൾ പഠിച്ചിറങ്ങിയ എല്ലാവർക്കും തൊഴിൽ ലഭിച്ചോയെന്നും അവർ പഠിച്ച മേഖലയിൽ തന്നെയാണോ അവർക്ക് തൊഴിൽ ലഭിച്ചതെന്നും ഉന്നതവിദ്യാഭ്യാസ കൗൺസിലെങ്കിലും അന്വേഷിക്കേണ്ടതായിരുന്നു. അതേക്കുറിച്ച് കൃത്യമായ സർവേയും പഠനങ്ങളുമൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.

വൈസ് ചെയർപേഴ്‌സൺ തന്നെ ചോദ്യം ചെയ്യുന്നു

സെപ്തംബർ 19ന് ഹിന്ദു പത്രത്തിലും 23ന് മലയാള മനോരമയിലും ഡോ. രാജൻ ഗുരുക്കൾഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വിദഗ്ദ്ധ സമിതിയുടെയും നിർദേശത്തെ വിമർശിച്ചു പറയുന്നതായി കാണുന്നു. സർക്കാർ ചെയ്യുന്ന കാര്യങ്ങളെ ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സൻ തന്നെ ചോദ്യം ചെയ്യുന്നതിന്റെ പൊരുൾ ഒട്ടും മനസ്സിലാകുന്നില്ല. വളരെ ജാഗ്രതയോടെ മാത്രമേ ഇത്തരം പ്രോഗ്രാമുകൾ എടുക്കാൻ പാടുള്ളൂവെന്നും ഡിഗ്രി തലത്തിൽ ശാസ്ത്രവിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനുകൾ പാടില്ലെന്നും അവിടെ അടിസ്ഥാന ശാസ്ത്രത്തിലുള്ള ജ്ഞാനമാണ് പഠിതാവിന് ലഭിക്കേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. നിലവിലുള്ള തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾക്ക് നിലവാരമില്ലെന്നും അതൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സർവകലാശാലകളുടെ അക്കാദമിക സ്വയംഭരണാധികാരത്തെ തകർക്കുന്ന സമീപനത്തിനെതിരെ അക്കാദമിക് വിദഗ്ധരിൽ ചിലരൊക്കെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതൊരു മാർഗനിർദ്ദേശമായി മാത്രം കണ്ടാൽ മതിയെന്നും സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസിനും അക്കാദമിക് കൗൺസിലിനുമൊക്കെ വേണ്ട മാറ്റങ്ങൾ വരുത്താമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സർവകലാശാലകളുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഡോ. രാജൻ ഗുരുക്കൾ പറയുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും തമ്മിൽ വേണ്ടത്ര ആശയ വിനിമയം നടക്കുന്നില്ലെന്നു മാത്രമേ ഇതൊക്കെ തെളിയിക്കുന്നുള്ളു.

ഡോ. രാജൻ ഗുരുക്കൾ

കാര്യങ്ങൾ അങ്ങനെത്തന്നെയേ ഇവിടെ സംഭവിക്കൂ.
എന്നാൽ ഭാഷാവിഷയങ്ങളോട് ഉന്നത വിദ്യാഭ്യാസവകുപ്പും വിദഗ്ദ്ധസമിതിയും കാണിച്ച ചിറ്റമ്മനയത്തിന്റെ അലകൾ കുറേക്കാലത്തേ‌ക്കെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചുറ്റിത്തിരിയും എന്ന കാര്യം ഉറപ്പാണ്. ഭാഷകൾ തൊഴിലില്ലാത്തവരെ സൃഷ്ടിക്കുമെന്ന ചില ധാരണപിശകുകളെ ഊട്ടിയുറപ്പിക്കാനും അത് സഹായകമാകും. വിദ്യാഭ്യാസം ആദർശനിഷ്ഠമായിരിക്കണമെന്നോ തൊഴിലധിഷ്ഠിതമാകാൻ പാടില്ലെന്നോ ഒന്നും ഇവിടെ വാദിക്കുന്നില്ല. പഠിക്കുന്നവർക്കൊക്കെ തൊഴിലും ജീവനോപാധികളുമുണ്ടാകണമെന്നു തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ, തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ നടത്തിയാൽ മാത്രമേ അതു സാധ്യമാകൂ എന്നു കരുതുന്നതാണ് അബദ്ധം. തൊഴിലും തൊഴിൽ സാധ്യതകളുമൊക്കെ അതതുകാലത്തെ മനുഷ്യരും അവരുടെ ആവശ്യങ്ങളും അതിനനുസരിച്ച് പദ്ധതികളുണ്ടാക്കുന്ന സ്വകാര്യ, പൊതു, സർക്കാർ സംവിധാനങ്ങളും ചേർന്നു സൃഷ്ടിക്കുന്നതാണ്.

മലയാളത്തിന് ഇനി കപ്പം കൊടുക്കേണ്ടിവരുമോ?

ഭാഷാനയത്തിലേക്ക് തിരികെ വരാം.ഭാഷാവിഷയങ്ങൾ പഠിക്കുന്നവർക്ക് തൊഴിൽ കിട്ടുന്നില്ലെന്ന് വിദഗ്ദ്ധ സമിതിയോട് പറഞ്ഞതാരാണെന്നറിയില്ല. മലയാളത്തിലും മറ്റുമുള്ള പ്രോഗ്രാമുകൾ തൊഴിൽ നൽകാത്തവയാണെങ്കിൽപ്പിന്നെ ഈ മലയാളം യൂണിവേഴ്‌സിറ്റികൊണ്ടും സംസ്‌കൃത സർവകലാശാലകൊണ്ടു മൊക്കെയുള്ള പ്രയോജമെന്താണ്? മലയാളവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ഈ കേരളത്തിലല്ലെങ്കിൽ പിന്നെ എവിടെയാണ് ഇനി ന്യൂ ജനറേഷൻ പ്രോഗ്രാമുകളായികളായിത്തീരാൻ പോകുന്നത്? മലയാളം പോലെയുള്ള ഭാഷകളുമായി ബന്ധപ്പെട്ട ഭാവനാപൂർണമായ പുതിയ പദ്ധതികളും പ്രോഗ്രാമുകളും വിഭാവനം ചെയ്യാൻ മലയാളസർവകലാശാല പോലെയുള്ള സ്ഥാപനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ മലയാളത്തിനെ ഓർത്ത് നിലവിളിച്ചിട്ടും കാര്യമില്ല. ഭരണഭാഷ കൂടിയായി മലയാളം മാറിയിട്ടും അതുമായി ബന്ധപ്പെട്ട തൊഴിൽസാധ്യത കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ കഷ്ടം എന്നേ പറയാനാകൂ.

എല്ലാ വിഷയങ്ങളും മലയാളത്തിലൂടെ തന്നെ പഠിപ്പിക്കണമെന്നും മലയാളത്തിലൂടെ ഒരു പുതിയയൊരു ആശയലോകം വിടർന്നുവരണമെന്നുമൊക്കെ ചില സംഘടനകൾ പറയുന്നുണ്ടെങ്കിലും മലയാളം ഒരു വിഷയമായി പോലും പഠിപ്പിക്കാൻ ആവാത്ത ഒരു ന്യൂജൻ കേരളത്തിലാണ് നാം ജീവിക്കുന്നത് എന്നത് തീർത്തും പരിഹാസ്യമാണ്. വയനാട് പോലെയുള്ള ജില്ലകളിൽ ബിരുദ-ബിരുദാനന്തര തലങ്ങളിൽ മലയാളം ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ലെന്നത് എത്രപേർക്കറിയാം.

ഭാഷാപഠിതാക്കൾക്ക് ആകെക്കൂടി ലഭിക്കുന്ന ജോലി അധ്യാപകരുടേതു മാത്രമാണ് എന്ന് ധാരണ പരക്കെയുണ്ട്. സാഹിത്യമടക്കമുള്ള ഗ്രന്ഥരചനകൾ,പ്രസാധക ശാലകളിലെ എഡിറ്റർമാർ, പത്ര- ദൃശ്യ മാധ്യമങ്ങളിലെ ജോലിക്കാർ, ദ്വിഭാഷികൾ, വിവർത്തകർ, നാടക-സിനിമ പ്രവർത്തകർ, കണ്ടന്റ് റൈറ്റേഴ്‌സ്, കോപ്പി എഡിറ്റേഴ്‌സ്, പ്രോഡക്റ്റ് ലോക്കലൈസേഷൻ മാനേജർമാർ, പ്രൂഫ് റീഡർമാർ, ഭാഷാസാങ്കേതികവിദഗ്ധർ, കമ്പ്യൂട്ടേഷനൽ ഭാഷാവിദഗ്ധർ, നിഘണ്ടു നിർമാതാക്കൾ, ടൂർ ഗൈഡുമാർ, കലാസാംസ്‌കാരികാദി അഡ്മിസ്‌ട്രേറ്റർമാർ, അക്കാദമിക ലൈബ്രേറിയന്മാർ, മീഡിയ ഗവേഷകർ, സോഷ്യൽ മീഡിയ മാനേജർമാർ, കസ്റ്റമർ സർവീസ് മാനേജർ, ഭാഷാ ഡോക്യുമെന്റേഷൻ പ്രവർത്തകർ, യു ട്യൂബർ, പോഡ് കാസ്റ്റർ തുടങ്ങി എത്രയോ ജോലികൾ ഭാഷയുമായി മാത്രം ബന്ധപ്പെട്ടുണ്ട്. അക്ഷരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഭാഷാപഠിതാക്കൾക്ക് യോജിക്കുന്നവയാണ്. പ്രയുക്ത ഭാഷാശാസ്ത്രത്തിന്റെ മേഖലയിലേക്ക് പോയാൽത്തന്നെ നിരവധി ജോലിസാധ്യതകൾ വേറെയുമുണ്ട്. അടിസ്ഥാന ശാസ്ത്രങ്ങളോ അടിസ്ഥാന മാനവികവിഷയങ്ങളോ ഭാഷാ സാഹിത്യങ്ങളോ പഠിച്ചാൽ തൊഴിലുറപ്പുണ്ടാകുമോ എന്നുറപ്പിച്ചു പറയാനാകില്ലായിരിക്കും. ശരിയാണ്, പക്ഷേ അവയൊക്കെയും സാധ്യതകളുടെ വാതായനങ്ങൾ തുറന്നിടുന്നുണ്ട്. മറ്റുഭാഷകൾ മറ്റു ലോകങ്ങളിലേയ്ക്ക് തുറക്കുന്ന വാതിലുകളാണെങ്കിൽ മാതൃഭാഷ ചിന്തയുടെ വിശാലമായ ലോകവും മറുഭാഷകളിലേക്ക് ചിന്തയുടെ പാലവും സൃഷ്ടിക്കുന്നുണ്ട്. ഭാഷകളെ നിസ്സാരവൽക്കരിക്കരുത്.

Comments