കോവിഡ് കാലത്തെ യുദ്ധക്കച്ചവടം
അഥവാ സൈനിക-വര്‍ഗീയ-
വ്യവസായ സമുച്ചയം
കോവിഡ് കാലത്തെ യുദ്ധക്കച്ചവടം അഥവാ സൈനിക-വര്‍ഗീയ-വ്യവസായ സമുച്ചയം
നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്നു വലുതാവുന്ന ഇന്ത്യയിലെ സൈനിക-വര്‍ഗീയ-വ്യവസായ സമുച്ചയത്തെ തിരിച്ചറിയുന്നതിനുള്ള സാധ്യതകളുടെ പുതിയ ഭാവനകളിലാണ് ദക്ഷിണേഷ്യയുടെ അതിജീവനത്തിനുള്ള പച്ചപ്പുകള്‍ പോലും കണ്ടെത്താനാവുക
17 May 2020, 02:19 PM
രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള അമേരിക്കയിലെ രാഷ്ട്രീയ-സമ്പദ്ഘടനയെ "സൈനിക-വ്യവസായ സമുച്ചയം' അഥവാ "മിലിറ്ററി ഇന്‍ഡ്സ്ട്രിയല്‍ കോംപ്ലക്സ്' എന്നു വിശേഷിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ഡ്വയറ്റ് ഡി ഐസന്‍ഹോവര്‍ 1961-ല്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് സൈനിക-വ്യവസായ സമുച്ചയം എന്ന പ്രയോഗം ഭാഷയാവുന്നത്. രണ്ടാംലോക യുദ്ധകാലത്തും, അതിനു ശേഷവും അമേരിക്കന്‍ സമ്പദ്ഘടനയില്‍ പ്രതിരോധവ്യവസായം നിര്‍ണ്ണായകസ്ഥാനം കൈവരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നിരീക്ഷണം. സൈനിക-വ്യവസായ സമുച്ചയം അറിഞ്ഞോ, അറിയാതെയോ അമേരിക്കന്‍ സര്‍ക്കാരിന്റെ നയരൂപീകരണങ്ങളെ സ്വാധീനിക്കുവാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ ഐസന്‍ഹോവര്‍ അതിനെതിരെ രാഷ്ട്രീയസംവിധാനം ജാഗ്രത പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

പ്രസിഡണ്ട് പദവിയില്‍ എത്തുന്നതിന് മുമ്പ് ഫൈവ് സ്റ്റാര്‍ ജനറല്‍ ആയിരുന്ന ഐസന്‍ഹോവറിന്റെ നിരീക്ഷണം വെറുതെ ആയില്ല. സൈനിക-വ്യവസായ സമുച്ചയം എന്ന പ്രയോഗം ഇപ്പോള്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ പര്യായമായി മാറിയിരിക്കുന്നു. സൈനിക-വ്യവസായ സമുച്ചയത്തെ കൂടുതല്‍ വിപുലീകരിച്ച് സൈനിക-അക്കാദമിക-വ്യവസായ സമുച്ചയം എന്നു വിശേഷിപ്പിക്കുന്നവരും കുറവല്ല. പെന്റഗണിന്റെ ധനസഹായം പ്രത്യക്ഷമായും, പരോക്ഷമായും ലഭിക്കാത്ത സര്‍വകലാശാലകളോ, ഗവേഷണ സ്ഥാപനങ്ങളോ അമേരിക്കയില്‍ വിരളമാണെന്ന വസ്തുത കണക്കിലെടുത്താണ് ഈ വിപുലീകരണം. യുദ്ധവ്യവസായവും അതിനുവേണ്ടിയുള്ള ഗവേഷണങ്ങളും അമേരിക്കന്‍ വ്യവസായമേഖലയില്‍ വഹിക്കുന്ന നിര്‍ണ്ണായക സ്വാധീനം വിശദീകരിച്ചതിനുശേഷമാണ് ഐസന്‍ഹോവര്‍ സൈനിക-വ്യവസായ സമുച്ചയത്തെ പറ്റിയുള്ള ഉത്ക്കണ്ഠ പ്രകടിപ്പിച്ചത്. ഒരു പക്ഷെ അദ്ദേഹം തന്റെ ദു:സ്വപ്നങ്ങളില്‍ പോലും കാണാത്തവിധം അമേരിക്കന്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലും സൈനിക-വ്യവസായ സമുച്ചയം ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നു. അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയുടെ അടിത്തറയായ സൈനിക-വ്യവസായ സമുച്ചയം അമേരിക്കയിലെ സാമൂഹികജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരന്തം സെമൊര്‍ മെല്‍മാനെ (Seymour Melman) പോലുള്ളവര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

2020 ഏപ്രില്‍ 27-ലെ ഏറ്റവും പുതിയ റിപോര്‍ട്ടു പ്രകാരം 2019-ല്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഏറ്റവുമധികം പണം ചെലവഴിച്ച ലോകരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ
ഇന്ത്യന്‍ പ്രതിരോധവ്യവസായ മേഖലയില്‍ വിദേശ മൂലധനനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം സൈനിക-വ്യവസായ സമുച്ചയം എന്ന ദുരന്തത്തെ ഓര്‍മപ്പെടുത്തുന്നു. ലോകത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ നിത്യദാരിദ്യത്തിന്റെ കെടുതിയില്‍ ഉഴലുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ സൈനിക ചെലവില്‍ ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലാണ് ആര്‍ഷഭാരതം. സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (SIPRI) 2020 ഏപ്രില്‍ 27-ലെ ഏറ്റവും പുതിയ റിപോര്‍ട്ടു പ്രകാരം 2019-ല്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഏറ്റവുമധികം പണം ചെലവഴിച്ച ലോകരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നും, രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം അമേരിക്കയും, ചൈനയും അലങ്കരിക്കുന്നു. സ്ഥാനത്തും, അസ്ഥാനത്തും അഹിംസയെ പറ്റി വര്‍ത്തമാനം പറയുന്ന ഇന്ത്യയുടെ സൈനിക ചെലവ് 2019-ല്‍ 71.1 ബില്യണ്‍ ഡോളറാണ്. 2018-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയ വര്‍ദ്ധന 6.8 ശതമാനം. (1-ബില്യണ്‍ സമം 100-കോടി). ഒരു ഡോളറിന് 75 രൂപ വിനിമയനിരക്കു കണക്കാക്കുകയാണെങ്കില്‍ 1-ബില്യണ്‍ ഡോളര്‍ സമം 7,500 കോടി രൂപ. 7,500 കോടിയെ 71 കൊണ്ടു ഗുണിച്ചാല്‍ ലഭിക്കുന്നത് 532,500 കോടി രൂപ. ഇത്രയും ഭീമമായ തുകയെപ്പറ്റി അര്‍ത്ഥവത്തായ ഒരു ധാരണ ലഭിക്കുന്നതിനു ഒരുദാഹരണം ചൂണ്ടിക്കാണിക്കാം. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 11-കോടി കുടുംബങ്ങളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ 7,500 രൂപ നേരിട്ടു നിക്ഷേപിക്കുന്നതിനു സര്‍ക്കാരിന് വേണ്ടി വരുന്ന ബാധ്യത ഒരു ലക്ഷം കോടി രൂപയാണ്. 11-കോടി കുടുംബാംഗങ്ങള്‍ക്ക് ഒരുമാസത്തിലധികം ജീവിക്കുന്നതിനുവേണ്ടി വരുന്ന തുകയുടെ അഞ്ചിരട്ടയിലധികം കൊല്ലം തോറും സൈനികാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നു. സൈനിക ചെലവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ ആയുധവിപണി ആഗോള സൈനികവ്യവസായത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

ലോകത്തിലെ വന്‍കിട ആയുധനിര്‍മാതാക്കള്‍ ഈ മേഖലയില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളായി കരുതപ്പെടുന്ന പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, ധാതുക്കള്‍ തുടങ്ങിയ രംഗങ്ങളില്‍ വിദേശനിക്ഷേപം അനുവദിക്കാനും, നിക്ഷേപ പരിധി ഉയര്‍ത്താനും ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനത്തെ ഈയൊരു പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത്. പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി 49-ശതമാനത്തില്‍ നിന്നും 74-ശതമാനമാക്കി. കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ ആട്ടോമാറ്റിക്കായി നിക്ഷേപം നടത്തുന്നതിനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു.
കോവിഡിന്റെ മറവില്‍ പ്രഖ്യാപിച്ചതാണങ്കിലും ഈ തീരുമാനം പൊടുന്നനെ ഉണ്ടായ ഒന്നല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍മികത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014- മുതല്‍ പ്രതിരോധവ്യവസായ മേഖലയില്‍ സ്വദേശിയും, വിദേശിയുമായ സ്വകാര്യ മൂലധനനിക്ഷേപത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 2014-ല്‍ ആഘോഷപൂര്‍വം പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം പ്രതിരോധ മേഖലയുടെ സ്വകാര്യവല്‍ക്കരണമായിരുന്നു.
കോവിഡിന്റെ മറവില്‍ പ്രഖ്യാപിച്ചതാണങ്കിലും ഈ തീരുമാനം പൊടുന്നനെ ഉണ്ടായ ഒന്നല്ല. 2014-ല്‍ ആഘോഷപൂര്‍വം പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം പ്രതിരോധ മേഖലയുടെ സ്വകാര്യവല്‍ക്കരണമായിരുന്നു
അതിനാല്‍ ശ്രീമതി സീതാരാമന്റെ പ്രഖ്യാപനം തീരെ അപ്രതീക്ഷിതമാണെന്നു പറയാനാവില്ല. പ്രതിരോധ വ്യവസായ മേഖലയില്‍ സ്വകാര്യ മൂലധനത്തിന്റെ കടന്നുവരവ് സുഗമമാക്കുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് 2019 സെപ്തംബറില്‍ പ്രഖ്യാപിച്ച തീരുമാനങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് ശ്രീമതി സീതാരാമന്റെ വാക്കുകള്‍. ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തെ 2025-ഓടെ 26 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള മേഖലയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു പ്രതിരോധമന്ത്രി 2019 സെപ്തംബറില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ നിര്‍മാതാക്കളുടെ സംഘടനയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മേഖലയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം 10-ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന സാമ്പത്തിക പാപ്പരത്തം മറികടക്കുവാന്‍ ധനമന്ത്രിയുടെപ്രഖ്യാപനം ഉതകില്ല.
ശ്രീമതി സീതാരാമന്റെ പ്രഖ്യാപനം ശ്രദ്ധേയമാവുന്നത് മറ്റൊരു വിധത്തിലാണ്. ഇക്കഴിഞ്ഞ മെയ് 12-നു പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രഖ്യാപിച്ച പ്രധാനകാര്യം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ആയിരുന്നു. ലളിതമായി പറഞ്ഞാല്‍ സ്വയം പര്യാപ്തതയില്‍ ഊന്നുന്ന വികസനം. പ്രാസത്തില്‍ തലക്കെട്ടു എഴുതുന്നവരെ ഹഠാദാകര്‍ഷിക്കുന്ന "വോക്കല്‍ എബൗട് ലോക്കല്‍' തുടങ്ങിയ പ്രയോഗങ്ങള്‍ നിറഞ്ഞ മോദിയുടെ പ്രസംഗത്തില്‍ 27-തവണ സ്വയം പര്യാപ്തതയുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചിരുന്നു. മോദിയുടെ "സ്വയം പര്യാപ്ത' പ്രസംഗത്തിന്റെ അലയൊലി അടങ്ങുന്നതിനു മുമ്പുതന്നെ തന്ത്രപ്രധാനമേഖലകളില്‍ വിദേശ മൂലധനത്തിനു യഥേഷ്ടം കടന്നുവരാനുള്ള അനുമതി നല്‍കിയതാണ് ശ്രീമതി സീതാരാമന്റെ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്. ദുരന്തം അവസരമാക്കുന്ന വിദ്യയുടെ മറ മാത്രമായിരുന്നു സ്വയം പര്യാപ്തതയെ പറ്റിയുള്ള വാചകകസര്‍ത്തുകള്‍ എന്നു തെളിയിക്കുന്നതാണ് ഈ പ്രഖ്യാപനം. മേക്ക് ഇന്‍ ഇന്ത്യ-യുടെ ചരിത്രം ഈ കാപട്യം വെളിപ്പെടുത്തുന്നു.

വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി ഇറക്കുമതിയിലുള്ള ആശ്രിതത്വം കൂടുതലാക്കി എന്നു സാമ്പത്തിക ശാസ്ത്രജ്ഞനായ സുനില്‍ മാണിയുടെ പഠനം വെളിപ്പെടുത്തുന്നു. മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പ്പാദനം ഉദാഹരണമായി ഈ വിശകലനം ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള വിവിധ ഭാഗങ്ങളുടെ (കംപോണന്‍സ്) ഇറക്കുമതി 2014-ല്‍ 2.67 ബില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ 2018-ല്‍ അത് 11.56 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൊത്തം മുല്യവര്‍ദ്ധനവിന്റെയും അഥവാ ഗ്രോസ് വാല്യൂ അഡിഷനും (ജി.വി.എ), മൊത്തം ഉല്‍പ്പന്ന മൂല്യവും അഥവാ ഗ്രോസ് വാല്യൂ ഓഫ് ഔട്ട്പുട്ടും (ജി.വി.ഒ) തമ്മിലുള്ള അനുപാതം 2013-14-ല്‍ 17 ശതമാനം ആയിരുന്നത് 2017-18-ല്‍ 13 ശതമാനമായി കുറഞ്ഞുവെന്നും സുനില്‍ മാണിയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.
മോദിയുടെ 'സ്വയം പര്യാപ്ത' പ്രസംഗത്തിന്റെ അലയൊലി അടങ്ങുന്നതിനു മുമ്പുതന്നെ തന്ത്രപ്രധാനമേഖലകളില്‍ വിദേശ മൂലധനത്തിനു യഥേഷ്ടം കടന്നുവരാനുള്ള അനുമതി നല്‍കിയതാണ് ശ്രീമതി സീതാരാമന്റെ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്
പ്രതിരോധ വ്യവസായമുള്‍പ്പടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുന്ന നയം നവ-ലിബറല്‍ സാമ്പത്തിക നയങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയാണ്. വികസനത്തിന്റെ അപ്പോസ്തലന്മാര്‍ ഈ തീരുമാനത്തെ കലവറയില്ലാതെ പിന്തുണക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖ്യധാര മാധ്യമങ്ങളില്‍ ഇതിനകം വന്ന വാര്‍ത്തകളും, അഭിപ്രായങ്ങളും അതിനുള്ള തെളിവാണ്. ദേശരക്ഷ ആപത്തിലാവും എന്ന ന്യായവുമായി ഈ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്. ആയുധവ്യവസായത്തിന്റെ ആവശ്യത്തിന് ഉപയുക്തമായ നിലയില്‍ ദേശരക്ഷയുടെ മുന്‍ഗണനകളും, മാനദണ്ഡങ്ങളും തീരുമാനിക്കപ്പെടും എന്നാണ് സൈനിക-അക്കാദമിക-വ്യവസായ സമുച്ചയം നല്‍കുന്ന ആദ്യപാഠം. ശീതയുദ്ധത്തകാലത്തെ സൈനികമായ ആവശ്യങ്ങളെപ്പറ്റിയുള്ള പ്രത്യയശാസ്ത്ര നിര്‍മിതികള്‍ എത്ര പെട്ടെന്നാണ് ഭീകരതക്കെതിരായ യുദ്ധത്തിന്റെ ആശയശാസ്ത്രമായി പരിണമിച്ചതെന്നു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ അന്തസ്ഥിതമായ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഒരു രക്ഷാമാര്‍ഗമായി സൈനികവ്യവസായത്തിലുള്ള നിക്ഷേപം പുതിയ കാര്യമല്ല. സൈനിക കെയ്നീഷ്യനിസം (മിലിറ്ററി കെയ്നീഷ്യനിസം) എന്ന പേരില്‍ ഈ പ്രവണത അറിയപ്പെടുന്നു. നിരന്തര ലാഭം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന ചരക്കാണ് ദേശരക്ഷ. രൂപത്തിലും, ഭാവത്തിലും ഏതുവിധത്തിലും മാറ്റി മറിക്കാവുന്ന ഈ ചരക്കിന്റെ ഉല്‍പ്പാദനവും, വിതരണവും ആഗോള മൂലധനത്തിന്റെ ഇഷ്ടമേഖലയാണ്. ആഗോള മൂലധനത്തിന്റെ ഈ താല്‍പര്യത്തിന് അനുസരിച്ചുള്ള നയമാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ദേശരക്ഷ, സ്വയം പര്യാപ്തത തുടങ്ങിയ വാചാടോപങ്ങള്‍ മാറ്റി നിര്‍ത്തി ഈ മേഖലകളില്‍ എന്താണ് സംഭവിക്കുന്നതെന്നു പരിശോധിച്ചാല്‍ ഇപ്പോഴത്തെ നയം മാറ്റം ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നു വ്യക്തമാവും. പ്രതിരോധമേഖലയില്‍ ആവശ്യമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും, സംഭരണവുമടക്കമുള്ള കാര്യങ്ങളെപ്പറ്റി പഠനം നടത്തി ഉചിതമായ നിര്‍ദേശങ്ങള്‍ നടത്തുവാന്‍ നിയോഗിച്ച ധീരേന്ദ്ര സിംഗ് സമിതി ഉന്നയിച്ച രണ്ടു പ്രധാനചോദ്യങ്ങളുടെ പ്രസക്തി ഗൗതം നവലാഖ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുകളുടെ കോര്‍പറേറ്റുവല്‍ക്കരണം/സ്വകാര്യവല്‍ക്കരണത്തെ പറ്റി എന്താണ് അഭിപ്രായമെന്നും, ഓര്‍ഡന്‍സ് ഫാക്ടറികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സ്വകാര്യ മേഖലക്കായി തുറന്നുകൊടുക്കാമോ എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. പൊതുമേഖലയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ കാലങ്ങളായി വികസിപ്പിച്ചെടുത്ത ഡിസൈന്‍, ടെസ്റ്റിംഗ് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ സ്വകാര്യമേഖലയ്ക്കു അവയുടെ തുടക്കത്തില്‍ തുറന്നു നല്‍കേണ്ടതുണ്ടോ എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. പ്രതിരോധ വ്യവസായ മേഖലയില്‍ വലിയ പരിചയമില്ലാത്ത ഇന്ത്യയിലെ സ്വകാര്യമേഖലയെ പൊതുമേഖല കൈ പിടിച്ച് നടത്തേണ്ടതുണ്ട് എന്ന വീക്ഷണത്തിന്റെ പിന്‍ബലത്തിലാണ് സ്വകാര്യവല്‍ക്കരണം അരങ്ങേറുന്നത്. ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിന്റെ ഇപ്പോഴത്തെ അടിത്തറ ഇവ്വിധമാണ്.
നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്നു വലുതാവുന്ന ഇന്ത്യയിലെ സൈനിക-വര്‍ഗീയ-വ്യവസായ സമുച്ചയത്തെ തിരിച്ചറിയുന്നതിനുള്ള സാധ്യതകളുടെ പുതിയ ഭാവനകളിലാണ് ദക്ഷിണേഷ്യയുടെ അതിജീവനത്തിനുള്ള പച്ചപ്പുകള്‍ പോലും കണ്ടെത്താനാവുക.
പൊതമേഖലയില്‍ 9-വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍, 41-ഓര്‍ഡനന്‍സ് ഫാക്ടറികള്‍, 50-പൂര്‍ണ്ണസമയ ഗവേഷണ-വികസന ലബോറട്ടറികളും, അതുമായി ബന്ധപ്പെട്ട നിരവധി അനുബന്ധസ്ഥാപനങ്ങളും, ലൈസന്‍സുള്ള 70 സ്വകാര്യ സ്ഥാപനങ്ങള്‍. മൊത്തം 170,000 പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നു.
പ്രതിരോധമേഖലയില്‍ വിദേശമൂലധനം കടന്നുവരുന്നത് ഒട്ടും ലാഘവമായ നിലയിലല്ല. അമേരിക്കയിലെ 400-ലധികം വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യു.എസ്-ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ 2017-ആഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയത്തിനു സമര്‍പ്പിച്ച ഒരു നിവേദനത്തില്‍ ഉന്നയിച്ച ആവശ്യം ഇതിനുള്ള നല്ല ഉദാഹരണമായി നവലാഖ ചൂണ്ടിക്കാട്ടുന്നു. സ്വന്തം നിലയിലോ, സംയുക്ത സംരഭമായോ ഇന്ത്യയില്‍ നിര്‍മാണം നടത്തുന്ന കമ്പനികള്‍ കൊണ്ടുവരുന്ന സാങ്കേതിക വിദ്യയുടെ നിയന്ത്രണം അമേരിക്കന്‍ കമ്പനികള്‍ക്കായിരിക്കും എന്നതായിരുന്നു ഈ ആവശ്യം. സംയുക്ത സംരഭത്തില്‍ അമേരിക്കന്‍ കമ്പനി ജൂനിയര്‍ പങ്കാളിയാണെങ്കിലും സാങ്കേതികവിദ്യയുടെ നിയന്ത്രണം അവര്‍ക്കായിരിക്കും. F-16 യുദ്ധവിമാനങ്ങളുടെ നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ടിന്‍, റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാതക്കളായ ഫ്രഞ്ചു കമ്പനിയായ ദാസ്സോള്‍ട്, സ്വീഡിഷ് കമ്പനിയായ സാബ് ഗ്രിപന്‍ തുടങ്ങിയ വിദേശകമ്പനികളാണ് ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ ഇപ്പോള്‍ തന്നെ സാന്നിദ്ധ്യമുറപ്പിച്ചിട്ടുള്ളത്. ലോക്ഹീഡ് മാര്‍ടിന്‍ ടാറ്റ ഗ്രൂപ്പുമായും, റഫാല്‍ നിര്‍മാതാക്കള്‍ അനില്‍ അംബാനി ഗ്രുപ്പുമായും, സാബ് ഗ്രിപിന്‍ അദാനി ഗ്രൂപ്പുമായുമാണ് സംയുക്തസംരഭങ്ങളില്‍ ഒപ്പുവെച്ചിട്ടുള്ളത്. സോവിയറ്റു തകര്‍ച്ചക്കു ശേഷം പുനസംഘടിപ്പിക്കപ്പെട്ട റഷ്യന്‍ സൈനികവ്യവസായ സ്ഥാപനങ്ങളും ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ സജീവമാണ്. ആഗോള സൈനികവ്യവസായം ഉറച്ച കാല്‍വെയ്പുകളുമായി ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ മാര്‍ച്ചു ചെയ്തു വരുമ്പോള്‍ ദേശരക്ഷയുടെയും, സ്വയം പര്യാപ്തതയുടെയും തേഞ്ഞ പദാവലികള്‍ ഉപയോഗിച്ച് അതിനെ നേരിടാനാവില്ല. ഇതുവരെ നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഹിംസാത്മകമായ ശത്രുനിര്‍മിതികളുടെ ദേശത്തെ മറികടക്കാന്‍ കഴിയുന്ന ഭാഷയിലൂടെ മാത്രമാവും പുതിയ ഭാവനകളിലെ ദേശനിര്‍മിതികള്‍ പിറക്കുക. നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്നു വലുതാവുന്ന ഇന്ത്യയിലെ സൈനിക-വര്‍ഗീയ-വ്യവസായ സമുച്ചയത്തെ തിരിച്ചറിയുന്നതിനുള്ള സാധ്യതകളുടെ പുതിയ ഭാവനകളിലാണ് ദക്ഷിണേഷ്യയുടെ അതിജീവനത്തിനുള്ള പച്ചപ്പുകള്‍ പോലും കണ്ടെത്താനാവുക.
എം .എം .ഖാൻ
17 May 2020, 07:58 PM
ഇന്നത്തെ അക്രമോല്സുക ദേശം ദേശീയത എന്നിവയെ ചടുലമായി പ്രവർത്തിപ്പിക്കുന്ന രാഷ്ട്രത്തിന്റെ സൈദ്ധാന്തിക അടിത്തറ നില നിൽക്കുവോളം , കൂടുതൽ ഭീതി പൂർണമായ ഒരു സാഹചര്യം തന്നെയാണ് സംജാതമാവുക . ഇതിനെ മറി കടക്കാനുള്ള പ്രായോഗിക രാഷ്ട്രീയ അന്വേഷണങ്ങൾ കൂടുതൽ പ്രസക്തമാകുന്നുണ്ട് . ഈ കൗണ്ടർ ഭാവനയുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്ന സേതു നാഥിന്റെ കുറിപ്പ് പ്രാധാന്യം അർഹിക്കുന്നു.
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
കെ. സഹദേവന്‍
Feb 01, 2021
7 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. സ്മിത പി. കുമാര്‍
Jan 25, 2021
8 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
Praveen Mukesh
17 May 2020, 10:32 PM
Good write-up but poor understanding of world affair. For the author, USA is the only capitalistic demon, not the capitalist China. If this is the understanding of world politics, India is in great danger.