എങ്ങനെയാണ് കമ്യൂണിസവും തെയ്യവും യോജിച്ചുപോകുന്നത്​?

രസകരമായ ഒരു ചോദ്യം പലപ്പോഴും എനിക്ക്​ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്- ഉത്തരകേരളത്തിലെ കമ്യൂണിസവും തെയ്യവും എങ്ങനെയാണ് യോജിച്ചുപോകുന്നത്? കാവിലെ ചുവപ്പുപട്ടണിഞ്ഞ കോമരത്തിന് തെയ്യത്തെ നോറ്റിരിക്കാനും മറ്റേകൈ മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിക്കാനും കഴിയുന്ന സാമൂഹികലോകം എങ്ങനെയായിരിക്കും ഉണ്ടായിട്ടുണ്ടാകുക?

Truecopy Webzine

ത്തരകേരളത്തിൽ എങ്ങനെയാണ് കമ്യൂണിസവും തെയ്യവും യോജിച്ചുപോകുന്നതെന്ന രസകരമായ ചോദ്യം പലപ്പോഴും തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതായി ഡോ. രാജേഷ് കോമത്ത്. കാവിലെ ചുവട്ടുപട്ടണിഞ്ഞ കോമരത്തിന് തെയ്യത്തെ നോറ്റിരിക്കാനും
മറ്റേകൈ മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിക്കാനും കഴിയുന്ന സാമൂഹികലോകം ഉത്തരകേരളത്തിൽ രൂപപ്പെട്ടതിനെക്കുറിച്ച് പലർക്കും ഇന്നും അത്ഭുതങ്ങളുണ്ട്. എന്നാൽ തെയ്യം തന്നെയാണ് അതിന് മറുപടിയെന്നാണ് രാജേഷ് കോമത്ത് പറയുന്നത്. ട്രൂകോപ്പി വെബ്‌സീനിൽ എഴുതിയ ‘‘തെയ്യക്കാരിൽ നിന്ന് അദൃശ്യമാകുന്ന തെയ്യക്കോലങ്ങൾ'' എന്ന ലേഖനത്തിലാണ് ഉത്തരകേരളത്തിലെ തെയ്യവും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡോ. രാജേഷ് കോമത്ത് വിശദീകരിക്കുന്നത്.

""തെയ്യക്കാരൻ സ്വയം കീഴ്‌നിലയിൽ നിന്ന് ഇരച്ചുകയറി ദൈവമാകുന്ന സാങ്കൽപികലോകം സത്യമാണെന്ന തരത്തിൽ ആവിഷ്‌കരിക്കാൻ കഴിയുന്നതുപോലെ യാഥാർഥ്യമല്ലാത്ത മനോനിലയാണ് തെയ്യവും കമ്യുണിസവും. അതുകൊണ്ടാണ്, തെയ്യക്കാരുടെ അടിമശരീരം കമ്യൂണിസ്റ്റ് ആശയങ്ങൾക്കുപോലും മോചിപ്പിക്കാൻ കഴിയാത്തവിധം ചെറുജന്മപരിധിക്കുള്ളിൽ തളച്ചിടപ്പെട്ടിരിക്കുന്നത്. ''

"" കോരപ്പുഴക്കു വടക്കും ചന്ദ്രഗിരിപ്പുഴയ്​ക്കു തെക്കും കിഴക്ക് കൂർഗിനും ഇടയിൽ വരുന്ന ദേശത്തെയാണ് തെയ്യത്തിന്റെ സാംസ്‌കാരിക- അനുഷ്ഠാന ദേശമായി കാണാറുള്ളത്. കോലത്തിരിയുടെയും വിവിധങ്ങളായ നാടുവാഴികളുടെയും ശിക്ഷണത്തിൽ രൂപപ്പെട്ട സാമൂഹികക്രമത്തിലാണ് തെയ്യം അനുശീലിക്കപ്പെട്ടുവരുന്നത്. സ്വരൂപവാഴ്ചക്കുകീഴിലെ ശ്രേണീബന്ധങ്ങൾ ഓരോ മനുഷ്യരെയും ജാതികളെയും സാമൂഹികശിക്ഷണത്തിൽ ഉൾപ്പെടുത്തുകയും പുറത്തുകടക്കാനാകാത്ത വിധം ദേശ- അംശ മര്യാദകൾ പാലിക്കേണ്ടിവരികയും ചെയ്യുമ്പോൾ ഒരു സമൂഹം നിയന്ത്രിക്കപ്പെടുകയും ജാതിമാമൂലുകൾക്കുള്ളിൽ വരിഞ്ഞ്​ മുറുക്കപ്പെടുകയും ചെയ്യുന്നു. സാമൂഹികമായും സ്വന്തം ശരീരത്തിൻമേലുള്ളതുമായ നിയന്ത്രിത വരിഞ്ഞുകെട്ടലുകൾ ഒരു മേന്മയാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് തെയ്യക്കാരന്റെ അധ്വാനത്തെയും ശരീരത്തെയും ഈ ദേശം വരിഞ്ഞുമുറുക്കിക്കെട്ടുന്നത്.

"" മേൽ- കീഴ് ജാതിശ്രേണീബന്ധം ചെറു ദേശങ്ങളിലും നടപ്പിൽ വരുത്താനുള്ള ഒരു ഉപാധി കൂടിയാണ് ജന്മാവകാശം എന്ന സങ്കൽപ്പം. തെയ്യക്കാരൻ- അതായത് മലയൻ, വണ്ണാൻ, വേലൻ, നൽകതായർ, മാവിലർ എന്നിവർ- തെയ്യം കെട്ടുന്നത് ഈ ജന്മാവകാശത്തിന്റെ പരിധിക്കുള്ളിലാണ്. കുട്ടിയായി ദേശത്ത് ജീവിക്കുന്ന തെയ്യക്കാരന്റെ കുഞ്ഞുങ്ങൾ അവരുടെ ശരീരത്തിന്റെ ബലം നോക്കി ‘നല്ല തെയ്യക്കാരനാകും’ എന്ന് നിജപ്പെടുത്തുന്ന രീതിയാണിത്. അതായത്​, തെയ്യക്കാരന്റെ ശരീരം ആ ദേശത്തിന്റെ അടിമശരീരമായി മാറുന്നു എന്നു ചുരുക്കം. കൊല്ലപ്പണിയിലും സ്വർണപ്പണിയിലും മരപ്പണിയിലും മൺകുട നിർമാണത്തിലും മുഴുകിയവർ ആ ദേശത്തിന് ആവശ്യമായ അധ്വാനം പ്രദാനം ചെയ്യുന്നു. നിജപ്പെടുത്തിയ വേതനം ഈ ജാതിവിഭാഗങ്ങൾക്ക് അവകാശപ്പെട്ടുകൂടാ എന്നത്​ ഒരു യാഥാർഥ്യവുമായിരുന്നു. അതിനെ കൂടി നിയന്ത്രിക്കാനാണ് ഈ ജന്മിയുടെ ചെറുജന്മികളെ നിർമിച്ചെടുക്കുന്ന തന്ത്രം. '"

"" തൊഴിൽ ഉൽപ്പന്നത്തിൽനിന്ന്​ അന്യവൽക്കരിക്കപ്പെടുംപോലെ തെയ്യം ശരീരത്തിൽനിന്ന് വിടുതൽ വാങ്ങുന്നു. പാരമ്പര്യമായി വാമൊഴിവഴക്കത്തിലും എഴുത്തിലും അനുശീലിച്ച കലാമൂലത്തി​ന്മേൽ- പാട്ട്, നൃത്തം, വര, കുരുത്തോലപ്പണി, ചെണ്ടകൊട്ട്- ഒരവകാശവുമില്ലാതെ, അനുവാദമില്ലാതെ യഥേഷ്ടം ആൾക്കാർക്ക് സ്വകാര്യതയിൽ ഇടിച്ചുകയറി ഫോട്ടോയും വീഡിയോയും എടുത്തുപോകാൻ കഴിയുന്ന പാകത്തിൽ തെയ്യക്കാരിൽനിന്ന്​ തീർത്തും അന്യവുമാണ് തെയ്യം എന്ന കോലം. ഫോക്ക്‌ലോർ അക്കാദമിയും ചില നാടൻ കലാകേന്ദ്രങ്ങളുമാണ് തെയ്യം എന്ന സ്വത്തിന്റെ ഉടമസ്ഥരായി ഇന്ന്​ പ്രവർത്തിക്കുന്നത്. തെയ്യം കെട്ടിയാടുന്നവനില്ലാത്ത അവകാശം തെയ്യം കെട്ടിക്കുന്ന ജാതികൾക്കുണ്ടെന്നതാണ്, തെയ്യക്കാരിൽ നിന്ന് അദൃശ്യമാകുന്ന തെയ്യക്കോലങ്ങൾ വിവരിക്കുന്നത്​ ''

തെയ്യക്കാരിൽ നിന്ന് അദൃശ്യമാകുന്ന തെയ്യക്കോലങ്ങൾ
ഡോ. രാജേഷ്​ കോമത്ത്​ എഴുതിയ ലേഖനം വായിക്കാം,​ കേൾക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 113

Comments