ബാങ്ക് സ്വകാര്യവല്‍ക്കരണം
ഈ സ്വത്ത് 130 കോടി ജനതയുടെ
അവകാശമാകണോ
30 പേരിലേക്ക് ചുരുങ്ങണോ?
ബാങ്ക് സ്വകാര്യവല്‍ക്കരണം: ഈ സ്വത്ത് 130 കോടി ജനതയുടെ അവകാശമാകണോ, 30 പേരിലേക്ക് ചുരുങ്ങണോ?
ഒരുവശത്ത് നിയമം കൊണ്ടുള്ള സ്വകാര്യവല്‍ക്കരണം. മറുവശത്ത് നിയമവിരുദ്ധമായ കടമെടുത്ത് മുങ്ങല്‍. കാര്‍ഷിക ബില്ലും വിദ്യാഭ്യാസ ബില്ലും എല്ലാം പാസായി വരുമ്പോഴും പ്രതിരോധ മേഖലയിലടക്കം സ്വകാര്യവല്‍ക്കരണം നടമാടുമ്പോഴും ബാങ്കിംഗ് മേഖല തുരുത്തായെങ്കിലും പിടിച്ചുനില്‍ക്കുകയാണ്. ഇതിനിടയിലും, കൊടി മടക്കാതെ ആസേതു ഹിമാചലം സമരപരിപാടികള്‍ സംഘടിപ്പിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്ന തൊഴിലാളിവര്‍ഗ്ഗബോധം ബാങ്കിംഗ് ജീവനക്കാര്‍ക്കിടയില്‍ ബാക്കിയുണ്ട്. ജനതയുടെ പിന്തുണയുണ്ടായാല്‍ ഈ സ്വത്ത് 130 കോടിക്കും തുല്യാവകാശമുള്ളതായി തുടരും, അല്ലാത്തപക്ഷം അത് 30 പേരിലേക്ക് ചുരുങ്ങും- ബാങ്കിംഗ് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു
28 Sep 2020, 12:23 PM
കോവിഡിനൊപ്പം സ്വകാര്യവല്‍ക്കരണവും അതിന്റെ സര്‍വ്വവ്യാപിത്വം ഏതാണ്ട് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. എന്നിട്ടും വഴങ്ങിക്കൊടുക്കാത്ത ചില തുരുത്തുകള്‍ അവശേഷിക്കുന്നു. സ്വകാര്യവല്‍ക്കരണ നീക്കങ്ങളുടെ കാലത്തെ ഇന്ത്യന്‍ ബാങ്കിംഗ് രംഗം മുഖ്യധാരയോട് അങ്ങനെയൊരു സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുന്നുണ്ട്. അതിന്റെ ചരിത്രവും വര്‍ത്തമാനവും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തന്നെ ജീവചരിത്രമായ് പരിഗണിക്കാവും.
1969ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. അതൊരു അനിവാര്യതയായിരുന്നു. 1947ല്‍ രൂപം കൊണ്ട ഇന്ത്യയെന്ന മഹാത്ഭുതം ഒരു വര്‍ഗസംഘര്‍ഷത്തിലൂടെ തകര്‍ന്നുവീഴാതിരിക്കുവാന്‍ പൊതുമേഖലയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാതെ മറ്റൊരു നിവൃത്തിയുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഈ രാഷ്ട്രീയനീക്കം ആറ് വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തക്കതായ രാഷ്ട്രീയമൂലധനം നേടിക്കൊടുക്കുന്നുണ്ട്.
ഇന്ദിരയും ദേശസാല്‍ക്കരണവും
പക്ഷേ, കഥ തുടങ്ങുന്നത് അവിടെയല്ല. 1946 മുതല്‍ ബാങ്കിംഗ് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ 1950കളില്‍ ഈ ആവശ്യം ആദ്യമായി ഉന്നയിക്കുമ്പോള്‍ സാമ്പത്തിക വിശാരദര്‍ അതിനെ ഒരു അതിവിപ്ലവപ്പേച്ചായ് കണ്ട് ചിരിച്ചുതള്ളുകയാണ് ഉണ്ടായത്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നടത്തിപ്പോന്ന തുടര്‍ച്ചയായ പ്രചാരണ പരിപാടികളും സമരനടപടികളും ഈ വിഷയത്തെ ദേശീയതലത്തില്‍ പ്രസക്തമാക്കി നിര്‍ത്തി. അവര്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ഇടത് രാഷ്ട്രീയനേതാക്കളുണ്ടായി. അവരുടെ ചില നേതാക്കള്‍ താമസിയാതെ പാര്‍ലമെന്റില്‍ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന ബാങ്കിംഗ് ദേശസാല്‍ക്കരണം എന്ന ജനകീയ ആശയത്തെ സ്വീകരിച്ച് ആനയിക്കുവാന്‍ ഇന്ദിരാഗാന്ധി തയാറാവുകയാണ് ഉണ്ടായതെന്ന് കാണാം.
കോണ്‍ഗ്രസിലെ സിന്‍ഡിക്കേറ്റും രാജഗോപാലാചാരിയും ഒന്ന് മുറുമുറുത്ത് നോക്കാതിരുന്നില്ല. രാജ്യസ്‌നേഹത്തിന്റെ ഏതോ ഒരു നിമിഷത്തില്‍, ജനസംഘം കോടതിയില്‍ പോവുകയും ചെയ്തു. പക്ഷേ ഇന്ത്യാമഹാരാജ്യത്ത് ജനകീയ ബാങ്കിംഗിന് നാന്ദി കുറിച്ച് ദേശസാല്‍ക്കരണം നിയമമാക്കി.
ദേശസാല്‍ക്കരണത്തോടെ ഏതാനും ചില വ്യവസായിക്കുടുംബങ്ങള്‍ കൈവശം വെച്ചിരുന്ന ബാങ്കിംഗ് രംഗം ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്തായി. എന്നുമാത്രമല്ല അതൊരു പ്രധാന തൊഴില്‍മേഖലയായി പരിഗണിക്കപ്പെടാനും തുടങ്ങി. അരിക്കച്ചവടക്കാരുടെയും ചണക്കച്ചവടക്കാരുടെയും തൊമ്മിമാര്‍ മാത്രം വിലസി വിഹരിച്ചിരുന്ന ബാങ്കുകളില്‍ സംവരണാടിസ്ഥാനത്തില്‍ മത്സരപരീക്ഷകളിലൂടെ ആളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ വര്‍ഗസംഘര്‍ഷത്തിന്റെ സാധ്യതകളെ സമാധാനപ്രേമികളായ ഒരു മദ്ധ്യവര്‍ഗത്തിന് രൂപം കൊടുത്ത് സക്രിയമായ് പരിഹരിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് സാധ്യമായി.
വൈവിദ്ധ്യങ്ങളുടെ ഒരു മഹാബാങ്കായ ഇന്ത്യക്ക് അക്കാലത്തെ കമ്യൂണിസ്റ്റ് ചേരിയുടെ യുക്തികള്‍ സ്വീകാര്യമായിരുന്നില്ല. അമേരിക്കന്‍ ചേരിയെ പോലെ ഇട്ടടിക്കാനുള്ള സമ്പത്തുമുണ്ടായിരുന്നില്ല. പക്ഷേ കൊളോണിയല്‍ ശക്തികള്‍ പിന്മാറിയ മറ്റുചില ദേശരാഷ്ട്രങ്ങളില്‍ നിന്ന് വിഭിന്നമായ് തനിമയാര്‍ന്നൊരു വഴി തേടാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്കുകഴിഞ്ഞു. അത്തരം തനിമകള്‍ ഓരോന്നോരോന്നായി പിഴുതെറിഞ്ഞുകൊണ്ടാണ് സ്വകാര്യവല്‍ക്കരണം ഇപ്പോള്‍ നടപ്പിലാക്കുന്നത്. പൊതുമേഖലാ ബാങ്കുകളും അടിസ്ഥാനപരമായി പണം പലിശക്ക് കൊടുക്കുന്ന ഒരു വ്യവസായമാണ് ചെയ്യുന്നത്.
അതിനൊടൊപ്പം, സമത്വഭാവനയിലൂന്നി വിഭവവിതരണം കൂടി സാധ്യമാക്കിയതാണ് ദേശസാല്‍ക്കരണത്തിന്റെ സവിശേഷത.
ഹൃദയം രക്തധമനികളിലൂടെ കോശകോശാന്തരങ്ങളിലേക്ക് ജീവവായു എത്തിക്കുന്നതുപോലെ ഇന്ത്യന്‍ ഭരണകൂടം അതിന്റെ പൗരാവലിക്ക് കൊടുക്കാന്‍ ബാധ്യസ്ഥമായ സാമ്പത്തിക അവകാശങ്ങള്‍ വിതരണം ചെയ്യുന്നത് പൊതുമേഖലാ ബാങ്കുകളിലൂടെയാണ്. അത് ക്ഷേമ പെന്‍ഷനുകളാവാം, കുറഞ്ഞ പലിശയുള്ളൊരു വിദ്യാഭ്യാസ വായ്പയാവാം, കാര്‍ഷിക സബ്‌സിഡിയാവാം, ഇന്‍ഷുറന്‍സ് പദ്ധതിയാവാം. എന്തുതന്നെയായാലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരില്‍ പത്ത് ലക്ഷത്തോളം ബാങ്കിംഗ് ജീവനക്കാര്‍ക്ക് വലിയൊരു പങ്കുണ്ട്. മറിച്ച് സ്വകാര്യബാങ്കുകള്‍ ഓരോ വ്യക്തിയെയും ലാഭം കണ്ടെത്താനുള്ള ഒരു യൂണിറ്റ് മാത്രമായാണ് കണക്കാക്കുന്നത്. ഇത് പൊതുമേഖലയുടെ നേര്‍വിപരീതദിശയാണ്.
എന്തും ഏതും കച്ചവടസാധ്യതയാകുമ്പോള്‍ ലാഭം കുമിയും. പക്ഷേ ആ ലാഭത്തിനുമേലുള്ള നിയന്ത്രണാവകാശം സ്വകാര്യ ബാങ്കുകളുടെ ഉടമകള്‍ക്ക് മാത്രമാവും ഉണ്ടാവുക. 130 കോടി മനുഷ്യജീവിതങ്ങള്‍ വെരകുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തില്‍ അതെന്ത് പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്ന കാര്യം അപ്രവചനീയമായിരിക്കും.
വിയോജിക്കാന്‍ മനുഷ്യരുണ്ട്
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഡി.ബി.ഐ തുടങ്ങിയ ബാങ്കുകളുടെ ഓഹരികള്‍ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ബ്രാഞ്ചുകള്‍ വെട്ടി കുറച്ചും ജീവനക്കാരുടെ എണ്ണം പരിമിതമാക്കി ബാങ്ക് ലയനങ്ങളും ഒരു വഴിക്ക് നടക്കുന്നു. എന്നാലിത്തരം കാര്യങ്ങളില്‍ വലിയ ധാരണയൊന്നും ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് പോലുമില്ല.
ഒരു രാത്രി എട്ട് മണിക്ക് എന്തുസംഭവിച്ചു എന്ന് കണ്ടതാണ്. അത് അവിടുന്നങ്ങോട്ടുള്ള പോക്കിന്റെ വ്യക്തമായൊരു സന്ദേശം കൂടിയായിരുന്നു. പലതും സംഭവിച്ചുകഴിഞ്ഞ് മാത്രമാണ് ബന്ധപ്പെട്ട ആളുകള്‍ക്ക് കൂടി അറിയാന്‍ കഴിയുന്നത്. നിയമനിര്‍മാണ സഭകളിലെ വാര്‍ത്തകള്‍ വര്‍ഗീയതയിലും സെലിബ്രിറ്റി ഗോസിപ്പുകളിലും മുക്കി കൊല്ലുന്ന മാധ്യമങ്ങള്‍ അവര്‍ക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്ത് കൊടുക്കുന്നുണ്ട്.
സാമ്പത്തികരംഗത്തുമാത്രമായി ഒതുങ്ങുന്ന ശൈലിയല്ല ഇത്. എങ്കിലും മനസിലാക്കി എടുക്കാന്‍ ഏറ്റവും ക്ലിഷ്ടമായുള്ളത് സാമ്പത്തികയുക്തികള്‍ തന്നെയായിരിക്കണം. കഴിഞ്ഞ അമ്പതുകൊല്ലം കൊണ്ട് അത് കൂടുതല്‍ സങ്കീര്‍ണമായി തീര്‍ന്നു. മഹാഭൂരിപക്ഷവും അത്തരം അറിവുകളില്‍ നിന്ന് ആട്ടിയകറ്റപ്പെടുകയും ചെയ്യുന്നു. ഒരു വശത്ത് സ്വകാര്യവല്‍ക്കരണം ഇളകിയാടുമ്പോള്‍ അതിനോട് ജനാധിപത്യപരമായി വിയോജിക്കുവാനും കോടിക്കണക്കായ മനുഷ്യരുണ്ട്. ബാങ്കിംഗ് സ്വകാര്യവല്‍ക്കരണം തടഞ്ഞുനിര്‍ത്തുന്നതും അത്തരം സമരനടപടികളാണ്. അത്തരം വിയോജിപ്പുകളെ രാജിയാക്കാന്‍ കഴിയുമ്പോഴേ സ്വകാര്യവല്‍ക്കരണവും അതിന്റെ പൂര്‍ണത പ്രാപിക്കൂ എന്നുതന്നെ കരുതാം.
വില്‍ഫുള്‍ ഡിഫാള്‍ട്ടിംഗ് എന്ന കുറ്റകൃത്യം
സ്വകാര്യവല്‍ക്കരണം കൂമ്പാരം കൂടുന്ന സമ്പത്ത് സൃഷ്ടിക്കുമെന്ന കാര്യം നിസ്സംശയമാണ്. പക്ഷേ ആരാവും അതിന്റെ ഗുണഭോക്തക്കള്‍ എന്ന ചോദ്യം അങ്ങനെ വിട്ടുകളയാന്‍ കഴിയില്ലല്ലോ. സമ്പത്തിന്റെ ഗുണഭോക്താക്കള്‍ അതിനുമേല്‍ നിയന്ത്രണാധികാരങ്ങള്‍ ഉള്ളവര്‍ മാത്രമായിരിക്കും. അഥവാ ആലിബാബയെ പോലെ കടന്നുകയറണമെങ്കില്‍ മാന്ത്രികവാക്കുകള്‍ അറിഞ്ഞിരുന്നേ മതിയാവൂ. ആലിബാബയുടെ ആയിരത്തൊന്ന് രാവുകള്‍ എന്നേ കഴിഞ്ഞുപോയി. വെയിലടിച്ച് കരുവാളിച്ച ശരീരവുമായി ഏന്തി വരുന്ന കോടിക്കണക്കായ ഇന്ത്യന്‍ കര്‍ഷകര്‍ക്ക്, ഇടത്തരക്കാര്‍ക്ക്, എന്തിന് മേല്‍ത്തട്ട് മധ്യവര്‍ഗ്ഗത്തിന് കൂടി അത്തരം മാന്ത്രികവാക്കുകള്‍ അറിയാന്‍ കഴിയില്ല.
ഞങ്ങള്‍ക്ക് റൊട്ടി തരൂ എന്ന് നിലവിളിക്കുന്ന രോഷം കേട്ട പാടേ റൊട്ടിയില്ലെങ്കില്‍ കേക്ക് ഭക്ഷിക്കൂ എന്ന് പറഞ്ഞിരുന്നവരുടെ കാലത്തേക്കാണ് ഈ രാഷ്ട്രം തിരഞ്ഞ് ചെന്നുകൊണ്ടേയിരിക്കുന്നത്.
ഒരാള്‍ നിങ്ങളുടെ കയ്യില്‍ നിന്ന് 10,000 രൂപ കടം വാങ്ങി പതിനൊന്ന് ഗഡുക്കളായി ആയിരം രൂപ വെച്ച് തിരിച്ചുതരാമെന്ന് പറഞ്ഞ് വാങ്ങുന്നു. ഒന്നാമത്തെ ഗഡുവായി ആയിരം രൂപ തിരിച്ചുതരികയും ചെയ്തു. അതിനുശേഷം, അയാൾ ഒരു ആയിരം നാട്ടിലെ ഒരു ചട്ടമ്പിക്ക് കൊടുക്കുന്നു. വേറെ രണ്ട് ആയിരങ്ങള്‍ പഞ്ചായത്ത് മെമ്പര്‍ക്കും നിയമപാലകനും കൊടുക്കുന്നു. അതിനുശേഷം അയാൾ നിങ്ങള്‍ക്ക് ഒരു രൂപ പോലും തിരിച്ച് തരുന്നില്ല.
നിങ്ങള്‍ അയാളുടെ കടയിൽ ചെന്ന് ചോദിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും കടത്തിണ്ണയില്‍ ചട്ടമ്പിയെ കണ്ട് പിന്മാറേണ്ടി വന്നു. ധൈര്യം സംഭരിച്ച് കടന്നുചെന്ന ദിവസം മര്‍ദ്ദനമേറ്റ നിങ്ങളെ പ്രതി നിയമപാലകനും പഞ്ചായത്ത് മെമ്പറും ഒക്കെ മൗനം പാലിക്കുന്നു. അങ്ങനെ നിങ്ങളുടെ ഒമ്പതിനായിരം പോയി. അയാൾക്ക് ആറായിരം കിട്ടുകയും ചെയ്തു.
ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുന്ന വലിയൊരു ക്രിമിനല്‍ കുറ്റമാണ് വില്‍ഫുള്‍ ഡിഫാള്‍ട്ടിംഗ്. ബോധപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാതിരിക്കാന്‍ ഗൂഢാലോചന നടത്തുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമനിര്‍മ്മാണങ്ങളാണ് വേണ്ടത്. പക്ഷേ സഖാവ് ജോസണ്‍ പറയുന്നതുപോലെ സാധാരണക്കാരന് ജപ്തിയും കോര്‍പറേറ്റുകള്‍ക്ക് സ്വസ്തിയും എന്ന നിലക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇതിനെതിരായ കാമ്പയിനായാണ് ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ വില്‍ഫുള്‍ ഡിഫാള്‍ട്ടിംഗായ അക്കൗണ്ടുകളുടെ വിസ്തരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഗൗരവമുള്ള ഒരു ഡാറ്റാ ഷീറ്റാണത്. മാധ്യമങ്ങളും അധികാരികളും നികുതി പണത്തെ കുറിച്ച് അതിവാദം പറയുന്ന സോഷ്യല്‍ മീഡിയ സിംഹങ്ങളും എല്ലാം ആ വാര്‍ത്ത കണ്ടില്ലെന്ന് നടിച്ചു.
തുരുത്തായി ബാങ്കിംഗ് മേഖല
ഒരുവശത്ത് നിയമം കൊണ്ടുള്ള സ്വകാര്യവല്‍ക്കരണം. മറുവശത്ത് നിയമവിരുദ്ധമായ കടമെടുത്ത് മുങ്ങല്‍. ഒന്നും പോരാഞ്ഞ് ഇപ്പോള്‍ ആര്‍ക്കും എന്തിനും കാരണവും മറയുമായി വുഹാനില്‍ നിന്ന് വന്ന ചങ്ങാതിയുമുണ്ട്. കാര്‍ഷിക ബില്ലും വിദ്യാഭ്യാസ ബില്ലും എല്ലാം പാസായി വരുമ്പോഴും പ്രതിരോധ മേഖലയിലടക്കം സ്വകാര്യവല്‍ക്കരണം നടമാടുമ്പോഴും ബാങ്കിംഗ് മേഖല തുരുത്തായെങ്കിലും പിടിച്ച് നില്‍ക്കുകയാണ്. നൂറായിരം ഫോര്‍വേഡ് മെസേജുകള്‍ കൊണ്ട് ആത്മീയമായി മുറിവേല്‍പ്പിച്ചിട്ടും ചെറിയ പിഴവുകള്‍ പോലും വലിയ വാര്‍ത്തകളാക്കി ആക്രമിച്ചിട്ടും ബിസിനസിനൊപ്പം സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ രാപ്പകല്‍ പണിയെടുപ്പിച്ചിട്ടും പണിയെടുക്കാതെ ദുര്‍മുഖം കാട്ടുന്നവര്‍ എന്ന് ആക്ഷേപിച്ചിട്ടും കൊടി മടക്കാതെ ആസേതു ഹിമാചലം സമരപരിപാടികള്‍ സംഘടിപ്പിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്ന തൊഴിലാളിവര്‍ഗ്ഗബോധം ബാങ്കിംഗ് ജീവനക്കാര്‍ക്കിടയില്‍ ബാക്കിയുണ്ട്. ജനതയുടെ പിന്തുണയുണ്ടായാല്‍ ഈ സ്വത്ത് 130 കോടിക്കും തുല്യാവകാശമുള്ളതായി തുടരും, അല്ലാത്തപക്ഷം അത് 30 പേരിലേക്ക് ചുരുങ്ങും.
അമൃത് ജി. കുമാര്‍
Oct 13, 2020
23 Minutes Read
ബി.രാജീവന്‍
Oct 06, 2020
22 Minutes Read
ദാമോദർ പ്രസാദ്
Sep 29, 2020
27 Minutes Read
ധര്‍മേഷ് ഷാ
Sep 29, 2020
14 Minutes Read
വിജു കൃഷ്ണന്‍/ മനില സി. മോഹന്‍
Sep 22, 2020
12 Minutes Read
എ.കെ. രമേശ്
Sep 13, 2020
7 Minutes Read
വിധു വിന്‍സെന്റ് / മനില സി.മോഹന്‍
Aug 18, 2020
12 Minutes Read
വിജയ് പ്രഷാദ്
Jul 28, 2020
7 Minutes Read