truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Gautam Adani

Economy

അദാനി എന്ന സാമ്രാജ്യം:
ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറം

അദാനി എന്ന സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറം

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻ ബർഗ്​ വെളിപ്പെടുത്തലുകളുടെ പാശ്​ചാത്തലത്തിൽ മോദി സർക്കാറിന്റെ കോർപറേറ്റ്​ ചങ്ങാത്തം അപകടകരമായ നിലയിലേക്ക്​ വ്യാപിക്കുന്നതിന്റെ സൂചനകൾ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയിൽ പ്രകടമായിക്ക​ഴിഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ നീരാളിക്കൈകളാല്‍ വരിഞ്ഞുമുറിക്കിക്കഴിഞ്ഞ ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിനുമപ്പുറത്തേക്ക് നീളുന്ന ബിസിനസ് ഒളിഗാര്‍ക്കിയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച്​ ഒരന്വേഷണം.

28 Jan 2023, 12:15 PM

കെ. സഹദേവന്‍

“The credit market in India is prone to perilious setbacks, with the extant prolonged non-performing asset shock being the latest one. At the heart of the subject is the increasing risk, in effect, due to the failure, over decades, to arrest a creeping banking sector-financialization; ownership of banks as a means for day-to-day macroeconomic management rather than primarily for efficient intermediation between savers and borrowers”1. 

പ്രമുഖ സാമ്പത്തിക വിദഗ്​ധന്‍ ഊര്‍ജിത് പട്ടേല്‍ എഴുതി, 2020 ആഗസ്തില്‍ പ്രസിദ്ധീകരിച്ച ഓവർഡ്രാഫ്​റ്റ്​ എന്ന പുസ്തകത്തിലെ ആദ്യ അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ഇന്ത്യന്‍ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് മറ്റൊരു പുസ്തകം കൂടി ഇതേ മാസത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ രണ്ട് പുസ്തകങ്ങളുടെയും കര്‍ത്താക്കള്‍ ഇന്ത്യയുടെ റിസര്‍വ്വ് ബാങ്കിന്റെ മുന്‍ തലവന്മാരാണ്. ഒന്നാമത്തെയാള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും, രണ്ടാമത്തെ വ്യക്തി ഡോ. വിരള്‍ ആചാര്യ, ഡെപ്യൂട്ടി ഗവര്‍ണറും ആയിരുന്നു. രണ്ടുപേരും മോദി സര്‍ക്കാരുമായി കലഹിച്ച്​ രാജിവെച്ചവരാണ്. രണ്ട് പുസ്തകങ്ങളിലെയും പ്രധാന പ്രമേയം ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിന്മേലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ എങ്ങനെയാണ് അതിന്റെ തകര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നതെന്നാണ്. 
ഊര്‍ജിത് പട്ടേലിന്റെ ഓവർഡ്രാഫ്​റ്റ്​ എന്ന പുസ്തകത്തില്‍ പ്രധാനമായും ഇന്ത്യയുടെ ഇന്‍സോള്‍വെന്‍സി ആൻറ്​ ബാങ്കറപ്റ്റ്‌സി കോഡില്‍ വെള്ളം ചേര്‍ത്തതിലൂടെ ലോണ്‍ റിക്കവറി സാധ്യതകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതെങ്ങിനെയെന്ന് വിശദമാക്കുന്നു:  ‘‘(മറ്റ് രാജ്യങ്ങളിലെ സമാന പദവിയിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍) ഇന്ത്യന്‍ ധനമന്ത്രിമാര്‍, വാര്‍ഷിക ധനകാര്യ പ്രസംഗത്തില്‍ ബാങ്കുകള്‍ക്ക് വേണ്ടി ക്രെഡിറ്റ് ബജറ്റുകള്‍ പ്രഖ്യാപിക്കുന്നു; സംസ്ഥാന മുഖ്യമന്ത്രിമാര്‍, അവരുടെ ഭാഗത്തുനിന്ന്, ഓരോ വര്‍ഷവും എഴുതിത്തള്ളല്‍ പ്രഖ്യാപിക്കുന്നു; 2008-ല്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഗവണ്‍മെൻറ്​രണ്ടും ഒരേസമയം ചെയ്തു.’’

ഊർജിത്ത് പട്ടേല്‍, വിരല്‍ ആചാര്യ
ഊർജിത്ത് പട്ടേല്‍, വിരല്‍ ആചാര്യ

ഡോ.വിരല്‍ ആചാര്യയുടെ Quest for Restoring Financial Stability in India2 എന്ന പുസ്തകത്തില്‍, റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണപദവി ഇല്ലാതാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ ശ്രമം എങ്ങനെയാണ് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചതെന്ന് വിശദീകരിക്കുന്നു. 

ALSO READ

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്, അദാനിക്കെതിരെയുള്ള ഗൂഢാലോചനയോ?

മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തൊട്ട് അരവിന്ദ് സുബ്രണ്യം, അരവിന്ദ് പനഗാരിയ തുടങ്ങിയ അഞ്ചോളം സാമ്പത്തിക വിദഗ്ദ്ധര്‍ മോദി സര്‍ക്കാരുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ച് പുറത്തുപോവുകയായിരുന്നു. സാമ്പത്തിക മേഖലയെക്കുറിച്ച് അല്‍പമെങ്കിലും ധാരണയുള്ള, ചോദ്യം ചെയ്യാന്‍ കെല്പുള്ള ആരെയും അധികാര സ്ഥാനത്ത് ഇരുത്തില്ലെന്നതിന്റെ തെളിവുകളാണ് മേല്‍പ്പറഞ്ഞവരുടെയെല്ലാം രാജി. രസകരമായ സംഗതി, മുകളില്‍ സൂചിപ്പിച്ച ഒരാളും തന്നെ ലിബറല്‍ സാമ്പത്തിക നയങ്ങളോട് വിപ്രതിപത്തിയുള്ളവരോ, നിലവിലുള്ള സാമ്പത്തിക-വികസന നയങ്ങളോട് എതിര്‍പ്പുള്ളവരോ അല്ല എന്നതാണ്. 

രഘുറാം രാജന്‍
രഘുറാം രാജന്‍

ഇന്ത്യന്‍ സാമ്പത്തിക മേഖലയെ നീരാളിക്കൈകളാല്‍ വരിഞ്ഞുമുറിക്കിക്കഴിഞ്ഞ ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിനുമപ്പുറത്തേക്ക് നീളുന്ന ബിസിനസ് ഒളിഗാര്‍ക്കിയുടെയും പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെയും സമ്പദ്​വ്യവസ്​ഥയെയും കടുത്ത പ്രതിസന്ധികളിലേക്ക് ആഴ്ത്തുമെന്ന് ഉറപ്പുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ അതിന്റെ പാപഭാരം സ്വയം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിന്റെ പ്രതിഫലനം കൂടിയാണ് മേല്‍പ്പറഞ്ഞ രാജികള്‍ എന്ന് പറയാം.

ചങ്ങാത്ത മുതലാളിത്തത്തിന്റെ വികാസം

ചങ്ങാത്ത മുതലാളിത്തം എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുതായി കടന്നുവന്ന ഒന്നല്ല. ഒരുവേള വര്‍ത്തമാനകാല രൂപത്തില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഒന്നായിട്ടല്ലെങ്കില്‍ കൂടിയും അതത് കാലത്തെ ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബിസിനസ് ഗ്രൂപ്പുകളുടെ സഹവര്‍ത്തിത്തം കൂടി ഉള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം. ടാറ്റ, ബിര്‍ള, ഗോയങ്ക, ബജാജ് തുടങ്ങിയ ഏതാനും വിരലിലെണ്ണാവുന്ന വന്‍കിട ബിസിനസ് സാമ്രാജ്യങ്ങള്‍ക്ക് ദേശീയ പ്രക്ഷോഭവുമായുള്ള ബന്ധവും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുമായുള്ള അടുപ്പവും സ്വതന്ത്ര ഇന്ത്യയില്‍ അവരുടെ വ്യവസായ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി മാറിയിരുന്നു. പൂര്‍ണമായ തോതില്‍ നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഏത് രീതിയിലായിരിക്കണം എന്ന് നിശ്ചയിക്കുന്ന ‘ബോംബെ പ്ലാന്‍'3 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, മാര്‍ഗരേഖ രേഖ തയ്യാറാക്കിയിരുന്നത് അക്കാലത്തെ എട്ടോളം വ്യവസായ പ്രമുഖരായിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. 

രത്തന്‍ ടാറ്റ, ആദിത്യ വിക്രം ബിര്‍ല, രാഹുല്‍ ബജാജ്
രത്തന്‍ ടാറ്റ, ആദിത്യ വിക്രം ബിര്‍ല, രാഹുല്‍ ബജാജ്

‘റിലേഷണല്‍ ക്രോണിയിസം' എന്നോ സ്വജനപക്ഷപാതമെന്നോ വിശേഷിപ്പിക്കാവുന്ന ചങ്ങാത്ത മുതലാളിത്തം അതിന്റെ മൂര്‍ത്തരൂപം കൈക്കൊള്ളുന്നത് നവ സാമ്പത്തിക ഉദാരവത്കരണ നടപടികളോടെയാണെന്ന് കാണാം. സാമൂഹ്യനീതി അടിസ്ഥാന ദര്‍ശനമായി പരിഗണിക്കാത്ത ഒരു സമ്പദ്​വ്യവസ്​ഥയില്‍ എങ്ങനെയാണോ ചങ്ങാത്ത മുതലാളിത്തം വേരുകള്‍ പടര്‍ത്തുന്നത് അതിന്റെ ഏറ്റവും വൃത്തികെട്ട രൂപമെന്ന നിലയില്‍ ഇന്ത്യയില്‍ പിന്നീടത് വളര്‍ന്നുവികസിച്ചു.

ALSO READ

അദാനിയെത്തുമ്പോൾ രാഷ്ട്രീയം മറക്കുന്നവർ

രാഷ്ട്രീയ ഭരണസംവിധാനങ്ങളില്‍ നിന്ന് സ്വതന്ത്രമായ നീതിന്യായ- നിയന്ത്രണ സംവിധാനങ്ങളുടെ അഭാവവും അതാര്യവും കേന്ദ്രീകൃതവുമായ ഭരണ നിര്‍വ്വഹണ സാഹചര്യങ്ങളും ഒത്തുചേര്‍ന്നതോടെ ചങ്ങാത്ത മുതലാളിത്തം പൂര്‍ണവളര്‍ച്ച നേടിയെടുത്തു. നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും നമായ ലംഘനങ്ങള്‍, ഗുരുതരമായ സാമ്പത്തിക അഴിമതികള്‍ എന്നിവകളിലൂടെ അത് കരുത്താര്‍ജ്ജിച്ചുകൊണ്ടിരുന്നു. 

ബോഫോര്‍സ് ആയുധ ഇടപാട്

എണ്‍പതുകളുടെ ആദ്യത്തില്‍ ഉയര്‍ന്നുവന്ന ബോഫോര്‍സ് ആയുധ ഇടപാട് വിവാദം പ്രതിരോധ മേഖലയിലേക്ക് കൂടി പടര്‍ന്നുകയറിക്കഴിഞ്ഞ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തെളിവുകളായിരുന്നു. രാഷ്ട്രീയ ഭരണനേതൃത്വവും, ഉദ്യോഗസ്ഥവൃന്ദവും സ്വകാര്യ ഇടനിലക്കാരും ചേര്‍ന്ന് നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെ തുടര്‍ച്ചയായിരുന്നു ബോഫോര്‍സ് ആയുധ ഇടപാടിലെ അഴിമതി.

ബോഫോര്‍സ് തോക്ക്
ബോഫോര്‍സ് തോക്ക്

ഇന്ത്യന്‍ സൈന്യത്തിനായി ഓര്‍ഡര്‍ ചെയ്യപ്പെട്ട 1437 കോടി രൂപയുടെ തോക്ക് ഇടപാടില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും അഴിമതി നടത്തിയിട്ടുണ്ടെന്ന സ്വീഡിഷ് റേഡിയോയുടെ വെളിപ്പെടുത്തലോടെയായിരുന്നു കഥകള്‍ പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. രാജീവ് ഗാന്ധി ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന ഈ പ്രതിരോധ ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. 1986 തൊട്ട് 2011 വരെ, ഏതാണ്ട് കാല്‍നൂറ്റാണ്ട് കാലത്തെ നിയമയുദ്ധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബോഫോര്‍സ് ആയുധ അഴിമതിയില്‍ ഉള്‍പ്പെട്ട ഒരാളും തന്നെ ശിക്ഷിക്കപ്പെടുകയുണ്ടായില്ല. ഈ കാലയളവില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള നാലോളം ഗവണ്‍മെന്റുകള്‍ കേന്ദ്ര ഭരണം കൈകാര്യം ചെയ്തിരുന്നുവെന്നും ബോഫോര്‍സ് അഴിമതി ആയുധമാക്കി അധികാരത്തിലെത്തിയവര്‍ പോലും പ്രസ്തുത കമ്പനിയെ പ്രതിരോധ ഇടപാടുകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സന്നദ്ധരായില്ലെന്നും അറിയുമ്പോഴാണ് ഇന്ത്യന്‍ രാഷ്ട്രീയം അഴിമതിയെ ഏത് രീതിയിലാണ് സ്വാംശീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാകുക.

സാമ്പത്തിക മേഖലയിലെ ഉദാര- സ്വകാര്യവത്കരണ പ്രക്രിയകളുടെ ആക്കം കൂടുന്നതിനനുസരിച്ച് സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതിയുടെയും എണ്ണത്തിലും തോതിലും ഭീമാകാരമായ വളര്‍ച്ചയും നമുക്ക് ദര്‍ശിക്കാവുന്നതാണ്. തൊണ്ണൂറുകള്‍ക്ക് മുന്നും പിന്നുമുള്ള വന്‍കിട സാമ്പത്തിക അഴിമതികളുടെ എണ്ണത്തില്‍ നിന്നുതന്നെ ഇക്കാര്യം എളുപ്പത്തില്‍ ബോധ്യപ്പെടും.

ചങ്ങാത്ത മുതലാളിത്തം വ്യവസായ സംരംഭങ്ങള്‍ക്കിടയിലെ മത്സരങ്ങളെ ഇല്ലായ്മ ചെയ്യുന്നുവെന്ന കേവല വാദത്തിനപ്പുറത്ത്, സമ്പത്ത് വിതരണത്തിലും അവസര നിഷേധത്തിലും അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തിലെടുക്കാന്‍ സാമ്പത്തിക ശാസ്​ത്രജ്ഞന്മാർ പോലും തയ്യാറാകുന്നില്ലെന്നത് വസ്തുതയാണ്. ചങ്ങാത്ത മുതലാളിത്തം ഉത്പാദനക്ഷമമോ കാര്യക്ഷമമോ അല്ലാത്ത സംരംഭങ്ങളിലേക്ക് രാഷ്ട്രത്തിന്റെ പൊതുസമ്പത്തും വിഭവങ്ങളും ഒഴുക്കി വിടുന്ന പ്രവണതകളെ ചോദ്യം ചെയ്യാന്‍ വിസമ്മതിക്കുന്നതിലൂടെ സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെ പരിഗണിക്കാതിരിക്കുകയാണ് ചെയ്യുന്നത്. പരാജിതരുടെ നഷ്ടം വിജയികളുടെ നേട്ടങ്ങളേക്കാള്‍ പതിന്മടങ്ങായിരിക്കും എന്നതിനോടൊപ്പംതന്നെ അവ സമൂഹത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയുമായിരിക്കും. പൊതുസമ്പത്ത് വിരലിലെണ്ണാവുന്ന ഏതാനും പേരിലേക്ക് മാത്രമായി ചുരുക്കുന്ന പ്രക്രിയയായി അത് മാറുകയും വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുകയും ചെയ്യും.

ALSO READ

കർഷകർ വിതയ്ക്കും  സർക്കാർ വളമിടും അദാനി കൊയ്യും 

ഒരര്‍ത്ഥത്തില്‍, ചങ്ങാത്ത മുതലാളിത്തം എന്നത് വ്യക്തമായ മുന്‍ഗണനാ നടപടികളുമായി ബന്ധപ്പെട്ട സ്വജനപക്ഷപാതത്തിന്റെ സംയോജനമായി മനസ്സിലാക്കാം. ചങ്ങാത്തവാദത്തിന്റെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട നിര്‍വചനം,  ‘സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും, പ്രത്യേകിച്ച് രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാര്‍ക്ക് പിന്തുണയുള്ള സംഘടനകള്‍ക്കും ഇടയില്‍ കരാറുകള്‍, ജോലികള്‍, മറ്റ് സൗജന്യങ്ങള്‍ എന്നിവ നല്‍കുന്നതില്‍ പക്ഷപാതം കാണിക്കുന്ന രീതി' എന്നാണ്. വ്യവസായികളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശകതമാകുമ്പോള്‍ പരസ്പര സഹകരണത്തിന്റെ തലങ്ങളും ദൃഢമാകുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ ബിസിനസ്​ പുരോഗതിയെന്നത്, ബ്യൂറോക്രാറ്റുകളുമായും രാഷ്ട്രീയക്കാരുമായും ശകതമായ ബന്ധം നിലനിര്‍ത്താനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്ന ഒരു സംവിധാനമായി ചങ്ങാത്ത മുതലാളിത്തത്തെ മനസ്സിലാക്കാന്‍ കഴിയും. 

മാധ്യമങ്ങളും ബിസിനസ്​ ഗ്രൂപ്പുകളും

രാഷ്ട്രീയ ഭരണകൂടങ്ങളും പാര്‍ട്ടികളും തമ്മിലുള്ള വ്യവസായ ഗ്രൂപ്പുകളുടെ ബന്ധത്തെപ്പോലെ പ്രധാനമാണ് ജനാധിപത്യത്തിലെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളും ബിസിനസ്​ ഗ്രൂപ്പുകള്‍ തമ്മിലുള്ള ബന്ധവും.  ഇന്ത്യയിലെ ഏതെങ്കിലും മാധ്യമങ്ങളുടെ ഉടമസ്ഥാവകാശ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, മിക്ക സ്ഥാപനങ്ങളുടെയും ഉടമസ്ഥത വിവിധ വന്‍കിട വ്യവസായ ലോബികളുടെ കയ്യിലാണെന്ന് കാണാന്‍ കഴിയും. ഏറ്റവും ഒടുവില്‍ എന്‍.ഡി.ടി.വിയുടെ  ഉടമസ്ഥാവകാശം കൈക്കലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം ഈയവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.  ഇന്ത്യയിലെ ഏതാണ്ടെല്ലാ ദൃശ്യമാധ്യമങ്ങളും വര്‍ത്തമാന പത്രങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുള്ള കൂറ് കാണിക്കുന്നവയാണെന്ന് കാണാം. ഓരോ മാധ്യമസ്ഥാപനങ്ങളും ഏതെങ്കിലും പക്ഷത്തോടുള്ള ചായ്​വ്​ പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന അവസ്ഥയില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പത്രപ്രവര്‍ത്തന ശൈലിയെക്കുറിച്ചുള്ള സങ്കല്പം തന്നെ ഒരു സ്വപ്നമായി അവശേഷിക്കും. ‘ക്രോണി ജേണലിസ'ത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ മാധ്യമ സ്ഥാപനങ്ങള്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതോടൊപ്പം മാധ്യമ വസ്തുനിഷ്ഠത എന്നതിനെത്തന്നെ സന്ദേഹത്തില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ ഭരണകൂടങ്ങള്‍, ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍ എന്നിവയോടൊപ്പം തന്നെ നീതിന്യായ സംവിധാനങ്ങളും ചങ്ങാത്ത മുതലാളിത്തത്തിന്റെ വലക്കെണികളിലേക്ക് സ്വാഭാവികമെന്നോണം  നടന്നുനീങ്ങുന്നു.

NDTV

സ്വതന്ത്ര വിപണിയെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന തൊണ്ണൂറുകളുടെ ആദ്യത്തോടെ ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ട സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളിലൂടെ പൊതുസമ്പത്ത് വന്‍കിട കുത്തകകള്‍ക്കായി തുറന്നിട്ടുകൊടുത്തു. രാഷ്ട്രീയ ഭരണകൂടങ്ങളുമായുള്ള ബന്ധം ഒന്നുമാത്രം പരിഗണനാ വിഷയമായിത്തീര്‍ന്നു. അര്‍ഹതയില്ലാത്തവര്‍ക്കായി കരാറുകള്‍ കൈമാറുന്നതും ലേലത്തില്‍ കൃത്രിമം കാണിക്കുന്നതും സാധാരണ സംഭവങ്ങളായി മാറി. സവിശേഷമേഖലകളില്‍ വളരെ കുറഞ്ഞ പരിജ്ഞാനം മാത്രമുള്ള വ്യവസായ ഗ്രൂപ്പുകള്‍ കരാറുകളും പൊതുവിഭവങ്ങളും സൗജന്യവിലയ്ക്ക് നേടിയെടുത്തു. റഫേല്‍ വിമാനക്കരാറിലെ അഴിമതിയെ ഈ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. 

മോദി ഭരണകാലത്ത് ഉടലെടുത്ത റഫേല്‍ വിമാനക്കരാര്‍ സംബന്ധിച്ച വിവാദം മറവിയിലേക്ക് തള്ളിമാറ്റാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചുവെങ്കിലും ഉന്നയിക്കപ്പെട്ട ഒരാരോപണങ്ങളും വസ്തുനിഷ്ഠമല്ലെന്ന് തെളിയിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. ഒരു വിമാനത്തിന് 563 കോടി രൂപ എന്ന നിരക്കില്‍ 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മുന്‍ സര്‍ക്കാരിന്റെ ധാരണയെ അട്ടിമറിച്ച്​വിമാനമൊന്നിന് 1660 കോടി രൂപ നിരക്കില്‍ 36 വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ‘ദുസ്സോ’ (Dassault Aviation)യില്‍ നിന്ന് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ അത് കേവലമായ സാമ്പത്തിക അഴിമതി മാത്രമായി ചുരുങ്ങുന്നില്ലെന്ന് മാത്രമല്ല, രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യത്തെ നിരാകരിക്കുന്നതോടൊപ്പം ഈ മേഖലയില്‍ ഒട്ടും പരിചയമില്ലാത്ത ഒരു തട്ടിക്കൂട്ട് സ്ഥാപനത്തെ കരാറില്‍ പങ്കാളിയാകാന്‍ അനുവദിക്കുകയും ചെയ്യുന്ന ഇരട്ട പ്രശ്‌നമായി മാറുന്നു. പ്രതിരോധ ഇടപാടുകളിലെ പുറംപണി  (offset) ബാദ്ധ്യതകളുടെ മറവില്‍ അനില്‍ അംബാനിയുടെ  ‘റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ്' എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 21,000 കോടി രൂപയുടെ നിര്‍മ്മാണ ജോലികളാണ് ലഭ്യമാക്കിയത്. ഈ കാലയളവില്‍ സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ടിരുന്ന അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിനെ സഹായിക്കാനുള്ള വഴി വിട്ട നീക്കങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ അരങ്ങേറിയത്.

Aviation

ഇത്തരം വഴിവിട്ട രീതികള്‍  ഇന്ത്യന്‍ സമ്പദ്​വ്യവസ്​ഥക്ക്​ ഏല്‍പ്പിക്കാന്‍ പോകുന്ന പരിക്കുകളെ സംബന്ധിച്ച എല്ലാ ചര്‍ച്ചകളെയും വഴിതിരിച്ചുവിടുന്നതില്‍ വന്‍കിട വ്യവസായ ഗ്രൂപ്പുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തി. അഴിമതി സംബന്ധിച്ച വിഷയങ്ങളെ സംവാദങ്ങളുടെ കേന്ദ്ര സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയും പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും മാധ്യമങ്ങള്‍ തങ്ങളുടെ യജമാനന്മാരുടെ ബിസിനസ് താല്‍പ്പര്യങ്ങളെ അതത് സമയങ്ങളില്‍ സംരക്ഷിച്ചുകൊണ്ടേയിരുന്നു.

ഒരൊറ്റ ഉദാഹരണം മാത്രം നോക്കുക; റഫേല്‍ വിമാനക്കരാറുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ പൊതുസംവാദ മണ്ഡലങ്ങളിലേക്ക് ഉയര്‍ന്നുവരികയും ഫ്രഞ്ച് ഏവിയേഷന്‍ കമ്പനിയായ  ‘ദുസ്സോ’ തന്നെ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തില്‍  ‘പത്മാവത്' എന്ന സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയര്‍ത്തിക്കൊണ്ടായിരുന്നു മാധ്യമങ്ങള്‍ അതിനെ നേരിട്ടത്. റഫേല്‍ അഴിമതിയില്‍ അനില്‍ അംബാനിയും നരേന്ദ്ര മോദിയും തമ്മിലുള്ള അവിഹിത ബന്ധം പുറംലോകത്തേക്ക് കൂടുതല്‍ വ്യാപകമാകുമെന്ന അവസ്ഥ സംജാതമായപ്പോള്‍ അംബാനി കുടുംബത്തിന്റെ തന്നെ മറ്റൊരു സംരംഭമായ viacom18 എന്ന കമ്പനി നിര്‍മ്മിച്ച ‘പത്മാവത്​’ എന്ന സിനിമയെ മുന്‍നിര്‍ത്തി മതവികാരങ്ങള്‍ കത്തിച്ചുവിടുകയും ടെലിവിഷന്‍ ചാനലുകളുടെ പ്രൈം ടൈം ചര്‍ച്ചകള്‍ അതിലേക്ക് ചുരുക്കുകയും ചെയ്തത് ഓര്‍ക്കുന്നത് നന്ന്.

padmavati.jpg

രാഷ്ട്രീയ ഭരണനേതൃത്വങ്ങളുമായി ചങ്ങാത്തത്തിലേര്‍പ്പെട്ട കമ്പനികള്‍ സുപ്രധാന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ ഏറ്റെടുക്കുകയും അതുവഴി അര്‍ഹതയുള്ളവര്‍ക്ക് നിയമാനുസൃതമായി ലഭ്യമാകേണ്ട അവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ നടപടി ക്രമങ്ങളിലെ അവ്യക്തതയും അതാര്യതയും ഇത്തരം ഇടപാടുകള്‍ക്ക് സഹായകമായി വര്‍ത്തിക്കുന്നു.

രാജ്യത്തിന്റെ പൊതുതാല്‍പ്പര്യങ്ങളെയും സമ്പദ്​വ്യവസ്​ഥയെ സവിശേഷമായും പ്രതിസന്ധിയിലാഴ്ത്തുന്നതാണെന്ന ഉത്തമബോധ്യങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും തങ്ങള്‍ക്ക് അനുകൂലമായ നയങ്ങളോ, നയഭേദഗതികളോ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മന്ത്രിമാരെ, ഉയര്‍ന്നതലത്തിലുള്ള ഉദ്യോഗസ്ഥരെ, തന്നെ മാറ്റാന്‍ തക്ക ശക്തി ചില വ്യവസായ സ്ഥാപനങ്ങള്‍ നേടിയെടുത്തിണ്ടെന്ന്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചില പ്രവര്‍ത്തനങ്ങളെ ഉദാഹരിച്ച്​ പരഞ്‌ജോയ് ഗുഹാ താകുര്‍ത (2014) ചൂണ്ടിക്കാട്ടുന്നുണ്ട്.

(തുടരും... അടുത്ത ഭാഗം: ചങ്ങാത്ത മുതലാളിത്തം മോദി ഭരണത്തിൻ കീഴിലെത്തുമ്പോൾ.)

References:
1. Urjit Patel; (2020), Overdraft: Saving the Indian Saver, Harper Collins Publishers India.
2. Acharya V, (2020), Quest for Restoring Financial Stability in India, Sage Publications, N.Delhi.
3. In January 1944, a group of businessmen and technocrats launched the Bombay Plan as an economic plan for India. This Economic Development Plan was published by a group of Indian entrepreneurs, and it strongly endorsed state economic involvement and planning.

(റെഡ് ഇങ്ക്​ പബ്ലിക്കേഷന്‍സ്, കോഴിക്കോട് പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' എന്ന പുസ്തകത്തില്‍ നിന്ന്)

 

  • Tags
  • #Gautam Adani
  • #The Adani Story
  • #K. Sahadevan
  • #Crony Capitalism
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Banner_5.jpg

Environment

കെ. സഹദേവന്‍

വനത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന ‘വന സംരക്ഷണ ബിൽ’

Mar 30, 2023

13 Minutes Read

Rahul Gandhi

International Politics

കെ. സഹദേവന്‍

അദാനി ചർച്ച തടയാൻ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം

Mar 24, 2023

5 Minutes Read

times

Governance

ഡോ. വി.എന്‍. ജയചന്ദ്രന്‍

ക്വാറി ഉടമയുടെ വാഹനത്തില്‍ ജീവനക്കാരുടെ വിനോദസഞ്ചാരം: പുതുകേരള നിര്‍മിതി നവലിബറല്‍ വിരുദ്ധമാകാതെ തരമില്ല

Feb 19, 2023

5 Minutes Read

Adani

Economy

കെ. അരവിന്ദ്‌

ഗൗതം അദാനി എന്ന ക്രോണി കാപ്പിറ്റലിസ്റ്റിന്റെ ഭാവിയെന്ത്‌?

Feb 11, 2023

10 Minutes Read

modi - adani

Economics

കെ. സഹദേവന്‍

കോർപറേറ്റ്​ മടിശ്ശീല നിറയ്​ക്കുന്ന കാവി രാഷ്​ട്രീയം

Jan 30, 2023

8 minutes read

Nirav Modi

Economy

കെ. സഹദേവന്‍

വൻകിട കമ്പനികൾക്ക്​ വാരിക്കോരി, കർഷകർക്ക്​ ജപ്​തി

Jan 29, 2023

6 Minutes Read

adani

Capital Thoughts

കെ. സഹദേവന്‍

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്, അദാനിക്കെതിരെയുള്ള ഗൂഢാലോചനയോ?

Jan 27, 2023

3 Minutes Read

adani

Vizhinjam Port Protest

പ്രമോദ് പുഴങ്കര

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

Dec 09, 2022

10 Minutes Read

Next Article

ശശി തരൂരിനെതിരെ സുമീത്​ സമോസ്​ ഉയർത്തിയ ചോദ്യങ്ങൾ; സാ​ഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster