ആലപ്പുഴയിലെ ‘തോമസ് ഐസക്ക് ഫാക്ടർ'

തന്റെ പേരും പടവും പാർട്ടിവിരുദ്ധ പ്രചാരണത്തിന്​ ഉപയോഗിക്കരുതെന്ന്​ ഡോ. തോമസ്​ ഐസക്ക്​ ഫേസ്ബുക്ക് പോസ്റ്റിട്ട് താക്കീത് നൽകിയെങ്കിലും ഒരു അമർഷം കെട്ടിനിൽക്കുന്നുണ്ട്, ആലപ്പുഴയിലെ പാർട്ടിയിൽ.

Election Desk

കാലിടറി വീണ കമ്യൂണിസ്റ്റ് നേതാക്കളുടെ മണ്ണാണ് ആലപ്പുഴ.
ടി.വി. തോമസും പി.കെ. വാസുദേവൻ നായരുമൊക്കെ തോൽവി രുചിച്ച മണ്ഡലം. ഇത്തവണ, മത്സരിക്കാതെ തന്നെ തോൽപ്പിക്കപ്പെട്ട ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിലൂടെ ആ ചരിത്രം ആവർത്തിക്കുകയാണിവിടെ.

2011 മുതൽ തോമസ് ഐസക്കാണ് എം.എൽ.എ. 2011ൽ 16,342 വോട്ടിനാണ് കോൺഗ്രസിലെ പി.ജെ. മാത്യുവിനെ തോൽപ്പിച്ചത്. 2016ൽ കോൺഗ്രസിലെ ലാലി വിൻസെന്റിനെ തോൽപ്പിച്ചത് 31,032 വോട്ടിനും. ഇത്തവണയും അദ്ദേഹത്തിന് ജയം ഉറപ്പായിരുന്നു. അദ്ദേഹം മത്സരിച്ചാൽ ജില്ലയിലെ തന്നെ വിജയസാധ്യത കൂടുമെന്ന് ജില്ലാ കമ്മിറ്റിയും പറഞ്ഞു. ഐസക്കിനെ മത്സരിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സമിതിയിലും വിവിധ ജില്ലകളിലെ നേതാക്കന്മാരും ആവശ്യപ്പെട്ടു.

എന്നാൽ, തോമസ് ഐസക്കിനുവേണ്ടിയുള്ള എല്ലാ വാദങ്ങളും ക്രൂരമായി നിരസിക്കപ്പെട്ടു; മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരജ്ഞനെ സ്ഥാനാർഥിയാക്കി. 2005 മുതൽ ആലപ്പുഴ നഗരസഭ അധ്യക്ഷനായിരുന്നു. പാർട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗവുമാണ്. ചിത്തരജ്ഞന്റെ സ്ഥാനാർഥിത്വത്തിനെതിരെയും തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിനെതിരെയും പാർട്ടിയിൽ കടുത്ത പ്രതിഷേധമുണ്ട്. ജില്ലയിലെ വിജയസാധ്യതക്കുപോലും ഇത് മങ്ങലേൽപ്പിക്കുമെന്ന് ജില്ലാ നേതൃത്വത്തിലുള്ളവർ പറയുന്നു.

ചിത്തരഞ്ജനെതിരെ ആലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘‘ആഴക്കടൽ മത്സ്യബന്ധന ഇടപാടിലെ ഇടനിലക്കാരനെ വേണ്ട, കള്ളനല്ല, കള്ളനു കഞ്ഞിവെച്ചവൻ ആണ്’’ എന്നെല്ലാം ‘സേവ് സി.പി.എമ്മു’കാർ എഴുതിവെച്ചു. കെ.എസ്. മനോജിനെ എം.പി ആക്കിയ സി.പി.എം, അദ്ദേഹത്തെ എം.എൽ.എയും ആക്കുമോ എന്നും അവർ ചോദിച്ചു. പ്രതിഷേധം അതിരുവിടുമെന്ന് കണ്ടപ്പോൾ തോമസ് ഐസക്ക് തന്നെ രംഗത്തുവന്നു: ‘‘എന്നെ സ്ഥാനാർഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ആര് മത്സരിക്കുന്നതും പാർട്ടി തീരുമാനം അനുസരിച്ചാണ്. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. അതുകൊണ്ട് എന്റെ പേരും പടവും പാർട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ശക്തമായി താക്കീത് ചെയ്യുന്നു.''- സഖാവ് ഫേസ്ബുക്ക് പോസ്റ്റിട്ട് താക്കീത് നൽകിയെങ്കിലും ഒരു അമർഷം കെട്ടിനിൽക്കുന്നുണ്ട്, ആലപ്പുഴയിലെ പാർട്ടിയിൽ.

മുൻ എം.പി ഡോ. കെ.എസ്. മനോജിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ കോൺഗ്രസിലുമുണ്ട് പൊട്ടിത്തെറി. പ്രാദേശിക, ജില്ലാ തലങ്ങളിൽ ഉയർന്ന പേരുകൾ വെട്ടിമാറ്റി മനോജിനെ കെട്ടിയിറക്കിയിരിക്കുകയാണെന്നാണ് ചുമരെഴുത്തുകൾ. വി.എം. സുധീരൻ അടക്കമുള്ള നേതാക്കൾക്കും മനോജിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധമുണ്ടത്രേ.

2004ൽ സി.പി.എം സ്ഥാനാർഥിയായി ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ സിറ്റിങ് എം.പി. വി.എം. സുധീരനെ തോൽപ്പിച്ചയാളാണ് ഡോ. മനോജ്. 2009ൽ മനോജ് തോറ്റു. ഒരു വർഷത്തിനുശേഷം സി.പി.എമ്മിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലും മറ്റ് നിരവധി ആശുപത്രികളിലും അനസ്തീസിയോളജി ഡോക്ടറായിരുന്നു.
സന്ദീപ് വചസ്പതിയാണ് ബി.ജെ.പി സ്ഥാനാർഥി.

2011ൽ മണ്ഡലം പുനർനിർണയത്തിനുശേഷം, മാരാരിക്കുളം മണ്ഡലത്തിന്റെ ഭാഗങ്ങൾ ചേർന്നതോടെ ആലപ്പുഴ എൽ.ഡി.എഫിൻേറതായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ എ.എം. ആരിഫിനായിരുന്നു ആലപ്പുഴ മണ്ഡലത്തിൽ ഭൂരിപക്ഷം. ആലപ്പുഴ നഗരസഭയിലെ 25 വാർഡുകൾ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്- വടക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് ആലപ്പുഴ. ഇവിടെയെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു ജയം. അതുകൊണ്ടുതന്നെ, ഇത്തവണയും എൽ.ഡി.എഫിന് ഇവിടെ വെല്ലുവിളിയില്ല. തോമസ് ഐസക്കിന് സ്ഥാനാർഥിത്വം നിഷേധിച്ചതുമായി ബന്ധപ്പെട്ട അതൃപ്തി പ്രചാരണം മുറുകുന്നതോടെ ഇല്ലാതാകുമെന്ന് പാർട്ടിക്ക് ഉറപ്പുമുണ്ട്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

കഴിഞ്ഞ 15 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എട്ടുതവണ ഇടതുപക്ഷവും ഏഴുതവണ യു.ഡി.എഫുമാണ് ജയിച്ചത്. 1957ൽ ടി.വി. തോമസ് ആദ്യ എം.എൽ.എയായി, ഇ.എം.എസ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയുമായി. കോൺഗ്രസിലെ നഫീസത്ത് ബീവിയെയാണ് 3000 വോട്ടിന് തോൽപ്പിച്ചത്. വിമോചന സമരത്തിനുശേഷം, 1960ൽ നടന്ന തെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികൾ അണിനിരന്ന മത്സരത്തിൽ ടി.വിയെ നഫീസത്ത് ബീവി 3966 വോട്ടിന് അട്ടിമറിച്ചു. 1965ലെ തെരഞ്ഞെടുപ്പിൽ നഫീസത്ത് ബീവിക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ല. കോൺഗ്രസിലെ ജി. ചിദംബര അയ്യർ ടി.വിയെ തോൽപ്പിച്ചു. 1967ലും 1970ലും ടി.വി ജയിച്ചു. 1970ൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എമ്മിലെ എൻ. സ്വയംവരൻ നായരെയാണ് സി.പി.ഐ സ്ഥാനാർഥിയായ ടി.വി തോൽപ്പിച്ചത്.

1977ൽ സി.പി.ഐയിലെ പി.കെ. വാസുദേവൻ നായർ മത്സരിച്ചുജയിച്ച് മുഖ്യമന്ത്രിയായി. ടി.വി. മരിച്ചതിനെതുടർന്നാണ് പി.കെ.വി സ്ഥാനാർഥിയായത്.
1980ൽ എൻ.ഡി.പിയിലെ കെ.പി. രാമചന്ദ്രൻ നായരെ തോൽപ്പിച്ച് പി.കെ.വിക്ക് രണ്ടാം ജയം. എന്നാൽ, 1982ൽ രാമചന്ദ്രൻ നായർ പി.കെ.വിയെ അട്ടിമറിച്ചു. 1987ൽ റോസമ്മ പുന്നൂസിലുടെ ഇടതുപക്ഷം തിരിച്ചുപിടിച്ചു. 1991ൽ കെ.പി. രാമചന്ദ്രൻ നായരിലൂടെ വീണ്ടും യു.ഡി.എഫ്.

1996 മുതൽ 2006 വരെ തുടർച്ചയായി മൂന്നുതവണ കോൺഗ്രസിലെ കെ.സി. വേണുഗോപാലിനായിരുന്നു ജയം. 2009ലെ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ്- എ.എ. ഷുക്കൂർ. 2008ൽ മണ്ഡല പുനർനിർണയത്തിനുശേഷം തോമസ് ഐസക് രണ്ടുതവണ തുടർച്ചയായി ജയിച്ചു.


Comments