അനന്യയുടെ മരണം പറയുന്നു; ലിംഗമാറ്റ ശസ്​ത്രക്രിയ കേരളത്തിൽ ഒരു ചൂഷണമാണ്​

ലിംഗമാറ്റ ശസ്ത്രക്രിയ്ക്കിടെ സംഭവിച്ച അസഹനീയമായ ശാരീരിക വൈഷമ്യങ്ങൾ മൂലം തനിക്ക് ജീവിക്കാൻ സാധിക്കുന്നില്ലെന്നും അതിന് കാരണക്കാരായ ആശുപത്രി അധികൃതരും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടറും തുടർചികിത്സക്കുവേണ്ട തന്റെ മെഡിക്കൽ വിവരങ്ങൾ പോലും വിട്ടുനൽകുന്നില്ലെന്നും തുറന്നുപറഞ്ഞതിന്റെ അഞ്ചാം ദിവസമാണ് അനന്യ കുമാരി അലക്‌സ് എന്ന ട്രാൻസ് പോരാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നിട്ടും അനന്യയെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ മരണത്തിന് മുമ്പ് അനന്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടോ കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. അനന്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലെ സങ്കീർണതകൾ അടക്കമുള്ള വിഷയങ്ങളെക്കുറിച്ച്​ അന്വേഷണം.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കി, മേക്കപ്പ് ആർട്ടിസ്റ്റ്, അവതാരക, ട്രാൻസ് വിഭാഗത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ച ആദ്യ വ്യക്തി അങ്ങനെ ഒട്ടേറെ വിശേഷണങ്ങളുണ്ടായിരുന്നു കൊല്ലം സ്വദേശിനിയായ അനന്യ കുമാരി അലക്‌സിന്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ നടന്ന സമരങ്ങളിൽ, ആ വിഭാഗം നേരിടേണ്ടിവന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ പ്രതിരോധമുഖങ്ങളിൽ, ലിംഗ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ സാമൂഹിക ദൃശ്യതയും സ്വീകാര്യതയും നേടിയെടുക്കുന്നതിനായുള്ള ഇടപെടലുകളിലെല്ലാം മുൻനിരയിലുണ്ടായിരുന്ന ട്രാൻസ് വ്യക്തി.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിവിധ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ, മികച്ച സാമൂഹിക ധാരണയും ആശയവിനിമയ ശേഷിയും നേതൃപാടവവും സംഘാടന ശേഷിയുമെല്ലാമുണ്ടായിരുന്ന അനന്യ, ട്രാൻസ് കമ്യൂണിറ്റിക്ക് അകത്തും പുറത്തും ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു. കേരളീയ സാമൂഹികതയുടെ പൊതുമണ്ഡലങ്ങളിൽ തങ്ങളുടെ കൂടി സ്ഥാനമുറപ്പിക്കുന്നതിനും, ഭരണഘടനാപരമായ തുല്യതാവകാശങ്ങൾക്ക് വേണ്ടിയും ലൈംഗിക ന്യൂനപക്ഷങ്ങൾ നടത്തിവരുന്ന സംഘടിത ഇടപെടലുകളെ ഇനിയുമേറെ കാലം മുന്നിൽ നിന്ന് നയിക്കേണ്ടിയിരുന്ന അനന്യ കുമാരി അലക്‌സ് എന്ന ട്രാൻസ് പോരാളി ഇന്ന് ജീവിച്ചിരിപ്പില്ല. 2021 ജൂലൈ 21 ന് അനന്യ ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്തുവന്നു.

അനന്യ കുമാരി അലക്‌സ്(ഇടത്) ഒരു ടെലിവിഷൻ പരിപാടിയിൽ / Photo: FB, Anannyah Kumari Alex

മരണത്തിന് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് ദ ക്യു എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനന്യ സംസാരിച്ച കാര്യങ്ങൾ ഏറെ വേദന നിറഞ്ഞതായിരുന്നു. എറണാകുളം പാലാരിവട്ടത്തെ റെനൈ മെഡിസിറ്റി എന്ന ആശുപത്രിയിൽ വെച്ച് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ്ക്കിടെ സംഭവിച്ച അപാകതകൾ മൂലം കടുത്ത ശാരീരിക പ്രയാസങ്ങളാണ് അനന്യ അനുഭവിച്ചിരുന്നത്. ശസ്ത്രക്രിയ മൂലം അനന്യ നേരിട്ട ഗുരുതരമായ വിഷമതകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തുടർന്നുള്ള കാര്യങ്ങൾക്ക് അനന്യയുമായി സഹകരിക്കാനോ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. അസഹനീയമായ ശാരീരിക വൈഷമ്യതകൾ കാരണം തനിക്ക് ജീവിക്കാൻ സാധിക്കുന്നില്ലെന്നും അതിന് കാരണക്കാരായ ആശുപത്രി അധികൃതരും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടറും തുടർചികിത്സക്കുവേണ്ട തന്റെ മെഡിക്കൽ വിവരങ്ങൾ പോലും വിട്ടുനൽകുന്നില്ലെന്നും തുറന്നുപറഞ്ഞതിന്റെ അഞ്ചാം ദിവസമാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നിട്ടും അനന്യയെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ മരണത്തിന് മുമ്പ് അനന്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടോ കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായിട്ടില്ല.

കേരളത്തിലെ ട്രാൻസ് വിഭാഗങ്ങൾക്കിടയിൽ നിരന്തരം നടക്കുന്ന ആത്മഹത്യകൾ, ദുരൂഹ മരണങ്ങൾ എന്നിവക്കൊന്നും കാര്യമായ ശ്രദ്ധ എവിടെ നിന്നും ലഭിക്കാറില്ല എന്നതാണ് വാസ്തവം. അത്തരത്തിൽ തേഞ്ഞുമാഞ്ഞുപോകേണ്ടതല്ല അനന്യയുടെ മരണം എന്ന ബോധ്യത്തിൽ നിന്നാണ് അനന്യക്ക് നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ചേർന്ന് ജസ്റ്റിസ് ഫോർ അനന്യ ആക്ഷൻ കൗൺസിലിന് രൂപം നൽകിയത്. ആക്ഷൻ കൗൺസിലിന്റെ മുൻകൈയിൽ രൂപംകൊണ്ട സ്വതന്ത്ര വസ്തുതാന്വേഷണ സംഘം അനന്യയുടെ ജീവിതത്തിൽ സംഭവിച്ചതെന്താണ് എന്നത് സംബന്ധിച്ച് വിശദമാക്കുന്ന 77 പേജ് വരുന്ന പഠന റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ വെച്ചിരിക്കുകയാണ്. കേരളത്തിലെ ട്രാൻസ് വ്യക്തികൾ നേരിടേണ്ടി വരുന്ന ജീവിതസങ്കീർണതകളെ ഒരിക്കൽ കൂടി പൊതുശ്രദ്ധയിൽ കൊണ്ടുവരികയാണ് ഈ റിപ്പോർട്ട്.

ആക്ഷൻ കൗൺസിലും പ്രവർത്തനങ്ങളും

അനന്യയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളിലെ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരിക, അധികൃതരുടെ അനാസ്ഥയെ ചോദ്യം ചെയ്യുക, ആശുപത്രിയധികൃതർക്കെതിരെ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളെ മുൻനിർത്തിയാണ് 'ജസ്റ്റിസ് ഫോർ അനന്യ ആക്ഷൻ കൗൺസിൽ' 2021 ജൂലൈ 25 ന് രൂപീകരിക്കപ്പെട്ടത്. കൗൺസിലിന്റെ മുൻകൈയിൽ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകർ, ശാരീരിക-മാനസിക ആരോഗ്യവിദഗ്ധർ, നിയമ വിദഗ്ധർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി ഒരു വസ്തുതാന്വേഷണ പഠന സംഘത്തിനും രൂപം നൽകി. സൈക്കോളജിസ്റ്റ് ആകാശ് മോഹൻ, ക്വിയർ വിഭാഗത്തിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകരായ ആനന്ദ് രാജപ്പൻ, ഫൈസൽ ഫൈസു സി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗായത്രി സീതാ നാരായണൻ, ആരോഗ്യ വിദഗ്ധയും എഴുത്തുകാരിയുമായ ഡോ. എ.കെ. ജയശ്രീ, മനോരോഗ വിദഗ്ധൻ ഡോ. ജിതിൻ ടി. ജോസഫ്, മനുഷ്യാവകാശ പ്രവർത്തകൻ കെ.സി. സന്തോഷ് കുമാർ, ആരോഗ്യാവകാശ പ്രവർത്തകൻ ഡോ. പ്രിൻസ് കെ.ജെ, അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ ഡോ. രേശ്മ ഭരദ്വാജ് എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായത്.

അനന്യ ആക്ഷൻ കൗൺസിൽ, വസ്തുതാന്വേഷണ പഠന റിപ്പോർട്ടിൻമേൽ ആലുവയിൽ സംഘടിപ്പിച്ച ചർച്ചാ പരിപാടിയുടെ പോസ്റ്റർ

പോസറ്റ്‌മോർട്ടം റിപ്പോർട്ട്, പൊലീസിൽ നിന്ന്​ ലഭിച്ച വിവരങ്ങൾ എന്നിവയ്ക്ക് പുറമെ അനന്യയുമായി അവസാനകാലത്ത് ബന്ധമുണ്ടായിരുന്ന ആളുകളിൽ നിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. അനന്യയുടെ ചികിത്സാസംബന്ധമായ രേഖകൾ ഇതുവരെ റെനൈ മെഡിസിറ്റി അധികൃതർ ബന്ധുക്കൾക്ക് നൽകിയിട്ടില്ല. അന്വേഷണം നടക്കുന്ന കേസ് ആയതിനാൽ രേഖകൾ പോലീസിൽ നിന്നും വാങ്ങിക്കണം എന്ന റെനൈ മെഡിസിറ്റിയുടെ ഔദ്യോഗിക മറുപടി ലഭിച്ച ശേഷം ഉത്തരവാദിത്വപ്പെട്ട പൊലീസ് മേധാവിയോട് അന്വേഷണ സംഘം രേഖകൾ ചോദിച്ചെങ്കിലും കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്ന കാരണത്താൽ അവർ രേഖകൾ നൽകിയില്ല.

അനന്യ ആക്ഷൻ കൗൺസിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ വിവരാവകാശ അപേക്ഷ നൽകിയെങ്കിലും, തിരുവിതാംകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിനോട് ഇടപെടാൻ ആവശ്യപ്പെട്ടു കത്തയച്ചെങ്കിലും മറുപടിപോലും കിട്ടിയില്ല. രേഖകളുടെ അഭാവത്തിൽ ഉപഭോക്തൃകോടതി വഴി മുന്നോട്ടുപോകാനും കൗൺസിലിന് സാധിച്ചില്ല. ചികിത്സാസംബന്ധമായി കൗൺസിലിന് ലഭിച്ച രേഖകൾ അനന്യയുടെ കൈവശമുണ്ടായിരുന്ന ബില്ലുകൾ മാത്രമാണ്. വസ്തുതാന്വേഷണത്തെ തടസപ്പെടുത്താനാണ് രേഖകൾ നിഷേധിച്ചത് എന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.

അനന്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എഫ്.ഐ.ആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്), എഫ്.ഐ.എസ് (ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ്), അനന്യക്ക് ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട പങ്കാളി ജിജുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കൂടാതെ ഇൻക്വസ്റ്റ് റിപ്പോർട്ട് എന്നിവയാണ് വസ്തുതാന്വേഷണ സംഘം പരിശോധിച്ചത്. അനന്യയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് വസ്തുതാന്വേഷണ സംഘത്തിന് ലഭ്യമായില്ല. അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് ഉടനടി പൊലീസ് എടുക്കേണ്ട ഇൻക്വസ്റ്റ് നടപടികൾ ഒന്നും തന്നെ പോലീസ് എടുത്തില്ല എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞത്.

ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകൾ

റെനൈ മെഡിസിറ്റി ഹോസ്പിറ്റലിൽ വെച്ച് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. അർജുൻ അശോകന്റെ നേതൃത്വത്തിൽ നടന്ന സർജറിക്ക് ശേഷം താൻ അനുഭവിക്കേണ്ടി വന്ന ശാരീരിക പ്രയാസങ്ങളെക്കുറിച്ചും ഇത് പരാതിപ്പെട്ടപ്പോൾ ആശുപത്രിയധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ മോശം സമീപനത്തെക്കുറിച്ചും മരണത്തിന് മുമ്പ് ദ ക്യൂ വിന് നൽകിയ അഭിമുഖത്തിൽ അനന്യ കൃത്യമായി വിവരിച്ചിട്ടുണ്ട്. 'സർജറി കഴിഞ്ഞ് ഒരു വർഷവും ഒരു മാസവും പിന്നിടുമ്പോഴും എനിക്ക് നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റ് നിൽക്കുവാനോ, ഒന്ന് ഉറക്കെ തുമ്മുവാനോ, പൊട്ടിക്കരയുവാനോ, ചിരിക്കാനോ അറ്റ് ലീസ്റ്റ് പല്ലുതേച്ചിട്ടു ഒന്ന് നാക്കു വടിക്കാൻ പോലും സാധിക്കുന്നില്ല. എനിക്ക് ശ്വാസ തടസ്സമുണ്ട്, ഒപ്പം തന്നെ എന്റെ വജൈനൽ പാർട്ടിനും പ്രശ്‌നമുണ്ട്. ഞാൻ ആഗ്രഹിച്ചത് ഒരു സ്ത്രീയുടെ വജൈന എങ്ങിനെയാണോ, അതുപോലെ എനിക്ക് റിസൾട്ട് കിട്ടുന്ന ഒരു ലിംഗമാറ്റ ശസ്ത്രക്രിയ ആണ്. പക്ഷെ എന്റെ പ്രൈവറ്റ് പാർട്ട് കണ്ടാൽ വെട്ടിക്കീറിയ, വെട്ടുകത്തി വെച്ച് വെട്ടിക്കീറി ഛിന്നമാക്കിയ അവസ്ഥയിലാണ്. അതിനെ ഒരിക്കലും വജൈന എന്ന് വിളിക്കാൻ സാധിക്കില്ല... എനിക്ക് ഒരു ദിവസം 8 മുതൽ 12 വരെ സാനിറ്ററി പാഡ് മാറ്റണം, ചില സമയത്ത് പാഡ് മേടിക്കാൻ പോലും പൈസയുണ്ടാകില്ല... ചില സമയത്ത് ബ്ലീഡിങ് ഉണ്ടാകുന്നു... മൂത്രം ഒഴിക്കുന്ന സമയത്ത് കൃത്യം പൊസിഷനിലല്ല യൂറിൻ പോകുന്നത്. എന്റെ വജൈനൽ പാർട്ടിൽ സഹിക്കാൻ വയ്യാത്ത വേദനയാണ്, അതെനിക്ക് പറയാൻ പറ്റില്ല, ചില സമയത്ത് ഞാൻ മാനസിക വിഭ്രാന്തിയിലെത്തും, മരിച്ചാൽ മതി എന്ന് തോന്നിപ്പോകും', അനന്യ പറഞ്ഞ വാക്കുകളാണിത്. ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് തുടർചികിത്സയ്ക്കായി ഭേദപ്പെട്ട മറ്റെവിടെയെങ്കിലും പോകാൻ ആശുപത്രിയിൽ നിന്ന് ചികിത്സാ റെക്കോർഡുകൾ ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ പോലും അവർ തയ്യാറായില്ല എന്നാണ് അനന്യ പറഞ്ഞത്.

അനന്യ കുമാരി അലക്‌സ്‌ / Photo: FB, Anannyah Kumari Alex

അനന്യക്ക് നാലു പ്രാവശ്യം പുനഃശസ്ത്രക്രിയയും മറ്റു ശസ്ത്രക്രിയനാന്തര സങ്കീർണതകളുമായി റെനൈ മെഡിസിറ്റിയിൽ പോകേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ലഭിക്കേണ്ട പരിചരണങ്ങൾ ആർക്കും തന്നെ ലഭിക്കുന്നില്ല എന്നാണ് വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വജൈനൽ റീകൺസ്ട്രക്ഷൻ (vaginal reconstruction) ശസ്ത്രക്രിയയിൽ ശസ്ത്രക്രിയാനന്തര പരിചരണം (post surgical care) വളരെ പ്രധാനമാണ്. ശസ്ത്രക്രിയ കഴിഞ്ഞു ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ ഹോസ്പിറ്റലിൽ നിന്ന്​ ഡിസ്ചാർജ് ചെയ്യുന്നതായാണ് ശസ്ത്രക്രിയക്ക് വിധേയരായവർ പറയുന്നത്. 9 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഒരു മേജർ ശസ്ത്രക്രിയ കഴിഞ്ഞവരെയാണ് ഇങ്ങനെ ധൃതിയിൽ ഡിസ്ചാർജ് ചെയ്യുന്നത്. മുറിവുണങ്ങിയോ എന്നൊന്നും ശ്രദ്ധിക്കാതെയാണ് ഡിസ്ചാർജ് ചെയ്യുന്നത് എന്നും അനുഭവസ്ഥർ ആരോപിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം സംഭവിക്കുന്ന സങ്കീർണതകളെക്കുറിച്ച് നിരവധി പേർ വസ്തുതാന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

അശാസ്ത്രീയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രത്യാഘാതങ്ങൾ

സെക്‌സ് റീയസൈന്മെന്റ് സർജറി (SRS) അല്ലെങ്കിൽ ലിംഗ പുനർനിർണയ/മാറ്റ ശസ്ത്രകിയ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന ശസ്ത്രക്രിയകളെ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കിടയിലും മെഡിക്കൽ മേഖലയിലും നടക്കുന്ന പുതിയ സംവാദങ്ങളെ തുടർന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത് ജെൻഡർ അഫർമേഷൻ സർജറി/ശസ്ത്രക്രിയ (GAS) എന്നാണ്.

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട്​ നടക്കുന്ന ഒട്ടും നീതികരിക്കാനാവാത്ത ചൂഷണങ്ങൾ ട്രാൻസ് വ്യക്തികൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ശസ്ത്രക്രിയ എന്നത് അവരുടെ തന്മയുടെയും ആത്മബോധത്തിന്റെയും ആഗ്രഹിക്കുന്ന ജീവിതം തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകളുടെയുമൊക്കെ ഭാഗമായി ജീവിതത്തിൽ പ്രധാനമെന്നാണ് കരുതുന്നത്. വളരെ ആഗ്രഹത്തോടെയാണ് പലരും ശസ്ത്രക്രിയയെ സമീപിക്കുന്നത്. ദാരിദ്ര്യത്തിനും, ഒട്ടും സുരക്ഷിതമല്ലാത്ത ജീവിത പരിസരങ്ങൾക്കും, തൊഴിൽ സാഹചര്യങ്ങൾക്കിടയിലുമാണ് പലരും ശസ്ത്രക്രിയക്കൊരുങ്ങുന്നത്. ട്രാൻസ് വ്യക്തികൾക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് പലർക്കും അസാധ്യമെന്നു കരുതിയിരുന്ന ആഗ്രഹം സാധിക്കുന്നതിന് കാരണമായിട്ടുണ്ട്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മാർഗരേഖകൾ ഊന്നിപ്പറയുന്ന ഒരു കാര്യം ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ എല്ലാവരുടെയും ആരോഗ്യാവശ്യങ്ങൾ ഒന്നാവില്ല, ഓരോ ആളുടെയും ശാരീരികമായ പ്രത്യേകതകളും ജെൻഡറിനെക്കുറിച്ചുള്ള അവരുടെ ആവശ്യങ്ങളും മാനിച്ചുകൊണ്ടായിരിക്കണം എല്ലാ മെഡിക്കൽ ഇടപെടലുകളും നടത്തേണ്ടത് എന്നാണ്. എന്നാൽ രേഖയിൽ പറയുന്ന പല കാര്യങ്ങളും അവഗണിച്ചുകൊണ്ടാണ് ഇന്ന് കേരളത്തിൽ ട്രാൻസ്‌ജെൻഡർ ആളുകളിൽ ശസ്ത്രക്രിയ നടത്തുന്നത് എന്നാണ് വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയിലെത്തുന്ന പലരും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയരാവുന്നുണ്ട്. വ്യക്തിപരമായി ഓരോരുത്തർക്കുമുള്ള പലതരം സാധ്യതകൾ പരിഗണിച്ച്, സർജറിയുമായി ബന്ധപ്പെട്ട്​ ഉണ്ടാകാവുന്ന അപകടങ്ങളും പ്രശ്‌നങ്ങളും ബോധ്യപ്പെടുത്തിയൊന്നുമല്ല ഇത്തരം സർജറികൾ നടക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ ഒരു കച്ചവട മുതലെടുപ്പിനുള്ള അവസരമായി കാണാതെ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ അവകാശ സംരക്ഷണത്തിനും, സ്വന്തം തന്മയെ കുറിച്ചും ശരീരത്തെ കുറിച്ചും തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനുമുള്ള അവസരങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. ശസ്ത്രക്രിയ ഉറപ്പിക്കുന്നതിന് മുൻപ് തന്നെ അവരുടെ ആഗ്രഹങ്ങൾ അറിയുകയും, പലതരം സാധ്യതകൾ പരിചയപ്പെടുത്തുകയും, ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ, എടുക്കേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് വിവരങ്ങൾ നൽകുകയും വേണം. സർജറി, സൈക്യാട്രി, എൻഡോക്രൈനോളജി, അത്യാവശ്യമുള്ള മറ്റു വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന ടീം രൂപപ്പെടുത്തുകയും അവരുടെ നേതൃത്വത്തിൽ സമഗ്ര ചികിത്സ (comprehensive therapy) നൽകുകയുമാണ് വേണ്ടത്. എല്ലാവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേസ് ഷീറ്റിലുണ്ടാവണം. എന്നാൽ ഇതൊന്നുമല്ല ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിൽ കേരളത്തിൽ നടക്കുന്നത് എന്നാണ് വസ്തുതാന്വേഷണ സംഘം പറയുന്നത്.

ശസ്ത്രക്രിയുമായി ബന്ധപ്പെട്ട ഒരു മാർഗനിർദേശവും കേരളത്തിൽ പാലിക്കപ്പെടുന്നില്ല എന്നാണ് വസ്തുതാന്വേഷണ സംഘം അഗംവും ട്രാൻസ് ആക്ടിവിസ്റ്റുമായ ആനന്ദ് രാജപ്പൻ ട്രൂപ്പിയോട് പറഞ്ഞത്. 'ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയാണെങ്കിൽ ആദ്യം ഒരു വർഷത്തോളം നീണ്ട കൗൺസിലിംഗിന് വിധേയമാകണം. അതിന് ശേഷം ഹോർമോൺ തെറാപ്പിയും ചെയ്യണം. എന്നാൽ ഇവിടെ ഇതൊന്നും ആരും പാലിക്കുന്നില്ല. പലപ്പോഴും ശസ്ത്രക്രിയക്ക് ധാരാളം പിഴവുകൾ സംഭവിക്കുന്നുണ്ട്. പലർക്കും പല രീതിയിലാണ് സർജറി ചെയ്യുന്നത് പോലും', ആനന്ദ് രാജപ്പൻ പറയുന്നു.

ആനന്ദ് സി. രാജപ്പൻ / Photo: FB, Anand C Rappan

'കയ്യിൽ പൈസയുള്ള ആളുകൾ നേരിട്ട് ഓടിപ്പോയി, തലേ ദിവസമോ അല്ലെങ്കിൽ അതിനു മുമ്പോ ഡോക്ടറെ കണ്ട് ഒരു ദിവസം നിശ്ചയിക്കുകയും പിന്നീട് സർജറി ചെയ്യുകയും ചെയ്യുന്ന രീതി ആണ് നിലവിൽ കേരളത്തിൽ നടന്നുവരുന്നത്. അതല്ലാതെ രണ്ടു വർഷത്തെ ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പിയോ കൗൺസിലിംഗോ ഒന്നും കൊടുത്തതിന് ശേഷമല്ല സർജറിയിലേക്കു പോകുന്നത്', അനന്യയുടെ സുഹൃത്തും ട്രാൻസ് ആക്ടിവിസ്റ്റുമായ ദയ ഗായത്രി പറയുന്നു.

വർഷങ്ങൾ നീണ്ടു നിൽക്കുന്ന ജെൻഡർ അഫർമേഷൻ പ്രക്രിയയിലെ ഒരു കാര്യം മാത്രമാണ് ശസ്ത്രക്രിയ. ഈ പ്രക്രിയയിൽ കൂടി കടന്നു പോകുന്ന ഒരാൾക്ക് അതിനുള്ള ആഗ്രഹം, മാനസികമായ സന്നദ്ധത, തയ്യാറെടുപ്പുകൾ എന്നിവ വിലയിരുത്താൻ വേണ്ട സൈക്ക്യാട്രിക് കൗൺസലിങ്, ഹോർമോൺ ട്രീറ്റ്‌മെന്റ്, തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതിന് പകരം ലിംഗമാറ്റം എന്ന സർജിക്കൽ പ്രക്രിയയിൽ മാത്രം കേന്ദ്രീകരിച്ചാണ് നമ്മുടെ നാട്ടിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത്. ദേഹമാസകലം മുറിവുകളും പാടുകളുമായി ഒരു യുദ്ധക്കളം പോലെയാണ് ശസ്ത്രക്രിയക്ക് ശേഷം പലരുടെയും ശരീരങ്ങൾ. ശസ്ത്രക്രിയക്ക് ശേഷമുണ്ടാകുന്ന സങ്കീർണതകൾ പരിഹരിക്കുവാൻ വേണ്ടി, സർക്കാരിൽ നിന്ന് ലഭിക്കുന്ന ധനസഹായത്തിനുപരി പണം ചിലവാക്കി, പിന്നെയും പിന്നെയും ശസ്ത്രക്രിയക്ക് വിധേയമാകേണ്ട അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരു ശസ്ത്രക്രിയക്ക് ശേഷം ആശുപത്രികളിൽ ജീവിതം കുരുങ്ങി കിടക്കുന്ന അവസ്ഥയുണ്ടെന്നാണ് ശസ്ത്രക്രിയക്ക് വിധേയരായ പലരും പറയുന്നത്. ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്തു പരിശീലിക്കാനുള്ള വസ്തുക്കൾ ആയി ട്രാൻസ്‌ജെൻഡർ ശരീരങ്ങൾ മാറുന്നുവെന്നത് വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

താൻ അനുഭവിച്ച ചികിത്സാപിഴവിനെ കുറിച്ച് പരസ്യമായി പറയുകയും എഴുതുകയും ചെയ്തതിന് ശേഷമാണ് അനന്യ ആത്മഹത്യ ചെയ്തത് എന്നത് വളരെ പ്രസക്തമാണ്. വളരെ ദീർഘമായ സമരങ്ങൾക്കൊടുവിലാണ് തങ്ങളുടെ ശരീരത്തിനു മേലുള്ള അവകാശവും തങ്ങൾ ഇച്ഛിക്കുന്ന തന്മക്കനുസരിച്ച് ജീവിക്കാനുള്ള അവകാശവും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ നേടിയെടുത്തത്. ആ അവകാശം കൈവിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്നതിന്റെ വേദനയാണ് പലരും പങ്കുവെക്കുന്നതെന്ന് വസ്തുതാന്വേഷണം സംഘം രേഖപ്പെടുത്തുന്നു.

ദയ ഗായത്രി / Photo: Daya Gayathri

'ശരീരത്തെ കുറിച്ചുള്ള സ്വയം നിർണയാവകാശം ഊട്ടിയുറപ്പിക്കുന്ന ഒന്നാകണമായിരുന്നു ജെൻഡർ അഫർമേഷൻ പ്രോസസ്സ്. അതിനുപകരം ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഇച്ഛകളെ ചൂഷണം ചെയ്ത് ഹോസ്പിറ്റലുകൾ പണം ഉണ്ടാക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. നിയമവും സർക്കാർ പദ്ധതികളും നടപ്പിലാക്കുമ്പോൾ, പ്രത്യേകിച്ചും സാമൂഹികമായി അവഗണനകൾ അനുഭവിക്കുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചുള്ള നിയമങ്ങൾ, വേണ്ടത്ര കരുതലോടെയും അവരുടെ അഭിപ്രായങ്ങൾ കേന്ദ്രീകരിച്ചും, അവരെ ശാക്തീകരിച്ചും നടത്തിയില്ലെങ്കിൽ സാമൂഹികമായി കൂടുതൽ കരുത്തുള്ളവർ അതിൽ നിന്നും മുതലെടുപ്പ് നടത്തും എന്നാണ് ഇത് കാണിക്കുന്നത്. ക്വിയർ മരണങ്ങളെ ആത്മഹത്യകൾ ആയല്ല കാണേണ്ടത് മറിച്ച് സാവധാനം നടത്തുന്ന വധങ്ങൾ ആയാണ് എന്ന വാദം ഇന്ന് ആഗോളമായി തന്നെ ഉയർന്നു വരാൻ തുടങ്ങിയിട്ടുണ്ട്. ആശുപത്രികൾ വ്യവസായശാലകൾ പോലെ ലാഭം ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കുകയും പതിയെ ഉള്ള ഇത്തരം മരണങ്ങളിൽ നിന്നും ലാഭം ചോർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. അനന്യയെ പോലെ ഒട്ടേറെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ എല്ലാ സർക്കാർ/പൊതു സ്ഥാപനങ്ങളെയും കൂടുതൽ ഉത്തരവാദിത്വത്തിലേക്കു കൊണ്ടുവരുവാൻ നിരന്തരം പൊരുതിയവരാണ്. നൈതികമായ, ഉത്തരവാദിത്വമുള്ള ഒരു ആരോഗ്യമേഖലക്കു വേണ്ടി, സർക്കാർ സംവിധാനങ്ങൾക്ക് വേണ്ടി, കേരളത്തിലെ ക്വിയർ വിഭാഗങ്ങൾ ഏറ്റെടുത്ത ഒരു ഇടപെടലാണ് ഈ ഫാക്ട് ഫൈന്ഡിങ്. ഇത് കേരളത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടി അവർ നൽകിയ മൊഴികളാണ്', വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അനന്യയുടെ മരണം സൃഷ്ടിക്കുന്ന ആഘാതം

തങ്ങൾ ജീവിക്കുന്ന സമൂഹത്തോട്, ചുറ്റുമുള്ള ഒരുപാടു ആളുകളോട്, സ്ഥാപനങ്ങളോട്, നിരന്തരം സമരം ചെയ്താണ്, എല്ലാ ട്രാൻസ് വ്യക്തികളെയും പോലെ അനന്യയും ജീവിച്ചത് എന്ന് വ്യക്തമാണ്. നിരന്തരം നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ട്രാൻസ്ജീവിതങ്ങൾക്ക് കേരളീയ സമൂഹം വിലകല്പിക്കുന്നില്ല എന്ന തോന്നൽ ശക്തിപ്പെടാൻ കാരണമായിട്ടുണ്ട്. തങ്ങളുടെ ജീവന് പോലും വിലയില്ല എന്ന അവസ്ഥ ഏതൊരു വിഭാഗത്തെ സംബന്ധിച്ചും ആന്തരികമായ സംഘർഷങ്ങളുണ്ടാക്കുകയും, തങ്ങൾ നേരിടുന്ന അവഗണന ഭീകരമാണെന്ന തോന്നലുണ്ടാക്കുകയും ചെയ്യും.

അനന്യയെ പോലെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ പുറത്ത് അറിയപ്പെടുകയും, ട്രാൻസ്‌ജെൻഡർ വിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പുറത്ത് പറയുന്നതിൽ ജാഗ്രത പുലർത്തുകയും ചെയ്‌തൊരു വ്യക്തിയുടെ മരണത്തിൽ വേണ്ടത്ര അന്വേഷണങ്ങൾ (പോലീസ് അന്വേഷണവും, മരണത്തിനു മുൻപ് അനന്യ ഉന്നയിച്ച ശസ്ത്രക്രിയയെ കുറിച്ചുള്ള അന്വേഷണവും) നടക്കുന്നില്ല എന്നത് ട്രാൻസ്‌ജെൻഡർ സമൂഹത്തെ നിരാശയിൽ ആഴ്ത്തിയിട്ടുണ്ട്. കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തെ സംബന്ധിച്ചിടത്തോളം അനന്യ തന്റേടമുള്ള, നിർഭയയായ ഒരാളാണ്. അനന്യക്ക് പോലും ഇങ്ങനെ സംഭവിക്കാമെങ്കിൽ തങ്ങൾ നേരിടുന്ന അതിക്രമങ്ങൾ തടയപ്പെടാതെ, അന്വേഷിക്കപ്പെടാതെ പോകും എന്നതാണ് ഏവരെയും ഭയപ്പെടുത്തുന്നത്.

അനന്യയുടെ ആത്മഹത്യക്കു മുൻപും ധാരാളം ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്, അതിനു ശേഷവും ആത്മഹത്യകൾ തുടരുന്നുണ്ട്. അതുകൊണ്ട് അനന്യയുടെ മരണം തുടർന്നുകൊണ്ടിരിക്കുന്ന മരണങ്ങളിൽ ഒന്നായി അടയാളപ്പെടുത്തി എന്തുകൊണ്ട് ഇങ്ങനെ വീണ്ടും വീണ്ടും ആത്മഹത്യകൾ നടക്കുന്നു എന്നതിനെ കുറിച്ച് ഒരു അന്വേഷണം സർക്കാറിന്റെ ഭാഗത്തു നിന്ന്​ അടിയന്തിരമായി ഉണ്ടാകണമെന്നാണ് അനന്യ ആക്ഷൻ കൗൺസിൽ പറയുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ, പൊതുവെ LGBTQIA+ വ്യക്തികളുടെ മരണങ്ങൾ വേണ്ടരീതിയിൽ അന്വേഷിക്കപ്പെടുന്നില്ല എന്നത് കാലാകാലങ്ങളായി അവരുടെ വിഭാഗം ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‌നമാണ്.

അറസ്‌റ്റ്​ ചെയ്തവരെ വെറുതെ വിട്ട 2012ലെ അനിൽ മരിയയുടെ കൊലപാതകവും, ഇന്നും വ്യക്തതയില്ലാതെ തുടരുന്ന 2019ലെ ശാലുവിന്റെ ദുരൂഹമരണവും ഇതിൽ രണ്ടുദാഹരണങ്ങൾ മാത്രമാണ്. 2018 നും 2022 നും ഇടയിൽ മാത്രം കേരളത്തിൽ 18 ഓളം ട്രാൻസ് വ്യക്തികൾ ദുരൂഹമായി മരണപ്പെട്ടിട്ടുണ്ട്(കൊലപാതകങ്ങളും ആത്മഹത്യയുമടക്കം) എന്നാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹയാത്രിക എന്ന കൂട്ടായ്മ നടത്തിയ പഠനത്തിൽ പറയുന്നത്. ഇവയിൽ ഭൂരിപക്ഷം സംഭവങ്ങളിലും മാതൃകാപരമായ അന്വേഷണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

വസ്തുതാന്വേഷണ സംഘത്തിന്റെ നിർദേശങ്ങൾ

അനന്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലെ സങ്കീർണതകൾ അടക്കമുള്ള നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ ട്രാൻസ് വ്യക്തികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിച്ച വസ്തുതാന്വേഷണ സംഘം മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ഇവയാണ്.

1. അനന്യയുടെ ആത്മഹത്യയുടെ അന്വേഷണത്തിൽ പോലീസിന് സംഭവിച്ച പാകപ്പിഴകൾ പരിഹരിച്ച് പുനരന്വേഷണം നടത്തുക.

2. കേരളത്തിലുള്ള ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ്, സോഷ്യൽ വർക്കേഴ്‌സ് എന്നിവരെ സർക്കാർ മുൻകയ്യെടുത്ത് കേരളത്തിന് പുറത്ത് ഇത്തരം സർജറികളിൽ വൈദഗ്ധ്യമുള്ള മെഡിക്കൽ കോളേജുകളിൽ അയച്ച് പരിശീലനം കൊടുക്കണം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തന്നെയുള്ള പ്രൊഫഷണലുകൾക്ക് ഇത്തരം ട്രെയിനിങ്ങിൽ കൂടുതൽ പരിഗണന കൊടുക്കണം. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രത്യേക ലൈസൻസോ സർട്ടിഫിക്കറ്റോ സ്ഥാപിക്കണം.

3. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങളും കേരളത്തിലെ ട്രാൻജെൻഡർ വിഭാഗങ്ങളുടെ സാഹചര്യങ്ങളും പരിഗണിച്ച് ഇതിന് വേണ്ട പ്രോട്ടോകോൾ ഉണ്ടാക്കുകയും അത് നടപ്പിലാക്കുകയും വേണം. Standard of Care സർക്കാർ തന്നെ സെറ്റ് ചെയ്യുകയും ഗവണ്മെന്റ് നിശ്ചയിച്ച ഒരു പൊതുവിഭാഗം അത് മോണിറ്റർ ചെയ്യുകയും വേണം.

4. ശസ്ത്രക്രിയയുടെ വിവിധ വശങ്ങളെ കുറിച്ച് മതിയായ ഗവേഷണങ്ങളുടെ അഭാവം ഉണ്ടെങ്കിൽ അത്തരം ഗവേഷണങ്ങൾ നടത്തണം. ഏതൊരു ശസ്ത്രക്രിയയ്ക്കും റിസ്‌ക്ക് അഥവാ പരാജയസാധ്യത ഉണ്ടെങ്കിലും, കേരളത്തിലെ ആശുപത്രികളിൽ ചെയ്യുന്ന GAS ശസ്ത്രക്രിയകളിൽ അസാധാരണമായ തോതിൽ പരാജയമുണ്ടാകുന്നുണ്ടോ എന്ന് കണക്കെടുപ്പിലൂടെ സർക്കാർ പരിശോധിക്കണം.

5. സർജറി, സൈക്യാട്രി, എൻഡോക്രൈനോളജി, അത്യാവശ്യമുള്ള മറ്റു വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന ടീം രൂപപ്പെടുത്തുകയും അവരുടെ നേതൃത്വത്തിൽ സമഗ്ര ചികിത്സ (comprehensive therapy ) നൽകുകയുമാണ് വേണ്ടത്. എല്ലാവരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേസ് ഷീറ്റിലുണ്ടാവണം.

6. ശസ്ത്രക്രിയയുടെ വിവിധ പ്രക്രിയകളിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, സർക്കാർ വകുപ്പുകൾ, മറ്റു പൊതു സമൂഹത്തിലെ അംഗങ്ങൾ എന്നിവർക്ക് ഇതിനെ കുറിച്ച് അവബോധവും ആവശ്യക്കാർക്ക് വേണ്ട പിന്തുണയും കൂടുതൽ വിവരങ്ങളും കൊടുക്കാൻ സാധിക്കുന്ന തരത്തിൽ കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളും കമ്മ്യൂണിറ്റി റിസോഴ്‌സ് പേര്‌സൺസിനെയും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്കുള്ളിൽ സൃഷ്ടിക്കണം. ഇവർക്ക് ആവശ്യമായ ശമ്പളവും ഓഫീസും കൂടുതൽ പരിശീലനവും മറ്റു സൗകര്യങ്ങളും നൽകുകയും വേണം. ഇതിൽ എല്ലാ വിഭാഗം ട്രാൻസ് വ്യക്തികളെയും intersex ആയവരെയും ഉൾപ്പെടുത്തണം.

7. ആരോഗ്യ സ്ഥാപനത്തിന് അവരുടെ ആവശ്യങ്ങളെ നിറവേറ്റാനാകാത്ത അവസ്ഥ നിലനിൽക്കെ, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി പ്രവർത്തകരാണ് പലപ്പോഴും അവരുടെ വ്യക്തിപരമായ ചിലവിൽ മറ്റുള്ളവർക്കായുള്ള കൗൺസിലിംഗ്, അറിവ് പകർന്നു കൊടുക്കൽ, ചികിത്സാനന്തര ശുശ്രുഷ, എന്നീ കടമകൾ നിർവഹിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ചു സർക്കാർ ട്രെയിനിങ് കൊടുക്കുന്നതിലൂടെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ വ്യക്തികളെ തന്നെ വേതനമുള്ള കമ്മ്യൂണിറ്റി സപ്പോർട്ട് സ്ഥാനങ്ങളിൽ നിയമിക്കേണ്ടതുണ്ട്. GAS, സൈക്കോളജിക്കൽ കൗൺസില്ലിങ്, നേഴ്‌സിങ് എന്നീ മേഖലകളിൽ ട്രാൻസ് വ്യക്തികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഇവർക്ക് ജോലി നല്കാം.

സ്വകാര്യ ആശുപത്രികളിൽ GAS ശസ്ത്രക്രിയ നടത്തിയ ആളുകളിൽ നിന്നും പ്രതികരണങ്ങൾ സ്വീകരിച്ച് ആവശ്യമായ തിരുത്തലുകളും സംവിധാനങ്ങളും ഒരുക്കണം.

9. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി 24 മണിക്കൂർ ഹെൽപ് ലൈൻ ആരംഭിക്കുക (ഇത്തരം ഹെൽപ് ലൈൻ ഔദ്യോഗികമായി നിലവിലുണ്ടെങ്കിലും അത് പ്രവർത്തിക്കുന്നതായി അറിവില്ല).

ജെൻഡർ അഫർമേറ്റിവ് ശസ്ത്രക്രിയക്ക് ശേഷം ആവശ്യമായ തരത്തിൽ പോസ്റ്റ് സർജിക്കൽ കെയറും തുടർപരിചരണങ്ങളും ഉറപ്പുവരുത്തുക. ശസ്ത്രക്രിയക്ക് വിധേയമാകുന്ന ഓരോ ട്രാൻസ് വ്യക്തിയുടെയും ഫോളോ അപ്പ് നടത്താനും ഒരു കേസ് വർക്കറെ നിയമിക്കണം.

11. ലിംഗശസ്ത്രക്രിയ ചെയ്തവർ മാത്രമാണ് ശരിയായ അല്ലെങ്കിൽ ‘പൂർണത' എത്തിയ ട്രാൻസ് വ്യക്തികൾ എന്ന മിഥ്യാബോധം അകറ്റുവാനായി സർക്കാർ ഉദ്യോഗസ്ഥർ, പോലീസ്, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർക്ക് ബോധവത്ക്കരണം നൽകണം. പോലീസ് ട്രാൻസ് വ്യക്തികളുടെ ലൈംഗികാവയവങ്ങൾ പരിശോധിച്ച് അവരുടെ സ്വത്വം ഉറപ്പുവരുത്തുന്ന രീതി നിർത്തലാക്കണം. ജെൻഡറും ലൈംഗികാവയവങ്ങളും തമ്മിൽ സമീകരിക്കാൻ സാധിക്കില്ല എന്ന് പോലീസുദ്യോഗസ്ഥരെ പഠിപ്പിക്കണം.

ട്രാൻസ് വ്യക്തികളുടെ ആരോഗ്യാവകാശങ്ങൾ സംബന്ധിച്ചുള്ള നിയമങ്ങൾ ക്രോഡീകരിക്കുകയും, ഇപ്പോൾ നിലവിലുള്ള ട്രാൻസ്ജെൻഡർ പോളിസിയിൽ പറഞ്ഞിരിക്കുന്ന ട്രാൻസ്ജെൻഡർ സപ്പോർട്ട് ആൻഡ് ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ (TSCIC, പേജ് 18) പോലുള്ള സജ്ജീകരണങ്ങൾ നടപ്പിലാക്കുകയും ചെയ്യണം.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആത്മഹത്യകളിൽ ഇതുവരെ നടന്ന പോലീസ് അന്വേഷണത്തെകുറിച്ച് അന്വേഷണം നടത്തണം. ഇത്തരം അന്വേഷണങ്ങളിൽ procedures എന്താണെന്ന് വ്യക്തമായ ഒരു രൂപരേഖ വേണം.

കേരളത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾ നൽകിയ പരാതികളിൽ പോലീസ് അന്വേഷണം എങ്ങിനെ നടക്കുന്നു എന്ന് അന്വേഷിക്കണം.

15. ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ്, ട്രാൻസ്ജെൻഡർ സെൽ എന്നിങ്ങനെ രണ്ടു വകുപ്പുകൾ ഉണ്ടെങ്കിലും സർക്കാർ രൂപീകരിക്കുന്ന ക്ഷേമപദ്ധതികൾ നടപ്പാക്കുക എന്ന ദൗത്യത്തിൽ അവരുടെ അധികാരപരിധി ഒതുങ്ങിനിൽക്കുന്നു. ക്ഷേമപദ്ധതികളുടെ ആവിഷ്‌കാരത്തിൽ പോലും അവർക്കു വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല. ട്രാൻസ് വ്യക്തികളെ കാര്യമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ വരുമ്പോൾ വേണ്ട രീതിയിൽ ഇടപെടാൻ ഇതുമൂലം ഈ വകുപ്പുകൾക്ക് പറ്റാതെവരുന്നു. ട്രാൻസ്ജെൻഡർ അവകാശങ്ങൾക്കായി സ്ഥാപിച്ചിരിക്കുന്ന സർക്കാർ സംവിധാനങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. നിലവിൽ വനിതാ കമീഷനുള്ളതുപോലുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം വീഴ്ചകൾക്കെതിരെ പരാതികൾ പരിഗണിക്കാനും, ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നിയമപരമായ പിന്തുണ നൽകാനും, കാര്യക്ഷമമായി പ്രതികരിക്കാനും ഈ വകുപ്പുകൾക്ക് കഴിയുകയുള്ളൂ.

Comments