ഷോകേസുകളില്‍ കിടന്ന്
നിലവിളിയ്ക്കുന്നുണ്ട്
പുസ്തകങ്ങള്‍
ഷോകേസുകളില്‍ കിടന്ന് നിലവിളിയ്ക്കുന്നുണ്ട് പുസ്തകങ്ങള്‍
ഞാനടങ്ങുന്ന പുതുതലമുറയില്‍ ഒരു പറ്റം ആളുകള്‍ പുസ്തക പ്രേമികളായിരിക്കെ തന്നെ വായനാ ശീലത്തില്‍ നിന്ന് അകന്നകന്നുപോകുന്നുണ്ട്. ഫെസ്റ്റിവലുകളില്‍ നിന്നും മറ്റും ഓഫറുകളുടെ സഹായങ്ങളാല്‍ ധാരാളം പുസ്തകങ്ങള്‍ വാങ്ങി ശേഖരിക്കുമ്പോഴും പലപ്പോഴും അവ ഷോകേസുകളുടെ ഇടുങ്ങിയ ഗ്ലാസുകള്‍ക്കുള്ളില്‍ കിടന്ന് പരിതപിക്കുന്നു. ഡസന്‍ കണക്കിന് പതിപ്പുകളായി പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നതിലൂടെ വായന സജീവമാകുന്നുണ്ടെന്ന പ്രത്യക്ഷ ധാരണയെ ചിലപ്പോഴെങ്കിലും പണം കൊടുത്ത് വാങ്ങുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ തോന്നാറില്ലെന്ന അനുഭവസത്യങ്ങള്‍ പൊളിച്ചെഴുതുന്നുണ്ട്- കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന അനീസ് മുഹമ്മദ് എഴുതുന്നു
19 Jun 2021, 10:15 AM
രണ്ട് നഗരങ്ങളുടെ കഥ എഴുതുന്നതിനുമുമ്പ് ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചുള്ള ഒരുപാട് പുസ്തകങ്ങള്‍ ചാള്‍സ് ഡിക്കന്‍സ് വായിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കാര്‍ലൈല്‍ എത്തിച്ചു കൊടുത്ത ഒരു വണ്ടി നിറയെ പുസ്തകങ്ങള്‍ ഡിക്കന്‍സ് വായിച്ചു തീര്‍ത്തുവത്രെ.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ലോക സഞ്ചാരിയുമായ എസ്.കെ. പൊറ്റെക്കാടിനെ കുറിച്ചും ഇങ്ങനെയൊരു കഥയുണ്ട്. മാസശമ്പളം പറ്റിയ ദിവസം വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ പോലും വാങ്ങാതെ എസ്.കെ. ഒരു പെട്ടി ഓട്ടോ നിറയെ പുസ്തകങ്ങളുമായി വീട്ടിലെത്തുകയും തന്റെ മുറിയില്‍ കയറി കതകടച്ച് പുസ്തകം വായിച്ചു കൊണ്ടേയിരിക്കുകയും ചെയ്തതാണ് കഥ.
മനുഷ്യന്റെ സ്വതന്ത്ര്യാന്വേഷണ വഴികളില്‍ ഏറ്റവും ആനന്ദം സമ്മാനിക്കുന്ന ഏര്‍പ്പാടായി വായന മുന്‍പന്തിയിലുണ്ടാവുന്നു എന്നത് ഓരോ വായനക്കാരന്റെയും ചെറിയ സന്തോഷങ്ങളില്‍ ഒന്നാണ്.

സുഹൃത്തുക്കളുടെ വലിയ പുസ്തക ശേഖരങ്ങള്‍ കാണുമ്പോള്‍ സ്വാഭാവികമായുണ്ടാകേണ്ടുന്ന കുശുമ്പുകള്‍ക്കുപകരം അവ തന്റെ കൂടി സമ്പാദ്യമാണെന്നതില്‍ ആശ്വാസം കൊള്ളാന്‍ വായിക്കുന്ന മനുഷ്യര്‍ക്ക് പറ്റുന്നുണ്ട്.
മറ്റു എഴുത്തുകാരുടെ കൃതികള്‍ വായിക്കുമ്പോള്‍ തന്റെ എഴുത്തുകള്‍ അനുകരണ സ്വഭാവമുള്ളതാവുമെന്നും അതുകൊണ്ട് താന്‍ പുസ്തകങ്ങള്‍ വായിക്കാറുമില്ലെന്ന വിദേശ മലയാളി എഴുത്തുകാരന്റെ സംഭാഷണ ശകലമോര്‍ക്കുന്നു. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമെന്നല്ലാതെ എന്താണ് അതിനെ വിശേഷിപ്പിക്കുക. പോകെപ്പോകെ തീര്‍ച്ചയായും അയാളുടെ ലോകം ചെറുതാവുന്നുണ്ടെന്ന് വായിക്കാത്ത മനുഷ്യര്‍ അറിയുന്നില്ല.
വായനക്കാരന് അവന്റെ ദേശത്ത് മാത്രമല്ല, ഇംഗ്ലണ്ടിലും ബംഗാളി പാരീസിലും റഷ്യയിലുമെല്ലാം പരിചയക്കാരുണ്ടാവുന്നെന്ന് അപ്പന്‍ മാഷ് പറഞ്ഞത് വായിക്കുന്നവന് പല ജീവിതവും വായിക്കാത്തവന് ഒരു ജീവിതവുമേയുള്ളുവെന്നതിന്റെ മറുവാക്കാണ്.

എന്നാല്‍ ഞാനടങ്ങുന്ന പുതുതലമുറയില്‍ ഒരു പറ്റം ആളുകള്‍ പുസ്തക പ്രേമികളായിരിക്കെ തന്നെ വായനാ ശീലത്തില്‍ നിന്ന് അകന്നകന്നുപോകുന്നുണ്ട്. ഫെസ്റ്റിവലുകളില്‍ നിന്നും മറ്റും ഓഫറുകളുടെ സഹായങ്ങളാല്‍ ധാരാളം പുസ്തകങ്ങള്‍ വാങ്ങി ശേഖരിക്കുമ്പോഴും പലപ്പോഴും അവ ഷോകേസുകളുടെ ഇടുങ്ങിയ ഗ്ലാസുകള്‍ക്കുള്ളില്‍ കിടന്ന് പരിതപിക്കുന്നു. ഡസന്‍ കണക്കിന് പതിപ്പുകളായി പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുന്നതിലൂടെ വായന സജീവമാകുന്നുണ്ടെന്ന പ്രത്യക്ഷ ധാരണയെ ചിലപ്പോഴെങ്കിലും പണം കൊടുത്ത് വാങ്ങുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ തോന്നാറില്ലെന്ന അനുഭവസത്യങ്ങള്‍ പൊളിച്ചെഴുതുന്നുണ്ട്. സ്വന്തമായി വാങ്ങിയ പുസ്തകം സമയം കിട്ടുമ്പോള്‍ വായിക്കാമെന്ന തോന്നലിലാണ് ഇത്തരം പുസ്തകങ്ങള്‍ വീടിനകത്ത് ഒതുങ്ങുന്നത്. ധാരാളം സമയമുള്ളപ്പോഴും സമയം കിട്ടുന്നില്ലെന്ന പൊള്ള വാദങ്ങളും ഇതോടൊപ്പം ന്യായീകരണങ്ങളാകുന്നുണ്ട്.

അക്ബര്‍ കക്കട്ടില്‍, ഒരു വര്‍ഷത്തില്‍ മുന്നൂറോളം പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടിയ അവസരത്തെ കുറിച്ചെഴുതിയിട്ടുണ്ട്. ചെറുകഥാ മത്സരത്തില്‍ ലഭിച്ച സമ്മാനം സ്വീകരിക്കാന്‍ പോയ കുട്ടിയായ അക്ബറിനോട് എം.ടി. പറഞ്ഞത് ഇനി ഉടനെ അടുത്ത കഥ എഴുതരുതെന്നും വായിക്കണമെന്നുമാണ്. ആ നിര്‍ദ്ദേശം ചെവിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പുസ്തക വായന മൂന്നക്കം കടന്നത്. തീര്‍ച്ചയായും ആ വായനയുടെ റിസള്‍ട്ടാണ് മാഷിന്റെ ശിഷ്ഠസാഹിത്യ ജീവിതം.
കൈയില്‍ കിട്ടുന്നതെന്തും വായിക്കുക എന്ന പോളിസി യഥാര്‍ത്ഥ വായനക്കാരനെ സംബന്ധിച്ച് ഗുണകരമാവുന്നു. അയാളുടെ വായന അനന്തമായ അറ്റങ്ങളില്‍ ചെന്നവസാനിക്കുന്നത് ഒരര്‍ത്ഥത്തില്‍ വായനക്കാരനെ ബലപ്പെടുത്തുന്നുണ്ട്. പൈങ്കിളി സാഹിത്യവായന കൂടി തന്റെ എഴുത്തിനെ രൂപപ്പെടുത്തുന്നതില്‍ സഹായകമായിട്ടുണ്ടെന്ന് വിനോയ് തോമസിന്റെ അഭിമുഖ സംഭാഷണത്തിലുണ്ട്.
മലയാളിയുടെ ഭാവുകത്വത്തെ ലഹരി പിടിപ്പിക്കുന്ന ഭാഷ കൊണ്ട് നിരന്തരം വെല്ലുവിളിച്ച മുകുന്ദനും ഒ.വി. വിജയനും കാക്കനാടനും സക്കറിയയുമടങ്ങുന്ന സുഹൃത് വലയം എം.പി നാരായണപ്പിള്ളയെന്ന പത്രപ്രവര്‍ത്തകനെ എഴുത്തുകാരനാക്കുന്നതില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഡല്‍ഹിയുടെ അനിയന്ത്രിതമായ തിരക്കുകളില്‍, കൂട്ടത്തില്‍ അപ്രശസ്തനായി വീര്‍പ്പുമുട്ടിയ ‘നാണപ്പന്‍' മാതൃഭൂമിയുടെ നാല്‍പത് ലക്കങ്ങള്‍ വാങ്ങി അകത്തുകടന്ന് വായനാമുറിയുടെ താഴിടുന്നു. നാല്‍പത് ലക്കങ്ങളിലെയും ചെറുകഥകളിലെ രചനാതന്ത്രം ശ്രദ്ധയോടെ ഗ്രഹിക്കുന്നു. പില്‍ക്കാലത്ത് വായനയുടെ ലോകത്തുനിന്ന് പുറത്തുവന്നത് മലയാള ആധുനികത കണ്ട ഏറ്റവും പ്രതിഭാ ശാലിയായ ‘കള്ളനെ' വായനക്കാര്‍ക്ക് തിരിച്ച് നല്‍കിയാണ്. താന്‍ വായിച്ച കഥകളിലൊന്നിനോടും സാമ്യമുണ്ടായിരുന്നില്ല നാരായണപ്പിള്ളയുടെ കള്ളനോ പിന്നീടെഴുതപ്പെട്ട കഥകള്‍ക്കോ. തുടര്‍ച്ചകളായിരുന്നില്ല, തുടക്കങ്ങളായിരുന്നു എന്നും എം. പി. നാരായണപ്പിള്ള.

വായിച്ച കഥകളോ കവിതകളോ എഴുത്തുവഴിയില്‍ പ്രചോദനപ്പെടുക തന്നെ ചെയ്യുമെന്നതിന് വേറെയും ഉണ്ട് ഉദാഹരണങ്ങള്‍.
മറ്റുള്ളവരെ വായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ സ്വയം വികസിപ്പിക്കാനാകുന്നു. മറ്റുള്ളവരെ വായിക്കുമ്പോള്‍ അവരുടെ കണ്ടെത്തലുകളിലേക്ക് അനായാസേന എത്തിപ്പെടാനാകുന്നു.
ബെന്യാമിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ 160ഓളം പുസ്തകങ്ങള്‍ വായിച്ചതിന്റെ സന്തോഷം പ്രകടമാക്കിയത് വായന നല്‍കിയ ആനന്ദത്തിനൊടുവിലാണ്. വായിച്ച പുസ്തകങ്ങളുടെ ചെറുകുറിപ്പുകള്‍ എഴുതി വെക്കാനും മറന്നില്ല അദ്ദേഹം.
വായനക്കാരന്‍ പുസ്തക വായനയിലൂടെ ആര്‍ജിച്ചെടുക്കുന്ന തുല്യ അളവിലുള്ള ഗുണങ്ങള്‍ എഴുത്തുകാരനും വായനയിലൂടെ ലഭ്യമാകുന്നുണ്ട്. ഒരു പക്ഷെ അയാളുടെ തൊട്ടടുത്ത രചനകളിലൂടെ അത് പ്രകടമാകുന്നു. വായന നല്‍കുന്ന നമ്പര്‍ വണ്‍ ഗുണം പദസമ്പാദ്യമായിരിക്കെകൂടി, കുമാരനാശാന്‍ പോലും വേണ്ടത്ര പദസമ്പത്തില്ലാത്തതിന്റെ പരിമിതി തുറന്നുപറഞ്ഞിട്ടുണ്ട്. പുന്നയൂര്‍ക്കുളത്തെയും കല്‍ക്കട്ടയിലെയും ഏകാന്ത ബാല്യങ്ങളെ കുറെക്കൂടി സുന്ദരമാക്കാന്‍ നാലപ്പാട്ട് തറവാട്ടിലെ വായനാ ശീലം സഹായകമായിട്ടുണ്ടെന്ന് മാധവിക്കുട്ടി അഭിപ്രായപ്പെട്ടത് കുട്ടിക്കാലത്തെ വലിയ സന്തോഷങ്ങളിലൊന്നായാണ്.
എഴുത്തുകാരന്റെ യാദൃശ്ചികതയിലുള്ള ജീവിതപഥത്തില്‍ ജീവിതവുമായുള്ള ബന്ധം അയാളുടെ ഭാഷ രൂപപ്പെടുത്തുന്നു. എഴുത്തുകാരന്റെ വളര്‍ച്ചയില്‍ അയാളുടെ ഭാഷയും വായനയും ഒരുപോലെ ഒപ്പമുണ്ടാകുന്നു. അയാള്‍ ജീവിക്കുന്ന ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥകളും പ്രത്യക്ഷമോ പരോക്ഷമോ ആയി സ്വാധീനിക്കുന്നു. അയാളുടെ വായനകളില്‍, പുസ്തകങ്ങളില്‍ നിരന്തരം ദേശങ്ങളെ വായിക്കപ്പെടുന്നു.

ഭാരതപര്യടനമുണ്ടാക്കിയ അനുഭവങ്ങളുടെ അതേ അളവില്‍ മലയാളിയുടെ പ്രിയപ്പെട്ട ബഷീര്‍ വായനയുടെ ഇടങ്ങളിലൂടെ ലോക സഞ്ചാരം നടത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞുള്ള മടക്കയാത്രകളില്‍ പുസ്തകക്കടയില്‍ നിന്ന് വില്‍പനക്ക് വെച്ച പുസ്തകങ്ങള്‍ കടം വാങ്ങി രാത്രി മുഴുവനിരുന്ന് വായിച്ചുതീര്‍ത്ത് അടുത്ത ദിവസം അവിടെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ബഷീര്‍ അനുഭവിച്ച ആനന്ദമെന്തായിരിക്കും?. വായിക്കുന്ന സമയം കൂടെ എഴുതാനുപയോഗിച്ചു കൂടെ മനുഷ്യാ.. എന്ന ഫാബിയുടെ ചോദ്യത്തിന് വായിച്ചെങ്കിലല്ലേ എഴുതാനാവൂ എന്ന ബഷീറിന്റെ മറുപടിയില്‍ എഴുത്തുകാരന്റെ വായനയുടെ സൂക്ഷ്മ ബന്ധങ്ങളുണ്ട്.
ആളുകള്‍ വായിച്ചു തീരാത്തത്രയും സൃഷ്ടികള്‍ ലോകത്ത് സംഭവിക്കുന്നത് വായന പാഷനാക്കിയവരുണ്ടെന്നതിന്റെ തെളിവാണ്. അവരുടെ വലിയ വായനകള്‍ ലോകത്തിന് സമര്‍പ്പിച്ച കൃതികള്‍ ഇനിയുമിനിയും വായിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. വായനയുടെ സൂക്ഷ്മ ബിംബങ്ങള്‍ പ്രകടമാക്കുന്ന സൂസന്നയുടെ ഗ്രന്ഥപ്പുര എഴുതിയ അജയ് പി. മങ്ങാട്ട് എഴുതിയതുപോലെ, നിങ്ങള്‍ ആണാവട്ടെ പെണ്ണാവട്ടെ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് എഴുതാതിരിക്കാനാവില്ല...
P Sudhakaran
28 Jun 2021, 11:06 PM
ഒരു നല്ല കഥ വായിക്കുമ്പോൾ സത്യത്തിൽ അരനുഭവമാണ് നടക്കുന്നത് വരികൾക്കിടയിൽ മറ്റൊരു ലോകം കടന്നുവരുന്നു അതിന്റെ പിറവി ഒരത്ഭുതം 💥💥
റഹീം വാവൂർ
19 Jun 2021, 03:04 PM
ഓരോ പുസ്തകവും വായനക്കാരന് പുതിയ ചങ്ങാതിയാണ്. ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ ചങ്ങാതിയെ വീണ്ടും കണ്ടുമുട്ടുകയാണെന്ന് പറഞ്ഞത് എസ്.ജി. ചാമ്പ്യനാണ്. എല്ലാം കൈപ്പള്ളയിലൊതുങ്ങുകയോ, കൈദൂരത്തെത്തുകയോ ചെയ്തിട്ടും, പരസ്പര വിശ്വാസം നഷ്ടപ്പെട്ടു എന്ന ദരിദ്രബോധത്തിന്റെ അപകര്‍ഷതപേറുന്ന ഇന്നത്തെ ലോകത്തിന്, ഒരിക്കലും വഞ്ചിക്കാത്ത ആത്മമിത്രമാകാന്‍ പുസ്തകങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഗാനവും നൃത്തവുമല്ല മനുഷ്യനെ രൂപപ്പെടുത്തിയത്. ഗ്രന്ഥവും പാരായണവുമാണ്. ''കയ്യിലൊരു പടവാളും കീശയിലൊരു മാര്‍ഗകൃതിയുമുണ്ടെങ്കില്‍ ഞാന്‍ പുതിയ വഴികള്‍ പണിയു''മെന്ന നെപ്പോളിയന്റെ വാക്കുകള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു''ഡിസ്‌കവറി ഓഫ് ഇന്ത്യിയല്‍'' പ്രാധാന്യപൂര്‍വ്വം ഉദ്ധരിക്കുന്നുണ്ട്.
Shafeeque edakkanad
19 Jun 2021, 01:18 PM
👍👍🙌⚡️⚡️⚡️
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
നൂറ വി.
Mar 01, 2023
5 Minutes Read
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
PJJ
3 Jul 2021, 07:29 PM
Happiness derived from reading expand the reader's inner world and nourish the reader to build himself further.