അന്റോയ്ൻ ഗ്രീസ്മാൻ, ഫ്രഞ്ച് നിരയിലെ യഥാർഥ നായകൻ

ഫ്രാൻസ് നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു മധ്യനിരയിലെ കാന്റെ, പോഗ്ബ എന്നിവരുടെ അഭാവം. ഇവരുടെ വിടവ് ഫ്രാൻസ് എങ്ങനെ നികത്തുമെന്ന് ഫുട്ബോൾ ലോകം ചിന്തിച്ചിരിക്കുന്ന സമയത്ത് പക്ഷേ, പരിശീലകൻ ദെഷാമിന് പുതിയ പദ്ധതികൾ ഉണ്ടായിരുന്നു. അതായിരുന്നു അന്റോയ്ൻ ഗ്രീസ്മാൻ എന്ന 31 കാരൻ. പരിശീലകൻറെ അത്മവിശ്വാസത്തെ ഊട്ടിഉറപ്പിക്കുന്നതായിരുന്നു ഗ്രീസ്മാൻറെ പ്രകടനം. മത്സരം ഫൈനലിലേക്ക് കടക്കുമ്പോൾ മൂന്ന് അസിസ്റ്റുമായി ഏറ്റവും അധികം അസിസ്റ്റ് നൽകിയ താരങ്ങളുടെ പട്ടികയിൽ ഗ്രീസ്മാനും ഉണ്ട്.

പ്രതികൂല സാഹചര്യത്തിൽ നായകത്വം ഏറ്റെടുക്കുന്നവരാണ് യഥാർഥ നായകൻമാരെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ അന്റോയ്ൻ ഗ്രീസ്മാൻ ആണ് ഫ്രഞ്ച് നിരയിലെ നായകൻ. ഖത്തർ ലോകകപ്പിലേക്ക് പുറപ്പെട്ട നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു മധ്യനിരയിലെ കാന്റെ, പോഗ്ബ എന്നിവരുടെ അഭാവം. കഴിഞ്ഞ ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിച്ച രണ്ട് താരങ്ങൾ ലോകകപ്പിനുമുമ്പ് പരിക്കേറ്റ് പുറത്തായതാകും പരിശീലകൻ ദിദിയെ ദെഷാമിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കാന്റെ, പോഗ്ബ എന്നിവരുടെ വിടവ് എങ്ങനെ നികത്തുമെന്ന് ഫുട്ബോൾ ലോകം ചിന്തിച്ചിരിക്കുന്ന സമയത്ത് പക്ഷേ, ദെഷാമിന് പുതിയ പദ്ധതികൾ ഉണ്ടായിരുന്നു. അതായിരുന്നു അന്റോയ്ൻ ഗ്രീസ്മാൻ എന്ന 31 കാരൻ.

2014 ബ്രസീൽ ലോകകപ്പിലെ വിങ്ങർ, 2018 റഷ്യൻ ലോകകപ്പിൽ ഗോൾ സ്‌കോററായി ടീമിനെ ലോകകപ്പിൽ മുത്തമിടിച്ചു. 2022 ഖത്തറിൽ സഹതാരങ്ങൾക്ക് ഗോളിന് അവസരം ഒരുക്കുന്ന ക്രിയേറ്റീവ് മിഡ്ഫീൽഡറായി. ആദ്യമത്സരത്തിലെ ഇലവനെ കണ്ടപ്പോൾ എങ്ങനെയാണ് ഒരു വിങ്ങർ കം സ്ട്രൈക്കർ ഒരു അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ കളിക്കുക എന്ന് ആദ്യം ചിന്തിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ വിസിൽ മുഴങ്ങിയത് മുതൽ സെമിഫൈനലിന്റെ അവസാന വിസിൽ മുഴങ്ങിയതുവരെ കണ്ടപ്പോൾ മനസ്സിലായി ഗ്രീസ്മാന് മാത്രമേ അത്തരം റോളിൽ കാന്റെയുടെയും പോഗ്ബയുടെയും അഭാവത്തിൽ ലോകകപ്പ് പോലുള്ള വേദിയിൽ കളിക്കാൻ സാധിക്കൂ എന്ന്.

ഈ പരിക്ഷണത്തെക്കുറിച്ച് ദേഷാമിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി - ""ഗ്രീസ്മാൻ ഗോൾ നേടാൻ സാധിക്കുന്ന ഒരു താരമാണ്. പക്ഷേ പന്ത് മികച്ച രീതിയിൽ പാസ് ചെയ്യാനും വീണ്ടെടുക്കാനും അദ്ദേഹത്തിന് കഴിവുകളുണ്ട്. ഇടതുകാൽ കൊണ്ട് മനോഹരമായി കളിക്കാൻ സാധിക്കുന്ന താരങ്ങളിൽ പ്രമുഖനാണ് ഗ്രീസ്മാൻ കൂടാതെ സെറ്റ് പീസുകൾ നന്നായി എടുക്കാനും. ബുദ്ധിമാനായതുകൊണ്ട് ഒരു മിഡ്ഫീൽഡറായി കളിക്കാനും സാധിക്കും.''

പരിശീലകൻറെ അത്മവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഗ്രീസ്മാൻറെ പ്രകടനം. മത്സരം ഫൈനലിലേക്ക് കടക്കുമ്പോൾ മൂന്ന് അസിസ്റ്റുമായി പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ്, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ എന്നിവർക്കൊപ്പം ഏറ്റവും അധികം അസിസ്റ്റ് നൽകിയ താരങ്ങളുടെ പട്ടികയിൽ ഗ്രീസ്മാനും ഉണ്ട്. കൂടാതെ 17 ഗോൾ അവസരങ്ങളാണ് താരം ഇതുവരെ സൃഷ്ടിച്ചിരിക്കുന്നത്. കോർണറുകൾ ഉൾപ്പെടെ ബോക്സിലേക്ക് 37 പാസുകളും നടത്തി.

അറ്റാക്കിങ്ങിലെ കണക്കിനൊപ്പം വെക്കാവുന്നതാണ് പ്രതിരോധത്തിലും താരത്തിന്റെ കണക്കുകൾ. 467 മിനുട്ട് കളിച്ച താരം 11 ടാക്കിളുകൾ നടത്തി. 6 ഇന്റെർസെപ്ഷൻ, അഞ്ച് ക്ലിയറൻസും മൂന്ന് ബ്ലോക്കും നടത്തിയ ഗ്രീസ്മാൻ തന്റെ ഡിഫൻസീവ് പ്രകടനം കാരണം സ്വന്തം ടീമിന് ഒരിക്കൽ പോലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ലെന്നത് മറ്റൊരു ചരിത്രം. അറ്റാക്കിങ്ങിനൊപ്പം പ്രതിരോധത്തിലും സ്ഥിരതയാർന്ന പ്രകടനം ഈ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കാരനായി ഗ്രീസ്മാനെ മാറ്റി. ഓരോ പൊസിഷനിലും നിരവധി താരങ്ങളുള്ള ടീമിലാണ് ഇത്തരം പ്രകടനം എന്നോർക്കണം.

സമീപകാലത്ത് ക്ലബ് കരിയറിൽ ഗ്രീസ്മാന് മികച്ച പ്രകടനമൊന്നും കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ലെന്നതാണ് സത്യം. സ്പെിയിനിലാണ് താരം തന്റെ ക്ലബ് കരിയർ മുഴുവനായും ചെലവിട്ടിരിക്കുന്നത്. 474 മത്സരങ്ങളിൽ നിന്ന് റയൽ സോസിഡാഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കുമായി 170 ഗോളുകളാണ് താരം നേടിയത്. 2014-നുശേഷം താരത്തിന്റെ ഫുട്ബോൾ കരിയർ പരിശോധിച്ചാൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സിധിച്ചിട്ടില്ല. അത്‍ലറ്റിക്കോ, ബാഴ്‌സ എന്നിവർക്കുവേണ്ടി കളിച്ച താരത്തിന് 2014-നുശേഷം ലാ ലിഗാ കിരീടം നേടാൻ സാധിച്ചിട്ടില്ല. ആ കാലയളവിൽ ബാഴ്‌സലോണ നാലുതവണയും അത്‌ലറ്റിക്കോ ഒരുതവണയും കിരീടം നേടിയിട്ടുമുണ്ട് എന്നാൽ ഓരോ തവണയും ഗ്രീസ്മാൻ മറ്റ് ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.

അത്‌ലറ്റിക്കോയിൽ നിന്ന് 107 മില്യൺ പൗണ്ടിന് ബാഴ്സയിലെത്തിയ താരത്തിന് മികച്ച പ്രകടനമൊന്നും കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. ബാഴ്‌സയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഗ്രീസ്മാൻ വീണ്ടും അത്‌ലറ്റിക്കോയിലെത്തി. എന്നാൽ വിചിത്രമായ ഒരു കരാറുമൂലം അദ്ദേഹത്തിന് കൂടുതൽ സമയവും ബെഞ്ചിലിരിക്കേണ്ടിവന്നു. അത്‍ലറ്റിക്കോയുടെ ആദ്യ 11 ഗെയിമുകളിൽ എട്ടിലും 30 മിനിറ്റിൽ താഴെ സമയം മാത്രമായിരുന്നു ഗ്രീസ്മാൻ കളിച്ചത്. അത് പകരക്കാരന്റെ റോളിൽ മാത്രം. അതിന്റെ പിന്നിലും കഥകളുണ്ട്. അത്‌ലറ്റിക്കോ അവരുടെ 50% മത്സരങ്ങളിൽ 45 മിനിറ്റിൽ കൂടുതൽ ഗ്രീസ്മാനെ കളിപ്പിച്ചാൽ അദ്ദേഹത്തെ 40 മില്ല്യൻ യൂറോയ്ക്ക് സൈൻ ചെയ്യേണ്ടിവരും എന്ന കരാർ കാരണമാണ് താരത്തിന് ബെഞ്ചിലിരിക്കേണ്ടിവന്നത്. ഒക്ടോബറിൽ പുതിയ കരാർ ഒപ്പിട്ടശേഷമാണ് താരത്തിന് കൃത്യമായി കളത്തിലിറങ്ങാൻ സാധിച്ചത്. സീസൺ പകുതി അവസാനിക്കുമ്പോൾ ആറ് ഗോൾ മാത്രമാണ് താരം നേടിയിരിക്കുന്നത്. ലോകകപ്പ് അവസാനിച്ച് അത്‍ലറ്റിക്കോയിലേക്ക് തിരികെയെത്തുമ്പോൾ പരിശീലകൻ സിമിയോണി ഗ്രീസ്മാനെ പുതിയ റോളിൽ പരീക്ഷിക്കുമെന്ന് ഉറപ്പാണ്.

Comments