ബദലുകൾ ഇല്ലാത്തിടത്തോളം 'രണ്ടുരൂപാ നാണക്കേട്' സർക്കാർ സഹിക്കേണ്ടിവരും

പൊതുവഴിയിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന ബോധത്തിലും ബോധ്യത്തിലും നിന്നുകൊണ്ട് രൂപീകൃതമായ സംസ്ഥാനമാണ് കേരളം. ഇവിടെയാണ്, സ്വകാര്യബസുകളിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള കൺസഷനുമായി ബന്ധപ്പെട്ട സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അപക്വവും ബാലിശവുമായ അഭിപ്രായത്തിന്റെ വൈരുധ്യം. രണ്ടു രൂപ കൊടുക്കാനില്ലാത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുഖത്തേറ്റ കനത്ത അടിതന്നെയാണിത്.

പൊരിവെയിലും, തോരാമഴയും, അശ്ലീലച്ചുവയുള്ള നോട്ടവും സംസാരവും അവഗണിച്ചാണ് വിദ്യാർത്ഥികളുടെ കൺസഷൻ യാത്രയെന്ന് അറിയാത്തവരല്ല മലയാളികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ട്യൂഷൻ സെന്ററുകളുടെയും സമീപത്തും, ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാന്റിലും, ഒടുവിൽ ജീവനും കൈയിൽവെച്ച് കയറുന്ന ബസിലും നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചാണ് ഓരോ വിദ്യാർത്ഥിയും കൺസഷൻ "അനുഭവിക്കുന്നത്'. ബാഗ് തൂക്കിയുള്ള നിൽപ്പും, ബസ് ജീവനക്കാരിൽനിന്നും യാത്രക്കാരിൽനിന്നുമുള്ള വഴക്കും, "പിച്ചലും തോണ്ടലും' ലിംഗഭേദമില്ലാതെയുള്ള പ്രശ്നങ്ങളാണ്. ഇതെല്ലാം പലപ്പോഴും വിദ്യാർത്ഥികൾ കാഴ്ച്ചയാവുന്നതിനും കാഴ്ച്ചക്കാരാവുന്നതിനും ഇടയാക്കുന്നു.

മലപ്പുറം ജില്ലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ശാരിക പറയുന്നു: "പരിമിതമായ ബസ് സർവീസുകൾ മാത്രമുള്ള റൂട്ടിൽനിന്നാണ് പ്രധാന സ്റ്റാന്റിലെത്തേണ്ടത്. ഈ ബസുകളിൽ കയറാൻ സാധിച്ചില്ലെങ്കിൽ പ്രധാന സ്റ്റോപ്പിലെത്താൻ വൈകും. തുടർയാത്ര അവതാളത്തിലാവും.
ബസ് ജീവനക്കാർക്ക് കൺസഷനിൽ വിശ്വാസമില്ലാത്തതാണ് മറ്റൊരു പ്രശ്നം. ഒരു ബസിൽത്തന്നെ പല തവണ കൺസഷൻ കാർഡ് കാണിക്കേണ്ടിവരും. കൺസഷനുള്ളവർക്ക് ഇരിക്കാനും അനുവാദമില്ല. സഹയാത്രികൾ (ഫുൾ ചാർജ്) നിൽക്കുന്ന സ്ഥിതി ഇല്ലെങ്കിലും ഇരിക്കാൻ അനുമതിയില്ല. ഇരിക്കണമെങ്കിൽ കൺസഷൻ തുക 10 രൂപ നൽകാൻ ആവശ്യപ്പെടുന്നവരുണ്ട്. എന്നാലും ധാർമികതയുടെ പേരിൽ എഴുന്നേറ്റു കൊടുക്കേണ്ടിവരും. പലപ്പോഴും എഴുന്നേൽക്കാൻ വിരൽ ചൂണ്ടുന്നത് വിദ്യാർത്ഥികളിലേക്കാണ്.'

"അമിത വേഗത്തിൽ പായുന്ന ബസുകളിൽ ഓടിക്കയറുന്ന ദിവസങ്ങളുണ്ട്. പിടിവിട്ടാൽ റോഡിലേക്കാണ് വീഴുക. തിരക്കില്ലാത്ത സ്‌റ്റോപ്പുകളിൽ ബസ് നിർത്താറുമില്ല. സ്ക്കൂളിലെത്തുമ്പോഴേക്കും ക്ഷീണിക്കും. വീട്ടിലേക്കുള്ള യാത്രയിലും സ്വന്തം സ്റ്റോപ്പിൽ ഇറങ്ങാൻ കഴിയാറില്ല. നേരം വൈകിയാൽ സ്കൂളിൽനിന്നും, വീട്ടിൽനിന്നും വഴക്ക് കേൾക്കും. ബസിൽ കയറിയാൽ ജീവനക്കാരും യാത്രക്കാരും വഴക്ക് പറയും" തൃശ്ശൂർ ജില്ലയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒമ്പതാം ക്ലാസ്സുകാരൻ ഭയത്തോടെ പറഞ്ഞു.

മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഒന്നിലധികം ബസുകളിലെ അവഹേളനങ്ങൾ നേരിട്ടുകൊണ്ട് വീട്ടിൽനിന്നും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് പഠിക്കാൻ പോവുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളിലെയും മുൻനിരയിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികളും അതാത് സ്ഥാപനങ്ങൾ ഏർപ്പാടാക്കിയിട്ടുള്ള വാഹനസൗകര്യം വേണ്ടെന്ന് വെക്കുന്നുണ്ട്. സാമ്പത്തിക ലാഭം കണക്കിലെടുത്താണ് ഈ കുട്ടികളുടെ രക്ഷിതാക്കൾ വാഹന സൗകര്യം തിരസ്ക്കരിക്കുന്നത്.

സാമൂഹിക ഇടപെടലുകൾക്കുള്ള, തിരിച്ചറിവുകൾക്കുള്ള യാത്രയാണ് ഓരോ കൺസഷൻ യാത്രയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ജനകീയ വികസന സമിതികളുടെയും, സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തിയാൽ "രണ്ടുരൂപാ നാണക്കേട്' ഒഴിവാക്കാം.

പാലക്കാട്‌ ജില്ലയിൽ 2500 ഓളം പെൺകുട്ടികൾ പഠിക്കുന്ന ഒരു ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് നിലവിൽ സ്വന്തമായി രണ്ട് ബസുകളാണുള്ളത്. "ഭൂരിഭാഗം കുട്ടികളും സ്വകാര്യബസുകളെ ആശ്രയിച്ചാണ് സ്കൂളിലെത്തുന്നത്. മലയോരമേഖലകളിൽനിന്നുള്ള വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രതിദിനം ഏതാണ്ട് മുപ്പത് കിലോമീറ്ററോളം ബസ് യാത്ര ചെയ്ത് പഠിക്കുന്ന വിദ്യാർത്ഥികളാണ് ഏറെയും. സങ്കീർണതകളില്ലാതെ കുട്ടികൾ സ്കൂളിലെത്താനാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ ഇതിന് പ്രായോഗികവും സാങ്കേതികവുമായ വെല്ലുവിളികളുണ്ട്. "പ്രസ്തുത സ്കൂളിലെ പ്രധാനാധ്യാപിക നിരീക്ഷിക്കുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമല്ലാത്തതും അപര്യാപ്തവുമായ വാഹന സൗകര്യം മാത്രമേ പല വിദ്യാലയങ്ങളിലുമുള്ളൂ.

നിലവിലെ കൺസഷൻ തുക നാണക്കേടാണെന്ന മന്ത്രിയുടെ അഭിപ്രായം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ബസ് കൺസഷൻ ഔദാര്യമല്ല, അവകാശമാണെന്നും ഇത് നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്തതാണെന്നും പ്രസ്താവനയിൽ പറയുന്നു. "പ്രദീപ് കുമാർ, കോറോത്ത് ചന്ദ്രൻ, എം.സി. രാജേഷ് തുടങ്ങിയവർ വിദ്യാർത്ഥികളുടെ യാത്രാവകാശത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ചവരാണ്. എന്തിനാണ് കൺസഷൻ അനുവദിക്കുന്നതെന്ന കാഴ്ച്ചപ്പാടിലെ അവ്യക്തതയാണ് മന്ത്രിയുടെ അഭിപ്രായത്തിന് കാരണം. വിദ്യാഭ്യാസം നേടുന്നതിൽ സമത്വം ഉറപ്പാക്കുന്നതിനാണ് കൺസഷൻ. "എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് എം എസ് എഫും, കൺസഷൻ അപമാനമല്ല, അഭിമാനമാണെന്ന് കെഎസ് യുവും പ്രതികരിച്ചു.

ബദലുകൾ ഇല്ലാത്തിടത്തോളം "രണ്ടുരൂപാ നാണക്കേട്' സഹിക്കേണ്ടിവരികതന്നെ ചെയ്യും.

Comments