ആഗസ്റ്റ് 17: പ്രതിവസ്തുതകളുടെയും ഉപപാഠങ്ങളുടെയും ഭണ്ഡാരം

കാല്പനികരാഷ്ട്രീയവാദത്തിന്റെ ദൗർബല്യത്തെ മാറ്റിനിർത്തിയാൽ നമ്മുടെ കാലം കണ്ട ഏറ്റവും വലിയ കൃതികളിലൊന്നാണ് ആഗസ്റ്റ് 17 എന്നുറപ്പിച്ചു പറയാം. ചരിത്രഗവേഷകന്റെ അധ്വാനം ഒരുഭാഗത്തും നോവലിസ്റ്റിന്റെ സർഗഭാവന മറുഭാഗത്തുമായി ആഗസ്റ്റ് 17 ൽ നിലയുറപ്പിക്കുന്നു.

മ്യൂണിസ്റ്റ് ഡെൻ എന്നൊരു ചെറുകഥ (?) ബഷീറിന്റെതായുണ്ട്. "കഥ എന്നു പറഞ്ഞാൽ ചുമ്മാ ഒരു കഥയല്ല ചരിത്രം' എന്ന വിശേഷണത്തിൽ നിന്നാണത് ആരംഭിക്കുന്നുണ്ട്. ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭകാലത്ത് സ്റ്റേറ്റ് കോൺഗ്രസുകാരായ ചിലർ രാജ്യത്തിന് പുറത്തുള്ള എറണാകുളത്തെ ഒരു ലോഡ്ജിൽ തമ്പടിക്കുന്നതും ഇതൊരു കമ്യൂണിസ്റ്റ് ഡെൻ ആണെന്ന് സർ സി.പി. പത്രപ്രസ്താവനയിറക്കുന്നതും ഒന്നാം ഇ.എം.എസ്. മന്ത്രിസഭയിൽ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്ത കെ.സി. ജോർജ് അറസ്റ്റ് ചെയ്യപ്പെടുന്നതും തുടർന്നു നടന്ന പോലീസ് റെയ്ഡും മറ്റുമാണ് പ്രമേയം. കഥയിലൊരിടത്ത് നാമിങ്ങനെ വായിക്കുന്നു;

"ചില സി.ഐ.ഡികൾ പി. കൃഷ്ണപിള്ളയുടെ പുറകെ നടന്നുനോക്കി. കാര്യമായ മെച്ചമൊന്നുമില്ല. ഓരോ തിരുവിതാംകൂറുകാരന്റെയും പിറകെ നടന്നുനോക്കി. ഈയുള്ളവന്റെ പിറകെയും സി.ഐ.ഡി.കൾ നടന്നു എന്നു വിനീതമായി ഇവിടെ പറഞ്ഞുകൊള്ളട്ടെ. രണ്ടുതരം സി.ഐ.ഡി.കളാണ്. തിരുവിതാംകൂർ, കൊച്ചി സചിവോത്തമന്റെ സി.ഐ.ഡി.കൾ പല വേഷത്തിലും നടക്കും. ഒരുദിവസം ഞങ്ങൾ സിനിമ കാണാൻ പോയി. സാധാരണ ടിക്കറ്റു വാങ്ങുന്നത് തറയ്ക്കാണ്. ഒരണ ചാർജ്. ജോർജിനെ കൂടാതെ പത്തുപന്ത്രണ്ട് ആളുകളുണ്ട്. കെ. ദാമോദരനും ഉണ്ടായിരുന്നു എന്നുതോന്നുന്നു. ഈ കൂട്ടത്തിലുണ്ടായ ആരുടെയോ പരിചയക്കാരനായ ഒരു തൊഴിലാളി ടിക്കറ്റുവാങ്ങിക്കാൻ ഒരു രൂപ കൊണ്ടുപോയി. അവനെപ്പിന്നെ ഇതുവരെ കണ്ടിട്ടില്ല. ആൾ ഒരു സചിവോത്തമ സി.ഐ.ഡി.യായിരുന്നു എന്നു വേണമെങ്കിൽ ഊഹിക്കാം'

ബഷീർ ഒരു സാധ്യതയായി മാത്രം അവതരിപ്പിച്ച ഈ സി.ഐ.ഡി. കഥാപാത്രം യഥാർഥത്തിൽ സർ സി.പി.യുടെ ചാരനായിരുന്നെങ്കിലോ? ബഷീറിനെ അയാൾ നിരന്തരമായി പിന്തുടർന്നിരുന്നുവെങ്കിലോ? ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങളെ അയാൾ കാണുകയും അനുഭവിക്കുകയും ചെയ്തിരുന്നെങ്കിലോ? ഈ "എങ്കിലുകൾ' ചേർത്തു വെച്ചാൽ ഒരു സമാന്തരലോകത്തിൽ നമുക്കെത്തിച്ചേരാം. ബഷീറിന്റെ ഭ്രാന്ത് പോലെ യാഥാർത്ഥ്യവും ഭാവനയും, പ്രജ്ഞയും ഉന്മാദവും, നടന്നതും നടക്കാത്തതും കുഴമറിഞ്ഞുകിടക്കുന്ന മറ്റൊരു യൂണിവേഴ്‌സായിരിക്കുമത്. സാഹിതീയമായ ഇത്തരം ക്രോസ് റഫറൻസുകൾ കടന്നുവരുന്ന ഫിക്ഷനുകളെ വിശേഷിപ്പിക്കാൻ പഠിതാക്കൾ ഉപയോഗിക്കുന്ന സമാന്തരനോവൽ (alternate novel) എന്ന സംജ്ഞയാൽ വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും അതിന്റെ ആത്യന്തികഫലം.

1947 ജൂലൈ 25 ന് തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ സ്വാതിതിരുനാൾ ചരമശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകഴിഞ്ഞശേഷം, ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയോടൊപ്പം പ്രോട്ടോക്കോൾ ലംഘിച്ച് ദിവാനും പുറത്തേക്കിറങ്ങിയിരുന്നെങ്കിലോ? സർ സി.പി.യെ കൊല്ലാനായി സദസ്സിലെ അവസാനവരിയിൽ അതിഥികൾ നടന്നുവരുന്നിടത്തായി മദിരാശിയിൽ നിന്നു സംഘടിപ്പിച്ച വളഞ്ഞകത്തിയുമായി കെ.സി.എസ്. മണി കാത്തിരിപ്പുണ്ടെന്ന് സി.പി.യ്ക്ക് അറിയുമായിരുന്നെങ്കിലോ? മണിക്ക് സഹായവുമായി സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ ഗെയ്റ്റിനടുത്ത് നിലയുറപ്പിച്ചിരുന്നെങ്കിലോ? ഇവരുടെ ഉദ്യമത്തിന്റെ വിശദമായ ബ്ലൂ പ്രിന്റ് സി.പിയുടെ രഹസ്യപോലീസിന്റെ കൈയിലുണ്ടായിരുന്നെങ്കിലോ? മണി സി.പിയെ വെട്ടുന്ന സന്ദർഭത്തിലെ "കറന്റ് പോക്ക്' രഹസ്യപോലീസ് തന്നെ ആസൂത്രണം ചെയ്തതായിരുന്നെങ്കിലോ? തനിക്കെതിരായ ആക്രമണം കൃത്യമായി പ്രതിരോധിച്ച സർ സി.പി. മഹാരാജാവിനെതിരായ വധശ്രമമായിരുന്നു അതെന്നു ചിത്രീകരിച്ചിരുന്നെങ്കിലോ? രാജഭക്തരായ തിരുവിതാംകൂർ ജനത ഇളകിമറിഞ്ഞിരുന്നെങ്കിലോ? ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നു വേറിടുമ്പോൾ സ്വതന്ത്രരാജ്യമായി നിലനിൽക്കാനുള്ള സി.പി.യുടെ താത്പര്യങ്ങൾക്ക് ഈ സംഭവങ്ങൾ ഊർജ്ജം പകർന്നിരുന്നെങ്കിലോ? എങ്കിലൊരുപക്ഷേ; ഇന്ത്യൻ ദേശരാഷ്ട്രത്തിൽ നിന്നു വേർപ്പെട്ട് സ്വതന്ത്ര തിരുവിതാംകൂർ പിറവിയെടുത്തേനെ. "യഥാർത്ഥചരിത്രസംഭവങ്ങളെ' വലയം ചെയ്തിരിക്കുന്ന അപരസാധ്യതകളുടെ അവ്യാകൃതമായ ഇരുട്ടിലേക്ക് വെളിച്ചംപായിച്ച് മറ്റൊരു ചരിത്രത്തെ കണ്ടെടുക്കാനുള്ള ഇത്തരമൊരു ശ്രമത്തെ പ്രതിചരിത്രം/സമാന്തരചരിത്രം (alternate history) എന്നൊക്കെ ചരിത്രപഠിതാക്കൾ വിളിച്ചുപോരുന്നു.

എസ്. ഹരീഷ്, എം. മുകുന്ദൻ. ആഗസ്റ്റ് 17-ന്റെ കവർ പ്രകാശനം.

സമാന്തരനോവലിന്റെയും സമാന്തരചരിത്രത്തിന്റെയും സ്ഥല-കാല സംയുക്തങ്ങൾ (chronotopes) പരസ്പരം കയറിമുറിഞ്ഞുവെങ്കിലോ? എങ്കിലതിനെ നമുക്ക് എന്തുവിശേഷിപ്പിക്കാൻ കഴിയും. സമാന്തരചരിത്രമെന്നോ സമാന്തരനോവലെന്നോ? ഇത്തരം ധാരാളം എങ്കിലുകളു(what if)ടെ ഒരു ബൃഹദ്പാഠമാണ് എസ്.ഹരീഷിന്റെ ഓഗസ്റ്റ് 17. സമാന്തരചരിത്രത്തിന്റെ കേവലാഖ്യാനമല്ല ആ നോവൽ. മറിച്ച് ആ ചരിത്രത്തിലേക്കു കടക്കുന്ന സമാന്തരഫിക്ഷൻ കൂടിയാണ്. അവിടെ ബഷീറിയൻ കഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നുണ്ട്. ഒരു പക്ഷേ ബഷീറിന്റെ "സ്ഥലം' എന്ന ഭാവനാദേശം പോലും വിദൂരതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സമാന്തരതകളെ അതിസൂക്ഷ്മമായി നെയ്‌തെടുത്ത ഒരു ബദൽ ചരിത്ര/ഫിക്ഷണൽ ലോകമാണ് ഹരീഷ് അനാച്ഛാദനം ചെയ്യുന്നത്.

"എങ്കിലോ' എന്ന ചോദ്യം എല്ലാ കഥകളുടെയും മൂലഘടകമാണ്. നാട്ടുചരിതങ്ങൾ തൊട്ട് ബൃഹദ് നോവലുകൾ വരെ ഈ ചോദ്യത്തെ പിൻതുടരാറുണ്ട്. പൂർണമായ ഫിക്ഷണൽ രചനകളിൽ "എങ്കിലോ'കൾ സർഗഭാവനയ്ക്ക് സഞ്ചരിക്കാനുള്ള വിഹായസ്സുകളാണ് തുറന്നുതരുന്നതെങ്കിൽ സമാന്തരചരിത്രരചന (Allohistories)യിൽ ഈ ചോദ്യത്തെ നേരിടൽ ഒട്ടും എളുപ്പമല്ല. "എങ്കിലോ'കളെ റദ്ദ് ചെയ്യുന്ന "യഥാർത്ഥ' വസ്തുതകളെ ഖണ്ഡിച്ചുവേണം ഒരു സമാന്തരചരിത്രകാരന് മുൻപോട്ടുനീങ്ങാൻ. അവിടെ പ്രതിവസ്തുതകളുടെ (counter facts) ഒരു വലിയ വിജ്ഞാനകോശം തന്നെ നിർമ്മിച്ചെടുക്കേണ്ടതുണ്ട്. പ്രതിവസ്തുതകളുടെ ഈ സൂക്ഷ്മതയിലാണ് സമാന്തരചരിത്രം വിജയിക്കുക. എല്ലാ സൂക്ഷ്മാംശങ്ങളിലും കണ്ണുചെല്ലുന്ന ഗവേഷകനായി സമാന്തരചരിത്രകാരൻ മാറിയേതീരൂ. അല്ലാത്തപക്ഷം വസ്തുക്കളും വസ്തുതകളും തമ്മിലുള്ള കുഴമറിച്ചിലിൽ പെട്ട് ആഖ്യാനം അയുക്തിപരമായ ഒരു പേച്ചായി അവസാനിക്കും. ഹരീഷിന് പ്രതിവസ്തുതകളുടെ വിശ്വസനീയമായ ഒരു വിജ്ഞാനകോശം നിർമ്മിക്കാൻ കഴിഞ്ഞു എന്നിടത്താണ് ഓഗസ്റ്റ് 17 വിജയിക്കുന്നതും, മലയാളത്തിലെ അനന്യമായ സൃഷ്ടികളിലൊന്നായി മാറുന്നതും.

ചരിത്രരചന മൂല്യനിരപേക്ഷമായ ഒരു പ്രവൃത്തിയല്ലെന്ന് എത്രയും വ്യക്തമാണ്. സമകാലിക സന്ദർഭത്തിന്റെ രാഷ്ട്രീയപ്രേരണകളാണ് ഏതു ചരിത്രാഖ്യാനത്തിന്റെയും അബോധപ്രത്യയശാസ്ത്രം. മറ്റൊരർഥത്തിൽ ഭൂതത്തെക്കുറിച്ചൊരാൾ സംസാരിക്കുന്നത് വർത്തമാനത്തെ വിശദീകരിക്കാൻ വേണ്ടിയാണ്. സമാന്തരചരിത്രരചനയുടെയും താത്പര്യം മറ്റൊന്നല്ല. സമാന്തരചരിത്രരചനയുടെ ഉദ്ഘാടകനായി പഠിതാക്കൾ പൊതുവെ കരുതുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ പണ്ഡിതനായനായ Issac D'Israeli യെയാണ്. 1823 ൽ പുറത്തു വന്ന അദ്ദേഹത്തിന്റെ പ്രബന്ധം (Of a History of Events which have not Happened) ഈ ദിശയിലുള്ള ആദ്യചുവടുവെപ്പായി കണക്കാക്കിപ്പോരുന്നു. പ്രാചീനറോമൻ ചരിത്രകാരനായ ടൈറ്റസ് ലിവിയനിൽ തന്നെ ഊഹാധിഷ്ഠിത (speculation) നിലപാടുകൾ കാണാമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് പ്രതിചരിത്രത്തെക്കുറിച്ച് താനാലോചിക്കുന്നത് എന്നതിന് lsraeli നൽകിയ വിശദീകരണം, യുദ്ധം അഭൗമശക്തികളുടെ ഇടപെടലിനാൽ സംഭവിക്കുന്നതാണെന്ന പൊതുബോധത്തെ പ്രശ്‌നവൽക്കരിക്കാൻ വേണ്ടിയാണ് എന്നതായിരുന്നു. വസ്തുതകളുടെ ഒരു ചെറിയ മാറ്റമോ സ്ഥല-കാലങ്ങളിലെ സൂക്ഷ്മമായ ഒരു വകഭേദമോ മറ്റൊരു ചരിത്രത്തെ നിർമിച്ചെടുത്തേക്കാം എന്നദ്ദേഹം പറഞ്ഞു.

അക്കാമ്മ ചെറിയാൻ, പൊന്നറ ശ്രീധർ, കെ.സി.എസ്. മണി

മുൻകൂട്ടി തയ്യാർ ചെയ്യപ്പെട്ട ഘടനയല്ല ചരിത്രത്തിനുള്ളതെന്നും ആകസ്മികതകൾ പരസ്പരം വിനിമയം ചെയ്ത് സംഭവങ്ങൾ (events) രൂപപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. പത്തുവർഷത്തിനു ശേഷം 1832-ൽ സമാന്തരചരിത്രരചനയുടെ പൂർണമായ ഒരവതരണം Louis Geoffroy യുടെ Napoléon and the conquest of the world, 1812-1832: a fictional history-യിലൂടെ പുറത്തുവന്നു. നെപ്പോളിയൻ വാട്ടർലൂവിൽ പരാജയപ്പെട്ടിരുന്നില്ലെങ്കിലോ എന്നാണാ ആഖ്യാനം ആലോചിച്ചത്. Geoffry യുടെ ആഖ്യാനസൂക്ഷ്മത പിൽക്കാല സമാന്തരചരിത്രകാരന്മാരുടെ പാഠപുസ്തകമായി.
പ്രതിവസ്തുതകൾ, അവ തമ്മിലുള്ള ബന്ധം, യുക്തിപരമായി അവയെ സ്ഥാപിക്കൽ എന്നിവയിൽ Geoffry നേടിയ വിജയം സമാനതകളില്ലാത്തതായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ധാരാളം സമാന്തരചരിത്രഗ്രന്ഥങ്ങൾ യൂറോപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും പൾപ്പ് ഫിക്ഷൻ പോലെ ഗൗരവമല്ലാത്ത ജനുസ്സുകളായാണ് അവ പരിഗണിക്കപ്പെട്ടത്. എന്നാൽ 1960കളോടെ (പ്രത്യേകിച്ചും ഘടനാവാദാനന്തരതയുടെ കടന്നുവരവോടെ) "കൗണ്ടർ ഫാക്ച്വലിസം' ഗൗരവമായ ഒരു സംവാദവിഷയമായി. ചരിത്രം കാര്യ-കാരണ ബന്ധാധിഷ്ഠിതമല്ലെന്നും ചരിത്രകാരൻ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുമ്പോൾ ഊഹത്തെ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഘടനാവാദാനന്തരത വ്യക്തമാക്കി. സമാന്തരചരിത്രരചന കേവലലീലയല്ലെന്നും ചരിത്രശാസ്ത്രത്തെക്കുറിച്ചുള്ള ഒരു വിമർശാനത്മക ബോധനിർമ്മിതിയാണെന്നും മനസ്സിലാക്കപ്പെട്ടു. ആ നിലയിൽ ഹരീഷിന്റെ രചനയും ചെയ്യുന്നത് മറ്റൊന്നല്ല. ഒരു ഭാഗത്തത് ചരിത്രത്തെ കാര്യ-കാരണ ബന്ധങ്ങളായിക്കാണുന്ന നമ്മുടെ ബോധത്തെ ഇളക്കുന്നു. മറുഭാഗത്താവട്ടെ, സമകാലിക ഇന്ത്യനവസ്ഥയെ അല്പം അകന്നു നിന്നു വീക്ഷിക്കാനുള്ള സാധ്യത തുറന്നു തരികയും ചെയ്യുന്നു.

ഓഗസ്റ്റ് 17 എന്ന സമാന്തരചരിത്രാഖ്യാനത്തിലെ കേരളം എറണാകുളത്ത് അവസാനിക്കുന്നു. അതിനപ്പുറം തിരുവിതാംകൂർ എന്ന സ്വതന്ത്രരാജ്യമാണ്. 1947 ആഗസ്റ്റ് 17 ന് കൊളോണിയലിസത്തിൽ നിന്നും ആ രാജ്യം വിടുതൽ നേടി. ഉള്ളൂർ എസ്.പരമേശ്വരയ്യർ എഴുതിയ വഞ്ചീശമംഗളമാണ് ആ രാഷ്ട്രത്തിന്റെ ദേശീയഗാനം. വലംപിരിശംഖ് അടയാളപ്പെടുത്തിയ കാവിക്കൊടിയാണ് ദേശീയപതാക. ദേശീയപക്ഷി കൃഷ്ണപ്പരുന്തും ദേശീയമൃഗം പശുവുമാണ്. പ്രതീക്ഷിക്കുന്നതുപോലെ അതൊരു ഹിന്ദുരാഷ്ട്രമാണ്. ഇന്ത്യയുടെ തെക്കേ അറ്റത്ത് ഇങ്ങനൊരു രാഷ്ട്രം ഉടലെടുത്തതിനു പുറകിലെ രാഷ്ട്രീയചരിത്രമാണ് ഓഗസ്റ്റ് 17. അത് 1939 മുതലാരംഭിക്കുന്നു. ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യം ഏകദേശം ഉറപ്പിക്കപ്പെട്ട ഘട്ടത്തിൽ ഉയർന്നുവന്ന "ഭാഷാദേശീയത' എന്ന ആശയത്തെ പൊളിച്ചുകൊണ്ട് ഓഗസ്റ്റ് 17 ന്റെ ആഖ്യാനം മുൻപോട്ടു നീങ്ങുന്നു. ബഷീറിന്റെ കഥയിൽ നിന്നിറങ്ങി വന്ന സർ സി.പിയുടെ സി.ഐ.ഡി.(ചാരൻ) ഈ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. കൃത്യമായ പേരില്ലാത്ത, ഊരെവിടെയെന്നറിയാത്ത, തരാതരം പോലെ വേഷം മാറുന്ന അയാൾ കേവലമൊരു സാക്ഷി മാത്രമല്ല. കേരളചരിത്രത്തിലെ നിർണായകമായ പല സംഭവങ്ങളുടെയും ആസൂത്രകനും സൂത്രധാരനും കൂടിയാണ്. സർ സി.പി. രാമസ്വാമി അയ്യർ വിജയിയായ ഏകാധിപതിയായി നിറഞ്ഞുനിൽക്കുന്നു. അതിനു മറുപാതിയായി അധികാരത്തോട് സന്ധിയില്ലാ സമരം ചെയ്തുകൊണ്ട് വൈക്കം മുഹമ്മദ് ബഷീറും. നാമറിയുന്നതുപോലെ ബഷീർ കേവലമൊരു സാഹിത്യകാരനല്ല; മറിച്ച് രാഷ്ട്രീയപ്രവർത്തകനായ, "എഴുത്തുകാരൻ' എന്നു ജനം വിശ്വസിക്കുന്ന ഒരാൾ മാത്രമാണ്.

ബഷീറും ബഷീറിന്റെ ഭ്രാന്തും ആഖ്യാനത്തെ നയിക്കുന്ന നിർണായകശക്തിയാണ് നോവലിൽ. ബഷീർ ഒരിക്കലും താൻ കഥയെഴുതുകയാണ് എന്നു പറഞ്ഞിരുന്നില്ല; 'വിനീതനായ ചരിത്രകാരൻ' എന്നു സ്വയം വിശേഷിപ്പിച്ചു. / Photo: Punalur Rajan

ഉത്തരവാദപ്രക്ഷോഭകാലത്തു നിന്നാണ് സ്വതന്ത്രതിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രമാരംഭിക്കുന്നത്. ആ നിലയിൽ തിരുവിതാംകൂറിന്റെ നാല് രാഷ്ട്രീയഘട്ടങ്ങളാണ് ഓഗസ്റ്റ് 17 ലുള്ളത്. ആധുനികതിരുവിതാംകൂറിന്റെ അടിവേരുകൾ ഉറപ്പിക്കപ്പെടുന്ന 1939-1947 കാലമാണ് നോവലിലെ ഒന്നാംകാലം. പകുതിയോളം പുറങ്ങൾ ഈ കാലത്തിന്റെ വിവരണങ്ങളാണ്. ബഷീറിന് പുറമെ അക്കാമ്മ ചെറിയാനും പൊന്നറ ശ്രീധറുമടക്കം ഒരുപറ്റം ചരിത്രവ്യക്തിത്വങ്ങൾ ഈ കാലത്ത് കഥാപാത്രങ്ങളായി കടന്നുവരുന്നു. സർ സി.പി.രാമസ്വാമി അയ്യരുടെ കൂർമബുദ്ധിയിലുദിച്ച ചില രാഷ്ട്രീയനയങ്ങളാണ് തിരുവിതാംകൂറിന് അടിപ്പടവൊരുക്കിയത്. സി.പി.യുടെ ചാരനായ വക്താവ് സ്റ്റേറ്റ് കോൺഗ്രസുകാർക്കിടയിൽ കയറിപ്പറ്റി അവരുടെ ഇടപെടലുകളെ സി.പി.യ്ക്ക് എത്തിച്ചുനൽകുന്നു. ഹിന്ദുമഹാസഭയുടെയും ജിന്നയുടെയും പിന്തുണ കൂടി സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയത്തിനു ലഭിക്കുന്നു. സവർക്കർ നേരിട്ടു തന്നെ തിരുവിതാംകൂറിലെത്തുന്നു. എങ്കിലും ഇന്ത്യൻ യൂണിയനിൽ ലയിക്കലല്ലാതെ തിരുവിതാംകൂറിന് മറ്റു സാധ്യതയില്ല എന്നു തോന്നിക്കുന്ന ഘട്ടത്തിലാണ് സർ സി.പി.യ്‌ക്കെതിരായ വധശ്രമം പ്രതിരോധിക്കപ്പെടുന്നത്.
"സി.പി. വധശ്രമം' എന്ന യഥാർത്ഥരാഷ്ട്രീയസംഭവമാണ് ആഗസ്റ്റ് 17 ൽ അല്പമൊന്ന് വഴിതിരിക്കപ്പെട്ടത്. അതോടെ, തിരുവിതാംകൂർ ചരിത്രം മറ്റൊന്നായി. രാജാവിനെതിരായ വധശ്രമത്തിൽ ദേശീയപ്രസ്ഥാന നേതൃത്വത്തിൽ നിന്നു മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും എതിർപ്പുകളുണ്ടായി. രാജഭക്തസംഘത്തിന്റെ കടുത്ത ആക്രമങ്ങൾ അരങ്ങേറി. മൗണ്ട് ബാറ്റൻ നെഹ്രുവിനെയും സി.പിയെയും ചർച്ചയ്ക്ക് ക്ഷണിച്ചു. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യത്തെ തൽക്കാലത്തേക്കെങ്കിലും കോൺഗ്രസിന് അംഗീകരിക്കേണ്ടി വന്നു. കമ്പിത്തപാലും റെയിൽവെയും ഇന്ത്യ നിയന്ത്രിക്കുന്ന വിദേശകാര്യത്തിലും സൈന്യത്തിലും സ്വതന്ത്രനിലപാടുകളെടുക്കാവുന്ന തിരുവിതാംകൂർ എന്ന ഹിന്ദുരാഷ്ട്രം അങ്ങനെ നിലവിൽ വന്നു. 1947 ആഗസ്റ്റ് 17 ന് ആ രാഷ്ട്രത്തിന്റെ പതാക തിരുവനന്തപുരം കിഴക്കേകോട്ടയിൽ ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉയർത്തി.

1947 മുതൽ 1966 വരെയാണ് നോവലിലെ രണ്ടാംകാലം. സർ സി.പി. പ്രധാനമന്ത്രിയായി. സ്വാതന്ത്ര്യാനന്തരദശകങ്ങളിൽ തിരുവിതാംകൂറിനെ ലയിപ്പിക്കാനുള്ള ഇന്ത്യൻ യൂണിയന്റെ പ്രവർത്തനങ്ങൾ പലകാരണങ്ങളാൽ പരാജയമടഞ്ഞു. ശീതയുദ്ധത്തിന്റെ പശ്ചാത്തലം മുതലാക്കി അമേരിക്കയുമായി സഖ്യം ചേർന്ന് ശക്തമായ ഒരു ഭരണസംവിധാനം സി.പി. ഉയർത്തിയെടുത്തെങ്കിലും അദ്ദേഹം രോഗാതുരനായതോടെ അഭ്യന്തരക്കുഴപ്പങ്ങൾ മൂർഛിച്ചു. ബ്രാഹ്‌മണരെ പ്രീതിപ്പെടുത്താനായി നടത്തുന്ന മുറജപത്തിനെതിരായി ആരംഭിച്ച കലാപം 1966ൽ ഒരു ജനകീയ പ്രക്ഷോഭമാവുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് തിരുവിതാംകൂറിന്റെ മൂന്നാം ഘട്ടമാണ്. അക്കാമ്മ ചെറിയാൻ പ്രധാനമന്ത്രിയായി ഒരു ഇടക്കാല സർക്കാർ നിലവിൽ വന്നു. മൂന്നുമാസം മാത്രം നീണ്ടു നിന്ന ആ സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. പിന്നീടുള്ള കാലഗണന അല്പം അസ്വാഭാവികമാണ്. കഥയിലെ വക്താവ് മുഴുഭ്രാന്തിലേക്ക് കടന്നതുകൊണ്ടാവാം ആദ്യഘട്ടത്തിലെ ആന്തരികയുക്തികൾ ഇവിടുന്നങ്ങോട്ട് കുഴമറിയുന്നു. എന്തായാലും 1966 ഡിസംബർ 10 ന് ശേഷം അയൽ രാജ്യത്തെ ഇന്ത്യൻ പട്ടാളം തിരുവിതാംകൂറിലേക്ക് കടക്കുന്നതോടെ ആഗസ്റ്റ് 17 അവസാനിക്കുന്നു.

സി.പി. രാമസ്വാമി അയ്യർ / Photo: University of Nottingham

മേൽ സൂചിപ്പിച്ച കഥാഗതിയെ സാമാന്യമായി നോക്കിയാൽ തന്നെ ഒരു ബൃഹദ് ആഖ്യാനമാണ് ഹരീഷ് നിർവഹിച്ചത് എന്നുകാണാം. പ്രതിവസ്തുതകളുടെ ഒരു വലിയശേഖരം നോവലിൽ ചിതറി നിൽക്കുന്നുണ്ട്. പുറമേ ഉപപാഠങ്ങളുടെ ഒരു വൻ ഖനി കൂടിയാണ് ആഗസ്റ്റ് 17. അക്കാമ്മ ചെറിയാന്റെയോ എൻ. ശ്രീകണ്ഠൻ നായരുടെയോ മത്തായി മഞ്ഞൂരാന്റെയോ പ്രതിജീവചരിത്രം നോവലിൽ നിന്ന് നിർദ്ധരിച്ചെടുക്കാം. സ്വതന്ത്രമായ ആഖ്യാനങ്ങളായി അവ അതിന്റെ വഴിക്ക് സഞ്ചരിക്കുന്നു. കഥാഗതിയുമായി നേരിട്ടു ബന്ധമില്ലാത്ത മലബാർ കുടിയേറ്റത്തിന്റെ ഒരു പരിഛേദവും നോവലിലെ മറ്റൊരു ഉപപാഠമാണ്. കാക്കനാടന്റെ ഒറോതയിൽ നിന്നിറങ്ങി വന്ന പോലെ അവിടെ നാമൊരു ഏലിക്കുട്ടിയെ കാണുന്നു. ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങളിൽ നിന്ന് വനജ നേരിട്ടു തന്നെ പ്രത്യക്ഷപ്പെടുന്നു. പ്രതിവസ്തുതകളുടെ ഭണ്ഡാരനിർമിതിയിലും ഉപപാഠങ്ങളുടെ നിർമിതിയിലും ആഗസ്റ്റ് 17 ശക്തവും ഭദ്രവുമായി നിലയുറപ്പിക്കുന്നു.
എങ്കിലും, ആഗസ്റ്റ് 17ലെ ചരിത്രരചനയെ നിർണയിച്ചുകൊണ്ട് ബംഗാൾ ഭദ്രലോകിന്റെ മനോനിലയോട് ഒത്തുപോകുന്ന ഒരു കർത്താവ് നിലയുറപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനമെന്നാൽ അധാർമികതയുടെ മണ്ഡലമാണ് ആ ലോകത്ത്. ഭൗതികതയുടെ നിഷേധത്തിലൂടെ എത്തിച്ചേർന്ന സാർവദേശീയമായ ഒരാധ്യാത്മിക മനോഭാവമെന്ന ടാഗോറിയൻ വീക്ഷണത്തിന് സമാനമാണ് പലപ്പോഴും ആഗസ്റ്റ് 17 ലെ രാഷ്ട്രീയവിവരണങ്ങൾ. മുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ സർ സി.പി./ ബഷീർ എന്ന ദ്വന്ദ്വമാതൃക നോവലിൽ ഉടനീളം തുടരുന്നുണ്ട്. ആഗസ്റ്റ് 17 ൽ കണ്ടുമുട്ടുന്ന മഹാഭൂരിപക്ഷം രാഷ്ട്രീയപ്രവർത്തകരിലും ഒരു സർ സി.പി.യുണ്ട്. എഴുത്തുകാരിലാവട്ടെ ഏറിയും കുറഞ്ഞും ഒരു ബഷീറും.

ഒരർഥത്തിൽ രാഷ്ട്രീയപ്രവർത്തനവും എഴുത്തും തമ്മിലുള്ള ഒരു വടം വലി ആഗസ്റ്റ് 17ലുണ്ട്. എഴുത്ത് അധികാരത്തിനെതിരായ നിതാന്തനിലപാടാണെന്നും രാഷ്ട്രീയം അധികാരത്തിനായുള്ള കാപട്യങ്ങൾ മാത്രമാണെന്നും കരുതുന്ന ഒരു കാല്പനികവാദിയെക്കൂടി ആഗസ്റ്റ് 17 ൽ കണ്ടുമുട്ടാം. തിരുവിതാംകൂർ രാഷ്ട്രീയത്തിലെ ഏറ്റം ദുരിതം നിറഞ്ഞ കാലമായി കമ്യൂണിസ്റ്റ് ഭരണം ചിത്രീകരിക്കപ്പെടുന്നത് ശ്രദ്ധാർഹമാണ്. സർ സി.പിയുടെ ഏകാധിപത്യത്തെക്കാളും ജനം പൊറുതിമുട്ടുന്നത് ഇക്കാലത്താണ്. എങ്ങനെ എഴുതണം എന്നു നിർദ്ദേശിക്കുന്ന ജയിൽകെട്ടിടങ്ങൾ ഉയർന്നുവരികയും തകഴിയും സക്കറിയയും തടവിലാക്കപ്പെടുകയും ചെയ്യുന്ന കാലമാണത്. സ്റ്റാലിന്റെ ഭരണകാലത്തെ ഓർമിപ്പിക്കുന്നമട്ടിൽ അക്കാലം ചിത്രീകരിക്കപ്പെടുന്നു. സമാന്തരചരിത്രത്തിലെ അത്തരം ഭാവനകൾ അംഗീകരിക്കുമ്പോൾ തന്നെ; മൂർത്തസാഹചര്യത്തെ വിലയിരുത്താൻ ശേഷിയില്ലാത്ത ഒരു കൂട്ടം മാത്രമായി കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ മാറുന്നു. സി.പി.യുടെ അനുചരന്മാരായിരുന്നവർ പോലും പോളിറ്റ് ബ്യൂറോയിലെത്തുകയും പാർട്ടി നയങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.
കോൺഗ്രസാവട്ടെ ഇത്ര പോലും കെട്ടുറപ്പില്ലാത്ത ആൾക്കൂട്ടം മാത്രമാണ് നോവലിൽ. ഐക്യകേരളം എന്ന ആശയത്തിനായി സമരം ചെയ്ത അവർ അധികാരം കൈവന്നതോടെ അമേരിക്കൻ ദാസ്യത്തിലേക്കു നീങ്ങാനും ഭാഷാദേശീയതയെ എന്നേക്കുമായി മാറ്റിവെക്കാനും ശ്രമിക്കുന്നു. അക്കാമ്മ ചെറിയാനെയും കുമ്പളത്ത് ശങ്കുപ്പിള്ളയെയും ഒക്കെ നയിക്കുന്നത് അധികാരം എന്ന ഒരേയൊരു താത്പര്യം മാത്രമാവുന്നു. അധികാരത്തിൽ നിന്നൊഴിഞ്ഞുനിൽക്കുന്ന ശീതളമായ ഒരേയൊരിടമായി നോവലിൽ കടന്നുവരുന്നത് കുടിയേറ്റഗ്രാമമായ തിരുവമ്പാടി മാത്രമാണ്.

മനഃസ്വാസ്ഥത്തിനായി നോവലിലെ വക്താവ് ഇടയ്ക്കിടെ ഏലിക്കുട്ടിയെയും ദേവസ്യയെയും തേടിപ്പോവുന്നു. രാഷ്ട്രീയം പ്രവർത്തനസജ്ജമല്ല എന്നതിനാൽ തന്നെ അവിടം അധ്വാനത്തിന്റെയും ആനന്ദത്തിന്റെയും സ്ഥലമാണ്; തോറോവിയൻ ഉട്ടോപ്യ പോലെ തിരുവമ്പാടി നിലകൊള്ളുന്നു.
കാല്പനികരാഷ്ട്രീയവാദത്തിന്റെ ഈ ദൗർബല്യത്തെ മാറ്റിനിർത്തിയാൽ നമ്മുടെ കാലം കണ്ട ഏറ്റവും വലിയ കൃതികളിലൊന്നാണ് ആഗസ്റ്റ് 17 എന്നുറപ്പിച്ചു പറയാം. ചരിത്രഗവേഷകന്റെ അധ്വാനം ഒരുഭാഗത്തും നോവലിസ്റ്റിന്റെ സർഗഭാവന മറുഭാഗത്തുമായി ആഗസ്റ്റ് 17 ൽ നിലയുറപ്പിക്കുന്നു. ബഷീറും ബഷീറിന്റെ ഭ്രാന്തും ആഖ്യാനത്തെ നയിക്കുന്ന നിർണായകശക്തിയാണ് നോവലിൽ. ബഷീർ ഒരിക്കലും താൻ കഥയെഴുതുകയാണ് എന്നു പറഞ്ഞിരുന്നില്ല; താൻ രചിക്കുന്നത് ചരിത്രമാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. "വിനീതനായ ചരിത്രകാരൻ' എന്നു സ്വയം വിശേഷിപ്പിച്ചു. തമാശക്കഥകളായി എഴുതിത്തള്ളാൻ കഴിയാത്തവണ്ണം അവ ദേശരാഷ്ട്രചരിത്രത്തിന്റെ ബദലുകളാണെന്ന് പിൽക്കാല സംസ്‌കാരപഠിതാക്കൾ വിശദീകരിച്ചു. വിനീതനായ ആ ചരിത്രകാരനെ വട്ടം ചുറ്റി ഒരു സമാന്തരചരിത്രം രചിക്കാനാണ് എസ്.ഹരീഷ് മുതിർന്നത്. പ്രിയമേറിയ ഈ വായനാനുഭവത്തിന് ഹരീഷിന് നന്ദി.

വാൽക്കഷണം: എന്തുകൊണ്ടായിരിക്കാം ഒരു ഭാഷ സംസാരിക്കുന്നവർ ഒരു ദേശമെന്ന ഐക്യകേരളപ്രസ്ഥാനത്തിന്റെ സമൂർത്ത മുദ്രാവാക്യം ആഗസ്റ്റ് 17 ലെ തിരുവിതാംകൂറിൽ പ്രാവർത്തികമാകാതെ പോയത്. സർ സി.പി.യുടെ കുടിലതന്ത്രങ്ങൾ മാത്രമാണോ ആ രാഷ്ട്രീയപദ്ധതിയെ തുരങ്കം വെച്ചത്. ഈ ചോദ്യത്തിന് മറ്റൊരു പാഠസാധ്യത കൂടി നോവൽ അവതരിപ്പിക്കുന്നുണ്ട്. നിർണായകമായ ഒരു അഭാവത്തിലൂടെ. പേജ് നമ്പർ 215 ൽ നാം വായിക്കുന്നു;

"തിരുവിതാംകൂർ രഹസ്യാന്വേഷണ സംഘടനയായ സി.പി.ജിയുടെ വലിയ പ്രവർത്തനങ്ങളും കൊച്ചിയിലുള്ളതായി കരുതപ്പെട്ടിരുന്നു. വളരെ പേടിക്കേണ്ട വിഭാഗമായാണ് സി.പി.ജിയെ ഐക്യകേരളവും ഇന്ത്യാഗവണ്മെന്റും കണ്ടത്. കൊച്ചി, തൃശൂർ, മലബാർ ഭാഗങ്ങളിലെ പല പത്രങ്ങളും സി.പി.ജി ചാരന്മാരെക്കുറിച്ചുള്ള വാർത്തകളാൽ സമ്പന്നമായിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകമെഴുതിയ പെരുന്തൽമണ്ണക്കാരനായ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ആകസ്മികമരണം സി.പി.ജിയുടെ പ്രവൃത്തിയായാണ് കരുതപ്പെട്ടത്. ധാരാളം എഴുതുന്ന ശീലമുള്ള അയാളുടെ മൃതദേഹം കൊടുങ്ങല്ലൂർ ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നാണ് കിട്ടിയത്'
ഇ.എം.എസിനെപ്പോലുള്ള ഒരു ജൈവബുദ്ധിജീവിയുടെ അഭാവമാണോ ചരിത്രത്തിന്റെ ഗതിമാറ്റിയത്. ഐക്യകേരളത്തെ ഭദ്രമായി കെട്ടിപ്പൊക്കിയ ആ ധൈഷണികനില്ലായിരുന്നുവെങ്കിലോ എന്ന "എങ്കിലോ' ആയിരിക്കുമോ നോവലിൽ മുഴങ്ങുന്നത്?

Comments