സ്വേച്ഛാധിപതികൾക്ക്​ ശ്രീലങ്കയിൽനിന്ന്​ ഒരു പുതിയ താക്കീത്

അഴിമതിയിൽ മുങ്ങിയ രാജപക്‌സെ കുടുംബ വാഴ്ചക്ക് ഒരു പക്ഷേ അന്ത്യം കുറിച്ച്​ ഒരു സർവ്വകക്ഷി ഗവണ്മെൻറ്​ അധികാരത്തിൽ വരുന്നതോടെ ഈ ജനമുന്നേറ്റത്തിന് തൽക്കാല വിരാമം ആവുമെങ്കിലും ഇനി വരാനിരിക്കുന്ന ബദൽ ജനാധിപത്യ വിപ്ലവ സമരങ്ങളുടെ ഈ അരങ്ങേറ്റം ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വാതിൽ തുറന്നിരിക്കുകയാണ്. ശ്രീലങ്കൻ ബദൽ ജനാധിപത്യ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് അന്വേഷണം.

ട്ടാളവും രാഷ്ട്രീയപാർട്ടികളും കാഴ്ചക്കാരായി നിൽക്കെ, ശ്രീലങ്കൻ പ്രസിഡണ്ട് ഗോതബയ രാജപക്‌സയുടെ കൊട്ടാരത്തിലേക്ക് ജനങ്ങൾ കൂട്ടമായി നിർഭയം ഇരച്ചുകയറുന്ന കാഴചയാണ് കഴിഞ്ഞദിവസം നാം കണ്ടത്. ഈ സംഭവം ലോകമെമ്പാടുമുള്ള, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നവരടക്കമുള്ള (elected autocrats) എല്ലാ സ്വാച്ഛാധിപതികളുടേയും സുഖനിദ്രയെ ഒരു ദുഃസ്വപ്‌നം പോലെ കെടുത്താൻ പോന്ന ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല.

പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും അടിയന്തര രാജി ആവശ്യപ്പെട്ടാണ്​വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളുമടങ്ങുന്ന രണ്ടുലക്ഷത്തോളം ശ്രീലങ്കക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കടന്നിരിക്കുന്നത്. ജനങ്ങൾ കൊടിയ ദുരിതങ്ങളിലൂടെയും യാതനകളിലൂടെയും കടന്നുപോകുമ്പോൾ ജനങ്ങളുടെ പേരിൽ ഭരണം കയ്യാളുന്നവർ നയിക്കുന്ന അമിതാർഭാട ജീവിതം അവർ നേരിൽ കാണുകയും ലോകത്തെ കാട്ടിക്കൊടുക്കുകയുമാണ്.

ശ്രീലങ്കൻ ജനത എത്രയോ കാലമായി ഒടുങ്ങാത്ത പവർകട്ടുമൂലം നരകിക്കുമ്പോൾ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലെ കുളിമുറികളിൽ പോലും എയർ കണ്ടീഷണറുകൾ പ്രവർത്തിക്കുന്നത് അവർ നേരിൽ കാണുന്നു. ഇവിടെ നിന്ന് ശ്രീലങ്കൻ കറൻസിയുടെ ഒരു വൻശേഖരവും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇതെല്ലാം കണ്ട് ജനം അക്രമത്തിലേക്ക് തിരിയാതിരിക്കാനായി തൽക്കാലം അവരുടെ നേതൃത്വം ഏറ്റെടുത്ത ഒരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി അവരോട് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്രേ, ‘നമ്മൾ ഒന്നും കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. രാജപക്‌സേയാണ് നാടു മുടിക്കുന്ന കൊള്ളക്കാരൻ ' (ദി ഹിന്ദു, 10 -7 -22 )

അരാജകത്വത്തിന്റെ പ്രകടനമല്ല

പലരും കരുതുന്നതുപോലെ ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഈ പരിണാമം യാദൃച്ഛികമോ നൈസർഗ്ഗികമോ ആയ അരാജകത്വത്തിന്റെ പ്രകടനമല്ല. കഴിഞ്ഞ 92 ദിവസമായി ആയിരക്കണക്കിനാളുകൾ ഭരണകൂടത്തെ ചെറുത്ത്​ കൊളംബോയിൽ പൊതുസ്ഥലം കയ്യേറി തമ്പടിച്ച് സമരം തുടരുകയായിരുന്നു. മറ്റനേകം പേർ രാജ്യം മുഴുവൻ ചുറ്റി സഞ്ചരിച്ച് പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടേയും അടിയന്തരമായ രാജി ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടു മിരുന്നു. ഈ സമരപരിപാടികളുടെ ഒരു ഉയർന്ന ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന്​ എത്തിയ ലക്ഷക്കണക്കായ ജനങ്ങൾ പ്രസിഡണ്ടിന്റെ കൊട്ടാരം കയ്യേറിയത്.

കഴിഞ്ഞ 92 ദിവസമായി ആയിരക്കണക്കിനാളുകൾ ഭരണകൂടത്തെ ചെറുത്ത്​ കൊളംബോയിൽ പൊതുസ്ഥലം കയ്യേറി തമ്പടിച്ച് സമരം തുടരുകയായിരുന്നു. / Photo: Wikimedia Commons

പഴയ രാഷ്ട്രമീമാംസയുടെ കണ്ണിൽ ഈ സംഭവം, ജനങ്ങൾ അധികാരം കയ്യിലെടുക്കുക എന്ന, എന്തുവിലകൊടുത്തും അടിച്ചമർത്തേണ്ട, അക്ഷന്തവ്യമായ രാഷ്ട്രീയ പാപപ്രവർത്തിയാണ്. ജനം അധികാരം കയ്യിലെടുത്താൽ അരാജകത്വത്തിലേക്ക് ലോകം ഇടിഞ്ഞുവീഴുമെന്ന ബോധം ലോകരക്ഷക്കെന്നപോലെ ഭരണക്കാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേർന്ന് ജനങ്ങളിൽ ആഴത്തിൽ നട്ടിരിക്കുന്ന ഒരു നുണയാണ്. ഭരണകൂടമില്ലെങ്കിൽ, അതിന്റെ പൊലീസും കോടതികളും ജയിലുകളും കഴുമരങ്ങളും ഇല്ലെങ്കിൽ മനുഷ്യർ പരസ്പരം കൊള്ളയടിക്കുന്ന ജന്തുക്കളായി അഴിഞ്ഞാടുമെന്ന അരാജകത്വ ഭീതിയിലൂടെയാണ് ഈ നുണ പ്രവർത്തിക്കുന്നത്. ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ അരാജകത്വ മഹാഭയം വലിച്ചെറിഞ്ഞ് ജനം പരസ്പരം കൈകോർത്ത് കൂട്ടമായി തെരുവിലിറങ്ങുകയും കൊട്ടാരങ്ങളിൽ കൂട്ടമായി കയറിയിറങ്ങുകയും ചെയ്തിട്ടുള്ള സന്ദർഭങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ മനുഷ്യവംശം സ്വന്തം ശക്തികളെ തിരിച്ചറിയുന്ന ഒരു ജീവി വർഗ്ഗമായി മുന്നേറിയത്.

ഇതിനർത്ഥം, ഇത്തരം സന്ദർഭങ്ങളിൽ ജനം അധികാരം കയ്യിലെടുക്കുന്നു എന്ന് ഭരണകൂട വക്താക്കൾ മുറവിളി കൂട്ടുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ജനം ഭരണകൂടാധികാരത്തിനെതിരെ അവരുടെ ജീവിതാധികാരം ഉയർത്തിപ്പിടിക്കുന്നു എന്നതാണ്. ജനം ഉയർത്തിപ്പിടിക്കുന്ന അവരുടെ ഈ ജീവിതാധികാരം ഭരണകൂടാധികാരത്തിൽ നിന്ന് ഭിന്നമാണെന്നുമാത്രമല്ല , അതിന് ബദലായ ജീവിതസ്വാതന്ത്ര്യത്തിന്റെ അധികാരമാണ്.

ജനസഞ്ചയം സമരരംഗത്തേക്ക്​

അതുകൊണ്ടുതന്നെ ജനസഞ്ചയ ജനാധിപത്യ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഈ ബദൽ അധികാരത്തിന്റെ മാതൃക മുകളിൽനിന്ന് താഴേക്ക് ഉച്ചനീചക്രമത്തിൽ ജീവിതത്തെ ഒന്നാകെ പിടികൂടുന്ന, എല്ലാവരേയും പരസ്പരം അകറ്റുന്ന, ലംബമാനമായ (Vertical) അച്ചടക്കധികാരത്തിന്റെതല്ല. മറിച്ച് , മനുഷ്യർ പരസ്പരം സംക്രമിക്കുന്നതിലൂടെ (Becoming other) രൂപപ്പെടുന്ന പരസ്പര ബന്ധത്തിന്റെ തിരശ്ചീനമായ ( Horizontal ) ഒരധികാര മാതൃകയാണ്​. അങ്ങനെ മനുഷ്യരെ പരസ്പരം അടുപ്പിക്കുന്ന ഈ അധികാര മാതൃകയിൽ ‘സ്‌നേഹം' അതിന്റെ സങ്കുചിത വലയങ്ങളെ വിട്ട് ഒരു രാഷ്ട്രീയഗണമായി വ്യാപിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ്, ഭരണകൂട രാഷ്ട്രീയം വിപ്ലവകരമായ ജനമുന്നേറ്റങ്ങളെ എക്കാലത്തും നിഷേധാത്മകമായ അക്രമങ്ങളും കലാപങ്ങളുമായി കണ്ടപ്പോൾ ജനങ്ങൾ അവയെ അവരുടെ ഉത്സവങ്ങളായി അനുഭവിച്ചത്. അതിനാൽ, ശ്രീലങ്കയിലെ ജനങ്ങളും ഭരണകൂടാധികാരം കയ്യിലെടുക്കുന്നതിനു പകരം അതിനു ബദലായ അവരുടെ അധികാരം ഉയർത്തിപ്പിടിക്കുന്നതിന്റെ ആഘോഷത്തിലാണ്.

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇടനിലക്കാരില്ലാതെ ജനം തന്നെ സ്വന്തം അധികാരം ഏറ്റെടുത്ത്​ സ്വയം സമരരംഗത്തേക്ക് വരുന്ന പുതിയ സമര മാതൃകകൾ ലോകമെമ്പാടും ഉയർന്നുവരാൻ തുടങ്ങിയിരിക്കുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും എല്ലാമടങ്ങുന്ന ജനസഞ്ചയം നാട് വീടാക്കി പൊതുസ്ഥലങ്ങളിൽ തമ്പടിച്ചു പാർക്കുന്ന സമരങ്ങൾ (Occupy Struggles) ഇതിന്റെ ഒരു രൂപമാണ്. പഴയ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കരുതുമ്പോലെ ഈ പുതിയ സമര പ്രസ്ഥാനങ്ങൾ ലക്ഷ്യരഹിതമായ അരാജക നൈസർഗ്ഗിക (Spontaneous ) സമരങ്ങളുടേതല്ല. മറിച്ച്, പഴയ വിപ്ലവപ്രസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയ ജനാധിപത്യവും കേന്ദ്രീകരണവും തമ്മിലും തന്ത്രവും അടവും തമ്മിലും അണികളും നേതൃത്വവും തമ്മിലും നിലനിന്ന അപരിഹാര്യ വൈരുദ്ധ്യത്തെ ജനങ്ങൾ മറികടക്കുന്നതിലൂടെ ആവിർഭവിക്കുന്ന പുതിയ പ്രസ്ഥാനങ്ങളാണവ.

സുഡാനിൽ 2019-ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ ജനങ്ങളോട് സംസാരിക്കുന്ന വനിത.

അതിനാൽ, നേതൃരഹിത സമരങ്ങൾ ( Leaderless Struggles ) എന്ന് മാധ്യമങ്ങൾ വിളിക്കുന്ന ഈ പ്രസ്ഥാനങ്ങൾ നേതൃത്വമോ സംഘടനയോ ആവശ്യമില്ലാത്ത താൽക്കാലിക ആൾക്കൂട്ടങ്ങളല്ല. മറിച്ച് , നേതൃത്വവും അണികളും തമ്മിലും സംഘടനയും ജനങ്ങളും തമ്മിലും നിലനിന്ന പഴയ ഉച്ചനീചബന്ധങ്ങൾ തലകീഴ് മറിയുകയും നേതൃത്വത്തേയും സംഘടനയേയും കുറിച്ചുള്ള പഴയ ധാരണകൾ മാറ്റി മറിക്കപ്പെടുകയുമാണ് ഈ പുതിയ ജനകീയ വിപ്ലവ പ്രസ്ഥാനങ്ങളിൽ സംഭവിക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധതയാർജ്ജിർക്കുന്ന പുതിയ ജനസഞ്ചയം നേതാക്കൾക്ക് അടിപണിയുന്ന ആൾപ്പറ്റങ്ങൾ അല്ലാതാവുന്നു. നേതാക്കൾ പഴയ നേതൃബിംബങ്ങൾ എന്ന നിലയിൽ നിന്ന്​ ജനസഞ്ചയത്തിന്റെ മാറ്റി പ്രതിഷ്ഠിക്കാവുന്ന ഉപകരണങ്ങളായി മാറുന്നു. പണ്ട് നേതാക്കൾ കൈവശം വച്ചിരുന്ന രഹസ്യ വിപ്ലവ തന്ത്രങ്ങൾ (Strategy ) ജനം ഏറ്റെടുക്കുകയും പണ്ട് ജനങ്ങളിലൂടെ പ്രയോഗിച്ചിരുന്ന താല്ക്കാലിക അടവുകൾ (Tactics ) ജനം ഇന്ന് തിരികെ താൽക്കാലിക നേതാക്കളെ ഏൽപ്പിക്കുകയും ചെയ്യുന്നു. അതുപോലെ പണ്ട്, പാർട്ടി എന്ന കേന്ദ്രവും അതിന് കീഴ്പ്പെട്ടുനിന്ന ബഹുജന പോഷക സംഘടനകളും തമ്മിലുള്ള ബന്ധവും ഇന്ന് തലകീഴ് മറിയുകയാണ്. പുതിയ ജനസഞ്ചയ ജനാധിപത്യ വിപ്ലവ പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നത് തൊഴിലാളികളുടേയും സ്ത്രീകളുടേയും വിദ്യാർത്ഥികളുടേയും കറുത്തവരുടേയും വിവിധ വിമോചനപ്രസ്ഥാനങ്ങൾ പരസ്പരം മുറിച്ചുകടക്കുന്നതിലൂടെ ആവിർഭവിക്കുന്ന ( Intersectional insurrection) സംഭവങ്ങൾ (Events ) എന്ന നിലയിലാണ്.

ബദൽ ജനാധിപത്യ വിപ്ലവ സമരങ്ങൾക്ക്​ പുതിയ വാതിൽ

ആഗോള മൂലധന സാമ്രാജ്യത്തിനും അതിന്റെ തദ്ദേശീയ സാമന്തന്മാർക്കും എതിരായി ലോകമെമ്പാടും ഇത്തരം ബദൽ ജനാധിപത്യ വിപ്ലവ മുന്നേറ്റങ്ങൾ ഇന്ന് വിവിധരൂപങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനും കാർഷിക നിയമങ്ങൾക്കുമെതിരെ സ്ത്രീകളും കർഷകരും നയിച്ച കുടിപാർപ്പു സമരങ്ങളും ഇതിന്റെ ഭാഗമായിരുന്നു. ശ്രീലങ്കൻ ജനതയെ ആഗോള മൂലധന കൊള്ളക്ക് നിരുപാധികം വിട്ടുകൊടുത്ത ഗോതബയ രാജപക്‌സേയുടെ സാമന്ത കുടുംബ വാഴ്ചക്കെതിരെ ഇന്ന് ശ്രീലങ്കയിലെ ജനം നടത്തിക്കൊണ്ടിരിക്കുന്നതും ഈ ബദൽ ജനാധിപത്യ വിപ്ലവ പ്രസ്ഥാനത്തിന്റെ ഒരു പ്രാദേശിക രൂപമാണ്. അഴിമതിയിൽ മുങ്ങിയ രാജപക്‌സെ കുടുംബ വാഴ്ചക്ക് ഒരു പക്ഷേ അന്ത്യം കുറിച്ച്​ ഒരു സർവ്വകക്ഷി ഗവണ്മെൻറ്​ അധികാരത്തിൽ വരുന്നതോടെ ഈ ജനമുന്നേറ്റത്തിന് തൽക്കാല വിരാമം ആവുമെങ്കിലും ഇനി വരാനിരിക്കുന്ന ബദൽ ജനാധിപത്യ വിപ്ലവ സമരങ്ങളുടെ ഈ അരങ്ങേറ്റം ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വാതിൽ തുറന്നിരിക്കുകയാണ്.

ശ്രീലങ്കൻ ജനത ഇന്ന് നാം കാണുന്നതുപോലെ അപ്രതിരോധ്യമായ ഒരു ബദൽ ജനാധിപത്യ ശക്തിയായി സ്വന്തം അധികാരം പുറത്തെടുത്ത്​തെരുവിലിറങ്ങിയതിന്റെ പശ്ചാത്തലമെന്തെന്നു കൂടി ഈ സന്ദർഭത്തിൽ നാം പരിശോധിക്കേണ്ടതുണ്ട്.

1948 ലെ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇന്ന് കടന്നുപോകുന്നത്. പണ്ടൊരിക്കലുമുണ്ടായിട്ടില്ലാത്ത പണപ്പെരുപ്പത്തിലേക്കും വിദേശനാണ്യ നിക്ഷേപ ശോഷണത്തിലേക്കും മരുന്നും ഭക്ഷണ സാധനങ്ങളുമടക്കമുള്ള അവശ്യസാധനങ്ങളുടെ കടുത്ത വിലക്കയറ്റത്തിലേക്കും ശ്രീലങ്കൻ ജീവിതം ഗത്യന്തരമില്ലാതെ പതിച്ചിരിക്കുന്നു. ശ്രീലങ്കൻ ജനതയുടെ ഒരു വമ്പിച്ച വരുമാന സ്രോതസ്സായിരുന്ന ടൂറിസം മേഖലയെ ഒന്നാകെ തകർത്ത 2019 ലെ ഈസ്റ്റർ ബോംബിങ്ങും കോവിഡ്- 19 പകർച്ചവ്യാധിയും ഈ പ്രതിസന്ധിക്ക് കാരണമായി ഭരണകൂടാനുകൂലികൾ പറയാറുണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണങ്ങൾ അതൊന്നുമല്ല. ജനങ്ങളുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും വിരുദ്ധമായി വികസനത്തിന്റെ പേരിൽ ആഗോള മൂലധന നിക്ഷേപ കൊള്ളക്ക് ഭരണാധികാരികൾ ശ്രീലങ്കയെ നിരുപാധികം തുറന്നുകൊടുത്തതിന്റെ അനന്തര ഫലങ്ങളാണ് ഇന്നവിടെ മനുഷ്യജീവിതം ഗതിമുട്ടി നിൽക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇതോടൊപ്പം, മൂലധന സാമ്രാജ്യത്തെ സേവിക്കുന്ന സാമന്ത കുടുംബ വാഴ്ചയുടെ അനിയന്ത്രിതമായ അഴിമതിയും സ്വേച്ഛാധിപത്യപരമായ ഭരണപരിഷ്‌കാരങ്ങളും ഈ തകർച്ചക്ക് ആക്കം കൂട്ടി. ഭരണകൂടം ഏകപക്ഷീയമായി നടപ്പാക്കിയ അശാസ്ത്രീയമായ കാർഷിക പരിഷ്‌കാരങ്ങൾ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ശ്രീലങ്കയിലെ സമ്പന്നമായിരുന്നു കാർഷിക മേഖലയെ പാടെ തകർത്തുകളഞ്ഞത് ഇതിന് ഉദാഹരണമാണ്.

വികസനത്തിന്റെ പേരിൽ ആഗോള മൂലധന നിക്ഷേപത്തിന് ശ്രീലങ്കയെ ഭരണാധികാരികൾ നിരുപാധികം തുറന്നു കൊടുത്തതിന്റെ രണ്ടുദാഹരണങ്ങളാണ് ഹമ്പന്തോട്ട അന്താരാഷ്ട്ര തുറമുഖവും മട്ടമല അന്താരാഷ്ട്ര വിമാനത്താവളവും. 6 .3 ശതമാനം പലിശക്ക് ചൈനീസ് ബാങ്കിൽ നിന്ന് കടമെടുത്ത 361 ദശലക്ഷം അമേരിക്കൻ ഡോളർ നിക്ഷേപിച്ചാണ് ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹമ്പന്തോട്ട അന്താരാഷ്ട്ര തുറമുഖം നിർമിച്ചത്. പ്രൊജക്റ്റ് നിർമാണം പൂർത്തിയായതോടെ ശ്രീലങ്കയുടെ കടബാധ്യത പെരുകാൻ തുടങ്ങി. ഇത് മറികടക്കാൻ ഒടുവിൽ തുറമുഖമൊന്നാകെ തന്നെ 99 വർഷത്തേക്ക് ചൈനക്ക് പാട്ടത്തിനു കൊടുക്കേണ്ടിവന്നു. പാട്ടത്തുക മറ്റു വമ്പിച്ച കടങ്ങൾ വീട്ടാൻ ഉപയോഗിച്ചെങ്കിലും ചൈനീസ് ബാങ്കിൽ നിന്നെടുത്ത കടം മുഴുവൻ പലിശസഹിതം വീട്ടേണ്ട കടമായി ശ്രീലങ്കൻ ജനതക്കുമേൽ പതിക്കുകയാണുണ്ടായത്.

പ്രസിഡണ്ടിന്റെ സ്വന്തം നാടായ ഹമ്പന്തോട്ടയിൽ തന്നെയുള്ള മട്ടമല രാജപക്‌സ ഇന്റർനാഷണൽ എയർ പോർട്ടിന്റെ കഥയും ഇതുതന്നെ. 209 ദശലക്ഷം അമേരിക്കൻ ഡോളർ മൂലധന കമ്പോളത്തിൽ നിന്ന്​ കടമെടുത്ത് പണികഴിപ്പിച്ച ഈ എയർപോർട്ടും തുറമുഖം പോലെത്തന്നെ ഇന്ന് ലോകത്തിനു മുന്നിൽ ഒരു കാഴ്ചവസ്തു മാത്രമാണ്. ‘The world's emptiest airport ' എന്നാണ് മട്ടമല അന്താരാഷ്ട്ര വിമാനത്താവളത്തെ ഫോബ്സ് മാഗസിൻ വിശേഷിപ്പിച്ചത്. 200 ലധികം ആനകളേയും ദേശാടന പക്ഷികളടക്കമുള്ള ആയിരക്കണക്കായ ജന്തുജാലങ്ങളേയും കുടിയൊഴിപ്പിച്ച്​ 200 ഏക്കർ വനം വെട്ടിത്തെളിച്ചു നിർമിച്ച ഈ അന്താരാഷ്ട്ര വിമാനത്താവളം ശ്രീലങ്കൻ ജനതയുടെ നടുവൊടിക്കുന്ന ഒരു വെള്ളാനയായി നിൽക്കുകയാണിന്ന്. അങ്ങനെ ആഗോള മൂലധനത്തിന് രാജ്യത്തെ നിരുപാധികം വിട്ടുകൊടുക്കുന്ന സ്വേച്ഛാധിപത്യവും അതിനെ ചുറ്റിവളരുന്ന ക്രോണി ക്യാപ്പിറ്റലിസവും സൃഷ്ടിക്കുന്ന ഒരു കൊടിയ ദുരന്തത്തിന്റെ മാതൃകയായിരിക്കുകയാണ് ഇന്ന് ശ്രീലങ്ക.

ഇതിനെതിരെയാണ് ഗതിമുട്ടിയ ശ്രീലങ്കയിലെ ജനലക്ഷങ്ങൾ അവരുടെ അധികാരം പുറത്തെടുത്ത്​ പ്രസിഡണ്ടിന്റെ കൊട്ടാരം കയ്യേറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോളമൂലധന സാമ്രാജ്യത്തിനും അതിന്റെ ഏജന്റന്മാർക്കും എതിരായ ജനങ്ങളുടെ ഈ തുറന്ന യുദ്ധപ്രഖ്യാപനം നമ്മുടെ കാലത്തെ എല്ലാത്തരം സ്വേച്ഛാധിപതികൾക്കും ഉൾക്കിടിലമുണ്ടാക്കുന്ന ഒരു താക്കീതായി മാറിയിരിക്കുന്നു എന്നു പറയാം.

Comments