സാഹിത്യത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ

ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടിൽ എഴുതിയ ബഷീറിന്റെയും, എന്റെയിറച്ചി മുള്ളിനു കൊടുത്ത് മുള്ളിന്റെയിറച്ചി ഞാനെടുത്തോരനുഭവമേ എന്നുമെനക്കുള്ളു എന്നുപറഞ്ഞ മുത്തപ്പന്റെയും ദർശനങ്ങളിൽ സാമ്യതകളേറെയാണ്.

വൈക്കം മുഹമ്മദ് ബഷീറും നമ്പലമുത്തപ്പനും തമ്മിലുള്ള താരതമ്യത്തിൽ ആരും നെറ്റി ചുളിക്കണ്ട. എഴുത്തിൽ ബഷീർ ചെയ്യുന്നതുതന്നെയാണ് തെയ്യത്തിൽ മുത്തപ്പനും ചെയ്യുന്നത്. അതിനെ പല പ്രകാരത്തിലും വ്യാഖ്യാനിക്കാം. ഗഹനമായ ജീവിത തത്വങ്ങൾ ഏറ്റവും ചുരുക്കം വാക്കുകളിലൂടെ ഏറ്റവും ലളിതമായി ഏറ്റവും സാധാരണക്കാർക്ക് വേണ്ടി പറഞ്ഞവരാണ് എഴുത്തിൽ ബഷീറും തെയ്യത്തിൽ മുത്തപ്പനും. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും ബഷീർ സ്‌നേഹിച്ചു. തുമ്പക്കഴുത്തു ചൂടി, കൊടുമുടിയെ മലനിരകളാക്കി, കാട്ടുനായകൾക്ക് കയറണച്ച് ചുട്ടിറച്ചിയും നടൻ റാക്കുമായി ഓടച്ചൂട്ട് കത്തിച്ച് മുത്തപ്പൻ കുന്നത്തൂർ പാടിയിലെ ആളടിയാന്മാർക്ക് പുതുവെളിച്ചം പകർന്നു. കല്ലിൽ നിന്ന് മനുഷ്യനെ മോചിപ്പിച്ച് തന്റെ വിമോചനപ്പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. അതുവരെയില്ലാത്ത പുതിയ ദൈവദർശനം പിറവിയെടുത്തു. നാരായണഗുരുദേവൻ കല്ലിൽ ശിവനെ പ്രതിഷ്ഠിച്ചപ്പോൾ മുത്തപ്പൻ കല്ലിലെ അജ്ഞതയിൽ നിന്നും മനുഷ്യനെ സ്വതന്ത്രമാക്കി. പനങ്കള്ളു കട്ടുകുടിച്ച മുത്തപ്പനുനേരെ അമ്പുതൊടുത്ത കല്ലായ്‌ക്കൊടി ആളടിയാത്തിയുടെ പുരുവൻ മൂത്തോരാൻ ചന്തനെ മുത്തപ്പൻ പൊള്ളക്കണ്ണു മീച്ചു പാറയാക്കി. പുരുഷനെ അന്വേഷിച്ചിറങ്ങിയ കല്ലായിക്കൊടി ആളടിയാത്തി കണ്ടത് പാറക്കല്ലായി മാറിയ ചന്തനെയാണ്. പനമുകളിൽ പനങ്കള്ളുല്ലസിക്കുന്ന മുത്തപ്പൻ. ശിലയായി മാറിയ ചന്തനെ ഉയിർപ്പിച്ചാണ് കൂന്നത്തൂർ മലമുടിയിലെ അടിമജീവിതങ്ങൾക്ക് ഓടച്ചൂട്ടിന്റെ പുതുവെളിച്ചം മുത്തപ്പൻ പകർന്ന് നല്കിയത്. രേഖപ്പെടുത്താതെ പോയ വടക്കൻ കേരളത്തിന്റെ നവോത്ഥാന ചരിത്രം കൂടിയാണത്.

ലളിതമാണ് ബഷീർ. ലളിതമാണ് മുത്തപ്പൻ. കണ്ടാൽ കണ്ണിന് ഇമ്പം കുറയും കേട്ടാൽ കാതിനു പൊരുത്തം കുറയും. കണ്ടാലാരും കൊള്ളൂല കൊണ്ടവരൊന്നും മടങ്ങൂല. കളിക്ക് കാക്കപ്പൊന്ന് കാര്യത്തിന് കാഞ്ചനം. വാക്കുപോലെ ലളിതമാണ് മുത്തപ്പന്റെ മുതിർച്ച. ചെമ്മാനം പൂത്ത വെറ്റില, ഓട്ടിൽപ്പഴകിയ അടക്ക, വറുത്തുകരിഞ്ഞ പഞ്ച, തലയിൽപ്പൂത്ത കോൽപ്പാട്. പുളിച്ച തട്ടിലെ കാഞ്ഞ റാക്ക്, കയറണക്കാത്ത കാട്ടുനായ്ക്കൾ പാടിമല കീഞ്ഞ്, പുരളിമല കീഞ്ഞ്, പറച്ചീനിമല കീഞ്ഞ് വരുന്ന മനോദയക്കാരന്റെ ഇഷ്ടവിഭവങ്ങൾ. ദൈവത്തിനായി മറ്റെവിടെയും കാണാത്ത നിവേദ്യങ്ങൾ. എറകും എറച്ചിയും തീയും ചൂടും ചേരുന്ന പ്രകാരമാണ് മുത്തപ്പനും ബഷീറും മനുഷ്യജീവിതവുമായി ചേരുന്നത്. "ദത്തതൊന്ന് പെറ്റതൊന്ന് മുൻകയ്യേ പിടിച്ചതൊന്ന്' എന്നിരിക്കുന്ന വകഭേദം മുത്തപ്പനില്ല. ഏറിയോരു പാട്ടും കളത്തിലരിയുമില്ല. മൂവടിച്ചോട്ടിൽ മൂന്ന് ഗുണദോഷം. സാധാരണക്കാരന്റെ ദൈവവും സാധാരണക്കാരന്റെ എഴുത്തുകാരനും മനുഷ്യജീവിതവുമായി താദാത്മ്യപ്പെടുന്നത് ഭാഷയിലാണ്. വാക്കിലാണ്. വാക്കാണ് നേര്.

മുത്തപ്പൻ തെയ്യം

തെയ്യവും എഴുത്തുകാരനും ദൈവത്തിന്റെ ഇടത്താവളങ്ങളാണ്. ഇത്തിരിനേരം അവിടെ ദൈവം വിശ്രമിക്കുന്നു. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണിവല്ല്യൊന്ന് എന്ന ബഷീറിയൻ സത്യത്തെ തെയ്യം കുറച്ചുകൂടി കാവ്യാത്മകവും ചിന്തനീയവുമയിട്ടാണ് അവതരിപ്പിക്കുന്നത്. പഞ്ചവർണക്കിളിയുടെ അനുഭവമെന്നിരിക്കുന്ന അവസ്ഥ പോലെ ഇരിക്കുമ്പോൾ ഏകവർണം പറക്കുമ്പോൾ പഞ്ചവർണം. എഴുത്തുകാരൻ രണ്ടൊന്നിനെ കൂട്ടിച്ചേർത്ത് വലിയ ഒന്നാക്കുമ്പോൾ തെയ്യം അഞ്ച് വർണ്ണത്തെ ചേർത്ത് ഏകവർണമാക്കി മനുഷ്യന്റെ പലവിധങ്ങളായ അവസ്ഥാഭേദങ്ങളെ വിവക്ഷിക്കുന്നു.

കൈതമുള്ളും മുണ്ടമുള്ളും നിറഞ്ഞ നാട്ടിടവഴികളും പുഞ്ചക്കണ്ടവും കാലിയും നാട്ടിപ്പണിയും നിറഞ്ഞ ഗ്രാമജീവിതവുമാണ് തെയ്യത്തിന്റെ സർഗ്ഗഭൂമിക. സ്വന്തം വീട്ടുമുറ്റത്തെ ജീവിതക്കാഴ്ചകളാണ് തെയ്യം വാക്കുകളിലൂടെ സത്യത്തിന്റെ പ്രകാശമായി തെളയിക്കുന്നത്. കൈതമുണ്ടക്ക് തടവിയ പ്രകാരമുള്ള മുത്തപ്പൻ മൊഴിയുടെ പൊരുൾ ഇന്നാരാണ് തിരയുന്നത്. കണ്ടവും കാലിയും കൈതമുള്ളുമില്ലാത്ത ലോകത്ത് മുത്തപ്പൻമൊഴികളെങ്ങനെയാണ് നിലനില്ക്കുന്നത്. നട്ടുനനയും കരിച്ചുവാളലും അന്യമായി വിത്തും കുരിയയും അട്ടത്ത് ചിതലെടുത്തുപോയ പുതുതലമുറ തെയ്യം വാചാലിൽ പൊരുത്തപ്പെടുത്തുന്നത് എന്തുതരം ജീവിതമായിരിക്കും. താഴേക്ക് തടവിയാലും മേലേക്ക് തടവിയാലും കൈതമുള്ള് നോവിക്കും. മുത്തപ്പന്റെ വാക്കുകളും അങ്ങനെയാണ്.

വെെക്കം മുഹമ്മദ് ബഷീർ / Photo: Rajan Punalur

പഴയകാലങ്ങളിലെ നാട്ടുമൊഴികളും കാർഷികബിംബങ്ങളും തെയ്യം ഭാഷയിൽ നിന്നും അന്യം നിന്നുപോവുകയാണ്. പലപ്രകാരത്തിലും പരിഷ്‌ക്കരിച്ച് സംസ്‌കൃതീകരിച്ച ഭാഷയാണ് മിക്ക തെയ്യങ്ങളും ഇന്നുപയോഗിക്കുന്നത്. വലിയതോതിൽ സംസ്‌കൃതവൽക്കരിക്കുമ്പോൾ ഒരു നാട്ടുജീവിത വഴക്കമാണ് തെയ്യം മൊഴികളിൽ നിന്നും ചോർന്നുപോകുന്നത്. അനുഭവത്തിന്റെ, അതിജീവനത്തിന്റെ, ആർജവത്തിന്റെ പീഠത്തിൽ കയറിനിന്നാണ് തെയ്യത്തിന്റെ ഗിരിപ്രഭാഷണങ്ങൾ. പാലിൽ കുളിപ്പിച്ച് പട്ടിൽ പൊതിഞ്ഞ് പെട്ടകത്ത് കാത്തുസൂക്ഷിക്കുന്ന നവരത്‌നത്തെ മോറ്റിൽ കുളിപ്പിച്ച് ആറ്റിൽ കളയാനെട വരുത്തിയോ...? എന്ന് തെയ്യം തന്നെ ചോദിക്കുന്നുണ്ട്. വ്യാഘ്രമുറങ്ങിയ മടയിൽ നായി നിലനില്ക്കാനെട വരുത്തരുത്. മുത്തളന്ന നാഴികൊണ്ട് ഉപ്പളക്കേണ്ടുന്ന അവസ്ഥ വന്നുപോയോ...? ആർത്തുവിളിച്ച് എടുത്തോരെന്നെ ഓർത്ത് വിളിച്ച് എടുക്കാനാക്കല്ലേ എന്ന് സ്വന്തം സ്വത്വം തകർന്നുപോകുമെന്ന ഭീതി തെയ്യത്തെക്കാണ്ട് പറയിക്കുന്നുണ്ട്.

കൃഷിയും കന്നുകാലി വളർത്തലും മനുഷ്യരുടെ പാരസ്പര്യവും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും ചേർത്തുള്ള ജൈവികമായ ശ്രേണീബന്ധവുമറ്റ വരണ്ട മുറ്റത്തുവെച്ചാണ് തെയ്യം ഇന്ന് ജങ്ങളെ കൂടിക്കാണുന്നത്. മലനാട് അയ്മ്പത്തീരുകാതം മുമ്പേതുവായി കയ്യെടുത്താൽ ആലവാതുക്കന്നും കരക്കവാതുക്കന്നും തട്ടൊത്ത വിളഭൂമിയിൽ നിന്നും പാലുള്ള മരം മുമ്പേതുവായിട്ടും അടിക്കും മുറ്റം പൊടിക്കളമാക്കിയും കൊട്ടാരമുറ്റത്ത്ന്നും എന്നെ സങ്കൽപിച്ചോ... നാലുമൂന്ന് കുഞ്ഞുകിടാങ്ങളും കന്നുകിടാങ്ങളുമുണ്ട് മുത്തപ്പാ കാട്ട്ത്തലയിട്ട് മേയ്ന്ന്... കറ്റൻ കടിച്ച വടുകൂടാതെ തക്കവണ്ണം കീഞ്ഞിരിക്കുന്ന ആലക്കുതന്നെ കൊണ്ടടുപ്പിച്ചേക്കണം എന്ന പ്രകാരത്തിലല്ലേ എന്നോട് വിശേഷിക്കുന്നത്... എന്ന തെയ്യത്തിന്റെ ഭാഷാമലയാളം ഇന്നെവിടെ എത്തിനിൽക്കുന്നു.

ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടിൽ എഴുതിയ ബഷീറിന്റെയും, എന്റെയിറച്ചി മുള്ളിനു കൊടുത്ത് മുള്ളിന്റെയിറച്ചി ഞാനെടുത്തോരനുഭവമേ എന്നുമെനക്കുള്ളു എന്നുപറഞ്ഞ മുത്തപ്പന്റെയും ദർശനങ്ങളിൽ സാമ്യതകളേറെയാണ്. ജീവിതത്തിലെ കഠിനകർമ്മങ്ങളെ മുത്തപ്പൻ വാക്കുകൾകൊണ്ട് വിശേഷിപ്പിക്കുകയാണ്. അങ്ങനെ പറഞ്ഞ മുത്തപ്പൻ കേവലം ഒരുപഴങ്കാലാനുഭവം മാത്രമല്ല. ദൈവമെന്നാൽ മനുഷ്യനിൽക്കവിഞ്ഞ യാതൊന്നുമല്ല എന്ന സത്യത്തിന്റെ അവതാരരൂപമാണ് ഓരോ മുത്തപ്പൻ വെള്ളാട്ടവും.

നിന്ന കുന്ന് കെളക്കണ്ട
തളച്ച മരം പൊരിക്കണ്ട
വന്നവര മടക്കണ്ട
മടക്കിയവര വിളിക്കണ്ട
വിശ്വസിച്ചവരെ ചതിക്കണ്ട
ചതിച്ചവരെ വിശ്വസിക്കണ്ട
തേറിയോറ മാറണ്ട
മാറിയോറ തേറണ്ട..
മുത്തപ്പന് വാക്കാണ് ആയുധം. വാക്കാണ് മാർഗ്ഗം. വാക്കാണ് വെളിച്ചം.

തെയ്യം ഒരു പ്രശ്‌നമല്ല പരിഹാരമാണ്. പരിഹാരമാകുന്നതിനു മുന്നം തെയ്യം ഒരു പ്രശ്‌നമായിരുന്നു. പല പ്രശ്‌നങ്ങളുടേയും പരിഹാരരൂപമാണ് തെയ്യം. ചന്ദനമരത്തെ കോളികൊണ്ട് പൊതിഞ്ഞാലും നഖപ്പറ്റ് കൂടാതെ കാത്തു രക്ഷിച്ചെടുക്കാൻ തെയ്യത്തിനേ കഴിയൂ. ഒരുപാട് ദൈവങ്ങളില്ലാത്ത കാലത്ത്, ഒരുപാട് പണമില്ലാത്ത കാലത്ത് ഒരുപാട് വാക്കുകളില്ലാത്ത കാലത്ത് ഒരു പാട് സങ്കടങ്ങളുള്ള കാലത്ത് ഒന്നു വിളിച്ചാൽ ഒമ്പത് മറുകൂറ്റുകാട്ടുന്ന തെയ്യത്തോളം ആശ്വാസം മറ്റൊന്നുമുണ്ടായിരുന്നില്ല. ""ഈ ആറ്റിൽ ഒഴുകിപ്പോകുമെന്ന നിലവന്ന കാലങ്ങളിൽ മുതുതലക്കിരുന്ന് മുന്തണ്ട് പിടിച്ച് നേർസൂത്രമായിരിക്കുന്ന കടവിന് തോണിയടുപ്പിക്കുന്നുണ്ട് ഞാൻ.'' ഒരുപാട് ദൈവങ്ങളിൽ ഇങ്ങനെ പറയാൻ തെയ്യത്തിനു മാത്രമേ കഴിയൂ. കൂർത്തമുള്ളിന്റെ കത്തിമൂർച്ചയ്ക്ക് സ്വന്തം ഇറച്ചി നല്കി മുള്ളിന്റെ ഇറച്ചി പകരമായെടുക്കാൻ തെയ്യമായി പകർന്നാടുന്ന നാട്ടുമനുഷ്യനല്ലാതെ പിന്നേത് ദൈവത്തിനു സാധിക്കും.?

വെബ്‌സീൻ 21-ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നും.
വി.കെ. അനിൽകുമാർ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:

എന്റെ ഇറച്ചി മുള്ളിനുകൊടുത്ത്
​​​​​മുള്ളിന്റെയിറച്ചി ഞാനെടുത്തു...

Comments