മമ്മൂട്ടിയെന്ന പവര്‍
മൈക്കിളില്‍ ഭദ്രം
മമ്മൂട്ടിയെന്ന പവര്‍ മൈക്കിളില്‍ ഭദ്രം
3 Mar 2022, 05:04 PM
‘കെവിന്‍ ചേട്ടനെ കാണാനില്ല' - നിസഹായതയുടെ ഏറ്റവും ദൈന്യമായ അവസ്ഥയിലാണ് നിന്നാണ് നീനു അത് പറഞ്ഞത്. 2018-ല്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കരഞ്ഞു കൊണ്ട് നീനുവിന് ചാനലുകാരോട് പറയാനായത് അതുമാത്രമാണ്. മറ്റൊന്നും പറയാനോ ചെയ്യാനോ അവര്‍ക്കാവുമായിരുന്നില്ല. കൂടെ വീട്ടുകാരില്ല, ബന്ധുക്കളില്ല. സാധാരണക്കാര്‍ക്ക് പ്രാപ്യമാവേണ്ട പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞിട്ട് പ്രതികരണവുമില്ല...
രണ്ടാം ദിവസം, കൊല്ലപ്പെട്ട നിലയില്‍ കെവിനെ കണ്ടെത്തി. ഇതര ജാതിയില്‍ പെട്ട നീനുവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ നീനുവിന്റെ സഹോദരനും പിതാവും ചേര്‍ന്ന് നടത്തിയ കൊലപാതകം.
ഭീഷ്മ പര്‍വം (Bheeshma Parvam) നീനുവിന്റെയോ കെവിന്റെയോ കഥയല്ല. എന്നാല്‍ കെവിനും നീനുവിനും സമര്‍പ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. നീനുവിന്റെ കഥ ചിത്രത്തിന്റെ തുടക്കത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഒരര്‍ഥത്തില്‍ ജാതിയും ദുരഭിമാനവുമുണ്ടാക്കുന്ന കോണ്‍ഫ്‌ളിക്ട് ആണ് സിനിമയുടെ കഥ.
പുതിയ കഥയൊന്നുമല്ല ഭീഷ്മപര്‍വം പറയുന്നത്. എന്നാല്‍ കഥ ഈ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രമേയല്ല, അത് അമല്‍ നീരദിന്റെ സ്റ്റൈല്‍ തന്നെയാണ്. എന്ന് പറയുമ്പോള്‍ സ്ലോ മോഷന്‍ മാത്രമല്ല. കുറഞ്ഞ സീനുകളില്‍, കുറിയ ഡയലോഗുകളില്‍ കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്‌തെടുക്കുന്നതിലും മിനിമല്‍ കാര്യങ്ങള്‍ കൊണ്ട് മാസ് സൃഷ്ടിക്കുന്നതിലും ആ സ്‌റ്റൈല്‍ കാണാം.
കൊച്ചിയിലെ പഴയ തറവാട്ടുകാരായ അഞ്ഞൂറ്റി കുടുംബത്തിലെ കാരണവരാണ് മൈക്കിൾ (മമ്മൂട്ടി). കലുഷിതമായ ഭൂതകാലത്തിനുശേഷം മൈക്കിളിന്റെ കീഴില്‍ കുടുംബം സ്വസ്ഥമായി കഴിയുകയാണ്. എന്നാല്‍ കുടുംബത്തില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാവുന്നതോടെ മൈക്കിളിന് വീണ്ടും പഴയ രീതിയിലേക്ക് പോവേണ്ടി വരുന്നു.

അമല്‍ നീരദ് - മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്റ്റൈല്‍ പൂര്‍ണമായും നല്‍കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. മമ്മൂട്ടിയുടെ സ്‌റ്റൈല്‍ ഏറ്റവും ഗാംഭീര്യത്തോടെ ഉപയോഗിക്കാനറിയുന്ന സംവിധായകനാണ് അമല്‍ നീരദ്. മമ്മൂട്ടിയുടെ അസാന്നിധ്യത്തില്‍ പോലും ‘മൈക്കിള്‍' എന്ന പവറിനെ അനുഭവിക്കാനാവുന്ന തരത്തിലാണ് കഥാപാത്രത്തിന്റെ അവതരണം. സത്യത്തില്‍ ഒരുപാട് സീനിലൊന്നും മൈക്കിള്‍ വരുന്നില്ലെങ്കിലും അത് തിരിച്ചറിയാതിരിക്കുന്നത് ആ കഥാപാത്രത്തിന്റെ മികവുകൊണ്ട് കൂടിയാണ്.
ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും വ്യക്തമായ വ്യക്തിത്വത്തോടെ ഉള്‍പ്പെടുത്തിയവയാണ്. മികച്ച പ്രകടനമാണ് ഓരോ താരങ്ങളും കഥാപാത്രങ്ങള്‍ക്കായി നടത്തിയത്. സൗബിന്‍ ഷാഹിര്‍ ഒരേ അഭിനയ ശൈലിയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട നടനാണ്. അതില്‍ നിന്ന് ഒരു കുതറലിനുള്ള ശ്രമം സൗബിന്‍ ഈ ചിത്രത്തില്‍ നടത്തിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരുടേയും സീനുകള്‍ ഇമോഷനലി നന്നായി വര്‍ക്ക് ചെയ്തവയാണ്. ഷൈന്‍ ടോം ചാക്കോയുടെതാണ് എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം.

കെ.പി.എ.സി. ലളിത, നെടുമുടി വേണു എന്നീ അഭിനേതാക്കളുടെ അവസാന കഥാപാത്രങ്ങള്‍ എന്നതിന് പുറമേ മികച്ച നെഗറ്റീവ് റോളുകള്‍ എന്ന തരത്തിലും ശ്രദ്ധേയമാണ് ചിത്രത്തില്‍ ഇരുവരുടേയും കഥാപാത്രങ്ങള്‍.
ദിലീഷ് പോത്തന്‍, സൃന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, നാദിയ മൊയ്ദു, മാല പാര്‍വതി, ലെന, അനസൂയ ഭരദ്വാജ് തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
കഥക്കപ്പുറം സംഭവങ്ങളെയും അവ അവതരിപ്പിച്ച രീതികളെയുമാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെയുള്ള കഥാഗതിയാണെങ്കിലും ഒരിടത്തും ചിത്രം ബോറടിപ്പിക്കില്ല. ഓരോ കഥാപാത്രങ്ങളെയും കൊണ്ടുവന്ന് പരിചയപ്പെടുത്തിയാണ് ചിത്രം മുന്നോട്ട് പോവുന്നത്. അതിനൊപ്പം മൈക്കിള്‍ എന്ന കഥാപാത്രവും വളരുന്നു. എന്നാല്‍ മൈക്കിള്‍ എന്ന നായക് കഥാപാത്രത്തിനൊത്ത എതിരാളിയായി സുദേവിന് മാറാനായില്ല എന്നത് ഒരു പോരായ്മയാണ്. ഈ ഒരു പ്രശ്‌നം കുറച്ചൊക്കെ ക്ലൈമാക്‌സിനെയും ബാധിച്ചിട്ടുണ്ട്.
ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രാഹണവും സുഷിന്‍ ശ്യാമിന്റെ സംഗീതവുമാണ് ചിത്രത്തിന്റെ മൊത്തം മൂഡിനെ നിര്‍ണയിക്കുന്നതാണ്. 1980-കളില്‍ നടക്കുന്ന കഥയെ മികച്ച രീതിയില്‍ പായ്ക്ക് ചെയ്യുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളുമാണ് ഇരുവരും ഒരുക്കിയത്. പാട്ടുകളും ചിത്രത്തിന് എക്‌സട്രാ ബൂസ്റ്റ് നല്‍കുന്നവയാണ്.
ട്രൈലറില്‍ സൂചിപ്പിച്ചത് പോലെ ഗോഡ് ഫാദര്‍ റെഫറന്‍സില്‍ തന്നെയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആദ്യ രംഗങ്ങളില്‍ ആഘോഷം നടക്കുന്ന വീടിന്റെ രംഗങ്ങളില്‍ തുടങ്ങി ക്ലൈമാക്‌സില്‍ വരെ ഗോഡ് ഫാദറിന്റെ റഫറന്‍സുകള്‍ കാണാമെങ്കിലും പൂര്‍ണമായും കൊച്ചിയിലേക്ക് അഡാപ്റ്റ് ചെയ്ത കഥയാണ് ഭീഷ്മ പര്‍വം പറയുന്നത്.
ഷാജു വി ജോസഫ്
Feb 01, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 30, 2023
5 Minutes Watch
ടി. സുരേഷ് ബാബു
Jan 29, 2023
30 Minutes Watch
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read