മീശ കൊണ്ട് മുറിവേറ്റ നീർപ്പോളകൾക്ക് ...

എസ്​. ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ ചില പേജുകൾ മാത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭാഷയ്ക്ക് വൃത്തി പോരാ എന്നുതുടങ്ങുന്ന ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരുപാട് പേരെ ഈയിടെ വായിക്കുന്നു. വയലാർ അവാർഡ് ലഭിച്ചശേഷം ഇത്തരം മുറവിളികൾ വർധിച്ചിരിക്കുന്നു. ഇത്തരം മുറവിളി കൂട്ടുന്നവർ ജീവിച്ചുപോരുന്നത് ഒറ്റപ്പെട്ട നീർപ്പോളകളിലാണെന്ന് തോന്നുന്നു.

"മീ' മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലം മുതൽക്കു തന്നെ അതുണ്ടാക്കിയ വിവാദങ്ങളുടെ അലയൊലികളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യക്കുപുറത്ത് താമസിക്കുന്നതിന്റേതായ പ്രായോഗികപരിമിതികൾ കാരണം പുസ്തകം വായിക്കാൻ ഒരുപാട് വൈകി. മോശം എന്നത് തികച്ചും ആപേക്ഷികമാണല്ലോ എന്ന ചിന്ത മനസ്സിലുണ്ടായിരുന്നെങ്കിലും പുസ്തകം വായിച്ചിട്ടില്ലാത്തതിനാൽ അതേക്കുറിച്ചുള്ള ചർച്ചകളിൽ മൗനം പാലിക്കാൻ ശ്രദ്ധിച്ചിരുന്നു. പഠിച്ചിട്ട് വിമർശിക്കൂ എന്നാണല്ലോ.

ഇക്കൊല്ലം ആദ്യം, നാട്ടിൽ നിന്നുള്ള മടക്കയാത്രയിൽ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ ഡി.സി ബുക്‌സിന്റെ സ്റ്റോളിൽ വച്ചാണ് മീശ എന്നിലേക്കെത്തുന്നത്. അപ്പോഴേക്കും പതിപ്പുകൾ പതിനാലെത്തിയിരുന്നു. ജെ.സി.ബി പുരസ്‌കാരജേതാവെന്ന അടയാളം പതിഞ്ഞിരുന്നു. കയ്യോടെ കൂടെക്കൂട്ടി. കൂടെ എം. സ്വരാജിന്റെ "പൂക്കളുടെ പുസ്തക'വും വാങ്ങി. തിരുവനന്തപുരത്തുനിന്ന്​ ന്യൂയോർക്കിലെത്തിയപ്പോഴേക്കും "പൂക്കളുടെ പുസ്തകം' വായിച്ചുകഴിഞ്ഞിരുന്നു.

തിരിച്ചെത്തിയ പുതിയ ജോലിസ്ഥലത്തേക്ക് മാറുന്നതിന്റെ തിരക്കിലായി. വിസ്തീർണം കൊണ്ട് ലോകത്തിൽ മൂന്നാമതായ യു.എസ്.എ എന്ന വിശാലരാജ്യത്തിന്റെ ഏകദേശം ഒത്തനടുക്ക് കിടക്കുന്ന കാൻസസിലേക്ക് വടക്കുകിഴക്കൻ സംസ്ഥാനമായ മാസാച്യുസെറ്റ്‌സിൽ നിന്നുള്ള യാത്ര. 24 മണിക്കൂറുകൾ ഡ്രൈവ് മാത്രം. യാത്രാക്ഷീണം, അത് മറികടക്കാൻ വിശ്രമം, പുതിയ താമസമൊരുക്കൽ, പുതിയ ജോലി, പിന്നെയും തിരക്കുകൾ. വാങ്ങും മുൻപ് മറിച്ചുനോക്കിയതിൽ പിന്നെ കൈവക്കാതിരുന്ന മീശ അപ്പോഴും ഹാൻഡ്ബാഗിൽത്തന്നെയുണ്ടായിരുന്നു.

മുൻധാരണകൾ മാറ്റിവച്ചുതന്നെയാണ് മീശ വായിക്കാനിരുന്നത്. ആമുഖം മുതലേ വായിക്കുക എന്ന പഴയ ശീലം മാറ്റിയില്ല. കുട്ടനാടൻ പശ്ചാത്തലത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഒരുപാടോർമ്മകളെ മഞ്ചലേറ്റിക്കൊണ്ടുവന്നു. ആലപ്പുഴയിലെ അമ്മവീട്ടിലേക്കുള്ള യാത്രകൾ, എൻട്രൻസ് പരിശീലനസമയത്ത് ഒപ്പമുണ്ടായിരുന്ന പദ്മശ്രീ, ശ്രേണി തുടങ്ങിയ കൂട്ടുകാരികൾ, വെറ്ററിനറി കോളജിലെ സഹപാഠിയും സഹമുറിയത്തിയുമായിരുന്ന പ്രിയസുഹൃത്ത് നിജ, അങ്ങനെയങ്ങനെ. വായിച്ചതിൽ ഏറ്റവും വലിയ പുസ്തകമായ"കയറി'നോട് എന്തെങ്കിലും സാമ്യമുണ്ടോ എന്ന കൗതുകം വേറെ.

മതം മാറിയാലും ജാതി മാറില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നൊരു ജീവിതമാണ് വാവച്ചൻ എന്ന ക്രിസ്ത്യാനിയുടേത്. പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെ "വേദം ചേർന്നവർ' എന്നുപറയുന്നത് ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്; കുറച്ചുനേരത്തെ മാത്രം ഇപ്പറയുന്ന വേദം ചേർന്നവരുടെ ചെറുതല്ലാത്ത അഹന്ത. എഴുത്തച്ഛന്റെ നാടകശാലയിൽ വച്ച് സ്വന്തം മുഖത്തുള്ള മീശയുടെ ജാതിക്ക് ചേരാത്ത കരുത്ത് മനസിലാക്കുന്ന വാവച്ചൻ മീശ സ്ഥിരമാക്കാൻ തീരുമാനിക്കുന്നയിടത്താണ് കഥ ആരംഭിക്കുന്നത്. ഏതൊരു കഥയും തുടങ്ങുക ഒരു തീരുമാനത്തിൽ നിന്നാണല്ലോ. പാടിയും പറഞ്ഞും ഒരു സാധാരണ മനുഷ്യൻ എങ്ങനെ ഇതിഹാസനായകനായി പരിണമിക്കുന്നുവെന്ന് മനോഹരമായി സ്ഥാപിക്കുന്നു മീശ. വിശദമായ വിവരണരീതിയിലൂടെ മീശയുടെ നാട്ടിൽ വായനക്കാരെ കൊണ്ടുനിർത്തുന്നുണ്ട് എസ്. ഹരീഷ്.

എഴുത്തുകാരനിൽ നിന്ന് വേർപെട്ട് സ്വന്തമായ വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ കഥാപരിസരത്തെ സമ്പന്നമാക്കുന്നു. എഴുത്തുകാരൻ തുറന്നുകാട്ടുന്ന കൊടുംപട്ടിണിയുടെ നേർക്കാഴ്ചകൾ സങ്കല്പത്തിനും അപ്പുറമാണ്. തേങ്ങ ചേർത്ത പുഴുക്ക് കൂട്ടി കഞ്ഞി കുടിക്കുന്നത് സ്വപ്നം കണ്ടുറങ്ങുന്ന വാവച്ചനെ ആരും ഉണർത്താതിരിക്കട്ടെ എന്ന് സ്വപ്നങ്ങൾ മുറിഞ്ഞുപോയിട്ടുള്ളവരെല്ലാം പ്രാർത്ഥിച്ചിരിക്കും. അഞ്ചുവയസ്സിൽ മരിച്ചെങ്കിലും വാവച്ചന്റെ തലയ്ക്കു മീതെ കൂണായി വിരിഞ്ഞ് മഴ മുഴുവൻ ഏറ്റുവാങ്ങിയ കൂടപ്പിറപ്പ് ആരെയാണ് നോവിക്കാത്തത്? നമ്മളെക്കുറിച്ച് മറ്റുള്ളവർക്കുള്ള വിചാരങ്ങളറിയുമ്പോൾ കാലന്റെ പുസ്തകം തട്ടിയെടുത്ത് വായിച്ച് പൊട്ടിച്ചിരിക്കുന്ന മീശയായിട്ടുണ്ടാവും എപ്പോഴെങ്കിലുമൊക്കെ നമ്മളോരോരുത്തരും.

നാട്ടുകാരെക്കൂടാതെ അന്നാട്ടിലെ തുമ്പികളും പക്ഷികളും ശലഭങ്ങളും തവളകളും മുതലയും വിഷപ്പാമ്പുകളും ഒക്കെ നോവലിലെ വായനയുടെ രസക്കൂട്ട് മുറുക്കുന്നു. നവമാധ്യമങ്ങളിലൂടെയുള്ള വെറുപ്പിന്റെ പ്രചരണങ്ങളിൽപ്പെട്ട് മീശ വായിക്കുന്നില്ല എന്നുപ്രഖ്യാപിച്ച് കേവലാനന്ദപുളകം കൊള്ളുന്നവർ നഷ്ടപ്പെടുത്തുന്നത് അസാമാന്യമായൊരു മാസ്മരികഭൂമികയിൽ ഒഴുകി നടക്കാനുള്ള അസുലഭാവസരമാണ്.

നോവലിലെ ചില പേജുകൾ മാത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭാഷയ്ക്ക് വൃത്തിപോരാ എന്നുതുടങ്ങുന്ന ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരുപാടുപേരെ ഈയിടെ വായിക്കുന്നു. വയലാർ അവാർഡ് ലഭിച്ചശേഷം ഇത്തരം മുറവിളികൾ വർധിച്ചിരിക്കുന്നു. ഇത്തരം മുറവിളി കൂട്ടുന്നവർ ജീവിച്ചുപോരുന്നത് ഒറ്റപ്പെട്ട നീർപ്പോളകളിലാണെന്ന് തോന്നുന്നു. കഥയ്ക്കും കഥാപരിസരത്തിനും പൂർണമായി യോജിക്കുന്നതുതന്നെയാണ് മീശയിൽ എസ്. ഹരീഷ് ഉപയോഗിച്ച ഭാഷ. കപടസദാചാരമെന്ന അരിപ്പയിലൂടെ കടത്തിവിട്ടാൽ ഭാഷയ്ക്ക് ചിലപ്പോൾ മേൽപ്പറഞ്ഞ വൃത്തി ലഭിക്കുമായിരിക്കും. അതുപക്ഷേ, കഥാപാത്രങ്ങളോടുള്ള അനീതിയായിരിക്കും. മനുഷ്യർ അവരുടെ സകല സ്വാതന്ത്ര്യവും ഉള്ളയിടങ്ങളിൽ ആയിരിക്കുമ്പോഴുണ്ടാകുന്ന സംഭാഷണങ്ങൾ അങ്ങനെതന്നെ പകർത്തിവയ്ക്കുമ്പോഴാണ് എഴുത്തുകാർ കഥയോടും കഥാപാത്രങ്ങളോടും കാലത്തോടും നീതിയും ആത്മാർഥതയും പുലർത്തുന്നവരാകുന്നത്. സദാചാരനർമങ്ങളുടെ പുറംചട്ടയണിഞ്ഞുവരുന്ന ദ്വയാർത്ഥപ്രയോഗങ്ങളേക്കാൾ എന്തുകൊണ്ടും സ്വീകാര്യമാണ് കലർപ്പേശാത്ത വാഗ്‍വിനിമയങ്ങൾ. അത് തിരിച്ചറിയാതെ എന്തിനും ഏതിനും സംസ്‌കാരം വ്രണപ്പെടുമെന്ന് നിലവിളിക്കുന്നവർ ഭാഷയ്ക്ക് ചിതയൊരുക്കുകയാണ്. അക്ഷരാർത്ഥത്തിൽ സംസ്‌കരിക്കുക തന്നെ. വായനക്കാരിലേക്ക് നല്ല ഭാഷ എത്തിക്കാൻ കഥാസന്ദർഭഭേദമില്ലാതെ എല്ലാവരും അച്ചടിഭാഷ സംസാരിക്കണം എന്ന വാദമുഖം, ഭാഷാനിലവാരമൊക്കാത്തതിനാൽ പുസ്തകം വായിക്കുന്നേയില്ലെന്ന ശപഥങ്ങൾ, "പുസ്തകം വായിച്ചില്ലെങ്കിലും' എന്ന മുൻകൂർജാമ്യത്തോടെയുള്ള അഭിപ്രായപ്രകടനങ്ങൾ ഒക്കെ കേൾക്കുമ്പോൾ സാമാന്യബോധം അത്ര സുലഭമല്ല എന്ന തത്വവാചകമോർക്കാതെ വയ്യ. (Common sense is not common. - Voltaire).

എലിസബത്ത് ഗിൽബർട്ട്

ബിഗ് മാജിക് (Big Magic)എന്ന പുസ്തകത്തിൽ എലിസബത്ത് ഗിൽബർട്ട് ഇങ്ങനെ പറയുന്നു: ""നിങ്ങളുടെ സർഗാത്മകത കൊണ്ട് നിങ്ങൾ ലോകത്തെ രക്ഷിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ കലാസൃഷ്ടികൾ മൗലികമാകണമെന്നില്ല, അല്ലെങ്കിൽ പ്രാധാന്യമുള്ളതാകണമെന്നില്ല. ഉദാഹരണത്തിന്, ഒരാൾ മറ്റുള്ളവരെ സഹായിക്കാനായി ഒരു പുസ്തകമെഴുതാൻ പോവുകയാണ് എന്ന് എന്നോട് പറയുമ്പോൾ ഞാൻ സദാ വിചാരിക്കും, "അരുതേ, ദയവായി നിങ്ങൾ അങ്ങനെ ചെയ്യരുതേ. ദയവായി എന്നെ സഹായിക്കരുതേ!' എന്നുവച്ചാൽ, മറ്റുള്ളവരെ സഹായിക്കുകയെന്നത് നല്ല ഉദ്ദേശ്യം തന്നെ. പക്ഷേ, അതുമാത്രമാണ് നിങ്ങളുടെ സർഗവൃത്തിയുടെ ആകെയുള്ള ഉദ്ദേശ്യമെങ്കിൽ, നിങ്ങളുടെ ബൃഹത്തായ ഉദ്ദേശ്യത്തിന്റെ ഭാരം ഞങ്ങളനുഭവിക്കും, അത് ഞങ്ങളുടെ ആത്മാക്കളെ വല്ലാതെ ആയാസപ്പെടുത്തും.''

സ്വയംപ്രഖ്യാപിതവൃത്തിയുടെ പുലിക്കുപ്പായം പുതച്ച് സ്വയം വിശേഷപ്പെട്ട ജനുസ്സെന്ന് തെറ്റിദ്ധരിക്കുന്ന മനുഷ്യരോട്, കഥയും കവിതയും നോവലുമൊക്കെ ഉൾപ്പെടുന്ന സാഹിത്യരചനകൾ ഉണ്ടായില്ലെന്ന് വച്ച് ഈ ലോകത്തൊന്നും സംഭവിക്കാനില്ല. അതേസമയം, എഴുതപ്പെട്ടുപോകുന്ന വാക്കുകൾ സമൂഹത്തോട് ചേർന്നുനിൽക്കുന്നുവെങ്കിൽ അവ കാലാതിവർത്തികളായി ചരിത്രത്തോട് ചേരും; ഒപ്പം എഴുത്തുകാരും.

Comments