ഷാജു എന്ന
ഷിന്‍ചാന്‍ വി.വിയുടെ
ദുരൂഹവെളിപാടുകള്‍
ഷാജു എന്ന ഷിന്‍ചാന്‍ വി.വിയുടെ ദുരൂഹവെളിപാടുകള്‍
ഡിഫാള്‍ട്ട് സെറ്റിംഗ്‌സില്‍ നാം കാണുന്ന ലോകത്തെ ഒന്ന് റിസെറ്റ് ചെയ്യാനുള്ള വി.വി. ഷാജുവിന്റെ ഇടപെടലുകളാണ് ‘സാനിയ മിര്‍സ എന്ന പൂച്ചയുടെ ദുരൂഹമരണം’ എന്ന പുസ്തകം.
23 Nov 2022, 05:08 PM
അതിനാല്‍....
"എന്റെ തല പെരുക്കുന്നുണ്ട്....'
നിങ്ങളുടെ തലയും പെരുക്കും.
കുറിപ്പുകള്‍ക്കൊന്നും തലവാചകങ്ങളില്ല, തലച്ചിത്രങ്ങളേയുള്ളൂ.
ചില കുറിപ്പുകള്‍ എഴുതിയിട്ടുള്ളത് ഷിന്‍ ചാന്‍ എന്ന സാങ്കല്‍പിക ചൈനീസ് കവിയാണ്. അദ്ദേഹത്തിന്റെ മീഡിയോക്കര്‍ മലയാള കവിസുഹൃത്താണ് നെരൂദയുടെ പ്രേതത്തിനാല്‍ സന്ദര്‍ശിതനായ ഒരേയൊരു മലയാളകവിയായ ഷാജു വി. വി. (ഒരേയൊരു എന്ന പ്രയോഗം സച്ചിദാനന്ദനേയോ ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയോ ചൊടിപ്പിക്കാനിടയില്ല എന്നുറപ്പാണ്). ആ മലയാള കവിയാണ് സാനിയ മിര്‍സ എന്ന പൂച്ചയുടെ ദുരൂഹമരണം എന്ന ഈ പുസ്തകം രചിച്ചിട്ടുള്ളതത്രെ.
കസേരയ്ക്കും പട്ടിയ്ക്കും പഠിക്കാനാഗ്രഹിക്കുന്ന അനേകാകിയായ ഒരാള്‍. അഥവാ മത്സരത്തിന്റേയും യുദ്ധത്തിന്റേയും നിരര്‍ഥകത ആഴത്തിലാവാഹിച്ച ഒരാളാണീ ആള്‍. വായനക്കാരെ ഈ കുറിപ്പുകള്‍ ഏതാണ്ടൊക്കെ ചികിത്സിച്ച് ഭേദമാക്കും.
ആലോചിച്ചാല്‍...
ക്രമത്തെ അടുത്തറിഞ്ഞുകൊണ്ടുള്ള അക്രമമാണ് ഷാജുവിയന്‍ ചിന്ത. രാജത്വത്തിനെ അട്ടിമറിക്കുന്ന ഒന്ന്. അരാജകമായ ധിഷണയില്‍ നിന്നുമാത്രം പുറത്തുവരാനിടയുള്ള ഒന്ന്. ആര്‍.എസ്.എസും താലിബാനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നുള്ള ഒരു മുന്നണി ഉടന്‍ രൂപീകൃതമാവുമെന്നും ദാര്‍ശനിക വകുപ്പ് മേധാവിയുടെ സഹായത്തോടെയുള്ള ഈ അക്രമം അടിച്ചമര്‍ത്തുമെന്നും ന്യായമായും അന്യായമായും കരുതുന്നു.
"രഹസ്യം പോലെ മത്തുപിടിപ്പിക്കുന്ന ലഹരിയില്ല. അധോലോകം പോലെ ത്രസിപ്പിക്കുന്ന ലോകമില്ല '.
സ്വപ്നങ്ങളിലാണ് ഷാജുവിയന്‍ ഭാവനകള്‍ പൂത്തുലയുന്നത്. അതില്‍ ഇപ്പോള്‍ ജീവിക്കുന്നവരും മരിച്ചുപോയവരും കടന്നുവരുന്നു. സര്‍റിയലിസ്റ്റിക് ഭാവനകളുടെ ഒരു പൂരമാണത്.
"വീട്ടില്‍ ഒറ്റയ്ക്കാവുന്ന കാലങ്ങളിലെല്ലാം അചേതനമെന്ന് വ്യവഹരിക്കപ്പെടുന്ന വസ്തുക്കളുടെ ആത്മഹര്‍ഷങ്ങളും ഏകാന്തതയും സഞ്ചാരാഭിമുഖ്യവും എന്റെ ആകാംക്ഷ മുറ്റിയ ശ്രദ്ധയുടെ ഭാഗമാകാറുണ്ട് '- വസ്തുക്കളുടെ (ബുദ്ധി)ജീവിതം ഷാജുവിന്റെ ജീവിതാന്വേഷണഭൂമികയുടെ പരിധിയിലുണ്ട്, ശാസ്ത്രാന്വേഷണ പരിധിയില്‍ വന്നിട്ടില്ലെങ്കിലും. അതുകൊണ്ട് നൂറ്റാണ്ടുകള്‍ മുമ്പുള്ള വൃക്ഷജീവിതത്തിന്റെ സ്മരണകള്‍ വീട്ടിലുള്ള കട്ടിലില്‍ നിന്ന് ഷാജുവിന് കേള്‍ക്കാനാവും. "കസേരകളും മേശകളും മറ്റു വസ്തുക്കളും നാം വച്ച ഇടങ്ങളില്‍നിന്നും ചെറുതായി സഞ്ചരിക്കുന്നുണ്ട് '. കാരണം, "വിരസതയെ കുടഞ്ഞുകളയാന്‍ മനുഷ്യരെപ്പോലെ വസ്തുക്കളും ക്രമങ്ങള്‍ ലംഘിക്കാറുണ്ട് '.
ഷാജുവിന്റെ ക്രമരഹിതലോകം ഇത്തരം ചലനങ്ങള്‍ നിറഞ്ഞതാണ്. നിരന്തരം ഇത്തരം വിനിമയങ്ങള്‍ സംഭവിക്കുന്നതാണ്. അചേതനലോകത്തെ കവിയായ ഷാജു ജൈവവത്കരിക്കുന്നത് സവിശേഷമാര്‍ന്ന രീതിയിലാണ്.
കോവിഡ്കാലജീവിതം ഷാജുവിന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണ്. മനുഷ്യജീവിതം തടവറയിലാക്കപ്പെട്ട ഒരു കാലത്തിന്റെ അടയാളങ്ങളായി ഈ എഴുത്തുകള്‍ ഭാവിയില്‍ പരിഗണിക്കപ്പെടാതിരിക്കില്ല. ഭൂമിയില്‍ മറ്റൊരു ജീവിയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത തടവറകളാണ് കോവിഡ് കാലത്ത് മനുഷ്യര്‍ക്കായി ഭരണകൂടങ്ങള്‍ ഒരുക്കിയത്. അതേക്കുറിച്ചാണ് ഷാജുവിന്റെ കാര്‍ട്ടൂണ്‍ കുറിപ്പുകള്‍ ഏറെയും. അടിസ്ഥാന ജൈവസ്വാതന്ത്ര്യത്തെ ഏതു സാഹചര്യത്തിലും ഉയര്‍ത്തിപ്പിടിക്കുകയാണ് ഷാജുവിന്റെ രീതി.
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന കവിവാക്യത്തെ കോവിഡ് കാലത്തെ അടച്ചിരിപ്പിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പലതരം പുതുക്കലുകള്‍ക്ക് വിധേയമാക്കുന്നു.
താന്‍ സെക്ടറൽ മജിസ്‌ട്രേറ്റായി നിയമിതനായ കോവിഡ് കാലത്തെ അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഷാജു നടത്തുന്ന ആത്മ / അധികാരവിമര്‍ശനം ആഴത്തിലുള്ള ഒന്നാണ്.
"കുറ്റവാളികളെ മുന്‍കൂര്‍ വിഭാവനം ചെയ്ത് വടിയുമായി ക്ലാസ്‌റൂമിലേയ്ക്ക് ചെന്ന് ലക്ഷണമൊത്ത കുറ്റവാളികളെ കാണാതാവുമ്പോള്‍ നിരാശനാകുന്ന സ്‌കൂള്‍മാഷന്മാരുടെ കുറേക്കൂടി ദാരുണമായ അവസ്ഥയിലേയ്ക്ക് ഞാന്‍ വിണടിഞ്ഞു' എന്നാണ് സ്‌കൂള്‍മാഷായ ഷാജു (ഐഡിയോളജിക്കല്‍ സ്റ്റേറ്റ് അപ്പാരറ്റസിന്റെ ഭാഗമായ മാഷ്!) തന്നെ കാണുമ്പോള്‍ പുഴുക്കളുടെ ശരീരഭാഷയിലേയ്ക്ക് മാറുന്ന പൗരന്മാരെ ഓര്‍ത്ത് പറയുന്നത്.
സര്‍വയലന്‍സിന്റെ നടത്തിപ്പുകാരനായി അതിനെ എതിര്‍ക്കുന്ന ഒരാള്‍ക്ക് ചുമതലയേല്‍ക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സംഘര്‍ഷം അതിജീവിക്കുക കൂടിയാണ് ഇവിടെ ഷാജു എന്നു തോന്നുന്നു. മനുഷ്യനോട്ടങ്ങളെ നിരന്തരം (ആത്മ)വിചാരണ ചെയ്താണ് ഷാജുവിന്റെ കുറിപ്പുകള്‍ മറ്റൊരു തലത്തിലേയ്ക്ക് ഉയരുന്നത്. മനുഷ്യരാശിക്കു ലഭിച്ച ഏറ്റവും വിജ്ഞാനപ്രദവും ആന്തരിക ബോധേദയദായകവുമായ അനൗപചാരിക സര്‍വ്വകലാശാലയാണ് കോവിഡ്- 19 എന്ന കണ്ടെത്തലാണ് ഷാജു നടത്തുന്നത്.
"പല അടരുകളുള്ള ഒരു ധ്വനികാവ്യം പോലെ ' യുള്ള ചക്കയെക്കുറിച്ചുള്ള ലോക്ഡൗണ്‍ സ്‌കെച്ചുപോലും ഭരണകൂട സര്‍വയലന്‍സിനെക്കുറിച്ചുള്ള ധിഷണയെ അലോസരപ്പെടുത്തുന്ന അന്വേഷണമായി വികസിക്കുന്നുണ്ട്.
സര്‍വയലന്‍സിന്റെ നാനാതരം ചുഴിഞ്ഞുനോട്ടങ്ങളെ ഷാജു കളിയാക്കിവിടുന്നുണ്ട്. ഈ പരിഹാസങ്ങളെല്ലാം മൗലികമായ ഒരു വിമര്‍ശം ഉള്‍ക്കൊള്ളുന്നുണ്ട്. അധികാരം സ്ഥാപിക്കാനുള്ള മനുഷ്യന്റെ ത്വര എന്ന അശ്ലീലത്തിനെതിരെയുള്ള വിമര്‍ശനമാണത്. മറ്റു മനുഷ്യര്‍ക്കുമേല്‍ മാത്രമല്ല, ഏതൊരു ചരാചരത്തിനും മേല്‍ അധികാരപ്രയോഗം എന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് കുറുക്കിയെടുത്ത ഈ കുറിപ്പുകളിലൂടെ ഷാജു പറയുന്നത്. അതുകൊണ്ടുതന്നെ ഷാജുവിന്റേത് അധികാരത്തിന്റെ നൃശംസതകള്‍ക്കുനേരെയുള്ള കലാപമാണ്.

"കോഴിക്കോട്ടേയ്ക്ക് ഒരു പച്ച ബസ് കിടപ്പുണ്ട്. എങ്ങോട്ടേയ്ക്ക് പോകണം എന്ന എന്റെ അനിശ്ചിതത്വം അതിനില്ല. അതു കോഴിക്കോട്ടേയ്ക്ക് പോകും. വ്യക്തമായ തീരുമാനമുള്ള ഒരാളിന്റെ തിടുക്കത്തോടെ അത് മുരണ്ടുകൊണ്ട് അക്ഷമനായി നിന്നു. അതിന്റെ നിശ്ചയദാര്‍ഢ്യം എനിക്കിഷ്ടമായി '.
സ്‌കൂള്‍ വിട്ട് ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ അവിടെ കണ്ട ബസിനെ ഷാജുവിന് ഈ രീതിയില്‍ കാണാന്‍ കഴിയും. ഒരിക്കലും സന്ദേഹങ്ങളില്ലാത്ത മനുഷ്യരേയും പാര്‍ട്ടികളേയും എന്നല്ല, എല്ലാ ഭരണകൂടസ്ഥാപനങ്ങളേയുമാണ് ഇവിടെ ഉന്നം വയ്ക്കുന്നത്. ഷാജുവിന്റെ സര്‍ക്കാസം അതിന്റെ പരകോടിയിലെത്തുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. അത് സര്‍ഗാത്മകഫലങ്ങള്‍ ഉളവാക്കുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്നെ. സ്റ്റേറ്റിനെതിരെ രാഷ്ട്രീയമായി നിവര്‍ന്നു നിന്നുള്ളതാണ് ഷാജുവിന്റെ സംസാരങ്ങളൊക്കെയും.
"പോസ്റ്റിന്‍ ചുവട്ടില്‍ കാലുപൊക്കി മുള്ളിയ ശേഷം പട്ടികള്‍ ആദ്യം കാണുന്ന മനുഷ്യനുനേരെ ഉന്നം പിടിച്ചു ഓടിച്ചെന്ന് കടിക്കാറില്ല ' എന്ന ഷാജൂവിയന്‍ താരതമ്യത്തില്‍ മനുഷ്യകേന്ദ്രിതനോട്ടത്തിന്റെ ഹിംസാപരലീലകളേയും പരിമിതവീക്ഷണത്തേയും സര്‍ക്കാസിക്കലാണുള്ളത്. "രണ്ടാം നിലയില്‍നിന്ന് താഴേയ്ക്കു നോക്കുന്ന ആളിന് തറയില്‍ നില്‍ക്കുന്നയാളിനുമേല്‍ ചുമ്മാ തന്നെ ഒരു മാനസികാധീശത്വമുണ്ട് ' എന്ന നിരീക്ഷണത്തിലാകട്ടെ സ്ഥാനം നല്‍കുന്ന മേല്‍നില നമ്മുടെ ശ്രേണീകൃത സമൂഹത്തിലുണ്ടാക്കുന്ന അധികാരപ്രയോഗത്തെ ഓര്‍മപ്പെടുത്തുന്നു. നമ്മുടെ ഉള്ളിലുള്ള വേട്ടക്കാരനെ മുഖാമുഖം നിര്‍ത്തി ദയാരഹിതമായി നേരിടാന്‍ നമ്മെത്തന്നെ പരിശീലിപ്പിക്കുകയാണ് ഒരു പക്ഷേ, ഷാജു. ആത്മവിമര്‍ശനത്തിന് മനുഷ്യരെ പാകമാക്കേണ്ടതുണ്ടെന്ന അഭിപ്രായക്കാരനാണ് കുറിപ്പുകാരന്‍ കൂടിയായ കവി അഥവാ കവി കൂടി ആയ ഈ കുറിപ്പുകാരന്.
ഭാഷാപ്രയോഗങ്ങളില്‍ ഷാജു വരുത്തുന്ന നവീനത ഗംഭീരമായ ഒന്നാണ്. വാക്കുകളുടെ ചരിത്രജീവിതം അറിഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങളാണവ. പൊളിറ്റിക്കല്‍ കറക്റ്റനസിന്റെ യാന്ത്രികമായ തിരുകിക്കയറ്റലുകളെ കണക്കിന് കളിയാക്കുന്ന വരികള്‍ ഇതില്‍ എമ്പാടും കാണാം. എല്ലാം കിറുകൃത്യമായി കണക്കാക്കാന്‍ കഴിയും എന്ന് അവകാശപ്പെടുന്ന എന്തിനേയും യാദൃശ്ചികതയിലും ഭാവനയുടെ പ്രാധാന്യത്തിലും ഊന്നുന്ന ഷാജുവിന്റെ സര്‍ഗാത്മകതയ്ക്ക് വിചാരണ ചെയ്‌തേ മതിയാവൂ. ഷാജു അതു ചെയ്യുമ്പോള്‍ മഴവില്ല് വിടരുന്നു. കേവലയുക്തിയിലൂന്നുന്ന വാദങ്ങളുടെ പരിഹാസ്യത ഷാജു എപ്പോഴും തുറന്നുകാട്ടുന്നു. അതുകൊണ്ടുതന്നെ നാനാതരം രവിചന്ദ്രന്മാര്‍ ഷാജുവിന്റെ അസ്ത്രങ്ങളേറ്റു വേദനിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അല്ലെങ്കിലും കല രവിചന്ദ്രന്‍മാഷന്മാരുടെ വിരസമായ യുക്തിവാദ ക്ലാസല്ലല്ലോ.
പൊതുബോധത്തേയും ഭൂരിപക്ഷസങ്കല്‍പത്തേയും ചോദ്യം ചെയ്യാതെ ഉറങ്ങാന്‍ പോലുമാവില്ല കുറിപ്പുകാരന്. കിടക്കപ്പങ്കാളി എനിക്ക് ലൈംഗികപങ്കാളി ആവണമെന്നില്ല എന്ന് ഷാജു. "മനുഷ്യര്‍ ഏറ്റവും ജാഗ്രത്തിലായിരിക്കുന്ന അവസ്ഥ രതിയിലാണ്. ഒരാള്‍ രണ്ടു ശരീരങ്ങളിലും (മിനിമം) മനസ്സിലും ഉണര്‍ന്നിരിക്കുന്ന അവസ്ഥ '. തന്നെത്തന്നെ അപായകരമായ വിധത്തില്‍ വന്യഭാവനകളുടെ ചുഴികളിലും കൊടുമുടികളിലും കൊണ്ടിടുക രചയിതാവിന്റെ വിനോദമാണ്. അവതാരികാകാരന്‍ പറഞ്ഞതുപോലെ എഴുതുന്ന വാചകമെല്ലാം പാചകമാണ്.
ഉപകരണസംഗീതത്തെക്കുറിച്ചുള്ള കുറിപ്പ് സംഗീതത്തിന്റെ മാത്രമല്ല, പൊതുവില്‍ അടിസ്ഥാനാസ്പദങ്ങളെക്കുറിച്ചുള്ള കാമ്പുള്ള ചിന്തയായിത്തീര്‍ന്നിരിക്കുന്നു. "ഞാന്‍ പറഞ്ഞു പറഞ്ഞ് കാടു കയറുകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നത് ന്യായമാണ്. കാടു കയറുന്നത് അത്ര ചീത്ത കാര്യമല്ല '. അതെ, ചിന്തയുടെ കാടുകയറ്റം.
"നിങ്ങളെന്തോ, അതാണു നിങ്ങള്‍ എന്ന ആത്മവിശ്വാസത്തേക്കാള്‍ ചാരുതയുള്ള മറ്റെന്തുണ്ട് ' എന്ന ജനാധിപത്യത്തിലേക്ക് ഷാജു അതിരാവിലെ നടന്നെത്തും.
"പാസ്‌വേഡ് ആറ്റിക്കുറുക്കിയ കുറുംകവിതയാണ്. അഴിക്കുംതോറും ദുരൂഹമാകുന്ന കവിത ' എങ്കില്‍ ഈ പുസ്തകത്തില്‍ കൂടുതലും പാസ്‌വേഡുകളാണ്.
"വര്‍ത്തമാനകാലത്തെ ഇരയായി കോര്‍ത്ത്, പോയ കാലത്തേക്കു വീശിയെറിയുന്ന ചൂണ്ടലില്‍ കുരുങ്ങുന്ന തിരഞ്ഞെടുപ്പുമീനാണ് ഓര്‍മ'.
മീന്‍കണ്ണുകളില്‍ നൂറ്റാണ്ടുകളുടെ സാഗരനൊസ്റ്റാള്‍ജിയ ദര്‍ശിക്കുന്ന കുറിപ്പുകാരന് ആമയെക്കുറിച്ചുള്ള ആലോചന ഇങ്ങനെ ആരംഭിക്കാന്‍ കഴിയും- "എന്‍ എസ് മാധവന്റെ തിരുത്ത് വായിച്ചതിനുശേഷം രാഷ്ട്രീയഭീരുവായ ഒരു ജന്തുവായേ ആമയെ കാണാന്‍ കഴിയാറുള്ളൂ'
"പരിപ്പുവട അതിന്റെ സ്വഭാവം കൊണ്ട് പോസ്റ്റ്‌മോഡേണ്‍ കവിതയാണ്. ഇല്ലാ തെല്ലും കമ്പം അനശ്വരതയില്‍ ' പരിപ്പുവടയെക്കുറിച്ച് എഴുതിയ കുറിപ്പില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല.
വറീതും സാറയും കൂടി ഹോട്ടലില്‍ ഒരു സ്‌ട്രോങ് ചായയ്ക്കും ലൈറ്റ് ചായയ്ക്കും ഓര്‍ഡര്‍ ചെയ്തിട്ട് സ്‌ട്രോങ് ചായ വെയിറ്റര്‍ പുരുഷനായ വറീതിന് കൊടുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ആലോചനകള്‍ പോലെ, യാന്ത്രികതയെ പരിഹസിക്കുന്ന ചിന്തയുടെ ആവിഷ്‌കാരങ്ങളുണ്ട് വര്‍ഗ- സ്വത്വ -സ്ത്രീ -കീഴാള രാഷ്ട്രീയത്തിലെ സംജ്ഞകള്‍ ഉപയോഗിക്കുന്നതില്‍ ഈ പഹയനുള്ള കഴിവ് അപാരമാണല്ലോ എന്ന് നാം അസൂയപ്പെടും വിധം ഈ കുറിപ്പുകളില്‍.
കുഞ്ചിയമ്മയുടെ കുഞ്ചു ഒഴിച്ചുള്ള ബാക്കി നാലു മക്കളുടെ കാവ്യചരിത്രത്തിലെ അഭാവത്തെക്കുറിച്ചുള്ള കുറിപ്പ് ഖസാക്കിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള എന്‍. എസ്. മാധവന്റേയും എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റയെക്കുറിച്ചുള്ള എം. ടി. അന്‍സാരിയുടേയും പഠനത്തിന്റെ തുടര്‍ച്ചയായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രമായിരിക്കും.
മാജിക്കല്‍ ഇമേജുകള്‍ നിറഞ്ഞ ഒരു കുറിപ്പില്‍, ചൂണ്ടലിട്ടുകൊണ്ടിരുന്ന തന്നെ വെടിവച്ച ആളോട് "നിങ്ങളെന്തിനാണെന്നെ വെടിവച്ചത്? മീന്‍ വേട്ടയില്‍ വിയോജിപ്പുള്ള അഹിംസാവാദിയാണോ നിങ്ങള്‍? ' എന്നു ചോദിക്കുമ്പോള്‍ അഹിംസാവാദി പ്രയോഗം ദാലിയന്‍ സമയം പോലെ ഇവിടെ തത്വവിചാരങ്ങള്‍ ഉരുകിയൊലിച്ച് പരക്കുന്നു. വിചിത്രം, അസാധാരണം എന്നീ വാക്കുകള്‍ നീക്കം ചെയ്ത നിഘണ്ടുവില്‍ നിന്നെന്നപോലെ.
രണ്ടു വയസുള്ള കുഞ്ഞുമായി ബസില്‍ കയറിയ അ എന്നു പേരുള്ള യുവാവിനുണ്ടായ അനുഭവവും യാത്രക്കാരുടെ പ്രതികരണങ്ങളും മനോവ്യാപാരങ്ങളും സര്‍ക്കാസത്തിന്റെ കൊടുമുടി കയറുന്ന മറ്റൊരു കുറിപ്പാണ്. "ഒരു ഹൈക്കുവും ഇത്ര സമൃദ്ധമായി ധ്വനി ഉല്‍പ്പാദിപ്പിച്ചിട്ടില്ല '.
മസ്തിഷ്‌കകവ്യായാമം ആവശ്യപ്പെടുന്നതും ധിഷണയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതുമായ സര്‍റിയല്‍ കാലബോധത്തിന്റെ ഒരു വിചാരഭാഷ ഷാജു വികസിപ്പിക്കുന്നത് കാണാം. സര്‍ക്കാസം ഭൂതകാലത്തിരകളോട് ആസക്തിയോടെ മത്സരിച്ചുയരുന്ന ദൃശ്യം നമുക്കിതില്‍ കാണാം. തീരത്ത്സമാധാനത്തോടെ കാറ്റു കൊള്ളുന്ന വായനക്കാരുടെ ധിഷണയെ സുഖകരമായി അതു അസ്വസ്ഥപ്പെടുത്തുന്നു. ഭൂമിയിലെ അവസാന മനുഷ്യന്റെ ഏകാന്തതയെക്കുറിച്ച് ഭാവനചെയ്യുന്ന സര്‍ഗാത്മ അരാജകത്വം നിറഞ്ഞ കവിയാണ് ഇയാള്‍.
‘വളരെ വേണ്ടപ്പെട്ടരാള്‍ മരിച്ചുപോയത് നമ്മളറിയാത്തിടത്തോളം അവര്‍ക്ക് മരണമില്ല’ എന്ന വാക്യത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത് എന്നത് വായനക്കാരുടെ തോന്നല്‍ മാത്രമാണ്. ആ കുറിപ്പും ആ വാക്യവും ആദ്യം വന്നുപോയി എന്നേയുള്ളൂ. അതായത് സാനിയ മിര്‍സ എന്ന പൂച്ചയുടെ ദുരൂഹമരണം അറിഞ്ഞിട്ടില്ലാത്തിടത്തോളം കാലം പ്രസ്തുത പൂച്ചയ്ക്ക് മരണമില്ല. പൂച്ച മരണമില്ലാത്തവളായി ഇരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഈ പുസ്തകം വായിക്കരുതെന്ന് അര്‍ത്ഥം.
സാനിയ മിര്‍സ എന്ന പൂച്ചയുടെ ദുരൂഹമരണം, കുറിപ്പുകളുടെ സമാഹാരം എന്നു പറയാമെങ്കിലും അതു പൂര്‍ണമല്ല, ആ വിളി. അത് അതിലേറെയാണ്. ടി. വി. മധുവിന്റെ അവതാരികയും സീന പനോളിയുടെ എഡിറ്റേഴ്സ് കുറിപ്പുമാണ് ഇതിലെ രണ്ട് സാമ്പ്രദായികമല്ലാത്ത കാര്യങ്ങള്‍ എന്ന് ഷിന്‍ ചാന്‍ അനന്തര ചെനീസ് കവികള്‍ പറയാനിടയുണ്ട്.
ഡിഫാള്‍ട്ട് സെറ്റിംഗ്‌സില്‍ നാം കാണുന്ന ലോകത്തെ ഒന്ന് റിസെറ്റ് ചെയ്യാനുള്ള ഷാജുവിന്റെ ഇടപെടലുകള്‍ ലോകത്തിന്റെ തുടര്‍ന്നുള്ള നിലനില്‍പ്പിന് ഉപകാരപ്പെട്ടേക്കും.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഡോ. ഉമര്‍ തറമേല്‍
Jan 27, 2023
7 Minutes Read
കലേഷ് മാണിയാടൻ
Jan 18, 2023
3 Minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch