2021 ൽ എസ്. ശാരദക്കുട്ടി വായിച്ച മികച്ച പുസ്തകം- വേണുവിന്റെ നഗ്നരും നരഭോജികളും

2021 വായനയുടേതെന്നതിനേക്കാൾ എന്റെ സ്വതന്ത്രസഞ്ചാരങ്ങളുടെ വർഷമായിരുന്നു. തനിച്ചൊരു ഫ്‌ലാറ്റിൽ ഏറ്റവും പ്രിയപ്പെട്ട നഗരത്തിൽ താമസിക്കുക, കറങ്ങി നടക്കുക, മനുഷ്യരെയും കാഴ്ചകളെയും ആകുന്നത്ര പിടിച്ചെടുക്കുക. മനോഹര വിനിമയങ്ങൾ സാധ്യമാക്കുക, എങ്ങനെയൊക്കെ ജീവിത പരീക്ഷണങ്ങളാകാം എന്ന ഒരു വിസ്മയത്തിലേക്ക് എന്നെത്തന്നെ ഞാൻ എടുത്തെറിയുന്ന തിരക്കിലാണ് സിനിമാറ്റോഗ്രാഫർ വേണുവിന്റെ നഗ്‌നരും നരഭോജികളും എന്ന പുസ്തകം എന്റെ കയ്യിലെത്തുന്നത്. ആന്ധ്ര, ഒഡിഷ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിലേക്കുള്ള ഒറ്റയാൾ യാത്രയിൽ കൂടെച്ചേരുമ്പോൾ "വൈദേഹി കല്ലുണ്ട് മുള്ളുണ്ട് കാട്ടിൽ പൈദാഹശാന്തിക്കുപായങ്ങളില്ല' എന്നൊരു വരി തലയിൽ മിന്നി. എങ്കിലും വിസ്മയങ്ങൾ അടക്കാനായില്ല.

ഒരു സിനിമാ ഛായാഗ്രാഹകൻ യാത്രപോകുമ്പോൾ അയാളുടെ കണ്ണുകളിൽ എത്ര ക്യാമറക്കണ്ണുകളുണ്ടാകും? ഏതു കോണിൽ നിന്ന് കണ്ടാലാണ് ദൃശ്യം ഏറ്റവും ആഴത്തിലുള്ളതും മനോഹരവുമാവുക എന്ന് വേണുവിനെ പോലെ മനസ്സിലാക്കാൻ കഴിയുന്ന ആരുണ്ട്! അങ്ങനെയൊരാൾ യാത്രാ വിവരണമെഴുതുന്നു. അയാളുടെ വിരൽത്തുമ്പിൽ അത്ഭുതങ്ങൾ കണ്ണുമിഴിക്കുന്നു. തനിച്ചു യാത്ര ചെയ്യാനിറങ്ങിയതാണ് വേണു. 62 വയസ്സും പതിവായി കഴിക്കേണ്ട രണ്ടു ഗുളികകളും മാത്രമാണപ്പോൾ കൂട്ടിന്. വേണുവിന്റെ കണ്ണുകൾ വേണു എനിക്കു തന്നു. പിന്നെ എനിക്കൊരിടത്തേക്കും പോകേണ്ടി വന്നില്ല. കോഴിക്കോട് പ്രഭാ അപാർട്‌മെന്റിലെ വടക്കോട്ടു തുറക്കുന്നതും കാറ്റടിച്ചു കയറുന്നതുമായ ജനാലകൾ തുറന്നിട്ട് കട്ടിലിൽ നാലു തലയിണകളിൽ ചാരിയിരുന്ന് ഞാൻ യാത്ര തുടങ്ങി.

വേണു / Photo: Muhammed Hanan

മലയാളത്തിൽ ഇത്ര മനോഹരമായ കാഴ്ചകളുള്ള ഒരു യാത്രപ്പുസ്തകം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. നിയതമായ യാത്രാ സ്വരൂപങ്ങളും പദ്ധതികളുമില്ലാത്ത യാത്ര തന്നെയാണ് ഈ പുസ്തകത്തിന്റെ ഉത്സാഹവും ഉന്മേഷവുമെന്ന് അവതാരികയിൽ ജി.ആർ. ഇന്ദുഗോപൻ.

വേണു മലയാളത്തിലെ മികച്ച സംവിധായകരുടെയെല്ലാം പ്രിയ ഛായാഗ്രാഹകൻ ആയതെങ്ങനെയെന്ന് ഉദാഹരിക്കാൻ പറ്റിയ കാഴ്ചാ വർണ്ണനകൾ. ഗോദാവരീ തീരത്തെ വിളവെടുപ്പു കഴിഞ്ഞ കൃഷിസ്ഥലങ്ങളിൽ "രാത്രി ഉണക്കാനിട്ട പുകമഞ്ഞിന്റെ നരച്ച പുതപ്പിന് ഈ വെളിച്ചത്തിൽ നിലാവിന്റെ നിറമാണ്' എന്ന ഒറ്റവരി മതി തെളിവിന്.

ആണിക്കസേരയിൽ ഇരിക്കുന്ന വേണുവിന്റെ മടിയിയിലേക്ക് പൊടുന്നനെ കയറിയിരിക്കുന്ന സീറ എന്ന വെളിച്ചപ്പാട്. ചിത്രത്തിൽ വേണുവിന്റെ മുഖത്തെ അമ്പരപ്പ് വ്യക്തം. ആദിമനിലങ്ങളിലെ അജ്ഞാത ദൈവങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ ആ ആദിമ ജീവിതത്തോടുള്ള മുഴുവൻ ആദരവുമുണ്ട്.

അരവിന്ദന്റെ കാഞ്ചനസീത എന്ന ചലച്ചിത്രം കണ്ടവരാരും ആ ദണ്ഡകാരണ്യം മറക്കില്ല. നഗ്‌നരും നരഭോജികളും വായിക്കുമ്പോൾ, വേണുവിനൊപ്പം ദണ്ഡകാരണ്യത്തിലും അവിടെ നിന്ന് ഗോദാവരീ തീരത്തേക്കും നടക്കുമ്പോൾ എന്റെയുള്ളിൽ സാറാ ജോസഫും തായ്കുലവും ശൂർപ്പണഖയും കൂടെക്കൂടി. അവൾ ഗോദാവരിയിൽ മുഖം നോക്കി ചന്തം വരുത്തുമ്പോൾ അവളെ ഉന്മത്തയാക്കുന്ന ചമ്പകപ്പൂമണവും അവിടെ നിറയുമല്ലോ.. ചമ്പകപ്പൂക്കൾ കെട്ടിയുണ്ടാക്കിയ ഊഞ്ഞാലും ചെമ്പകപ്പൂമെത്തയും കാണാമല്ലോ. അതിലുരുണ്ടു പിരണ്ട് അവൾക്കൊപ്പം കാമോന്മത്തയാകണമല്ലോ... ഒടുവിൽ പാൽ വേരുകളറുക്കപ്പെട്ടൊഴുകിയ ചോരപ്പുഴ ഗോദാവരിയിലേക്കിറങ്ങി ഗോദാവരി ചുമന്നു കലങ്ങുന്നതും കാണണം.

പക്ഷേ നേരിൽ കണ്ടപ്പോൾ ഗോദാവരി പുറമേക്ക് ശാന്തം. ആത്മീയതയുടെ വിപണന തന്ത്രശാലിത്വങ്ങൾ യാത്രികരെ മാടി വിളിക്കുന്നു. ബോട്ട് കടന്ന് അക്കരെച്ചെന്നാൽ അവിടെയെല്ലാം വൈക്കോൽ കുടിലുകൾ. അവിടെ കറുത്ത സുന്ദരി ശരണ്യയെ കണ്ടതും എനിക്ക് ചിദംബരത്തിലെ ശിവകാമിയെയും അവളുടെ നിഷ്‌കളങ്കനോട്ടത്തെയും ഓർമ്മ വന്നു. പടമെടുത്തോട്ടെ എന്ന് വേണുവാണോ അതോ ഭരത് ഗോപിയുടെ ശങ്കരനാണോ അവളോട് ചോദിച്ചത്? ഏതായാലും ആ ഇലച്ചാലയിൽ വിറകടുപ്പിനു മുന്നിൽ പാതി കുനിഞ്ഞു നിന്നു നോക്കുന്ന ശരണ്യയെ 61-ാമത്തെ പുറത്തിൽ കണ്ടു. ശിവകാമി നോക്കുന്ന അതേ നോട്ടം. പുറം 63 ൽ മറ്റൊരു സുന്ദരി. സിനിമയിലെ നായകന്മാരേക്കാൾ അന്നത്തെ നായികമാർ പ്രണയിച്ചത് ക്യാമറമാൻ വേണുവിനെയാണെന്ന് ഈയിടെ വായിച്ചതിനെ തെളിയിക്കാൻ പാകത്തിലൊരു ചിത്രം 73-ാം പുറത്തിൽ കൗമാരക്കാരന്റെ മൊട്ടത്തലയിലെ കുറ്റിത്തലമുടിയിൽ തലോടി നിൽക്കുന്ന വേണുവിന്റെ ചിത്രം. ക്യാമറ കൊണ്ട് വേണു സംസാരിക്കുകയും എഴുതുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും രാഷ്ട്രീയം പറയുകയും ചെയ്യും. പോഷാ എന്ന ഊമയായ കുട്ടി ഒരു താൾ നിറഞ്ഞ് വേണുവിനൊപ്പം. എത്ര നേരം കണ്ടാലാകും ഈ പുറം ഒന്നു മറിച്ചു മാറ്റാനാവുക.

കാഞ്ചനസീതയിൽ കണ്ട വന്യതയൊന്നും ഇന്നത്തെ ദണ്ഡകാരണ്യത്തിനില്ല. പർണ്ണശാല എന്ന സ്ഥലം അവിടെയുണ്ട്. ഞാനൊന്നിളകി. ഞാനിടക്ക് വേണുവിനെ ശ്രദ്ധിച്ചു. വേണുവിന് പ്രത്യേക കൗതുകമൊന്നുമുള്ളതായി തോന്നിയില്ല. എനിക്കു മാത്രമല്ല എന്റെ പ്രിയപ്പെട്ട സാറാ ജോസഫിനും ഞങ്ങളുടെ ശൂർപ്പണഖക്കും അവിടം വളരെ പ്രിയമാണല്ലോ.

"അവിടെ ഇന്ന് ചെമ്പകപ്പൂക്കളല്ല, എരിവുള്ള മുളകാണ് ഉണക്കാനിട്ടിരിക്കുന്നത്', ഞാൻ സാറാടീച്ചറുടെ ചെവിയിൽ പറഞ്ഞു.
പനകൾക്കിടയിലൂടെ പടരുന്ന കടും ചുവപ്പു മുളകുപാടങ്ങളുടെ എരിവ്. പ്രസാദ് എന്ന ഒരു ചെറുകിട മുളകു കർഷകൻ 15 ലക്ഷം രൂപയുടെ ആന്ധ്രജ്യോതി എന്ന മുളകുണക്കി കൂട്ടുന്നു. എരിവിന്റെ മണം പുറം 89 ൽ ആ എരിവിന്റെ ചുവന്ന പരപ്പ് കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ മുളകു കൃഷിക്കാരുടെ വാസസ്ഥലം. തെലുങ്കു സിനിമയുടെ സാമ്പത്തിക സ്രോതസ്സ്.

ഉള്ളിൽ നിറഞ്ഞു വന്ന രാമായണത്തെ വേണു തിരുത്തിത്തന്നു. നഗ്‌നരും നരഭോജികളും മായാവികളും മദാലസകളുമായിരുന്നുവല്ലോ ഞങ്ങളുടെ പഴയ ദണ്ഡകാരണ്യത്തിലെ താമസക്കാർ. അനാചാരവും അനുസരണക്കേടും കാണിച്ച അവരെ രാമ ലക്ഷ്മണന്മാർ കൊന്നുകളഞ്ഞു. നഗ്‌നരും നരഭോജികളുമായ ആ രാക്ഷസന്മാരെയാണ് ഇന്ന് ആദിവാസികളെന്നു പറയുന്നത്. "പണ്ടു രാക്ഷസന്മാരെന്നു വിളിച്ചു. ഇന്ന് മാവോയിസ്റ്റുകളെന്നു വിളിച്ചു. പണ്ട് നാഗരികന്മാരുടെ, രാജാക്കന്മാരുടെ അമ്പുകളെങ്കിൽ ഇന്ന് ഭരണാധികാരികളുടെ വെടിയുണ്ടകൾ.' നീതിമാന്മാർ പറഞ്ഞു പഠിപ്പിച്ചതിലെ നുണകൾ ചൂണ്ടിച്ചൂണ്ടികാണിച്ചു തരുന്ന ക്യാമറയാണ് വേണുവിന്റേത്. ആത്മാഭിമാനമുള്ള ഗോത്രവംശത്തിന്റെ ചരിത്രത്തെ അത് വെളിപ്പെടുത്തുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബസ്തറിലെ ആദിവാസികളെ ഹിന്ദു സംസ്‌കാരത്തിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമം സ്വാതന്ത്ര്യ സമരത്തിന്റെ മറവിൽ ഹിന്ദു സംഘടനകൾ നടത്തിയെന്നതിന്റെ ചരിത്രമുണ്ടിതിൽ. എവിടെയുമെത്താതെ ആത്മാവു നഷ്ടപ്പെട്ടലയുന്ന അവരുടെ വർത്തമാന കാലമുണ്ട്. ദണ്ഡകാരണ്യത്തിലെ പച്ചമനുഷ്യരെ കാണാൻ പോകുന്നതിലെ അഭിജാതമായ അന്തസ്സാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയമെന്ന നിരീക്ഷണത്തിന് മുഴുവൻ മാർക്ക്.

ക്യാമറ എവിടെയൊക്കെ ഉപേക്ഷിക്കണം, എന്നറിയുന്ന മനുഷ്യൻ കൂടിയാണ് ഈ സിനിമാറ്റോഗ്രാഫർ. തന്റെ കയ്യിലെ കലാമൂല്യമുള്ള ആയുധത്തോട് അത്ര ആദരവുണ്ട് വേണുവിന്. ചില സ്ഥലങ്ങളിൽ ക്യാമറ സാധുമനുഷ്യർക്ക് അനാവശ്യമായ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്ന് അറിയുന്ന ഒരാളെ ഈ കാലഘട്ടം വായിക്കാതെ പോകരുത്.

എനിക്കൊരുപാടെഴുതാനും ഒരുപാടു ചിത്രങ്ങൾ പകർത്തി വെക്കാനും തോന്നിപ്പിക്കുന്നു ഈ പുസ്തകം. QR കോഡിന്റെ സഹായം ഇല്ലാതെയും എഴുത്തുകാരൻ സംസാരിക്കുന്നതു നമുക്കു കേൾക്കാം.

ദൽഹിയിലെ കർഷക സമര കാലത്ത് ഈ പുസ്തകം വായിക്കാൻ കഴിഞ്ഞു. അതിനാൽ നഗ്‌നരും നരഭോജികളും എന്ന വിശാല രാഷ്ട്രീയ ധ്വനിയുള്ള ശീർഷകത്തിന്റെ അർഥാന്തരങ്ങളും അടരുകളും കൂടുതൽ തുറന്നു കിട്ടി. അങ്ങനെ ആ വായന സമര കാലത്തിന് ഒരു സമർപ്പണം കൂടിയായി. കാറ്റു പറഞ്ഞതും കവിത പറഞ്ഞതും കള്ളം, കാടു പറഞ്ഞതേ സത്യം എന്നൊരുണർവ്വിൽ വേണുവിനൊപ്പമുള്ള യാത്ര മനസ്സിൽ പതിഞ്ഞു കിടക്കുന്നു.

കാഴ്ചകൾ ഉള്ളിൽ പതിഞ്ഞാൽ പിന്നെ ഭാഷ കൃത്രിമത്വം കൈവെടിയും. വേണു എഴുതുമ്പോഴും പറയുമ്പോഴും അങ്ങനെയാണ്. ഉള്ളിൽ തൊടാത്തതിനെ കുറിച്ചെഴുതുന്നവരുടെ ഭാഷാ ഗിമ്മിക്കുകൾ വേണുവിനാവശ്യമില്ല. സ്വന്തം ക്യാമറയോളം ശക്തവും സത്യസന്ധവുമാണ് ഈ എഴുത്തുകാരന്റെ കണ്ണുകൾ. ദൃശ്യങ്ങളെ സൂചിയിൽ നൂലു കൊണ്ടെന്ന പോലെ കോർത്തു കോർത്തെടുത്ത് അടുക്കി വെക്കുന്നു.

മലയാളത്തിൽ ഈ വർഷം ഞാൻ വായിച്ചതിൽ ഏറ്റവും ആഴവും സൗന്ദര്യവുമുള്ള പുസ്തകമാണ് നഗ്‌നരും നരഭോജികളും. മലയാളത്തിലെ ഏറ്റവും മികച്ച യാത്രാ പുസ്തകവും.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments