ലൈംഗികാക്രമണം, തീയിട്ടുകൊല്ലാൻ ശ്രമം,
പൊലീസുകാരന്റെ മരണം:
സി.കെ. ജാനുവിന്റെ വെളിപ്പെടുത്തൽ
ലൈംഗികാക്രമണം, തീയിട്ടുകൊല്ലാൻ ശ്രമം, പൊലീസുകാരന്റെ മരണം: സി.കെ. ജാനുവിന്റെ വെളിപ്പെടുത്തൽ
ഒരു ഭൂസമരത്തിനെതിരെ രാജ്യത്തുതന്നെ നടന്ന ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമങ്ങളിലൊന്നിനെക്കുറിച്ച്, സി.കെ. ജാനു ‘അടിമമക്ക’ എന്ന ആത്മകഥയിൽ നടത്തുന്ന വെളിപ്പെടുത്തൽ ട്രൂ കോപ്പി വെബ്സീനിൽ വായിക്കാം. തന്നെയും എം. ഗീതാനന്ദനെയും തീ കൊളുത്തി കൊല്ലാൻ പൊലീസ് നടത്തിയ നീക്കത്തെക്കുറിച്ചും ജാനു വെളിപ്പെടുത്തുന്നു. സമരത്തിനിടെ പൊലീസുകാരൻ വിനോദ് രക്തം വാർന്ന് മരിച്ചത്, പൊലീസിന്റെ തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ വെളിപ്പെടുത്തുന്നു.
22 Nov 2022, 03:42 PM
2003ൽ മുത്തങ്ങയിൽ നടന്ന ആദിവാസി ഭൂസമരത്തിനിടെ പൊലീസ് ആദിവാസികൾക്കുനേരെ നടത്തിയ ലൈംഗികപീഡനം അടക്കമുള്ള അതിക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് സമരത്തിന് നേതൃത്വം നൽകിയ സി.കെ. ജാനുവിന്റെ വെളിപ്പെടുത്തൽ.
ട്രൂ കോപ്പി വെബ്സീനിൽ പ്രസിദ്ധീകരിക്കുന്ന ‘അടിമമക്ക’ എന്ന ആത്മകഥയിലാണ്, ഒരു ഭൂസമരത്തിനെതിരെ രാജ്യത്തുതന്നെ നടന്ന ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമങ്ങളിലൊന്നിനെക്കുറിച്ച് വിവരിക്കുന്നത്. തന്നെയും എം. ഗീതാനന്ദനെയും തീ കൊളുത്തി കൊല്ലാൻ പൊലീസ് നടത്തിയ നീക്കത്തെക്കുറിച്ചും സി.കെ. ജാനു വെളിപ്പെടുത്തുന്നുണ്ട്. സമരത്തിനിടെ പൊലീസുകാരൻ വിനോദ് രക്തം വാർന്ന് മരിച്ചത്, പൊലീസിന്റെ തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ വ്യക്തമാക്കുന്നു. വിനോദ് മരിച്ച കേസിൽ ജാനുവിനും ഗീതാനന്ദനുമെതിരെ കേസുണ്ടായിരുന്നു.

‘‘സമരക്കാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം അതിക്രൂരമായി ലാത്തിവെച്ച് അടിച്ചുവീഴ്ത്തുകയും വെടിവെക്കുകയുമാണ് പൊലീസ് ചെയ്തത്. ഗുണ്ടകള്‍ കുറുവടികള്‍ ഉപയോഗിച്ച് ഞങ്ങളെ മര്‍ദ്ദിച്ചു. ഗുണ്ടകളും പൊലീസും ചേര്‍ന്ന് അംഗന്‍വാടിക്ക് തീയിട്ടു. കുട്ടികള്‍ അലറിക്കരഞ്ഞു. കുട്ടികളെയെടുക്കാന്‍ അംഗന്‍വാടിയിലേക്ക് ഓടിവന്ന മാതാപിതാക്കളെ അതിക്രൂരമായി പൊലീസ് അടിച്ചു വീഴ്ത്തി. പൊലീസുകാര്‍ കുറച്ചുനേരം കാടിന്റെ പുറത്തേക്ക് മാറിനിന്നു. അപ്പോള്‍ ഒരു പൊലീസുകാരന്‍ കാലിൽ മുറിവുമായി വീണുകിടക്കുന്നത് കണ്ടു. വല്ലാതെ രക്തം പോയിക്കൊണ്ടിരുന്നു. അന്നേരം തന്നെ നമ്മുടെ ആളുകള്‍ മുണ്ടും തോര്‍ത്തും വലിച്ചുകീറി കെട്ടിക്കൊടുത്തു. അദ്ദേഹം വെള്ളം വേണമെന്ന് പറഞ്ഞു. നമ്മുടെ കയ്യില്‍ വെള്ളമില്ലായിരുന്നു. ഞങ്ങള്‍ വെള്ളമെടുത്തിരുന്ന കുഴിയെല്ലാം പൊലീസുകാര്‍ മണ്ണും ചണ്ടിയുമിട്ട് വെള്ളമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരുന്നു. ഒരു ചെറിയ യൂക്കാലി മുറിച്ച് പാത്രത്തില്‍ കുത്തിനിറുത്തിവെച്ചു. ആ വെള്ളമാണ് പൊലീസുകാരന് കുടിക്കാന്‍ കൊടുത്തത്. എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ഞങ്ങളുടെ പ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു, അല്ലെങ്കില്‍ ആംബുലന്‍സ് വിട്ടുതന്നാൽ ഞങ്ങള്‍ തന്നെ കൊണ്ടുപോയ്‌ക്കൊള്ളാമെന്നും പറഞ്ഞു. പക്ഷേ, അത് പൊലീസ് പരിഗണിച്ചില്ല. വേറെ വാഹനം കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ വന്ന വാഹനത്തെ പൊലീസ് തടഞ്ഞ് തിരച്ചയച്ചു. പൊലീസുകാരനെ രക്ഷിക്കാനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അവരുടെ അനാസ്ഥ കൊണ്ടാണ് വിനോദ് എന്ന പൊലീസുകാരൻ മരിച്ചത്. നമ്മുടെ ആളുകള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തി. അതിനെല്ലാം തടസ്സം നിന്നത് പൊലീസുകാർ തന്നെയാണ്. ആ പൊലീസുകാരന്റെ മരണത്തിനുത്തരവാദി പൊലീസുകാര്‍ തന്നെയാണ്.’’- ജാനു എഴുതുന്നു.
‘‘2003 ഫെബ്രുവരി 18ന് പൊലീസ് മുത്തങ്ങ വളഞ്ഞു. രാവിലെ 8 മണിയായപ്പോള്‍ ആയിരത്തില്‍പരം സായുധ പൊലീസും, ഫോറസ്റ്റുകാരും വാടക ഗുണ്ടകളെയും കൂട്ടി ലാത്തിയും കുറുവടിയുമായി ഇരച്ചുവന്ന് കാണുന്നവരെ അടിച്ചു വീഴ്ത്താൻ തുടങ്ങി.’’

‘‘അതിക്രമം ഉണ്ടായ സമയത്ത് മുത്തങ്ങയില്‍ വന്ന എന്റെ ഒരു സുഹൃത്ത്, പൊലീസിൽനിന്ന് രക്ഷപ്പെടാൻ ഒരു വഴി നിർദ്ദേശിച്ചു: അവിടെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മുളക്കൂട്ടത്തിനുള്ളില്‍ ജാനു ഒളിച്ചോ, കാടും കമ്പും മുളക്കൂട്ടത്തിനു ചുറ്റുമിടാം, ആരും കാണില്ല എന്ന്. ആ സമയത്ത് മുളക്കൂട്ടത്തിനുള്ളില്‍ കയറേണ്ടെന്ന് മനസ്സ് പറഞ്ഞു, പകരം കാട്ടിലേക്ക് പോകാമെന്ന് ഒപ്പമുള്ളവരോട് പറഞ്ഞു. ആ സമയം പൊലീസ് കൂട്ടത്തോടെ ഓടിവന്ന് ആ മുളക്കൂട്ടത്തിനുചുറ്റും പെട്രോൾ ഒഴിച്ച് തീയിട്ടു. വലിയ ശബ്ദത്തോടെ മുളകള്‍ പൊട്ടിത്തെറിച്ച് തീ പടരുമ്പോള്‍ ഞാന്‍ അതിന്റെ സമീപത്തുള്ള കാട്ടിലുണ്ടായിരുന്നു. പൊലീസിന് കിട്ടിയ നിര്‍ദ്ദേശമനുസരിച്ചാണ് അവര്‍ മുളക്കൂട്ടത്തിന് തീയിട്ടത്. കൂടെ നിന്ന് ചതിച്ചവനെ ഞാന്‍ തിരിച്ചറിഞ്ഞു. അയാള്‍ പറഞ്ഞതുപോലെ ഞാൻ മുളക്കൂട്ടത്തിനുള്ളില്‍ കയറിയിരുന്നെങ്കില്‍ വെന്തുമരിക്കുമായിരുന്നു.’’
‘‘സ്ത്രീയെന്നോ പുരുഷനെന്നോ വൃദ്ധരെന്നോ കുഞ്ഞെന്നോ നോക്കാതെ പൊലീസ് ലാത്തിവീശിയടിച്ചു. മൂന്ന് വയസുള്ള കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു. പൊലീസുകാരിലെ കാമവെറിയന്‍മാര്‍ സ്ത്രീകളുടെ മാറിൽ കയറിപ്പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചു. സ്ത്രീകള്‍ ലൈംഗിക പീഡനത്തിനും ഇരയായി. പയ്യമ്പള്ളി കോളനിയില്‍ നിന്ന് വന്നവര്‍ പൊന്‍കുഴി ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. അവിടെവെച്ചാണ് ഞങ്ങളുടെ സഹോദരന്‍ ജോഗി അണ്ണന്‍ പൊലീസുകാരുടെ വെടിയേറ്റുമരിച്ചത്. രണ്ടുദിവസം കഴിഞ്ഞാണ് ജോഗിയണ്ണന്‍ മരിച്ച വിവരം ഞങ്ങളറിഞ്ഞത്. പൊലീസ് മൂന്നുതവണ വെടിവെച്ചു- രാവിലെ ഒന്ന്, ഉച്ചക്ക് ഒന്ന്, വൈകുന്നേരം ഒന്ന്. വൈകുന്നേരം അഞ്ചു മണിക്ക് വെച്ച വെടി എന്നെയും, എം. ഗീതാനന്ദനേയും കൊല്ലാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞ് പിന്നീടറിയാന്‍ സാധിച്ചു.’’
‘‘കൈയ്യില്‍ കിട്ടിയപ്പോള്‍ ഗീതാനന്ദനെയും എന്നെയും തേനീച്ച പൊതിയുന്നതുപോലെയാണ് പൊലീസുകാര്‍ മര്‍ദ്ദിച്ചത്. എവിടെ നിന്നെല്ലാമാണ് അടി വരുന്നതെന്ന് കാണാന്‍ പോലും കഴിഞ്ഞില്ല. ആണ്‍പൊലീസാണ് അടിച്ചതും ഉപദ്രവിച്ചതും. സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ വണ്ടിയിലേക്ക് റോഡില്‍ നിന്ന് ഒറ്റച്ചവിട്ടിന് ഞങ്ങളെ കയറ്റി. നമ്പികൊല്ലിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് നേരിട്ട് നല്ല റോഡുണ്ടായിട്ടും നമ്പികൊല്ലി- കല്ലൂര്‍ റോഡുവഴി നാലുതവണ ചുറ്റിയടിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറോളം ഏതൊക്കെയോ വഴികളിലൂടെ ഞങ്ങളെ കൊണ്ടുപോയി. പൊലീസ് ബസില്‍ മുകളിലെ കമ്പിയില്‍ രണ്ടു കൈയും പിടിച്ച് തൂങ്ങിനിന്നാണ് ഞങ്ങളെ തൊഴിച്ചത്. തലമുടിയോടുകൂടി ചുരുട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയില്‍ തുടരെത്തുടരെ ഇടിച്ചു. എന്റെ തുടയില്‍ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ശരീരത്തില്‍ നിന്ന് ഇറച്ചി കുത്തിപ്പറിച്ചെടുക്കുന്ന വേദനയായിരുന്നു. ലാത്തി വെച്ചും, ബൂട്ടു കൊണ്ടും കൂട്ട മര്‍ദ്ദനമായിരുന്നു. കാലിന്റെ മേല്‍ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച് തിരിച്ചു. അപ്പോള്‍, പ്രാണന്‍ പോകുന്ന പോലെയായിരുന്നു. കണ്ണിന്റെ സൈഡിലുള്ള എല്ലിന് അടികൊണ്ട് കണ്ണ് മിഴിഞ്ഞുപോയി.’’
‘‘ബൂട്ടിട്ട് അടിവയറ്റില്‍ തൊഴിച്ചു. ആ തൊഴിയില്‍ ഞാനറിയാതെ മൂത്രമൊഴിച്ചുപോയി. അടിവയറ്റില്‍ തൊഴി കൊണ്ട് ശരീരത്തില്‍ നിന്ന്കറുപ്പുരക്തം വരാൻ തുടങ്ങി. ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ നിന്ന് ഞങ്ങളെ ബത്തേരി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മോളി എന്ന വനിതാപൊലീസ് എന്റെ നട്ടെല്ലിന് ബൂട്ടിട്ട് ഒറ്റച്ചവിട്ട്. പൊലീസ് സ്റ്റേഷന്‍ മുറ്റത്തേക്ക് ഞാൻ തെറിച്ചുവീണു. വീണുകിടന്ന എന്നെ സ്റ്റേഷനില്‍ വലിച്ചുകേറ്റി. ഭീകരജീവികളെ പോലെ എന്നെയും ഗീതാനന്ദനെയും നാട്ടുകാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.’’
മുത്തങ്ങയിൽ നടന്ന പൊലീസ് നായാട്ട്
സി.കെ. ജാനുവിന്റെ ആത്മകഥ
അടിമമക്ക തുടരുന്നു
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 103ൽ
വായിക്കാം, കേൾക്കാം
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
ഷഫീഖ് താമരശ്ശേരി
Sep 23, 2022
9 Minutes Read
ഷഫീഖ് താമരശ്ശേരി
Aug 31, 2022
7 Minutes Read
ഷഫീഖ് താമരശ്ശേരി
Aug 30, 2022
9 Minutes Watch
കെ. സഹദേവന്‍
Apr 14, 2022
9 Minutes Read