''മത്സ്യത്തൊഴിലാളി 500 രൂപ കിട്ടിയകാലം മറന്ന്ക്ക്ണ്''

കോവിഡ് ഒരു മഹാമാരിയായി മനുഷ്യകുലത്തിന് മുകളിൽ പെയ്തിറങ്ങിക്കൊണ്ടേയിരിക്കുകയാണ്. എല്ലാ തൊഴിൽ മേഖലകളും പ്രതിസന്ധിയിൽ. എല്ലാം പ്രതിസന്ധിയിലാകുമ്പോൾ എന്ത് കൊണ്ട് കടലോരത്തേക്കുറിച്ച് പ്രത്യേകം പറയണം എന്ന ചോദ്യമുയരാം. അതിനുത്തരം കടലോര ജനതയുടെ ശബ്ദമാണ്. അവരകപ്പെട്ട ദുരിതക്കയത്തിന്റെ, നമുക്ക് ഊഹിക്കാൻ കഴിയാത്ത ആഴമാണ്. കടലിൽ പോക്ക് തീരെ കുറവാണ്. കോവിഡ് മാത്രമല്ല, പ്രകൃതി ക്ഷോഭം, ഇന്ധന വില വർദ്ധനവ് എല്ലാം തകിടം മറയ്ക്കുന്നു കടലോര ജീവിതത്തെ.

വള്ളവും വലയും വാങ്ങാനും എഞ്ചിൻ നന്നാക്കാനും വീട്ടാവശ്യത്തിനും ലോണെടുത്തവർ അതിന്റെ ഉയരുന്ന പലിശ കണ്ട് ഇനിയെന്ത് എന്ന ചിന്തയിൽ കടലിനെത്തന്നെ നോക്കി നിൽക്കുന്നു. ഇന്ധന വില വർധനവും കോവിഡ് പ്രതിസന്ധിയും അവശ്യ സാധനങ്ങളുടെ വില വല്ലാതെ വർദ്ധിക്കാൻ കാരണമായി.

ജപ്തി നോട്ടീസ് ഡെമോക്ലസിന്റെ വാള് പോലെ ഓരോ വീട്ടിലും ദു:സ്വപ്‌നമാകുന്നു. ഏതെങ്കിലും ഒരു കടലോരത്തിന്റെ ശബ്ദമല്ല ഇത്. നമ്മുടെ നാടിന്റെ പടിഞ്ഞാറേ തീരം അതി ഗുരുതരമായ ജീവിത പ്രതിസന്ധിയിലാണ്. അവരാ ജീവിതം പറയുന്നു.

Comments