വൻകിട കമ്പനികൾക്ക്
വാരിക്കോരി,
കർഷകർക്ക് ജപ്തി
വൻകിട കമ്പനികൾക്ക് വാരിക്കോരി, കർഷകർക്ക് ജപ്തി
ബാങ്കുകളുടെ നിഷ്‌ക്രിയാസ്തിക്ക് കാരണക്കാരായ വന്‍കിട കമ്പനികളെ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാനോ അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടാനോ അല്ല മറിച്ച്, നിഷ്‌ക്രിയാസ്തിക്ക് കാരണക്കാരായി രാജ്യത്തെ കോടിക്കണക്കായ കര്‍ഷകരെ പ്രതിഷ്ഠിക്കാനും അവരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും ഉള്ള തീരുമാനമാണ് സര്‍ക്കാരുകള്‍ കൈക്കൊണ്ടത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ നീരാളിക്കൈകളാല്‍ വരിഞ്ഞുമുറിക്കിക്കഴിഞ്ഞ ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിനുമപ്പുറത്തേക്ക് നീളുന്ന ബിസിനസ് ഒളിഗാര്‍ക്കിയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ രണ്ടാം ഭാഗം.
29 Jan 2023, 11:51 AM
ചങ്ങാത്ത മുതലാളിത്തം മോദി ഭരണത്തിൽ
അഴിമതി, സ്വജനപക്ഷപാതം, ചങ്ങാത്ത മുതലാളിത്തം എന്നിങ്ങനെ പരമ്പരാഗതമായി ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ നടമാടിക്കൊണ്ടിരുന്ന സാമ്പത്തിക ക്രമക്കേടുകള്‍ നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴിലെത്തുമ്പോഴേക്കും അവയുടെ ആഴവും പരപ്പും നാളിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലാത്തവിധം ഭീകരമായിക്കഴിഞ്ഞിരുന്നു. അഴിമതിയെ മുഖ്യ തെരഞ്ഞെടുപ്പു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ വിവിധ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള ഇടപെടല്‍ ബി.ജെ.പിയുടെ കാര്‍മികത്വത്തില്‍ നടന്നു. സിനിമാലോകം തൊട്ട് മാധ്യമങ്ങള്‍ വരെ, പുതിയ ജനകീയ മുന്നേറ്റങ്ങള്‍ തൊട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ അഴിമതിക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്നു. അഴിമതിയെ സംബന്ധിച്ച് ജനമനസ്സില്‍ വളന്നുവന്ന രോഷങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് സാധിക്കുകയും വിവിധ പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ നിര്‍മ്മിച്ച പ്രതിച്ഛായയുമായി കേന്ദ്ര ഭരണത്തിലേക്ക് നരേന്ദ്ര മോദി കടന്നെത്തുകയും ചെയ്തു. എന്നാല്‍ റഫേല്‍ പ്രതിരോധ അഴിമതി അടക്കം നാളതുവരെ കാണാത്ത തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളുടെ പരമ്പര തന്നെ സൃഷ്ടിക്കുകയായിരുന്നു മോദി ചെയ്തത്.
ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഏറ്റവും സുപ്രധാനമായ ബാങ്കിംഗ് മേഖലയെത്തന്നെ വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കൊള്ളയടിക്കാന്‍ തുറന്നിട്ടുകൊടുക്കുകയായിരുന്നു മോദി ഗവണ്‍മെന്റ് ചെയ്തത്. മോദി ഭരണത്തിന്‍ കീഴില്‍ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വമ്പന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വിജയ്മല്യ (9000 കോടി രൂപ), നീരവ് മോദി, അമി മോദി, നീഷാല്‍ മോദി, മെഹുല്‍ ചോക്‌സി (12,636 കോടി രൂപ), ജതിന്‍ മേഹ്ത (7,000 കോടി രൂപ), ചേതന്‍ ജയന്തിലാല്‍, നിതിന്‍ ജയന്തിലാല്‍ (5000 കോടിരൂപ), നിലേഷ് പരേഖ് (2223 കോടിരൂപ), റിതേഷ് ജെയിന്‍(1500കോടി രൂപ) തുടങ്ങി 29ലധികം ആളുകളാണ് ആയിരക്കണക്കിന് കോടി രൂപ പൊതുമേഖലാ ബാങ്കുകളെ വെട്ടിച്ച് നാടുവിടുകയോ കേസുകളില്‍ പ്രതികളായി രാജ്യം വിടാന്‍ തയ്യാറായി നില്‍ക്കുകയോ ചെയ്യുന്നത്. ഈ വഞ്ചകന്മാര്‍ക്ക് അതിനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍ ആണെന്നുള്ളതിനുള്ള നിരവധി തെളിവുകള്‍ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ ഔദ്യോഗിക സംഘത്തോടൊപ്പം നീരവ് മോദി പങ്കെടുത്തതും, വിജയ് മല്യയ്ക്ക് രാജ്യംവിടാനുള്ള ഒത്താശകള്‍ ചെയ്തുകൊടുത്തത് ധനകാര്യമന്ത്രിയായിരുന്നുവെന്നതും മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞു. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടും അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച രഘുറാം രാജന്‍ പില്‍ക്കാലത്ത് ആരോപിക്കുകയുണ്ടായി.

നിഷ്‌ക്രിയാസ്തി, പൊതുമേഖലാ ബാങ്കുകള്‍, മൂലധന പുനര്‍വിന്യാസം
ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍, പ്രധാനമായും പൊതുമേഖലാ ബാങ്കുകള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, ബാങ്കേതര ധനകാര്യ കമ്പനികള്‍ എന്നിവ, പതിറ്റാണ്ടുകളായി തികച്ചും അവ്യകതവും അതാര്യവുമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരികയാണെന്ന ആരോപണങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ തന്നെയുള്ള പ്രമുഖര്‍ നിരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സാമ്പത്തിക സഹായം അനുവദിക്കുക (അത് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്ന് കാണാം.) സ്വന്തക്കാരായ ബിസിനസ് ഗ്രൂപ്പുകളുടെ താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം കൃത്യമായ ഇടവേളകളില്‍ സ്റ്റോക്ക് മാര്‍ക്കറ്റിന് കൃത്രിമ പിന്തുണ നല്‍കുന്നതും ചങ്ങാത്ത മുതലാളിത്തത്തിന്റെ കാണാച്ചരടുകള്‍ തന്നെയാണ്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാഴ്ത്തുന്ന വിധത്തില്‍ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി (Non Performing Asset- NPA) വര്‍ഷാവര്‍ഷം ഭീമാകാരം പൂണ്ടുവരികയാണ്. 2022 ആഗസ്റ്റിലെ കണക്കനുസരിച്ച് ഇന്ത്യയുടെ നിഷ്‌ക്രിയാസ്തി 10.25 ലക്ഷം കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ നിഷ്‌ക്രിയാസ്തി നിലനില്‍ക്കുന്നത് പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെന്നും വര്‍ദ്ധിച്ച നിഷ്‌ക്രിയാസ്തിയുള്ള 12 ബാങ്കുകളില്‍ 11 ഉം പൊതുമേഖലയിലാണെന്നും ഉള്ള വസ്തുത പൗരരുടെ നിക്ഷേപങ്ങള്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്യുകയാണ് മോദി സര്‍ക്കാര്‍ എന്നത് വ്യകതമാക്കുന്നുണ്ട്.
നിഷ്‌ക്രിയാസ്തി പ്രശ്‌നത്തെ വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലൂടെയും കള്ളങ്ങളിലൂടെയും നേരിടാനാണ് ബി.ജെ.പിയും മോദിയും ശ്രമിച്ചത്. നിഷ്‌ക്രിയാസ്തി വിഷയവുമായി ബന്ധപ്പെട്ട് മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഇതിന് നല്ല ഉദാഹരണമാണ്. ‘‘നിഷ്‌ക്രിയാസ്തി പ്രശ്‌നത്തിന് 100ശതമാനം ഉത്തരവാദികള്‍ യു.പി.എ സര്‍ക്കാരാണ്. 2014ലെ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി അവര്‍ പ്രഖ്യാപിച്ച പോലെ 36 അല്ല പകരം 82 ആണ്. 2014ലെ നിഷ്‌ക്രിയാസ്തി 52 ലക്ഷം കോടി രൂപയാണ്. ഞങ്ങളുടെ ഭരണത്തിന്‍ കീഴില്‍ ഒരൊറ്റ ലോണും നിഷ്‌ക്രിയാസ്തിയായി മാറിയിട്ടില്ല'' എന്നാണ് മോദി പാര്‍ലമെന്റില്‍ (2018 ഫെബ്രുവരി ഏഴിലെ പ്രധാനമന്ത്രിയുടെ പാര്‍ലമെൻറ് പ്രസംഗത്തില്‍ നിന്ന്)പ്രസംഗിച്ചത്.

തെരുവില്‍ പ്രസംഗം നടത്തുന്ന അതേ ഉത്തരവാദിത്വമില്ലായ്മയാണ് ഇവിടെ മോദി പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് വ്യകതം. യഥാര്‍ത്ഥത്തില്‍ 2014-ല്‍ പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ മൊത്തം അഡ്വാന്‍സ് തുകയാണ് മോദി നിഷ്‌ക്രിയാസ്തിയെന്ന് നിലയില്‍ ചൂണ്ടിക്കാട്ടിയത്. റിസര്‍വ്വ് ബാങ്ക് ഡാറ്റ അനുസരിച്ച് 2013-14 വര്‍ഷത്തെ മൊത്തം അഡ്വാന്‍സ് തുക 52 ലക്ഷം കോടി രൂപയായിരുന്നു. ‘‘തങ്ങളുടെ ഭരണത്തില്‍ ഒരൊറ്റ ലോണും നിഷ്‌ക്രിയാസ്തിയായി മാറിയിട്ടില്ല'' എന്ന പ്രസ്താവനയും ശുദ്ധ നുണയാണെന്ന് റിസര്‍വ്വ് ബാങ്ക് ഡാറ്റ തെളിവുനല്‍കുന്നുണ്ട്. മോദി അധികാരത്തില്‍ വന്നതിന്റെ രണ്ടാം വര്‍ഷമായപ്പോഴേക്കും ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 3.8 ശതമാനത്തില്‍ നിന്ന് 7.5 ശതമാനം ആയി ഉയര്‍ന്നുവെന്നാണ് ആര്‍.ബി.ഐ പറയുന്നത്. മുന്‍കാലത്തേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വരും ഇത്. നിഷ്‌ക്രിയാസ്തിയുടെ കാര്യത്തില്‍ മറ്റൊരു കാര്യംകൂടി സംഭവിച്ചിട്ടുണ്ട്. യു.പി.എക്കാലത്ത് അനുവദിക്കപ്പെട്ട വന്‍കിട ലോണുകള്‍ മോദികാലത്ത് ‘ബാഡ് ലോണുകള്‍' ആയ സംഭവങ്ങളും കാണാന്‍ കഴിയും. 2014ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് അനുവദിച്ച ലോണ്‍ 2017ല്‍ പിഴവ് വരുത്തുകയുണ്ടായി. ടെലികോം മേഖലയിലെ സാമ്പത്തിക കുഴമറിച്ചലുകള്‍ ആ മേഖലയില്‍ നിന്നുള്ള നിഷ്‌ക്രിയാസ്തിയുടെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പശ്ചാത്തല വികസന മേഖലയിലെ മൊത്തം നിഷ്‌ക്രിയാസ്തിയില്‍ 2016-17 കാലയളവില്‍ 8.7 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 കാലയളവില്‍ ഇത് അഞ്ച് ശതമാനമായിരുന്നു.
ബാങ്കുകളുടെ നിഷ്‌ക്രിയാസ്തിക്ക് കാരണക്കാരായ വന്‍കിട കമ്പനികളെ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാനോ അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടാനോ അല്ല മറിച്ച്, നിഷ്‌ക്രിയാസ്തിക്ക് കാരണക്കാരായി രാജ്യത്തെ കോടിക്കണക്കായ കര്‍ഷകരെ പ്രതിഷ്ഠിക്കാനും അവരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും ഉള്ള തീരുമാനമാണ് സര്‍ക്കാരുകള്‍ കൈക്കൊണ്ടത്. ചില ഉദാഹരണങ്ങള്‍ നോക്കുക.
പഞ്ചാബ് അഗ്രിക്കള്‍ച്ചര്‍ ബാങ്ക് 12,625 കര്‍ഷകര്‍ക്ക് അവരുടെ ഭൂമി കണ്ടുകെട്ടുമെന്നറിയിച്ച് നോട്ടീസ് അയച്ചു. ഈ കര്‍ഷകര്‍ മുഴുവന്‍ ചേര്‍ന്ന് ബാങ്കിന് തിരിച്ചടക്കാനുള്ള തുക 232 കോടി ഏഴു ലക്ഷം രൂപയാണ്. എന്നാലതേസമയം നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ആധുനിക് മെറ്റാലിക് ലിമിറ്റഡിന് അവര്‍ അടക്കാനുള്ള 5,370 കോടി രൂപയില്‍ 92 ശതമാനത്തിന്റെ ഇളവ് അനുവദിച്ചു. ഈ കമ്പനി കേവലം 410 കോടി രൂപ അടച്ചാല്‍ മതിയെന്നായി. 4960 കോടി രൂപയുടെ കടമാണ് കമ്പനിക്ക് ഇളവായി അനുവദിച്ചത്. മറ്റൊരു ഉദാഹരണം കൂടി നോക്കുക: AION & JSW Steel Limitedന് കടത്തിന്റെ 75 ശതമാനം ഇളവ് നല്‍കി, അതായത് ബാങ്കിന് നല്‍കാനുള്ള 11,014 കോടി രൂപയില്‍ 2,457 കോടി രൂപ അടച്ച് കടം സെറ്റില്‍ ചെയ്യാന്‍ കമ്പനിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബാങ്ക് അധികൃതര്‍!

നീരവ് മോദിയും മെഹുല്‍ ചോക്‌സിയും അടങ്ങുന്ന സംഘം പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ച് അടിച്ചുമാറ്റിയ തുക 12,636 കോടിയോളം വരും. എന്നാല്‍ അതേ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 71,432 കര്‍ഷകര്‍ 1368.87 കോടി രൂപയുടെ കടമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ കര്‍ഷകര്‍ ഇപ്പോള്‍ ബാങ്കിന്റെ നിരീക്ഷണത്തിലാണ്. റിസര്‍വ്വ് ബാങ്കിന്റെ കണക്കനുസരിച്ച്, 70 വന്‍കിട കമ്പനികള്‍ തിരിച്ചടക്കാനുള്ള കടം: 3.6 ലക്ഷം കോടി രൂപയാണ്. ഈ കടം തിരിച്ചടക്കുന്നതില്‍ ഇളവ് അനുവദിക്കണമെന്ന ശുപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തു. HAIR CUT എന്നാണ് ഇതിന്റെ ഓമനപ്പേര്. ഗുജറാത്തിലെ മൂന്ന് പവര്‍ പ്രൊജക്ട് കമ്പനികളായ ടാറ്റാ, അഡാനി, എക്‌സോണ്‍ എന്നിവരുടെ മൊത്തം കടം 22,000 കോടി രൂപയാണ്; അവര്‍ക്ക് 10,000 കോടി രൂപയുടെ ഇളവുനല്‍കാന്‍ തീരുമാനമായിരിക്കുകയായിരുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 10.25 ലക്ഷത്തോളം വരുന്ന ‘കിട്ടാക്കട'ങ്ങളില്‍ 70 ശതമാനവും വന്‍കിട കോര്‍പ്പറേറ്റു കമ്പനികളുടേതാണെന്നും കടം വീട്ടാന്‍ വീഴ്ച വരുത്തിയ കര്‍ഷകരുടെ സംഖ്യ ഒരു ശതമാനം മാത്രമേ വരൂ എന്നതാണ്. (2020ന് മുമ്പുള്ള കണക്കുകളാണിത്).

സമ്പന്ന വര്‍ഗത്തിന് സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കുകയും സാധാരണ ജനങ്ങള്‍ക്കുനേരെ ജപ്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ബാങ്കുകളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമല്ലെന്ന് ഭരണാധികാരികള്‍ക്ക് നന്നായറിയാവുന്നതാണ്. പൊതുമേഖലാ ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച ഉപാധികളിലൊന്ന് മൂലധന പുനര്‍വിന്യാസ(Recapitalisation)വും മറ്റൊന്ന് തകര്‍ച്ച നേരിടുന്ന ബാങ്കുകളുടെ നിക്ഷേപകരെ ‘ബെയല്‍- ഇന്‍' ചെയ്യുകയും ചെയ്യുക എന്നതാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാന്‍ സഹായം ചെയ്തുകൊടുത്തതിനുശേഷം, അവ തിരിച്ചുപിടിക്കുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിക്കാതെ പൊതുഖജനാവില്‍ നിന്ന് 2.11 ലക്ഷം കോടി രൂപ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. 2017 ഒക്ടോബറില്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനത്തിലൂടെ, റീകാപിറ്റലൈസേഷന്‍ ബോണ്ടുകളിലൂടെയും ബാങ്കുകളുടെ ഷെയറുകള്‍ സര്‍ക്കാര്‍ വാങ്ങുന്നതിലൂടെയും, വിപണിയില്‍ നിന്ന് ബാങ്കുകള്‍ നേരിട്ട് പണം സ്വരൂപിക്കുന്നതിലൂടെയും ഇത്രയും തുക സമാഹരിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഗുരുതരമായ ‘ലിക്വിഡിറ്റി' പ്രതിസന്ധിയും മൂലധനാനുപാതത്തിലെ വിള്ളലും കടം നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നുണ്ട്. മൂലധന പുനര്‍വിന്യാസം പോലുള്ള ഫൈനാന്‍ഷ്യല്‍ എഞ്ചിനീയറിംഗ് സൂത്രപ്പണികള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ലെന്ന് അതിന്റെ വക്താക്കള്‍ക്ക് തന്നെ ബോദ്ധ്യമുള്ള സംഗതിയാണ്. അതുകൊണ്ടുതന്നെ ബെയ്ല്‍-ഇന്‍ പോലുള്ള നടപടികളിലേക്ക് തിരിയാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. നിക്ഷേപകരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ നിക്ഷേപത്തുക ബാങ്കിന്റെ ആസ്തിയാക്കി മാറ്റാന്‍ സഹായിക്കുന്ന നടപടിയാണ് ബെയ്ല്‍-ഇന്‍. ഇതിനാവശ്യമായ ബില്ലാണ് 2017ല്‍ ‘ഫൈനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആൻറ് ഡെപോസിറ്റ് ഇന്‍ഷ്വറന്‍സ് ബില്‍' (FRDI Bill- 2017) എന്ന പേരില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.

രാജ്യത്തെ 63ത്തോളം വരുന്ന ജനവിഭാഗം പൊതുമേഖലാ ബാങ്കുകളെയാണ് ആശ്രയിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈയൊരു ബില്ലിനോടുള്ള എതിര്‍പ്പ് ശകതമായിരുന്നു. നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും ശകതമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ നിയമമാക്കുവാനുള്ള തീരുമാനം സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു എന്നത് ആശ്വാസകരമായ സംഗതിയാണ്.
തുടരും
(റെഡ് ഇങ്ക് പബ്ലിക്കേഷന്‍സ്, കോഴിക്കോട് പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' എന്ന പുസ്തകത്തില്‍ നിന്ന്)
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Feb 19, 2023
5 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read