ജനാധിപത്യം എന്ന വാക്കുപോലും
അസാധ്യമാക്കുന്ന
കലാപത്തെരുവ്
ജനാധിപത്യം എന്ന വാക്കുപോലും അസാധ്യമാക്കുന്ന കലാപത്തെരുവ്
മനുഷ്യരെ പച്ചക്ക് കുത്തിക്കീറുകയും വെടിവെച്ചുകൊല്ലുകയും ചെയ്ത വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് ദൃക്‌സാക്ഷിയായ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ പറയുന്നു, 'രാജ്യത്തെ ഭരണസംവിധാനം ഒന്നാകെ ഒരു സമൂഹത്തിന് അന്യമായിരിക്കുന്നു എന്നതിന്റെ കാഴ്ചയാണിത്'. പ്രമുഖ രാഷ്ട്രീയ- മനുഷ്യാവകാശപ്രവര്‍ത്തകരെ പ്രതികളാക്കി ഭരണകൂടം വേട്ട തുടരുമ്പോള്‍, വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ വസ്തുതകളിലേക്ക് ഒരന്വേഷണം
8 Apr 2020, 10:03 AM
ഗോകുല്‍പുരിയില്‍നിന്ന് അന്‍സാര്‍ അഹമ്മദ് വിളിക്കുമ്പോള്‍ രണ്ടുമണി കഴിഞ്ഞിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ നിലവിളികള്‍ ചെവിയില്‍നിറഞ്ഞു. നിമിഷങ്ങള്‍ക്കകം കോള്‍ കട്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജഫ്റാബാദ് മെട്രോ സ്റ്റേഷനുതാഴെ നടന്നിരുന്ന സമരത്തിലാണ് അന്‍സാറിനെ പരിചയപ്പെട്ടത്. കലാപം തുടങ്ങുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ഫെബ്രുവരി 23 ഞായറാഴ്ച ഒരുകൂട്ടം ആളുകള്‍ സരപ്പന്തലിലേക്ക് കല്ലെറിയുന്നു എന്ന് വിളിച്ചു പറഞ്ഞതും അവനായിരുന്നു. ശക്തമായ കല്ലേറില്‍ ഞാനുള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ സുരക്ഷിത സ്ഥലത്തെത്തിക്കാന്‍ സഹായിച്ചത് അന്‍സാറും സുഹൃത്തുക്കളുമായിരുന്നു. തിങ്കളാഴ്ച രാവിലെ അവനോട് സംസാരിച്ചപ്പോഴും ഇപ്പോള്‍ ശാന്തമാണ് എന്നായിരുന്നു മറുപടി.
ഫോണ്‍ വീണ്ടും ബെല്ലടിച്ചു. വലിയ നിലവിളികള്‍ക്കിടയില്‍ അന്‍സാറിന്റെ ശബ്ദം അവ്യക്തമാണ്; 'അവര്‍ ഞങ്ങളെ കൊല്ലും' എന്ന് മാത്രം കേട്ടു. പിന്നീട് ആ ഫോണ്‍ ശബ്ദിച്ചതേയില്ല. അടുത്ത നിമിഷം തന്നെ ഗോകുല്‍പുരിയിലേക്ക് തിരിച്ചു. ബ്ലോക്ക് ഒഴിവാക്കാന്‍ ബൈക്കാണെടുത്തത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡല്‍ഹിയിലുള്ളതിനാല്‍ സുരക്ഷ അതിശക്തം. വഴിനീളെ പൊലീസും അര്‍ധസൈനികരും. ട്രംപിനായി മോഡിപിടിപ്പിച്ച തെരുവോരങ്ങളിലെ മതിലുകള്‍ ഡല്‍ഹിയിലുമുണ്ട്. നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങള്‍ അടച്ചിട്ട്, കടന്നുവരുന്ന വഴികളെല്ലാം ഭദ്രമാക്കി, യു.എസ് പ്രസിഡന്റിന് അതിശക്തമായ സുരക്ഷയാണ് രാജ്യം ഒരുക്കിയത്. തലസ്ഥാന നഗരത്തിന്റെ കെട്ടുകാഴ്ച്ചകള്‍ പിന്നിട്ട് മുന്നോട്ട് പോകും തോറും പൊലീസ് സാന്നിധ്യം കുറഞ്ഞുവന്നു.

സിഗ്നേച്ചര്‍ ബ്രിഡ്ജ് കടന്ന് ഗോകുല്‍പുരിയിലേക്കുള്ള റോഡിലെത്തിയപ്പോള്‍ ആ കാഴ്ച കണ്ട് തരിച്ചുപോയി. കാര്‍മേഘം നീലാകാശത്തെ വിഴുങ്ങുന്നതുപോലെ കറുത്ത പുകയില്‍ ആ പ്രദേശം മൂടിക്കിടക്കുന്നു. മുന്നോട്ട് പോയേതീരൂ എന്ന് ഒരുതരം വിറയലോടെ മനസ്സിലുറപ്പിച്ചു. അല്‍പം ദൂരെ ഏതാനും പൊലീസുകാര്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ട്. എന്നെയും തടഞ്ഞപ്പോള്‍, മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞു. 'എന്തെങ്കിലും ചെയ്യ്' എന്ന ദേഷ്യത്തോടെ വഴിമാറിത്തന്നു.
വിജനമായിരുന്നു നാലുവരി പാത. പോകെപ്പോകെ കറുത്ത പുക കണ്ണില്‍ നിറയാന്‍ തുടങ്ങി. ദൂരെനിന്ന് നേര്‍ത്ത ആക്രോശങ്ങള്‍ ഹെല്‍മെറ്റിനുള്ളിലൂടെ തുളഞ്ഞുകയറുന്നു. വളവ് തിരിഞ്ഞ് മുന്നോട്ട് പോയപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചു. കുറെ പേര്‍ മാരകായുധങ്ങളുമായി റോഡില്‍ തടിച്ചുകൂടി നില്‍ക്കുന്നു. എന്നെ കണ്ടതും ഏതാനും പേര്‍ ഓടിയെത്തി വണ്ടി തടഞ്ഞു. നിമിഷനേരംകൊണ്ട് എനിക്കുചുറ്റും വലിയ ആള്‍കൂട്ടമായി, അവര്‍ എന്നെ പൊതിഞ്ഞു നിന്നു. വിറങ്ങലിച്ചുപോയി. അടിക്കാന്‍ ഇരുമ്പുവടി ഓങ്ങിയ ചെറുപ്പക്കാരനെ മധ്യവയസ്‌കനായ ഒരാള്‍ തടഞ്ഞു; 'നില്‍ക്ക് ചോദിക്കട്ടെ, എന്നിട്ടാകാം' എന്നു പറഞ്ഞ് അയാള്‍ എനിക്കുനേരെ വന്ന മറ്റുള്ളവരെയും തടഞ്ഞു. ചോദ്യം ഒന്നു മാത്രമായിരുന്നു, 'നീ ഹിന്ദുവാണോ?'. 'അതെ' എന്ന് മറുപടി പറഞ്ഞപ്പോള്‍ തെളിവ് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നു എന്ന് തോന്നിയപ്പോള്‍ ഉടന്‍ മീഡിയ കാര്‍ഡ് കാണിച്ചു. 'ഹിന്ദുവാണ്' എന്ന് അയാള്‍ ആള്‍ക്കൂട്ടത്തിനോട് വിളിച്ചു പറഞ്ഞു. എന്നിട്ടും അയാളുടെ മുഖത്ത് എന്നോടുള്ള അവിശ്വാസം പ്രകടമായിരുന്നു.

ആരായാലും ജയ് ശ്രീറാം വിളിപ്പിച്ചിട്ട് വിട്ടാല്‍ മതി എന്ന് ആരോ പറഞ്ഞു. കേള്‍ക്കേണ്ട താമസം, എന്റെ കാര്‍ഡ് പരിശോധിച്ച ആള്‍തന്നെ മുഖാമുഖം നിന്ന് 'ജയ് ശ്രീറാം' വിളിക്ക് എന്നാക്രോശിച്ചു. അയാളുടെ വായയില്‍ നിന്ന് ദുര്‍ഗന്ധം മൂക്കിലേക്ക് കുത്തിക്കയറി. മുഖം നിറയെ അയാള്‍ ചവച്ചുകൊണ്ടിരുന്ന വെറ്റിലയും തുപ്പലും. ഉടന്‍ തൊണ്ട പൊട്ടി ഞാനും 'ജയ് ശ്രീറാം' വിളിച്ചു. എന്റെ അലര്‍ച്ച അവര്‍ക്കുമുകളിലൂടെ പാഞ്ഞുപോയി. എന്റെ നേരെ തിരിഞ്ഞ് അവര്‍ അതേറ്റുവിളിച്ചു. ആ നിമിഷം അവര്‍ എന്നെയും തങ്ങളില്‍ ഒരാളായി കണ്ടു, മുന്നോട്ട് നടന്നുപോകാന്‍ അനുവാദവും തന്നു. അവര്‍ അവസാനമായി ഓര്‍മിപ്പിച്ചു, 'ഹിന്ദുവിന് എതിരെ ഒന്നിനും തുനിയരുത്, അപകടമാണ്', മുഖത്തു തെറിച്ച വെറ്റില ചവച്ച തുപ്പല്‍ കൈകൊണ്ട് തുടക്കുന്നതിനിടെ ഞാന്‍ 'തലയാട്ടി'. മുഖം തുടച്ച കൈ അപ്പോള്‍ ചോരയില്‍ മുക്കിയപോലെ ചുവന്നിരുന്നു.

മതം പൊട്ടിയ മനുഷ്യര്‍
അടുക്കും തോറും കറുത്ത പുകക്കുള്ളില്‍നിന്ന് തീ ആളിക്കത്തുന്നത് കാണാന്‍ തുടങ്ങി. കരിഞ്ഞ ഗന്ധം മത്ത് പിടിപ്പിച്ചു. ഭയം മൂര്‍ധന്യാവസ്ഥയിലായി. ഭ്രാന്ത് പിടിച്ചപോലെ ആള്‍ക്കൂട്ടം കണ്ണില്‍ കണ്ടതെല്ലാം ചുട്ടെരിക്കുന്നു. പൊലീസിന്റെ പൊടി പോലുമില്ല എന്നത് ഭയം ഇരട്ടിപ്പിച്ചു. കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി. മുന്നിലെ കാഴ്ചകള്‍ അത്രമേല്‍ ഭീതിജനകമാണ്. അക്രമികളില്‍നിന്ന് അകലം പാലിച്ച് മറവിലേക്ക് നിന്നു.
റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ് കത്തിച്ച് അവര്‍ മുന്നോട്ട് കുതിച്ചു. ഒരേ ഭ്രാന്തുപിടിച്ച ആയിരക്കണക്കിന് മനുഷ്യര്‍ ഓരോന്നും കത്തിക്കുമ്പോഴും 'ജയ് ശ്രീറാം' എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. റോഡരികിലെ മുസ്‌ലിം പള്ളിക്ക് നേരെ പെട്രോള്‍ ബോബ് എറിയുമ്പോഴും അവരത് ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടേയിരുന്നു. ചെറിയ കുട്ടികളെകൊണ്ടാണ് ബോംബ് എറിയിക്കുന്നത് എന്നതും നടുക്കം കൂട്ടി. പള്ളിയുടെ തൊട്ടുമുന്‍പില്‍ പൊലീസ് സ്റ്റേഷനാണ്. അപ്പോള്‍ അത് ആളൊഴിഞ്ഞ ഒരു കെട്ടിടം മാത്രമായിരുന്നു. ഞാന്‍ നില്‍ക്കുന്ന റോഡിന്റെ വലതുഭാഗത്ത് ഭൂരിപക്ഷ മത വിഭാഗങ്ങള്‍ താമസിക്കുന്ന ഇടവും, ഇടതുഭാഗത്ത് ന്യുനപക്ഷങ്ങളുമാണ്. അവര്‍ റോഡില്‍ നിന്ന് ഇരച്ചു കയറിയതും മുസ്ലിം ഗലികളിലേക്ക് തന്നെയായിരുന്നു. പ്രധാന റോഡിനോടുചേര്‍ന്ന് രണ്ട് സഹോദരങ്ങള്‍ ഒരുമിച്ച് നടത്തുന്ന ഫ്രൂട്‌സ് കടയാണ്. നൂറോളം അക്രമികള്‍ ആര്‍ത്തുവന്ന് കടയുടെ ഷട്ടര്‍ വലിയ ഇരുമ്പ് വടികള്‍ കൊണ്ട് കുത്തി തുറന്ന് ഉള്ളിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ കട വലിയൊരു അഗ്നിഗോളമായി. ആളിക്കത്താന്‍ വീണ്ടും വീണ്ടും അവര്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ എറിഞ്ഞുകൊണ്ടേ ഇരുന്നു.

ഇതേസമയം ഗലികളില്‍ നിന്ന് ഇറങ്ങി വന്നവര്‍ തിരിച്ച് കല്ലെറിയാനും തുടങ്ങിയിരുന്നു. എന്നാല്‍ ആസിഡ് ബോംബ് ഉള്‍പ്പെടെ കരുതിവന്നവര്‍ക്കുമുന്നില്‍ അവര്‍ക്ക് ഓടിയൊളിക്കേണ്ടി വന്നു. ഗലികളിലേക്ക് കയറുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചോളം ഉന്തുവണ്ടികള്‍ നിന്നുകത്തുകയാണ്. കറുത്ത് കട്ടപിടിച്ച പുക അവിടമാകെ പരന്നു. പിന്നീട് ഒന്നും കാണാന്‍ സാധിച്ചില്ല, കൊലവിളി ഇരമ്പലായി കേട്ടുകൊണ്ടിരുന്നു.
നിമിഷങ്ങള്‍ക്കകം ആ ശബ്ദം കുറഞ്ഞു വന്നു. അവര്‍ പോയിക്കാണും എന്ന ആശ്വാസം നൈമിഷികമായിരുന്നു. സംഭവിച്ചത് മറ്റൊന്നായിരുന്നു. കലാപകാരികള്‍ ഗൂപ്പുകളായി തിരിഞ്ഞ് ഗലികളിലേക്ക് കയറുകയായിരുന്നു. കുറച്ചുപേര്‍ മാരകായുധങ്ങളുമായി പുറത്ത് കാവലുണ്ട്. അവര്‍ ഇനി ചോദ്യങ്ങളില്ലാതെ എന്നെയും ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു. അനങ്ങാതെ ഇരുട്ടും വരെ അവിടെതന്നെ നിന്നു. മണിക്കൂറുകള്‍ക്ക് ശേഷം നൂറുകണക്കിന് പൊലീസുകാരെത്തി, ഒന്നും സംഭവിക്കാത്ത മട്ടില്‍ അവിടവിടങ്ങളിലായി നിലയുറപ്പിച്ചു. പിന്നെ അഗ്നിശമനസേനയുടെ വാഹനങ്ങളുമെത്തി. ചാരത്തിലേക്ക് അവര്‍ വെള്ളമൊഴിച്ചു. ആ ജലമെല്ലാം പാഴായി, ഒന്നും തിരിച്ചെടുക്കാനില്ലാത്തവിധം എല്ലാം ചാമ്പലായിരുന്നു. കലാപം നടക്കുന്ന ഗലികളിലേക്ക് പൊലീസ് കയറിയതേയില്ല. ആരോപിക്കപ്പെടുന്നതുപോലെ ഇത് പൊലീസിന്റെ കൂടി നേതൃത്വത്തില്‍ സംഘപരിവാര്‍ നടത്തിയ നരവേട്ടയാണെന്ന് മനസ്സിലാക്കേണ്ടിവരും. ഇരുട്ട് കനക്കുന്നു. ഇനിയും മുന്നോട്ട് പോകുന്നത് അപകടമാണ്. എങ്കിലും അന്‍സാറും കുടുംബവും... അവര്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാകും എന്ന ആധികൂടിയായപ്പോള്‍ തളര്‍ന്നു. ആസമയം മറ്റൊരു നമ്പറില്‍ നിന്ന് വന്ന കാള്‍ അവന്റേതായിരുന്നു. ഉമ്മയെയും അനിയത്തിയെയും കൊണ്ട് അയല്‍വാസിയുടെ ഓട്ടോയില്‍ രക്ഷപെടുകയാണ് എന്നും ഇങ്ങോട്ട് വരരുത് എന്നും ഒറ്റശ്വാസത്തില്‍ അവന്‍ പറഞ്ഞു; 'കണ്ണില്‍ കണ്ടതെല്ലാം തെരഞ്ഞുപിടിച്ചു കത്തിക്കുകയാണ് അവര്‍, ഞങ്ങളുടെ പള്ളിയും കത്തിച്ചു'; പേടിച്ചു വിറക്കുന്നുണ്ടായിരുന്നു അവനപ്പോള്‍. ഓട്ടോയുടെ വേഗതയില്‍ ഉമ്മയുടെ കരച്ചിലും കേള്‍ക്കാമായിരുന്നു.
വെറിപിടിച്ച കലാപകാരികളില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടാണ് രാത്രി ഓഫീസില്‍ എത്തിയത്. അപ്പോഴും നിലവിളികളും കറുത്ത പുകയും എന്നെ പൊതിഞ്ഞുനിന്നു. ഇന്ന് അവിടെ കണ്ട മനുഷ്യര്‍ നാളെ ഉണ്ടാകുമോ എന്ന ചോദ്യം പോലും അപ്രസക്തമായിരുന്നു. .

'എന്നെക്കൂടെ കൊന്നുതരൂ'
ഫെബ്രുവരി 25നുതന്നെ മറുഭാഗത്തുനിന്നും ആക്രമണമുണ്ടായി. അവരും ആയുധങ്ങളും പെട്രോള്‍ ബോംബുകളുമായി തെരുവിലിറങ്ങി, മരണങ്ങളുണ്ടായി. കലാപം ഒന്നുശമിച്ച് അടുത്ത ദിവസം, 26നുമാത്രമാണ് മാധ്യമ പ്രവര്‍ത്തകരെ കുറച്ചുഭാഗത്തേക്കെങ്കിലും പൊലീസ് കയറ്റിവിട്ടത്. അപ്പോഴേക്കും സര്‍വസംഹാരം കഴിഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളില്‍ ജഫ്റാബാദ്, മോജ്പുര്‍, ഭജന്‍പുര, ഖജൂരിഖാസ്, ചാന്ദ്ബാഗ്, ശാഹ്ദ്ര, കബീര്‍ നഗര്‍, കാരവല്‍ നഗര്‍ എന്നിവിടങ്ങളില്‍ ഇരുവിഭാഗങ്ങളുടെയും സംഘങ്ങള്‍ കലാപം നടത്തിയിരുന്നു.
പൊടിപിടിച്ച് അനാഥമായ ശവപ്പറമ്പിലൂടെയാണ് നടക്കുന്നതെന്ന് തോന്നി. അസ്ഥികൂടമായി മാറിയ കടകളുടെ ഇരുഭാഗത്തും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാവല്‍. പൊടിപടലങ്ങള്‍ക്കിടയിലൂടെ പൊലീസ് മാര്‍ച്ച്. എവിടെയും മനുഷ്യരില്ല. ചാന്ദ്ഭാഗിലെ റോഡിന് ഇരുവശവും നശിപ്പിക്കപ്പെട്ടത് നൂറുകണക്കിന് ജീവനോപാധികളാണ്. ആയുര്‍വേദ കടകളും, പെട്രോള്‍ പമ്പും, വര്‍ക് ഷോപ്പുകളും കരിഞ്ഞുകിടക്കുന്നു. നിഴലിനെ പോലും പേടിതോന്നി. ഒരു കിലോമീറ്ററോളം റോഡ് കല്ലും കുപ്പികളും നിറഞ്ഞ് കിടക്കുകയായിരുന്നു. പെട്രോള്‍ നിറച്ച കുപ്പികളുടെ അവശിഷ്ടം ചിതറിക്കിടന്നിരുന്നു.
ചോര വാര്‍ന്നുപോയ നിശ്വാസങ്ങള്‍ ചാരം നിറഞ്ഞ തെരുവില്‍ ഇപ്പോഴും മിടിക്കുന്നുണ്ടെന്നുതോന്നി. യാത്ര വൈകാതെ പൊലീസ് തടഞ്ഞു, തിരിച്ചു പോകാനാവശ്യപ്പെട്ടു. മടങ്ങുന്ന വഴി സമീപത്തെ കനാലില്‍ പൊലീസും അഗ്നിശമനസേനയും എന്തോ തെരയുന്നു. കനാലിലേക്ക് കലാപകാരികള്‍ മൂന്നുപേരെ എറിയുന്നതുകണ്ടു എന്ന സമീപവാസിയുടെ മൊഴിയെ തുടര്‍ന്നാണ് തിരച്ചില്‍. മലിന്യം നിക്ഷേപിക്കാതിരിക്കാന്‍ ഒരാള്‍ പൊക്കത്തില്‍ കനാലിന് ചുറ്റും ആള്‍മറയുണ്ട്, പിന്നെ എങ്ങനെയാണ് അത്ര ഉയരത്തില്‍ മനുഷ്യരെ വലിച്ചെറിയാന്‍ സാധിക്കുക എന്ന ചോദ്യം മനസ്സില്‍ ഉയര്‍ന്നു. ആ സംശയത്തിന് അധികം ആയുസ്സില്ലായിരുന്നു. കറുത്തിരുണ്ട കനാലിലെ അരക്കൊപ്പം വെള്ളത്തില്‍ തിരച്ചില്‍ നടത്തുന്ന ആള്‍ വിളിച്ചു പറഞ്ഞു, ഇവിടെയുണ്ട്. പ്ലാസ്റ്റിക് കൂനക്കുള്ളില്‍ നിന്ന് വെള്ളം കുടിച്ച് വീര്‍ത്ത മനുഷ്യശരീരം അയാള്‍ വലിച്ചെടുത്തു. ജീര്‍ണിച്ച ആ ശരീരം ആരുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കുറച്ചുസമയത്തിനുശേഷം മുന്‍പിലെ ഗലിയില്‍നിന്ന് മറ്റൊരാളെ കൂട്ടി വന്നു. അയാള്‍ മൃതശരീരത്തിനുമുന്നില്‍ നിന്ന് വാവിട്ട് കരഞ്ഞു. അദ്ദേഹത്തിന്റെ അനിയനായിരുന്നു അത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയുടെ മൃതദേഹമായിരുന്നു അത്. ജോലി കഴിഞ്ഞ് വീട്ടുസാധനം വാങ്ങാന്‍ പുറത്ത് പോയതായിരുന്നു അദ്ദേഹം. ഇനിയും കിട്ടാനുള്ളത് രണ്ടു മനുഷ്യരെയാണ്.

കനാലിന്റെ വലതുഭാഗത്ത് ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഗലികളാണ്. പൊലീസ് ബാരിക്കേഡുകൊണ്ട് വഴിയടച്ചിട്ടുണ്ട്. അതിനിടയിലൂടെ കണ്ടത് ഞെട്ടിപ്പിക്കുന്നതായിരുന്നു. വഴിയുടെ ഇരുഭാഗത്തും ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവച്ചതുപോലെയുള്ള വീടുകള്‍ കത്തിയമര്‍ന്നിരിക്കുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ബാരിക്കേഡിനരികിലൂടെ ഗലിക്കകത്തേക്ക് കയറി. എല്ലാം ചാമ്പലായിരിക്കുന്നു. തൊട്ടടുത്ത മുസ്ലിം പള്ളിയുടെ ചുവരുകള്‍ വെന്ത് അടര്‍ന്നുനില്‍ക്കുകയാണ്. വീടുകളുടെ അവസ്ഥ വാക്കുകൊണ്ട് രേഖപ്പെടുത്താനാകില്ല. അതില്‍ ഒന്നില്‍, നുസ്രത്തിന്റെ വീടും ഉണ്ടായിരുന്നു എന്ന് അടുത്ത ദിവസം അവരെ പരിചയപ്പെട്ടപ്പോഴാണ് മനസ്സിലായത്. മകളുടെ കല്യാണത്തിന് സ്വരൂപിച്ച സര്‍വതും കൊള്ളയടിച്ചു. കൊള്ളക്ക് ശേഷമാണ് എല്ലാ വീടും കത്തിച്ചത്. നുസ്രത്ത് കരച്ചിലിനിടെ ഒന്നേ ആവശ്യപ്പെട്ടുള്ളൂ, 'എന്നെക്കൂടെ കൊന്നുതരൂ'.

മതം കരിപിടിച്ചുകിടക്കുന്നു, ഈ മനസ്സുകളില്‍
രാജ്യത്തെ ഭരണസംവിധാനം ഒന്നാകെ ഒരു സമൂഹത്തിന് അന്യമായിരിക്കുന്നു എന്നാണ് ഈ കാഴ്ചകള്‍ കാണിച്ചുതന്നത്. ജനാധിപത്യ ഇന്ത്യ എന്ന ആശയത്തെ അവര്‍ക്ക് ഇപ്പോഴും എങ്ങനെ ഉള്‍ക്കൊള്ളാനാകുന്നു എന്ന ചോദ്യമാണ് തെരുവുകളെ മൂടിയ ചാരത്തില്‍നിന്ന് ഉയരുന്നത്. സംഘപരിവാര്‍ കലാപത്തില്‍ സര്‍വവും നഷ്ടമായ ജനങ്ങള്‍ തെരുവില്‍ ആക്രമം നടത്തിയിട്ടുണ്ട്. പ്രതിരോധം മാത്രമാണ് അതെന്ന് ജനാധിപത്യ മനുഷ്യന് തിരിച്ചറിയാന്‍ ഏറെ സാവകാശം വേണ്ട. എന്നാല്‍ അവര്‍ക്കിടയിലും സമാന സ്വഭാവമുള്ള കലാപകാരികള്‍ നടത്തിയ ആക്രമണങ്ങള്‍ സാധൂകരിക്കാന്‍ സാധ്യമല്ല. കാരണം, അത്രമേല്‍ മനുഷ്യത്വ വിരുദ്ധമായിരുന്നു തിരിച്ചടിയും. ഡല്‍ഹിയിലെ കലാപതെരുവുകളില്‍ കരിപിടിച്ച ചുമരിലേതുപോലെ, മനുഷ്യന്റെ മനസിലും മതം കരിപിടിച്ചു കിടക്കുന്നുണ്ട്. ജനാധിപത്യ ഇന്ത്യയിലേക്ക് ആ മനുഷ്യരെ തിരിച്ചു കൊണ്ടുവരിക എന്നത് പ്രയാസകരമായ ജോലിയാണ്.
വീടിനുനേരെ കലാപകാരികള്‍ വരുന്നത് കണ്ടപ്പോള്‍ മുതല്‍ പൊലീസ് സഹായ നമ്പറായ 100ലേക്ക് നൂറില്‍ കൂടുതല്‍ തവണ വിളിച്ചിട്ടും മറുപടി കിട്ടാതിരുന്ന റഹ്മാന്‍ ഖാനെ ഭരണകൂടം എന്തുപറഞ്ഞ് സമാധാനിപ്പിക്കും എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. അഞ്ചുമക്കളുമായി തെരുവില്‍ അനാഥമാക്കപ്പെട്ട ഫാത്തിമക്കും കൊടുക്കാന്‍ ഉത്തരം തെരയേണ്ടി വരും. 46 മനുഷ്യരാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.

200ലേറെ പേര്‍ മരണത്തോട് മല്ലിട്ട് ആശുപത്രി വരാന്തകളിലാണ്. 903 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചത്. അതുമായി ബദ്ധപ്പെട്ട ഒരു വിവരവും പൊലീസ് പുറത്തുവിട്ടിട്ടുമില്ല. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇത്രമാത്രം തോക്കുകള്‍ എങ്ങനെയാണ് കലാപകാരികള്‍ക്ക് കിട്ടിയത് എന്നതിനുള്ള ഉത്തരവും പൊലീസ് നല്‍കേണ്ടിവരും. അതിലുപരി, നാട് കത്തുമ്പോഴും കാഴ്ചക്കാര്‍ മാത്രമായ ആ സംവിധാനത്തെ പൊതുസമൂഹം ഇനി എങ്ങനെയാണ് സമീപിക്കുന്നത് എന്നതും ചോദ്യമാണ്. കര്‍ദംപുരിയിലെ 23 കാരനായ ഫൈസാന്‍ കൊല്ലപ്പെട്ടത് പൊലീസ് മര്‍ദ്ദനത്തിലാണ്. ദേശീയഗാനം ഉറക്കെ പാടാന്‍ പറഞ്ഞായിരുന്നു പൊലീസ് മര്‍ദ്ദനം. പാടി അവസാനിച്ചപ്പോള്‍ പ്രാണനും പോയി.


കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ദിവസങ്ങളോളം അനാഥമായി ജെ.ഡി.റ്റി ആശുപത്രി മോര്‍ച്ചയിയില്‍ കിടന്നു. കാണാതായ ചേട്ടന്‍ അന്‍വറിനെ തെരഞ്ഞെത്തിയ അന്‍പതുകാരനായ സലീം കൗസറിന് കിട്ടിയത് അന്‍വറിന്റെ വലതുകാല്‍ മാത്രമാണ്. സൈക്കിള്‍ റിക്ഷ ചവിട്ടുന്ന ചേട്ടന്റെ കാലിലെ തഴമ്പ് കണ്ടാണ് തിരിച്ചറിഞ്ഞത്.



അതിരുകളില്ലാത്ത ലോകത്തെ കുറിച്ച് മനുഷ്യര്‍ ചര്‍ച്ചചെയ്യുന്ന ഈ കാലത്ത് തന്നെയാണ് സ്വന്തം രാജ്യത്തെ മനുഷ്യര്‍ക്കുള്ളില്‍ ഭരണകൂടം മതിലുകള്‍ പണിയുന്നത്. കലാപത്തെരുവുകളില്‍ ജനാധിപത്യം എന്ന വാക്കുപോലും അസാധ്യമാണ്. ശരീരത്തേക്കാള്‍ ആഴത്തില്‍ അത്രമേല്‍ അവരുടെ മനസ്സിന് മുറിവേറ്റിട്ടുണ്ട്. വിണ്ടുകീറിയ ഡല്‍ഹിയുടെ ആകാശപരപ്പുകളിലും കലാപത്തിന്റെ ഇരകളുണ്ട്, പൊള്ളലേറ്റ പക്ഷികള്‍ ഇപ്പോഴും നിലവിളിച്ച് പറക്കുന്നുണ്ട്.
2020 ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ
Delhi Lens
Apr 21, 2022
4 minutes read
Truecopy Webzine
Sep 27, 2021
4 Minutes Read
അന്‍വര്‍ അലി
Aug 22, 2021
4 Minutes Read
ഷാഹിൻ അകേൽ
Aug 14, 2021
13 Minutes Read
ജിഷ്ണു കെ.എസ്.
Aug 12, 2021
9 Minutes Read
Truecopy Webzine
Jul 12, 2021
8 Minutes Read
ഷഫീഖ് താമരശ്ശേരി
Jul 05, 2021
4 Minutes Read