കേരള ജനസംഖ്യയുടെ
നാലുശതമാനവും കോവിഡ് ബാധിതര്‍;
വ്യാപനത്തിന്റെ കാരണമെന്ത്?
കേരള ജനസംഖ്യയുടെ നാലുശതമാനവും കോവിഡ് ബാധിതര്‍; വ്യാപനത്തിന്റെ കാരണമെന്ത്?
രാജ്യത്തെ കോവിഡ് രോഗികളുടെ കണക്കില്‍ ഭൂരിഭാഗവും കേരളവും മഹാരാഷ്ട്രയും പങ്കിടുമ്പോള്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ നാല് ശതമാനം പേര്‍ കോവിഡ് ബാധിതരായി കഴിഞ്ഞു. ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ഐ.എം.എ കോവിഡ് വാക്സിന്‍ കമ്മിറ്റി ചെയര്‍മാനുമായ ലേഖകന്‍
13 Feb 2021, 02:47 PM
കോവിഡ് മഹാമാരി ആഗോള വ്യവസ്ഥയെ തകിടം മറിക്കുകയും ലോകജനതക്ക് ദുരിതം സമ്മാനിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷത്തിലേറെയായി. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാക്കുകയും, ചില രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തു. വാക്‌സിന്റെ വരവോടെ കോവിഡ് കൈപ്പിടിയില്‍ ഒതുങ്ങും എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്കുണ്ടായി. ഇന്ത്യയും അഭിമാനാര്‍ഹമായ രീതിയില്‍ കോവിഡ് കൈകാര്യം ചെയ്തതായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നു.
നമ്മുടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു എന്നത് അത്യന്തം ആശങ്കാജനകമായ വസ്തുതയാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ കണക്കില്‍ ഭൂരിഭാഗവും കേരളവും മഹാരാഷ്ട്രയും പങ്കിടുമ്പോള്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ നാല് ശതമാനം പേര്‍ കോവിഡ് ബാധിതരായി കഴിഞ്ഞു. ഒക്ടോബര്‍ മാസത്തെ കേസുകളുടെ എണ്ണം സൂചിപ്പിക്കുന്ന, ഡിസംബര്‍ മാസത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ സീറോ സര്‍വേ ഫലം അനുസരിച്ച് 12 ശതമാനം ജനങ്ങള്‍ക്ക് കോവിഡ് വന്നുകഴിഞ്ഞിരിക്കുന്നു. മരണനിരക്കും നമ്മുടെ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ച സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.

മികച്ച ചികിത്സാസംവിധാനങ്ങളും രോഗനിയന്ത്രണ മാര്‍ഗങ്ങളും ഉള്ള കേരളത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായത് എന്തുകൊണ്ടാണെന്ന് ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. എന്താണ് ഈ സ്ഥിതിക്ക് കാരണം എന്നത് ശാസ്ത്രീയമായി അപഗ്രഥിച്ച് കണ്ടെത്തേണ്ടത് അനിവാര്യമാണ്. മറ്റു രാഷ്ട്രീയ പരിഗണനകള്‍ ഈ കണ്ടെത്തലുകളെ സ്വാധീനിക്കാന്‍ പാടില്ല. യുക്തിപരമായി ചിന്തിച്ചാല്‍ ആഴത്തിലുള്ള പഠനം ഇല്ലാതെ തന്നെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്ന് വ്യക്തമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ തീവ്ര രോഗവ്യാപനം ഉണ്ടായപ്പോഴും നിയന്ത്രിത രീതിയിലാണ് കേരളത്തില്‍ രോഗം ഉണ്ടായതെന്നും അതിനാലാണ് രോഗനിരക്ക് ഒരേ നിലവാരത്തില്‍ നില്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഇത് പൂര്‍ണമായും ശരിയല്ല. മറ്റുസംസ്ഥാനങ്ങളില്‍ ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ തീവ്ര രോഗവ്യാപനം നടന്നപ്പോള്‍ കേരളത്തില്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ആയിരുന്നു എന്നുമാത്രം. പോരായ്മ എന്താണെന്ന് മനസ്സിലാക്കി മുന്നോട്ടു പോകുന്നത് രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും എന്നുള്ളതിനു സംശയമില്ല.
പരിശോധനാ തന്ത്രം
സംസ്ഥാനത്ത് കോവിഡ് പരിശോധന കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. രോഗം ഉള്ളവരെല്ലാം കണ്ടെത്താന്‍ കഴിയാത്ത ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഇന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലേക്ക് പൂര്‍ണമായി മാറേണ്ടിയിരിക്കുന്നു. പരിശോധനാ മാനദണ്ഡം പരിഷ്‌കരിക്കുന്നതിലെ കാലതാമസം മൂലം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും അത് രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇത് ഭാഗികമായെങ്കിലും മാറ്റി പുതിയ മാനദണ്ഡം സര്‍ക്കാര്‍ പുറത്തിറക്കിയത്. സര്‍വൈലന്‍സ് ടെസ്റ്റിംഗ് കുറവും യഥാര്‍ത്ഥ രോഗവ്യാപനത്തിന്റെ ചിത്രം നല്‍കുന്നതിന് തടസ്സമായി.
രോഗി സമ്പര്‍ക്കം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം
രോഗി സമ്പര്‍ക്കമുള്ളവരെ മുഴുവന്‍ കണ്ടെത്താനുള്ള തീവ്രശ്രമം സംസ്ഥാനം ആദ്യഘട്ടത്തില്‍ നടത്തിയിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തി രോഗവ്യാപനം തടയുന്ന രീതി വിജയകരമായി നടപ്പിലാക്കിയതില്‍ നാം അഭിമാനിക്കുകയും ചെയ്തു. പക്ഷേ ഇത് തുടരുന്നതില്‍ പരാജയപ്പെട്ടു. രോഗമുള്ളവരെ കണ്ടെത്തി മാറ്റിനിര്‍ത്തുകയും പരിശോധനക്കുശേഷം മാത്രം സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടു വരികയും ചെയ്യുക എന്ന നടപടി മുന്നോട്ടുപോയില്ല എന്നത് രോഗവ്യാപനം നിലനില്‍ക്കുന്നതിന് കാരണമായി.
പഠനങ്ങളുടെ കുറവ്
കോവിഡ് കേരളത്തിലെ ജനങ്ങളെ എങ്ങനെയാണ് ബാധിച്ചത് എന്ന സമഗ്രപഠനം നടത്താന്‍ സംസ്ഥാനം വ്യഗ്രത കാട്ടിയില്ല. രോഗികളുടെ എണ്ണം, മരിച്ചവരുടെ എണ്ണം, രോഗം മാറിയവര്‍ എന്നീ കണക്കുകള്‍ ദിനംപ്രതി ലഭ്യമായിരുന്നുവെങ്കിലും രോഗത്തെക്കുറിച്ച് മറ്റുതരത്തിലുള്ള വിശദ വിവരങ്ങള്‍ ലഭ്യമായില്ല. രോഗം മൂലം ചികിത്സ വേണ്ടിവന്നവരെ കുറിച്ച് പഠനം നടത്തിയതായി അറിവില്ല. ജനിതക മാറ്റം വന്ന വൈറസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നശേഷം കുറെയെങ്കിലും വൈറസുകളുടെ ജനിതക ഘടന പരിശോധിച്ചെങ്കിലും അതിന് ശാസ്ത്രീയമായ രീതിയില്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. സമൂഹം എങ്ങനെ പെരുമാറുന്നു (സോഷ്യല്‍ ബിഹേവിയര്‍) എന്നു കണ്ടെത്തി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റുന്ന രീതി, വിവിധ മേഖലകള്‍ തുറന്നു കൊടുത്തപ്പോള്‍ ഇവിടെ അവലംബിക്കപ്പെട്ടില്ല.

പ്രതിരോധ മാര്‍ഗങ്ങളിലെ അലംഭാവം
സാമൂഹ്യ അകലം പാലിക്കുക എന്ന അടിസ്ഥാന തത്വം പാലിക്കാന്‍ നാം വിമുഖത കാട്ടി. കൂടുതല്‍ മേഖലകള്‍ തുറന്നപ്പോള്‍ അവിടെ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പിന്തുടരുന്നതില്‍ ഉപേക്ഷ ഉണ്ടായി . തെരഞ്ഞെടുപ്പും ആഘോഷങ്ങളും ഉത്സവങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്നു. പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനോ ശിക്ഷാനടപടി സ്വീകരിക്കാനോ ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാസ്‌കുകള്‍ ഉപേക്ഷിച്ചാണ് ഒത്തുചേരുന്നത്. തുടരുന്ന രോഗവ്യാപനത്തിന് ഇത് കാരണമായി എന്നതില്‍ സംശയമില്ല.
ജനിതകമാറ്റം വന്ന വൈറസ്
വ്യാപക രോഗവ്യാപനത്തിന് കാരണം ജനിതകമാറ്റം വന്ന വൈറസ് ആണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ അതിനു സാധ്യതയില്ല എന്നാണ് മനസ്സിലാകുക. എന്നുമാത്രമല്ല സാധാരണ പ്രതിരോധ മാര്‍ഗങ്ങള്‍ ഇത്തരം വൈറസുകള്‍ക്കും ഫലപ്രദമാണ് എന്നത് വസ്തുതാപരമാണ്.
പരിഹാരമെന്ത്?
* സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗം, കൈകഴുകല്‍ എന്നീ ഉപാധികള്‍ കര്‍ശനമായും തുടരുക.
* ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തിനുമുകളില്‍ വര്‍ദ്ധിപ്പിക്കുക.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ ചെയ്യുക ആന്റിജന്‍ ടെസ്റ്റ് ഒഴിവാക്കുക.
* രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും അവരെ ക്വാറന്റയിന്‍ ചെയ്യുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്യുക.
* രോഗത്തിന്റെ പെരുമാറ്റം, സോഷ്യല്‍ ബിഹേവിയര്‍, ജനിതകഘടന തുടങ്ങി വിവിധ തരം പഠനങ്ങള്‍ തുടര്‍ച്ചയായി ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുക.
* കോവിഡ് ചികിത്സ സംവിധാനങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.
* വാക്‌സിന്‍ എത്രയും നേരത്തെ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക.
ആരോഗ്യ രംഗത്ത് ഏറ്റവും മുന്‍പന്തിയിലുള്ള നമ്മുടെ സംസ്ഥാനം ഈ പ്രതിസന്ധി ഘട്ടവും തരണം ചെയ്തു മുന്നോട്ടുകുതിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.
ശിവൻ ., അടക്കാ പുത്തൂർ
14 Feb 2021, 07:13 PM
ചികിത്സ പൂർണമായും സൗജന്യമാക്കിയതും രോഗികൾക്ക് എല്ലാവിധ പരിരക്ഷയും സൗജന്യമായിലഭിക്കും എന്നതും നേരത്ത പറഞ്ഞ ആഘോഷങ്ങളിലും കൂടാതെ സമരങ്ങളിലും ആൾക്കൂട്ടങ്ങൾ അകലം പാലിക്കാതെ പെരുമാറി എന്നത് ഒരു അളവ് വരെ ഇത് പെരുകാൻ കാരണമായി.
P Sudhakaran
13 Feb 2021, 11:22 PM
തുടക്കത്തിലേ കണ്ടിരു ന്നാ ജാഗ്രത തുടർന്നും പുലർത്തിയില്ല അതു മലയാളിയുടെ സാഹചബുദ്ധി
എസ്. ഗോപാലകൃഷ്ണന്‍
Apr 19, 2021
4 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Apr 18, 2021
16 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Apr 13, 2021
9 Minutes Read
പി. പ്രേമചന്ദ്രന്‍
Apr 07, 2021
10 Minutes Read
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
ശിവൻ അടക്കാ പുത്തൂർ
15 Feb 2021, 07:15 PM
ഞാൻ പറഞ്ഞ അഭിപ്രായം ശരിയല്ലായിരുന്നോ?