ഒരു ലോക്ക്​ഡൗൺ പ്രാർത്ഥന

ശാസ്ത്രീയവും സാമൂഹികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യ ശാസ്ത്ര സമൂഹം ഉത്തരവാദിത്തത്തോടെ സംസാരിക്കുമ്പോൾ അത് മുഖവിലക്കെടുക്കാൻ ഭരണകൂടങ്ങൾ നിശ്ചയമായും തയ്യാറാവണം. ഇന്നത്തെ ഏറ്റവും കടുത്ത ഈ അവസ്ഥയെ അതിജീവിക്കുവാൻ നമ്മുടെ കൈയിലുള്ള ഏറ്റവും മികച്ച ആയുധമാണ് ലോക്ക്​ഡൗൺ- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്​ഥാന വൈസ്​ പ്രസിഡൻറുകൂടിയായ ലേഖകൻ എഴുതുന്നു

ലോക്ക്​ഡൗൺ, ലോക്ക് അപ് എന്നീ പദങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ തമാശയായി പറയാറുള്ള ഒരു കാര്യം; ലോക് അപ്പിൽ നിന്ന് ലോക് ഡൗണിലേക്ക് വളരെ ദൂരമുണ്ടെങ്കിലും ലോക് ഡൗണിൽ നിന്ന് ലോക്കപ്പിലേക്കെത്താൻ വളരെ ചെറിയ ദൂരമേയുള്ളൂ എന്നതാണ്. സത്യത്തിൽ സാമ്പത്തികമായി മാത്രമല്ല സാമൂഹ്യശാസ്ത്രപരമായും ഗാഢവും സാന്ദ്രവുമായ ധാരാളം അടരുകളുമുള്ള ഒരു വാക്യമായി സ്വയം അടയാളപ്പെടുന്ന ഒരു വാചിക ഭാഗമായിട്ടാണ് അത് നമുക്കു മുന്നിൽ ചുരുൾ നിവരുന്നത്..

ലോക്ക്​ഡൗൺ രോഗാണു ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഫല പ്രദമായ ഒരു രോഗ നിയന്ത്രണ സംവിധാനം പോലുമല്ല . സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ഏറ്റവും സാമൂഹികവും താരതമ്യേന എളുപ്പവുമായ മാർഗ്ഗം എന്ന നിലയിലാണ് ലോക്ക്​ഡൗൺ തിരിച്ചറിയപ്പെടേണ്ടത്.

ഫ്ലാറ്റനിങ്ങ് ദി കർവ് ( Flattening the curve) വഴി സമയ ക്രമീകരണ തന്ത്രം ഉപയോഗിച്ച് ഒരു രാജ്യത്തിന്റെ ഹെൽത്ത് ഇൻഫ്രാ സ്ട്രക്ച്ചറിന്റെ പരിതോവസ്ഥക്കുള്ളിൽ രോഗ സംക്രമണത്തെ ഒതുക്കുകയും ആ സംവിധാനം വഴി ജനങ്ങളുടെ ആരോഗ്യ പരിപാലനം ഏകതാനകമായി സാദ്ധ്യമാക്കുകയും ചെയ്യുക എന്നതാണതിന്റെ എപ്പിഡമിയോളജിക്കൽ സാംഗത്യം. ഹ്യൂബെ പ്രവിശ്യയിലെ 70 ദിവസത്തോളം നീണ്ട ലോക്ക്​ഡൗണാണ് നമ്മുടെ മുന്നിലെ ആദ്യത്തെ വിജയിച്ച മോഡൽ. കഴിഞ്ഞ വർഷം നാം പരീക്ഷിച്ച ഇന്ത്യൻ ലോക്ക്​ഡൗൺ മോഡൽ കോവിഡിന്റെ രണ്ടാം വരവിൽ ഒരിക്കൽ കൂടി സാമൂഹിക ചർച്ചകൾക്ക് വിധേയമാവുകയാണ്.

മറ്റു പല രാഷ്ട്രങ്ങളേയുമപേക്ഷിച്ച് തുടക്കത്തിൽത്തന്നെ നടപ്പാക്കിയ മാസങ്ങളോളം നീണ്ടു നിന്ന ലോക്ക്​ഡൗൺ ഒന്നാം തരംഗത്തിൽ നമ്മുടെ നാട്ടിൽ സാമൂഹിക വ്യാപനത്തിന് ഫലപ്രദമായ പ്രതിരോധം ചമച്ചു എന്നത് കാണാതിരുന്നു കൂടാ. പക്ഷേ, നമ്മുടെ സാമ്പത്തിക - സാമൂഹിക അസ്ഥിവാരങ്ങളെ ലോക്ക്​ഡൗണുകൾ മുമ്പില്ലാത്തവണ്ണം ഉലച്ചു കളഞ്ഞു. 14 കോടി ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുകയും 32,000 കോടി രൂപ ഓരോ ലോക്ക്​ഡൗൺ ദിവസത്തിലും നമുക്ക് നഷ്ടമാവുകയും പതിനഞ്ചു കോടിയോളം പേർ പുതുതായി ദാരിദ്ര്യ രേഖക്ക് താഴേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. 1930 കളിലെ വൻ സാമ്പത്തിക മാന്ദ്യത്തെ പോലും കവച്ചുവെക്കും കോവിഡാനന്തര ലോകം എന്നു വിദഗ്ദർ സംശയിക്കുന്നു. ലോകത്തിന്റെ സാമ്പത്തിക അച്ചുതണ്ടാണെന്നു കരുതപ്പെടുന്ന രാജ്യത്ത് തൊഴിലില്ലായ്മ 14.37% ശതമാനമായത്രെ. ഈ നൂറ്റാണ്ടിൽ ലോകം ദർശിച്ച വലിയ സാമ്പത്തിക തളർച്ചാ കാലയളവായ 2007 - 08 -ലെ കൂപ്പുകുത്തലിന്റെ മൂന്നിരട്ടിയെങ്കിലും
കോവിഡ് കാലം മറികടന്നേക്കും. ലോക ബാങ്ക് വെച്ചു നീട്ടുന്ന 14 ബില്യൻ ഡോളറിന്റെ ധന പാക്കേജിൽ പൊതുജനാരോഗ്യം കടന്നു വരരുതെന്ന് അവർ നിർബന്ധം പിടിക്കുന്നു. നാൽപതിലേറെ രാഷ്ട്രങ്ങളാണ് ഐ. എം. എഫിന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നത്.

കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ രാജസ്ഥാനിൽ നിന്നുള്ളൊരു ദൃശ്യം

ഇത്തരമൊരവസ്ഥയിൽ തകർന്നടിയുകയല്ലാതെ മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ വഴികളേതുമില്ല. ഉല്പാദനവും ഉപഭോഗവും ഡിമാന്റും സ്തംഭിക്കുമ്പോൾ മൂലധന നിക്ഷേപം നടക്കില്ല. സാമ്പത്തിക രംഗം ചലിക്കുന്നതു വഴി മാത്രമേ ഏതു സാമ്പത്തിക ഭീമനും പിടിച്ചു നിൽക്കാനാവൂ. രോഗ സംക്രമണം പരമാവധി കുറച്ചു കൊണ്ടു വരാൻ ശ്രമിക്കുക വഴി വളരെ ശ്രദ്ധാപൂർവം നമ്മുടെ രാജ്യം അതിനാണ്, ആ ലക്ഷ്യത്തിലേക്കാണ് ഉന്മുഖമാവേണ്ടത്.. സോഷ്യൽ ഡിസ്റ്റൻസിങ് ജീവിത ശൈലിയാക്കി ധന രംഗത്തിന് ഉയിര് നൽകുക മാത്രമാണ് ഒരേ ഒരു മാർഗ്ഗദീപം.

അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ എങ്ങിനെ തകരാതെ നില നിർത്തും എന്നതു തന്നെയാണ് കോവിഡിന്റെ ഭീതിദമായ രണ്ടാം വരവിൽ നാം അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളി. ഇന്ത്യയിൽ മാർച്ച് ഒന്നാം തിയതി 12200 ആയിരുന്ന കേസുകൾ കഷ്ടിച്ച്​ ഒന്നരമാസത്തിനു ശേഷം മൂന്നര ലക്ഷമാവുകയും, കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മുപ്പതിനോടടുക്കുകയും, തെരഞ്ഞെടുപ്പിന്റേയും മത ആഘോഷങ്ങളുടേയും കൈയയച്ച സഹായത്തോടെ ജനിതക മാറ്റം വന്ന കോവിഡ് വകഭേദങ്ങൾ തീക്കാറ്റു പോലെ പടരുകയും ചെയ്യുന്ന നിർണായക മുഹൂർത്തത്തിൽ ആ വെല്ലുവിളി നാം നേരിട്ടേ മതിയാവൂ. സോഷ്യൽ ഡിസ്റ്റൻ സിങ്ങിന്റെ മികച്ച സാമൂഹിക രൂപം എന്ന നിലയിൽ ലോക്ക്​ഡൗൺ എന്ന ആശയം നിശ്ചയമായും നാം സ്വീകരിക്കേണ്ട അതീവ ഗാഢമായ നിമിഷങ്ങൾ കൂടിയാണിത്.

നൂറു പേരെ ചികിത്സിക്കാനാവുന്ന കേന്ദ്രങ്ങളിലേക്ക് നൂറ്റി അൻപതോ ഇരുന്നൂറുപേരോ വന്നാൽ നമുക്ക് എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും. പക്ഷേ ആയിരമോ അതിലധികമോ രോഗികൾ വന്നാൽ നമ്മുടെ ചികിത്സാ സംവിധാനങ്ങൾ തകർന്നു പോവും. അതോടൊപ്പം മനഷ്യവിഭവശേഷിയിലെ ഗുരുതര പ്രശ്നങ്ങളും നാം കാണാതെ പോവരുത്. 2020 മാർച്ച് മുതൽ നമ്മുടെ ആരോഗ്യ പ്രവർത്തകർ നിരന്തരമായ പ്രവർത്തനങ്ങളിലാണ്. ഡോക്ടർമാരും നേഴ്സുമാരും അടിസ്ഥാന ആരോഗ്യ പ്രവർത്തകരും ഫീൽഡ് വർക്കേഴ്സുമൊക്കെ അടങ്ങുന്ന വലിയ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ ഒന്നു വിശ്രമിക്കാൻ പോലുമാവാതെ ആശുപത്രികളിലും പുറത്തും നിരന്തരമായി ജോലി ചെയ്യുന്നുണ്ട്. ഒന്ന് ആശ്വസിക്കാം എന്ന് കരുതുമ്പോഴേക്കും നമ്മുടെ സാമൂഹികമായ അലംഭാവം കൊണ്ട് തന്നെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ ഗൗരവതരമായി ആഞ്ഞു വീശുന്നതാണ് നമ്മെ ഞെട്ടിച്ചു കളഞ്ഞത്.

നിരന്തരമായ മാനസിക സമ്മർദ്ദത്തിലൂടേയും ശാരീരിക തളർച്ചയിലൂടെയും കടന്നുപോരുന്ന ഇവർ ഒരു നിർണായക നിമിഷത്തിൽ തളർന്നു വീണെന്ന് വരാം. നമ്മുടെ ഹെൽത്ത് ഇൻഫ്രാസ്ട്രക്ച്ചർ തകരാതെ നിൽക്കണമെങ്കിൽ രോഗികളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിയിൽ നിൽക്കുകയും ആരോഗ്യ പ്രവർത്തകർക് വിശ്രമം ലഭിക്കുകയും വേണം. അത്യാവശ്യം എന്ന പദത്തിന്റെ ഏറ്റവും ഉയർന്ന ശ്രുതിയിൽ മാത്രമാണ് ഈ രണ്ടു കാര്യങ്ങളും നമുക്ക് മുന്നോട്ടു വെക്കുവാൻ കഴിയുകയുള്ളൂ.

ഇന്നത്തെ ഏറ്റവും കടുത്ത ഈ അവസ്ഥയെ അതിജീവിക്കുവാൻ നമ്മുടെ കൈയിലുള്ള ഏറ്റവും മികച്ച ആയുധമാണ് ലോക്ക്​ഡൗൺ. പരസ്പരം ഇടപഴകുന്നതിലൂടെ ഒന്നിൽ നിന്ന് നാലു പേരിലേക്കെങ്കിലും പടരുന്ന പുതിയ വൈറസ് വകഭേദങ്ങളെ കൃത്യമായി നിയന്ത്രിക്കുവാനും പ്രസരണ സാദ്ധ്യതകൾ കഴിയുന്നതും കുറക്കുവാനും ലോക്ക്​ഡൗൺ വഴി സാധിക്കുമെന്നുറപ്പ്. അതോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക് അത്യാവശ്യമായ വിശ്രമം നൽകുവാനും അടിത്തട്ട് കാണാറായ ചികിത്സാ വിഭവങ്ങൾ പുനരേകീകരണം നടത്തുവാനും ഈ ഇടവേളകൾ നിശ്ചയമായും ഉപകരിക്കും.

സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്നില്ലെങ്കിൽ ഏത് ബ്ലൂ ഐഡ് എക്കണോമിയും (Blue eyed Economy) താളം തെറ്റും എന്ന അടിസ്ഥാന വസ്തുത ഇതിനോട് ചേർത്ത് വായിക്ക പ്പെടേണ്ടതുണ്ട്. ഗൗരവതരമായ ഈ വൈതരണിയുടെ സാദ്ധ്യതകളും ഭരണകൂടങ്ങൾ കൃത്യമായി അഭിസംബോധന ചെയ്തേ മതിയാവൂ. ദാരിദ്ര്യ രേഖക്ക് താഴെ കിടക്കുന്ന പതിനായിരങ്ങൾക്കൊപ്പം, ദിവസക്കൂലിക്കാരുടേയും എവിടെയും രേഖപ്പെടുത്താതെ പോവുന്ന അസംഘടിത തൊഴിലാളികളുടേയുമൊക്കെ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയാൻ അതല്ലാതെ മറ്റൊരു വഴിയുമില്ല. ഒരു ഭരണ കൂടം അതിന്റെ അസ്തിത്വം സ്വയം നീതീകരിക്കുന്നത് ഇത്തരം വെല്ലുവിളികളെ പതറാതെ നേരിടുമ്പോഴാണ് എന്ന വസ്തുത സാമൂഹിക ശാസ്ത്രത്തിലെ പ്രാഥമിക പാഠം മാത്രമാണ്. ദീർഘകാലവിലയിരുത്തലിൽ, വളരെ ദരിദ്രർക്കു പോലും രോഗം വരാതിരിക്കുന്നതാണ് ഒന്നോ രണ്ടോ ആഴ്ച തൊഴിലില്ലാതിരിക്കുന്നതിനേക്കാൾ മെച്ചം എന്നത് സാമ്പത്തിക സാമൂഹിക ശ്സ്ത്ര വിദഗ്ദർ ക്ക് ഒരിക്കലും ഒരു പുതിയ അറിവല്ല.

പൊതുസ്ഥലം അണുവിമുക്തമാക്കുന്ന ശുചീകരണ തൊഴിലാളികൾ / Photo : PARI

വ്യതിരിക്തമായ ഈ സാമൂഹികാവസ്ഥയെ കൃത്യമായി വിലയിരുത്തിയാണ് കേരളത്തിന് ഈ നിർണായക മുഹൂർത്തത്തിൽ അവലംബിക്കാവുന്ന ഏറ്റവും മികച്ച സോഷ്യൽ ടൂൾ എന്ന നിലയിൽ ഡോക്ടർമാരുടെ സംഘടനകളായ ഐ. എം. എ യും കെ. ജി. എം. ഒ. എയും ലോക്ക്​ഡൗൺ എന്ന ആശയം ഒരിക്കൽ കൂടിമുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ മാസങ്ങളോളം നീണ്ടു നിൽക്കുന്ന ലോക്ക്​ഡൗണുകൾക്ക് പകരം ഒരാഴ്ചയോ പത്തു ദിവസമോ ഒക്കെ മാത്രം നീണ്ടു നിൽക്കുന്ന ലോക്ക്​ഡൗണുകൾ നമ്മുടെ ആരോഗ്യ രംഗത്തിനും സാമൂഹിക പരിതോവസ്ഥക്കും അത്യാവശ്യം വേണ്ട ബ്രീത്തിങ്ങ് ടൈം നൽകിയേക്കും.

സാമ്പത്തിക രംഗത്തിന് വലിയ ആഘാതം സൃഷ്ടിക്കാതിരിക്കുവാനും ഇത്തരം ലഘു ലോക്ക്​ഡൗണുകൾക്ക് നിശ്ചയമായും കഴിയും. പൗരബോധത്തിൽ വിശ്വാസമർപ്പിക്കുന്നത് നല്ലതു തന്നെയാണെങ്കിലും, അങ്ങനെയെങ്കിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുന്നത് ന്യായീകരിക്കാനുമാവില്ല. പൗരബോധത്തിനുമൊക്കെ അപ്പുറം റെജിമെന്റേഷനും ചട്ടക്കൂടുകളുമൊക്കെ അപ്പാടെ നിഷേധിക്കുന്ന ഒരു ജീൻ മലയാളിയിലുണ്ടാവാം എന്ന വസ്തുത ആൻറി ലോക്ക്​ഡൗൺ നിലപാടുകൾക്ക് പിന്നിൽ മറഞ്ഞു കിടക്കുന്ന മനഃശാസ്ത്ര സാദ്ധ്യത കൂടിയാണ്.

ശാസ്ത്രീയവും സാമൂഹികവുമായ കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യ ശാസ്ത്ര സമൂഹം ഉത്തരവാദിത്തത്തോടെ സംസാരിക്കുമ്പോൾ അത് മുഖവിലക്കെടുക്കാൻ ഭരണകൂടങ്ങൾ നിശ്ചയമായും തയ്യാറാവേണ്ടതുണ്ടെന്നാണ് ജനകീയ ആരോഗ്യ പ്രവർത്തകർ കരുതുന്നത്.

Comments