അമ്മ റോസ്ലിനെതിരെ
ആക്രോശിക്കുന്നവര്‍
സ്ത്രീകളുടെ സമരചരിത്രം മറക്കരുത്
അമ്മ റോസ്ലിനെതിരെ ആക്രോശിക്കുന്നവര്‍ സ്ത്രീകളുടെ സമരചരിത്രം മറക്കരുത്
19 Mar 2022, 04:25 PM
ചങ്ങനാശ്ശേരി മാടപ്പള്ളില്‍ കെ റയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത അമ്മ റോസ്ലിന്‍ (ജിജി ഫിലിപ്പ്) എതിരെ കുഞ്ഞിനെ സമരരംഗത്ത് കൊണ്ടുവന്നുവെന്ന പേരില്‍ കേസെടുത്തിരിക്കുകയാണ്. സ്വന്തം ഭൂമിയുടെ കയ്യാലയില്‍ നിന്നാണ് റോസ്ലിനെയും മകള്‍ സോമിയയെയും പുരുഷപോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് വലിച്ചിഴക്കുന്നത്. വലിച്ചിഴച്ചവരില്‍ പലര്‍ക്കും നെയിംപ്ലേറ്റുണ്ടായിരുന്നില്ല. സാധാരണ പോലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റല്ല, ടൂവീലര്‍ ഹെല്‍മറ്റാണ് അവര്‍ ഉപയോഗിച്ചിരുന്നത്. അതായത് യഥാര്‍ത്ഥ പോലീസ് തന്നെയാണോ ഈ ആക്ഷനില്‍ പങ്കെടുത്തവര്‍ എന്നുറപ്പാക്കുവാനാകാത്ത അവസ്ഥ.
കുഞ്ഞിന്റെ മുന്നില്‍ പോലും പോലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതും കുഞ്ഞിനെ രക്ഷിക്കുന്നത് നാട്ടുകാരാണെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഈ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ഇത്തരമൊരു ആക്രമണത്തിന് ഉത്തരവിട്ടവര്‍ക്കോ എതിരെ ഇതുവരെ എന്തെങ്കിലും നടപടിയുണ്ടായോ എന്ന് വ്യക്തമല്ല. അതായത് വാദിയെ പ്രതിയാക്കുകയാണുണ്ടായത്. പൊലീസിന്റെ നിഷ്ഠൂരതയെ മറച്ചുപിടിക്കാന്‍ റോസ്ലിന്റെ കുട്ടിയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴുളള കേസ്.
മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ റെയില്‍ വിരുദ്ധ പ്രതിഷേധക്കാരായ 150 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘം തിരിച്ചുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് ഒരു കൂട്ടം സ്ത്രീകള്‍ മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി ഭീഷണി മുഴക്കിയത്. ഇതോടെ, സ്ഥലത്ത് സ്ഥിതി സങ്കീര്‍ണമായി. തുടര്‍ന്ന് മുന്‍നിരയില്‍ ഉണ്ടായിരുന്ന നാല് സ്ത്രീകളടക്കം 23 പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുമുണ്ടായിരുന്നു. മാതാപിതാക്കളെ കൈയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി സ്ത്രീകള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കി.
മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്ക് തകറാറ് പറ്റിയതായും പൊലീസ് പറയുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. ജിജി ഫിലിപ്പ് അടക്കം കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും, പിഴയും ഈടാക്കും.
അമ്മ റോസ്ലിനെതിരായ ആരോപണങ്ങള്‍ സംഭവദിവസം വൈകുന്നേരം മുതല്‍ സമരവിരുദ്ധ കേന്ദ്രങ്ങളില്‍ നിന്നും പ്രചരിച്ചു തുടങ്ങിയിരുന്നു. കുഞ്ഞുമായി സമരത്തിന് വന്നുവെന്നും കുഞ്ഞുങ്ങളെ പരിചയാക്കി എന്നുമുളളതായിരുന്നു അത്.
തങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ജിജി ഫിലിപ്പ് വന്‍ പ്രതിഷേവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ആദ്യമേ ഭീഷണി മുഴക്കിയിരുന്നതായി അവര്‍ പറഞ്ഞു. പുരുഷ പൊലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് കാലിലും കയ്യിലും തൂക്കി വലിച്ചിഴച്ചുവെന്ന് ജിജി പറഞ്ഞു. സ്ത്രീയെന്ന പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്ക് ലഭിച്ചില്ല. താനുള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസുകാര്‍ ക്രൂരമായാണ് ആക്രമിച്ചത്. കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ല. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. കുഞ്ഞിനെ മനപ്പൂര്‍വ്വം സമരരംഗത്തേക്ക് എത്തിച്ചതല്ല. വീട്ടിന് മുന്നില്‍ കല്ലിടാന്‍ വന്നാല്‍ അത് പറിച്ചെറിയുമെന്നും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരക്കാരെ പൊലീസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും ജിജി പറയുന്നു.
തന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ എട്ടുവയസ്സുകാരി സോമിയ അവിടേക്ക് ഓടിയെത്തുകയായിരുന്നു. അന്നത്തെ സംഭവത്തിന് പിന്നാലെ രാത്രികളില്‍ കുഞ്ഞ് അമ്മയെവിടെയെന്ന് ചോദിച്ച് കരയുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണെന്നും ജിജി ഫിലിപ്പ് പറഞ്ഞു. കുട്ടി തന്നെ കാണാതെ അന്വേഷിച്ച് വന്നതായിരിക്കാം. പെണ്‍കുഞ്ഞ് അമ്മയുടെ കൂടെയല്ലാതെ പൊലീസുകാര്‍ക്കൊപ്പമാണോ നില്‍ക്കേണ്ടത്. അതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയാണെങ്കില്‍ സമൂഹത്തിലെ മാതാപിതാക്കളെ സമൂലം ഉന്മൂലനം ചെയ്യണം. അമ്മയില്ലാതെ കുഞ്ഞിനെ മറ്റൊരാളുടെ കൂടെ പാര്‍പ്പിക്കാനുള്ള സാഹചര്യമാണോ കേരളത്തിലേതെന്നും ജിജി ചോദിച്ചു. കെ റെയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കാന്‍ പൊലീസെത്തിയ സമയത്ത് വീടിന്റെ ഗേറ്റ് അടച്ച് പുറത്തേക്ക് നിന്നു. ഈ സമയത്ത് പുരുഷ പൊലീസെത്തി തോളില്‍ കയ്യിട്ട് വലിച്ച് സ്ത്രീ പൊലീസുകാര്‍ക്കിടയിലേക്കിട്ടുകൊടുക്കുകയായിരുന്നു. കുട്ടി എപ്പോഴാണ് ഇതിനിടയിലേക്ക് വന്നതെന്നെനിക്കറിയില്ലെന്നും ജിജി പറഞ്ഞു.
മാത്രമല്ല, ജിജി സമരരംഗത്ത് എത്തിയതിനുപിന്നില്‍ നിരവധി കടുത്ത യാഥാര്‍ഥ്യങ്ങളുണ്ട്. വിദേശത്തുപോയി ചോര നീരാക്കി നിര്‍മ്മിച്ച വീടാണ് അവരുടേത്. കെ റെയില്‍ വന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പുരയിടവും നഷ്ടമാവും. ലോണെടുത്ത് നിര്‍മ്മിച്ച കട കൊണ്ടാണ് താന്‍ ജീവിക്കുന്നത്. അത് നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് അവരുടെ പക്ഷം. നഷ്ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.
സമരചരിത്രങ്ങളിലെ സ്ത്രീകൾ
കുഞ്ഞുമായി സമരത്തിന് വന്നുവെന്ന ആരോപണം ഉന്നയിക്കുകയും കേസെടുക്കുകയും ചെയ്യുന്നവര്‍ നിരാകരിക്കുന്നത് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തന്നെ അഭിമാനകരമായ ചില ചരിത്രവ്യക്തിത്വങ്ങളെയാണ്.
ഒന്നാമത്തേത് ത്സാന്‍സി റാണിയാണ്. കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്തു കെട്ടി ഉടവാളുമായി ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പോരാടിനിറങ്ങിയ റാണി ലക്ഷ്മിഭായിയുടെ ചിത്രം മറന്നുപോകുവാന്‍ പാടില്ലാത്തതാണ്.
സാന്‍ഡേഴ്‌സണ്‍ വധത്തിന് ശേഷം ഭഗത്‌സിംഗും സഖാക്കളും വേഷപ്രച്ഛന്നരായി നടത്തിയ യാത്രയില്‍ നിര്‍ണായകമായ സംഭാവന ചെയ്തത് മകനുമായി അവരോടൊപ്പം ചേര്‍ന്ന ദുര്‍ഗ്ഗാഭാബിയാണ്. അത്യന്തം സാഹസികമായ ആ യാത്രയില്‍ നാടന്‍ സായിപ്പായി വേഷം മാറിയ ഭഗത്‌സിംഗിന്റെ ഭാര്യയായി അഭിനയിക്കുവാന്‍ തീരുമാനിച്ച ആ ധീരവനിതയുടെ കൈയില്‍ അവരുടെ കുഞ്ഞുമുണ്ടായിരുന്നു. ആ യാത്രയില്‍ പിടിക്കപ്പെട്ടാല്‍ ഗുരുതരമായ ഭവിഷത്തുകള്‍ ഉറപ്പായിരുന്നു. പക്ഷേ, സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് അവരേറ്റെടുത്ത ഉത്തരവാദിത്വം അഭിമാനത്തോടെയാണ് ഇന്ത്യന്‍ ചരിത്രം രേഖപ്പെടുത്തുന്നത്.

എ.വി.കുട്ടിമാളുവമ്മ. നിസ്സഹരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രണ്ട് മാസമുളള കുഞ്ഞുമായി ജയില്‍വാസമനുഭവിച്ച സ്വതന്ത്ര്യസമരസേനാനി. ഇത്തരത്തില്‍ എത്രയെത്ര അമ്മമാരുടെ ധീരോജ്ജ്വലമായ സംഭാവനകളാല്‍ സമ്പന്നമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം.
വിളപ്പിൽ ശാലയിലെ ബുർഹാൻ
വിളപ്പില്‍ശാലയിലെ മാലിന്യ നിക്ഷേപത്തിനെതിരായ സമരത്തിന്റെ നിര്‍ണ്ണായക ദിനങ്ങളില്‍ സമരനേതാവ് ബുര്‍ഹാനും അദ്ദേഹത്തിന്റെ ഭാര്യ ആമിനയും ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി മുന്‍നിരയില്‍ നിലയുറപ്പിച്ചിരുന്നു. വിളപ്പില്‍ശാലയിലെ സമരത്തെ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത് ബുര്‍ഹാനും കുടുംബവുമാണ്. പൂന്തോട്ടം നിര്‍മിക്കാനായാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ വിളപ്പില്‍ ശാലയിലെ താഴ്വര ഏറ്റെടുത്തത്. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളില്‍ നഗരത്തിലെ മാലിന്യവുമായി ചവര്‍ ലോറികള്‍ വരാന്‍ തുടങ്ങി. പിന്നീട് രോഗങ്ങളാല്‍ പ്രദേശ വാസികള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയതോടെയാണ് ചവര്‍ ഫാക്ടറിയുടെ അപകടം ഇവര്‍ മനസ്സിലാക്കിത്തുടങ്ങിയത്. ഇതോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ സമരരംഗത്തേക്കുവന്നത്.
ഷഹീന്‍ബാഗ് സമരത്തിന്റെ അവസരത്തില്‍ പനി ബാധിച്ച് മരണമടഞ്ഞ മുഹമ്മദ് ജഹാന്റെ ഉമ്മ നസിയയ്‌ക്കെതിരായ അധിക്ഷേപത്തെ കേരളത്തിന്റെ ഇടതുമനസ്സാക്ഷി ഒന്നിച്ചു പ്രതിരോധിച്ചിരുന്നു.
ഇതെല്ലാം മറന്നു കൊണ്ട് റോസ്ലിനെ മഹാപരാധിയായി ചിത്രീകരിക്കുവാനുളള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. റോസ്ലിന്‍ കുഞ്ഞിനെ മുന്‍നിശ്ചയപ്രകാരം പോലീസ് ആക്ഷനിലേക്ക് കൊണ്ടുവന്നതല്ല. സ്വന്തം കുഞ്ഞിനൊപ്പം സ്വന്തം ഭൂമിയില്‍ നിന്ന അമ്മയെ പോലീസ് അങ്ങോട്ട് ചെന്ന് ആക്രമിച്ചതാണ്.
മറ്റൊന്ന്, കുഞ്ഞുണ്ടെങ്കില്‍ സമരം ചെയ്യുന്നത് കുറ്റകരമാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത് ഹീനമായ നടപടിയാണ്. സമരത്തില്‍ സ്ത്രീകളെയടക്കം അറസ്റ്റ് ചെയുന്നത് ആദ്യ സംഭവമല്ലെന്നും പൊലീസിനെ ആക്രമിച്ചാല്‍ ഇടപെടലുണ്ടാകുമെന്നുമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ക്രമസമാധാന പ്രശ്‌നമുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ജോലിയാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ സമരം ചെയ്താല്‍ അത് മനസ്സിലാകും. ജനങ്ങളുമായി സര്‍ക്കാര്‍ യുദ്ധത്തിനില്ല. കുഞ്ഞുങ്ങളെ ബോധപൂര്‍വം സമര രംഗത്ത് കൊണ്ടുപോകുന്നത് കാഴ്ചകള്‍ സൃഷ്ടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ഏതൊരു അമ്മയും കുഞ്ഞിന്റെ ക്ഷേമവും സൗഖ്യവുമാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ ഒരു ഭാഗം പോലെ എല്ലായ്‌പ്പോഴും എവിടെയും കുഞ്ഞിനെ കൊണ്ടുപോകുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നത് ജീവിതസാഹചര്യങ്ങള്‍ മൂലമാണ്. കുഞ്ഞിനെയും നോക്കി വീട്ടിലിരുന്നോണമെന്നും കുഞ്ഞുമായി സമരത്തിന് വരുന്നത് പാതകമാണെന്നും സ്ത്രീകളോട് ആജ്ഞാപിക്കുന്നവര്‍ ഇനിയും ഫ്യൂഡല്‍ മനോഭാവത്തില്‍ നിന്നും പുറത്തുവന്നിട്ടില്ലായെന്നതാണ് വാസ്തവം. കൈയും വീശി സമരത്തിന് വരാനുള്ള പ്രിവിലേജ് ഇന്നാട്ടില്‍ ചുരുക്കം സ്ത്രീകള്‍ക്കേയുണ്ടാകുകയുളളൂ. അങ്ങനെയല്ലാത്ത സ്ത്രീകള്‍ സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടലുകളില്‍ നിന്നും മാറി നില്‍ക്കണം എന്ന് ആജ്ഞാപിക്കുവാന്‍ ആര്‍ക്കും അധികാരമില്ല.
ജീവിതത്തിലെ നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍ കുഞ്ഞു കൂടെയുണ്ടെന്നത് ഒരു പരിമിതിയായി കാണാതെ, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തവരാണ് ത്സാന്‍സിറാണിയും ദുര്‍ഗ്ഗാഭാബിയും കുട്ടിമാളുവമ്മയും ഷഹീന്‍ബാഗിലെ നസിയയും വിളപ്പില്‍ശാലയിലെയിലെ ആമിനയുമെല്ലാം. റോസ്ലിനെതിരെ ആക്രോശിക്കുന്നവര്‍ തമസ്‌കരിക്കുന്ന ഈ ചരിത്രം ആത്മാഭിമാനമുളള സ്ത്രീത്വം ഏറ്റെടുക്കും.
കെ - റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മലപ്പുറം ജില്ലാ സമിതിയംഗം, ജനകീയ സമിതിയുടെ സംസ്ഥാന വനിതാ കൂട്ടായ്മയുടെ വൈസ് ചെയർപേഴ്സൺ.
റിദാ നാസര്‍
Jan 21, 2023
18 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
അഡ്വ. എൻ. ഷംസുദ്ദീൻ
Dec 16, 2022
10 Minutes Read
സിദ്ദിഹ
Sep 21, 2022
2 minutes Read
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
Suja Antoney
21 Mar 2022, 05:55 PM
ശരിയായ നിരീക്ഷണം. സർക്കാരിന്റെ വാലാട്ടിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലാവകാശക്കമ്മീഷൻ പിരിച്ചുവിടണം