വാരിയംകുന്നനും ആശാന്റെ 'ദുരവസ്ഥ'യും

"വാരിയംകുന്നൻ കേരളത്തിന്റെ വീരപുത്രൻ തന്നെയാണ്. ദുരവസ്ഥ എന്ന കൃതിയിലെ ചില ഭാഗികമായ സാമൂഹിക സാഹചര്യ വർണനകൾ മാത്രം വച്ച് കൊണ്ട് ആശാനെ മുൻ നിർത്തി ഒരു വിഭാഗീയത സൃഷ്ടിക്കാനുള്ള ഹിന്ദുത്വ പരിശ്രമങ്ങൾ വിലപ്പോവുകയില്ല. ദുരവസ്ഥയുടെ ചില ഭാഗങ്ങളിൽ മതപരമായ ആരോപണങ്ങൾ കാണാമെങ്കിലും അത് അന്ന് നടന്ന സംഭവങ്ങളോട് ചരിത്രാകലം (historical distance) പാലിക്കാൻ കഴിയാതെ എഴുതിയത് കൊണ്ടാണ് എന്ന് അദ്ദേഹത്തിന്റെ തന്നെ മുഖവുരയിൽ രചനാ സാക്ഷ്യമുണ്ട്.''

"വാരിയംകുന്നൻ' എന്ന സിനിമയുടെ പ്രഖ്യാപനത്തെ തുടർന്ന് ഹിന്ദുത്വവാദികൾ പലരും കുമാരനാശാന്റെ ദുരവസ്ഥ ഉദ്ധരിക്കുന്നുണ്ട്. "ക്രൂര മുഹമ്മദർ', "ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ' തുടങ്ങിയ കവിതയിലെ ചില പരാമർശങ്ങൾ ധാരാളമായി ഉപയോഗിച്ച് സിനിമക്കെതിരെ പ്രചരണമാരംഭിച്ചിട്ടുണ്ട്. എന്നാൽ കവിതയുടെ ആത്യന്തികമായ ഒരു സത്യമുണ്ട്. ദുരവസ്ഥയിൽ അന്ന് തന്റെ കേട്ടറിവുകൾ വച്ച് ആശാൻ കലാപകാരികളുടെ കൊടും ക്രൂരതകൾ വർണ്ണിക്കുമ്പോൾ പോലും അതിനിടയിൽ മിന്നൽ പോലെ ആ സത്യം തിരിനീട്ടുന്നുണ്ട്.

കുമാരനാശാൻ

ആദ്യം തന്നെ പറയട്ടെ, അന്ന് നടന്ന അക്രമങ്ങൾ സാമ്രാജ്യത്വത്തിന്റെ കൂലിപ്പട്ടാളത്തിന് എതിരെ മാത്രമായിരുന്നില്ല. ഒരു കാർഷിക കലാപം അന്ധമായ രക്തച്ചൊരിച്ചിലുകളിലേക്ക് ഒഴുകിപ്പോവാറുണ്ട്. അത്തരം വലിയ തെളിവുകൾ മലബാർ വിപ്ലവത്തിന്റെ സന്ദർഭത്തിൽ ശരിവെയ്ക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ആ സാധ്യതകളെ തള്ളിക്കളയാൻ ആവില്ല. പക്ഷെ എന്തിനായിരുന്നു കലാപം എന്നതിനെ ക്രൂരതകളുടെ വിവരണങ്ങൾ കൊണ്ട് മാത്രം മറക്കാനാവില്ല. റഷ്യൻ വിപ്ലവത്തിൽ കുലാക്കുകളെ കൊല്ലാതിരുന്നിട്ടില്ല, ചൈനയിൽ ഫെങ്ങ്ജിഞ്ച്യൂകളെ കൊല്ലാതിരുന്നിട്ടില്ല. അവരുടെ കൊല്ലും കൊലയും നിറഞ്ഞ അധീശാധികാരത്തോടുള്ള പ്രതിഹിംസകൾ ആയിരുന്നു അവയെല്ലാം.

മധ്യകാല ചൈനീസ് ഫ്യൂഡലിസത്തിന്റെ ജീർണ്ണമായ ജീവിതാവസ്ഥകളെ പ്രതിബിംബിപ്പിക്കുന്ന ജിൻ പിംഗ് മെയ് എന്ന ബൃഹത് കൃതി വായിച്ചു ഞാൻ തരിച്ചിരുന്നിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ അത്തരം അധികാര ക്രമങ്ങളോടുള്ള പ്രതിഹിംസകളെ "അഹിംസ'യുടെ ഏകപക്ഷീയമായ ഒരു നിർവചനം കൊണ്ട് നേരിടാനാവില്ല, ഇല്ലാതാക്കാനാവില്ല. ആശാൻ തന്റെ സ്വന്തമായ ശൈലിയിൽ എന്നാൽ തനിക്ക് പകർന്നു കിട്ടിയ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് ഇതിന്റെ രചനക്ക് മുതിരുന്നത് എന്ന് ആമുഖത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതിന്റെ പരിമിതികൾ തന്റെ കൃതിക്ക് ഉണ്ട് എന്ന് അദ്ദേഹം പരസ്യമായി സമ്മതിക്കുന്നുമുണ്ട്.

ദുരവസ്ഥയിലെ ഭാഗികമായ മതവിഭാഗീയ വർണ്ണനകളും കുത്തിപ്പൊക്കി നാട്ടിൽ നടന്ന വലിയൊരു സാമ്രാജ്യത്വ വിരുദ്ധ ജന്മിത്വ വിരുദ്ധ കലാപത്തെ കേവലം മതസ്പർദ്ധയുടെ പേരിലുള്ള വംശീയ ഹിംസയായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വപരിശ്രമം വിലപ്പോവുകയില്ല എന്ന് ദുരവസ്ഥയുടെ ഒരു സൂക്ഷ്മ വായന നമ്മെ ബോധ്യപ്പെടുത്തുന്നു.

എന്നാൽ ആ പരിമിതികളെ ഭേദിച്ച്, "ഹൈന്ദവച്ചോര' ഒഴുക്കുന്നതിനെ കുറിച്ചുള്ള ദീർഘമായ കലാപ വർണ്ണനക്ക് ഇടയിലാണ് കലാപത്തിന്റെ അനിവാര്യമായ ഒരു സത്യം ആശാന്റെ ഭാവനയെ ദംശിക്കുന്നത്:

"എന്നല്ലിവരിൽ പലരും മനയ്ക്കലെ-
കുന്നുവാരത്തെ കൃഷിക്കരല്ലോ
പേർത്തും ചിലരിവർ നമ്മുടെ വസ്തുക്കൾ
ചാർത്തിവാങ്ങിക്കഴിവോരല്ലോ
എന്നല്ലീ മൂസ്സായും കാസീമുംകൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ'

പാട്ടക്കൃഷിക്കാരും, വസ്തു ചാർത്തി വാങ്ങി കഴിയുന്ന പാവങ്ങളും ജന്മിമാരുടെ ഭൃത്യരും അടങ്ങുന്ന അടിസ്ഥാന വർഗ്ഗമാണ്, കീഴാളരാണ് കലാപത്തിൽ പങ്കെടുത്തവരെന്നു ആശാന് ബോധ്യമുണ്ടായിരുന്നു. മാത്രമല്ല, അതിനെക്കാൾ തീഷ്ണമായി
"വെള്ളക്കാരെ ചുട്ടൊടുക്കുവിൻ ജന്മിമാ-
രില്ലമിടിച്ചു കുളംകുഴിപ്പിൻ'

എന്ന മുദ്രാവാക്യത്തിന് കവിതയിൽ ഇടം നൽകിക്കൊണ്ട് കൂടിയാണ് ആശാൻ ആ സത്യത്തിന് കൂടുതൽ മിഴിവേകിയത്. ഒപ്പം അള്ളയല്ലാതൊരു ദൈവം ഇവിടെ ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഈ സമരമെന്ന് അദ്ദേഹം കൂട്ടി ചേർക്കുന്നുണ്ട്. ഈ കൂട്ടിചേർക്കലാണ് ഹിന്ദുത്വം ഉപയോഗിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതിന് അവരെ അനുവദിക്കാത്ത മുൻകരുതലുകൾ ആശാൻ തന്നെ എടുക്കുന്നുണ്ട്.

എങ്കിലും വെള്ളക്കാർക്കും ജന്മിമാർക്കും എതിരെ നടന്ന കാർഷിക കലാപമാണ് മലബാർ വിപ്ലവം എന്ന ഉത്തമ ബോധ്യം ഉള്ളപോൾ പോലും എന്താവാം ആശാൻ ഇത്രയും മതവിഭാഗീയത അതിൽ കുത്തിക്കലർത്തിയത്?

ഖിലാഫത്തിന്റെ കൂടി കാലമാണ് എന്ന് ആശാന് അറിയാവുന്നതുമായിരുന്നു.

വിവേകാനന്ദൻ

രണ്ടു കാരണങ്ങൾ കൊണ്ടാണ് ആശാൻ ഇതിനെ കേവലമായ മതകലാപത്തിന്റെ കണക്കിൽ ചേർക്കാൻ കവിതയിൽ ചില ഇടങ്ങളിൽ മുതിർന്നത്. ഒന്ന് ജാതി വിമർശനത്തിന്റെ പക്ഷത്ത് നിന്ന് നോക്കുമ്പോൾ അദ്ദേഹത്തിന് മതപരിവർത്തനത്തോട് സന്ദിഗ്ധമായ ഒരു സമീപനമാണ് ഉണ്ടായിരുന്നത് എന്ന് കാണാം. ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മ അടക്കമുള്ള ആചാരങ്ങൾ ആണ് മത പരിവർത്തനത്തിന് കാരണമാകുന്നതെന്ന് തിരുവിതാംകൂറിന്റെ കാര്യം എടുത്തു പറഞ്ഞുകൊണ്ട് വിവേകാനന്ദനും സൂചിപ്പിച്ചിട്ടുണ്ട്. "ഫ്യൂച്ചർ ഓഫ് ഇന്ത്യ' എന്ന ലേഖനത്തിൽ അദ്ദേഹം കേരളത്തെക്കുറിച്ച് നടത്തുന്ന പരാമർശം ഏതാണ്ടിങ്ങനെയാണ്: ""ഞാൻ മലബാറിൽ കണ്ടതിനേക്കാൾ അർത്ഥശൂന്യമായ ഒന്ന് ലോകത്തെവിടെയെങ്കിലും ഉണ്ടോ? ദരിദ്രരായ ദളിതർക്ക് സവർണ്ണർ നടക്കുന്ന വഴികളിൽകൂടി സഞ്ചരിക്കാൻ അനുവാദമില്ല. എന്നാൽ അവർ സ്വന്തം പേരുമാറ്റി ഏതെങ്കിലും ഒരു ഇംഗ്ലീഷ് പേര് സ്വീകരിച്ചാൽ ഇതിന് അനുവാദം കിട്ടുന്നു. ഈ മലബാറികൾ എല്ലാം ഭ്രാന്തന്മാർ ആണെന്നും, അവരുടെ ഭവനങ്ങൾ ഭ്രാന്താലയങ്ങൾ ആണെന്നും അല്ലാതെ മറ്റെന്താണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്?'' മാത്രമല്ല, Reply to the Madrass address എന്ന കുറിപ്പിൽ തിരുവിതാംകൂറിലെ ഹിന്ദുരാജാവിന്റെ ഭരണത്തിൻ കീഴിൽ ദളിതർ ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ മാറുമ്പോൾ അവരോടുള്ള ഭരണകൂടത്തിന്റെ അയിത്തം അവസാനിക്കുന്നു എന്ന് വിവേകാനന്ദൻ സൂചിപ്പിക്കുന്നുണ്ട് (ഇതിനെയാണ് പലരും വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചു എന്ന് പറയുന്നത്- പ്രഭവം പ്രത്യേകിച്ച് നോക്കാൻ മിനക്കെട്ടിട്ടില്ലെങ്കിൽ ആർക്കും എന്തും പറയാമല്ലോ). ഇസ്ലാമോഫോബിയയുടെ ഒരു വിത്ത് ഇവിടെ നേരത്തെ തന്നെ നട്ടുമുളപ്പിച്ചിട്ടുള്ളതാണ് എന്നർത്ഥം.

ഇസ്ലാം കേരളത്തിൽ വ്യാപിച്ചത് മത പരിവർത്തനതിലൂടെയാണ് എന്ന നിലപാടായിരുന്നു ആശാനും ഉണ്ടായിരുന്നത്. ദുരവസ്ഥയിൽ അദ്ദേഹം അത് എടുത്തു പറയുന്നുണ്ട്.
"ചീറും തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.
എത്രയോദൂരം വഴിതെററിനില്‌ക്കേണ്ടോ-
രേഴച്ചെറുമൻ പോയ് തൊപ്പിയിട്ടാൽ
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെററും പേടിക്കേണ്ട നമ്പൂരാരേ!
ഇത്ര സുലഭവുമാശ്ചര്യവുമായി
സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ
ബുദ്ധി യുള്ളോരിങ്ങാ ശ്രേയസ്സ്‌പേക്ഷിച്ചു
ബദ്ധരായ്‌മേവുമോ ജാതിജേലിൽ ?'

ശ്രീനാരായണ ഗുരു

രണ്ടാമതായി ആശാൻ "തീയക്കുട്ടിയുടെ വിചാര'ത്തിൽ നിന്നുകൂടി തുടങ്ങിയ രാഷ്ട്രീയത്തിലാണ് വിശ്വസിച്ചിരുന്നത്. തനിക്കു ബ്രിട്ടീഷുകാർ ആണ് സംന്യാസം തന്നത് എന്ന ഗുരുവിന്റെ പ്രസ്താവത്തെ അതിന്റെ അന്തരാർഥത്തിൽ തന്നെ മനസ്സിലാക്കിയിരുന്ന ആളാണ്. ഇന്ത്യയിൽ വെയിൽസ് രാജകുമാരന്റെ സന്ദർശനത്തിനെതിരെ സമരം ആളിക്കത്തുമ്പോൾ അദ്ദേഹത്തിൽ നിന്നും പട്ടും വളയും വാങ്ങിയ ആളാണ്. കാരണം ആ സഖ്യം ഇവിടുത്തെ അധികാര ഘടനകളിൽ വിള്ളൽ വീഴ്ത്താൻ പര്യാപ്തമാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സ്വാതന്ത്ര്യം വെള്ളക്കാരിൽ നിന്നോ ജാത്യാടിമത്തത്തിൽ നിന്നോ എന്ന ചോദ്യത്തെ രാഷ്ട്രീയമായി ഉൾക്കൊണ്ട ചിന്തകൻ കൂടിയായിരുന്നു ആശാൻ. അനവധി അടരുകളുള്ള ഒരു ജാതി വിരുദ്ധ സമരത്തിൽ അത്മനിഷ്ടമായ നിരവധി നിലപാടുകൾ എടുത്തു മനസ്സ് പൊള്ളിനിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സമകാല ലോകത്തിന്റെ ശരിതെറ്റുകൾ മാത്രം വച്ച് അളക്കാൻ കഴിയുന്നതല്ല അന്നത്തെ കീഴാള സമര നായകൻ കൂടിയായിരുന്ന കവിയുടെ രാഷ്ട്രീയത്തിന്റെ ഉള്ളറകൾ.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കലാപത്തിന്റെ ആത്യന്തികമായ കാർഷിക സ്വഭാവത്തിൽ മതത്തിന്റെ നിറം കൂടി ആശാൻ അല്പം കടുപ്പത്തിൽ തന്നെ കലർത്തുന്നത്. എന്നാൽ അത് ജന്മിത്വ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും ആയ സമരമായിരുന്നു എന്ന കാര്യം ആശാൻ കവിതയിലും പൂർണ്ണമായും നിഷേധിക്കുന്നില്ല.

ആശാൻ ഏറ്റവും കൂടുതൽ വിമർശിച്ചത് ബ്രാഹ്മണ്യത്തിന്റെ ആചാരവിശ്വാസങ്ങളെ തന്നെയാണ്. ദുരവസ്ഥ എഴുതിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായ ധർമ്മ സങ്കടങ്ങൾ ആണ് തിടുക്കത്തിൽ ചണ്ഡാലഭിക്ഷുകി എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ബ്രാഹ്മണ്യത്തിന്റെ ഉച്ചിയിൽ തറയ്ക്കുന്ന ആണികളാണ് അതിലെ ഓരോ വരിയും എന്ന് കാണുവാൻ കഴിയും. 1922 സെപ്തംബർ മാസത്തിൽ ദുരവസ്ഥ എഴുതി തീർത്ത ആശാൻ ഡിസംബർ ആയപ്പോഴേക്കും അതിന്റെ "സഹോദര കൃതി' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ചണ്ഡാലഭിക്ഷുകി എഴുതിക്കഴിഞ്ഞിരുന്നു. ഇതിൽ ഒരു പ്രായശ്ചിത്തത്തിന്റെ പ്രതീകാത്മകത ഉണ്ടോ എന്ന് പോലും ഞാൻ സംശയിക്കുകയാണ്.

ആശാൻ ഏറ്റവും കൂടുതൽ വിമർശിച്ചത് ബ്രാഹ്മണ്യത്തിന്റെ ആചാരവിശ്വാസങ്ങളെ തന്നെയാണ്. ദുരവസ്ഥ എഴുതിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായ ധർമ്മ സങ്കടങ്ങൾ ആണ് തിടുക്കത്തിൽ ചണ്ഡാലഭിക്ഷുകി എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നാണ് തോന്നുന്നത്.

വാരിയംകുന്നൻ കേരളത്തിന്റെ വീരപുത്രൻ തന്നെയാണ്. ദുരവസ്ഥ എന്ന കൃതിയിലെ ചില ഭാഗികമായ സാമൂഹിക സാഹചര്യ വർണനകൾ മാത്രം വച്ച് കൊണ്ട് ആശാനെ മുൻ നിർത്തി ഒരു വിഭാഗീയത സൃഷ്ടിക്കാനുള്ള ഹിന്ദുത്വ പരിശ്രമങ്ങൾ വിലപ്പോവുകയില്ല. ദുരവസ്ഥയുടെ ചില ഭാഗങ്ങളിൽ മതപരമായ ആരോപണങ്ങൾ കാണാമെങ്കിലും അത് അന്ന് നടന്ന സംഭവങ്ങളോട് ചരിത്രാകലം (historical distance) പാലിക്കാൻ കഴിയാതെ എഴുതിയത് കൊണ്ടാണ് എന്ന് അദ്ദേഹത്തിന്റെ തന്നെ മുഖവുരയിൽ രചനാ സാക്ഷ്യമുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ അതിനു തെളിവായുണ്ട്: "ലഹളയുടെ അപൂർണ്ണവും അസ്പഷ്ടവുമായ ഛായും പാഠങ്ങളിൽ ചിലതിന്റെ മന്ദമായ പ്രതിദ്ധ്വനിയും മാത്രെ ഇതിൽ നിന്ന് ഗ്രഹിപ്പാൻ കഴിയൂ'. "ഭൂതകാലവും പരോക്ഷതയുമാണ് കവിതാചിത്ര നിർമ്മാണത്തിന് പറ്റിയത്' എന്ന് അദ്ദേഹം തുടർന്നെഴുതുന്നു. ഇത്രയേറെ മാപ്പുമൊഴികളോടെ മറ്റൊരു കൃതിയും ആശാൻ അവതരിപ്പിക്കുന്നില്ല.

താൻ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ വിഷയത്തിൽ തന്റെ കാഴ്ചകളുടെ, അറിവുകളുടെ പരിമിതിയുടെ പേരിൽ താൻ ഭാവിയിൽ വിചാരണ ചെയ്യപ്പെടരുത് എന്ന വിചാരത്തിൽ നിന്നാണ് ആ ചെറിയ മുഖവുരയുടെ മുക്കാൽ പങ്കും ഇത്തരത്തിൽ മുൻകൂർ ക്ഷമാപണങ്ങൾക്കായി അദ്ദേഹം നീക്കിവച്ചത്. ദുരവസ്ഥയിലെ ഭാഗികമായ വർത്തമാന ചിത്രണവും പ്രത്യക്ഷതയും നീക്കിയാൽ അതിൽ പിന്നെ ഈ മതവിഭാഗീയത ഉണ്ടാവില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ദുരവസ്ഥ ഒരു "വിലക്ഷണ കൃതിയാണ്' എന്ന് അദ്ദേഹം പറയാൻ കാരണം പലരും കരുതുന്നത് പോലെ അതിലെ സാഹിത്യ ഗുണം കുറഞ്ഞതോ രാഷ്ട്രീയമോ ഒന്നുമല്ല. അതിൽ അദ്ദേഹത്തിന് ചരിത്രപരമായ അകലത്തിൽ നിന്ന് കൂടുതൽ വസ്തുനിഷ്ഠമായി ഒരു സംഭവത്തോട് പ്രതികരിക്കാൻ ഉള്ള സാവകാശം കിട്ടഞ്ഞതിനാൽ സംഭവിച്ച വിലക്ഷണതയാണ്. ആ മുഖവുരയിൽ നിന്ന് മലയാളികൾ ഇനിയെങ്കിലും ഇത് മനസ്സിലാക്കേണ്ടതുണ്ട്.

ദുരവസ്ഥയിലെ ഈ ഭാഗികമായ മതവിഭാഗീയ വർണ്ണനകളും കുത്തിപ്പൊക്കി നാട്ടിൽ നടന്ന വലിയൊരു സാമ്രാജ്യത്വ വിരുദ്ധ ജന്മിത്വ വിരുദ്ധ കലാപത്തെ കേവലം മതസ്പർദ്ധയുടെ പേരിലുള്ള വംശീയ ഹിംസയായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വപരിശ്രമം വിലപ്പോവുകയില്ല എന്ന് ദുരവസ്ഥയുടെ ഒരു സൂക്ഷ്മ വായന നമ്മെ ബോധ്യപ്പെടുത്തുന്നു.

Comments