മാൻഹോളിനുള്ളിലെ മരണഗന്ധം

സ്വന്തം ജീവിതത്തിന് ബലിയിടാതെ ഒരു മനുഷ്യനും ഓടയിലെ നരകത്തിലെത്താൻ സാധിക്കില്ല. നിരോധനമുണ്ടെങ്കിലും അങ്ങേയറ്റം മനുഷ്യത്ത്വ വിരുദ്ധമായ തോട്ടിപ്പണിപോലും ഇപ്പോഴും രാജ്യത്തുണ്ട്. മാൻഹോൾ ശുചീകരണത്തിനായി മിക്ക രാജ്യങ്ങളിലും റോബോട്ടിക് സംവിധാനങ്ങൾവരെയുണ്ട്. എന്നാലിവിടെ വായുവില്ലാത്ത മരണ അറകളിലേക്ക് മനുഷ്യരെ തള്ളിവിടുന്നത് യാതൊരു സങ്കോചവുമില്ലാതെയാണ്. മരിച്ചുജീവിക്കുന്ന ഇരകളെ ഒരിക്കലെങ്കിലും രാജ്യം കേൾക്കേണ്ടതുണ്ട്.

Delhi Lens

"ന്നം വായിലേക്ക് വക്കുന്നതിന് മുൻപേ ദുർഗന്ധം മൂക്കിലേക്ക് കയറും. എത്ര കഴുകിയാലും കൈയിലെ മണം പോവില്ല. മനുഷ്യ വിസർജ്ജം വരെയല്ലേ വാരുന്നത്, അതുകൊണ്ടാകും. 20 വർഷായിട്ട് ഈ മണമാണ് '.മനോഹർലാൽ ചാന്ദിനി ചൗക്കിലൂടെ നടന്നുകൊണ്ടു പറഞ്ഞു.

ആൾത്തിരക്കിലും ആ ശബ്ദം ഹൃദയത്തെ മുറിപ്പെടുത്തി. കേട്ടാൽ അറക്കുന്ന വിഴുപ്പിന്റെ കഥകൾ ആ ജീവിതത്തിന്റെ ഓരോ അരികിലുമുണ്ട്. സ്വന്തം ജീവിത ഗന്ധങ്ങളെ പാടെ ഉപേക്ഷിച്ചത് അന്നത്തിനായാണ്. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം കാലുകളുടെ വേഗം കൂട്ടി. ഒപ്പം നടന്നെത്താൻ പ്രയാസമാകുന്നത്ര വേഗത്തിൽ മനോഹർലാൽ കുതിച്ചു. പണി സാധനങ്ങൾ തോളിലെ ചാക്കിൽ ആടിയുലഞ്ഞു. വേഗതക്കനുസരിച്ച് കാക്കി ഷർട്ടിന്റെ കീറിയ കോളർ കാറ്റിൽ ഉയർന്നു നിന്നു.

ചൗക്കിലെ തിരക്കിൽ നിന്നും പൊടുന്നനെ വലത്തോട്ടു തിരിഞ്ഞു. ആളുകൾ കൂട്ടമായി താമസിക്കുന്ന ഗലിയിലേക്കാണ് ആ വഴി ചെന്നെത്തിയത്. ചെറിയ നടവഴിക്ക് ഇരുവശത്തും അടുക്കിവെച്ച രീതിയിൽ കെട്ടിടങ്ങളാണ്. മിക്കവയും ഒറ്റമുറി. കുട്ടികളും പ്രായമായവരുമായി അകം നിറയെ മനുഷ്യർ. വലിയ ശബ്ദത്തിൽവച്ച പാട്ടും സീരിയലും പുറത്തുനിന്നെ കേൾക്കാം. പലയിടത്തായി അടർന്ന ചുവരുകൾ കെട്ടിടത്തിന്റെ പഴക്കം വ്യക്തമാക്കും. അവിടെ താമസിക്കുന്ന മനുഷ്യരുടെ കീശയും ചുറ്റുമുള്ള മങ്ങിയ കാഴ്ചയിലുണ്ട്.

മനോഹർലാൽ നടത്തത്തിന്റെ വേഗം കുറച്ചു. പരന്നൊഴുകുന്ന കറുത്ത വെള്ളത്തിന് എതിരെ നടന്നു. ഓവുചാൽ തടസ്സപ്പെട്ടതുകൊണ്ടാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. ഫാക്റ്ററി മാലിന്യങ്ങൾ മുതൽ മനുഷ്യ വിസർജ്ജ്യം വരെ ഒഴുകുന്ന ഓടയാണത്. അടുക്കുംതോറും ദുർഗന്ധം മാസ്‌ക്കിനുള്ളിലൂടെ ഇരച്ചെത്തി. അകലെ ഏതാനും ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്. മനോഹർലാലിനെ കണ്ടതും തോർത്തുകൊണ്ട് മൂക്ക് പൊത്തിപിടിച്ച ഒരാൾ വലിയ സ്‌നേഹത്തോടെ വന്നു. മാൻഹോളിലേക്ക് നോക്കികൊണ്ട് എത്രയും വേഗം ശരിയാക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹമത് കേൾക്കാത്ത ഭാവത്തിൽ തോളിലെ ചാക്ക് നിലത്തേക്കിട്ടു.

ചെളിവാരാൻ ഉപയോഗിക്കുന്ന കൈക്കോട്ടും കയറുമൊക്കെയായി ഒട്ടേറെ സാധനങ്ങളുണ്ടതിൽ. മനോഹർലാൽ ചുറ്റും നോക്കിക്കൊണ്ട് ചെരുപ്പഴിച്ചുവച്ച് മാൻഹോളിന് മുന്നിലിരുന്നു. അൽപ്പനേരം കൈകൂപ്പി പ്രാർത്ഥിച്ചു. മാൻഹോളിന് മുകളിലൂടെ ഒഴുകിവന്ന കറുത്ത വെള്ളം അദ്ദേഹത്തിന് ചുറ്റും നിറഞ്ഞു. അസഹനീയമായ രൂക്ഷഗന്ധമാണ് അവിടെയാകെ. അടുത്തനിമിഷം അദ്ദേഹം കൈകൾ രണ്ടും കറുത്ത വെള്ളത്തിലേക്കിറക്കി. മാൻഹോളിന്റെ ഇരുമ്പ് മൂടി സർവ്വ ശക്തിയുമെടുത്ത് തുറന്നു.

മനോഹർലാലിന്റെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. സ്വന്തം ജീവിതത്തിന് ബലിയിടാതെ ഒരു മനുഷ്യനും ഓടയിലെ നരകത്തിലെത്താൻ സാധിക്കില്ല. നിരോധനമുണ്ടെങ്കിലും അങ്ങേയറ്റം മനുഷ്യത്ത്വ വിരുദ്ധമായ തോട്ടിപ്പണിപോലും ഇപ്പോഴും രാജ്യത്തുണ്ട്. മാൻഹോൾ ശുചീകരണത്തിനായി മിക്ക രാജ്യങ്ങളിലും റോബോട്ടിക് സംവിധാനങ്ങൾവരെയുണ്ട്. എന്നാലിവിടെ വായുവില്ലാത്ത മരണ അറകളിലേക്ക് മനുഷ്യരെ തള്ളിവിടുന്നത് യാതൊരു സങ്കോചവുമില്ലാതെയാണ്. മരിച്ചുജീവിക്കുന്ന ഇരകളെ ഒരിക്കലെങ്കിലും രാജ്യം കേൾക്കേണ്ടതുണ്ട്.

മാൻഹോളിനുള്ളിലെ മരണഗന്ധം

മാൻഹോളിന്റെ ഇരുമ്പ് മൂടി തുറന്നപാടെ മാലിന്യം പരന്നൊഴുകി. യാതൊരു അറപ്പും കൂടാതെ മനോഹർലാൽ അടിഞ്ഞുകൂടിയ അഴുക്കുകൾ നീക്കിത്തുടങ്ങി. ഈ സമയം ഓടിക്കിതച്ചുവന്ന ചെറുപ്പക്കാരനെ അദ്ദേഹം വല്ലാതെ ചീത്തപറഞ്ഞു. പിന്നീടാണ് അയാൾ സഹായിയാണെന്ന് മനസ്സിലായത്. വൈകി വന്നതിനാണ് വഴക്ക് പറഞ്ഞത്. അയാൾ എല്ലാം കേട്ട് തലതാഴ്ത്തിക്കൊണ്ട് പണിയിലേക്ക് കടന്നു.

അരയിൽ കയർകെട്ടിമുറുക്കി മനോഹർലാൽ മാൻഹോളിലേക്കിറങ്ങാൻ തയ്യാറായി. കയറിന്റെ മറ്റൊരറ്റം സഹായി ഇരുകയ്യിലുമായിചുറ്റി പിടിച്ചിട്ടുണ്ട്. പൊടുന്നനെ അദ്ദേഹം ദീർഘശ്വാസമെടുത്ത് ഓടയിലേക്ക് താഴ്ന്നു. ആ മനുഷ്യനെ മൂടിക്കൊണ്ട് കറുത്ത മലിനജലം പുറത്തേക്കൊഴുകി. ശ്വാസം നിലച്ചുപോകുന്ന കാഴ്ചയാണത്. ഏതാനും മാസങ്ങൾക്ക് മുന്നേ കണ്ട വാർത്തയാണ് മനസ്സിലേക്കപ്പോൾ വന്നത്. ത്രിലോക് പുരിയിലെ ലോകേഷിന്റെയും പ്രേംചന്തിന്റെയും മരണവാർത്ത. ഇരുവരും ശുചീകരണത്തൊഴിലാളികൾ. മാൻഹോളിൽ ശ്വാസം നിലച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആ വാർത്തയും പ്രതിവർഷം രാജ്യത്ത് ഇരട്ടിക്കുന്ന ഇത്തരം തൊഴിലാളികളുടെ മരണത്തിന്റെ കണക്കുകളുമാണ് മനോഹർലാലില്‌ന്റെ അടുത്തെത്തിച്ചത്. ഏറെ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം ആദ്യം സംസാരിക്കാൻ തയ്യാറായത്. അതും ഫോട്ടോ എടുക്കില്ലെന്ന ഉറപ്പോടെ. കാരണം ഹരിയാനയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഇപ്പോഴും യഥാർത്ഥ ജോലി അറിയില്ല. ഡൽഹിയിലെ ഏതോ ഓഫീസിലെ സഹായിയാണെന്നെ അറിയൂ. കുടുംബത്തിന്റെ നിസ്സഹായതയാണ് ഓടയിലെ ജീവിതം തിരഞ്ഞെടുക്കാൻ ഇടയാക്കിയത്.

നിമിഷങ്ങൾക്കുള്ളിൽ മാൻഹോളിൽ നിന്നും മനോഹർലാൽ കയ്യിൽ ഒരുപിടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമായി പൊന്തിവന്നു. ഏറെനേരം കരയിലേക്കിട്ട മീനിനെപ്പോലെ ശ്വാസത്തിനായി പിടഞ്ഞു. തിരിച്ചറിയാനാവാത്തവിധം ശരീരമാസകലം കറുത്തിരുണ്ടിട്ടുണ്ട്. അപകടകരമായ വാതകങ്ങളും ഓടകളിലുണ്ട്. നൈട്രജനും ഹൈഡ്രജൻ സൾഫേറ്റും മിഥെയ്‌ലുമെല്ലാം ഓടകളിലെ മരണ വാഹകരാണ്. ജീവിതത്തിന്റെ ഗന്ധങ്ങൾ തിരിച്ചറിയാനാവാതെ ഇതിനോടകം മരണ അറകളിൽ പിടഞ്ഞൊടുങ്ങിയത് ആയിരങ്ങളാണ്.

നീതിയും നിയമവും മനുഷ്യരും

മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാകൃതമായ രീതികളാണ് രാജ്യമൊട്ടുക്കുള്ളത്. മനുഷ്യവിസർജ്ജ്യം നീക്കംചെയ്യുന്നതിന് പ്രത്യേക സമുദായമുള്ള നാടാണിത്. സമീപകാലത്തുവരെ ആ മനുഷ്യർ നീചമായ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന്റെ മറ്റൊരു രൂപമാണ് ഇന്നും ഓടകളിൽ കാണുന്ന മനുഷ്യ രൂപങ്ങൾ. നിയമ സംവിധാനങ്ങൾ അക്ഷരാർഥത്തിൽ ഓടയിലെ കറുപ്പിൽ അന്ധമാണ്. 1993 ഇൽ മാത്രമാണ് തോട്ടിപ്പണി നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരാൻ സാധിച്ചത്. എന്നാൽ കടലാസിൽ എഴുതിവച്ചതല്ലാതെ ആ മനുഷ്യരെ സ്പർശിച്ചതേയില്ല. തുടർന്ന് 2013 ഇൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു.

കാലത്തിനൊത്ത് നഗരങ്ങൾ മാറിയപ്പോൾ എല്ലാ മാലിന്യങ്ങളും ഓടയിലൂടെ ഒഴുക്കാൻ തുടങ്ങി. മറ്റൊരർത്ഥത്തിൽ തോട്ടിപ്പണിയുടെ പരിഷ്‌കൃത രൂപം. ഇരുട്ടിലായ മനുഷ്യർക്ക് അപ്പോഴും നിയമം തീണ്ടാപ്പാടകലെയാണ്. 2018 - 19 ലെ സർവ്വേകൾ പ്രകാരം 18 സംസ്ഥാനങ്ങളിലെ 170 ജില്ലകളിലായി 54130 പേർ തോട്ടിപ്പണി ചെയ്യുന്നുണ്ട്. നിരോധന നിയമങ്ങളുടെ അവസ്ഥ ഈ കണക്കുകൾ പറയും. എല്ലാത്തിലുമുപരി ഇന്നേ വരെ ഒരു കുറ്റവാളിപോലും ഈ നിയമത്തിന് കീഴിൽ ശിക്ഷിക്കപ്പെട്ടില്ല. 304 A എന്ന എളുപ്പം ജാമ്യം ലഭിക്കാവുന്ന കുറ്റമാണത്. നീതിയും നിയമവും ഇനിയും കാണാത്ത മനുഷ്യ ജീവിതങ്ങൾ ഓടക്കുള്ളിലുണ്ട്. അസംഘടിതരായ അത്തരം മനുഷ്യരെ രാഷ്ട്രീയ പ്രസ്ഥാങ്ങൾക്കും അപരിചിതമാണ്.

സുരക്ഷിതവും ആധുനികവുമായ മാർഗ്ഗങ്ങളാണ് ഓടനന്നാക്കാൻ വേണ്ടത്. മിക്കരാജ്യങ്ങളിലും റോബോർട്ടിക് സാങ്കേതിക വിദ്യകൾ വരെയുണ്ട്. മനുഷ്യനെ മരണ അറകളിലേക്ക് തള്ളിവിടാതിരിക്കാൻ ജനാധിപത്യ രാജ്യം ഇനിയെങ്കിലും അൽപ്പം കരുതൽ കാണിക്കണം. മനുഷ്യനെന്ന മിനിമം പരിഗണനയെങ്കിലും അവർ അർഹിക്കുന്നുണ്ട്. അപരിഷ്‌കൃതമായ രീതികൾ പാടെ ഉപേക്ഷിക്കേണ്ടതുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കായി പുരോഗമന സമൂഹം ഒന്നായി നിൽക്കണമെന്നാണ് മനോഹർലാൽ ഉൾപ്പെടെയുള്ള ഓടയിലെ മനുഷ്യർ ആവശ്യപ്പെടുന്നത്.

മാലിന്യത്തിന്റെ ജാതി

അസാധാരണമല്ലാത്ത മറ്റൊരു കണക്കുകൂടെ പറഞ്ഞാൽ, 95 % തൊഴിലാളികളും ദലിതരാണ്. ഈ രാജ്യത്ത് ആ സമൂഹം അങ്ങനെ ഒരു ജോലി ചെയ്യുന്നത് അസാധാരണമല്ല എന്ന് കൂടുതൽ പറയാതെ ഉൾക്കൊള്ളാവുന്നതാണല്ലോ. ദലിതനായ വിദ്യാർത്ഥി പത്താം ക്ലാസ്സ് ജയിച്ചാൽ ഠാക്കൂറുകൾ അവന്റെ വീട്ടിലേക്ക് കല്ലെറിയുന്ന ഗ്രാമങ്ങളുണ്ട്. ഉത്തർപ്രദേശിലെ ഹാത്രസിൽ ബലാത്സംഘം ചെയ്ത് കത്തിച്ചു കളഞ്ഞ പെൺകുട്ടിയയുടെ ഗ്രാമത്തിൽ നിന്ന് ബോധ്യമായതാണത്. മുന്നോട്ടുവക്കുന്ന ഒരോ ചുവടിലും അവർക്ക് നേരിടേണ്ടിവരുന്നത് ഈ വിധം ആക്രമണങ്ങളാണ്. എന്തുകൊണ്ട് അവരിപ്പോഴും മരണ ഗുഹകളിൽ ഒടുങ്ങിത്തീരുന്നു എന്നതിന് എണ്ണമറ്റ ഉത്തരങ്ങളുണ്ട്. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ കൂടുതൽ ദലിത് വിഭാഗത്തിൽപെട്ട വാത്മീകി സമുദായക്കാരാണ്. മനോഹർലാലും ചലനമറ്റ ആ സമൂഹത്തിന്റെ കണ്ണിയാണ്.

ഓടകളിൽ ശ്വാസം നിലച്ച മനുഷ്യരുടെ ശരിയായ കണക്കുപോലും ലഭ്യമല്ല. ഗുരുതരമായ അപകടങ്ങൾ സംഭവിച്ചവരുടെയോ അസുഖങ്ങൾ ബാധിച്ചവരുടെയോ യാതൊരു വിവരങ്ങളുമില്ല. സഫായി കരംചാരിയുടെ ഡാറ്റ പ്രകാരം രാജ്യത്ത് ഏറ്റവുമധികം മരണങ്ങൾ നടന്നത് തമിഴ്‌നാട്ടിലാണ്. ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

(സഫായി കരംചാരിയുടെ ഡാറ്റ പ്രകാരം 1993 മുതൽ 28.02.2022 വരെയുള്ള മരണങ്ങൾ സംസ്ഥാനം) - മരിച്ചവരുടെ എണ്ണം

ഗുജറാത്ത് - 153
ഉത്തർപ്രദേശ് - 107
ഡൽഹി - 97
മഹാരാഷ്ട്ര - 39
രാജസ്ഥാൻ - 38
ഹരിയാന - 84
തമിഴ്‌നാട് - 218
ആന്ധ്രാപ്രദേശ് - 22
പഞ്ചാബ് - 43
പശ്ചിമ ബംഗാൾ - 23
ഗോവ - 6
ഉത്തരാഖണ്ഡ് - 8
മധ്യപ്രദേശ് - 16
തെലങ്കാന - 17
ബീഹാർ - 2
ഒഡീഷ - 2
പുതുച്ചേരി - 9
കർണാടക - 86
കേരളം - 13
ചണ്ഡീഗഡ് - 3
ത്രിപുര - 2
ഛത്തീസ്ഗഡ് - 1
മൊത്തം - 989

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ മനോഹർലാലും സഹായിയും ഓട ശരിയാക്കി. പുറത്തേക്ക് ഒഴുകിയ വെള്ളം പൂർണ്ണമായും നിലച്ചു. പതിയെ മാൻഹോളിന്റെ ഇരുമ്പ് അടപ്പ് മൂടി. ചുറ്റിലും കൂടിനിന്ന ആളുകൾ പലവഴിക്കായി പിരിഞ്ഞു. ശരീരത്തിൽ അടിഞ്ഞു കൂടിയ ചളി കഴുകാനുള്ള വെള്ളംപോലും ആരും നൽകിയില്ല. വന്നപ്പോഴേ വലിയ സ്‌നേഹത്തോടെ സ്വീകരിച്ച മനുഷ്യന്റെ പൊടിപോലുമില്ല. മനോഹർലാൽ പുതുതായി ഒന്നും സംഭവിക്കാത്തപോലെ ദുർഗന്ധം നിറഞ്ഞ ചളിയോടെ നടന്നു. പിന്തുടർന്ന് സഹായിയും. അദ്ദേഹത്തെ കണ്ടതെ അറപ്പോടെ ആളുകൾ ഒഴിഞ്ഞുമാറുന്നുണ്ട്. അടുത്തുകണ്ട പൊതുപൈപ്പിന്റെ ചുവട്ടിലേക്കിരുന്ന് ടാപ്പ് തുറന്നു. ശക്തിയിൽ വന്ന വെള്ളം അഴുക്ക് മാത്രം കഴുകിക്കളഞ്ഞു. ദിവസവും ആ ജീവിതത്തിനേൽക്കുന്ന മുറിവുണക്കാൻ മരുന്നില്ലെന്ന വേദനയോടെ ഞങ്ങൾ രണ്ടുവഴിക്കായി പിരിഞ്ഞു...

Comments