truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
 Droupati-Murmu-KR-Narayanan.jpg

National Politics

ദ്രൗപദി മുര്‍മു
രാഷ്ട്രപതിപദവിയേറുമ്പോള്‍
കെ.ആര്‍. നാരായണനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?

ദ്രൗപദി മുര്‍മു രാഷ്ട്രപതിപദവിയേറുമ്പോള്‍ കെ.ആര്‍. നാരായണനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?

ദ്രൗപദി മുര്‍മു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്;  അതുകൊണ്ടുതന്നെ അവര്‍ റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാന്‍ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്.   ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാന്‍ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യന്‍  ‘ആഢ്യ' രാഷ്ട്രപതികളില്‍ ആരാണ് റബ്ബര്‍ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്?

28 Jul 2022, 10:16 AM

പി.ബി. ജിജീഷ്

ദ്രൗപദി മുര്‍മു, ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികതയല്ല. രാജ്യത്ത് ആധിപത്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപദ്ധതിയുടെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം എന്താണെന്ന വ്യക്തമായ ധാരണയുണ്ട്. ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുമ്പോഴും, ദലിത് ബഹുജന വിഭാഗങ്ങളുടെ പിന്തുണയില്ലാതെ അധികാരത്തിലേറാന്‍ കഴിയില്ല എന്നവര്‍ക്കറിയാം. കേന്ദ്രമന്ത്രിസഭ തന്നെയെടുക്കുക.  12 മന്ത്രിമാര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും, എട്ടു പേര്‍ പട്ടികവര്‍ഗവിഭാഗത്തിൽനിന്നും,  27 ​​പേർ മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. അങ്ങനെ നോക്കിയാല്‍, പട്ടികജാതി- വർഗ, പിന്നാക്ക പ്രാതിനിധ്യം മന്ത്രിസഭയുടെ  60 ശതമാനം വരും. ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ നഗരകേന്ദ്രീകൃത സവര്‍ണ വിഭാഗങ്ങളില്‍ നിന്ന്​ ഗ്രാമീണ- ദരിദ്ര- ബഹുജന്‍- സ്ത്രീ വിഭാഗങ്ങളിലേക്ക് പടര്‍ത്താനുള്ള വിജയകരമായ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഭാഗമാണിത്. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

കർഷകസമരത്തിന്റെ കേന്ദ്രമായി മാറുകയും, കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകനെ വണ്ടിയിടിപ്പിച്ച് കൊല്ലുകയും ചെയ്ത ലഖീംപൂര്‍ ഖേരിയില്‍  പോലും ബി.ജെ.പി ജയിച്ചു കയറിയത് നമ്മള്‍ കണ്ടതാണ്. ഹിന്ദുത്വ- ബ്രാഹ്മണിക ആദർശങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും, അവര്‍ണ വിഭാഗങ്ങളില്‍ വിശാലഹിന്ദുസമുദായത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധം ജനിപ്പിക്കാന്‍ ആവശ്യമായ ശ്രമങ്ങളുണ്ടാവുന്നുണ്ട്. ഭരണപരമായി ഗവണ്മെൻറ്​ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മുമ്പില്ലാത്തവിധം വര്‍ദ്ധിക്കുകയും ദാരിദ്ര്യ സൂചികയിലുള്‍പ്പെടെ രാജ്യം പിന്നാക്കം പോവുകയും ചെയ്തെങ്കിലും, ദരിദ്ര കുടുംബങ്ങളെ, വമ്പിച്ച പ്രചാരണത്തോടുകൂടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളില്‍ ഒന്നിന്റെയെങ്കിലും ഉപഭോക്താവാക്കുക വഴി, അവരുടെ വിശ്വാസം നേടുക എന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്.

ALSO READ

മോദി സർക്കാറിനെപ്പോലെ നീതിപീഠവും ഉത്തരവിടുന്നു; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

റേഷന്‍ വിതരണത്തിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയുമെല്ലാം സ്ത്രീജനങ്ങള്‍ക്കിടയിലും നിര്‍ണായക സ്വാധീനം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി ബഹുജന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. രാഷ്ട്രപതിമാരുടെ തെരഞ്ഞെടുപ്പിലും ഈ സൂക്ഷ്മത പ്രകടമാണ്. 

കലാം എന്ന ‘ദേശീയ മുസ്​ലിം’

ലോകത്തിനുമുന്‍പില്‍ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക്  തീരാ കളങ്കമായി മാറിയ, 2002-ലെ ഗുജറാത്ത് വംശഹത്യക്കുശേഷം, വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എ.പി.ജെ. അബ്ദുല്‍ കലാമാണ്.  ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍, അതിലുപരിയായി തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള  ‘ദേശീയ മുസ്​ലിം'. മധ്യവര്‍ഗത്തിന് ഏറെ സ്വീകാര്യന്‍. യുവജനങ്ങള്‍ക്കിടയിലും മധ്യവര്‍ഗ്ഗത്തിനിടയിലും വളരെ മനോഹരമായി ആ നിയമനത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചു. എന്‍.ഡി.എയ്ക്ക് മധ്യവര്‍ഗത്തിനിടയില്‍ വ്യാപക സ്വീകാര്യത ലഭിക്കാന്‍ ആ നിയമനം സഹായിച്ചിട്ടുണ്ട്.  

APJ.jpg
എ.പി.ജെ. അബ്ദുല്‍ കലാം

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍, രോഹിത് വെമുലയുടെ മരണത്തിനുശേഷം, രാഷ്ട്രപതി സ്ഥാനത്തേക്ക് ദലിത് വിഭാഗത്തില്‍ നിന്നുമുള്ള രാംനാഥ് കോവിന്ദ് എത്തി. ഇപ്പോഴിതാ ദ്രൗപതി മുര്‍മു രാഷ്ട്രപതിയായിരിക്കുന്നു. ഒഡീഷയിലെ സന്താള്‍ സമൂഹത്തില്‍ നിന്നുമുള്ള രാഷ്ട്രീയ നേതാവ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി. രാംനാഥ് കോവിന്ദും ദ്രൗപതി മുര്‍മുവും ദലിത്- ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ഉറപ്പിക്കാന്‍ ഭരണപക്ഷ രാഷ്ട്രീയത്തിന് സഹായകമാകും എന്ന് നിശ്ചയമില്ല, എന്നിരുന്നാലും രാഷ്ട്രപതി തെരഞ്ഞെടുപ്പുകളെ, കൃത്യമായ ലക്ഷ്യബോധത്തോടെയാണ് അവര്‍ സമീപിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

രാഷ്​ട്രപതിമാരുടെ രാഷ്​ട്രീയ നീക്കങ്ങൾ

കോണ്‍ഗ്രസ് ഭരണകാലത്ത് രാഷ്ട്രപതി പദവി ഇങ്ങനെയൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന് പ്രിയമുള്ള ആളുകളെ നിയമിക്കുക എന്നതായിരുന്നു രീതി, പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന നീലം സഞ്​ജീവ റെഡ്ഡിക്കെതിരെ ഇന്ദിരാഗാന്ധി തന്റെ വ്യക്തിപരമായ താല്പര്യപ്രകാരം വി. വി. ഗിരിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതുമുതലിങ്ങോട്ട്.

ഫക്രുദീന്‍ അലി അഹമ്മദ്
ഫക്രുദീന്‍ അലി അഹമ്മദ്

1974-ല്‍, ഒരു ക്യാബിനറ്റ് തീരുമാനം പോലും ഇല്ലാതെ, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്​ ഫക്രുദീന്‍ അലി അഹമ്മദാണ്​. പിന്നീടുവന്ന സെയില്‍ സിംഗ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെയോ ക്യാബിനറ്റിന്റെയോ തീരുമാനം വരുന്നതിനു മുന്‍പേ, രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് രാജീവ് ഗാന്ധിയുമായുള്ള വ്യക്തിപരമായ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിസ്ഥാനത്തിരുന്ന്​നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രസിദ്ധമാണ്.

ആചാരസംരക്ഷകനായ രാജേന്ദ്രപ്രസാദ്​

ഇന്ത്യയുടെ ചരിത്രത്തില്‍ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ രാഷ്ട്രപതിമാര്‍ ചുരുക്കമാണ്. എല്ലാവരും തന്നെ, ഭരണപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന, എക്‌സിക്യൂട്ടീവ് പ്രസിഡണ്ടുമാരായിരുന്നു. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, അത് താന്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭരണഘടനാധാര്‍മികതയുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നില്ല. ഇന്ത്യയില്‍, സ്ത്രീ സമൂഹത്തിന്റെ സമത്വത്തിലേക്കുള്ള ആദ്യ ചുവടുകളിലൊന്നായിരുന്ന ഹിന്ദു കോഡ് ബില്ലിനെതിരെയാണ് അദ്ദേഹം കടുത്ത നിലപാട് സ്വീകരിച്ചത്.

ഡോ. രാജേന്ദ്രപ്രസാദ്
ഡോ. രാജേന്ദ്രപ്രസാദ്

നെഹ്‌റുവിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപോയ ചരിത്രവുമുണ്ട്. ബനാറസില്‍ 200 ബ്രാഹ്മണരുടെ  കാലു കഴുകുന്ന ചടങ്ങ് നടത്തിയ പാരമ്പര്യവും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. രാജേന്ദ്ര പ്രസാദിന്റേതുപോലെയുള്ള, ആചാര സംരക്ഷണ പാരമ്പര്യമല്ല,  ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പദവി വഹിക്കുന്നയാള്‍ എന്ന നിലയിലുള്ളത്​, ഇന്ത്യാ ചരിത്രത്തില്‍ രാഷ്ട്രപതിമാര്‍ എങ്ങനെയാണ് ഇടപെട്ടിട്ടുള്ളത് എന്നതിലാണ് കാര്യം. രാജ്യത്തിലെ അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വീണ്ടുമൊരാള്‍ കൂടി ഇന്ത്യയിലെ പരമോന്നത രാഷ്ട്രീയ പദവിയിലേക്കെത്തുമ്പോള്‍, അത്തരമൊരു ആലോചന അനിവാര്യമാണ്. 

കെ.ആർ. നാരായണന്റെ ഇടപെടലുകൾ

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലം സംഭവ രഹിതമായിരുന്നു. എന്നാല്‍, ദലിത് വിഭാഗത്തില്‍നിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയ കെ. ആര്‍. നാരായണന്‍ അങ്ങനെയായിരുന്നില്ല. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് തന്റെ പ്രവര്‍ത്തികളിലൂടെ ഉത്തരം നല്‍കിയാണ് അദ്ദേഹം പടിയിറങ്ങിയത്. രാം നാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത്​ നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്ത രാഷ്ട്രപതിമാരുടെ ലിസ്റ്റില്‍ കെ.ആര്‍. നാരായണന്‍ ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികമാണോ എന്നറിയില്ല, ഗാന്ധിയും അംബേദ്കറും ദീന്‍ ദയാല്‍ ഉപാധ്യായയും കടന്നുവന്ന പ്രസംഗത്തില്‍ നെഹ്രുവിന്റെ പേരും ഉണ്ടായിരുന്നില്ല.

കെ.ആര്‍. നാരായണന്‍
കെ.ആര്‍. നാരായണന്‍

രാഷ്ട്രപതി എന്ന നിലയില്‍ ഗവണ്മെന്റിന്റെ റബ്ബര്‍ സ്റ്റാമ്പ് ആവാതിരിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു, നെഹ്റു  ‘നമ്മുടെ ഏറ്റവും മികച്ച ഡിപ്ലോമാറ്റ്' എന്ന്  ഒരിക്കല്‍ വിശേഷിപ്പിച്ച കെ.ആര്‍. നാരായണന്‍. ഭരണഘടനയോട് നീതിപുലര്‍ത്തുക എന്നതാണ് പ്രഥമ പൗരന്റെ പ്രാഥമിക കര്‍ത്തവ്യം എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ദി ഹിന്ദു പത്രാധിപര്‍  എന്‍.റാമിന് അനുവദിച്ച അഭിമുഖത്തില്‍, രാഷ്ട്രപതി സ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നുണ്ട്:  ‘‘എന്റെ പ്രതിച്ഛായ ഒരു  ‘എക്‌സിക്യൂട്ടീവ്' പ്രസിഡൻറ്​ എന്ന തരത്തിലല്ല, മറിച്ച് ഒരു ‘വര്‍ക്കിംഗ് പ്രസിഡൻറ്​’ എന്ന നിലയ്ക്കാണ്. എന്നിരുന്നാലും ഭരണഘടനയുടെ നാല് ചുമരുകള്‍ക്കുള്ളില്‍നിന്ന്​ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണ് ഞാന്‍''. ‘‘സംഭവഗതികളെ സ്വാധീനിക്കാന്‍ പോന്ന നേരിട്ടുള്ള അധികാരങ്ങള്‍ പ്രസിഡന്റിനില്ല. എന്നാല്‍ പ്രസിഡൻറിന്റെ ഓഫീസിന് ഗവണ്മെന്റിലും എക്‌സിക്യൂട്ടീവിലും  പാര്‍ലമെൻറിലും ചില സൂക്ഷ്മസ്വാധീനങ്ങള്‍ ചെലുത്താനാകും. പരോക്ഷ സമീപനം എന്ന ആശയമാണ് അതിനുതകുന്നത്.'' അദ്ദേഹം വ്യക്തമാക്കുന്നു. ഈ ആശയം തന്റെ കാലത്തുടനീളം അദ്ദേഹം പ്രാവര്‍ത്തികമാക്കിയിരുന്നു. 

ശങ്കര്‍ ദയാല്‍ ശര്‍മക്കുശേഷം അടുത്ത പ്രസിഡന്റിനെ തേടുന്ന വേളയില്‍, വി.പി. സിംഗാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ട് വയ്ക്കുന്നത്.  ‘ഇടതുപക്ഷ കാഴ്ചപ്പാടു’ള്ളതുകൊണ്ട് നരസിംഹ റാവു ഗവണ്‍മെന്റില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടയാളാണ്. അങ്ങനെ ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം രാഷ്ട്രപതിയാവുന്നത്. എന്നാല്‍ അധികാരമേറ്റെടുത്തയുടൻ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതനായ രാഷ്ട്രപതിയായിരിക്കും അദ്ദേഹമെന്ന് ഐക്യമുന്നണിക്ക് ബോധ്യപ്പെട്ടു. 1997 ഒക്ടോബറില്‍, ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് ഗവണ്മെൻറിനെ ഭരണഘടനയുടെ അനുച്ഛേദം 356 ഉപയോഗിച്ച് പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം സ്ഥാപിക്കാനുള്ള നിര്‍ദേശം അദ്ദേഹം തിരിച്ചയച്ചപ്പോഴായിരുന്നു അത്. സി.പി.എം, കോണ്‍ഗ്രസ്​, ബി.എസ്.പി., എസ്.പി. തുടങ്ങിയ കക്ഷികളെല്ലാം യു.പി. ഗവണ്മെന്റിനെ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ചിരുന്നു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ തന്നെ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള തീരുമാനം ഐ.കെ. ഗുജ്‌റാള്‍ ഗവണ്മെൻറ്​ കൈക്കൊണ്ടു. എന്നാല്‍ രാഷ്ട്രപതി ആ നിര്‍ദ്ദേശം ഗവണ്മെന്റിനു തിരിച്ചയച്ചു. എസ്. ആര്‍. ബൊമ്മെ കേസിലെ സുപ്രീംകോടതി ഉത്തരവും സര്‍ക്കാരിയാ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ നടപടി. 

ALSO READ

പൊലീസ് എന്ന കുറ്റവാളി, പ്രതി ആഭ്യന്തര വകുപ്പ്​

പിന്നീട് 1998-ല്‍ ബിഹാര്‍ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള വാജ്‌പേയീ ഗവണ്മെന്റിന്റെ ശ്രമത്തെയും അദ്ദേഹം തടഞ്ഞു. ജനാധിപത്യ മര്യാദകളും ഭരണഘടനാപരമായ സംരക്ഷണങ്ങളും പരമപ്രധാനമാണെന്ന് അദ്ദേഹം കരുതിയിരുന്നു.  ഇതിനായി രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് ബൊമ്മെ  കേസിലെ സുപ്രീംകോടതി വിധി വായിക്കുകയും, നിയമവിദഗ്ധരില്‍ നിന്ന് അതിന്റെ സംഗ്രഹം തയ്യാറാക്കി നിയമയുക്തികള്‍ കൃത്യമായി  മനസിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വളരെ വ്യക്തമായ കുറിപ്പ് സഹിതമാണ് അനുച്ഛേദം 356 സംബന്ധിച്ച ഫയലുകള്‍ തിരിച്ചയച്ചത്. 1999-ല്‍ വാജ്പേയ് ഗവണ്മെൻറ്​ ഒറ്റ വോട്ടിന് അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷത്തിന്റെ സമന്വയ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് സി.പി.എം. നേതാവ് ജ്യോതി ബസുവിന് അവസരം നല്കണമെന്ന പരോക്ഷ സൂചന നല്‍കാനും അദ്ദേഹം തുനിഞ്ഞിരുന്നു. പക്ഷേ, ആ രാഷ്ട്രീയ അവസരം ക്രിയാത്മകമായി വിനിയോഗിക്കാന്‍ സി.പി.എമ്മിനോ, കോണ്‍ഗ്രസിനോ കഴിഞ്ഞില്ല.

എ.ബി. വാജ്‌പേയി
എ.ബി. വാജ്‌പേയി

വാജ്‌പേയി ഗവണ്മെൻറ്​ അധികാരത്തില്‍ വന്നശേഷം  ഇന്ത്യയുടെ മതേതര സ്വഭാവത്തിനും ഭരണഘടനയ്ക്കും മേല്‍ സംഘടിത ആക്രമണമുണ്ടാകാന്‍ തുടങ്ങിയതില്‍ അത്യന്തം അസ്വസ്ഥനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ ഭരണഘടന മാറ്റിയെഴുതാനുള്ള ഗൗരവതരമായ ശ്രമം നടത്തുകയുണ്ടായി. പ്രസിഡന്റിന്റെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പരാമര്‍ശം കടന്നുവന്നു. പ്രസ്തുത പ്രസംഗം ഗവണ്മെൻറ്​ തയ്യാറാക്കി നല്‍കുന്നതാണ്. അതില്‍ തിരുത്തല്‍ വരുത്താനോ, വിയോജിക്കാനോ ഉള്ള അധികാരം  രാഷ്ട്രപതിക്കില്ല. അതുകൊണ്ടുതന്നെ അത് വായിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ പിന്നീട് ഒരവസരം ലഭിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. റിപ്പബ്ലിക്കിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സംഘപരിവാരത്തിന്റെ ഭരണഘടനാ മാറ്റിയെഴുതല്‍ ശ്രമങ്ങളെ അവതാളത്തിലാക്കി:  ‘‘ഇന്ന് ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ചോ, പുതിയതൊരെണ്ണം എഴുതുക തന്നെ ചെയ്യുന്നതിനെക്കുറിച്ചോ ഒരുപാട് ചര്‍ച്ചകളുണ്ടാവുന്നുണ്ട്. ഭരണഘടനയാണോ നമ്മളെ പരാജയപ്പെടുത്തിയത് അതോ നമ്മള്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയാണോ ചെയ്തതെന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്.''
കെ. ആര്‍. നാരായണന്റെ വാക്കുകള്‍ വലിയ മാധ്യമശ്രദ്ധനേടി, ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, ഭരണഘടനാ പുനഃപരിശോധനാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര ഗവണ്മെൻറ്​, അത് മാറ്റി ഭരണഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാന്‍ (Review of working of the Constitution) ജസ്റ്റിസ് വെങ്കിടാചലയ്യ കമ്മീഷനെ നിയോഗിച്ചു തലയൂരി. 

തന്റെ പ്രസംഗങ്ങളെല്ലാം സ്വയം തയ്യാറാക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്ന കെ. ആര്‍. നാരായണന്‍ ഗാന്ധിയും നെഹ്രുവും അംബേദ്കറും മുന്നോട്ടു വച്ച ധാര്‍മിക- സാമ്പത്തിക- മാനവിക ദര്‍ശനങ്ങളെക്കുറിച്ച് എപ്പോഴും വാചാലനാകുമായിരുന്നു. Reform, Perform and Transform എന്ന ആപ്തവാക്യം സാമ്പത്തിക നയത്തിന്റെ നെടുംതൂണായിരുന്ന കാലത്ത് ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങള്‍ രാജ്യത്തെ അവശ വിഭാഗങ്ങളെ കൈവെടിയുന്നതാകരുത് എന്ന് ഗവണ്‍മെന്റുകളെ ഓര്‍മിപ്പിച്ചു:  ‘‘പുതുപ്പണക്കാരുടെ അശ്ലീലകരമായ ഉപഭോഗ സംസ്‌കാരം അധഃസ്ഥിത വര്‍ഗത്തെ കടുത്ത നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം കോള കുടിക്കുമ്പോള്‍, മറ്റൊരു വിഭാഗം കൈക്കുമ്പിളില്‍ ചെളിവെള്ളം കോരി കുടിച്ച് ദാഹമകറ്റുന്നു. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയുടെ അതിവേഗ മൂന്നുവരിപ്പാതയില്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് തുല്യതയിലേക്ക് നീങ്ങാനുള്ള നടപ്പാതകള്‍ കൂടി ഒരുക്കേണ്ടതുണ്ട്’’- അദ്ദേഹം പറഞ്ഞു.

ALSO READ

ശ്രീറാം വെങ്കിട്ടരാമൻ ചെല്ലുന്നിട​ത്തെല്ലാം കെ.എം. ബഷീറിനെ ഓർക്കണം

1998-ല്‍ ജഡ്ജിമാരുടെ നിയമനം അംഗീകരിക്കുന്നതിനൊപ്പം, നാമനിര്‍ദ്ദേശങ്ങളില്‍ ദുര്‍ബലവിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് നോട്ടെഴുതി. ജനതയുടെ 25 ശതമാനം വരുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളുടെ പ്രാതിനിധ്യം ജുഡീഷ്യറിയില്‍ എത്രമാത്രമുണ്ടെന്ന വളരെ പ്രസക്തമായ ചോദ്യം ഉന്നയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുണ്ടാവുമെന്ന് വിശദീകരിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം സ്ത്രീ സംവരണ ബില്ലിനെ പരസ്യമായി പിന്തുണച്ചു. സ്ത്രീകള്‍ക്ക് തുല്യതയിലേക്കുള്ള വാതില്‍ തുറക്കുന്ന  ‘ഹിന്ദു കോഡ് ബില്ല്' പാസാക്കാന്‍ അനുവദിക്കില്ല എന്ന പരസ്യ നിലപാടെടുത്ത ആചാരസംരക്ഷകനായ പ്രഥമ രാഷ്ട്രപതിയില്‍ നിന്ന്​കെ.ആര്‍. നാരായണനിലേക്കുള്ള ദൂരം ചെറുതല്ല.  ഭരണഘടനയുടെ കാതല്‍, സാമൂഹ്യനീതിയും സാമൂഹ്യ ജനാധിപത്യവുമാണ് എന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതിനായി രാഷ്ട്രപതിയുടെ പരിമിതമായ അധികാരങ്ങള്‍ കഴിയുന്ന അവസരങ്ങളിലൊക്കെ വിനിയോഗിച്ചു.

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ മതേതരത്വത്തിന് കളങ്കമേല്‍ക്കുന്ന അവസരങ്ങളില്‍ നിശ്ശബ്ദത പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‌സിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന നടപടിയോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സംഭവം  ‘ലോകത്തിലെ കിരാത ചെയ്തികളുടെ പട്ടിക'യില്‍ പെടുന്നതാണെന്ന് പ്രസ്താവിച്ചു അദ്ദേഹം. 2002-ലെ ഗുജറാത്ത് വംശഹത്യ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദുഃഖകരവും നിരാശാജനകവുമായ സംഭവമാണെന്ന് പിന്നീട് അദ്ദേഹം ഓര്‍ത്തെടുത്തിട്ടുണ്ട്. പ്രസിഡൻറ്​ എന്ന നിലയില്‍, നേരിട്ട് എന്തെങ്കിലും ചെയ്യുവാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി വാജ്പേയിക്ക് നിരന്തരം കത്തുകള്‍ നല്‍കിയിരുന്നു രാഷ്ട്രപതി ഭവന്‍. ഗുജറാത്തിലേക്ക് എത്രയും പെട്ടെന്ന് സൈന്യത്തെ അയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആദ്യമത് പരിഗണിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പിന്നീട് സേനയെ അയച്ചപ്പോഴോ, വെടിവയ്ക്കാനുള്ള അനുമതി നല്‍കിയതുമില്ല. സേനയുടെ ഫലപ്രദമായ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഇത്രയേറെ കൂട്ടക്കൊലകള്‍ അരങ്ങേറുകയില്ലായിരുന്നുവെന്ന് അദ്ദേഹം കരുതി. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അക്കാലത്തെ കത്തിടപാടുകള്‍ ഇന്നും ഔദ്യോഗിക രഹസ്യമായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം അവ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡല്‍ഹി ഹൈക്കോടതി അത് തടഞ്ഞു. ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മീഷനുപോലും അത് ലഭ്യമാക്കിയിരുന്നില്ല. ഇതില്‍നിന്ന് തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ ഗവണ്‍മെന്റിന് അപ്രിയമായതെന്തൊക്കെയോ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകും. പിന്നീട്, ഗുജറാത്ത് കലാപത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ  ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കലാപകാലത്ത്, ഇരകള്‍ക്കുമുന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളുടെ വാതിലുകള്‍ അടഞ്ഞുകിടന്നപ്പോള്‍, റെയ്‌സിന ഹില്‍സില്‍ രാഷ്ട്രപതിഭവന്റെ വാതില്‍ തുറന്നു കിടന്നു. പ്രഥമ പൗരനും പ്രഥമ വനിതയും നിരാലംബരായ മനുഷ്യരുടെ ആവലാതികള്‍ കേള്‍ക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. അത് ചെറുതല്ലാത്ത പ്രത്യാശയാണ് ഇരകള്‍ക്ക് നല്‍കിയത്. 

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ബ്രിട്ടീഷുകാര്‍ക്കുള്ള മാപ്പെഴുത്തു പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായ  ‘വീര'സവര്‍ക്കര്‍ക്ക്  ഭാരതരത്‌ന നല്‍കാനുള്ള വാജ്‌പേയി ഗവണ്മെന്റിന്റെ നീക്കത്തിന് തടയിട്ടതും കെ.ആര്‍. നാരായണനാണ്, 2001-ല്‍. ബിസ്​മില്ലാഖാന് ഭാരതരത്‌ന നല്‍കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. അതിനുപകരം, വാജ്‌പേയി നാമനിര്‍ദ്ദേശം ചെയ്തത് സവര്‍ക്കറെയാണ്. എന്നാല്‍ കെ. ആര്‍. നാരായണന്‍ അതിന്​ അംഗീകാരം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍, മാസങ്ങള്‍ക്കുശേഷം വാജ്‌പേയി, നാമനിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ‘ദേശീയ മുസ്​ലിം' എ.പി.ജെ. അബ്ദുള്‍കലാം, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.  

ALSO READ

മലയാളം ന്യൂസ് ചാനലുകള്‍ എന്നെങ്കിലും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുമോ

വാജ്‌പേയി ഗവണ്മെന്റിന്റെ അമേരിക്കന്‍ പക്ഷപാതിത്വത്തിനും തക്കതായ മറുപടി നല്‍കിയിട്ടുണ്ട് കെ.ആര്‍. നാരായണന്‍. അമേരിക്കന്‍ പ്രസിഡൻറ്​ ബില്‍ ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍, രാഷ്ട്രപതി നല്‍കിയ അത്താഴവിരുന്നില്‍ വച്ച്. അന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ദക്ഷിണേഷ്യന്‍ മേഖലയെ ‘‘ഏറ്റവും അപകടകരമായ മേഖല'' എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ നയത്തെ തുറന്നെതിര്‍ത്തത് അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. രാജ്യത്തെ അമേരിക്കന്‍ പക്ഷത്തേക്ക് നയിക്കാന്‍ ഗവണ്മെൻറ്​ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്തു നടത്തിയ ആ പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത് ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ലോകത്ത്  ഉയര്‍ന്നുവരുന്ന വിവിധ  രാഷ്ട്രങ്ങളെയും വൈവിധ്യത്തെയും അംഗീകരിക്കുന്നതിനെക്കുറിച്ചുമാണ്:  ‘‘ഞങ്ങളെ സംബന്ധിച്ച്​, ആഗോളവത്കരണം, ചരിത്രത്തിന്റെയും, ഭൂമിശാസ്ത്രത്തിന്റെയും, ലോകത്തിലെ ജൈവവും ആവേശകരവുമായ വൈവിധ്യങ്ങളുടെയും അന്ത്യമല്ല. ഒരിക്കല്‍ ഒരാഫ്രിക്കന്‍ രാഷ്ട്രീയനേതാവ് ഞങ്ങളോട് പറഞ്ഞതുപോലെ, ആഗോളഗ്രാമം എന്നുപറഞ്ഞാല്‍ അതിനെ ഭരിക്കുന്നത് ഒരൊറ്റ ഗ്രാമത്തലവന്‍ മാത്രമാകുമെന്ന് അര്‍ത്ഥമില്ല.’’ 
ഈ പ്രസംഗം ഗവണ്‍മെന്റിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ആഗോളതലത്തില്‍ അത് ചര്‍ച്ചയായി.  ‘‘അത്താഴ വേളയില്‍, പ്രസിഡൻറ്​ കെ. ആര്‍. നാരായണന്‍, ബില്‍ ക്ലിന്റനെ നിശിതമായി വിര്‍ശിച്ചതിലൂടെ,  ഇന്തോ-അമേരിക്കന്‍ സൗഹൃദം കെട്ടിപ്പടുക്കുന്നതിലെ ആന്തരിക വിയോജിപ്പുകള്‍ വെളിയില്‍ വന്നു'' എന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി. 

അങ്ങനെ, ഏതു മേഖലയിലും, ഗവണ്മെൻറ്​ ദിശ മാറി സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ, അഭിപ്രായം തുറന്നുപറയുകയും, പരോക്ഷ മാര്‍ഗങ്ങളിലൂടെ തിരുത്തലുകള്‍ വരുത്താനുള്ള സൂചനകള്‍ കൈമാറുകയും ചെയ്തിരുന്ന രാഷ്ട്രപതിയായിരുന്നു കെ.ആര്‍. നാരായണന്‍. ഏതു രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലിരുന്നാലും ഒരു റബ്ബര്‍ സ്റ്റാമ്പ് ആകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മനുഷ്യന്‍. ഭരണഘടനാമൂല്യങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിച്ച രാഷ്ട്രപതി. അദ്ദേഹത്തിന്റെ കാലത്താണ് ആദ്യമായി, ഒരു ഇന്ത്യന്‍ രാഷ്ട്രപതി, സാധാരണക്കാര്‍ക്കൊപ്പം ഒരു പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോകുന്നത് നമ്മള്‍ കാണുന്നത്. സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്നത്. ആദ്യമായി ഒരു ഉന്നത രാഷ്ട്രീയ നേതാവ് എച്ച്. ഐ. വി ബാധിതര്‍ക്ക് കൈകൊടുക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ആ നിലയ്‌ക്കെല്ലാം സ്വന്തം വ്യക്തിത്വവും ഭരണഘടനയോടുള്ള കൂറും  കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

ഇനി ദ്രൗപതി മുർമു?

അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്നവരാരും ആ നിരയിലേക്കുയര്‍ന്നില്ല എന്ന് കാണാം. ഇപ്പോഴിതാ സന്താള്‍ വിഭാഗത്തില്‍ നിന്നുമൊരു പ്രസിഡൻറ്​ ഉണ്ടായിരിക്കുന്നു. പ്രസിഡൻറ്​ സ്ഥാനത്തെത്തിയ ആദ്യ ദലിതന്‍ ആ പദവിക്കൊരു മാതൃകയായി മാറിയെങ്കില്‍, അതേ സ്ഥാനത്തേക്ക് ഇപ്പോള്‍ ആദ്യമായി ഒരു ആദിവാസി കടന്നുവരുമ്പോള്‍ നമ്മളെന്താണ് പ്രതീക്ഷിക്കേണ്ടത്? 

ദ്രൗപതി മുർമു
ദ്രൗപതി മുർമു

ദ്രൗപദി മുര്‍മു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്;  അതുകൊണ്ടുതന്നെ അവര്‍ റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാന്‍ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്.   ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാന്‍ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യന്‍  ‘ആഢ്യ' രാഷ്ട്രപതികളില്‍ ആരാണ് റബ്ബര്‍ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്? ഇന്ത്യന്‍ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും പൗരാവകാശങ്ങളും തീര്‍ത്തും അപരിചിതമായ തരത്തില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ദ്രൗപതി മുര്‍മു അധികാരമേറുന്നത്.

ഒരു ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതിനൊപ്പം, ആദിവാസികളുടെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തു കളയുന്ന നിയമനിര്‍മാണങ്ങളും നടത്തുകയാണ്. ഈ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍, രാഷ്ട്രീയാധികാരം കയ്യാളുന്നവരുടെ അധികാര- പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കപ്പുറം, ഭരണഘടനയെ മുറുകെപ്പിടിക്കാന്‍ അവര്‍ക്കു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.  രാഷ്ട്രപതിക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന്, കെ.ആര്‍. നാരായണന്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

  • Tags
  • #National Politics
  • #Droupadi Murmu
  • #K. R. Narayanan
  • #P.B. Jijeesh
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Rahul Gandhi

National Politics

ജോജോ ആന്‍റണി

മതാധിഷ്​ഠിത അധികാരബോധത്തിനെതിരെ ഒരു രാഹുൽ പ്രതി​രോധം

Mar 25, 2023

2 Minutes Read

2

National Politics

ഇ.കെ. ദിനേശന്‍

രാഹുലിനെക്കുറിച്ചുള്ള ചിന്ത എന്തുകൊണ്ട്​ ഇന്ത്യയെക്കുറിച്ചുള്ളതാകുന്നു?

Mar 25, 2023

3 Minutes Read

rahul-gandhi

National Politics

എം.ബി. രാജേഷ്​

അസഹിഷ്ണുതയുടെ പരകോടി

Mar 24, 2023

3 Minutes Read

pinarayi-rahul

National Politics

പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാഷിസ്റ്റ് രീതി

Mar 24, 2023

3 Minutes Read

Rahul Gandhi

National Politics

ടി.എന്‍. പ്രതാപന്‍

ഭരണകൂട ഭീഷണിയെ രാജ്യം​ ചെറുക്കും, അതിന്​ രാഹുൽ നേതൃത്വം നൽകും

Mar 23, 2023

3 Minutes Read

 Tripura-CPIM.jpg

National Politics

പ്രമോദ് പുഴങ്കര

ബി.ജെ.പി വിരുദ്ധ പ്രതിപക്ഷത്തിന്റെ ഭാവി, സി.പി.എം പഠിക്കാത്ത പാഠങ്ങൾ

Mar 03, 2023

12 Minutes Read

Vijoo Krishnan

National Politics

വിജൂ കൃഷ്ണൻ

ആൾക്കൂട്ടക്കൊല: വിറങ്ങലിച്ചുനിൽക്കുകയാണ്​ ജുനൈദിന്റെയും നസീറിന്റെയും ഗ്രാമം

Feb 28, 2023

8 minutes read

congress

National Politics

സന്ധ്യാമേരി

മതേതരത്വവും ​കോൺഗ്രസും: ചില പ്രതീക്ഷകൾ

Feb 26, 2023

8 minutes read

Next Article

അക്കാദമിക പിന്‍ബലം നഷ്ടപ്പെടുന്ന സ്കൂള്‍ വിദ്യാഭ്യാസം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster