truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
TP

Post Covid Life

അറ്റകുറ്റപ്പണികൊണ്ട്
കാര്യമില്ല,
വേണ്ടത് പുതിയ കേരളം

അറ്റകുറ്റപ്പണികൊണ്ട് കാര്യമില്ല, വേണ്ടത് പുതിയ കേരളം

ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഈ കോവിഡ് കാലത്ത്, ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രകടമാണ്. പട്ടിണിയും വിശപ്പും സഹിച്ച്, സ്വന്തം വീടുകളെപ്പറ്റിയുള്ള അന്ധാളിപ്പിലുമൊക്കെയാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ ലോക്ഡൗണ്‍ ജീവിതം കടന്നുപോയത്. ഇന്ത്യയിലെ മറ്റിടങ്ങളിലേതില്‍ നിന്നു വിഭിന്നമായി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഈ അവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ലയെന്നത് വലിയ നേട്ടമാണ്. എന്നാല്‍ ഇത് ശാശ്വതവുമല്ല. വലിയ പരിമിതികള്‍ക്കുള്ളിലാണ് കേരളം. ആ പരിമിതികള്‍ എന്തൊക്കെയാണ്? അവയ്ക്ക് എന്താണ് പരിഹാരം? തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് ഭാവി കേരളം എങ്ങനെയായിരിക്കണം എന്ന മാതൃക മുന്നോട്ടുവെക്കുകയാണ് ടി.പി കുഞ്ഞിക്കണ്ണന്‍

1 Jun 2020, 06:48 PM

ടി.പി.കുഞ്ഞിക്കണ്ണന്‍

കോവിഡ് രോഗബാധയ്ക്ക്, കേവലം ഒരു പകര്‍ച്ചവ്യാധി എന്നതിനപ്പുറം ലോകത്തിലെ ജനജീവിതത്തെയും ഭാവി നിലനില്‍പിനെയും പാടെ മാറ്റിമറിക്കാനുള്ള ശേഷിയും കൈവന്നിരിക്കയാണ്. ലോകത്തെ അടക്കിവാണ സാമ്പത്തിക ആഗോളവത്ക്കരണം എന്തായാലും ഇനി പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകില്ല. ആഗോളവത്ക്കരണം എല്ലാ രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ തുറന്നിടാന്‍ പറഞ്ഞപ്പോള്‍ കോവിഡ് എല്ലാത്തരം അതിര്‍ത്തികളും അടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. കോവിഡ് ഓരോ രാജ്യത്തും നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെയും പൊതു സംവിധാനങ്ങളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കുന്നു. സാമ്പത്തിക അസമത്വത്തെയും ഭരണകൂട നിലപാടുകളുടെയും  മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പരിസ്ഥിതി സംരംക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും പുതിയ മാനങ്ങള്‍ കൈവന്നിരിക്കുന്നു. 

migrants
ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍    photo: Wikimedia Commons

ഇന്ത്യയിലും ധനിക, ദരിദ്ര അന്തരം മുമ്പൊന്നുമില്ലാത്ത വിധം വളരെ പ്രകടമായിരിക്കുന്നു. പട്ടിണിയും  പകര്‍ച്ചവ്യാധികളുമായി കോടിക്കണക്കിന് മനുഷ്യരാണ് "ലോക്ക്ഡൗണ്‍' ചെയ്യപ്പെട്ടത്. സമ്പന്നരെയും ഇടത്തരക്കാരെയും ഭക്ഷണത്തിന് വകയുള്ളവരെയും അവരുടെ വീട്ടില്‍തന്നെ നിര്‍ത്തിയപ്പോള്‍ ഒന്നിനും ഗതിയില്ലാത്തവരെ "അവര്‍ നില്‍ക്കുന്നേടത്ത്' (പലരും പെരുവഴിയില്‍തന്നെ) നിര്‍ത്തി. അവരുടെ ദുരന്തം രോഗം മാത്രമായിരുന്നില്ല. പട്ടിണിയും വിശപ്പും സ്വന്തം വീടുകളെപ്പറ്റിയുള്ള അന്ധാളിപ്പുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഭരണ കൂടങ്ങളുടെ ജനജീവിതത്തോടുള്ള സമീപനവും അവരുടെ സമ്പത്തിക പിന്‍ബലവും അവിടങ്ങളിലെ പൊതു സംവിധാനങ്ങളുടെ ഇടപെടല്‍ ശേഷിയും എല്ലായിടത്തും ബോധ്യപ്പെട്ടു. ഇതോടൊപ്പം ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ പറയുന്ന കാര്യങ്ങള്‍ക്ക് അംഗീകാരം കിട്ടുന്ന അനുഭവങ്ങളുണ്ടായി. കൈകഴുകുകയും മാസ്‌ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലുമെല്ലാം ശാസ്ത്രയുക്തിയുടെ  ഭാഗമായിരുന്നു. എന്നാല്‍ കൈകഴുകാന്‍ ശുദ്ധജലമില്ലെങ്കില്‍ അതും രോഗവ്യാപനത്തിനിടയാക്കുമെന്നതും ഒരു ശാസ്ത്ര സത്യമായി തന്നെ അവശേഷിക്കുന്നതും നാം കണ്ടു. ജീവിത സുരക്ഷ കൈവരിക്കാന്‍ ആരോഗ്യ സുരക്ഷയോടൊപ്പം തന്നെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയും പ്രധാനമാണെന്ന് ഈ രോഗാവസ്ഥ നമ്മെ ബോധ്യപ്പെടുത്തിയിരിക്കയാണ്. എല്ലാ രംഗത്തും നിലനില്‍ക്കുന്ന അസമത്വമാണ് ദുരന്തങ്ങളെ രൂക്ഷമാക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് ദുരന്തങ്ങളുടെ ആത്യന്തിക ഇരയായി ദരിദ്രര്‍ മാറുന്നത്.    

ജീവിത സുരക്ഷ കൈവരിക്കാന്‍ ആരോഗ്യ സുരക്ഷയോടൊപ്പം തന്നെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയും പ്രധാനമാണെന്ന് ഈ രോഗാവസ്ഥ നമ്മെ ബോധ്യപ്പെടുത്തിയിരിക്കയാണ്.

കേരളത്തിലാണെങ്കില്‍ ഇതുവരെ നടന്നതെല്ലാം നല്ലതായിരുന്നു. ഈ നന്മക്കുള്ള കാരണങ്ങള്‍ പലതാണ്. നന്മക്കും നേട്ടങ്ങള്‍ക്കും അംഗീകാരം കിട്ടിക്കൊണ്ടിരിക്കയാണ്. നമുക്കവയെ എടുത്തുകാണിക്കാനും കഴിയും. എന്നാല്‍, നേട്ടങ്ങള്‍ക്കൊപ്പം തന്നെ നിലനില്‍ക്കുന്ന പരിമിതികള്‍ എന്തൊക്കെ? അവ എന്തുകൊണ്ട്? അവക്ക് പരിഹാരം എന്ത്? അനുഭവപാഠങ്ങള്‍ എന്തൊക്കെ? എന്നതിലായിരിക്കണം  ഇനി ശ്രദ്ധിക്കേണ്ടത്. കേരളവും സാമ്പത്തിക അസമത്വം കൂടുതലുള്ള ഒരു സംസ്ഥാനമാണ്. എന്നാല്‍ ഇതിന്റെ ഭവിഷത്ത് ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല എന്നത് കേരളത്തിന്റെ വലിയ നേട്ടമാണ്. എന്നാല്‍, ഇതൊരു ശാശ്വത നേട്ടമല്ല; ഒട്ടേറെ ഭീഷണികള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇന്നത്തെ സ്ഥിതികള്‍ വെച്ച് നോക്കുമ്പോള്‍ ലോകത്തെവിടെയെങ്കിലും ഒരു പകര്‍ച്ചവ്യാധി നിലനില്‍ക്കുന്നുണ്ടെങ്കില്‍ കേരളത്തില്‍ അതിനെതിരായ കരുതലുണ്ടായേ പറ്റൂ. ഈ സാഹചര്യത്തില്‍, കേരളത്തിലെ ആരോഗ്യ രംഗത്തേയും സാമ്പത്തിക സ്ഥിതിയേയും പരിശോധിച്ചുകൊണ്ട് ഭാവി കേരളത്തെപ്പറ്റി ഏതാനും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചക്കായി അവതരിപ്പിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 

കേരളത്തിന്റെ വിജയത്തിന് പിന്നില്‍
പൊതുജനാരോഗ്യ സംവിധാനത്തിനും സമൂഹത്തിനും ഇള്‍ക്കൊള്ളാവുന്നതിലേക്ക് കോവിഡ് രോഗവ്യാപനത്തെ പരിമിതപ്പെടുത്തുകയെന്നതായിരുന്നു കേരളത്തിന്റെ ലക്ഷ്യം. അത് വിജയകരമായിരുന്നു. ഒരു വന്‍ പകര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ നിലവിലുള്ള സംവിധാനത്തിന് കാര്യങ്ങളെ താങ്ങാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, ഇത് ചികിത്സയിലൂടെ മാത്രം കൈവരിച്ച നേട്ടമായിരുന്നില്ല. ജനങ്ങളുടെ രോഗത്തെയും സംസ്ഥാനത്തിലെ ജനജീവിതത്തെയും ഒരേപോലെ ചികിത്സിച്ചു എന്നതാണ് കേരളത്തിന്റെ പ്രത്യേകത.

break the chain
ബ്രെയ്ക്ക് ദ ചെയ്ന്‍ രണ്ടാം ഘട്ട കാമ്പെയ്‌ന് തുടക്കം കുറിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

രോഗത്തിന്റെ കാര്യത്തില്‍ പൊതുജനാരോഗ്യവകുപ്പ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചപ്പോള്‍, ജീവിതത്തിന്റെ കാര്യത്തില്‍ കേരളീയ സമൂഹം (തദ്ദേശ ഭരണസ്ഥാപനങ്ങള്‍, ക്രമസമാധാന സംവിധാനം, ഭക്ഷ്യകാര്യം, സന്നദ്ധ പ്രവര്‍ത്തനം എന്നിങ്ങനെ) ഒറ്റക്കെട്ടായി ചലിച്ചുകൊണ്ടിരുന്നു. ഈയൊരു കൂട്ടായ്മയും അതിന് നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാരുമാണ് അപകടാവസ്ഥയിലാകാതെ ജനങ്ങളെ സംരക്ഷിച്ചത്. കാര്യങ്ങള്‍ കൈകാര്യം ചെയ്തത് തികച്ചും ജനാധിപത്യരീതിയിലായിരുന്നു. വിവരങ്ങളെല്ലാം നിത്യേന ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി മുതല്‍ ആശാവര്‍ക്കര്‍വരെ അവരവര്‍ അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞിരുന്നതിനാല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത് പൂര്‍ണ്ണമായും വിവരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. മാധ്യമങ്ങള്‍ ഇതില്‍ ഏറെ സഹകരിച്ചു എന്നതും പ്രത്യേകതയാണ്. ഇവയെല്ലാം ചേര്‍ന്ന് ജനങ്ങളില്‍ "കാര്യങ്ങള്‍ നടക്കും, ഞങ്ങള്‍ അതിജീവിക്കും.' എന്ന രീതിയിലുള്ള ഒരു ശുഭാപ്തി വിശ്വാസം വളര്‍ന്നു വന്നു. ശുഭാപ്തി വിശ്വാസത്തിലധിഷ്ഠിതമായ സാമൂഹ്യ കൂട്ടായ്മയാണ് കേരളത്തിന്റെ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. 

കേരളമാകട്ടെ, കഴിഞ്ഞ കുറെക്കാലമായി പലതരം ദുരന്തങ്ങളില്‍ അകപ്പെടുകയായിരുന്നു. ഓഖിയും നിപ്പയും പ്രളയവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. അവയുടെ പ്രത്യാഘാതങ്ങളെ മറിക്കടക്കാനെന്നോണം ഒരു നവകേരള സൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി എത്തിപ്പെട്ടത്. പുതുക്കിപ്പണിയലല്ല; നവകേരളം തന്നെ സൃഷ്ടിക്കലായിരുന്നു അജണ്ട. അതിനാല്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതികളുടെ ഒരു നിര തന്നെയാണ് കേരളത്തിന്റെ മുന്നിലുണ്ടായിരുന്നതും, ഉള്ളതും. 

അടിത്തട്ടില്‍ തുടങ്ങുന്ന പൊതുജനാരോഗ്യം
കേരളത്തെപ്പറ്റി പറയുമ്പോള്‍ എടുത്തുപറയേണ്ടത് കാര്യക്ഷമമായി പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റിയാണ്. താഴെ അങ്കണവാടികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും വരെ  ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഈ ഔപചാരിക സംവിധാനങ്ങള്‍ക്ക് പുറമെ കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, പെയിന്‍ & പാലിയേറ്റീവ് സംവിധാനം എന്നിവ പരസ്പരം കൂട്ടുചേര്‍ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കോവിഡ് ഇതര രോഗങ്ങള്‍ അനുഭവിക്കുന്നവരെ പരീരക്ഷിക്കുന്നതിലും മരണ നിരക്ക് കുറക്കുന്നതിലും പ്രാദേശിക തലങ്ങളില്‍ പാലിയേറ്റീവ് സംവിധാനം സ്തുത്യര്‍ഹമായി തന്നെ പ്രവര്‍ത്തിച്ചു.    
ചെറിയൊരു ശതമാനം ജനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവര്‍ക്കും ഏതെങ്കിലും തരം സഹായം ആവശ്യമുള്ള ഒരു കാലമായിരുന്നു. "ലോക്ഡൗണി'ന്റേത്. ഉപജീവന ആവശ്യങ്ങള്‍ക്ക് പോലും പണമോ തൊഴിലോ ഇല്ലാത്തവര്‍, ബന്ധുമിത്രങ്ങളെയും വീടിനെയും പറ്റി അന്താളിക്കുന്നവര്‍ എന്നിവയൊക്കെ കൂടികലര്‍ന്നതായുരുന്നു "ലോക്ക്ഡൗണ്‍' ജീവിതം. ഇക്കാര്യങ്ങളില്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നത് അതിഥി തൊഴിലാളികള്‍ക്കായിരുന്നു. ഇവിടെയാണ് ഉപജീവന ഉപാധികളുടെ  ലഭ്യത ഉറപ്പാക്കിയ കേരളീയരീതി പ്രസക്തമാകുന്നത്. അത്യാവശ്യത്തിന് പണവും ഉല്‍പന്നങ്ങളും എത്തിക്കുക എന്നത് തന്നെയായിരുന്നു പ്രധാനം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സാമൂഹ്യ അടുക്കള, ആര്‍.ആര്‍.ടി എന്ന സന്നദ്ധ സംവിധാനം എന്നിവയൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. റേഷനരി, കിറ്റുകള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കി. ക്ഷേമ പെന്‍ഷനുകള്‍ സമയത്തിന് വീട്ടിലെത്തിച്ചു. ഇതിനുപുറമെ ഭക്ഷ്യവസ്തു ശേഖരണവും വിതരണവും നടത്തുന്ന ധാരാളം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ നടത്തിയിരുന്നു. ഫലവൃക്ഷ വിളവെടുപ്പിന്റെ സമയം കൂടി ആയതിനാല്‍ ചക്കയും മാങ്ങയും തുടങ്ങി പലതരം ആഹാര വസ്തുക്കള്‍ ശേഖരിക്കാനും ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കാനും കഴിഞ്ഞു.

ദാരിദ്ര്യത്തെപ്പറ്റിയോ പട്ടിണി മരണത്തെപ്പറ്റിയോ തൊഴില്‍ തകര്‍ച്ചയെപ്പറ്റിയോ രോഗത്തിനെപ്പറ്റിപ്പോലുമോ വിശ്വസനീയമായ കണക്കുകള്‍ ഇന്നും ലഭ്യമല്ല.

കേരളത്തിന്റെ അവസ്ഥയായിരുന്നില്ല ഇതര സംസ്ഥാനങ്ങളിലേത്. ദരിദ്ര, ധനിക അന്തരം ഇന്ത്യയില്‍ ഏറ്റവും പ്രകടമായ അവസരമായിരുന്നു കോവിഡിന്റെ "ലോക്ക്ഡൗണ്‍' കാലം. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ഇതിനെ ന്യായീകരിക്കാമായിരുന്നെങ്കിലും ലോക്ക്ഡൗണിനൊപ്പം നടക്കേണ്ട കാര്യങ്ങള്‍ നടക്കാതിരുന്നതിനാല്‍ രോഗവ്യാപനം കൂടുകയാണുണ്ടായത്. ദാരിദ്ര്യത്തെപ്പറ്റിയോ പട്ടിണി മരണത്തെപ്പറ്റിയോ തൊഴില്‍ തകര്‍ച്ചയെപ്പറ്റിയോ രോഗത്തിനെപ്പറ്റിപ്പോലുമോ വിശ്വസനീയമായ കണക്കുകള്‍ ഇന്നും ലഭ്യമല്ല.

തൊഴിലും വരുമാനവും നഷ്ടപ്പെട്ട അതിഥി തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ  പരക്കം പായുകയായിരുന്നു. നാഴികകള്‍ താണ്ടി എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള വെപ്രാളത്തില്‍  പലരും പെരുവഴിയില്‍ തന്നെ മരിച്ചു വീണു.

കേന്ദ്ര സര്‍ക്കാരാകട്ടെ, "ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ചതല്ലാതെ തുടര്‍ന്നു നടക്കേണ്ട കാര്യങ്ങളില്‍  കാര്യമായി ശ്രദ്ധിച്ചില്ല. വളരെ നാമമാത്രമായിരുന്നു 20 ലക്ഷം കോടിയുടെ ഒന്നാമത്തെ  സാമ്പത്തിക പാക്കേജ്. ദേശീയ വരുമാനത്തിന്റെ ഏതാണ്ട് രണ്ട് ശതമാനത്തില്‍ മാത്രം വരുന്ന സഹായം ഇന്ത്യപോലുള്ള രാജ്യത്ത് വളരെ അപര്യാപ്തമായിരുന്നു.
ഇവിടെയാണ് ലോകത്തിലെ ഇതര രാജ്യങ്ങളില്‍ നിന്ന് നാം പലതും മനസ്സിലാക്കേണ്ടത്. ഇംഗ്ലണ്ട് ദേശീയ വരുമാനത്തിന്റെ 17% ത്തോളം കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി പല രീതിയില്‍ ചെലവാക്കുന്നു. അമേരിക്കയില്‍ ഇത് 10-15%വും ജര്‍മ്മനിയില്‍ 16%വും, ജപ്പാനില്‍ 20%വും മലേഷ്യയില്‍ 14.2%വും സിങ്കപ്പൂരില്‍ 12.2%വും ആയിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പൊതുവില്‍ ജനങ്ങളിലേക്ക് പണവും സൗകര്യങ്ങളും എത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. പണം തന്നെ പല പദ്ധതികള്‍ വഴി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനാണ് അവര്‍ ശ്രമിച്ചത്. സ്‌പെയിനും ഇറ്റലിയും സ്വകാര്യ ആശുപത്രികള്‍ ദേശസാല്‍ക്കരിച്ചു.

kolkata
കൊല്‍ക്കത്തയിലെ റിക്ഷാ തൊഴിലാളികള്‍ ലോക്ക്ഡൗണില്‍ photo: Wikimedia Commons

ഇന്ത്യാ സര്‍ക്കാരാകട്ടെ, നയ പ്രഖ്യാപനങ്ങളല്ലാതെ, ഉപജീവനത്തിനുള്ള പണത്തെപ്പറ്റിയോ ഉപാധികളെപ്പറ്റിയോ ഗൗരവത്തിലെടുത്തില്ല. അതിന്റെ ഫലമായി "ലോക്ക്ഡൗണ്‍' തുടങ്ങിയതോടെ ഇന്ത്യയില്‍ പട്ടിണിയും ദാരിദ്ര്യവും കൂടിയതായി  CMIE, NCAER തുടങ്ങിയ  സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. കൂടുതല്‍ പ്രത്യാഘാതങ്ങളെപ്പറ്റി അറിയാനിരിക്കുന്നതേ ഉള്ളൂ. ചികിത്സാ സംവിധാനങ്ങള്‍ പല സംസ്ഥാനങ്ങളിലും പരിതാപകരമായിരുന്നു. പൊതു ആരോഗ്യസംവിധാനത്തിന്റെ പരിതാവസ്ഥയും പ്രകടമായിരുന്നു. രോഗവ്യാപനത്തിന്റെ  ശാസ്ത്രീയത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനുള്ള ബോധനിലവാരവും ഇന്ത്യയില്‍ ദരിദ്രജനങ്ങള്‍ക്കില്ല എന്നതും വസ്തുതയാണ്. പലയിടത്തും അവരെ ബലം പ്രയോഗിച്ച് മാറ്റിനിര്‍ത്തുകയായിരുന്നു. ചുരുക്കത്തില്‍, സമ്പന്നര്‍ക്ക്  എത്രയും അകലം പാലിക്കാന്‍ കഴിഞ്ഞപ്പോള്‍, ദരിദ്രര്‍ക്ക് അകലം പാലിക്കാന്‍ കഴിയാതെ അവര്‍ രോഗികളായി മാറുകയായിരുന്നു. ഈ രോഗം വന്നത് വിമാനം വഴിയാണ്; അവസാനം രോഗികളായത് പെരുവഴിയിലൂടെ നടക്കുന്നവരാണ്; അതാണ് ദാരിദ്ര്യത്തിന്റെ കളി.

"ലോക്ക്ഡൗണ്‍' തുടങ്ങിയതോടെ ഇന്ത്യയില്‍ പട്ടിണിയും ദാരിദ്ര്യവും കൂടിയതായി  CMIE, NCAER തുടങ്ങിയ  സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. കൂടുതല്‍ പ്രത്യാഘാതങ്ങളെപ്പറ്റി അറിയാനിരിക്കുന്നതേ ഉള്ളൂ.

ഇന്ത്യയില്‍ പ്രതിമാസം വേതന ഇനത്തില്‍ മാത്രം മൂന്നര ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇത് അസംഘടിത മേഖലയിലെ കണക്കാണ്. മൂന്നുമാസത്തേക്ക് ഇത് പതിനൊന്ന്  ലക്ഷം കോടി രൂപയോളം വരുന്നു. അതിനനുസൃതമായ ഉത്പാദന തകര്‍ച്ച കൂടിയാകുമ്പോള്‍, സമ്പദ് ഘടനയുടെ പ്രവര്‍ത്തനം സ്വാഭാവികമായും മന്ദീഭവിക്കും. പ്രതിമാസം മൂന്നരലക്ഷം കോടിയുടെ വരുമാനം എന്നത് യഥാര്‍ത്ഥത്തില്‍ ഉപജീവനത്തിന്റെ  നഷ്ടമാണ്. ഇത് മൂന്നുമാസമെങ്കിലും തുടരും. അതുകൊണ്ട് തന്നെ അത്രയും തുക ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമായിരുന്നു. അതിനാകട്ടെ, ദേശീയ വരുമാനത്തിന്റെ 8%മെങ്കിലും  വേണ്ടതുണ്ട്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായത്തിനുമായി  ദേശീയ വരുമാനത്തിന്റെ 10% നീക്കിവെച്ചാല്‍ ബാക്കി തുക (2%) ആരോഗ്യസംവിധാനമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളുടെ വിപുലീകരണത്തിനും ജീവന്‍ രക്ഷാ ഉപാധികളുടെ ഉല്‍പാദനത്തിനുമായി ഉപയോഗിക്കാമായിരുന്നു. നിബന്ധനകളില്ലാത്ത പ്രത്യേക കോവിഡ് ഫണ്ടായിട്ടാണ് പണം എത്തേണ്ടിയിരുന്നത് അതുണ്ടായില്ല. നഷ്ടങ്ങളുണ്ടായത് നിത്യക്കൂലിക്ക് പണിചെയ്യുന്നവര്‍ക്കാണ്. അക്കൂട്ടത്തില്‍ പ്രധാനം അതിഥി തൊഴിലാളികളാണ്. "ലോക്ക്ഡൗണിന് മുന്‍പ് അവരുടെ ജീവിതം സംബന്ധിച്ച് കൃത്യമായൊരു "പാക്കേജ്' കേന്ദ്ര സര്‍ക്കാര്‍  പ്രഖ്യാപിക്കേണ്ടതായിരുന്നു. അതും ഉണ്ടായില്ലെന്ന് മാത്രമല്ല, മടങ്ങിപ്പോകാന്‍ വണ്ടിക്കൂലിവരെ അവരില്‍ നിന്ന് ഈടാക്കി. കേവലം വൈദ്യുതിയുടെ പണം മാത്രമാണ് സര്‍ക്കാരിന് തീവണ്ടി ഓടിക്കാനായി ചെലവുണ്ടായിരുന്നത്.  ജോലിസ്ഥലം വിടുന്ന അതിഥി തൊഴിലാളികളുടെ പ്രഥമ  ലക്ഷ്യം സ്വന്തം വീടും ബന്ധുജനങ്ങളുമാണ്. അവര്‍ ഇനി തിരിച്ചുവരുന്ന കാര്യവും ജോലികളിലേക്ക് ചേരുന്ന കാര്യവും പുനരാലോചന വിഷമമായിരിക്കും. അതേസമയം സ്ഥിരം വരുമാനക്കാര്‍ക്ക് ഇതൊന്നും പ്രശ്‌നമായിരുന്നില്ല. അവര്‍ക്ക് ചില സൗകര്യങ്ങള്‍ കുറയുമെങ്കിലും തൊഴിലെടുക്കാതെ ശമ്പളം കിട്ടും എന്ന സൗകര്യവും ഉണ്ടായിരുന്നു. 

കോവിഡ് കാലത്തും കേന്ദ്രം തുടരുന്ന ജനവിരുദ്ധ സാമ്പത്തികനയം
രോഗചികിത്സയും ഉപജീവന ലഭ്യതയും, സംസ്ഥാന പ്രദേശിക തലങ്ങളില്‍ ലഭ്യമാക്കാമെങ്കിലും, അതിന് പണം വേണം. പണലഭ്യതയാകട്ടെ പ്രധാനമായും കേന്ദ്രസര്‍ക്കാരിന്റെ  സാമ്പത്തിക നടപടികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കോവിഡ് ബാധയും ലോക്ക്ഡൗണും സംസ്ഥാനങ്ങളില്‍  നിലനിന്നിരുന്ന സാമ്പത്തിക  ദുര്‍ബലാവസ്ഥ മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കോവിഡിനെതിരായ യുദ്ധം  വിജയിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി ശക്തമായിരിക്കണം. എന്നാല്‍,  വാഗ്ദാനങ്ങളുടെ വികേന്ദ്രീകരണത്തിലും സമ്പത്തിന്റെ കേന്ദ്രീകരണത്തിലുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ഊന്നുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് പണം ചെലവാക്കിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍  സമ്പദ് ഘടന ചലിക്കുകയുള്ളൂ.
ലോക്ക്ഡൗണിന് മുന്‍പ് തന്നെ ഇന്ത്യ വലിയൊരു സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. അതിന്റെ ഫലമായി സാമ്പത്തിക വളര്‍ച്ചയും  തൊഴിലും ക്രയശേഷിയും കുറയുകയായിരുന്നു. ജനങ്ങള്‍ക്കിടയിലുള്ള കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രയശേഷിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പൊതുചെലവുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനൊടൊക്കെ പുറം തിരിഞ്ഞു നില്‍ക്കുന്ന രീതിയിലായിരുന്നു 2020-21 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ജനങ്ങളിലേക്ക് വരുമാനമെത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതി പോലുള്ളവയ്ക്കുള്ള നീക്കിയിരിപ്പ് പോലും കുറക്കുകയും കോര്‍പ്പറേറ്ററുകളുടെ കമ്പനി നികുതിയിലും വായ്പ എഴുതിത്തള്ളുന്നതിലും കൂടുതല്‍  ഇളവുകള്‍ അനുവദിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

കോവിഡ് കാലത്ത് സംസ്ഥാനങ്ങളിലേക്കും ജനങ്ങളിലേക്കുമുള്ള പണം വരവ് പിന്നെയും കുറയുകയായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട GST കുടിശ്ശിക ലഭിക്കുന്നില്ല. ധനകമ്മി, FRBM തുടങ്ങിയ യുക്തിരഹിതമായ ദണ്ഡുകള്‍ ഉപയോഗിച്ച് എല്ലാതരം വികസന പ്രവര്‍ത്തനങ്ങളെയും തടയുകയാണ്. എം.പി.ഫണ്ട് നിര്‍ത്തുന്നു. CSR ഫണ്ട് കേന്ദ്രത്തിലേക്ക് മാത്രമാക്കുന്നു. എന്നാല്‍, ധനകമ്മി, FRBM ഒന്നും ബാധകമല്ലാതെ  കേന്ദ്രം പണം ചെലവാക്കാറുണ്ടെങ്കിലും അതും നടക്കുന്നില്ല. ഒരു ദേശീയ ദുരന്തകാലത്തെ അഭിമുഖീകരിക്കാന്‍ പറ്റാവുന്ന തരത്തിലുള്ള ഒരു ദേശീയ പ്രവര്‍ത്തനപരിപാടി കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നില്ല. റിസര്‍വ്വ് ബാങ്കില്‍ നിന്ന് പണം എടുത്തു ചെലവാക്കാവുന്ന അനുകൂല സാഹചര്യമാണ് ഇന്നത്തേത്. കുറഞ്ഞ എണ്ണവില, വര്‍ദ്ധിച്ച ഭക്ഷ്യശേഖരം, ഉയര്‍ന്ന വിദേശ  വിനിമയ സൂക്ഷിപ്പ് എന്നിവയൊക്കെ ഉള്ളതിനാല്‍ വിലക്കയറ്റം രൂക്ഷമാകാന്‍ സാധ്യതയില്ല. എന്നിട്ടും പണം വരാത്തതിനാല്‍ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ സര്‍ക്കാരുകള്‍ക്കും ദരിദ്രജനങ്ങള്‍ക്കും കഴിയുന്നില്ല. ഇതില്‍ നിന്നെല്ലാം അനുമാനിക്കേണ്ടത്, ഇന്ത്യന്‍ സാമ്പത്തികരംഗം രാക്ഷസീയമായ വിധം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. അതിനാല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും, ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങളും പരിഹരിക്കത്തക്കവിധം കേന്ദ്രസര്‍ക്കാരിന്റെ  പൊതുചെലവുകള്‍ പൂര്‍ണ്ണമായും പുനക്രമീകരിക്കാനുള്ള ജനകീയ സമ്മര്‍ദ്ദം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ സാമ്പത്തികരംഗം രാക്ഷസീയമായ വിധം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. അതിനാല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും, ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങളും പരിഹരിക്കത്തക്കവിധം കേന്ദ്രസര്‍ക്കാരിന്റെ  പൊതുചെലവുകള്‍ പൂര്‍ണ്ണമായും പുനക്രമീകരിക്കാനുള്ള ജനകീയ സമ്മര്‍ദ്ദം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതിന്റെ ദുസ്ഥിതി ഏറെ അനുഭവിക്കുന്ന ഒരു ഘട്ടമാണിത്. എന്തെല്ലാം പരിമിതികള്‍ ഉണ്ടായിരുന്നെങ്കിലും രാജ്യത്തിന്റെ പ്രശ്‌നങ്ങളെ ദേശീയ തലത്തില്‍ കാണാനും അതിനുവേണ്ടി ആസൂത്രണം നടത്താനും വിഭവങ്ങള്‍ കണ്ടെത്താനും, നല്‍കാനും മുന്‍ഗണനാക്രമം തീരുമാനിക്കാനും ആസൂത്രണ കമ്മീഷന്  കഴിഞ്ഞിരുന്നു. "നീതി ആയോഗ്' എന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തികഞ്ഞ പരാജയമാണ് കോവിഡ് കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്.  രാജ്യത്തെ മൊത്തത്തില്‍ കണ്ടുകൊണ്ടുള്ള ഒരു പ്രതിരോധ പ്രവര്‍ത്തന പരിപാടി തയ്യാറാക്കാന്‍ രോഗം പരന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നീതി ആയോഗിന് കഴിയുന്നില്ല. അത് ദുഃഖകരമാണ്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രണ്ട് ശതമാനം ജനങ്ങളില്‍ നിന്ന് അവര്‍ നല്‍കേണ്ട വസ്തു നികുതി കൃത്യമായി പിരിച്ചാല്‍തന്നെ കേന്ദ്ര സര്‍ക്കാരിന് ഏതാണ്ട് 9 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയും. എണ്ണക്കമ്പനികള്‍ വഴി കുമിഞ്ഞുകൂടുന്ന ലാഭം മറ്റൊരു പ്രധാന സ്രോതസ്സാണ്. വന്‍ കോര്‍പ്പറേറ്ററുകളുടെ ലാഭത്തില്‍ നിന്ന് ഒരു  വിഹിതം ചോദിച്ചു വാങ്ങാവുന്നതാണ്. പ്രശ്‌നങ്ങളെ സംബന്ധിച്ച ഗൗരവമായൊരു രാഷ്ട്രീയ ചര്‍ച്ചക്ക് പോലും വഴിയുണ്ടാകുന്നില്ല. മാത്രമല്ല, ദേശീയായിടിസ്ഥാനത്തില്‍ ആരോഗ്യ ചെലവ്  വര്‍ദ്ധിപ്പിക്കാനുമുള്ള ധാര്‍മിക ഉത്തരവാദിത്വവും ഈ അവസരത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ട്. ഇപ്പോഴത് കേവലം 2 ശതമാനത്തില്‍ കുറവാണെന്നിരിക്കെ, ഒരു 5-8% ആയി വര്‍ദ്ധിപ്പിക്കുന്നത് തികച്ചും ന്യായീകരിക്കാവുന്നതുമാണ്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 20,000 കോടി രൂപയുടെ ഒന്നാം സാമ്പത്തിക പാക്കേജ് കേരള സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായി. തുടര്‍ന്ന് 3434  കോടിയുടെ രണ്ടാമത്തെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ സംസ്ഥാന വരുമാനത്തിന്റെ ഏതാണ്ട് രണ്ടര ശതമാനത്തിലധികം വരും. ഇതുവഴി ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു. ഇതില്‍തന്നെ ക്ഷേമപെന്‍ഷന്‍ വിതരണം പ്രത്യേകം പരാമര്‍ശിക്കണം. സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് കുറക്കാനും അതുവഴി ലഭിക്കുന്ന തുക ദരിദ്ര ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുമുദ്ദേശിച്ചാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബഹുഭൂരിപക്ഷം പേരും ഇതിനോട് സഹകരിച്ചു. എന്നാല്‍, അവിടെയും രാഷ്ട്രീയ തിമിരം കയറി വന്നു. കേസും വക്കാണവും ഒക്കെ ഉണ്ടായി.
കർമ്മനിരതരായ തദ്ദേശ ഭരണ സംവിധാനം
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം നടുവിലും കേരളം ഇതുവരെയുള്ള കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ തന്നെ നിറവേറ്റി. ഈ നേട്ടം കൈവരിച്ചതിന് പിറകില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന തദ്ദേശ ഭരണ സംവിധാനം പ്രധാനപ്പെട്ടൊരു പങ്കാണ് വഹിച്ചത്. അവയുടെ നേതൃത്വത്തില്‍ നടന്ന വിഭവസമാഹരണം, അധ്വാനം, സന്നദ്ധ പ്രവര്‍ത്തനം, പ്രാദേശിക സംഘാടനം, എന്നിവയൊക്കെ പ്രധാനമാണ്. തദ്ദേശഭരണ സമിതി, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ (RRT, യുവജനസംഘടനകള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍, പാലിയേറ്റീവ് സംവിധാനം, അങ്കന്‍വാടികള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ, സര്‍വ്വോപരി രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിങ്ങനെ നീണ്ടൊരു നിര തന്നെ കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ നിരന്തരമായ അധ്വാനത്തിലാണ്. തദ്ദേശീയരും അതിഥികളുമായ ശരാശരി 400-450 പേര്‍ക്ക് നിത്യേന ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്ന ""സാമൂഹ്യ അടുക്കള'' ഒരു പക്ഷെ കോവിഡ് കാലത്തിന്റെ പ്രധാന സംഭാവനയായിരിക്കും. ഇതൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രസ്താവനയിലും തദ്ദേശ ഭരണം ഒരു പരാമര്‍ശ വിഷയം പോലുമാകുന്നില്ല. ഒരര്‍ത്ഥത്തില്‍ മുന്‍കാല ദുരന്തങ്ങള്‍ വഴി ഉണ്ടായി വന്നതാണ് കേരളത്തിലെ ഈ സാമൂഹ്യ ഇടപെടല്‍ സാധ്യത. ഇത് തികച്ചും മാനവികവും ജനാധിപത്യപരവും ഭാവിയിലെ വലിയൊരു പ്രതീക്ഷയും കൂടിയാണ്. ഈ സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്താല്‍ ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടായി മാറും.
ഭാവിയിലെ കേരളം
കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍, നേരത്തെ സൂചിപ്പിച്ചതുപോലെ കോവിഡാനന്തരം എന്ന നിലയില്‍ മാത്രം പോര, ദുരന്താനന്തര കേരളത്തിന്റെ ഭാവി എന്ന നിലയില്‍ തന്നെ കാര്യങ്ങളെ കാണേണ്ടതുണ്ട്. അതിനാല്‍, നമുക്ക് വേണ്ടത് ഭാവി കേരളത്തിനായുള്ള അറ്റകുറ്റപ്പണിയല്ല, മറിച്ച്  തികച്ചും വ്യത്യസ്തമായ പുതിയൊരു കേരളമാണ്. ദുരന്തങ്ങള്‍ കുറഞ്ഞ, ഉണ്ടാകുന്ന ദുരന്തങ്ങളുടെ ആഘാതം  കുറക്കാന്‍ കഴിയുന്ന ഒരു നവ കേരള സൃഷ്ടിതന്നെയാണ്. ഈ രീതിയില്‍  ഭാവിയെപ്പറ്റിയുള്ള ചര്‍ച്ചകളില്‍, കേരളത്തിന് മാത്രമായി ഒരു സ്വയം സമ്പൂര്‍ണ്ണത അസാധ്യമാണ്. എന്നാല്‍, എല്ലാ ഘടകങ്ങളെയും കോര്‍ത്തിണക്കിയുള്ള ഒരു സ്വയംപര്യാപ്തത സാധ്യമാണ് താനും. ആഗോളവത്ക്കൃത ലോകം തകരുകയാണ്. ഇറക്കുമതി ബദല്‍ സാമ്പത്തിക നയങ്ങള്‍ക്ക് പ്രസക്തി കൂടി വരികയാണ്. ഇവയോടൊപ്പം ജനാധിപത്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ  ഒരു കേന്ദ്രസംസ്ഥാന ബന്ധങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. അടിസ്ഥാന ജീവിതാവശ്യങ്ങളില്‍ മത്സരത്തേക്കാളുപരി പൊതു ധാരണയിലും സഹകരണത്തിലും ഊന്നിയ നിലപാടിലൂടെ മാത്രമെ പുതിയൊരു കേരളവും, അതിലെ ജീവിതക്രമവും കരുപ്പിടിപ്പിക്കാന്‍ കഴിയൂ. 
ഇതോടൊപ്പം സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കോവിഡിന്റെ ഭാഗമായിരുന്നില്ലെങ്കിലും, ലോക്ക്ഡൗണിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നില്ലെങ്കിലും വലിയ വില നല്‍കേണ്ടി വന്നതാണെങ്കിലും പരിസ്ഥിതി രംഗത്ത് ഒട്ടേറെ അനുകൂല സാഹചര്യങ്ങള്‍ ലോകത്താകെ ഉണ്ടായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധങ്ങളായ പ്രത്യാഘാതങ്ങളില്‍ ഏറെ വ്യാകുലപ്പെട്ടിരുന്ന ലോകത്തിന്, ഈ മാറ്റം കുറെയേറെ ആശ്വാസങ്ങള്‍ക്ക് വഴിയൊരുക്കുന്നു. നമ്മുടെ അത്യാവശ്യങ്ങള്‍ പലതും അത്യാവശ്യങ്ങളല്ലെന്നും അഹന്തക്കും അഹങ്കാരത്തിനും നിലനില്‍പ്പില്ലെന്നും കൊറോണ വൈറസ് ലോകത്തെ പഠിപ്പിക്കുന്നു, അവശ്യ ജീവിതത്തിനുള്ള അധ്വാനം  കുറക്കാന്‍ കഴിയുന്നതോടെ, സാംസ്‌കാരികവും സക്രിയവുമായ  ജനകീയ ഇടപെടലുകള്‍ക്കുള്ള അവസരങ്ങള്‍ കൂടിവരും. ഇതിനൊക്കെ സഹായകമായ പുതിയൊരുതരം സഹകരണം ഈട്ടം കൂടി വരാനുള്ള സാധ്യതയും പരിശോധിക്കണം. ആ രീതിയില്‍ പരിസ്ഥിതി സന്തുലനത്തില്‍ ഊന്നിയതും മനുഷ്യന്റെ അധ്വാനശേഷിയെ  പരമാവധി വികസിപ്പിച്ചുപയോഗിക്കാവുന്നതുമായ സാമൂഹ്യ ആസൂത്രണത്തില്‍ അധിഷ്ഠിതമായ, പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഒരു പുതിയ വികസന സമീപനം കേരളത്തില്‍ ഉയര്‍ന്നു വരേണ്ടതായുണ്ട്.
കേരളത്തിന്റെ ഭാവിയുമായി  ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചയിലും ഇനി ഊന്നേണ്ടത്, അടിസ്ഥാന ജീവിതാവശ്യങ്ങള്‍ വികസിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഉണ്ടാവേണ്ട മിനിമം രാഷ്ട്രീയ ധാരണയിലാണ്. ജനതയ്ക്ക് വിമര്‍ശനാത്മക അവബോധം ഉണ്ടാകുന്ന മാതൃഭാഷാ വിദ്യാഭ്യാസം, രോഗാതുരമല്ലാത്ത സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ സഹായകമായ ഒരു പൊതുജനാരോഗ്യ സംവിധാനം രോഗപ്രതിരോധ ശേഷി കൈവരിക്കത്തക്ക പോഷകാഹാര ലഭ്യത, സുസ്ഥിരമായ ഒരു ഭൂജല പരിപാലന വ്യവസ്ഥ, നാടിന്റെ ആവശ്യങ്ങള്‍ക്കൊത്ത് വികസിപ്പിച്ച് ഉപയോഗിക്കുന്ന അധ്വാനശേഷി ഇവയുടെയെല്ലാം സാമൂഹ്യ ആസൂത്രണം, പ്രകൃതിവിഭവ ഉപയോഗത്തിലുള്ള സാമൂഹ്യ നിയന്ത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ എന്നിവയിലെല്ലാം ചില മിനിമം സമവായം ഉണ്ടായേ പറ്റൂ. ആ മിനിമത്തെ ഗുണപരമായി ശക്തിപ്പെടുത്തുന്നതാവണം, തകര്‍ക്കുന്നതാകരുത് രാഷ്ട്രീയ ചര്‍ച്ചകള്‍.
ഇന്നത്തെ പാഠപുസ്തക ധനശാസ്ത്രം മുന്നോട്ടുവെക്കുന്ന; "പരിമിതമായ വിഭവങ്ങളും അപരിമിതമായ ആവശ്യങ്ങളും'എന്ന സിദ്ധാന്തം ജനങ്ങളുടെ ചിന്തയെയല്ല. മറിച്ച് കമ്പോളത്തിന്റെ  താല്‍പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിഭവം എന്നാല്‍  പണം മാത്രമാണെന്നും, ജനങ്ങളെല്ലാം, ഉപഭോക്താക്കള്‍ മാത്രമാണെന്നുമാണ് ഈ സമീപനം പ്രചരിപ്പിക്കുന്നത്.  ഈ നിലപാട് ശരിയല്ല. നമുക്കിടയില്‍ തന്നെ ധാരാളം സമ്പത്തുണ്ട്. അവയെ കണ്ടെത്തുക വഴി സാമൂഹ്യമായി ആവശ്യമുള്ള വിഭവങ്ങളായി രൂപപ്പെടുത്തി നാടിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ കഴിയണം. ആ പ്രക്രിയയാണ് സാമൂഹ്യ ആസൂത്രണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ രീതിയില്‍ ഇന്നത്തെ ധനശാസ്ത്രത്തെ കമ്പോളത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് സാമൂഹ്യ വളര്‍ച്ചയുടെ ഭാഗമായ അര്‍ത്ഥശാസ്ത്രമായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്.
വേണ്ടത് കെട്ടുറപ്പുള്ള പ്രാദേശിക സമ്പദ്ഘടന
കേരളത്തിന്റെ ഇനിയുള്ള വികസന ഭാവിയുടെ ഊന്നല്‍  പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിലായിരിക്കണം. പുറം ആശ്രിതത്വം പരമാവധി കുറക്കാന്‍ കഴിയണം. നിത്യജീവിത ഉപാധികള്‍ പ്രാദേശികമായിതന്നെ ഉല്‍പാദിപ്പിക്കാനും, അതുവഴി ഉണ്ടാകുന്ന മാലിന്യം പ്രാദേശികമായി തന്നെ നിര്‍മ്മാര്‍ജനം ചെയ്യാനും കഴിയണം. തദ്ദേശീയമായി ലഭ്യമാകുന്ന മനുഷ്യാധ്വാനത്തെയും പ്രകൃതി വിഭവങ്ങളെയും കണക്കിലെടുത്താവണം ഇതിനാവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ഉണ്ടായി വരേണ്ടത്. ഇതിനുള്ള  പദ്ധതികള്‍ തയ്യാറാക്കാന്‍ അനുയോജ്യമായ വേദികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഭരണതലത്തിന്റെ വലുപ്പചെറുപ്പത്തിനനുസരിച്ച് പദ്ധതികളുടെ അടങ്കല്‍ മാറണം. 

ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം ഭൂജല സംരക്ഷണ പ്രവര്‍ത്തനത്തിനാവണം. സ്ഥലീയ ആസൂത്രണം, ഭൂബേങ്ക്, നീര്‍ത്തടാധിഷ്ഠിത വികസനം, ഭൂമിയുടെ ചരിവിനനുയോജ്യമായ കൃഷിരീതികള്‍, തരിശ് ഇല്ലാതാക്കല്‍, മാലിന്യ സംസ്‌കരണം എന്നിവയൊക്കെ ചേര്‍ന്ന ഒരു പാക്കേജ് പ്രവര്‍ത്തനമായി ഇത് മാറണം. കാലാവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടായിരിക്കണം എല്ലാ പരിപാടികളും സംഘടിപ്പിക്കുന്നത്. ഈ പ്രക്രിയയില്‍ കൃഷി, ചെറുകിട സംരംഭങ്ങള്‍, സഹകരണ സംവിധാനം എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്.

farming.jpg
Photo: Pxfuel.com

കൃഷി തികച്ചും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതുമായിരിക്കണം. എങ്കില്‍ മാത്രമേ നാടിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാകൂ. ഒരു പ്രദേശത്തുള്ള എല്ലാവര്‍ക്കും ഒരേ സമയം കൃഷിയില്‍ ഇടപെടാന്‍ കഴിയില്ല. അത്യാവശ്യം വേണ്ട അടുക്കളത്തോട്ടങ്ങള്‍ ആകാം. എന്നാല്‍ അതുകൊണ്ട് നാടിന്റെ ആവശ്യം പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിയില്ല. എല്ലാ പ്രദേശത്തും എല്ലാം കൃഷി ചെയ്യാനും കഴിയില്ല. വിനിമയം, കൈമാറ്റം, വിപണനം എന്നിവ വഴി കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിക്കാനേ കഴിയൂ. കൃഷിയെ വൈകാരികമായല്ല, ശാസ്ത്രീയമായാണ് സംഘടിപ്പിക്കേണ്ടത്. ആവശ്യത്തിന് വെള്ളം, നീര്‍വാര്‍ച്ച, കാര്‍ഷിക യന്ത്രങ്ങള്‍, നല്ലവളം, കീട പ്രതിരോധം എന്നിവയൊക്കെ സാധ്യമാകണം. ഇതിന് വേണ്ട വായ്പ ലഭിക്കണം. ഉല്‍പന്നങ്ങള്‍, സംഭരിക്കാനും, സൂക്ഷിക്കാനും, വിപണനം ചെയ്യാനും സംവിധാനങ്ങള്‍ ഉണ്ടാവണം. തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കി കാര്‍ഷിക രംഗത്ത് യന്ത്രവത്ക്കരണ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നിലനിര്‍ത്തെികൊണ്ടുതന്നെ, ഭൂ ഉപഭോഗത്തെ ഉദ്ഗ്രഥിക്കാന്‍  കഴിയണം. വിള ഇന്‍ഷ്യൂറന്‍സ് ഉണ്ടാകണം. പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷ കൃഷിക്കും ഊന്നല്‍ നല്‍കണം. മൃഗപരിപാലനം, മത്സ്യം വളര്‍ത്തല്‍, മാംസം, പാല്‍, മുട്ട ഉല്പാദനം, സംസ്‌കരണം എന്നിവ കാര്‍ഷികാനുബന്ധമായിതന്നെ നടക്കണം. ഉറവിട മാലിന്യ സംസ്‌കരണം വഴി, മാലിന്യത്തെ വളമാക്കാനും കൃഷിക്കായി ഉപയോഗിക്കാനും പൂരകപദ്ധതികള്‍ തയ്യാറാക്കണം. ഇതിനൊക്കെയുള്ള പരിശീലനം നല്‍കാന്‍ വേണ്ട സംവിധാനങ്ങളും തദ്ദേശീയമായി ഉണ്ടാവണം. നല്ല പരിശീലകരെ വാര്‍ത്തെടുക്കണം. 

കൃഷിയെ വൈകാരികമായല്ല, ശാസ്ത്രീയമായാണ് സംഘടിപ്പിക്കേണ്ടത്. ആവശ്യത്തിന് വെള്ളം, നീര്‍വാര്‍ച്ച, കാര്‍ഷിക യന്ത്രങ്ങള്‍, നല്ലവളം, കീട പ്രതിരോധം എന്നിവയൊക്കെ സാധ്യമാകണം. ഇതിന് വേണ്ട വായ്പ ലഭിക്കണം.

സ്വയം കൃഷി കൊണ്ടുമാത്രം കേരളത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല; എല്ലാവര്‍ക്കും കൃഷി ചെയ്യാനും കഴിയില്ല. അഭ്യസ്ഥ വിദ്യരായ യുവാക്കളുടെ വൈദഗ്ധ്യത്തെ കണക്കിലെടുത്തും ആധുനിക സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയും ചെറുകിട വ്യവസായ, സേവന സംരംഭങ്ങള്‍ പ്രധാനമാണ്. നാട്ടില്‍ എഞ്ചിനീയറിംഗ് ബിരുദ-ഡിപ്ലോമക്കാരുടെ ചെറു ചെറു സംഘങ്ങളെ പ്രത്യേക ബ്രാന്‍ഡില്‍ സംഘടിപ്പിക്കാനും, ഐ.ടി, ബി.ടി സംരംഭങ്ങളാക്കി മാറ്റാനുമുള്ള പദ്ധതികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും  ചേര്‍ന്ന് തയ്യാറാക്കണം. ഉത്പാദന സഹകരണ സംഘങ്ങള്‍ ഗണ്യമായി കൂടി വരണം.
ഇതേപോലെ പ്രാദേശികമായുള്ള നിര്‍മ്മാണ, റിപ്പയര്‍പ്പണികള്‍ക്കായി വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ ചേര്‍ന്നുള്ള സേവന സംരംഭങ്ങള്‍ വളര്‍ന്നുവരണം. ഒരു ഫോണ്‍കോളിലൂടെ ഒരു വീട്ടിലെ അറ്റകുറ്റപ്പണികളെല്ലാം ഏല്‍പിക്കാനാവുന്ന ഗ്രൂപ്പുകള്‍ ഉണ്ടാവണം. മാന്യമായ ലാഭനിരക്കില്‍, സമയബന്ധിതമായി പണിതീര്‍ക്കാന്‍ കഴിഞ്ഞാല്‍ വലിയ ഡിമാന്റുണ്ടാകും എന്നതില്‍ തര്‍ക്കമില്ല. ഇതോടൊപ്പം, ഇത്തരം രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് (നിര്‍മ്മാണം, വാഹനം, വയറിംഗ്, പ്ലംബിഗ് തുടങ്ങിയ രംഗങ്ങളിലെ) അവരുടെ മേഖലയിലെ മിനിമം വൈദഗ്ധ്യപോഷണം നല്‍കണം. ഇതുവഴി തൊഴിലാളികളുടെ വൈദഗ്ധ്യം വികസിപ്പിക്കാനും, വിഭവങ്ങളുടെ ദുര്‍വ്യയം ഒഴിവാക്കാനും കഴിയും. ഇവിടെയെല്ലാം നല്ല പരിശീലകര്‍ പ്രധാന ഘടകമാണ്. ഈ സംവിധാനങ്ങളെ മൊത്തം നമുക്ക്  ഒരു ഗാര്‍ഹിക എഞ്ചിനീയറിംഗ് വ്യവസ്ഥ (Domestic Engineering System) എന്ന് വിളിക്കാം. പുറം രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന മലയാളികളെ അവരുടെ വൈദഗ്ധ്യം, പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉല്‍പാദന കൂട്ടങ്ങളായി മാറ്റാനും പുതിയ തരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും, പുതിയ സംരംഭതുറകള്‍ കണ്ടെത്താനും സഹായിക്കാനും കഴിയണം. ആരോഗ്യം, ടൂറിസം രംഗങ്ങളിലെ ഇത്തരം സാധ്യതകള്‍ ആരായണം.
ഇവിടെയാണ് ഹരിത തൊഴില്‍, ഹരിത സാങ്കേതിക വിദ്യ, ഹരിത നിര്‍മ്മാണം, ഹരിത വികസനം എന്നിവയൊക്കെ  കൂടുതല്‍ പ്രസക്തമാകുന്നത്.  പുത്തന്‍ സാങ്കേതിക വിദ്യകളായ സൗരോര്‍ജ്ജം, മഴവെള്ള സംഭരണം, ചെലവ് കുറഞ്ഞ കെട്ടിട നിര്‍മ്മാണം, ദക്ഷത കൂടിയ പാചക രീതി, ഊര്‍ജ്ജസംരക്ഷണ ഉപാധികളുടെ നിര്‍മ്മാണം സ്ത്രീയ ഭൂജല പരിപാലനം എന്നിവയിലൊക്കെ വലിയ തൊഴില്‍ സാധ്യതകളും ആവശ്യങ്ങളും അടങ്ങിയിരിക്കുന്നു. ഇത്തരം ജോലികള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും സഹായിക്കുംവിധമുള്ള  മെച്ചപ്പെട്ട പരിശീലനം ധാരാളം തൊഴിലവസരങ്ങള്‍ക്കിടയാക്കും.

നമ്മള്‍ വിഭാവനം ചെയ്യുന്ന സുസ്ഥിരത പരിസ്ഥിതി നാശമുണ്ടാക്കാത്ത വിധം  ജനങ്ങള്‍  അവരുടെ നിലനില്‍പിന്നായി ജനാധിപത്യരീതിയില്‍ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും  ചെയ്യുന്ന ഒരു ഉല്‍പാദന സംവിധാനമെന്നാണ്.

മുതലാളിത്തത്തിന് "സുസ്ഥിരത' യെന്നാല്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ചാനിരക്കാണ്. എന്നാല്‍, നമ്മള്‍ വിഭാവനം ചെയ്യുന്ന സുസ്ഥിരത പരിസ്ഥിതി നാശമുണ്ടാക്കാത്ത വിധം  ജനങ്ങള്‍  അവരുടെ നിലനില്‍പിന്നായി ജനാധിപത്യരീതിയില്‍ തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും  ചെയ്യുന്ന ഒരു ഉല്‍പാദന സംവിധാനമെന്നാണ്. ഇവിടെ  പരിസ്ഥിതി സംരക്ഷണം എന്നത് ദരിദ്രപക്ഷത്തിനുള്ള ഒരു പിന്തുണ കൂടിയാണ്. ദരിദ്രരാണ് പരിസ്ഥിതിയെ ഉപജീവനത്തിനായി പ്രത്യക്ഷമായി ആശ്രയിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പരിസ്ഥിതി തകര്‍ച്ച ദരിദ്രരുടെ തകര്‍ച്ചകൂടിയാണ്. ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ട മറ്റൊരു പൂരക പ്രവര്‍ത്തനമുണ്ട്. അത് സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ മാതൃകയില്‍ നടക്കേണ്ടുന്ന ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനമാണ്. മുഴുവന്‍ ജനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന, തുടര്‍ന്ന് നിലനിര്‍ത്താനും കഴിയുന്ന ഒരു ജനകീയ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രസ്ഥാനം. മാലിന്യവും ഒരു സമ്പത്താണ്. ആ സമ്പത്തിലും ഒരു വിഭവത്തെ കാണാന്‍ കഴിയും. അതാകട്ടെ, മാലിന്യത്തിന്റെ ഉപയോഗവുമായും ജനങ്ങളുടെ സംസ്‌കാരവുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
ആരോഗ്യരംഗത്തെ സാധ്യതകള്‍
കോവിഡ് കാലത്തോടെ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കയാണ്. നേട്ടങ്ങളെ വാഴ്ത്താന്‍ മാത്രമല്ല, സാധ്യതകളെ പ്രയോജനപ്പെടുത്താനാമാകണം. ഈ അംഗീകാരത്തെ ഉപയോഗിക്കാന്‍ കഴിയണം. ഒരു സാധ്യത ഏറ്റവും കൂടുതല്‍ ഗുണനിലവാരമുള്ള സേവന തല്‍പ്പരരായ  ആരോഗ്യപ്രവര്‍ത്തകരെ  പരിശീലിപ്പിച്ച് വാര്‍ത്തെടുക്കുകയെന്നതാണ്. ഇവർക്ക് ഇതര സംസ്ഥാനങ്ങളിലേക്കും ഇതര രാജ്യങ്ങളിലേക്കും മാസ്റ്റര്‍ ട്രെയിനിമാരായും കഴിവാര്‍ന്ന പ്രവര്‍ത്തകരായും സേവനം നടത്താന്‍ അവസരമുണ്ടാക്കണം. ആ രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയണം. മെച്ചപ്പെട്ട സിലബസ്സ്, പ്രായോഗിക പരിശീലനം സേവനങ്ങള്‍ എന്നിവയിലൊക്കെ  അവഗാഹം നേടാന്‍ കഴിയണം.

രണ്ടാമത്തേത്, അവശ്യ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ജീവന്‍ രക്ഷാ ഉപാധികളുടെയും ഉല്‍പ്പാദനമാണ്. KSDPഎന്ന പൊതുമേഖലാ സ്ഥാപനത്തെ  ഈ രീതിയില്‍ വിഭാവനം ചെയ്യണം.  പ്രധാന ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവക്കുള്ള ഗുണനിലവാരമുള്ള ഔഷധങ്ങള്‍ ഉണ്ടാക്കിയാല്‍ തന്നെ, കേരളത്തില്‍ ചെലവഴിക്കാനും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയും. വില കൂടിയ ചികിത്സാ ഉപാധികള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഉണ്ടാക്കാനും കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും ശ്രീചിത്ര, രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ എന്നിവയുടെ സഹായത്തോടെ കഴിയും. അവയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താനും കഴിയണം. അതിനുള്ള ഉല്‍പാദന സംവിധാനങ്ങള്‍, നേരത്തെ സൂചിപ്പിച്ചതുപോലെ ചെറിയ എന്നാല്‍, ശക്തമായ ഉത്പാദന സംരംഭങ്ങളിലൂടെ സാധിക്കണം. മറ്റൊന്ന് വളരെ മെച്ചപ്പെട്ട ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഉണ്ടാവുക എന്നതാണ്. 
കേരള സമൂഹത്തിന്റെ രോഗാതുരത നിയന്ത്രണം പ്രധാനമാണ്. ഇതിനായി അംഗന്‍വാടികള്‍, പാലിയേറ്റീവ് കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍, ബഡ്സ് സ്‌കൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി ക്രമീകരിക്കണം. ഒപ്പം തന്നെ യുവജന ക്ലബ്ബുകള്‍, ഗ്രാമീണ വായനശാലകള്‍, കളിസ്ഥലവികസനം, നീന്തല്‍കുളങ്ങള്‍ എന്നിവയും മറ്റൊരു തലത്തില്‍ ഏകോപിതമായി നടക്കേണ്ടിയിരിക്കുന്നു. സ്‌കൂളുകളിലെ കായികാധ്യാപനത്തെ ഇവയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. നാടിന്റെ സമഗ്രവികസനം എന്നത് പ്രാദേശിക തലത്തിലുള്ള ഉല്പാദന, വിതരണ ശൃംഖലകളുടെയും, ജനതയുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യങ്ങളുടെയും  വികസനമാണ്.

മറ്റൊരുകാര്യം, കേരളത്തിലെ അനുഗൃഹീതമായ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ കണ്ടെത്തലുകളെ ഇവിടുത്തെ മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ വികസനത്തിനും ശാസ്ത്രീയ പരിപാലനത്തിനുമായി പ്രയോജനപ്പെടുത്തണമെന്നതാണ്. NCESS, CWRDM, KFRI, CPCRI, TBGRI, CMFTRI, കാര്‍ഷിക,വെറ്റിനറി സാങ്കേതിക  ആരോഗ്യ,  മത്സ്യ സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെല്ലാമുള്ള ഗവേഷകരുടെ കണ്ടെത്തലുകളെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണം. ഈ സാധ്യതയും മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതലുള്ളത് കേരളത്തിലാണ്. ഇതര സര്‍വ്വകലാശാലകളിലെ സേവനങ്ങളും ലാബുകളും ഈ രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. വിദ്യാസമ്പന്നര്‍ കൂടുതലുള്ള ഒരു സംസ്ഥാനമാണെന്നിരിക്കെ, സേവനാധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍ക്കാവണം, നാം ഊന്നല്‍ നല്‍കുന്നത്. 

ടൂറിസം രംഗത്തും വേണം ശ്രദ്ധയും കരുതലും 
കേരളം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന രംഗം ടൂറിസമാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിയും കേരളീയരുടെ നൈപുണിയുമാണ്, ഇതിനായി പ്രയോജനപ്പെടുത്തേണ്ടത്. കേരളത്തില്‍ നല്ലൊരു ഭാഗം ജനങ്ങള്‍ തൊഴിലെടുക്കുകയും സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്ന രംഗമാണിത്. പ്രളയദുരന്തങ്ങളാലും പകര്‍ച്ചവ്യാധിയാലും ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചൊരു രംഗവും ടൂറിസമാണ്. എന്നാല്‍, കേരളത്തിലെ പ്രകൃതിയേയും നിപുണമായ തൊഴില്‍ വൈദഗ്ധ്യത്തേയും പ്രയോജനപ്പെടുത്തി വന്‍ മുന്നേറ്റത്തിന് ഇവിടെ സാധ്യതയുണ്ട്. പ്രാദേശികമായി കൊച്ചു കൊച്ചു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭാവനാപൂര്‍വ്വനായ ഗൈഡ്, ഡ്രൈവര്‍, കുക്ക് എന്നിങ്ങനെയുള്ള മനുഷ്യ വിഭവ പരിശീലനമാണ് ആദ്യം നടക്കേണ്ടത്. അന്താരാഷ്ട്ര  നിലവാരത്തിലുമുള്ള ശുചിത്വം ഉറപ്പാക്കാന്‍ കഴിയണം. കേരളത്തില്‍ എത്തുന്ന ഒരു ടൂറിസ്റ്റിന് താന്‍ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പായും ബോധ്യപ്പെടണം. ടൂറിസ്റ്റായി വരുന്ന സ്ത്രീകളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം.

Kerala-tourism-1.jpg
Photo: Wikimedia Commons

അതിഥി തൊഴിലാളികള്‍ക്കായി ചെയ്യേണ്ടത്

ദുരന്താനന്തര കേരളത്തില്‍ ഏറ്റവും ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് അതിഥി തൊഴിലാളി പ്രശ്‌നം. കേരളത്തിലെ വിദ്യാഭ്യാസം, വിലപേശല്‍ ശേഷി, കൂലി, അന്യരാജ്യപലായനം, തൊഴിലാളി ദൗര്‍ലഭ്യം എന്നീ ഘടകങ്ങളാലാണ് അതിഥി തൊഴിലാളികള്‍ ഇവിടേക്ക് വരാനിടയായത്. ഇവർക്കിടയില്‍ ഏജന്റുമാര്‍ ഉണ്ടായിരുന്നു. കുറഞ്ഞ കൂലിക്ക് അസംഘടിത തൊഴിലാളികള്‍ എന്നതായിരുന്നു രീതി. പക്ഷെ, ഇവര്‍ക്കിടയിലെ ഏജന്റുമാര്‍ മാനുഷിക പരിഗണനപോലും പലപ്പോഴും നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ, പ്രശ്‌നം വന്നപ്പോള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെയും  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമായിരുന്നു. പ്രധാനപ്പെട്ട  ചില തൊഴിലാളി സഹകരണ സംഘങ്ങളും സഹായിച്ചിരുന്നു.

കേരളത്തിന്റെ ഭാവി ആവശ്യം, ഇവിടെ ലഭ്യമാകുന്ന അവസരം, പുറത്ത് നിന്ന് വരുന്നവരുടെ എണ്ണം, വൈദഗ്ധ്യം, സംസ്ഥാനത്തെ സാധ്യതകള്‍ എന്നിവയൊക്കെ ബന്ധപ്പെടുത്തിയാവണം അതിഥിതൊഴിലാളികളുടെ വരവിനെയും അധ്വാനത്തെയും ഇനി കാണേണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണമുണ്ടാകണം. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കണം; അതിന് ചെറിയ തോതില്‍ നികുതി  ഈടാക്കണം. സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന താമസം, തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങള്‍ എന്നിവയെ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണം.

കേരളത്തിന്റെ ഭാവി ആവശ്യം, ഇവിടെ ലഭ്യമാകുന്ന അവസരം, പുറത്ത് നിന്ന് വരുന്നവരുടെ എണ്ണം, വൈദഗ്ധ്യം, സംസ്ഥാനത്തെ സാധ്യതകള്‍ എന്നിവയൊക്കെ ബന്ധപ്പെടുത്തിയാവണം അതിഥിതൊഴിലാളികളുടെ വരവിനെയും അധ്വാനത്തെയും ഇനി കാണേണ്ടത്.


ദുരന്താനന്തര കേരളത്തിന്റെ പുനസൃഷ്ടി നടക്കുന്നത് സമഗ്രമായൊരു വികസന നയത്തിന്റെ ഭാഗമായിട്ടായിരിക്കണം. ഓരോ രംഗത്തും പ്രയാസമനുഭവിക്കേണ്ടിവന്ന ജനങ്ങളുമായുള്ള ചര്‍ച്ചകളിലൂടെ അഭിപ്രായ രൂപീകരണം നടക്കണം. അതുവഴി പുതിയ നയ സമീപനവും പ്രവര്‍ത്തന പരിപാടികളും ഉണ്ടായി വരണം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട രംഗങ്ങളെല്ലാം ഈ പ്രക്രിയയുടെ ഭാഗമായി വരണം. അതിലേക്ക് കേരളത്തിന്റെ അനുഭവങ്ങള്‍ പുറത്തുള്ള വിദഗ്ധരുടെ  നിര്‍ദ്ദേശങ്ങള്‍, ശാസ്ത്ര-സാങ്കേതിക  സാധ്യതകള്‍, വിഭവ സ്വരൂപണമാര്‍ഗ്ഗങ്ങള്‍, പ്രകൃതി വിഭവ  കണക്കെടുപ്പ് എന്നിവയൊക്കെ പരിഗണിക്കണം. സാമൂഹ്യമായി സമത്വം, സുസ്ഥിരത, സുരക്ഷ എന്നിവയാവണം ലക്ഷ്യം. നിര്‍വ്വഹണത്തില്‍ വൈവിധ്യം, ജനാധിപത്യം, ജനപങ്കാളിത്തം, വികേന്ദ്രീകരണം, സാമൂഹ്യനീതി എന്നിവ പാലിക്കാന്‍ കഴിയണം. സംഘര്‍ഷമല്ല സമന്വയമാണ് ആവശ്യം. മത്സരമല്ല സഹകരണമാണ് വേണ്ടത്. ഈയൊരു സമഗ്രതയില്‍ കാര്യങ്ങളെ ആസൂത്രണം ചെയ്യാന്‍ കഴിയണം. സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടേയും  ഗവേഷണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കണം.
ഇതിനെല്ലാമുള്ള വിഭവ ലഭ്യതയിലേക്ക് തിരിച്ചു വരാം. ഇന്നത്തെ വറുതികാലത്ത് വിഭവമെന്നാല്‍ പണം തന്നെയാണ്. പണലഭ്യത, നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്രത്തിന്റെ  നയങ്ങളുമായി ബന്ധപ്പെട്ടിരുന്നു. കാരണം, സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പണം അടിക്കാന്‍ കഴിയില്ല. മാത്രമല്ല, കടം വാങ്ങുന്നതിന്  നിയന്ത്രണളുണ്ട്. ദുരിദാശ്വാസ നിധിക്കും, പ്രാദേശിക വിഭവ സമാഹരണത്തിനും എല്ലാം പരിമിതിയുണ്ട്. സംസ്ഥാനങ്ങളുടെ  പ്രധാന വരുമാന സ്രോതസ്സ് നികുതിയാണ്. GST നടപ്പായതോടെ പുതുതായി നികുതി ചുമത്താന്‍ കഴിയില്ല. കേന്ദ്രം പിരിച്ചു നല്‍കണം. ഈ ഇനത്തില്‍ കുടിശ്ശികയുണ്ട്. വായ്പക്ക് മേല്‍ നിയന്ത്രണങ്ങളുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വലിയ പലിശക്കുള്ള  കടപ്പത്ര വായ്പകളെ ആശ്രയിച്ചാണ്. ഇതൊന്നും അധികനാള്‍ തുടരാന്‍ കഴിയില്ല. വിദേശ പണത്തിന്റെ വരവും കുറയുകയാണ്.
കോവിഡ് കാലത്തെ അനുഭവങ്ങളെ മുന്‍നിര്‍ത്തി  ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ  വായ്പാ രീതികളില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. നവലിബറല്‍ കാലത്ത്  സ്വീകരിച്ച കോര്‍പ്പറേറ്റ്  പ്രീണന രീതി മാറ്റി, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉത്പാദന സംരംഭങ്ങളെ  സഹായിക്കാനുള്ള  പുതിയ തരം പദ്ധതികള്‍ ആവിഷ്‌കരിക്കണം. പ്രോജക്ടുകള്‍ തയ്യാറാക്കല്‍, നിര്‍വ്വഹണത്തിനുള്ള  പരിശീലനം  എന്നിങ്ങനെ ജനങ്ങളുമായി വ്യാപകമായി ബന്ധപ്പെടുന്ന രീതിയില്‍ ബേങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. ഇതിന് സഹായകമായ മാര്‍ഗ്ഗരേഖകള്‍ സംസ്ഥാന ബേങ്കിങ് അവലോകന സമിതി തയ്യാറാക്കണം. എന്നാല്‍, കേന്ദ്രത്തിന്റെ രണ്ടാം "പാക്കേജ്' ഇതിനെല്ലാം എതിരാണ്.

ഇന്ത്യയിലെ പൊതു ചെലവിന്റെ ഘടന തന്നെ മാറണം. പൂര്‍ണ്ണമായ പുനക്രമീകരണം ഈ രംഗത്ത് ആവശ്യമാണ്. ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി മാറ്റിവെക്കണം. അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, ഭക്ഷണം, കുടിവെള്ളം, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവക്കായി ഈ  മൂന്നിലൊന്ന് തുക ചെലവാക്കണം. ഇവയെല്ലാം ജനങ്ങളുടെ മൗലിക അവകാശമായി പ്രഖ്യാപിക്കണം. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാനും, ദുരന്തളുണ്ടായാല്‍  അവയുടെ ആഘാതം  കുറക്കാനും ശക്തമായ സാമൂഹ്യ-പാരിസ്ഥിതിക പ്രതിരോധം അനിവാര്യമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാത്ത, ഭൂരിഭാഗം ജനങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യത്ത് ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും അടിസ്ഥാനാവശ്യങ്ങള്‍ക്കായി ചെലവാക്കണം. 15-ാം ധനകാര്യ കമ്മീഷന്റെ അന്വേഷണ വിഷയങ്ങള്‍ ഈ രീതിയില്‍ പുനഃക്രമീകരിക്കാന്‍ നടപടി സ്വീകരിക്കണം. 
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവവും കൂടുതല്‍ ശക്തിപ്പെടുകയും സംഘര്‍ഷ രഹിതമാവുകയും വേണം. വിവിധ തലങ്ങളിലുള്ള സര്‍ക്കാരുകള്‍ തമ്മില്‍  കൂടിയാലോചിച്ചായിരിക്കണം വിഭവം പങ്കിടുന്നത്. ഈ ചര്‍ച്ചകളില്‍  തദ്ദേശ ഭരണ സ്ഥാപനങ്ങളെയും പങ്കെടുപ്പിക്കണം. ഭാവി ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെയും, സമ്പദ്ഘടനയുടെ ആരോഗ്യകരമായ പ്രവര്‍ത്തന രീതികളുടേയും നടത്തിപ്പിന് ഇത് അനിവാര്യമാണ്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കോവിഡാ(ദുരന്താ)നന്തര കാലത്ത് കേന്ദ്രസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

വാല്‍ക്കഷ്ണം: സാമൂഹ്യമായി ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ജനാധിപത്യ പരമായി നിര്‍വ്വഹിക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയ ഇച്ഛാശക്തി.  ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ജീവിതാനുഭവങ്ങളില്‍ നിന്നും ബോധവല്‍ക്കരണത്തില്‍നിന്നുമാണ്. അനുഭവവും, ബോധവല്‍ക്കരണവും തെറ്റ്, ശരികളെ വേര്‍തിരിക്കുന്നു. ശരിയുടെ ഭാഗത്ത് നിന്ന് അതിനായി പ്രചരണം നടത്തുന്നു. ഈ രീതിയില്‍ ശക്തിപ്പെടുന്ന ജനകീയ സമ്മര്‍ദ്ദങ്ങളോട് അനുകൂലമായി പ്രതികരിക്കാന്‍ രാഷ്ടീയ നേതൃത്വങ്ങള്‍ നിര്‍ബന്ധിതരാക്കണം. അത് കാര്യങ്ങള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയിലേക്ക് നയിക്കുന്നു. അതിനാല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതും സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതും ജനങ്ങളില്‍ നിന്നാണ്.

  • Tags
  • #Covid 19
  • #Kerala Economy
  • #Migrant Labours
  • #Kerala Politics
  • #T.P. Kunhikannan
  • #Post Covid Life
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

എഴിൽ രാജ്.

12 Jul 2020, 06:30 PM

കേരളത്തിൻ്റെ വികസനം എങ്ങനെയായിരിക്കണമെന്ന വീക്ഷണം മുന്നോട്ടു വെക്കുന്ന ഈ ലേഖനത്തിൽ നവലിബറൽ സാമ്പത്തിക നയങ്ങളുടെ ന്യൂനതകൾ ചൂണ്ടിക്കാണിക്കുന്നില്ല. പുരോഗമന ഇടതുപക്ഷം പോലും വികസന അജണ്ടകൾ തീരുമാനിക്കുന്നത് വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിലൂടേയും കൺസൾട്ടൻസികളിലൂടേയും, ആണെന്നത് വലത് വികസന പാന്ഥാവണ്. സർക്കാർ ഡിപ്പാർട്ട്മെൻറുകളും പ്രവർത്തനങ്ങളേയും അവഗണിക്കുകയും പകരം കിഫ് ബി, നാഷണൽ ഹെൽത്ത് മിഷൻ, SSK, തുടങ്ങി ബദൽ വികസനം ഉയർത്തി സർക്കാരിനെ ദുർബ്ബലപ്പെടുത്തുന്നതിന് കൂട്ടുനില്ക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ജനകീയാസൂത്രണത്തിന് പകരം ഡച്ചുകമ്പനികളും വൻകിട ഫണ്ടിങ്ങ് ഏജൻസികളും കടത്തികൊണ്ടു വരുന്ന വികസന പദ്ധതികളാണോ നമുക്കാവശ്യം? യഥാർത്ഥ വസ്തുതകൾ ധീരമായി മുന്നോട്ടുവെച്ച്, വിമർശനങ്ങൾ ഉന്നയിച്ച് കേരള വികസനത്തിന് പുതിയ ഇടതുപക്ഷ ബദൽ മാർഗ്ഗം കാണിക്കാൻ കുഞ്ഞിക്കണ്ണൻ സാറിന് കഴിയട്ടെ.

ശശി വള്ളിൽ

1 Jun 2020, 08:51 PM

തികച്ചും പഠനാർഹമായ, എന്നാൽ പ്രയാഗിക തലത്തിൽ ഊന്നിക്കൊണ്ടുള്ള ഒട്ടനവധിയായ നിർദ്ദേശങ്ങൾ. നവകേരള സൃഷ്ടിക്കായി വളരെ സ്രേഷ്ടമായ നിർദ്ദേശങ്ങൾ... നന്ദി.

 Sasi-Tharur.jpg (

Kerala Politics

ഡോ. രാജേഷ്​ കോമത്ത്​

കോൺഗ്രസ്​, ഇടതുപക്ഷം, ന്യൂനപക്ഷം: ചില തരൂർ പ്രതിഭാസങ്ങൾ

Jan 25, 2023

8 Minutes Read

Kunjunni Sajeev

OPENER 2023

കുഞ്ഞുണ്ണി സജീവ്

‘രക്ഷപ്പെടുക’- 2022ലെ മലയാള വാക്ക്​

Jan 02, 2023

7 Minutes Read

China Covid

Covid-19

ഡോ: ബി. ഇക്ബാല്‍

‘സീറോ കോവിഡ്​’: പ്രശ്​നം വഷളാക്കിയ ഒരു ചൈനീസ്​ മോഡൽ

Dec 25, 2022

6 Minutes Read

covid 19

Covid-19

ഡോ. ജയകൃഷ്ണന്‍ ടി.

വീണ്ടും കോവിഡ്, വേണ്ട പരിഭ്രാന്തി

Dec 25, 2022

9 Minutes Read

Buffer Zone

buffer zone

എം. ഗോപകുമാർ

മൗലികവാദത്തിനും വസ്​തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ

Dec 23, 2022

14 Minutes Read

political party

Kerala Politics

സി.പി. ജോൺ

ഇന്ത്യയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കൂ​ട്ടേണ്ടത്​ കോൺഗ്രസിനെയാണ്​

Dec 14, 2022

3 Minute Read

Pinarayi Vijayan

Kerala Politics

താഹ മാടായി

കാലം പിണറായി വിജയനൊപ്പം

Nov 16, 2022

4 Minutes Read

Rajiv Gandhi

Kerala Politics

മുഹമ്മദ് അബ്ബാസ്

വടകരയിലെ കോ ലീ ബി സഖ്യവും നഷ്​ടമായ ഇടതു തുടർഭരണവും; ഒരു ചുവരെഴുത്തുകാരന്റെ ഓർമ

Oct 29, 2022

6 Minutes Read

Next Article

ചെത്തുകാരന്‍ കുഞ്ഞിരാമന്‍ ചോദിക്കുന്നു, കുടി ഒരു സാര്‍വലൗകിക വാസനയല്ലേ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster