മല്ലികാ സാരാഭായ് എന്ന മറുപടിയും ചോദ്യവും

ആർടിസ്റ്റും ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലത്തിന്റെ ചാൻസലറായി നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പകരമായി ഒരു രാഷ്ട്രീയ മറുപടിയെന്ന നിലയിൽക്കൂടിയാണ് മല്ലികാ സാരാഭായിയുടെ നിയമനം

കലയ്ക്കും ആക്ടിവിസത്തിനും ഇടയിൽ അതിരുകളോ എതിരുകളോ ഉണ്ടാവേണ്ടതില്ല എന്നതിന് അത്രയധികം മനുഷ്യോദാഹരണങ്ങൾ ഇന്ത്യൻ കലയുടെ രാഷ്ട്രീയ പരിസരത്തോ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കലാമണ്ഡലത്തിലോ ഉണ്ടായിട്ടില്ല. സമകാല ഇന്ത്യയിൽ മല്ലികാ സാരഭായ് അത്തരമൊരു ഉദാഹരണമാണ്. കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി മല്ലികാ സാരാഭായ് നിയമിക്കപ്പെടുമ്പോൾ കേരളം കലാപരമായും കാവ്യാത്മകമായും രാഷ്ട്രീയമായും ആത്മാഭിമാനത്തോടെ ഉയർന്നു നിൽക്കുകയാണ്.

ആദേശം ചെയ്യപ്പെടുക എന്ന ഭാഷാ പ്രയോഗത്തിനും ഇത്ര ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് തോന്നുന്നത്. ഇന്ത്യൻ ഡമോക്രസിയുടെയും ഫെഡറലിസത്തിന്റേയും അടിസ്ഥാനത്തെയും ഗവർണർ പദവിയേയും കലയും കാര്യവുമില്ലാത്ത പാവക്കൂത്താക്കി മാറ്റിക്കൊണ്ട് പരിഹാസ്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആദേശം ചെയ്തു കൊണ്ടാണ് മല്ലികാ സാരാഭായ് കലാമണ്ഡലം ചാൻസലറായി നിയമിതയാവുന്നത്. അതിലേക്ക് നയിച്ച സാഹചര്യങ്ങൾ നമുക്കറിയാം. അത് ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന മോശം സംവിധാനമുള്ള നല്ല സ്ക്രിപ്റ്റോ അഭിനേതാക്കളോ മികച്ച ഒറ്റ ഡയലോഗോ പോലുമില്ലാത്ത ഒരു പെർഫോമൻസാണ്. ഫെഡറലിസത്തെ തകർക്കുന്ന ആ പെർഫോമൻസിന് കയ്യടിക്കാനും ആളുകളുള്ള ഒരു സ്ഥലത്ത് മല്ലികാ സാരാഭായ് എന്ന രാജ്യത്തെ ഏറ്റവും മികച്ച ഒരു കലാകാരിയുടെ, എഴുത്തുകാരിയുടെ, ആക്റ്റിവിസ്റ്റിന്റെ നിയമനം അത്രയും പ്രധാനമാണ്. അത് ഒരു രാഷ്ട്രീയ മറുപടിയും നിലപാടുമാണ്. മികച്ച ഒരു നൃത്തമാണ്. ഓർമയില്ലേ മൃണാളിനി സാരാഭായിയുടെ മൃതദേഹത്തിനു മുന്നിൽ മല്ലിക വെച്ച ചുവടുകൾ. അത് ഒരമ്മയും മകളും തമ്മിലെ ജൈവിക ബന്ധത്തിന്റെ പ്രതിഫലനം മാത്രമായിരുന്നില്ല. അത് അടിമുടി രാഷ്ട്രീയ ശരീരങ്ങളായ രണ്ട് സ്ത്രീകളുടെ ടീം പെർഫോമൻസായിരുന്നു. അസാമാന്യ ധൈര്യമുള്ള രണ്ട് പേരുടെ ആവിഷ്കാരം. മല്ലികാ സാരാഭായിയുടെ നരേന്ദ്ര മോദി സർക്കാരിനോടുള്ള ചോദ്യങ്ങളായിരുന്നു അത്. മൃണാളിനി സാരാഭായിയുടെ മരണത്തിൽ രണ്ട് വരി ട്വീറ്റുകൊണ്ടു പോലും അനുശോചിക്കാൻ തയ്യാറാവാതിരുന്ന ഒരു ഭരണാധികാരിയുടെ വെറുപ്പിനോടുള്ള ചോദ്യം. ആ വെറുപ്പിന്റെ ചരിത്രം സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഇന്ത്യൻ ധാരയോടും ഗുജറാത്ത് ധാരയോട് പ്രത്യേകിച്ചും നേരിട്ട് ഏറ്റുമുട്ടിയ സ്ത്രീയോടുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റേതാണ്. പ്രതികാരമായി മനുഷ്യക്കടത്തുവരെ ആരോപിച്ചു മല്ലികയ്ക്കെതിരെ ഭരണകൂടം. മല്ലിക തോൽക്കുകയോ പിൻമാറുകയോ ചെയ്തിട്ടില്ല. മുൻപൊരു ഇന്റർവ്യൂവിൽ മല്ലികാ സാരാഭായ് താനാരാണ് എന്ന് പറയുന്നുണ്ട്.

" ഞാൻ പെർഫോമൻസു കൂടി ചെയ്യുന്ന ഒരാക്റ്റിവിസ്റ്റല്ല. ആക്റ്റിവിസം കൂടി ചെയ്യുന്ന പെർഫോർമറുമല്ല. അത് ഒന്നിച്ചാണ്, ഒറ്റയൊന്നാണ്. "

ഭരണകൂടാധികാരത്തിന്റെ എല്ലാത്തരം പൊളിറ്റിക്കൽ ഗെയിമിന്റെ സാധ്യതയും നന്നായറിയാവുന്നവരാണ് മല്ലികാ സാരാഭായ്. അവരുടെ ഉൾക്കാഴ്ചയും കരുത്തും കലയോടുള്ള സമീപനവും കലാമണ്ഡലം പോലൊരു സ്ഥലത്ത് എങ്ങനെ പ്രതിഫലിക്കുമെന്നും പ്രതിപ്രവർത്തിക്കുമെന്നുമാണ് ഇനിയറിയേണ്ടത്. മല്ലികാ സാരാഭായിയുടെ നിലപാടുകളെ താങ്ങാൻ കലാമണ്ഡലത്തിലെ സവർണ ചിട്ടകൾക്ക് സാധിക്കുമോ എന്ന് കണ്ടറിയണം. കലാമണ്ഡലത്തിൽ നിന്ന് അടുത്ത കാലത്തൊന്നും കാലത്തെയോ ഭാവുകത്വത്തേയോ തിരുത്തുന്നതും അവയോട് കലഹിക്കുന്നതുമായ കനപ്പെട്ടതൊന്നും പുറത്തു വരുന്നത് നമ്മൾ അനുഭവിച്ചിട്ടില്ല. അകത്ത് അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ മല്ലികാ സാരാഭായ് അവർക്കുള്ള വാതിലാവട്ടെ. അല്ലെങ്കിൽ അത്തരം ശ്രമങ്ങൾക്കുള്ള ഊർജ്ജമാവട്ടെ.

കിട്ടാനിരിക്കുന്ന അവാർഡുകൾക്കുo സ്ഥാനമാനങ്ങൾക്കും വേണ്ടി രാഷ്ടീയ നിശ്ശബ്ദത പാലിക്കുന്ന ഭീരുക്കളായ എഴുത്തുകാരുടേയും ആർടിസ്റ്റുകളുടേയും വർഗ്ഗത്തിലല്ല മല്ലികാ സാരാഭായിയുടെ ഇതുവരെയുള്ള സ്ഥാനം. അവരുടെ പ്രസന്റ്സ് കേരളത്തിന്റെ കലാ രാഷ്ടീയ ലോകത്ത്, അദാനിക്കാലത്ത്, നിലനിൽപിന്റേയും ചോദ്യങ്ങൾ ചോദിക്കുന്നതിന്റേയും രാഷ്ട്രീയ ഊർജ്ജമാവുമെന്ന് പ്രതീക്ഷിക്കാം.

Comments