truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
 1x1_16.jpg

Environment

എന്‍ഡോസള്‍ഫാന്‍:
നിയമം കൊണ്ടൊരു പോരാട്ടം,
വിജയം

എന്‍ഡോസള്‍ഫാന്‍: നിയമം കൊണ്ടൊരു പോരാട്ടം, വിജയം

കാസര്‍കൊട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി 2010ല്‍ ദേശീയ മനുഷ്യാവകാശ കമീഷനും 2017 ലും 19 ലുമായി സുപ്രീംകോടതിയും സുപ്രധാന വിധികളിലൂടെ ലിസ്റ്റു ചെയ്യപ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും കാറ്റഗറി തിരിക്കാതെ 5 ലക്ഷം രൂപ വീതം നല്‍കാനാവശ്യപ്പെട്ടെങ്കിലും ആ വിധികള്‍ നടപ്പായില്ല. ഏറ്റവുമൊടുവില്‍ ദുരിതബാധിതരുടെ സമരന്യായങ്ങളെയും ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പുകളെയും പരമോന്നത നീതിപീഠത്തിനുമുന്നില്‍ തുറന്നവതരിപ്പിച്ച് മുഴുവന്‍ ദുരിതബാധിതർക്കും ഉടന്‍ നഷ്ടപരിഹാരമെന്ന ചരിത്രവിധി നേടിയെടുത്തിരിക്കുകയാണ് കോണ്‍ഫഡറേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ റൈറ്റ്‌സ് വിക്ടിം കളക്ടീവ് എന്ന കൂട്ടായ്മ. 5 ലക്ഷം രൂപയുടെ നഷ്ടപരിഹാര വിതരണത്തിന്​ രണ്ടാം ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത്​ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെയാണ് നഷ്ടപരിഹാരത്തുക കെെമാറിത്തുടങ്ങിയത്. വിഷപ്രയോഗത്തിന്റെ പേരിൽ തീരാദുരിതത്തിലായ ഒരു ജനതയുടെ അതിജീവനത്തെക്കുറിച്ച്​ ഒരു അന്വേഷണം.

31 May 2022, 05:37 PM

അലി ഹൈദര്‍

ഒരു രാസ കീടനാശിനിയുടെ നാമം എന്നതിനപ്പുറം എന്‍ഡോസള്‍ഫാന്‍ എന്ന വാക്ക് മലയാളികള്‍ക്ക് പരിചിതമാകുന്നത് കേരളത്തിന്റെ വടക്കേയറ്റത്തെ ഏതാനും ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിച്ച ഭീകരമായ ഒരു ദുരന്തവുമായി ബന്ധപ്പെട്ടാണ്.

സാമൂഹികമായി അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ ജനതയെ അവരുടെ ജീവിതത്തില്‍ പെയ്തിറങ്ങിയ വിഷമഴയുടെ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളാരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും രാഷ്ട്രീയ കേരളം അവരെ കണക്കിലെടുത്തതേ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാറിന്റെ ഭാഗമായ പ്ലാന്റേഷന്‍ കോർപറേഷന്‍ കശുമാവ് തോട്ടങ്ങളില്‍ നടത്തിയ അമിത കീടനാശിനി പ്രയോഗത്തിന്റെ ഫലമായാണ് ദുരന്തം സംഭവിച്ചതെങ്കിലും അതിജീവനത്തിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർ നടത്തിയ സമരങ്ങളെയോ അവർ മുന്നോട്ടുവെച്ച ആവശ്യങ്ങളെയോ കേരളത്തില്‍ ഒരു സർക്കാറും പരിഗണിച്ചിരുന്നില്ല.  

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട ചികിത്സ, നഷ്ടപരിഹാരം, ദുരിതാശ്വാസം, പുനരധിവാസം, കടാശ്വാസം, ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത തുടങ്ങിയവയ്ക്കായി ധാരളം പ്രത്യക്ഷ സമരങ്ങള്‍ നടന്നിട്ടുണ്ട്. കോടതിയില്‍ നടന്ന നിയമപോരാട്ടങ്ങള്‍ വേറെയും. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നിര്‍ത്തലാക്കുന്നതിന് നടന്ന നിയമ പോരാട്ടങ്ങള്‍ മുതല്‍ ദുരിതാശ്വാസത്തിന് നടത്തിയ ഇടപെടലുകളടക്കം കോടതി വ്യവഹാരങ്ങളുടെ ഒരു നീണ്ട ചരിത്രം കൂടി എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഭാഗമാണ്. ആഗോള മനഃസാക്ഷിയെ പോലും വേദനിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർ, അവര്‍ക്ക് ലഭിക്കേണ്ട ഏറ്റവും ന്യായമായ നഷ്ടപരിഹാരത്തിനായി ഇക്കാലവും സമരത്തിലാണ് എന്നത് ഏറെ ലജ്ജാകരമായ ഒന്നായിരുന്നു.

ഏറ്റവുമൊടുവില്‍ ദുരിതബാധിതരുടെ സമരന്യായങ്ങളെയും ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പുകളെയും പരമോന്നത നീതിപീഠത്തിനുമുന്നില്‍ തുറന്നവതരിപ്പിച്ച് മുഴുവന്‍ ദുരിതബാധിതർക്കും ഉടന്‍ നഷ്ടപരിഹാരമെന്ന ചരിത്രവിധി നേടിയെടുത്തിരിക്കുകയാണ് കോണ്‍ഫഡറേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ റൈറ്റ്‌സ് വിക്ടിം കളക്ടീവ് എന്ന കൂട്ടായ്മ. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 200 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാസര്‍കൊട്ടെ ദുരിതബാധിത ഗ്രാമങ്ങളിലെ കുടുംബങ്ങളുടെ അക്കൗണ്ടുകളില്‍ അവര്‍ക്കര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക വന്നുതുടങ്ങി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാര വിതരണത്തിന്​ രണ്ടാം ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത്​ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെയാണ് നഷ്ടപരിഹാരത്തുക കെെമാറിത്തുടങ്ങിയത്. 

കാസര്‍കൊട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി 2010ല്‍ ദേശീയ മനുഷ്യാവകാശ കമീഷനും 2017 ലും 19 ലുമായി സുപ്രീംകോടതിയും തങ്ങളുടെ സുപ്രധാന വിധികളിലൂടെ ലിസ്റ്റു ചെയ്യപ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും കാറ്റഗറി തിരിക്കാതെ 5 ലക്ഷം രൂപ വീതം നല്‍കാനാവശ്യപ്പെട്ടെങ്കിലും ആ വിധികള്‍ നടപ്പായില്ല.  കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും വിധി സര്‍ക്കാര്‍ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ് കലക്ടീവ് കോടതിയലക്ഷ്യ കേസുമായി 2020ല്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തത്. 

ദുരിതബാധിതരുടെ വിഷയത്തില്‍ അഞ്ച് വര്‍ഷമായി കേരള സര്‍ക്കാര്‍ ഫലത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അതില്‍ വരുത്തിയ കാലതാമസം ഞെട്ടിക്കുന്നതാണ് എന്നതിന് പുറമെ, ഈ നിഷ്‌ക്രിയത്വം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒപ്പം 2017 ജനുവരി 10 ലെ ഈ കോടതിയുടെ തന്നെ ഉത്തരവില്‍, എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ആജീവനാന്ത ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മെഡിക്കല്‍ സൗകര്യങ്ങളോ ചികിത്സയോ നല്‍കുന്നതിനുള്ള സാധ്യത പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. 

cerv_0.jpg

2020 ജനുവരി നാലിന്​ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ വ്യാപകമായ ഉപയോഗത്തിനെതിരെ ആദ്യമായി കോടതിയെ സമീപിച്ച ലീലാകുമാരിയമ്മയുടെ വീട്ടില്‍ വച്ച് അവരുടെ അധ്യക്ഷതയിലാണ് സെര്‍വ് കളക്ടീവ്സിന്റെ ആദ്യ യോഗം നടന്നതും സുപ്രധാനമായ സുപ്രിം കോടതിയുടെ വിധിയിലേക്ക് നയിച്ച നിയമപോരാട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്തത്. ദുരിതബാധിതരുടെ പട്ടികയിലുള്ള ബൈജു, അശോക് കുമാര്‍, മധുസൂദനന്‍, സജി, ശാന്ത, രവീന്ദ്രന്‍, തോമസ്, ശാന്ത കൃഷ്ണന്‍, എന്നിവരുടെ പേരിലാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2019 ലെ വിധി വന്നിട്ടും സര്‍ക്കാര്‍ അത് നടപ്പിലാക്കാന്‍ തയാറാവാത്ത സാഹചര്യത്തിലാണ് അക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തി സര്‍വ് കളക്ടീവ് എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തതെന്നും വിവരങ്ങള്‍ ശേഖരിച്ച് നിയമപരമായി വിഷയത്തെ കെെകാര്യം ചെയ്തതെന്നും  സെര്‍വ് കൂട്ടായ്മ സെക്രട്ടറി കെ.കെ. അശോകന്‍ തിങ്കിനോട് പറഞ്ഞു.

ashokan
കെ.കെ.അശോകന്‍

മൂന്നു മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപവീതം ദുരിതബാധിതർക്ക്​ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിത്. എന്നാല്‍ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ദുരിതബാധിതർ 2019-ല്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിവിധി നടപ്പിലായില്ല. അതാണ് സര്‍വ് കളക്ടീവ്സിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്ന തലത്തിലേക്കെത്തിയത്.

ആശ്വാസധനമെന്ന ഭരണഘടനാ അവകാശം

1992ല്‍ റിയോ ഭൗമ ഉച്ചകോടിയില്‍ ഇന്ത്യ ഒപ്പുവെച്ച ഉടമ്പടിയനുസരിച്ചാണ് ഇന്ന് ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ആഘാതപ്രശ്‌നത്തില്‍ ദുരിതബാധിതർക്ക്​ ആശ്വാസധനം നല്‍കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീംകോടതിയുടെയും വിധികളുണ്ടായത്. 1996ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ റിയോഭൗമ ഉച്ചകോടി ഉടമ്പടി പാര്‍ലമെൻറ്​ അംഗങ്ങള്‍ പാസാക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഈ അന്താരാഷ്ട്രനിയമമാണ് ബാധകമാവുന്നത്.  Polluter Pays എന്ന നിലവിലുള്ള EIA ആനുകൂല്യമാണ് കാസര്‍കോട്ടെ ദുരിതബാധിതർക്ക്​ലഭിക്കേണ്ടത്. സുപ്രീംകോടതി ഇപ്പോള്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനം അതാണ്.  

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറിന് മുമ്പില്‍ പല നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. മരിച്ചവരുടെയും ഗുരുതരരോഗം ബാധിച്ച് കിടപ്പിലായവരുടെയും ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന നിര്‍ദേശമായിരുന്നു അതില്‍ ഒന്നാമത്തേത്. എന്നാല്‍ 2010 ഡിസംബറില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേരള സര്‍ക്കാറിന് വേണ്ടി വന്നത് 12 വര്‍ഷം. സുപ്രീംകോടതിയുടെ 2022 ലെ വിധി വന്നില്ലായിരുന്നെങ്കില്‍ പ്ലാച്ചിമട പോലെ, ഭരണഘടനാ അവകാശങ്ങളുടെ മറ്റൊരു ലംഘനമായി അത് നീണ്ടുപോകുമായിരുന്നു.   

സുപ്രീംകോടതി പ്രോട്ടോകോള്‍ അനുസരിച്ച് ലിസ്റ്റു ചെയ്യപ്പെട്ട രോഗികളില്‍ 5 ലക്ഷം നഷ്ടപരിഹാരം ( ഇടക്കാല ആശ്വാസധനം) ലഭിക്കാത്ത എട്ടു രോഗികളാണ് തങ്ങളുടെ അവകാശം ലഭിച്ചിട്ടില്ലെന്ന വിവരം               സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയത്. എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സമര വിഷയത്തില്‍ സഹജീവികള്‍ക്ക് ഏറ്റവും നിയമപരവും, ആരോഗ്യശാസ്ത്രപരവും ഭരണഘടനാപരവുമായ അവകാശ വിധി ക്രമമാണ് സുപ്രീംകോടതി വിധിയനുസരിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കെ.കെ. അശോകന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. 

rahman
എം.എ.റഹ്മാന്‍

താല്‍ക്കാലിക ഒത്തുതീര്‍പ്പുസമരങ്ങളായിരുന്നില്ല, ഭരണഘടനാപരമായ അവകാശങ്ങള്‍ നിയമപരമായി നേടിയെടുക്കുക എന്നതായിരുന്നു  ‘സര്‍വി’ന്റെ ലക്ഷ്യമെന്നും അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സമരചരിത്രത്തിലെ സുപ്രധാനവിധിയാണെന്നും ചരിത്രവിജയമാണെന്നും അശോകന്‍ പറഞ്ഞു. 

സുപ്രിംകോടതി പുറപ്പെടുവിപ്പിച്ച ഈ വിധിയിലൂടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നീണ്ടകാലം നടപ്പിലാവാതെ പോയ ഭരണഘടനാപരമായ അവകാശം ഇപ്പോള്‍ നിറവേറുകയാണെന്ന് എം.എ റഹ്‌മാന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.  

ദുരിതാശ്വാസ വിതരണം 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ജില്ലയിലെ 6727 പേരാണുള്ളത്. 3714 പേര്‍ക്കാണ് ഇനി തുക കൊടുക്കാനുള്ളത്. അതില്‍ 1568 പേര്‍ക്ക് രണ്ട് ലക്ഷം വീതമാണ്  (നേരത്തെ മൂന്ന് ലക്ഷം കിട്ടിയവര്‍) കൊടുക്കേണ്ടത്.  734 പേര്‍ മരിച്ചവരുമാണ്. 

ധനസഹായം ലഭ്യമാകുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് relief.kerala.gov.in എന്ന പോര്‍ട്ടലില്‍ എന്‍ഡോസള്‍ഫാന്‍ ധനസഹായം എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍/ വില്ലേജ് ഓഫീസുകള്‍ വഴി നേരിട്ട് അപേക്ഷ നല്‍കാമെന്നാണ് ജില്ലാകളക്ടര്‍ അറിയിച്ചത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ ഒ പി നമ്പര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. കോവിഡ് രോഗികള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി രൂപപ്പെടുത്തിയ പോര്‍ട്ടല്‍ ഭേദഗതി വരുത്തിയാണ് ദുരിതബാധിതരുടെ പണം വിതരണം ചെയ്യുന്നത്.  

കുറെ കാലമായി ഭരണകൂടം തടഞ്ഞുവെച്ച ഒരു അവകാശമാണ് ഇപ്പോള്‍ നേടിയെടുത്തതെന്നും സ്വാഭാവികമായും കിട്ടേണ്ടിയിരുന്ന അവകാശത്തിന് വേണ്ടി നിയമപോരാട്ടം നടത്തേണ്ടി വരുന്നതില്‍ ദുഃഖമുണ്ടെന്നും സുപ്രീം കോടതി പ്രോട്ടോകോള്‍ അനുസരിച്ച് ലിസ്റ്റു ചെയ്യപ്പെട്ട രോഗികളില്‍ 5 ലക്ഷം നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന വിവരം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ എട്ടുപേരില്‍ ഒരാളായ രവീന്ദ്രന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

എന്തുകൊണ്ട്  പാലിയേറ്റീവ് കെയര്‍ വേണം 

ബളാംന്തോട് ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ് (30-05-2022). ഭരണകൂടവും പൊതുസമൂഹവും ദുരിതബാധിതരോട് കാണിച്ചുകൊണ്ടിരിക്കുന്ന കുറ്റകരമായ അവഗണനയുടെ, അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചാമുണ്ഡിക്കുന്നില്‍ കേരളം കണ്ടത്. 28 കാരിയായ മകള്‍ രേഷ്മയെ കൊന്ന് സ്‌കൂളിലെ പാചക തൊഴിലാളിയായ അമ്മ വീട്ടിനു പിറകുവശത്ത് തൂങ്ങിമരിക്കുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയും നിര്‍ദേശിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സാന്ത്വന പരിചരണ കേന്ദ്രം ജില്ലയില്‍ കൊണ്ട് വരണമെന്ന കാലങ്ങളായുള്ള ആവശ്യം അംഗീകരിച്ച് കിട്ടാന്‍ ഇനിയും എത്രപേര്‍ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് ദുരിതബാധിതർ ചോദിക്കുന്നത്.

ആ സംഭവത്തെ കുറിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡൻറ്​ മുനീസ അമ്പലത്തറ തിങ്കിനോട് പറഞ്ഞത്​:  ""അമ്മയ്ക്ക് ജോലിക്ക് പോവാനുള്ള ബുദ്ധിമുട്ടുകൊണ്ട് സ്‌നേഹഭവന്‍ എന്നൊരു സ്ഥാപനത്തില്‍ കുട്ടിയെ ഏല്‍പ്പിച്ചിരുന്നു. കോവിഡ് കാലമായപ്പോള്‍ കുട്ടിയെ തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ കോവിഡ് മാറിയതോടെ കുട്ടി തിരിച്ചുപോകാന്‍ വിസമ്മതിച്ചു. കുട്ടിക്ക് അമ്മയുടെ സാന്നിധ്യം വേണമെന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോകാന്‍ അമ്മക്കാവുമായിരുന്നില്ല. ജോലിക്ക് പോകാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും പറ്റില്ല.’’ 

‘‘വീണ്ടും സ്‌കൂള്‍ തുറക്കാന്‍ പോകുന്ന ഘട്ടത്തില്‍ കുട്ടിയെ ഏല്‍പ്പിക്കാന്‍ ഒരിടമില്ലാത്തതുകൊണ്ട്​ കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്ന അവസ്ഥയില്‍ എത്തുകയായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇത് മൂന്നാമത്തെ ആത്മഹത്യയാണ്. ആദ്യ സംഭവത്തിൽ, മകനെ സ്വകാര്യ ആശുപത്രിയില്‍ കെട്ടിത്തൂക്കി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു. പിന്നീട് രമണി എന്ന, അമ്മ മാനസിക വെല്ലുവിളി നേരിടുന്ന മകളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ ചെയ്തു. അമ്മ ആശുപത്രിയില്‍ ആയപ്പോള്‍ മകളെ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ മനംനൊന്തായിരുന്നു അമ്മയുടെ നടപടി. മൂന്നാമത്തെ സംഭവമാണ് ചാമുണ്ഡിക്കുന്നില്‍ നടന്നത്. ഇത്തരം കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ അയവുവരുത്താന്‍ നിലവിലൊരു സംവിധാനം ഇവിടെ ഇല്ല എന്നതുതന്നെയാണ് ആവര്‍ത്തിക്കുന്ന ആത്മഹത്യകള്‍ പറയുന്നത്. കോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യാന്‍ തുടങ്ങിയതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇനി എന്‍ഡോസള്‍ഫാന്‍ ഇരകളെ സംബന്ധിച്ച് അവരുടെ ബന്ധുക്കളെ സംബന്ധച്ചു ഏറ്റവും അടിയന്തിരമായി വേണ്ടത് എല്ലാ സൗകര്യവുമുള്ള പാലിയേറ്റിവ് കെയറാണ്’’- മുനീസ പറഞ്ഞു.

Muneesa
മുനീസ അമ്പലത്തറ

രോഗീപരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, സമൂഹത്തിന്റെ കൂടി ബാധ്യതയാണ് എന്നതും ചികിത്സക്ക് പരിമിതിയുണ്ട്, എന്നാല്‍ സാന്ത്വനപരിചരണത്തിന് പരിമിതികളില്ല എന്നതും പാലിയേറ്റീവിന്റെ വിഖ്യാത മുദ്രാവാക്യങ്ങളാണ്. രോഗശമനത്തിന് മറ്റുവഴികളില്ല എന്നറിയുന്ന ഘട്ടത്തില്‍ നല്‍കേണ്ട ചികിത്സ എന്ന നിലയ്ക്കാണ് തുടക്കത്തില്‍ പാലിയേറ്റീവ് കെയറിനെ കണ്ടിരുന്നത്. എന്നാല്‍ പാലിയേറ്റീവ് കെയര്‍ എന്നത് ഒരു ഇവോള്‍വിങ് കോണ്‍സെപ്റ്റാണ് എന്നാണ് സംസ്ഥാനത്ത് പാലിയേറ്റീവ് കെയര്‍ മേഖലയുടെ തുടക്കം മുതല്‍ നേതൃപരമായി ഇടപെടുന്ന തൃശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ദിവാകരന്‍ പറയുന്നത്. ""ഒരാളെ പാലിയേറ്റീവ് കെയറിന് അര്‍ഹരാക്കുന്നത് രോഗസ്ഥിതിയോ കാലപരിധിയോ ഒന്നുമല്ല. അയാള്‍ രോഗം മൂലം യാതന അനുഭവിക്കുന്നുണ്ടോ? യാതന അനുഭവിക്കുന്ന ഏതൊരു രോഗിക്കും ശാരീരികവും സാമ്പത്തികവും ആത്മീയവും സാമൂഹികവുമൊക്കെയായ, സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഒരു ചികിത്സ ആവശ്യമാണ്. ഏത് രോഗാവസ്ഥയുടെയും ഏത് ഘട്ടത്തിലും പാലിയേറ്റീവ് കെയര്‍ എന്ന ഘടകം അനിവാര്യമാണ്.'' 

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഇന്നും പ്രധാന ചികിത്സയ്ക്ക് മംഗലാപുരവും കണ്ണൂരും കോഴിക്കോടും തന്നെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലത്ത് അതിര്‍ത്തികള്‍ വ്യാപകമായി അടച്ചിട്ടപ്പോള്‍ 20 ഓളം പേര്‍ ചികിത്സകിട്ടാതെ മരിച്ചു. ആ സമയത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവസ്ഥ എന്താണെന്ന് അറിയാനുള്ള ഒരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന  വിമർശനം നേരത്തെ ഉയർന്നിരുന്നു. 

Palliative care

 നിഷ്‌കളങ്കരായ ഗ്രാമീണരോഗികളും രോഗികളോടൊപ്പം കഴിയുന്നവരും കടുത്ത മാനസിക വെല്ലുവിളി നേരിട്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. സന്തോഷമെന്നത് ഇവിടെ കിട്ടാക്കനിയാണ്. സന്തോഷം ഉത്പാദിപ്പിക്കാനുള്ള ജീവരസതന്ത്രത്തെയാണ് സാന്ത്വന ചികിത്സാകേന്ദ്രം അവര്‍ക്ക് നല്‍കേണ്ടത്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച ആ സാന്ത്വന ചികിത്സാകേന്ദ്രം വരാത്തിടത്തോളം കാലം രോഗമില്ലെന്ന് കരുതുന്നവരും അദൃശ്യരോഗങ്ങളുമായി മല്ലടിക്കുന്നവരും ഇവിടെതന്നെ ഒടുങ്ങും. ശാശ്വതമായ രോഗനിവാരണം സാധ്യമല്ലെന്നറിയുമ്പോഴാണ് ആരോഗ്യശാസ്ത്രം അവര്‍ക്ക് സാന്ത്വന ചികിത്സ നിര്‍ദ്ദേശിക്കുന്നത്. അതാണ് സുപ്രീംകോടതി വിധിച്ച പാലിയേറ്റീവ് ആശുപത്രി. കഴിഞ്ഞ ദിവസം കൂടി ഒരമ്മ മകളെ കൊന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലെങ്കിലും പാലിയേറ്റീവ് കെയര്‍ ആശുപത്രിയുടെ കാര്യത്തെ കേരളം ഗൗരവമായെടുക്കണം- എഴുത്തുകാരനും സര്‍വ് കൂട്ടായ്മ മെമ്പറുമായ എം.എ.റഹ്‌മാന്‍ പറഞ്ഞു. 

കേവലം ഔപചാരിക പ്രതികരണങ്ങളിലൂടെ നിറവേറ്റാന്‍ കഴിയുന്ന ഒന്നല്ല ഈ മനുഷ്യരോടുള്ള ബാധ്യത എന്ന് സാമൂഹ്യ പ്രവർത്തകന്‍ കെ.രാമചന്ദ്രന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.  ""തികച്ചും ഔദ്യോഗികമായ നിസ്സംഗതയും തണുപ്പന്‍ സമീപനവും ഈ ഹതഭാഗ്യരായ മനുഷ്യരെ എത്ര കഠിനമായാണ് ബാധിക്കുന്നത് എന്ന് അവിടെ പോയിട്ടുള്ളവര്‍ക്കെല്ലാമറിയാം. അത് മനുഷ്യന്റെ അടിസ്ഥാനപരമായുള്ള സദാചാരബോധവും മൂല്യബോധവുമായി ബന്ധപ്പെട്ട സഹാനുഭൂതി കലര്‍ന്ന ഒരു സമീപനം ആവശ്യപ്പെടുന്ന ഒരു പ്രശ്‌നമാണ്. ദുരിത ബാധിതരോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെ കോടതി നിശിതമായി വിമര്‍ശിക്കുകയുമുണ്ടായി. അടുത്തഘട്ടമെന്ന നിലയില്‍ ഇവരുടെ ചികിത്സയ്ക്ക് കാസര്‍കോട് തന്നെ സൗകര്യമുണ്ടാക്കുന്ന വിധത്തില്‍ മികച്ച ഒരു മികച്ച ആശുപത്രി ഉണ്ടാക്കുന്നതിനും നടപടികള്‍ എടുക്കേണ്ടതാണ്. അത് ഉണ്ടാക്കാതിരിക്കുന്നതിന് ന്യായീകരണമൊന്നുമില്ല. കാരണം അത്തരമൊരു സ്ഥാപനം ഏറ്റവും അര്‍ഹിക്കുന്ന ഒരു ജനത കാസര്‍കോട് ഉള്ളവരാണ്.''

ചികിത്സ സർക്കാർ ഉത്തരവാദിത്തം

പാലിയേറ്റീവ് ആശുപത്രി സ്ഥാപിക്കാനും ദുരിതബാധിതർക്ക് 5 ലക്ഷം രൂപനല്‍കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ദേശീയ മനുഷ്യാവകാശക്കമീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2017 ല്‍ കാസർകോട്ട് എന്‍വിസാജ് നാലു ദിവസത്തെ ഒപ്പുശേഖരണ പരിപാടി നടത്തിയിരുന്നു. ചലച്ചിത്രസംവിധായകന്‍ പ്രകാശ്ബാരെ, നടന്‍ അലന്‍സിയര്‍, ആനിരാജ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയത് എഴുത്തുകാരനായ എന്‍.എസ്.മാധവന്‍ ആയിരുന്നു.  ‘ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഇനി നാം എന്തു  ചെയ്യണം' എന്ന വിഷയത്തിലെ എന്‍.എസ്. മാധവന്‍ നടത്തിയ പ്രസംഗം എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ മനുഷ്യാവകാശ പ്രശ്നത്തെ വ്യക്തമായി അഡ്രസ് ചെയ്യുന്നതായിരുന്നു. 

എന്‍.എസ്. മാധവന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍: ഇന്ത്യന്‍ ഭരണഘടന നമുക്കു നല്‍കുന്ന ഏറ്റവും വലിയ അവകാശങ്ങളില്‍ ഒന്ന് ജീവിക്കാനുള്ള അവകാശമാണ്. ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച് ഓരോ ഇന്ത്യക്കാരനും ജീവിക്കാൻ അധികാരമുണ്ട്. ആ അധികാരം നിയമപരമായ കാരണങ്ങള്‍കൊണ്ട് മാത്രമേ തിരിച്ചെടുക്കാവൂ എന്നാണ് നിബന്ധന. നിയമപരമായ കാരണം എന്നു പറഞ്ഞാല്‍ ഒരാളെ ജീവിക്കാന്‍ അനുവദിക്കാതിരിക്കാൻ തക്ക മതിയായ സാഹചര്യമുണ്ടാകണം. ഉദാഹരണത്തിന്, ഏതെങ്കിലും കൊലക്കുറ്റത്തിന്റെ ഫലമായി  അയാളെ തൂക്കിക്കൊല്ലുവാന്‍, അല്ലെങ്കില്‍ ജീവന്റെ മറ്റു തരത്തിലുള്ള ഹാനി, ഗര്‍ഭഃച്ഛിത്രം, ദയാവധം ഇതെല്ലാം നടപ്പിലാക്കണമെങ്കില്‍ അതിന് നിയമങ്ങളും കൃത്യമായ നിയമവ്യവസ്ഥകളും പാലിക്കണമെന്നുണ്ട്. ഈ അടിസ്ഥാനതത്വത്തിന്റെ വെളിച്ചത്തിലാണ് നമ്മുടെ ഇന്ത്യന്‍ സമൂഹം ഇന്നുവരെ ജീവിച്ചു പോന്നിട്ടുള്ളത്.

ns madhavan
എന്‍.എസ്. മാധവന്‍ / ചിത്രം: എ.ജെ. ജോജി

മാനവരാശിയുടെ ചരിത്രമെടുത്തുനോക്കുകയാണെങ്കില്‍ ജീവിക്കാനുള്ള അവകാശം ഒരു സമൂഹം സ്വയം നല്‍കുന്നത് 1444-ലാണ്. Puljica എന്നു പേരുള്ള ഒരു രാജ്യത്തായിരുന്നു ആദ്യം അതുണ്ടായത്. ഇപ്പോള്‍ ആ രാജ്യം മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. എങ്കിലും ആ രാജ്യം നിങ്ങള്‍ക്കിന്ന് സുപരിചിതമാണ്. ഈ വര്‍ഷം ലോകക്കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ. ഏതാണ്ട് 600 വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൊയേഷ്യക്കാര്‍ സ്വയം നല്‍കിയതാണ് ജീവിക്കാനുള്ള അവകാശം. ഇതിനുശേഷം 1776-ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ നിലവില്‍ വന്നപ്പോള്‍ അന്തസോടെ, അഭിമാനത്തോടെ, തുല്യതയോടെ, സമത്വത്തോടെ, ജീവിക്കാനുള്ള അവകാശം അവരും സ്വയം നല്‍കി. ഇത് മാനവരാശിക്ക് മുഴുവന്‍ അത്യാവശ്യമാണ് എന്ന തോന്നല്‍ 1948-ല്‍ പുറത്തിറങ്ങിയ സര്‍വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെ (Universal  Declaration of Human Rights) നിലവില്‍വന്നു. അതില്‍ ഇന്ത്യയും ഒപ്പു വെച്ചിട്ടുണ്ട്. അതിന്റെ 25-ാം ആര്‍ട്ടിക്കിള്‍ പ്രകാരം എല്ലാവര്‍ക്കും അവരുടെ നല്ല ജീവിതനിലവാരം പുലര്‍ത്തുവാനും ആരോഗ്യത്തിനും സൗഖ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള ആവാസവും ചികിത്സാസൗകര്യവും വേണ്ടതാണ്. ഇത് ഇന്ത്യ ഒപ്പു വെച്ചിട്ടുള്ള സര്‍വ ദേശീയ മനുഷ്യാവകാശ വിളംബരം ഉറപ്പു നല്‍കുന്ന കാര്യമാണ്. 

ഭരണഘടനയില്‍ ആരോഗ്യത്തിനുള്ള അവകാശം കൊണ്ടുവരുന്നു. കണ്‍സ്യൂമര്‍ എജുക്കേഷന്‍ ആൻറ്​ ഹെല്‍ത്ത് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനമാണ് അതിനുള്ള സാഹചര്യം ഒരുക്കുന്നത്. അവര്‍ എന്‍ഡോസള്‍ഫാന്‍ കേസുകളിലും ഇടപെട്ടവരാണ്. 1995-ലാണ് അവര്‍ ഇന്ത്യയിലെ ആസ്ബറ്റോസ് ഇന്റസ്ട്രിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി സുപ്രീംകോടതിയുടെ മുമ്പിലെത്തുന്നത്. ആസ്ബറ്റോസ് എന്നു പറഞ്ഞാല്‍ വളരെ ചെറിയ നാരുകള്‍ ഉപോല്‍പ്പന്നമായി ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. പണിയെടുക്കുന്ന  തൊഴിലാളികളുടെ ശ്വാസകോശത്തില്‍ നാരുകള്‍ പോയി അവര്‍ കാലാന്തരത്തില്‍ ടി.ബി പോലുള്ള മാരകരോഗങ്ങളുടെ അടിമകളാകുന്നു. ഇതിനെതിരായിട്ടാണ് കണ്‍സ്യൂമര്‍ എജുക്കേഷന്‍ ആൻറ്​ ഹെല്‍ത്ത് റിസര്‍ച്ച് സെന്റര്‍ സുപ്രീംകോടതിയില്‍ പോയത്. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള അടിയന്തിര ആരോഗ്യ പരിരക്ഷ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ് എന്നാണ് അന്ന് സുപ്രീം കോടതി അസന്നിഗ്ദമായിട്ട് വ്യക്തമാക്കിയത്. 

അതുമാത്രമല്ല, അതിനും ഒരു പടികൂടി മുന്നോട്ടുകടന്ന് മനുഷ്യര്‍ക്ക് ആരോഗ്യകരമായി ജീവിക്കാനുള്ള സ്ഥിതിവിശേഷം ഒരുക്കേണ്ട ബാധ്യതയും ഭരണകൂടത്തില്‍ നിക്ഷിപ്തമാണ് എന്ന് കൂടി സുപ്രീംകോടതി പറഞ്ഞു വെക്കുകയുണ്ടായി. അവിടെയാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ശരിക്ക് തെളിഞ്ഞുവരുന്നത്. ഇന്ത്യാ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ഈ വിധിക്കുശേഷം ആരോഗ്യം ഓരോ ഇന്ത്യക്കാരുടെയും മൗലികാവകാശമായി തീര്‍ന്നു. അങ്ങനെ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ഭരണഘടനാപരമായി പൊതുജനാരോഗ്യം ഓരോ വ്യക്തിയുടെയും, ഓരോ പൗരന്റെയും അവകാശമായി തീര്‍ന്നിരിക്കുകയാണ്. ഭരണഘടനയുടെ 21-ാം വകുപ്പ് അനുസരിച്ച് നമുക്ക് ആരോഗ്യ സംരക്ഷണ അവകാശവും ജീവിക്കാനുള്ള അവകാശമുണ്ട്. ഇതിനൊപ്പം തന്നെ 39 C വകുപ്പനുസരിച്ച് എല്ലാ മനുഷ്യര്‍ക്കും ആരോഗ്യകരമായി ജോലി ചെയ്യാൻ അവസരം ഉണ്ടാവണം എന്നു പറയുന്നുണ്ട്. അവർ ഗതികെട്ട് ജോലി ചെയ്യാന്‍ പാടില്ല എന്നും ആ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. 43-ാം വകുപ്പു പ്രകാരം പോഷകാഹാരവും പൊതുജനാരോഗ്യവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഇങ്ങനെ ഒരുകൂട്ടം നിയമങ്ങളുടെ പരിരക്ഷ പൗരർക്ക്​ ഉറപ്പുവരുത്തുന്ന പരിണാമത്തിന്റെ അറ്റത്താണ് നമ്മള്‍ നില്‍ക്കുന്നത്. ഇതൊക്കെ ഇവിടെ പലപ്പോഴായി നടപ്പാക്കപ്പെട്ട തീരുമാനങ്ങളാണ്. 1995-ല്‍ പാര്‍ലമെൻറ്​ പാസാക്കിയ നാഷണല്‍ എന്‍വൈറോണ്‍മെൻറ്​ ട്രൈബൂണല്‍ ആക്ട് പ്രകാരം ഇവിടെ ഒരു ട്രൈബൂണലിനെ നിയമിക്കണമെന്നാവശ്യപ്പെട്ടു. അതിന് മനുഷ്യാവകാശ കമ്മീഷന്റെ അനുമതിയുമുണ്ട്. ഇതിന്റെ പിന്നാലെയാണ് 1998-ല്‍ ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ ഭൗമ ഉച്ചകോടി അരങ്ങേറുന്നത്. റിയോ സമ്മിറ്റില്‍ ഇന്ത്യ പങ്കെടുക്കുകയും തീരുമാനങ്ങളില്‍ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചകോടിയില്‍ കൈകൊണ്ട തീരുമാനങ്ങളിലെ 15-ാമത് പ്രിന്‍സിപ്പിള്‍, വളരെ പ്രധാനപ്പെട്ടതാണ്. ഒരു രോഗത്തിന്റെ കാരണം എന്താണെന്ന് അന്വേഷിച്ചുപോകേണ്ടതില്ല, പക്ഷെ, പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും കാര്യം അതിലുണ്ടെങ്കില്‍ അതിനെ നിര്‍മാര്‍ജനം ചെയ്യുവാന്‍ തീര്‍ച്ചയായും മുന്നോട്ടു വരണമെന്ന നിഷ്‌കര്‍ഷ അതിലുണ്ട്.

നമ്മള്‍ ആവശ്യപ്പെടുന്നത് ഈ രോഗികളുടെ പരിചരണത്തിന് സ്ഥായീരൂപത്തിലുള്ള ഒരു വ്യവസ്ഥ വേണമെന്നുള്ളതാണ്. അതിനുവേണ്ടിയുള്ള മാര്‍ഗങ്ങളായി നാഷണല്‍ എന്‍വൈറോണ്‍മെൻറ്​ ട്രൈബൂണല്‍ ആക്ട് അനുസരിച്ചുള്ള ഒരു ട്രൈബൂണല്‍ സ്ഥാപിക്കുക, അവര്‍ക്ക് പാലിയേറ്റീവ് പരിരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ഒരു ആശുപത്രി ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉറപ്പാക്കേണ്ടത്. ഈ ഒരു പടിയും കൂടി കടന്നാല്‍ മാത്രമെ ഇത്രയും നാള്‍ നീണ്ടു നിന്ന, ലോകശ്രദ്ധ ആകര്‍ഷിച്ച ഈ സമരത്തിന്, സ്ഥായിയായ ഒരു പരിണാമം, പരിസമാപ്തി ഉണ്ടാവുകയുള്ളൂ.
പ്രസംഗത്തിന്‍റെ പൂർണ രൂപം വായിക്കാം 

മനുഷ്യാവകാശ കമീഷന്റെ ഇടപെടല്‍

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബറില്‍ ദുരിതബാധിതര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സമരങ്ങളുടെ നാഴികക്കല്ലായിരുന്നു. വിഷയത്തെ വലിയൊരു മനുഷ്യാവകാശ പ്രശ്നമായി ഉയർത്തിക്കാട്ടുന്നതിന് സഹായകരമായ കണ്ടെത്തലുകളായിരുന്നു അവ. 

2010 ഒക്ടോബറില്‍ സ്റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെ ‘അനക്‌സ് എ. കെമിക്കലി’ല്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തു. ഇന്ത്യയോട് ശുപാര്‍ശയ്ക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ കമീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റോക്ക് ഹോം കണ്‍വന്‍ഷനിലെ വിദഗ്ധരുടെ ശുപാര്‍ശയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നായിരുന്നു ഇന്ത്യയുടെ യോഗത്തില്‍ കമ്മീഷനെ അറിയിച്ചത്. ഇതിന് പിന്നിലെ ലോജിക്ക് മലസിലാവുന്നില്ലെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍റെ നിലപാട്. 

 മനുഷ്യാവകാശ കമീഷന്‍ കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വെച്ച ശുപാര്‍ശ 

- ഏപ്രില്‍ 2011ന് സ്റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ അന്താരാഷ്ട്ര അഭിപ്രായത്തോട് യോജിക്കുകയും എന്‌ഡോസള്‍ഫാനെ അനക്‌സ് എ കെമിക്കലില്‍ ലിസ്റ്റ് ചെയ്യുന്നതിനെ അംഗീകരിക്കുകയും ചെയ്യുക. 

- ദുരിതാശ്വാസത്തിനും ദീര്‍ഘകാല പുനരധിവാസത്തിനുമായി കേരള സര്‍ക്കാര്‍ നടത്തുന്ന (എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള മറ്റു സംസ്ഥാനങ്ങളും) ശ്രമങ്ങള്‍ക്ക് സഹായം നല്‍കുക.

- കയ്യൂര്‍ ചീമേനി, അജാനൂര്‍, പുല്ലൂര്‍, പെരിയ, കല്ലാര്‍, പാണത്തടി, മുളിയാര്‍, കാറടുക്ക, കുംബഡാജെ, ബദിയടക്ക, ബെള്ളൂര്‍, എന്‍മകജെ എന്നിങ്ങനെ പതിനൊന്ന് വില്ലേജുകളിലായി ചെറിയൊരു പ്രദേശത്ത് ആറായിരത്തോളം ഇരകളുണ്ട്. ഇവര്‍ക്കായി കാസര്‍കോട് ജില്ലയില്‍ കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സെന്റര്‍ അല്ലെങ്കില്‍ ആശുപത്രി സ്ഥാപിക്കണം. ശാരീരിക വൈകല്യമുളള്ളവര്‍ക്കും മാനസിക പ്രശ്‌നങ്ങളുള്ള ഇരകള്‍ക്കും മതിയായ ആംബലുന്‍സ് സേവനം പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവ ലഭ്യമാക്കണം. മേല്‍പ്രറഞ്ഞ പാലിയേറ്റീവ് കെയര്‍ സെന്റര്‍ അല്ലെങ്കില്‍ ആശുപത്രി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണം. 

കേരള സര്‍ക്കാറിനുള്ള ശുപാര്‍ശ:

എന്‍ഡോസള്‍ഫാനിരയായി മരിച്ചവര്‍ക്കും പൂര്‍ണമായി കിടപ്പിലായവര്‍ക്കും, പരസഹായമില്ലാതെ ചലിക്കാനാവാത്തവര്‍ക്കും, മാനനസിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും സംസ്ഥാനം അഞ്ച് ലക്ഷം രൂപ ന്ടപരിഹാരം നല്‍കണം. മറ്റ് വൈകല്യങ്ങളുള്ളവര്‍ക്ക് മൂന്ന് ലക്ഷവും നല്‍കണം. ദുരിതബാധിതരെ വര്‍ഗീകരിക്കാൻ ശാരീരിക വവൈകല്യങ്ങള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ പാനല്‍ നിയോഗിക്കണം. സംസ്ഥാന സര്‍ക്കാറിന് മതിയായ സാമ്പത്തിക സഹായം കേന്ദ്രം നല്‍കും. 

  • എന്‍ഡോസള്‍ഫാന്‍ ബാധിച്ച് സമാനമായ പ്രശ്‌നങ്ങള്‍ ഗ്രാമീണര്‍ അനുഭവിക്കുന്നുണ്ട് എന്ന് പറയപ്പെടുന്ന പാലക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സര്‍വ്വേ നടത്തുക.

  • ദുരിതബാധിതർക്കും കുടുംബത്തിനുമുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക. അവ കൃത്യമായും മുഴുവനായും നല്‍കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. 

  • രോഗം കണ്ടെത്താനും ചികിത്സയ്ക്കും, തെറാപ്പികള്‍ക്കുമുള്ള സൗകര്യങ്ങള്‍ ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളിലും വര്‍ധിപ്പിക്കുക. ഇവയില്‍ ഒന്നിലെങ്കിലും ഇരകള്‍ക്ക് മികച്ച പരിചരണം ലഭിക്കുന്ന ജീവനക്കാരും സൗകര്യങ്ങളുുമുണ്ടെന്ന് ഉറപ്പുവരുത്തുക. ദുരിതബാധിത മേഖലകളായ പതിനൊന്ന് വില്ലേജുകളിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുക. 

മനഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ലക്ഷം രൂപം സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൊടുത്തുതുടങ്ങി. എന്നാല്‍ മറ്റ് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടില്ല. അതില്‍ ഏറ്റവും പ്രധാന്യമുള്ള സെന്‍ട്രലൈസ്ഡ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആലോചനകള്‍ പോലും ഗൗരവമായി നടന്നില്ല.

ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം കൂടി ഉള്‍പ്പെടുത്തി രോഗികളെ പരിചരിക്കാനുള്ള വിപുല സംവിധാനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സർവ് കൂട്ടായ്മ തിങ്കിനോട് പറഞ്ഞു. 
""ഓരോ സമരത്തിനും വ്യത്യസ്ത രീതിയുണ്ട്, മിച്ചഭൂമി സമരം നടത്തുന്നത് പോലെ രോഗികളുടെ സമരം നടത്താനാവില്ല. തീര്‍ത്തും അവശരും മൃതപ്രായക്കാരുമായ രോഗികളെ മുന്‍നിര്‍ത്തിയുള്ള സമരപരിപാടികളാണ് എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സമരമെന്ന രീതിയില്‍ ഇവിടെ നടന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് അവകാശം ലഭ്യമാക്കുക, അതിന് അവരെ ബുദ്ധിമുട്ടിക്കാതെ പ്രായോഗികമാര്‍ഗം സ്വീകരിച്ച് നീതി ലഭ്യമാക്കുക എന്നതായിരുന്നു സര്‍വ് കളക്ടീവിന്റെ ശ്രമം. അതാണ് നിയമപരമായ ഇടപെടലിലൂടെ ഇപ്പോള്‍ സാധ്യമാക്കിയത്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി ഒരു സെന്‍ട്രലൈസ്ഡ് പാലിയേറ്റിവ് ഹോസ്പിറ്റലും അവിടെ അവര്‍ക്ക് ആവശ്യമുള്ള മരുന്ന് ലഭ്യമാകുന്നൊരു സംവിധാനമെന്ന ആവശ്യത്തിന് കൂട്ടായ്മ കോടതിയെ സമീപിക്കുന്നുണ്ട്.'' കൂട്ടായ്​മ അറിയിച്ചു.

സുപ്രിം കോടതി വിധിയുടെ പൂർണ്ണ രൂപം 

1.  2022 മെയ് 9-ന് ചീഫ് സെക്രട്ടറി കേരള സര്‍ക്കാരിന് ഒരു കംപ്ലയന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2017 ജനുവരി 10ലെ ഈ കോടതിയുടെ വിധിക്ക് അനുസൃതമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട് 2022 മാര്‍ച്ച് 16ന് ചീഫ് സെക്രട്ടറി യോഗം വിളിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഹെല്‍ത്ത് ആന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നഷ്ടപരിഹാരം നല്‍കേണ്ട 3704 ഇരകളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരുടെ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്. ഈ ഇരകളില്‍ 102 പേര്‍ കിടപ്പിലായവരും 326 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരും 201 പേര്‍ ശാരീരിക വൈകല്യമുള്ളവരും 119 പേര്‍ കാന്‍സര്‍ ബാധിതരും ശേഷിക്കുന്ന 2966 പേര്‍ മറ്റു വിഭാഗങ്ങളില്‍ പെടുന്നവരുമാണ്. അഞ്ച് വര്‍ഷമായി കേരള സര്‍ക്കാര്‍ ഫലത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഉണ്ടായ കാലതാമസം ഞെട്ടിക്കുന്നതാണ് എന്നതിന് പുറമെ, ഈ നിഷ്‌ക്രിയത്വം കോടതി ഉത്തരവുകളുടെ ലംഘനവുമാണ്.

2.    ഇപ്പോള്‍ 2022 ജനുവരി 15-ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 200 കോടി അധിക തുക വിതരണം ചെയ്യുന്നതിന് GO(Rt) No 1877/2022/Fin നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഇതുവരെ അഞ്ച് ലക്ഷം രൂപ മാത്രമാണ് വിതരണം ചെയ്തത്. അത് കോടതി നടപടികളിലേക്ക് നീങ്ങിയ ഹര്‍ജിക്കാരായ എട്ട് പേര്‍ക്കാണ് ലഭിച്ചത്. ഈ കോടതിയെ സമീപിക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ യുക്തിയോ മൂലകാരണമോ  മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ല.

3. ഈ കോടതിയുടെ വിധി വന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി ഇരകള്‍ ഉണ്ട്. ഇരകളില്‍ ഭൂരിഭാഗവും, കോടതിയുടെ മുമ്പാകെയുള്ള ഡാറ്റയില്‍ സൂചിപ്പിക്കുന്നപോലെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കേണ്ട ദയനീയാവസ്ഥയിലാണ് ഇരകളില്‍ പലരും ഇപ്പോഴുള്ളത്.

4. കൂടാതെ, 2017 ജനുവരി 10 ലെ ഈ കോടതിയുടെ തന്നെ ഉത്തരവില്‍, എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ആജീവനാന്ത ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മെഡിക്കല്‍ സൗകര്യങ്ങളോ ചികിത്സയോ നല്‍കുന്നതിനുള്ള സാധ്യത പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും വലിയൊരു വിഭാഗം ആളുകള്‍ ഇരകളില്‍ ഉള്‍പ്പെടുന്നതിനാല്‍. ഈ ഇരകള്‍ക്ക് വൈദ്യചികിത്സയ്ക്കും പുനഃരധിവാസത്തിനുമായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് ആരോഗ്യത്തിനുള്ള അവകാശം. ആരോഗ്യമില്ലാതെ, ജീവിതത്തിന് വലിയ അര്‍ത്ഥമില്ല. ഞങ്ങള്‍ നിയമത്തിന്റെ നിര്‍ബന്ധിത വിഭാഗത്തെ ആശ്രയിക്കുന്നത് ന്യായീകരിക്കപ്പെടുന്നതായിരിക്കും. എന്നിരുന്നാലും, ദുരിതമനുഭവിക്കുന്ന ഇരകള്‍ക്ക് ആശ്വാസവും പുനരധിവാസവും നല്‍കുക എന്നതിലാണ് ഞങ്ങളുടെ അടിയന്തിര ശ്രദ്ധ. അതിനനുസരിച്ച് ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പുറപ്പെടുവിക്കുന്നു: 

i. വൈകിയാണെങ്കിലും നഷ്ടപരിഹാരം നല്‍കിയതിന് പുറമെ  ഈ നടപടികളിലേക്ക് നീങ്ങിയ എട്ട് ഹരജിക്കാര്‍ക്ക്, 50,000 രൂപ വീതം കണക്കാക്കിയ ചെലവ് ഈ ഓര്‍ഡറിട്ട തീയതി മുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണം;

ii. (എ) എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനും ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ഏറ്റെടുക്കുക, (ബി) ഇരകള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് ഉറപ്പാക്കുക; കൂടാതെ (സി) ഈ കോടതിയുടെ മുന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയവ, 2017 ജനുവരി 10 ലെ ഈ കോടതിയുടെ വിധി ഏറ്റെടുത്തുകൊണ്ട് ശുഷ്‌കാന്തിയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി പ്രതിമാസ മീറ്റിംഗുകള്‍ നടത്തണം.

iii. ഈ ഉത്തരവിന്റെ തീയതിക്കും അടുത്ത ലിസ്റ്റിംഗ് തീയതിക്കും ഇടയില്‍ ഉണ്ടായ പുരോഗതി സൂചിപ്പിച്ചുകൊണ്ട് ഈ കോടതി മുമ്പാകെ ഉത്തരവ് പാലിക്കുന്നതിന്റെ സത്യവാങ്മൂലം സമര്‍പ്പിക്കണം.

5.  2022 ജൂലൈ 18-ന് അലക്ഷ്യ ഹര്‍ജി ലിസ്റ്റ് ചെയ്യണം.

അലി ഹൈദര്‍  

സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍

  • Tags
  • #Environment
  • #Supreme Court
  • #Endosulfan
  • #Endosulfan Tragedy
  • #Ali Hyder
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
K Fon

Governance

അലി ഹൈദര്‍

കെ- ഫോണിലൂടെ കേരളം അവതരിപ്പിക്കുന്നു, ഒരു ജനപക്ഷ ടെക്​നോളജി

Jul 31, 2022

10 Minutes Read

 1x1_18.jpg

Environment

ദില്‍ഷ ഡി.

വിണ്ടുകീറുന്ന ഗ്രാമത്തില്‍ ഭയത്തോടെ 13 കുടുംബങ്ങള്‍

Jul 28, 2022

8 Minutes Watch

2

Environment

റിദാ നാസര്‍

മണ്ണിടിഞ്ഞിടിഞ്ഞ്​ പുഴയിലേക്കൊഴുകുന്ന ജീവിതങ്ങൾ

Jul 19, 2022

6 Minutes Watch

 Avikkalthodu.jpg

Human Rights

ദില്‍ഷ ഡി.

ആവിക്കലിലെ സമരക്കാർ തീവ്രവാദികളല്ല, നിലനിൽപിനുവേണ്ടിയാണ്​ ഈ പോരാട്ടം

Jul 06, 2022

7 Minutes Read

Loka Kerala Sabha

Diaspora

അലി ഹൈദര്‍

പ്രവാസികളുടെ എണ്ണം പോലും കൈവശമില്ലാത്ത സർക്കാറും ലോക കേരള സഭയെക്കുറിച്ചുള്ള സംശയങ്ങളും

Jun 22, 2022

6 Minutes Read

cov

Environment

Truecopy Webzine

പരിസ്ഥിതിസംരക്ഷണം, കുടിയേറ്റം, ബഫര്‍ സോണ്‍: തീ​വ്രവാദമല്ല, സംവാദം

Jun 20, 2022

8 minutes read

Lakshadweep Ship crisis 2

Lakshadweep Crisis

അലി ഹൈദര്‍

ടിക്കറ്റില്ല, ലക്ഷദ്വീപ്​ എങ്ങനെ രണ്ടു കപ്പലിൽ സഞ്ചരിക്കും?

Jun 17, 2022

9 Minutes Watch

cov

Environment

സംജിത് ഗംഗോപാധ്യായ

ഒരു പച്ച ഇടതുപക്ഷത്തെക്കുറിച്ച്​

Jun 06, 2022

7 Minutes Read

Next Article

കെ.യു.ഡബ്ലു.ജെ.യുടെ ആദ്യ വനിത സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത സംസാരിക്കുന്നു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster