മകൻ മുസ്‌ലിം യുവതിയെ
വിവാഹം കഴിച്ചതിന് അച്ഛന്
ക്ഷേത്രങ്ങളുടെ ഊരുവിലക്ക്
മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന് അച്ഛന് ക്ഷേത്രങ്ങളുടെ ഊരുവിലക്ക്
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സവിശേഷതകള്‍ ഏറെയുള്ള കരിവെള്ളൂരിലാണ് മകൻ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചതിന് കലാകാരനായ പിതാവിനെതിരെ ക്ഷേത്ര കമ്മിറ്റികള്‍ ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
15 Mar 2022, 03:23 PM
ബ്രിട്ടീഷ് വാഴ്ചയ്ക്കും ജന്മിത്വത്തിനുമെതിരെ സമരം ചെയ്ത് രക്തസാക്ഷിത്വം വരിച്ച കര്‍ഷക പോരാളികളുടെ സ്മരണകളുറങ്ങുന്ന നാടാണ് കരിവെള്ളൂര്‍. ഉത്തരമലബാറിലെ പ്രസിദ്ധമായ മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ആസ്ഥാനം കൂടിയായ ഈ കര്‍ഷക ഗ്രാമം പ്രാചീനോത്സവ കലകളുടെ ഈറ്റില്ലമാണ്. കരിവെള്ളൂരിലെ കുണിയന്‍പുഴയുടെ തീരത്തെ തെരുകുതിരില്‍ ജനിച്ചു വളര്‍ന്ന വിനോദ് എന്ന യുവാവ് ചെറുപ്പം മുതലേ ഭഗവതികാവുകളിലെ അനുഷ്ഠാന കലകളില്‍ വലിയ താത്പര്യം കാണിച്ചു. കാവുകളില്‍ മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലയായ പൂരക്കളിയിലും അനുബന്ധ കലയായ മറുത്തുകളിയിലും പതിവില്‍ കവിഞ്ഞ താത്പര്യം കാണിച്ച വിനോദിനെ കുടുബം പാരമ്പര്യ കലകള്‍ പഠിക്കുന്നതിനായി പറഞ്ഞയച്ചു.
ഉത്തരമലബാറിന്റെ ഭൂമിശാസ്ത്ര സാമൂഹിക സവിശേഷതകളുമായും പ്രാദേശിക ഐതിഹ്യങ്ങളുമായുമെക്കെ ബന്ധപ്പെട്ട് കിടക്കുന്ന അനുഷ്ഠാന കലകള്‍ പഠിച്ചുവളര്‍ന്ന വിനോദ് പതിയെ "പണിക്കര്‍' പദവി നേടി. ക്ഷേത്രങ്ങളില്‍ പൂരോത്സവ കാലത്ത് പൂരക്കളിക്ക് നേതൃത്വം നല്‍കുന്നത് പണിക്കന്‍മാരാണ്. കഴിഞ്ഞ 38 വര്‍ഷമായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂരക്കളിക്ക് നേതൃത്വം നല്‍കിവരികയായിരുന്ന വിനോദിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ജന്മനാട്ടിലെ ക്ഷേത്രങ്ങളില്‍ ഊര് വിലക്കാണ്. കുട്ടിക്കാലം മുതല്‍ താന്‍ ഭാഗമായ, സ്വന്തം ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്നും വിനോദ് അയിത്തം കല്‍പിക്കപ്പെട്ട് മാറ്റിനിര്‍ത്തപ്പെട്ടതിന്റെ കാരണം അദ്ദേഹത്തിന്റെ മകന്‍ ഒരു മുസ്‌ലിം യുവതിയെ വിവാഹം ചെയ്തു എന്നതാണ്.
മകന്റെ വിവാഹം, അയിത്തം പിതാവിന്
സാധാരണയായി പൂരോത്സവത്തിന് നാലും അഞ്ചും വര്‍ഷങ്ങള്‍ക്ക് മുന്നേ സമുദായക്കാര്‍ പണിക്കന്‍മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും കുണിയന്‍ ശ്രീ പറമ്പത്ത് ഭഗതവതി ക്ഷേത്രത്തിലും പൂരോത്സവത്തിന് നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

ഇതിനിടയിലാണ് 2018 ല്‍ വിനോദിന്റെ മകനായ പാരലല്‍ കോളേജ് അധ്യാപകന്‍ വിപിന്‍ കുമാര്‍ കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ആഷിന എന്ന മുസ്‌ലിം യുവതിയെ പ്രണയ വിവാഹം കഴിക്കുന്നത്. ഇത് ക്ഷേത്ര കമ്മിറ്റിക്ക് വലിയ പ്രശ്നമായി. പൂരോത്സവത്തിന്റെ ഭാഗമായി ക്ഷേത്രകമ്മിറ്റികള്‍ പണിക്കന്‍മാരെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ട്. ഇതര മതവിഭാഗത്തില്‍പ്പെട്ട യുവതി താമസിക്കുന്ന വീട്ടില്‍ നിന്ന് ചടങ്ങുകള്‍ക്കായി വിനോദ് പണിക്കരെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്ര കമ്മിറ്റികളുടെ നിലപാട്. മരുമകളെ വീട്ടില്‍ നിന്നും മാറ്റിത്താമസിപ്പിക്കണമെന്നായി ക്ഷേത്രകമ്മിറ്റിക്കാരുടെ പക്ഷം. താന്‍ പഠിച്ച അനുഷ്ഠാന കലകളുടെ ധാര്‍മികതയുമായി ഇത് യോജിക്കില്ലെന്നും മരുമകളെ വീട്ടില്‍ നിന്നും മാറ്റില്ലെന്നുമുള്ള നിലപാട് അദ്ദേഹം സ്വീകരിച്ചു. അതോടെ ക്ഷേത്ര ഭാരവാഹികള്‍ വിനോദ് പണിക്കര്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചു.
""പൂരക്കളിയില്‍ നിന്നും മറുത്തുകളിയില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ എന്റെ വരുമാനം നിലക്കും. എങ്കിലും മകനെയും മരുമകളെയും വീട്ടില്‍ നിന്നിറക്കിക്കൊണ്ട് ഒരു വരുമാനവും എനിക്കാവശ്യമില്ല. വിവാഹം, വിശ്വാസം എന്നതൊക്കെ ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടേണ്ട കാര്യം ക്ഷേത്ര കമ്മിറ്റിക്കില്ല. എന്റെ മകന്റെ വിവാഹത്തിന്റെ പേരില്‍ എന്നോട് അയിത്തം കല്‍പിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല,'' വിനോദ് പണിക്കര്‍ തിങ്കിനോട് പറഞ്ഞു.
മകന്റെ വിവാഹ ശേഷവും പയ്യന്നൂര്‍ പരവന്തട്ട ശ്രീ ഉദയപുരം ക്ഷേത്രത്തില്‍ വിനോദ് മറത്തുകളി നടത്തിയിട്ടുണ്ട്. മാതമംഗലം പുലിയൂരുകാളി ക്ഷേത്രത്തില്‍ നിന്നും പട്ടും വളയും നേടിയ, എല്ലാ ക്ഷേത്ര ചിട്ടവട്ടങ്ങളും അനുസരിച്ച് ജീവിക്കുന്ന പൂര്‍ണ വിശ്വാസിയായ തന്നെയെന്തിന് ശിക്ഷിക്കുന്നു എന്നാണ് വിനോദ് പണിക്കര്‍ ചോദിക്കുന്നത്.
പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല
നാല് പതിറ്റാണ്ടോളമായി പൂരക്കളി, മറത്തുകളി രംഗത്തുള്ള വിനോദ് പണിക്കര്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മകന്റെ വിവാഹത്തിന്റെ പേരില്‍ തന്നോട് ക്ഷേത്ര കമ്മിറ്റികള്‍ സ്വീകരിക്കുന്ന വിവേചനത്തിനെതിരെ വിനോദ് പലയിടങ്ങളിലും പരാതിപ്പെട്ടിരുന്നു. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള മേഖലായയിതാല്‍ പ്രദേശങ്ങളിലെ ക്ഷേത്ര കമ്മിറ്റികളിലും ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. ഈയിടെ കരിവെള്ളൂര്‍ സമരത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ ഭാഗമായി കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍ പൂരക്കളി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അനുമോദച്ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങില്‍ വെച്ച് തനിക്ക് നേരെയുള്ള വിലക്കിനെക്കുറിച്ച് വിനോദ് പരസ്യമായി തുറന്നു സംസാരിക്കുകയും ചെയ്തു. എങ്കിലും ഫലമുണ്ടായില്ല.
""ക്ഷേത്ര കമ്മിറ്റികളില്‍ ധാരാളം ഇടതുപക്ഷ പ്രവര്‍ത്തകരുണ്ട്. പുറമെ പുരോഗമന സ്വഭാവം സ്വീകരിക്കുന്ന പലരും മതത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ സമീപനം മാറും. പ്രാചീന ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇത്തരം അനുഷ്ഠാന കലകളെ അന്ധമായ മതബോധത്തിലേക്ക് കൊണ്ടുപോകുന്നത് ഒട്ടും ശരിയല്ല. എന്റെ മകന്‍ മറ്റൊരു മതത്തില്‍പെട്ടയാളെയാണ് വിവാഹം കഴിച്ചത്. അവര്‍ അവരുടേതായ വിശ്വാസങ്ങളുമായി ഞങ്ങളുടെ വീട്ടില്‍ ജീവിക്കുന്നു. ഞങ്ങള്‍ക്കോ അവര്‍ക്കോ അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല, സര്‍മതസാരവുമേകം എന്നതാണ് ഞാന്‍ പഠിച്ചതും വിശ്വസിക്കുന്നതും,'' വിനോദ് തിങ്കിനോട് പറഞ്ഞു.
ക്ഷേത്ര കമ്മിറ്റിയുടെ നടപടികളെ പൂര്‍ണമായും എതിര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം സ്വീകരിച്ചത്. ഇടത് സ്വാധീനമുള്ള മേഖലയായതിന്റെ പേരില്‍ ക്ഷേത്ര കമ്മിറ്റിയുടെ നിലപാടിനെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തിങ്കിനോട് പറഞ്ഞത്. ""ക്ഷേത്ര കമ്മിറ്റികളുടെ ഈ നടപടി തീര്‍ത്തും തെറ്റാണ്. ഒരു ചെറുപ്പക്കാരന്‍ തനിക്കിഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ച് ജീവിക്കുന്നു എന്നതിന്റ പേരില്‍ ഒരാള്‍ക്ക് വിലക്ക് കല്‍പിക്കാന്‍ പാടില്ല. ജാതി-മത-ഭാഷാ ഭേദങ്ങളില്ലാതെ കല പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ക്ഷേത്ര കമ്മിറ്റിയുടെ സമീപനങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടാകും,'' എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് കുണിയന്‍ ഭഗവതി ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം. പണിക്കരെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിന്റെ ഭാഗമായി ക്ഷേത്രം പവിത്രമായി കരുതിപ്പോരുന്ന ആചാരവടിയും മുദ്രയും പൂജാമുറിയില്‍ വെക്കുക എന്നൊരു കര്‍മ്മം കൂടി നടത്തുന്നുണ്ട്. അന്യമതസ്ഥര്‍ പെരുമാറുന്ന ഒരു പൂജാമുറിയില്‍ ആ കര്‍മ്മം നടത്താന്‍ പറ്റില്ലെന്നതാണ് ക്ഷേത്രസമിതിയുടെ തീരുമാനം.
"രണ്ട് തവണ ജനറല്‍ ബോഡികള്‍ ചേര്‍ന്നു. യോഗ തീരുമാനം അനുസരിച്ചാണ് നടപടി. ക്ഷേത്രത്തിന് ഇതര മതങ്ങളോട് എതിര്‍പ്പില്ല. എല്ലാവര്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍ ആചാരങ്ങള്‍ പാലിക്കേണ്ടതുണ്ട്', എന്നാണ് കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം സമുദായി കെ.വി. ഭരതന്റെ പ്രതികരണം.
പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു
വിനോദ് പണിക്കരെ പൂരക്കളിയില്‍ നിന്ന് വിലക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. നവമാധ്യമങ്ങളിലാണ് വിഷയം ആദ്യം ചര്‍ച്ചയായതെങ്കിലും പിന്നീട് മുഖ്യധാര മാധ്യമങ്ങളും ഏറ്റെടുത്തു. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിനോദ് പണിക്കര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്.
ക്ഷേത്ര കമ്മിറ്റി കലാകാരനെ വിലക്കിയത് നാട്ടുകാരോ വിശ്വാസികളോ അംഗീകരിക്കുന്നില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ നടപടി ഭരണഘടനാവിരുദ്ധവും, പൗരാവകാശ ലംഘനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തിലൊരാള്‍ മതേതരമായ ജീവിതരീതി സ്വീകരിച്ചു എന്നതിന്റെ പേരില്‍ നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്ന ക്ഷേത്രാധികാരികള്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത അപരിഷ്‌കൃതരാണെന്ന് പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പയ്യന്നൂര്‍ മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കലയും സാഹിത്യവുമെല്ലാം ആത്യന്തികമായി മനുഷ്യ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. സമൂഹത്തെ പിന്‍നടത്തുന്ന ഇത്തരം തീരുമാനങ്ങള്‍ വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തുതോല്‍പ്പിക്കണമെന്നും പു.ക.സ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നാടിനെ ഇരുണ്ട കാലത്തേക്ക് തിരികെ വലിക്കുന്ന അപരിഷ്‌കൃത കാഴ്ചപ്പാടുകളെയും പൊതു സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്നാണ് വിഷയത്തില്‍ ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചത്.
എന്താണ് പൂരക്കളിയും മറുത്തുകളിയും
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭഗവതികാവുകളില്‍ മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. കുട്ടികള്‍ മുതല്‍ വയോധിക
ർ വരെ ഏത് പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ചന്ദ്രഗിരിപ്പുഴ മുതല്‍ വളപട്ടണം പുഴ വരെയാണ് പൂരക്കളി നടക്കുന്ന സ്ഥലമായി പരിഗണിച്ചു വരുന്നത്
പൂരക്കളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മത്സര/പ്രദര്‍ശനക്കളിയാണ് മറുത്തു കളി. തിയ്യ സമുദായത്തിന്റെ കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങള്‍ സംവാദത്തിലൂടെ തങ്ങളുടെ മികവു പ്രകടിപ്പിക്കുന്ന രീതിയാണിത്. പൂരക്കളിയുടെ ഭാഗമായി തന്നെ മറത്തുകളി നടത്തുകയാണ് ചെയ്യുക. രണ്ട് ക്ഷേത്രങ്ങള്‍ തമ്മിലായിരിക്കും മറുത്തുകളി നടക്കുക. പൂരക്കളിയേക്കാള്‍ വാശിയും വേഗതയും ഉള്ളതിനാള്‍ വലിയ ജനാവേശത്തോടെയാണ് മറത്തുകളി നടത്തപ്പെടുക. വടക്കന്‍ കേരളത്തിലെ തിയ്യ സമൂഹത്തിന്റെ സംഭാവനയാണ് മറുത്തുകളിയും പൂരക്കളിയും. സാഹിത്യം, നൃത്തം, സംഗീതം തുടങ്ങിയവയുടെയെല്ലാം സമ്മേളനം കൂടിയാണ് ഈ കലാരൂപങ്ങള്‍.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
ഷഫീഖ് താമരശ്ശേരി
Feb 19, 2023
10 Minutes Watch