ലോകത്തിലെ ഏറ്റവും സുന്ദരമായ
ക്ലാസ്‍മുറികളും
അനശ്വരരായ അധ്യാപകരും
ലോകത്തിലെ ഏറ്റവും സുന്ദരമായ ക്ലാസ്‍മുറികളും അനശ്വരരായ അധ്യാപകരും
മതവും വംശീയതയും തൊലിയുടെ നിറവും മനുഷ്യ ബന്ധങ്ങളെ പരസ്പരം വേര്‍പിരിക്കുമ്പോള്‍ മാനവികതയുടെ പക്ഷത്ത് നിന്നുകൊണ്ട് മനുഷ്യരെ പരസ്പരം ഒരുമിപ്പിക്കുന്നതിന്റെ കലയാണ് അധ്യാപനം എന്ന് മാര്‍ക്ക് താക്കറെ ലോകത്തോട് വിളിച്ചു പറയുന്നു
21 Oct 2022, 05:55 PM
ലോകജനതയുടെ മനസ്സില്‍ നക്ഷത്ര പ്രഭാവത്തോടെ ജ്വലിച്ചു നില്‍ക്കുന്ന ചില പ്രതിഭകളുണ്ട്. അതില്‍ കവികളും കലാകാരന്മാരും ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ഭരണാധികാരികളും വിപ്ലവകാരികളുമൊക്കെയുള്‍പ്പെടും. എണ്ണത്തില്‍ കൂടുതലുണ്ടാകില്ലെങ്കിലും സവിശേഷമായ ചിന്തയും പ്രവൃത്തിയും കൊണ്ട്, ജനമനസ്സിലിടം നേടുകയും അവരുടെ ജീവിത വീക്ഷണത്തേയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുകയും ചെയ്ത അതുല്യരായ ചില അധ്യാപക പ്രതിഭകളുണ്ട്. ദേശത്തിന്റെയും ഭാഷയുടെയും പരിധികള്‍ക്കപ്പുറം കാലാതീതമായി അവര്‍ ഇപ്പോഴും അധ്യാപനം തുടരുന്നുണ്ട്. തലമുറകള്‍ക്കതീതമായി ശിഷ്യസമ്പത്തുണ്ടാക്കിയ, വെള്ളിത്തിരയിലെ ആ അധ്യാപകര്‍ക്ക് റിട്ടയര്‍മെന്റില്ല. ലോകസിനിമയില്‍ ഇതുവരെയുണ്ടായ ഏറ്റവും പ്രമുഖരായ ചില നായക കഥാപാത്രങ്ങളെയെടുത്താല്‍ അതില്‍ സിനിമയിലെ ഈ അധ്യാപക കഥാപാത്രങ്ങളുമുണ്ടാകും.
ലോക സിനിമയിലെ ഏറ്റവും മികച്ച നായക കഥാപാത്രങ്ങളിലൊന്നാണ് റോബിന്‍ വില്യംസ് അനശ്വരമാക്കിയ ജോണ്‍ കീറ്റിംഗ് എന്ന അധ്യാപകന്‍. ടോം ഷൂള്‍മാന്‍ രചിച്ച് പീറ്റര്‍ വെയര്‍ സംവിധാനം ചെയ്ത് 1984 -ല്‍ പുറത്തിറങ്ങിയ ഡെഡ് പോയറ്റ് സൊസൈറ്റി എന്ന ഹോളിവുഡ് ക്ലാസിക്കിലെ മുഖ്യ കഥാപാത്രമാണ് ജോണ്‍ കീറ്റിംഗ്. പ്രമുഖ ആംഗലേയ കവി ജോണ്‍ കീറ്റ്‌സിനെ പേരുകൊണ്ട് ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ കഥാപാത്രം. വെല്‍ട്ടണ്‍ അക്കാദമി എന്ന പേരുകേട്ട പ്രിപ്പറേറ്ററി സ്‌കൂളില്‍ കവിത പഠിപ്പിക്കുവാനാണ് ജോണ്‍ കീറ്റിംഗ് എത്തുന്നത്. അക്കാദമിയുടെ അടിത്തറ എന്ന് പറയുന്നത് പാരമ്പര്യം (tradition), അഭിമാനം (honour), അച്ചടക്കം (discipline), മികവ് (excellence) എന്നിവയാണ്. വാള്‍ട്ട് വിറ്റ്മാന്‍ എബ്രഹാം ലിങ്കണെ
കുറിച്ച് എഴുതിയ കവിതയിലെ പോലെ "ഓ ക്യാപ്റ്റന്‍ മൈ ക്യാപ്റ്റന്‍ 'എന്ന് തന്നെ വിളിച്ചാല്‍ മതിയെന്ന് പറയുന്ന ജോണ്‍ കീറ്റിംഗ് അധ്യാപകരെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെ പരമ്പരാഗത സങ്കല്പങ്ങളെയെല്ലാം തകിടം മറിക്കുകയും യാഥാസ്ഥിതികവും അധികാര കേന്ദ്രിതവുമായ വെല്‍ട്ടണ്‍ അക്കാദമി പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
അധ്യാപകന്‍ എന്ന നിലയില്‍ ജോണ്‍ കീറ്റിംഗ് ചെയ്യുന്നത് ആത്മവിശ്വാസത്തോടെയും ആത്മ നിയന്ത്രണത്തോടെയും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു. കവിത അധികാരത്തിന്റെ ഭാഷയല്ലെന്നും സൗന്ദര്യത്തിന്റെ ഭാഷയാണെന്നും യാന്ത്രികവും കൃത്രിമവുമായ മൂല്യ സങ്കല്പങ്ങള്‍ രൂപപ്പെടുത്തിയ ഒരു സ്ഥാപനത്തില്‍ കവിത വെറും മാത്തമാറ്റിക്‌സ് മാത്രമാണെന്നും അതുകൊണ്ട് ഗണിതത്തിന്റെ മെക്കാനിസം മാത്രമായ കവിതാപാഠവും സൗന്ദര്യരഹിതമായ ജീവിത സങ്കല്‍പ്പങ്ങളും കീറിക്കളയേണ്ടതാണെന്നുമാണ് കീറ്റിംഗ് പഠിപ്പിക്കുന്നത്. അധ്യാപനം എളുപ്പമുള്ള ഒരു തൊഴിലല്ലെന്നും ഒഴുക്കിനെതിരെയുള്ള നീന്തലാണെന്നും അത് കുട്ടികളില്‍ ജീവിതാഭിമുഖ്യം വളര്‍ത്തലാണെന്നും കീറ്റിംഗ് ഓര്‍മിപ്പിക്കുന്നു. ക്ലാസ് മുറിയിലെ ഡെസ്‌കിനു മുകളില്‍ കയറി നിന്നു കൊണ്ട് കുട്ടികളോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്ന കീറ്റിംഗ് വ്യത്യസ്തമായ രീതിയില്‍ ജീവിതത്തെ, അല്ലെങ്കില്‍ ലോകത്തെ നോക്കിക്കാണാനുള്ള ധൈര്യമാണ് വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുന്നത്. വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കേണ്ടത് പാരമ്പര്യത്തിന്റെ അല്ലെങ്കില്‍ വ്യവസ്ഥാപിതമായ അച്ചടക്കത്തിന്റെ തലയ്ക്കുമുകളില്‍ കയറി നില്‍ക്കാനുള്ള ധൈര്യമാണെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിലെ വിചാരധാരാ മാറ്റത്തിന് (paradigm shift)
ആഹ്വാനം ചെയ്യുകയാണ് ജോണ്‍ കീറ്റിംഗ് ചെയ്യുന്നത്.

സിനിമാരംഗത്തും വിദ്യാഭ്യാസരംഗത്തും ലോക വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് "താക്കറെ എഫക്റ്റ് '. എക്കാലത്തെയും മികച്ച അധ്യാപക സിനിമകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന, 1967ല്‍ പുറത്തിറങ്ങിയ "റ്റു സര്‍ വിത്ത് ലൗ'വിലെ മാര്‍ക്ക് താക്കറെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അധ്യാപക കഥാപാത്രമാണ്. ജെയിംസ് ക്ലാവല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ ലണ്ടന്‍ നഗരത്തിലെ ദുര്‍ഗുണ പരിഹാര പാഠശാലയ്ക്ക് സമാനമായ ഒരു കൗമാര വിദ്യാലയത്തില്‍ അധ്യാപകനാകാന്‍ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു എന്‍ജിനീയറിങ് ബിരുദധാരി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. ഏറെ പ്രതീക്ഷയോടെ അധ്യാപക ജോലിയിലേക്ക് പ്രവേശിക്കുന്ന താക്കറയെ വിദ്യാര്‍ഥികള്‍ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല , പരമാവധി അവഹേളിക്കാനും അവമതിക്കാനും ശ്രമിക്കുന്നു. ഒരു എന്‍ജിനീയറാകാന്‍ എളുപ്പമാണ് എന്നാല്‍ നല്ലൊരു അധ്യാപകനാകുന്നത് ബുദ്ധിമുട്ടാണെന്ന് സുഹൃത്ത് അപ്പോള്‍ താക്കറെയെ ഓര്‍മിപ്പിക്കുന്നുണ്ട്. തന്റെ നിറവും വംശവും തന്നെയാണ് കുട്ടികളുടെ വിവേചനത്തിന്റെ ഇരയായി മാറാനുള്ള കാരണമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ക്ലാസില്‍ അരാജകത്വം സൃഷ്ടിക്കുന്ന കുട്ടികളെ മനശാസ്ത്രപരമായും കൈകാര്യം ചെയ്തു കൊണ്ട്, കൗമാരക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞു കൊണ്ട് താക്കറെ പതിയെ കുട്ടികളുടെ ഹൃദയത്തിലേക്കു കടക്കുകയാണ്. ഒരു അധ്യാപകന്റെ ഏറ്റവും ശക്തമായ ആയുധം കുട്ടികളോടുള്ള സ്‌നേഹമാണെന്നും അവരെ അംഗീകരിക്കലാണെന്നും താക്കറെയിലൂടെ നമുക്ക് ബോധ്യപ്പെടുന്നുണ്ട്.

മതവും വംശീയതയും തൊലിയുടെ നിറവും മനുഷ്യ ബന്ധങ്ങളെ പരസ്പരം വേര്‍പിരിക്കുമ്പോള്‍ മാനവികതയുടെ പക്ഷത്ത് നിന്നുകൊണ്ട് മനുഷ്യരെ പരസ്പരം ഒരുമിപ്പിക്കുന്നതിന്റെ കലയാണ് അധ്യാപനം എന്ന് മാര്‍ക്ക് താക്കറെ ലോകത്തോട് വിളിച്ചു പറയുന്നു. കൗമാര വിദ്യാഭ്യാസത്തെ സംബന്ധിച്ച് യാഥാര്‍ഥ്യബദ്ധമായ ഉള്‍ക്കാഴ്ചയുണര്‍ത്തുവാനും അധ്യാപനം എന്ന തൊഴിലിന്റെ ദാര്‍ശനികവും മാനുഷികവുമായ മുഖം ഉയര്‍ത്തിക്കാട്ടുന്നതിനും ഒരു തൊഴിലെന്ന നിലയില്‍ അധ്യാപനത്തിന്റെ സര്‍ഗാത്മക സൗന്ദര്യത്തിന് ആഗോളതലത്തില്‍ തന്നെ സ്വീകാര്യത നേടിക്കൊടുക്കുന്നതിന് മാര്‍ക്ക് താക്കറ എന്ന അധ്യാപകന് കഴിഞ്ഞിട്ടുണ്ട്.
അത്രയൊന്നും പ്രാധാന്യമില്ലെന്ന് പലരും കരുതുന്ന, വെറുമൊരു ക്ലാസ് റൂം പ്രവര്‍ത്തനം മാത്രമായ ഡയറിയെഴുത്തു കൊണ്ട് ഒരു സംഘം വിദ്യാര്‍ഥികളുടെ ജീവിതം തന്നെ മാറ്റിയെഴുതിയ അധ്യാപികയാണ് എറിന്‍ ഗ്രൂവല്‍. എറിന്‍ എന്ന അധ്യാപികയുടെയും അവരുടെ വിദ്യാര്‍ഥികളുടെയും ഡയറിയെഴുത്തിനെ ആസ്പദമാക്കി റിച്ചാര്‍ഡ് ലാ ഗ്രെവനിസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2007 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രമാണ് ഫ്രീഡം റൈറ്റേഴ്‌സ്. 1998 ല്‍ നടന്ന ലോസ് ആഞ്ചലസ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഏയ് വ ബെനിറ്റസ് എന്ന പെണ്‍കുട്ടിയുടെ കാഴ്ചയിലൂടെയാണ് ഫ്രീഡം റൈറ്റേഴ്‌സ് എന്ന സിനിമ സഞ്ചരിക്കുന്നത്. കലാപത്തിന്റെ ഭാഗമായി വിഘടിച്ചു നില്‍ക്കുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് എറിന്‍ ഗ്രുവലിന്റെ വിദ്യാര്‍ഥികള്‍. ക്ലാസിനു പുറത്തും അകത്തും അവര്‍ നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ വിഘടിച്ചു നില്‍ക്കുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. തരം കിട്ടുമ്പോഴൊക്കെ പരസ്പരം ആക്രമിക്കാനും വഴക്കിടാനും മാത്രം സമയം കിട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം എന്നത് ഒരു വിഷയമേ ആകുന്നില്ല. വംശീയതയുടെയും വിഭാഗീയതയുടെയും പേരില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളാണ് അവരെ ചൂഴ്ന്നു നില്‍ക്കുന്ന ജീവിതയാഥാര്‍ഥ്യം. തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കേവലം വ്യാകരണം പഠിക്കുന്നതു കൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് നല്ല തിരിച്ചറിവുള്ള വിദ്യാര്‍ഥികളുടെയിടയില്‍ എറിന്‍ ഗ്രുവെല്‍ എന്ന അധ്യാപിക കുട്ടികളെ ഡയറി എഴുതാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്. ഡയറി എഴുത്ത് അറിയാതെ തന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമാവുകയും അവര്‍ തങ്ങളുടെ ജീവിതം പതിയെപ്പതിയ എഴുതിത്തുടങ്ങിയും ചെയ്യുമ്പോഴാണ് ഏറിനും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മാറിത്തുടങ്ങുന്നത്. അതോടെ അവര്‍ അവരുടെ ജീവിത പരിസരത്തെ നിഷ്പക്ഷമായും വിമര്‍ശനാത്മകമായും നോക്കിക്കാണുകയും യാഥാര്‍ഥ്യ ബദ്ധമായ സാമൂഹ്യപാഠത്തിന്റെ സൃഷ്ടാക്കളായി മാറുകയും ചെയ്യുന്നു. ഒരു ജനത നേരിട്ടുകൊണ്ടിരിക്കുന്ന സവിശേഷ പ്രശ്‌നങ്ങളെയും അവര്‍ അഭിമുഖീകരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെയും പരിഗണിച്ചു കൊണ്ടല്ലാതെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും പ്രവര്‍ത്തന പരിപാടികളും നിര്‍ണയിക്കാനാകില്ലെന്നാണ് ഗ്രുവലിന്റെ വാദം. വിഭിന്നങ്ങളായ സാംസ്‌കാരിക ജീവിത പശ്ചാത്തലത്തില്‍ നിന്ന് വരുന്ന കുട്ടികളെ ഒരു പൊതു പാഠ്യപദ്ധതി കൊണ്ട് അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നും അധ്യാപനം ഒരു സര്‍ഗാത്മകതയാണെന്നും അത് ആത്യന്തികമായി ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാണെന്നും എറിന്‍ ഗ്രുവെല്‍ എന്ന അധ്യാപിക സ്വാതന്ത്ര്യത്തിന്റ എഴുത്തുകാര്‍ എന്ന ചിത്രത്തിലൂടെ ലോകത്തെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആറു വയസ്സുകാരായ കുട്ടികളോടൊപ്പം കിമോനി മറുഗെ എന്ന 84 വയസ്സുകാരന്‍ ഒരു ദിവസം സ്‌കൂളിലേക്ക് നടന്നുവരുന്നത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന് പഠിക്കാനാണ്. കെനിയന്‍ സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷകനുമായ കിമോനി മറുഗെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ലോകമെങ്ങും പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രചരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ഐക്യരാഷ്ട്ര സഭയില്‍ വെച്ച് ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എണ്‍പത്തിനാലുകാരനായ ഈ വിദ്യാര്‍ഥിയുടെ അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരത്തിനും വിജയത്തിനും പിന്നില്‍ ജയിന്‍ ഒബിഞ്ചു എന്ന അധ്യാപികയുടെ അചഞ്ചലമായ മനോബലവും പ്രയത്‌നങ്ങളുമുണ്ട്. കിമോനി മറുഗെയുടെയും ജയിന്‍ ഒബിഞ്ചുവിന്റെയും ജീവിത സമരങ്ങളുടെ കഥയാണ് 2010 ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ഗ്രേഡര്‍ എന്ന ബ്രിട്ടീഷ്-കെനിയന്‍ ജീവചരിത്രസിനിമയുടെ പ്രമേയം. ഒരു വൃദ്ധന്‍ ആറു വയസ്സുകാരായ കുട്ടികളോടൊപ്പമിരുന്ന് പഠിക്കുന്നതില്‍ നാട്ടുകാരും സ്‌കൂള്‍ അധികൃതരും ഉദ്യോഗസ്ഥ വിഭാഗവും എതിര്‍പ്പുന്നയിക്കുകയും അവര്‍ മറൂഗെയുടെ പഠനം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പലവഴിക്കും നടത്തുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസം നേടാനുള്ള ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശത്തിനു വേണ്ടിയാണ് ജയ്ന്‍ ടീച്ചര്‍ നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. പ്രതിഷേധക്കാര്‍ പിന്നീട് ജയ്ന്‍ ടീച്ചര്‍ക്കെതിരെയാണ് തിരിയുന്നത്. മറുഗയെ പിന്തുണക്കുന്നതില്‍ നിന്ന് പിന്മാറാനും ഇപ്പോഴുള്ള സ്‌കൂള്‍ വിട്ട് മറ്റെവിടേക്കെങ്കിലും സ്ഥലം മാറിപ്പോകാനും ജയിനിന്റെ ഭര്‍ത്താവ് അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അത് അവരുടെ കുടുംബ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നുവെങ്കിലും ടീച്ചര്‍ പിന്മാറാനോ പിന്തിരിയാനോ തയാറാകുന്നില്ല. പക്ഷേ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ടീച്ചറെ സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റുന്നു. മറുഗെ നെയ്‌റോബിയില്‍ ചെന്ന് കെനിയന്‍ ഉദ്യോഗസ്ഥ വൃന്ദത്തിനു മുന്നില്‍ തന്റെ ഷര്‍ട്ട് ഊരിമാറ്റി ബ്രിട്ടീഷുകാര്‍ അടിച്ചു തകര്‍ത്ത തന്റെ ശരീരം അനാവൃതമാക്കുകയാണ്. കോളനി വാഴ്ച്ചയോട് ഇപ്പോഴും വിധേയത്വം പുലര്‍ത്തുന്ന ഒരു ഭരണകൂടത്തിനെ തന്റെ ശരീരം കൊണ്ട് ചരിത്രം ഓര്‍മപ്പെടുത്തേണ്ടി വരുന്നുണ്ട് മറൂഗയ്ക്ക്. അത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത, കെനിയന്‍ ജനതയുടെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. ആ പോരാട്ടം മറുഗെയ്ക്ക് വീണ്ടും തുടരേണ്ടി വരുന്നതാണ് അയാളെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ വസ്തുത. ജെയ്ന്‍ ടീച്ചറോടുള്ള പ്രതികാര നടപടിക്കെതിരെയും അവരെ തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടിയും അയാള്‍ ശബ്ദിക്കുമ്പോള്‍ എല്ലാത്തരം സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വവിധേയത്വത്തിനും ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെയും കൂടി അയാള്‍ക്ക് സമരം തുടരേണ്ടി വരുന്നുണ്ട്. ഒരു ജനതയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യമെന്താണെന്നറിയണമെങ്കില്‍, അതനുഭവിക്കാന്‍ കഴിയണമെങ്കില്‍ വിദ്യാഭ്യാസമാവശ്യമാണെന്നും സാര്‍വത്രിക വിദ്യാഭ്യാസമാണ് മാനവ വിമോചനത്തിന്റെ ആത്യന്തികമായ വഴിയെന്നും അതു തന്നെയാണ് യഥാര്‍ഥ വിപ്ലവ പ്രവര്‍ത്തനമെന്നും എണ്‍പത്തിനാലുകാരനെ തന്റെ വിദ്യാര്‍ഥിയായി സ്വീകരിച്ചുകൊണ്ട് ജെയ്ന്‍ എന്ന അധ്യാപിക ലോകത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

നിര്‍മാതാവും ഛായാഗ്രാഹകനുമായ പാവോ ചോയ്‌നിംഗ് ദോര്‍ജിയുടെ ആദ്യ സംവിധാന സംരംഭമായ ലുനാന എ യാക് ഇന്‍ ദ ക്ലാസ് റൂം എന്ന 2019 ല്‍ പുറത്തിറങ്ങിയ ഭൂട്ടാന്‍ ചിത്രത്തിലെ ഊഗിന്‍ ദോര്‍ജി സാഹചര്യങ്ങള്‍ മൂലം അധ്യാപകനായി മാറിയൊരാളാണ്. ന്യൂയോര്‍ക്കിലും സിഡ്‌നിയിലും തന്റെ കരിയര്‍ സ്വപ്നം കണ്ടു നടന്നിരുന്ന ഊഗിന്‍ താനൊരു അധ്യാപകനാകേണ്ടയാളല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. തനിക്കു ചുറ്റുമുള്ള. സകലതില്‍ നിന്നും അകന്നു കഴിയുന്ന, ചെവിയില്‍ തിരുകിയ ഗാഡ്ജറ്റില്‍ നിന്നും മാത്രം ലോകത്തെ നോക്കിക്കാന്നുന്ന ഊഗിന്‍ ദോര്‍ജി ഒരു യഥാര്‍ഥ അധ്യാപകനായി പരിണമിക്കുന്നതിന്റെ വര്‍ത്തമാനമാണ് ലുനാന എ യാക് ഇന്‍ ദ ക്ലാസ് റൂം പറയുന്നത്. ലുനാന ഭൂട്ടാനിലെ ഏറ്റവും വിദൂരമായ ഒരു ഗ്രാമമാണ്. ലുനാനയിലെ ജനങ്ങളുടെ ജീവിതത്തിന് ഒരു താളമുണ്ട്. ആ താളമെന്ന് പറയുന്നത് പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കുന്നത് വഴി അവര്‍ സ്വായത്തമാക്കിയ ജൈവികതയാണ്. മഞ്ഞുമൂടിയ മലനിരകളുടെ താഴ് വരയില്‍ മേഞ്ഞു നടക്കുന്ന യാക്കുകളാണ് ലൂനാനയിലെ ജീവിതം രൂപപ്പെടുത്തുന്നത്. അതുകൊണ്ട് യാക്കുകള്‍ അവരുടെ പ്രകൃതിയും സംസ്‌കാരവുമാണ്. ലുലാനയിലെ ക്ലാസ് മുറിയില്‍ ഒരു യാക്കിനെ കെട്ടിയിരിക്കുന്നത് കണ്ട് ഊഗിന്‍ ആദ്യം അത്ഭുതപ്പെടുന്നുണ്ട്. കാരണം നമ്മുടെ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും പ്രകൃതിയെ കെട്ടിയിടാനുള്ള ഒരിടം നമ്മള്‍ കണ്ടെത്തിയിട്ടില്ല. പ്രകൃതിയിലൂടെ പഠിക്കുക എന്നതിനൊപ്പം പ്രകൃതിക്ക് വേണ്ടി പഠിക്കുക എന്നതിനും പ്രാധാന്യം ലഭിച്ചിട്ടില്ല.

പ്രകൃതിയില്ലാ രോഗം (nature defeceit disease) കുട്ടികളില്‍ ഭീതികരമാം വിധം കൂടി വരുന്നതിനെക്കുറിച്ച് അതേ സമയം ആശങ്കപ്പെടുകയും ചെയ്യുന്നു. ഊഗിന്‍ എന്ന ചെറുപ്പക്കാരനെ ലുനാന അങ്ങനെയാണ് അധ്യാപകനായി പരിവര്‍ത്തിപ്പിക്കുന്നത്. ലുനാനയിലെ സാധാരണക്കാരായ മനുഷ്യരും അവരുടെ പ്രകൃതിയും അവരുടെ സംസ്‌കാരവും അവര്‍ക്ക് വേണ്ടുന്ന ഒരു അധ്യാപകനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അധ്യാപകന്‍ ജനങ്ങളുടെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ ജീവിതത്തിനകത്ത് പ്രവര്‍ത്തിക്കുന്നയാളാകണമെന്നും പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും മിടിപ്പും തുടിപ്പും ക്ലാസ് മുറിയില്‍ അനുഭവപ്പെടുമ്പോഴാണ് കുട്ടികള്‍ പഠിക്കുന്നതെന്നുമാണ് ലുനാന എ യാക് ഇന്‍ ദ ക്ലാസ് റൂം എന്ന ഭൂട്ടാന്‍ സിനിമ ഊഗിന്‍ എന്ന അധ്യാപകന്റെ ജീവിതത്തിലൂടെ അടിവരയിടാന്‍ ശ്രമിക്കുന്നത്.
ചിലര്‍ ജന്മനാ അധ്യാപകരാണ്. പ്രത്യേക പരിശീലനവും പഠനവുമൊന്നും ലഭിച്ചില്ലെങ്കിലും അധ്യാപന കലയുടെ നൈസര്‍ഗികതയും സൃഷ്ടിപരതയും മാനുഷികതയുമെല്ലാം ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നവര്‍. 1999 ല്‍ പുറത്തിറങ്ങിയ നോട്ട് വണ്‍ ലെസ് എന്ന ചൈനീസ് ചിത്രത്തിലെ പതിമൂന്നു വയസ്സുകാരിയായ നാടന്‍ പെണ്‍കുട്ടി വെയ്മിന്‍ ഷി അങ്ങനെയൊരാളാണ്. അമ്മയ്ക്ക് അസുഖമായതിനാല്‍ സ്വന്തം നാട്ടിലേക്ക് പോകേണ്ടിവരുന്ന അധ്യാപകന്‍ താന്‍ തിരിച്ചു വരുന്നതുവരെ തന്റെ ക്ലാസിലെ കുട്ടികളെ നോക്കാന്‍ വെയ്മിന്‍ഷിയെ ഏല്‍പ്പിക്കുന്നു. ഒരു കുട്ടി പോലും ക്ലാസില്‍ നിന്നും കൊഴിഞ്ഞു പോകരുതെന്ന ഒറ്റ ഉപാധി മാത്രമേ അയാള്‍ അവള്‍ക്കു മുന്നില്‍ വെക്കുന്നുള്ളൂ. ബഹളക്കാരായ കുട്ടികളെ നിയന്ത്രിക്കാന്‍ ക്ലാസ് മുറി പുറത്തുനിന്നും പൂട്ടി വാതില്‍പ്പടിയില്‍ വന്നിരിക്കാന്‍ മാത്രമറിയാവുന്ന അവള്‍ക്ക് അധ്യാപനത്തിന്റെ ബാലപാഠങ്ങളെക്കുറിച്ചൊന്നും ഒട്ടും ധാരണയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു കൂട്ടിയെ സ്‌കൂളില്‍ നിന്നും കാണാതാവുന്നത്. അവന്‍ പട്ടണത്തിലലഞ്ഞുതിരിയുന്നുണ്ടെന്നും ഭക്ഷണത്തിന് ഭിക്ഷ യാചിക്കേണ്ടുന്ന അവസ്ഥയാണെന്നും മനസ്സിലാക്കുന്ന അവള്‍ എങ്ങനെയെങ്കിലും അവനെ തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യമേറ്റെടുക്കുകയാണ്. പട്ടണത്തിലേക്കുള്ള ബസ് ടിക്കറ്റിന് 30 യുവാന്‍ ആവശ്യമാണ്. ദാരിദ്ര്യവും പട്ടിണിയും ജീവനൂറ്റിയെടുത്ത ആ ഗ്രാമത്തില്‍ മുപ്പത് യുവാന്‍ ഉണ്ടാക്കുക എളുപ്പമുള്ള കാര്യമല്ല. 30 യുവാന്‍ എങ്ങനെ ഉണ്ടാക്കും എന്നതാണ് തന്റെ കുട്ടികള്‍ക്ക് മുന്നില്‍ അവള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പഠനപ്രശ്‌നം.

30 യുവാന്‍ ഉണ്ടാക്കുന്നതിന് തൊട്ടടുത്ത ഇഷ്ടികക്കളത്തില്‍ പോയി ഓരോരുത്തരും ഇഷ്ടിക ചുമക്കുകയാണെങ്കില്‍ ഒരാള്‍ എത്ര ഇഷ്ടികള്‍ വീതം ചുമക്കണം എന്നതാണ് വെയ്മിന്‍ ഷി എന്ന അധ്യാപിക കുട്ടികള്‍ക്ക് നല്‍കുന്ന ആദ്യത്തെ ഗണിതപ്രശ്‌നം. കുട്ടികളുടെ ജീവിതവുമായും ആവശ്യവുമായും ബന്ധപ്പെടുത്തി അവള്‍ അവതരിപ്പിക്കുന്ന കണക്ക് ഒരു കുട്ടിക്കു പോലും ഏറ്റെടുക്കാതിരിക്കാന്‍ കഴിയുന്നില്ല. അധ്യാപനത്തിന്റെ അടിസ്ഥാന പാഠങ്ങളെക്കുറിച്ച് തികച്ചും അജ്ഞയായ ഒരു പതിമൂന്നുകാരി പെണ്‍കുട്ടി തന്റെ കുട്ടികളോടുള്ള സ്‌നേഹവും കരുതലും മാത്രം കൈമുതലാക്കി ഒരു "ഐഡിയല്‍ ടീച്ചറായി ' പരിണമിക്കുകയാണ്. കുട്ടികളോടുള്ള എമ്പതിയുടേയും പ്രതിബദ്ധതയുടേയും പര്യായമാണ് അധ്യാപിക എന്നും അത് കേവലം അക്കാദമിക പഠനത്തിലൂടെയും പരിശീലനത്തിലൂടെയും ആര്‍ജ്ജിക്കുന്ന ബിരുദത്തിന്റെ പേരല്ലെന്നും 1999 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരത്തിനൊപ്പം യൂണിസെഫിന്റെ പ്രത്യേക പുരസ്‌കാരവും നേടിയ നോട്ട് വണ്‍ ലെസ് എന്ന ചിത്രത്തിലെ പതിമൂന്നുകാരി വെയ്മിന്‍ഷി ഓര്‍മിപ്പിക്കുന്നു.
ഈ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നയാളെയാണ് ടീച്ചര്‍ എന്ന് വിളിക്കുന്നതെന്നും ആ അത്ഭുതം എന്നു പറയുന്നത് വ്യക്തിയെ മനുഷ്യന്‍ ആക്കി മാറ്റുകയാണെന്നും മുസിസെ എന്ന ടര്‍ക്കിഷ് സിനിമയിലെ മാഹിര്‍ എന്ന അധ്യാപകന്റെ ജീവിതം വ്യക്തമാക്കുന്നു. മുസിസെ എന്ന പേര്‍ഷ്യന്‍ പദത്തിന് മിറാക്കിള്‍ അഥവാ അത്ഭുതം എന്നാണ് അര്‍ഥം. ഒരു അധ്യാപകന്റെ വരവ് ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങളാണ് 2015 ല്‍ റിലീസ് ചെയ്ത ഈ ടര്‍ക്കിഷ് സിനിമയുടെ പ്രമേയം. മാഹിര്‍ എന്ന അധ്യാപകന് ടര്‍ക്കിയിലെ വളരെ വിദൂരമായ ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. ദിവസങ്ങളോളം യാത്ര ചെയ്ത് അവിടെയെത്തുമ്പോള്‍ വഴിയില്‍ കുറെ കൊള്ളക്കാര്‍ തടഞ്ഞു നിര്‍ത്തുന്നു. അവര്‍ അയാളെ വളയുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വളരെ പേടിച്ചിട്ടാണെങ്കിലും ഞാന്‍ ഒരു അധ്യാപകനാണ് എന്നയാള്‍ക്ക് പറയാന്‍ കഴിയുന്നുണ്ട്. ആ മറുപടി കേട്ട ഉടനെ തോക്കു ചൂണ്ടിയ കൈകളല്ലാം താഴുകയും തോക്കുകള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. ടീച്ചര്‍ എന്ന വാക്കിന് തോക്കിനേക്കാള്‍ ശക്തിയുണ്ട്. തോക്കിനെക്കാള്‍ ശക്തമാണ് ടീച്ചറുടെ കൈയിലുള്ള ആയുധം. അതുകൊണ്ടാണ് ആ അധ്യാപകനു മുന്നില്‍ ഗ്രാമത്തിലെ അപരിഷ്‌കൃതമായ നിയമങ്ങളെല്ലാം വഴി മാറുന്നത്. പെണ്‍കുട്ടികള്‍ക്ക് പഠനം നിഷിദ്ധമായിരുന്ന ആ നാട്ടില്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്ക് ഒപ്പം ക്ലാസിലിരുത്തി അയാള്‍ പഠിപ്പിക്കുന്നുണ്ട്. നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത, കുതിരയെ മേയ്ച്ചു നടക്കുന്ന , ഓട്ടിസം ബാധിച്ച അസീസ് എന്ന യുവാവിനെയാണ് പിന്നീട് അയാള്‍ ക്ലാസിലിരുത്തി പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. അസീസിന് ശരിക്കും നിവര്‍ന്നു നില്‍ക്കാനോ സംസാരിക്കാനോ പോലുമാകില്ല. ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ പോലുമറിയില്ല. അങ്ങനെയുള്ള അസീസ് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ആ നാട്ടില്‍ത്തന്നെ അത്ഭുതങ്ങള്‍ സംഭവിക്കുന്നു. അധ്യാപകന്‍ അവനെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതോടെ കൂട്ടുകാരും നാട്ടുകാരും അവനെ പരിധിയില്ലാതെ സ്‌നേഹിക്കുവാന്‍ തുടങ്ങുന്നു.. അവന്‍ സംസാരിക്കാനും നിവര്‍ന്നു നില്‍ക്കാനും പഠിക്കുന്നു. ഒരു നാടിന്റെ മനോഭാവമാകെ മാറിമറിയുന്നു. എല്ലാത്തരം സാമൂഹ്യവിവേചനങ്ങളേയും അതിനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നിയമങ്ങളേയും ഒരു അധ്യാപകനെ മുന്‍ നിര്‍ത്തി മറികടക്കാന്‍ ആ ഗ്രാമം തയാറാകുന്നു എന്നതാണ് ഏറ്റവും പ്രധാനം. മൃഗതുല്യമായ ജീവിതം നയിക്കുന്ന അസീസിനെ മനുഷ്യനിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നത്. അത് ആരും അയാളോട് ആവശ്യപ്പെട്ടിട്ടോ അപേക്ഷിച്ചിട്ടോ ഒന്നുമല്ല. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താണെന്നും അത് ആര്‍ക്കുവേണ്ടിയാണെന്നുമുള്ള ബോധ്യം അയാളില്‍ ഉറച്ചിട്ടുള്ളതു കൊണ്ടാണ്. അധ്യാപകര്‍ ഇതുപോലെ മനുഷ്യനെ രൂപപ്പെടുത്തുന്നവരാണ്. മാനവികതയുടെ സൃഷ്ടാക്കളാണ്. ഒരു അധ്യാപകന്റെ സ്വാധീനം ക്ലാസ് മുറിയില്‍ മാത്രമല്ലെന്നും അത് പരിധിയില്ലാത്തതും അനന്തവുമാണെന്ന
(a teacher affects eternity) എച്ച് ബി ആഡംസിന്റെ വരികള്‍ ഓര്‍മപ്പെടുത്തുന്നുണ്ട് മുസിസെയിലെ അധ്യാപകന്‍.
പതിവ് അധ്യാപക കഥാപാത്രങ്ങളില്‍ നിന്നും വിഭിന്നനാണ് 2008 ലെ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ പാംദി ഓര്‍ പുരസ്‌കാരം നേടിയ ക്ലാസ് എന്ന ഫ്രഞ്ചു സിനിമയിലെ ഫ്രാന്‍സ്വാ മാരിന്‍. തികഞ്ഞ ജനാധിപത്യവാദിയായിട്ടും അധ്യാപനത്തില്‍ അങ്ങേയറ്റം ആത്മാര്‍ഥതയുള്ളയാളായിട്ടും അയാള്‍ തന്റെ കുട്ടികള്‍ക്കു മുന്നില്‍ പരാജയപ്പെടുകയും ഈ ക്ലാസില്‍ നിന്ന് ഞാനൊന്നും പഠിച്ചിട്ടില്ലെന്ന വിദ്യാര്‍ഥിയുടെ വാക്കുകള്‍ക്ക് മുന്നില്‍ പതറിപ്പോകുകയും ചെയ്യുകയാണ്. അധ്യാപകന്റെ തോല്‍വിയെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയും കേവലമൊരു ക്ലാസ് മുറി എന്നത് യഥാര്‍ഥത്തില്‍ രാഷ്ട്ര സങ്കല്‍പ്പത്തെ മുന്‍ നിര്‍ത്തി വിചാരണ ചെയ്യുവാനുമാണ് സിനിമ ശ്രമിക്കുന്നത്. ബോധന രീതിയെ കുറിച്ചും സംവാദാത്മക പഠന പ്രവര്‍ത്തനങ്ങളുടെ പ്രായോഗികതയെ കുറിച്ചും അവ ജനാധിപത്യപരമായി ക്ലാസ് മുറിയില്‍ വിനിമയം ചെയ്യേണ്ടതിനെക്കുറിച്ചും പൂര്‍ണ്ണ ബോധ്യമുള്ളയാളാണ് ഫ്രാന്‍സ്വാ മാരിന്‍. പക്ഷേ അയാള്‍ ക്ലാസ് മുറിയില്‍ കുട്ടികളാല്‍ വിചാരണപ്പെടുകയും സ്വയം വിചാരണയ്ക്ക് വിധേയനാകുകയും ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ ഫാന്‍സ്വാ മാരിന്‍ പരാജയപ്പെടുന്ന ഒരു അധ്യാപകന്റെ പ്രതിനിധിയാണ്. അധ്യാപകര്‍ ക്ലാസില്‍ പരാജയപ്പെട്ടുന്നത് കേവലമൊരു വിദ്യാഭ്യാസ പ്രശ്‌നമല്ല. അത് രാഷ്ട്രീയവും സംസ്‌കാരവും ആയ വിഷയമാണ്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത സാംസ്‌കാരികതയെ പ്രതിനിധീകരിക്കുന്ന, വിഭിന്ന ദേശീയതയെ പ്രതിനിധീകരിക്കുന്ന കുട്ടികള്‍ ഒരു ക്ലാസിലിരുന്ന് ഏകശിലാത്മകമായ ഒരു പാഠ്യപദ്ധതിയിലൂടെ കടന്നുപോകുമ്പോഴുള്ള സാംസ്‌കാരിക പ്രതിസന്ധിയാണ് അധ്യാപകനെ ക്ലാസില്‍ റദ്ദു ചെയ്യുന്നത്. അതുകൊണ്ട് ഫ്രാന്‍സ്വാ മാരിന്‍ ഒരു രാഷ്ട്രീയ ചോദ്യചിഹ്നം കൂടിയാണ്. മതാത്മകമായ ദേശീയതാ സങ്കല്‍പ്പവും അത് സൃഷ്ടിക്കുന്ന സാംസ്‌കാരിക അധിനിവേശവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസ പ്രത്യയശാസ്ത്രത്തെ കീഴ്‌മേല്‍ മറിക്കുകയും അധിനിവേശ രാഷ്ട്രീയത്തിന്റെ പാഠ്യ പദ്ധതി അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ക്ലാസ് മുറിയില്‍ അധ്യാപകന്‍ അപ്രസക്തതമാവുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിന്റെ രാഷ്ടീയമാണ് ഫ്രാന്‍സ്വാ മാരിന്‍ എന്ന അധ്യാപകന്‍ വെളിപ്പെടുത്തുന്നത്.
A man who reviews the old so as to find out the new is qualified to teach others എന്നത് കണ്‍ഫ്യൂഷസിന്റെ പഴയൊരു വചനമാണെങ്കിലും ഇന്നത് ഒട്ടും അപ്രസക്തമാകുന്നില്ല. പുതിയത് കണ്ടെത്തുകയാണ് ടീച്ചറെ സംബന്ധിച്ച് എക്കാലത്തും പ്രധാനമായിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വ്യത്യസ്ത കാലങ്ങളില്‍, വ്യത്യസ്ത ഭാഷകളിലുണ്ടായ ഈ സിനിമകളിലെ അധ്യാപക കഥാപാത്രങ്ങള്‍ പരിവര്‍ത്തനത്തിന്റെയും പുതുമയുടെയും വക്താക്കളാണ്. പഴയതും വ്യവസ്ഥാപിതവുമായ വിദ്യാഭ്യാസ സംവിധാനങ്ങളേയും കാലഹരണപ്പെട്ട വിദ്യാഭ്യാസ ദര്‍ശനങ്ങളേയും ബോധനരീതികളേയും ഈ അധ്യാപകര്‍ ചോദ്യം ചെയ്യുന്നുണ്ട്. സാമ്പ്രദായികമായ അധ്യാപക വിദ്യാര്‍ഥി ബന്ധങ്ങളില്‍ ഇവര്‍ക്ക് വിശ്വാസമില്ല. വിദ്യാഭ്യാസത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ അടരുകളെ തുറന്നു കാട്ടുന്നതിനൊപ്പം ടീച്ചര്‍ എന്ന പദം രാഷ്ട്രീയമായി അടയാളപ്പെടുന്നതെങ്ങനെയെന്നതിന്റെ പ്രാദേശിക , സാമൂഹികപാഠങ്ങളാകുകയും ചെയ്യുന്നുണ്ടവര്‍. പരിസ്ഥിതി, വര്‍ഗം, ദേശം, ജെന്‍ഡര്‍ തുടങ്ങിയ സമകാലീന അനുഭവ പരിസരങ്ങളെ മാനവികതയുടെ പക്ഷത്തു നിന്നുകൊണ്ട് വ്യാഖ്യാനിക്കുവാനും പാരമ്പര്യത്തിന്റെയും വിവേചനത്തിന്റെയും വഴക്കമില്ലാത്ത പാഠങ്ങളെ അപ്പാടെ തിരുത്തി വിമോചനത്തിന്റെ ജൈവപാഠങ്ങളെ പകരം രചിക്കുവാനും ഇവര്‍ ബദ്ധശ്രദ്ധരാകുന്നുണ്ട്. ഇവരുടെ ക്ലാസ് മുറികളില്‍ സമയ മണികള്‍ മുഴങ്ങുന്നില്ല. ലോകമെമ്പാടുമുള്ള തലമുറകളെ ഇവര്‍ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസ രംഗത്തെ കാലികവും അടിസ്ഥാനപരവുമായ പരിവര്‍ത്തനങ്ങളിലേക്കും പരിഷ്‌ക്കരണങ്ങളിലേക്കും സിനിമ എന്ന മാധ്യമം അതിശക്തമായി വിരല്‍ ചൂണ്ടുന്നത് അനശ്വരരായ ഈ അധ്യാപക പ്രതിഭകളിലൂടെയാണ്.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch