മതതീവ്രവാദത്തിനിരയായ ആദ്യ മലയാള കവി; കെ.സി ഫ്രാൻസിസിന്റെ ജീവിത കഥ

Think

കെ.സി. ഫ്രാൻസിസ്, മലയാളകവിതയുടെ ചരിത്രം വിട്ടു കളഞ്ഞ പേരാണ്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പർ ബോയ് യുടെ ഗാന രചയിതാവ് കൂടിയാണ് (കെ.സി. പൂങ്കുന്നം) അദ്ദേഹം.
ഒരു കാലത്ത്, കൃത്യമായി പറഞ്ഞാൽ 1940 മുതൽ 1960 വരെയുള്ള കാലത്ത് മലയാള കവിതാ ലോകത്ത് ശ്രദ്ധേയനായിരുന്നു കെ.സി. ഫ്രാൻസിസ്. അക്കാലത്തെ മുൻനിര മുഖ്യധാരാ മാസികകളിലൊക്കെ കവിതകളെഴുതിയിരുന്നയാൾ. കേരള സാഹിത്യ അക്കാദമി 2018 ൽ കെ.സി. ഫ്രാൻസിസിന്റെ തെരഞ്ഞെടുത്ത കവിതകൾ "പുതിയ മനുഷ്യൻ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിന്റെ അവതാരികയിൽ കവി പി.രാമൻ എഴുതുന്നു: "തീർത്തും ചലനാത്മകമായ ഒരു കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവകവിയായി അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണ് കെ.സി. ഫ്രാൻസിസ്. എന്നാൽ എഴുത്തിൽ തിളങ്ങി വന്ന കാലത്ത് അദ്ദേഹം പെട്ടെന്ന് നിശ്ശബ്ദനായിത്തീരുകയും ചെയ്തു. കവിതയുടെ പേരിൽ ഉയർന്ന വിവാദങ്ങളാണ് അദ്ദേഹത്തെ നിശ്ശബ്ദനാക്കിയത്. മതതീവ്രവാദത്തിന് ഇരയായ ആദ്യത്തെ മലയാള കവിയാണ് കെ.സി. ഫ്രാൻസിസ്. ഐക്യകേരളം രൂപംകൊണ്ട കാലത്തെ സന്ദിഗ്ദ്ധതകളും ഉത്കണ്ഠകളും ആവിഷ്‌കരിച്ച ഈ കവി അച്ചടി മാധ്യമങ്ങളിൽ നിന്നും പിൻമാറിയതോടെ അവഗണനയുടെ ഇരുട്ടിൽ പൊലിഞ്ഞു പോവുകയും ചെയ്തു. കവിത കൊണ്ടു മുറിവേറ്റ മനുഷ്യനായിരുന്നു അദ്ദേഹം '

കെ.സി. ഫ്രാൻസിസിന്റെ എഴുത്തു ജീവിതത്തെയും വ്യക്തി ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് മകൻ ഫേവർ ഫ്രാൻസിസും സഹോദരൻ കെ.സി. ജോസും. എഴുതാതെ ജീവിക്കാൻ കഴിയാതിരുന്ന ഒരു മനുഷ്യന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത കഥയാണത്. സ്വന്തമായി മാസിക പുറത്തിറക്കിയിരുന്ന പത്രാധിപർ, വർഗ്ഗീസിനെക്കുറിച്ച് കവിതയെഴുതിയിട്ടുള്ള, ആൾദൈവങ്ങളെ നിശിതമായി വിമർശിച്ച് കവിതയെഴുതിയിട്ടുള്ള ഒരാൾ. ജീവിച്ചിരുന്ന കാലത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളെ എഴുത്തിൽ പ്രതിഫലിപ്പിച്ചിരുന്ന ജാഗ്രതയുള്ള എഴുത്തുകാരൻ. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതിയിരുന്നയാൾ.
മലയാളം ബോധപൂർവ്വം മറന്നു പോയ ഒരു എഴുത്തുകാരന്റെ തിരസ്‌കാരങ്ങൾക്കു പിറകിൽ മാനവിക ബോധ്യങ്ങളാൽ അയാൾ എഴുതി വെച്ച വരികൾ തന്നെയാണുള്ളത്. മുഖ്യധാരയുടെ സവർണ ബോധങ്ങൾക്ക് കെ.സി. ഫ്രാൻസിസിനെ ഉൾക്കൊള്ളാൻ കഴിയാതെ പോയി എന്നു വേണം വായിക്കാൻ.

മൂസക്കുട്ടിയുടെ ചിരി, കെ.സി. ഫ്രാൻസിസിന്റെ കവിത

Comments