truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 01 July 2022

truecoppy
Truecopy Logo
Readers are Thinkers

Friday, 01 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Filippo Osella

Opinion

എന്നെ തിരിച്ചയച്ചത് കേരളമല്ല
കേന്ദ്രമാണെന്നറിഞ്ഞപ്പോള്‍
ആശ്വാസം തോന്നി

എന്നെ തിരിച്ചയച്ചത് കേരളമല്ല കേന്ദ്രമാണെന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി

യു.കെയില്‍ നിന്ന് കേരളത്തിലെത്തി, കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ മൂലം അതേ ഫ്‌ളൈറ്റില്‍ ലണ്ടനിലേക്ക് തിരിക്കേണ്ടി വന്ന പ്രശസ്ത ആന്ത്രപോളജിസ്റ്റ് ഫിലിപ്പോ ഒസെല്ല, ഹീത്രോ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള ബസ്സിലിരുന്ന് തയാറാക്കിയ ഇ-മെയില്‍ സ്റ്റേറ്റ്‌മെന്റിലൂടെ താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചും കേരളമായുള്ള തന്‍റെ ഊഷ്മള ബന്ധത്തെക്കുറിച്ചും വിവരിക്കുന്നു.

27 Mar 2022, 10:28 AM

ഫിലിപോ ഒസെല്ല

യു.കെയ്ക്കും കേരളത്തിനും ഇടയിലുള്ള നിരവധി പ്ലെയിനുകളില്‍ ദീര്‍ഘമായ 36 മണിക്കൂറിലധികം ചെലവഴിച്ചതിന് ശേഷം, അവസാനം ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ നിന്ന് എന്റെ വീട്ടിലേക്കുള്ള ബസ്സില്‍ ഇരിക്കുമ്പോഴാണ് ഞാന്‍ ഈ പ്രസ്താവന എഴുതുന്നത്. ഇന്ന് (മാര്‍ച്ച് 24, വ്യാഴാഴ്ച) പുലര്‍ച്ചെ 3 മണിക്കാണ് ലണ്ടനില്‍ നിന്ന് ദുബൈ വഴി വന്ന എമിറേറ്റ്സ് ഫ്ളൈറ്റില്‍ ഞാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. എത്തിയതിന് ശേഷം, ഒരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ എന്നോട് ഇമിഗ്രേഷന്‍ ഡെസ്‌കിലേക്ക് അദ്ദേഹത്തെ പിന്തുടരാന്‍ പറഞ്ഞു. ഇത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കേരളത്തിലേക്ക് ഞാന്‍ 2021 സെപ്റ്റംബറില്‍ വന്നപ്പോഴും യുകെയില്‍ നിന്നുള്ള ഫ്ളൈറ്റില്‍ യാത്ര തുടങ്ങിയവര്‍ക്ക് പ്രത്യേകമായി പിസിആര്‍ പരിശോധനയിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു. ഇപ്രാവശ്യം എന്നെ ഇമിഗ്രേഷന്‍ ബൂത്തിലേക്ക് എത്തിച്ചതിന് ശേഷം എന്റെ പാസ്പോര്‍ട്ടും വിസയും അവര്‍ പരിശോധിച്ചു, ഫോട്ടോയും വിരലടയാളവും എടുത്തു. ഇവയെല്ലാം സാധാരണഗതിയിലുള്ള ഇമിഗ്രേഷന്‍ പരിശോധനകള്‍ തന്നെയായിരുന്നു. പക്ഷേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം, ഒരു ഇമിഗ്രേഷന്‍ സൂപ്പര്‍വൈസര്‍ വളരെ കര്‍ക്കശമായ വാക്കുകളില്‍ എന്നെ അറിയിച്ചത് കേരളത്തിലേക്ക് എനിക്ക് പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്നാണ്. എത്രയും വേഗം എന്നെ ലണ്ടനിലേക്ക് തന്നെ തിരിച്ചയക്കുമെന്നും ആ ഉദ്യോഗസ്ഥന്‍ എന്നെ അറിയിച്ചു.

തീര്‍ച്ചയായും, ഇത് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഒരു കാര്യമായിരുന്നു, ഞാന്‍ എത്തുന്നതിന് മുന്നെ തന്നെ ഈ തീരുമാനം എടുത്തുകഴിഞ്ഞിട്ടുണ്ടായിരുന്നു. കാരണം, ഞാന്‍ വന്ന വിമാനത്തിലേക്ക് തന്നെ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എമിറേറ്റ്സിന്റെ ഒരു ഉദ്യോസ്ഥനും അവിടെ അപ്പോഴേക്കും എത്തിയിട്ടുണ്ടായിരുന്നു. ഞാനാകെ സ്തബ്ധനായിപ്പോയി, കാരണം എന്റെ കൈയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ച റിസേര്‍ച്ച് വിസ ഉണ്ടായിരുന്നു. മാത്രവുമല്ല, എന്നെ തിരിച്ചയക്കുന്നതിനുള്ള കാരണമെന്താണെന്ന് ഇമിഗ്രേഷന്‍ സൂപ്പര്‍വൈസറോടും ഉദ്യോഗസ്ഥരോടും ഞാന്‍ ചോദിച്ചപ്പോള്‍, അവരതിന് ഒരു വിശദീകരണവും തരാന്‍ തയ്യാറായില്ല. ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്നും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ സംസാരിക്കാനോ കഴിയില്ലെന്നും ഒന്നുരണ്ട് പ്രാവശ്യം ആവര്‍ത്തിച്ചുപറഞ്ഞതല്ലാതെ, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഇതില്‍ വിശദീകരണം ചോദിക്കാനോ അല്ലെങ്കില്‍ അക്കാദമിക് മേഖലയിലെ എന്റെ പദവി വെച്ച് എനിക്കുവേണ്ടി വാദിക്കാനോ പറ്റുന്ന, കേരളത്തിലെയോ ഇന്ത്യയിലെയോ എന്റെ സുഹൃത്തുക്കളെ ബന്ധപ്പെടാനുള്ള അവസരം പോലും അവരെനിക്ക് തന്നില്ല. 30 വര്‍ഷത്തിലധികമായി ഇന്ത്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന, അക്കാദമിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് ഞാന്‍ പറഞ്ഞതിന് ശേഷവും, വളരെ മര്യാദകെട്ട, പ്രൊഫഷണല്‍ അല്ലാത്ത രീതിയിലാണ് ഇമിഗ്രേഷന്‍ ഉദ്രോഗസ്ഥര്‍ എന്നോട് പെരുമാറിയത്. കൂടാതെ, ദുബായിലേക്കുള്ള ഫ്ളൈറ്റിലേക്ക് എന്നെ കൊണ്ടുപോകുന്നതിന് മുമ്പ്, രക്തസമ്മര്‍ദ്ദത്തിനായുള്ള മരുന്ന് കഴിക്കാനായി എന്റെ ബാഗുകള്‍ തരാനായി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നല്‍കിയ മറുപടി, മിണ്ടാതിരുന്നില്ലെങ്കില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇടപെടുമെന്നായിരുന്നു. എത്രയും പെട്ടെന്ന്, വളരെ രഹസ്യമായി തന്നെ എന്നെ ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ആവശ്യം.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

മറ്റെന്തെങ്കിലും സംസാരം ഉണ്ടാകുന്നതിന് മുന്നെ തന്നെ അവരെന്നെ ഒരു വിമാനത്തിലേക്ക് കയറ്റി, നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
എന്തുകൊണ്ടാണ് എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതെന്നും തിരിച്ചയക്കപ്പെട്ടതെന്നും എനിക്കറിയില്ല. അതുകൊണ്ട് സാധ്യതയുള്ള കാരണങ്ങളെക്കുറിച്ച് ചിന്തിക്കുവാനേ എനിക്ക് കഴിയുകയുള്ളൂ. ഏപ്രില്‍ 7ന് ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകാനായിരുന്നു എന്റെ പദ്ധതി. എന്റെ ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി റിസേര്‍ച്ച് വിസയുടെ കാലാവധി കഴിയുന്നതിനും മുന്നെയാണ് അത്. തീര്‍ച്ചയായും ഈ സംഭവങ്ങള്‍ എന്റെ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കാരണമല്ല. നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തവര്‍ക്കുവേണ്ടി പറയട്ടെ, ഇന്ത്യയിലേക്കുള്ള ഒരു റിസേര്‍ച്ച് വിസക്കായി അപേക്ഷിക്കുകയാണെങ്കില്‍, പൂര്‍ണ്ണമായ പ്രൊജക്ട് പ്രൊപ്പോസല്‍ മുതല്‍ ഗവേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും അതിനുവേണ്ടി നടത്തുന്ന പ്രായോഗിക സജ്ജീകരണങ്ങളെക്കുറിച്ചും, ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള അംഗീകാരവും പിന്തുണയും വെളിപ്പെടുത്തുന്ന കത്തുകളും അടങ്ങുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടത് ആവശ്യമായുണ്ട്.

അപേക്ഷിക്കുന്നയാളുടെ പാസ്പോര്‍ട്ടിന്റെ കൂടെ ഈ രേഖകളും ഇന്ത്യയുടെ ഹൈ കമ്മീഷനിലേക്കോ അല്ലെങ്കില്‍ കൗണ്‍സുലേറ്റിലേക്കോ അയക്കുകയും, ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരിന്റെ വകുപ്പുകള്‍ ഇതില്‍ സൂക്ഷ്മപരിശോധനയും വിലയിരുത്തലകളും നടത്തുകയും ചെയ്യും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണങ്ങളും നയങ്ങളുമായി അപേക്ഷിച്ചയാളും അയാള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഗവേഷണവും മുഴുവനായും ഒത്തുപോകുന്നുണ്ടെങ്കില്‍ മാത്രമാണ് റിസേര്‍ച്ച് വിസകള്‍ അനുവദിക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, എന്റെ പാസ്പോര്‍ട്ടിന്റെ കൂടെയുള്ള റിസേര്‍ച്ച് വിസ കണ്ടാല്‍ തന്നെ എന്റെ ഇന്ത്യാ സന്ദര്‍ശനം നിയമവിധേയമാണെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടിയാണെന്നും ഏതൊരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനും ബോധ്യം വരേണ്ടതാണ്. മതിയായ കാരണങ്ങളില്ലാതെ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നാണെങ്കില്‍, റിസേര്‍ച്ച് വിസകള്‍ അനുവദിക്കുന്നതിലെ സാംഗത്യമെന്താണ്?
ഇപ്പോള്‍ എന്റെ സന്ദര്‍ശനത്തിന് കാരണമായ, തെക്കന്‍ കേരളത്തില്‍ ഞാന്‍ നടത്തുന്ന ഗവേഷണം ഒരു വിവാദമാകാനുള്ള സാധ്യത മുന്നില്‍കണ്ടതിനാലുമല്ല ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും എനിക്ക് ഉറപ്പാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടിയ ഒരു ഗവേഷണമാണിത് എന്ന് മാത്രമല്ല, നിരവധി ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെയും സര്‍ക്കാര്‍ ഏജന്‍സികളിലെയും ശാസ്ത്രജ്ഞരുമായി (ശാസ്ത്ര മേഖലയിലേയും, സാമൂഹിക ശാസ്ത്ര മേഖലയിലെയും) സഹകരിച്ചുകൊണ്ടുള്ള ഒന്നുകൂടിയാണ് ഇത്. ഇക്കണോമിക് ആന്റ് സോഷ്യല്‍ റിസേര്‍ച്ച് കൗണ്‍സില്‍ (യുകെ)യുടെ ഫണ്ടോടുകൂടി തെക്കന്‍ ഇന്ത്യയിലെ ചെറുകിട മീന്‍പിടുത്തക്കാരുടെ കടലിലെ സുരക്ഷ മെച്ചപ്പെടുത്തിക്കൊണ്ട്, അവരുടെ ഉപജീവനം കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിനായുള്ള കാര്യക്ഷമമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്നതാണ് ഈ മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണത്തിന്റെ ലക്ഷ്യം.

ALSO READ

ആന്ത്രപോളജിസ്റ്റ് ഫിലിപോ ഒസെല്ലയെ എന്തിന് തിരിച്ചയച്ചു?

കേരളത്തിന്റെ ദിവസേനയുള്ള ആഹാരക്രമത്തിലും സമ്പദ്ഘടനയിലും വളരെ പ്രധാനപ്പെട്ട പങ്കാണ് ചെറുകിട മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്നതെങ്കിലും സംസ്ഥാനത്തെ ഏറ്റവുമധികം അപകടകരമായ തൊഴില്‍മേഖലകളിലൊന്നാണ് ഇത്. കടലിലുണ്ടാകുന്ന അപകടത്തെ തുടര്‍ന്ന് 2015നും 2021നും ഇടയില്‍ ഓരോ 6 ദിവസവും ഒരു മത്സ്യത്തൊഴിലാളി വീതം മരണപ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഇന്‍ഷുറന്‍സ് തുകകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുക.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമായതും അപകടകരമായതിന്റെയും പശ്ചാത്തലത്തില്‍, ചെറുകിട മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും അവരുടെ ഉപജീവനം പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുമായി, പ്രാദേശികാടിസ്ഥാനത്തില്‍ തീരദേശങ്ങളിലെ കാലാവസ്ഥാ പ്രവചനം യഥാസമയത്തും കൃത്യതയോടെയും നടപ്പിലാക്കുന്നതിനായി രണ്ട് വര്‍ഷത്തോളമായി ഞങ്ങള്‍ പുതിയ ഉപകരണങ്ങള്‍ കണ്ടെത്തുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉപകരണങ്ങളുടെ പ്രയോജനവും പ്രായോഗികതയും മീന്‍പിടുത്തക്കാരുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഉറപ്പാക്കിയത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും ഗ്രാഫിക്സുകളും വിവരിക്കാനുള്ള പരിശീലനം അവര്‍ക്ക് ഞങ്ങള്‍ നല്‍കിയിരുന്നു. ഗവേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന്, ജേര്‍ണല്‍ ഓഫ് ദി അമേരിക്കന്‍ മെറ്റീയിറോളജിക്കല്‍ സൊസൈറ്റി അടക്കമുള്ള അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ്. എല്ലാ വിവരങ്ങളും അതിനെക്കുറിച്ചുള്ള വിലയിരുത്തലുകളും ഫലങ്ങളും കേരള സര്‍ക്കാരിനും, തീരദേശ സമൂഹത്തിനും, ബന്ധപ്പെട്ട സര്‍ക്കാര്‍- സര്‍ക്കാരേതര സ്ഥാപനങ്ങള്‍ക്കും ഞങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയ വിവാദത്തിനുള്ള വിഷയമേയല്ല, മറിച്ച്, കേരളത്തിലെ തീരദേശ സമൂഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള, ശക്തമായ അടിസ്ഥാനത്തിലുള്ള ഒരു ശാസ്ത്രീയ പഠനമാണ്. അതുപോലെതന്നെ, കേരളത്തിലെ ഈഴവ, മുസ്ലീം സമുദായങ്ങളുടെ പുരോഗതിക്ക് കാരണമായ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തെക്കുറിച്ച് ഞാന്‍ വര്‍ഷങ്ങളോളം നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോഴെനിക്കുണ്ടായ മോശപ്പെട്ട അനുഭവമെന്ന് കരുതാനും ഞാന്‍ തയ്യാറല്ല. ജെന്‍ഡറും മാസ്‌കുലിനിറ്റിയും മുതല്‍ മലയാള ഭക്ഷണവിഭവങ്ങളും ഫാഷനുകളും, സിനിമാ താരങ്ങളും അവരുടെ ഫാന്‍ ക്ലബുകളും അടക്കം (ഞാനിപ്പോഴും മമ്മൂട്ടിയുടെ വലിയൊരു ആരാധകനാണെന്ന് തുറന്നുപറയേണ്ടിയിരിക്കുന്നു) കേരളത്തിലെ ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളെക്കുറിച്ചും ഞാന്‍ ഗവേഷണത്തിന്റെ ഭാഗമായി അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ALSO READ

കുടുംബം, അധികാരം, ന്യൂറോസിസ്സ്​​​​​​; ​കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ

അതുകൊണ്ട് തന്നെ എന്നെ തിരിച്ചയക്കാനുള്ള കാരണം, എന്റെ കൈയ്യില്‍ ഒന്നുരണ്ട്, പഴയ പാകിസ്ഥാന്‍ വിസകള്‍ ഉണ്ടെന്നത് പോലെയുള്ളതാകാമെന്നാണ് ഞാന്‍ കരുതുന്നത്. സാധാരണഗതിയില്‍ ഞാനെന്റെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ കാണിക്കുമ്പോള്‍ അവരതിനെ ആശ്ചര്യത്തോടെയാണ് നോക്കാറുള്ളത്, പക്ഷേ ഇതുവരെ ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നത് തടയുന്ന ഒന്നായി അത് മാറിയിരുന്നില്ല. ഞാന്‍ ദക്ഷിണേഷ്യന്‍ മേഖലയെക്കുറിച്ച് പ്രത്യേകമായി ഗവേഷണം നടത്തുന്ന ഒരാളാണ്. യുകെയിലെ സസ്സക്സ് സര്‍വ്വകലാശാലയില്‍ ആന്ത്രോപ്പോളജി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ പ്രൊഫസറാണ്. മാത്രവുമല്ല, തെക്കന്‍ ഇന്ത്യയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുന്ന സമയത്ത് ശ്രീലങ്കയിലും പാകിസ്ഥാനിലും ചില ഗവേഷണങ്ങള്‍ നടത്തുകയും കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയുടെ നഗരങ്ങളില്‍ നടക്കുന്ന ചാരിറ്റികളെക്കുറിച്ചും ഗ്രാമീണ പാകിസ്ഥാനിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും ഞാന്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് ദി ഇക്കണോമിക് ആന്റ് റിസേര്‍ച്ച് കൗണ്‍സില്‍ (യുകെ)യും ബ്രിട്ടീഷ് കൗണ്‍സിലുമാണ് യഥാക്രമം ഫണ്ട് നല്‍കിയത്. പാകിസ്ഥാനിലേക്ക് ഗവേഷണാവശ്യങ്ങള്‍ക്കായി ഞാന്‍ നടത്താറുള്ള ചെറിയ യാത്രകളെ ഇന്ത്യന്‍ അധികാരികളില്‍ നിന്നും ഒളിച്ചുവെക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അക്കാദമിക സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ കൂടെ ഞാന്‍ അക്കാദമിക സത്യസന്ധതയിലും സുതാര്യതയിലും വിശ്വസിക്കുന്നു. അതിനാല്‍ ഓരോ തവണ ഞാന്‍ ഇന്ത്യയിലേക്കുള്ള റിസേര്‍ച്ച് വിസക്കായി അപേക്ഷിക്കുമ്പോഴും, പാകിസ്ഥാനിലേക്കും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും ഞാന്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും പറയാറുണ്ടായിരുന്നു (എന്റെ പാസ്പോര്‍ട്ടില്‍ പാകിസ്ഥാന്‍ വിസയുടെ സീല്‍ ഉണ്ടെങ്കിലും എനിക്ക് ഇന്ത്യയിലേക്ക് എല്ലായ്പ്പോഴും വിസ ലഭിക്കാറുണ്ടായിരുന്നു!). പാകിസ്ഥാന്‍ വിസയെക്കുറിച്ചുള്ള ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദങ്ങള്‍ക്ക് ഞാന്‍ വളരെ ലളിതമായ സത്യം അവരോട് പറയാറുമുണ്ടായിരുന്നു, ഞാന്‍ അക്കാദമിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും, പാകിസ്ഥാനിലേക്ക് പോയത് ഗവേഷണത്തിന്റെ ആവശ്യങ്ങള്‍ക്കാണെന്നും. അങ്ങേയറ്റം മുന്‍വിധിയോടെയും പുച്ഛത്തോടെയും മറ്റുള്ളവരെ കാണുന്നവര്‍ക്ക് മാത്രമേ ഇത് സത്യമല്ലെന്ന് തോന്നുകയുള്ളൂ. ദക്ഷിണേഷ്യന്‍ വിഷയങ്ങളില്‍ ഗവേഷണം നടത്തുവര്‍ വളരെ വിശാലമായ മേഖലയിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്, എന്നാല്‍ അതേസമയം വളരെ ദൃഢമായ ബന്ധങ്ങളുള്ള ഒരു അക്കാദമിക മേഖലയുമാണ്. ഞങ്ങള്‍ക്ക് പരസ്പരം വളരെ നന്നായറിയാം, വളരെ വിപുലമായ രീതിയില്‍ പരസ്പരം ഞങ്ങള്‍ സഹകരിക്കാറുണ്ട്, ഞങ്ങള്‍ തമ്മില്‍ വാദിച്ചേക്കാം, പരസ്പരം വിയോജിപ്പുകളുണ്ടായേക്കാം, എന്നാല്‍ വളരെ ആഴത്തില്‍ ഓരോരുത്തരും പരസ്പരം ബഹുമാനിക്കുന്നുണ്ട്. അതേസമയം, ലോകത്താകെയുള്ള അക്കാദമിക് വിഭാഗങ്ങളിലും ഏതെങ്കിലും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും ദക്ഷിണേഷ്യന്‍ അക്കാദമിക്കുകള്‍ വിദ്യാര്‍ത്ഥികളും, അവരുടെ ദേശീയത മാറ്റിവെച്ച് ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ആന്ത്രോപോളജിസ്റ്റ് എന്ന നിലയിലുള്ള എന്റെ അക്കാദമിക ജീവിതത്തില്‍, ദക്ഷിണേഷ്യയില്‍ എല്ലായിടത്തുനിന്നുമായി 40ലധികം വിദ്യാര്‍ത്ഥികളുടെ ഗവേഷണ വിഷയങ്ങളെ ഞാന്‍ വിലയിരുത്തുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ അറിവും വിമര്‍ശനാത്മക കഴിവുകളും വളര്‍ത്താന്‍ എന്റെ പരമാവധി ശ്രമിക്കുന്നതിന് ഒപ്പം തന്നെ അക്കാദമിക കാര്‍ക്കശ്യവും പരസ്പരധാരണയും സഹിഷ്ണുതയും പരിപോഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വ്യത്യസ്ത സമുദായങ്ങളില്‍പ്പെടുന്നവര്‍ തമ്മില്‍ പരസ്പരം ആഴത്തില്‍ അറിയുന്ന കേരളം പോലൊരു സംസ്ഥാനം, വര്‍ഗ്ഗീയമായ കലഹത്തിനും അക്രമങ്ങള്‍ക്കും വലിയ രീതിയില്‍ പ്രതിരോധം തീര്‍ത്ത പ്രദേശമായി തുടരുകയാണ്.

എന്നെ തിരിച്ചയച്ചുകൊണ്ടുള്ള ഓര്‍ഡര്‍ കൈയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ അങ്ങേയറ്റം സ്തബ്ധനും ദുഃഖിതനുമായിരുന്നു. അത് ഇന്ത്യയില്‍ ഭാവിയില്‍ നടത്താനിരിക്കുന്ന ഗവേഷണത്തിന് തടസ്സമാകുമെന്നതിനാലല്ല, വര്‍ഷങ്ങളായി കേരളം എന്റെ രണ്ടാം വീട് ആയി മാറിയതിനാലാണ്. ഞാന്‍ വളരെ ആഴത്തില്‍ സ്നേഹിക്കുന്ന ഒരു സംസ്‌കാരമുള്ള, എനിക്ക് വളരെയധികം സുഹൃത്തുക്കളുള്ള ഒരു നാടാണ് ഇത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചലനാത്മകവും സംസ്‌കാരസമ്പന്നവുമായ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിന്റെ വളരെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ മനസ്സിലാക്കാനുള്ള ഉത്സാഹം എനിക്കെന്നുമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ സാമൂഹികമായ സങ്കീര്‍ണതകളെക്കുറിച്ച് കരുതലും ബഹുമാനവുമുള്ള ഒരാളാണ് ഞാന്‍.

ALSO READ

കൂഴങ്കല്‍: സിനിമാ ഭൂപടത്തിലെ തെളിവെള്ളം

പലപ്പോഴും വലിയ പ്രതിസന്ധികള്‍ക്കെതിരെയും പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചും മലയാളികളുടെ ജീവിതവും അഭിലാഷങ്ങളും മെച്ചപ്പെടുത്താന്‍ വേണ്ടി തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ കൈക്കൊണ്ട പരിശ്രമങ്ങളെയും ഞാന്‍ ആരാധനയോടെയാണ് കാണുന്നത്. എന്നെ തിരിച്ചയച്ചുകൊണ്ടുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരമാണെന്നും കേരള സര്‍ക്കാരിന്റേതല്ലെന്നുമുള്ളത് അറിഞ്ഞപ്പോള്‍ എനിക്ക് വളരെ ആശ്വാസം തോന്നി. സംസ്ഥാനത്ത് 30 വര്‍ഷങ്ങളായി നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായി ഞാന്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ഇടപഴകിയിട്ടുണ്ട്. അവരെല്ലാം എന്നെ വളരെയധികം ബഹുമാനത്തോടെയും മഹാമനസ്‌കതയോടെയും കാണുന്നവരും, സംസ്ഥാനത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാനുള്ള എന്റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നു. ലണ്ടനില്‍ തിരിച്ചെത്തി എന്റെ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നൂറുകണക്കിന് മെയിലുകളും മെസ്സേജുകളുമാണ് ലോകത്താകെയുള്ള മലയാളികളില്‍ നിന്നും, ഇന്ത്യക്കാരായവരും അല്ലാത്തവരുമായ സഹപ്രവര്‍ത്തകരില്‍ നിന്നും എനിക്ക് കിട്ടിയത്. എന്നെ തിരിച്ചയച്ചുവെന്നതിലുള്ള അവരുടെ അവിശ്വസാവും ദുഃഖവും, അതിന്റെ കൂടെ അവരുടെ സ്നേഹപൂര്‍ണ്ണമായ വാക്കുകളിലൂടെയുള്ള പിന്തുണയും എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു. എന്റെ ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ഞാന്‍ അവര്‍ക്ക് നന്ദി പറയുകയാണ്. അതുപോലെതന്നെ സംഭവം വളരെ പെട്ടെന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായ ഇന്ത്യന്‍ വാര്‍ത്താമാദ്ധ്യമങ്ങളോടും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുകയാണ്.

കേരളത്തിലേക്കുള്ള എന്റെ അവസാനത്തെ സന്ദര്‍ശനമല്ല ഇതെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരും സര്‍വ്വകലാശാലകളും അവരുടെ ഗവേഷണ പരിശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള സഹകരണങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ എനിക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ അവര്‍ക്കുണ്ടാകില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ധാര്‍ഷ്ട്യമുള്ളതും വെറുപ്പുളവാക്കുന്നതുമായ, വെറും ഭ്രാന്തമായ ബ്യൂറോക്രാറ്റിക് ബുദ്ധിശൂന്യതയ്ക്കാണ് ഞാന്‍ വിധേയമായതെന്നും, അത് ശാസ്ത്രീയമായ അറിവിനായുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്നുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നിരുന്നാലും, അടുത്ത വര്‍ഷങ്ങളിലായി അക്കാദമികമായ സ്വാതന്ത്ര്യം ഗുരുതരമായ രീതിയില്‍ നിയന്ത്രിക്കപ്പെടുകയും, സെന്‍സര്‍ഷിപ്പും അച്ചടക്ക നടപടികളുമുള്‍പ്പെടെയുള്ളത് നേരിടേണ്ടിവരികയും ചെയ്യുന്ന പല ഇന്ത്യന്‍ സഹപ്രവര്‍ത്തകരുടെയും ദുരനുഭവങ്ങളുടെ ഏഴയലത്തുപോലും വരില്ല ഞാന്‍ നേരിടേണ്ടിവന്ന നിര്‍ഭാഗ്യകരമായ സംഭവം. എന്റെ ചിന്തകളും ഐക്യദാര്‍ഢ്യവും അവരോടൊപ്പമാണ്! സ്വന്തം ജീവിത സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍, കുടിയേറിയ രാജ്യങ്ങളില്‍ നിന്നും ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന തെറ്റായതോ കെട്ടിച്ചമച്ചതോ ആയ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചയക്കപ്പെടുന്ന അസംഖ്യം മലയാളികളുടെ അനുഭവങ്ങളുമായും എന്റെ തിരിച്ചയക്കലിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. അവരുടെ ധീരതയ്ക്കും സംയമനത്തിനും മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.

വിവർത്തനം: നീതു ദാസ്

  • Tags
  • #Filippo Osella
  • #Kerala Government
  • #Government of India
  • #Internaional Politics
  • #Neethu Das
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
differantly abled

Health

ദില്‍ഷ ഡി.

ഭിന്നശേഷി കുട്ടികൾക്ക്​ അസിസ്​റ്റീവ്​ വില്ലേജ്​: സാധ്യതകൾ, ആശങ്കകൾ

Jun 30, 2022

8 Minutes Read

school

Education

ഡോ. പി.എം. സലിം

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്; തുടര്‍ഭരണം നേടിയ സര്‍ക്കാറിന് എന്താണ് തടസ്സം

May 02, 2022

17 minutes read

p-premachandran

Higher Education

സ്മിത പന്ന്യൻ

പി. പ്രേമചന്ദ്രനുവേണ്ടി, നമ്മൾ, അധ്യാപകർക്ക്​ ഐക്യപ്പെടാം

Apr 27, 2022

2 Minutes Read

Ukraine War

International Politics

ഡോ. പി.ജെ. വിൻസെന്റ്

യുക്രെയ്‌നെതിരായ റഷ്യന്‍ യുദ്ധം തുടരേണ്ടതുണ്ട്; അമേരിക്കക്ക്

Apr 06, 2022

32 Minutes Watch

Imran Khan

International Politics

കെ.എം. സീതി

കറങ്ങിത്തിരിയുന്ന ഇമ്രാന്റെ ഏറും പാകിസ്ഥാന്‍ രാഷ്ട്രീയവും

Apr 03, 2022

4 Minutes Read

k rail

Developmental Issues

ഷഫീഖ് താമരശ്ശേരി

കല്ല് പിഴുതതിന്റെ കാരണം ഞങ്ങള്‍ പറയാം മുഖ്യമന്ത്രീ... കേള്‍ക്കണം

Mar 27, 2022

10 Minutes Watch

filippo osella

Opinion

ടി.ടി. ശ്രീകുമാര്‍

ആന്ത്രപോളജിസ്റ്റ് ഫിലിപോ ഒസെല്ലയെ എന്തിന് തിരിച്ചയച്ചു?

Mar 25, 2022

4 Minutes Read

bhavana

Editorial

മനില സി.മോഹൻ

കാലം മാറുന്നു ഭാവനയ്ക്കൊപ്പം

Mar 18, 2022

1 Minute Read

Next Article

കഥകള്‍ ഒരു സിനിമാക്കാരോടും ചെന്ന് പറയരുത് - ജി.ആർ. ഇന്ദുഗോപൻ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster