ആന്ത്രപോളജിസ്റ്റ്
ഫിലിപോ ഒസെല്ലയെ
എന്തിന് തിരിച്ചയച്ചു?
ആന്ത്രപോളജിസ്റ്റ് ഫിലിപോ ഒസെല്ലയെ എന്തിന് തിരിച്ചയച്ചു?
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് ഫിലിപോ ഒസെല്ലയെ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. അതിന്റെ കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ല. എനിക്കറിയാവുന്നിടത്തോളം ഒരു വര്‍ഷത്തെ ഗവേഷക വിസ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം തിരിച്ചയക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരണം വരുമെന്ന് പ്രതീക്ഷിക്കുന്നു.
25 Mar 2022, 07:04 PM
തിരുവനന്തപുരത്ത് വെച്ച് ഇപ്പോള്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ യു.കെയില്‍ നിന്നുള്ള പ്രശസ്ത നരവംശ ശാസ്ത്രജ്ഞന് ഫിലിപോ ഒസെല്ലയ്ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തെ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. അതിന്റെ കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ല. എനിക്കറിയാവുന്നിടത്തോളം ഒരു വര്‍ഷത്തെ ഗവേഷക വിസ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം തിരിച്ചയക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരണം പിന്നീട് വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും ഈ സംഭവം വളരെയധികം വേദനാജനവും ദൗര്‍ഭാഗ്യകരവുമായിപ്പോയി.
കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസും യൂണിവേഴ്സിറ്റി ഓഫ് സസ്സക്സ് യു.കെയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട, തീരദേശ സമൂഹങ്ങളുടെ സാമ്പത്തിക സാമൂഹികാവസ്ഥകള്‍ അന്വേഷിക്കുന്ന ഒരു കോണ്‍ഫ്റന്‍സ് ആണ് നടക്കുന്നത്. അതില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം യുവ ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മാത്രവുമല്ല കഴിഞ്ഞ ഇരുപത് വര്‍ഷക്കാലത്തിനിടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ ചില പരിവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്ന വിധത്തില്‍ ഈ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കുന്ന പല ഗവേഷകരും കേരളത്തിലെ തീരദേശ സമുദായങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ്. ഇന്ത്യയിലും പുറത്തുമുള്ള ഉന്നത സര്‍വകലാശാലകളില്‍ ഗവേഷകരായ ആളുകളും അതിലുണ്ട്. അത്തരത്തില്‍ നമ്മുടെ സാമൂഹിക മേഖലയിലുണ്ടായ വ്യതിയാനങ്ങളെക്കൂടി ശക്തമായി സൂചിപ്പിക്കുന്ന ഒരു കോണ്‍ഫറന്‍സാണ് ഇതെന്ന് എടുത്തുപറയുക കൂടി ചെയ്യേണ്ടതുണ്ട്.
ഇത്തരം കോണ്‍ഫറന്‍സുകളുടെ ഒരു പ്രധാന പ്രത്യേകത അവ മിക്കവാറും കേന്ദ്രീകരിക്കുക അക്കാദമിക വിഷയങ്ങളില്‍ ആയിരിക്കും എന്നുള്ളതാണ്. അക്കാദമിക പരിപ്രേക്ഷ്യത്തില്‍ പ്രശ്നങ്ങളെ പരിശോധിക്കുന്ന, സാങ്കേതികമായി നിരവധി വിഷയങ്ങള്‍ അഴിച്ചുപരിശോധിക്കുന്ന കോണ്‍ഫറന്‍സുകളാണ് ഇത്തരത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണയായി നടത്താറുള്ളത്. ഏതെങ്കിലുമൊരു പ്രത്യേക പരിപ്രേക്ഷ്യത്തില്‍ മാത്രമുള്ള പ്രബന്ധങ്ങളല്ല അവിടെ അവതരിപ്പിക്കപ്പെടുക. മറിച്ച് വിവിധ സാമൂഹിക നിലകള്‍ പശ്ചാത്തലമായുള്ള ഗവേഷകര്‍, വിവിധ വൈജ്ഞാനിക മേഖലകളില്‍ നിന്ന് വരുന്ന ഗവേഷകര്‍, വൈവിധ്യമാര്‍ന്ന രീതിശാസ്ത്രങ്ങള്‍ പിന്തുടരുന്ന ഗവേഷകര്‍ അവരെല്ലാം ഒത്തുചേരുന്നതാണ് ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകള്‍. അങ്ങനെയുള്ള ഒരിടത്ത് ഫിലിപോ ഒസെല്ലയെപ്പോലുള്ള പ്രഗത്ഭനായ നരവംശ ശാസ്ത്രജ്ഞന്റെ അസാന്നിധ്യം വളരെ സങ്കടകരമായ ഒന്നാണ്.
ഫിലിപോ ഒസെല്ലയെ കേവലം ഒരു നരവംശ ശാസ്ത്രജ്ഞനെന്ന് മാത്രം പറയുന്നത് ശരിയല്ല. അദ്ദേഹം കേരളത്തെക്കുറിച്ച് വളരെ ആഴത്തില്‍ വളരെ കാലങ്ങളായി പഠിക്കുന്ന ഒരു വ്യക്തിയാണ്. എന്റെ തന്നെ അനുഭവം വെച്ച് പറയുകയാണെങ്കില്‍, ഞാനൊരു വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് ആലപ്പുഴയിലെ ചെന്നിത്തല എന്നുപറയുന്ന പ്രദേശത്ത് എന്റെ ഒരു ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ ക്ഷണിക്കപ്പെട്ട അതിഥിയായി ഉണ്ടായിരുന്ന ആളാണ് ഫിലിപോ ഒസെല്ല. അത് ഏതാണ്ട് 30 കൊല്ലങ്ങള്‍ക്ക് മുമ്പാണ്. ആ സമയത്ത് അദ്ദേഹം അവിടെ ഫീല്‍ഡ് വര്‍ക്ക് നടത്തുകയായിരുന്നു.
ജനങ്ങളുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അവരോട് സംവദിക്കുകയും അവരുടെ വീക്ഷണങ്ങള്‍ തന്റെ പ്രബന്ധങ്ങളില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്ന ഒരു നരവംശശാസ്ത്ര സമീപനമാണ് ഫിലിപോ ഒസെല്ല സ്വീകരിച്ചിട്ടുള്ളത്.
ഫിലിപോ ഒസെല്ലയുടെ എല്ലാ നിലപാടുകളോടും നമ്മള് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളത് മറ്റൊരു കാര്യമാണ്. അദ്ദേഹത്തിന്റെ നിലപാടുകളോട് പല ഗവേഷകര്‍ക്കും വിയോജിപ്പുകളുണ്ടാവാം. ഗവേഷണമെന്ന് പറയുന്നതു തന്നെ ഏകമുഖമായിട്ടുള്ള ഒന്നല്ല. എന്റെ സമീപനത്തോടും എന്റെ നിഗമനങ്ങളോടും വിയോജിക്കുന്ന നിരവധി പേരുടെ ഇടയിലാണ് ഞാനും ഒരു അക്കാദമിക് എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. അവരോടുള്ള വിയോജിപ്പുകള്‍ ഞാനും എന്നോടുള്ള വിയോജിപ്പുകള്‍ അവരും രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യപരമായി സംവദിക്കാന്‍ കഴിയുന്ന ഒരു സ്ഥലമായിട്ടാണ് നമ്മള് അക്കാദമിക് മേഖലയെ കാണുന്നത്. അതിന് വിപരീതമായിട്ടുള്ള കാര്യങ്ങള്‍ ഉണ്ടാകാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.
അക്കാദമിക് മേഖലയെ സംബന്ധിച്ചിടത്തോളം സ്വച്ഛവായു ശ്വസിച്ച്, യാതൊരു തരത്തിലുള്ള അതിര്‍വരമ്പുകളും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുക, ആശയ കൈമാറ്റം നടത്താന്‍ കഴിയുക, മുന്‍വിധികളില്ലാതെ സൈദ്ധാന്തികവും പ്രായോഗികവുമായ നിഗമനങ്ങളും നിലപാടുകളും വിനിമയം ചെയ്യാന്‍ സാധിക്കുക തുടങ്ങിയതെല്ലാം അക്കാദമിക് സ്വാതന്ത്ര്യത്തിന് അനുപേക്ഷണീയമായിട്ടുള്ള കാര്യമാണ്.
രണ്ടുവര്‍ഷം മുമ്പ് ഞാന്‍ സ്പെയിനില്‍ കമ്യൂണിക്കേഷന്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന സമയത്ത് തുര്‍ക്കിയില്‍ നിന്നുള്ള ഗവേഷകര്‍ക്ക് അവിടെ വരാന്‍ പറ്റാത്ത ഒരു സാഹചര്യം അവിടത്തെ സര്‍ക്കാരിന്റെ നിലപാട് മൂലം ഉണ്ടായി. അതില്‍ നമ്മളെല്ലാം പ്രതിഷേധിക്കുകയും ചെയ്തതാണ്. കാരണം അത്തരത്തിലുള്ള ഇരുട്ടറകളില്‍ ഗവേഷണവും പഠനവും നടക്കുകയില്ല എന്നുള്ളതുകൊണ്ടാണ് ഗവേഷകരൊന്നടങ്കം തന്നെ പ്രതിഷേധിച്ചത്. ഈയൊരു സന്ദര്‍ഭത്തില്‍ ഞാനത് ഓര്‍ക്കുകയാണ്. കാരണം ഇത്തരത്തിലുള്ള തടസ്സങ്ങള്‍ സാങ്കേതികമായ ചെറിയ പ്രശ്നങ്ങള്‍ മാത്രമാണുള്ളതെങ്കില്‍ ഗവേഷകര്‍ക്ക് സുഗമമായി ഇത്തരം കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത് പോകാന്‍ കഴിയുന്ന സാഹചര്യം സര്‍ക്കാറുകള്‍ സൃഷ്ടിക്കേണ്ടതാണെന്നാണ് തോന്നിയിട്ടുള്ളത്.
ഫിലിപോ ഒസെല്ലയുടെ അസാന്നിധ്യം കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനെ സാങ്കേതികമായി യാതൊരുവിധത്തിലും ബാധിച്ചിട്ടില്ല. കാരണം ഒരു കോണ്‍ഫറന്‍സ് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല, അത് മറ്റു പല വിദഗ്ധരും പങ്കെടുക്കുന്ന ഒരു സമ്മേളനമാണ്. അതുകൊണ്ടുതന്നെ രാവിലെ മുതല്‍ കോണ്‍ഫറന്‍സ് സുഗമമായി തന്നെ മുന്നോട്ടുപോവകുയാണ്. കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. വളരെ വിശദമായി തീരദേശ മേഖലയിലെ ചില പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ തന്നെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിശദീകരിച്ചു. അത് പല ഗവേഷകരും തുടര്‍ന്നുള്ള ചര്‍ച്ചകളിലൊക്കെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും പ്രസക്തമായിട്ടാണ് പലര്‍ക്കും തോന്നിയത്. മാത്രമല്ല, മുമ്പ് തീരദേശ മേഖലയില്‍ നടന്നിട്ടുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആക്റ്റിവിസ്റ്റുകളും അതിനുശേഷം അവരുമായി ചേര്‍ന്നുനിന്നിരുന്ന ഗവേഷകരും ഇപ്പോള്‍ ഈ പ്രശ്നങ്ങളെക്കുറിച്ച് പുതുതായി പഠിക്കുന്ന യുവ ഗവേഷകരും ഒക്കെ ചേരുന്ന ഒരു കമ്യൂണിറ്റി ഓഫ് സ്കോളേഴ്സാണ് ഇവിടെയുള്ളത്.
അതുകൊണ്ടുതന്നെ കോണ്‍ഫറന്‍സ് ഫിലിപ്പോയുടെ അസാന്നിധ്യത്തിലും മുന്നോട്ടുപോവുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ അസാന്നിധ്യം തീര്‍ച്ചയായും ഒരു പ്രശ്നം തന്നെയാണ്. കാരണം, അദ്ദേഹം കേരളത്തെക്കുറിച്ച് പഠിച്ചതുപോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗവേഷണം നടത്തിയിട്ടുള്ളയാളായതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു താരതമ്യസമീപനം ഈ കോണ്‍ഫറന്‍സിനെ കൂടുതല്‍ അര്‍ഥവത്താക്കുമായിരുന്നു എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഈ സാങ്കേതിക പ്രശ്നങ്ങളൊക്കെ പരിഹരിക്കുകയും തുടര്‍ന്നും കേരളത്തെക്കുറിച്ച് പഠിക്കുന്നതിനും കേരളത്തിലെ ഇത്തരം അക്കാദമിക് സംരംഭങ്ങളില്‍ പങ്കെടുക്കുന്നതിനും ഫിലിപോ ഒസെല്ലയ്ക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒദ്യോഗികമായി ഒരു വിശദീകരണം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
പി.കെ. തിലക്
Jul 28, 2022
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jul 12, 2022
5 Minutes Read
Truecopy Webzine
Jul 02, 2022
1 Minute Read
ഡിജിപബ്
Jun 28, 2022
1 Minute Reading
സന്തോഷ് തോട്ടിങ്ങല്‍
Apr 24, 2022
17 minutes read
ഫിലിപോ ഒസെല്ല
Mar 27, 2022
7 Minutes Read