‘ഞാൻ അലവലാതി കമ്യൂണിസ്റ്റല്ല'; ജി. സുധാകരൻ എല്ലാം തുറന്നുപറയുന്നു

‘‘ഞാൻ ഒരു അലവലാതി കമ്യൂണിസ്റ്റ് ഒന്നുമല്ല. അതുകൊണ്ട് ഇതൊന്നും എന്റെ നേരെ ആവശ്യമില്ല. ഈ പ്രചാരവേലയുണ്ടല്ലോ, അതുകൊണ്ടൊന്നും ഒളിച്ചോടില്ല. എന്നാലും, പത്തമ്പത്തഞ്ചുവർഷം പാർട്ടിയിൽ നിന്നല്ലോ, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. മാധ്യമങ്ങൾക്ക് ആര് ഇങ്ങനെ എഴുതിക്കൊടുക്കുന്നു. ആ ഒരു ഇഷ്യൂ എന്റെ മനസ്സിലുണ്ട്. അത് ഞാൻ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്.''

Think

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിൽ തനിക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം കമീഷൻ കണ്ടെത്തിയതായുള്ള മാധ്യമവാർത്തകൾ നിഷേധിച്ച് ജി. സുധാകരൻ.

അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാമിന് പിന്തുണ നൽകിയില്ല, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായകമായ നിലപാട് സ്വീകരിച്ചില്ല, സ്ഥാനാർഥിക്കെതിരായ നടന്ന പ്രചാരണങ്ങളിൽ മൗനം പാലിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സുധാകരനെതിരെ, സ്ഥാനാർഥിയായിരുന്ന സലാം അടക്കമുള്ളവർ ഉന്നയിച്ചത്. ഈ ആരോപണങ്ങളെയാണ് ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷന് നൽകിയ അഭിമുഖത്തിൽ ജി. സുധാകരൻ നിഷേധിച്ചത്.

സ്ഥാനാർഥിയുമായി താൻ നിസ്സഹരിച്ചു എന്ന കണ്ടെത്തൽ എങ്ങനെയാണുണ്ടായതെന്ന് അറിയില്ലെന്ന് സുധാകരൻ പറഞ്ഞു. എച്ച്. സലാം അപ്രതീക്ഷിതമായ ഒരാക്ഷേപമാണ് ഉന്നയിച്ചത്. മാധ്യമങ്ങളിലൂടെ എങ്ങനെ ഇത്തരം വാർത്തകൾ വരുന്നു എന്നത് അറിയില്ല. ആറുമാസമായി തന്നെ അപമാനിക്കുകയാണ്, ഇത്തരം പ്രചാരണങ്ങളിലൂടെ.

‘‘ഇലക്ഷൻ കാലത്തെ ഫണ്ടുപിരിവിനെക്കുറിച്ച് പാർട്ടി മാധ്യമങ്ങളുമായി പരസ്യമായി ചർച്ച നടത്താറില്ല. ഞാൻ കള്ളപ്പണക്കാരോടും നികുതിവെട്ടിപ്പുകാരോടുമൊന്നും പത്തുപൈസ വാങ്ങിയിട്ടില്ല. ഞാൻ ഇലക്ഷൻ ഫണ്ടേ പിരിക്കാറില്ല. എന്റെ രണ്ട് ഇലക്ഷനുകളുടെ സെക്രട്ടറി സലാമായിരുന്നു. 2011ലും 2016ലും. എനിക്ക് പണം തരുന്നവർ നിരവധിയാണ്. ഞാൻ യൂണിവേഴ്‌സിറ്റിയിൽ 12 വർഷം പ്രവർത്തിച്ചില്ലേ. എത്രയോ ജീവനക്കാരാണ് പൈസ തരുന്നത്. ഒരു നാലഞ്ചുലക്ഷം രൂപ കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് കിട്ടും. പിന്നെ, ഡിസ്ട്രിക്റ്റ് കൗൺസിൽ പ്രസിഡന്റായിരുന്നു, അന്നുള്ളവരിൽനിന്ന് കിട്ടും. പിന്നെ പാർട്ടി പ്രവർത്തനം. കോൺട്രാക്റ്റർമാർ എന്തിന് എനിക്ക് പണം തരണം. അവർ തരില്ല. ഒരു പൈസ ഒരു ഉദ്യോഗസ്ഥരുടെ കൈയിൽനിന്ന് ഞാൻ പിരിച്ചിട്ടില്ല. ഒരുകാലത്തും. ഇത്തവണയടക്കം. സാമ്പത്തികമായി ഒരു പ്രവർത്തനവും അവതാളത്തിലായിട്ടില്ല.''- സുധാകരൻ പറഞ്ഞു.

‘‘സലാമിനെതിരായി ഒരു വാക്കുപോലും ഞാൻ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞിട്ടില്ല. ഇനിയും പറയില്ല. അമ്പലപ്പുഴയിൽ കിട്ടാനിടയുള്ള ഏറ്റവും നല്ല ഭൂരിപക്ഷമാണിത്. എന്നാൽ, വോട്ട് പിടിക്കാൻ ഇറങ്ങിയ ചിലർ മൂലം കുറച്ച് വോട്ടുകൾ പോയിട്ടുണ്ട്. അത് ഞങ്ങളുടെ പാർട്ടി രേഖയിലുണ്ട്. എല്ലാവരെയും കൊണ്ട് വീട്ടിൽ കേറ്റരുത്. വീട്ടിൽ കേറിയാൽ അയൽപക്കത്തുകാർ പോലും വോട്ടുചെയ്യാത്ത ഒരു പത്തുപതിനഞ്ചുപേർ ഇറങ്ങിയിരുന്നു. അവിടെയെല്ലാം വോട്ടുകുറഞ്ഞു. വോട്ട് പിടിക്കാൻ പോകുന്നവരോടുള്ള ദേഷ്യം കൊണ്ട് വോട്ട് കുറഞ്ഞതാണ്. അങ്ങനെയുള്ളവരെയും കൊണ്ട് പോകരുതെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്തെ രേഖയിലുണ്ട്. അങ്ങനെ ഒരു മൂവായിരത്തോളം വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. അതൊന്നും വിജയത്തെ ബാധിച്ചില്ല.''

‘‘ഏപ്രിലിലാണ് ഇത്തരം വാർത്തകൾ വന്നുതുടങ്ങിയത്. അഞ്ചാറുപേരുടെ പേര് കൊടുത്തിട്ട് ഒരു അച്ചുതണ്ട് സ്ഥാപിക്കുന്നു എന്ന മട്ടിൽ. തുടർച്ചയായി വാർത്തകൾ. എന്നെ ചവുട്ടിത്താഴ്ത്തുന്നു എന്നു പറഞ്ഞ്. അതാണ് ഞാൻ പൊളിറ്റിക്കൽ ക്രിമിനലിസം എന്നു പറഞ്ഞത്. ഇല്ലാത്ത സംഭവം ഉണ്ടെന്നുവരുത്തി അത് ശരിയാണ് എന്ന് രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ ബലമില്ലാത്ത ആരെയെങ്കിലും ബോധ്യപ്പെടുത്തി പാർട്ടിയെ ശിഥിലീകരിക്കാനുള്ള ശ്രമമായിരുന്നു അത്. അതിനെ തടയുകയാണ് ഞാൻ ചെയ്തത്. ഞാൻ പാർട്ടിയെയാണ് ഉയർത്തിപ്പിടിച്ചത്. അങ്ങനെ ഇല്ല എന്നു പറഞ്ഞത് ഞാൻ മാത്രമല്ലേ. ആരും പ്രതിഷേധിച്ചില്ലല്ലോ. ബൂർഷ്വാ രാഷ്ട്രീയം ഉള്ളിടത്തോളം ഈ പൊളിറ്റിക്കൽ ക്രിമിനലിസമുണ്ടാകും. അത് ഒരു പ്രതിഭാസമാണ്. ആലപ്പുഴ ജില്ലയിലെ പാർട്ടിയെ തരംതിരിക്കുന്നതിന് ഒരു ശ്രമം നടന്നു. എനിക്ക് പ്രതികൂലമായും മറ്റു ചിലർക്ക് അനുകൂലമായും എന്നൊരു സംവിധാനമാണ് ഉള്ളത് എന്ന പ്രചാരണമായിരുന്നു അത്. അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല. ഞാൻ ഒരു അലവലാതി കമ്യൂണിസ്റ്റ് ഒന്നുമല്ല. അതുകൊണ്ട് ഇതൊന്നും എന്റെ നേരെ ആവശ്യമില്ല. ഈ പ്രചാരവേലയുണ്ടല്ലോ, അതുകൊണ്ടൊന്നും ഒളിച്ചോടില്ല. എന്നാലും, പത്തമ്പത്തഞ്ചുവർഷം പാർട്ടിയിൽ നിന്നല്ലോ, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. മാധ്യമങ്ങൾക്ക് ആര് ഇങ്ങനെ എഴുതിക്കൊടുക്കുന്നു. ആ ഒരു ഇഷ്യൂ എന്റെ മനസ്സിലുണ്ട്. അത് ഞാൻ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്.''

‘‘തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു കാലത്തും ഞാൻ എൻ.എസ്.എസിന്റെ ഉന്നത നേതാക്കളെ കാണാൻ പോയിട്ടില്ല. എല്ലാവരും പോകുന്നത് ഞാൻ കാണുന്നുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർഥിയാണ്, ജയിക്കാൻ എന്തെങ്കിലും പ്രശ്‌നം വന്നാൽ നമുക്ക് ബുദ്ധിമുട്ടുണ്ടാകും, അതുകൊണ്ട് ഞാൻ ആദ്യമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ വിളിച്ചു. ആന്റി സ്‌ക്വാഡ് ഇറക്കരുതെന്നു പറഞ്ഞ്. അവർ ആന്റി സ്‌ക്വാഡ് ഇറക്കിയില്ല. മറ്റു പലയിടത്തും അവർ ആന്റി സ്‌ക്വാഡ് ഇറക്കിയിരുന്നു. ആലപ്പുഴ ജില്ലയിൽ എസ്.എൻ.ഡി.പി സ്ഥാനാർഥികൾ കുറവാണ് എന്നു പറഞ്ഞ് ഈ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിക്കാർ റിലക്റ്റന്റ് ആയിരുന്നു. അവരെയെല്ലാം പോയി കണ്ടു സംസാരിച്ചു. ഇത് ജാതി ഇലക്ഷനല്ല എന്നു പറഞ്ഞു, അവരെല്ലാം സഹകരിച്ചു. ’’

‘‘19 മേഖലാ കമ്മിറ്റിയായി മണ്ഡലത്തെ വിഭജിച്ച് അഞ്ചു ദിവസം കൊണ്ട് 19 മേഖലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു. അഞ്ഞൂറും എഴുനൂറും സ്ത്രീകളാണ് വന്നത്. ഇവിടെയെല്ലാം ഞാൻ സംസാരിച്ചു. അപ്പോഴേക്കും നാടുമുഴുവൻ ഇളകിയല്ലോ. എന്റെ ഒരു ലക്ഷത്തോളം അഭ്യർഥനകൾ പോയി. ആളുകൾ വന്ന് വോട്ടുചെയ്തു. ഈ ജോലിയെല്ലാം ഞാൻ ചെയ്തു. സാധാരണ എൽ.ഡി.എഫിന് കിട്ടുന്നതിനേക്കാൾ വോട്ട് വികസനത്തിനുകൂടി കിട്ടി. ഇലക്ഷൻ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതിയുണ്ടായില്ല. ഒരുപക്ഷെ, സ്ഥാനാർഥിക്ക് ഇതെല്ലാം അറിയണമെന്നില്ല.''

‘ആരും വിശ്വസിക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് എന്നെ അപമാനിക്കാൻ ശ്രമം നടന്നു'
ജി. സുധാകരനുമായുള്ള ടി.എം. ഹർഷന്റെ
അഭിമുഖത്തിന്റെ ആദ്യഭാഗം 'തിങ്കി'ൽ കേൾക്കാം.

Comments