ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് വിട പറഞ്ഞ എഴുത്തുകാരിയായ ഗീതാ ഹിരണ്യനെക്കുറിച്ച് പങ്കാളിയും എഴുത്തുകാരനുമായ ഹിരണ്യന്‍ ഓര്‍ക്കുന്നു. ഹിരണ്യന്‍ എന്ന എഴുത്തുകാരന്റെയും കാമുകന്റെയും കഥകൂടിയായി അത് മാറുന്നു.
3 Jan 2022, 03:55 PM
""പ്രിയപ്പെട്ട ഹിരണ്യന്,
കവിത വായിച്ചു. നന്നായിട്ടുണ്ട്. നമുക്ക് നല്ല സുഹൃത്തുക്കളാകാം....
എന്ന്, എസ്. ഗീത.''
കേരളവര്‍മ്മ കോളേജിലെ മൂന്നാം വര്‍ഷ ബി.എ. ക്ലാസിലേക്ക് ഗീതയുടെ ആദ്യത്തെ എഴുത്ത് വരുമ്പോള്‍ എനിക്ക് ഗീതയെ അറിയാമായിരുന്നു, നേരിട്ട് കണ്ടിട്ടില്ലെങ്കിലും, സംസാരിച്ചില്ലെങ്കിലും.
1974ല്‍ മാതൃഭൂമിയില്‍ വന്ന "കഥാശേഷനെ കാത്ത്' എന്ന എന്റെ കവിതയ്ക്കൊപ്പം "ദീര്‍ഘാഭാംഗന്‍' എന്ന കഥയുമായി ഗീതയുണ്ടായിരുന്നു കൂടെ. അതിനപ്പുറത്തേക്കൊരു ബന്ധമോ സംസാരമോ ഇല്ല. കേരളവര്‍മ്മ കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്ന ഞാന്‍ "വലിയൊരു' എഡിറ്ററെപ്പോലെ നില്‍ക്കുന്ന കാലം. അന്നത്തെ സ്റ്റുഡൻറ് എഡിറ്റര്‍ക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. മാഗസിനു പുറമെ, ചിത്രകലാ പ്രദര്‍ശനവും ഫോട്ടോപ്രദര്‍ശനവും ഒക്കെ നടത്തി തിരക്കുകളെ ക്രിയാത്മകമാക്കിയിരുന്നു. പോരാതെ കോളേജില്‍ത്തന്നെ പെണ്‍കുട്ടികള്‍ ഇഷ്ടംപോലെ! അവരോടൊന്നും പ്രത്യേകം അടുപ്പം സൂക്ഷിച്ചിരുന്നില്ലെങ്കിലും.
ഗീതയ്ക്ക് മറുപടി അയച്ചില്ല. കത്ത് കിട്ടിയപ്പോള്‍ ഒരു നിറഞ്ഞ ചിരിയില്‍ ഒതുക്കി.
കോളേജ് മാഗസിന്‍ ഇറങ്ങി. അതിനിടയില്‍ കൊല്ലത്തുനിന്നും ഇറങ്ങിയ ആര്‍ട്ടിസ്റ്റ് കൂടിയായ ജെ.ആര്‍. പ്രസാദിന്റെ "രാഷ്ട്രശില്‍പി' എന്ന കൈയ്യെഴുത്തുമാസികയില്‍ എന്റെ കവിതയുമുണ്ടായിരുന്നു. ഒറ്റക്കോപ്പി കൈയ്യെഴുത്തുമാസിക എനിക്ക് നല്‍കി ജെ.ആര്‍. പ്രസാദ് എഴുതി: ""വായിച്ചശേഷം ഗീതയ്ക്കുകൂടി അയച്ചുനല്‍കുക.''
കൈയ്യെഴുത്തുമാസികയ്ക്കു പുറമെ എന്റെ കോളേജ് മാഗസിനും വച്ച് ഞാന്‍ ഗീതയ്ക്ക് അയച്ചു.
എസ്. ഗീത,
ശ്രീരാഗം,
കോട്ടുവള്ളം,
കുന്നിക്കോട്.
അതിനുള്ള മറുപടിയും ആരെയും മയക്കുന്ന അക്ഷരവടിവോടെ ഗീത എനിക്കയച്ചു. തിരികെ ഞാനും. കത്തിടപാടുകളിലൂടെ ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയ കാലത്ത് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഗീത കാര്യവട്ടം ക്യാമ്പസിലും എം.എ. ചെയ്തുകൊണ്ടിരുന്നു. സി.വി. ശ്രീരാമനും വിക്ടര്‍ ലീനസും അക്കാലത്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്ന പുനത്തിലിന്റെ "സ്മാരകശിലകളും' കവര്‍ന്നെടുത്ത കത്തുകളായിരുന്നു ഏറെയും.
പിന്നീടെപ്പോഴോ ആ കത്തിടപാടുകള്‍ നിന്നു.
എം.എ. കഴിഞ്ഞ് ഞാന്‍ മുക്കം തിരുവമ്പാടിയില്‍ പാരലല്‍ കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. എങ്കിലും ആഴ്ചതോറും വെള്ളിയാഴ്ച യൂണിവേഴ്സിറ്റിയിലെത്തി ചന്ദ്രമോഹന്റെ മുറിയില്‍ താമസിച്ച് ടി.കെ. രാമചന്ദ്രന്റെയും പി.പി. രവീന്ദ്രന്റെയും സൗഹൃദം രസിച്ച് തിങ്കളാഴ്ച തിരുവമ്പാടിയിലേക്ക് മടങ്ങി.

ഒരു ദിവസം മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ ലൈബ്രറിയില്‍ പോയപ്പോള്‍ ലൈബ്രേറിയന്‍ പറഞ്ഞു: ""എംഫില്ലിനു പഠിക്കുന്ന ഗീത, ഹിരണ്യനെ അന്വേഷിച്ചിരുന്നു.''
പിറ്റേന്ന് ശനിയാഴ്ച. എംഫില്‍ ക്ലാസിന്റെ മുന്നിലെത്തി ഞാന്‍ ഗീതയെ അന്വേഷിച്ചു. ഗീത ക്ലാസില്‍ നിന്ന് ഇറങ്ങിവന്നു.
""എന്നെ മനസ്സിലായോ?'' ഞാന്‍ ചോദിച്ചു.
""ഹിരണ്യകശിപുവല്ലേ?''
കുസൃതി നിറഞ്ഞ സംഭാഷണമായിരുന്നു ഗീതയുടേത്. അന്ന് കുറച്ചുനേരം സംസാരിച്ചു.
പിറ്റേന്ന് ഞായറാഴ്ച.
യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍നിന്ന് ചായ കുടിച്ച് തുടങ്ങിയ സംസാരം ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. സാഹിത്യവും വീടും കുടുംബക്കാരും സംസാരത്തില്‍ നിറഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലെ ഞാന്‍ തിരുവമ്പാടിയിലേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവമ്പാടിയിലെ പാരലല്‍ കോളേജിലേക്ക് എന്റെ പേരില്‍ ഒരു കത്ത് എത്തി.
""പ്രിയപ്പെട്ട അനിയേട്ടന്...''
ഞായറാഴ്ച കണ്ടപ്പോള്‍ ഗീത ചോദിച്ചിരുന്നു, എന്താണ് വീട്ടില്‍ വിളിക്കുക എന്നൊക്കെ. വീട്ടില്‍ എന്നെ അനിയന്‍ എന്നാണ് വിളിച്ചിരുന്നത്. പ്രായം കുറഞ്ഞവര്‍ അനിയേട്ടാ എന്നും.
ഗീതയുടെ കൊതിപ്പിക്കുന്ന കൈയ്യക്ഷരങ്ങളില്‍ ഞാന്‍ മനസ്സു തട്ടി മറന്നുനിന്നു. വായിച്ചാലും മതിവരില്ലെന്നുമാത്രമെനിക്കറിയാം. ഞാന്‍ പലവുരു വായിച്ചു.
പിന്നീടുള്ള ശനി, ഞായര്‍ ആഴ്ചകളില്‍ ഞങ്ങള്‍ സാഹിത്യ, അനാദി സംസാരങ്ങളില്‍ മുഴുകി. ഗീതയുടെ ഹോസ്റ്റല്‍ വരെ ഞാന്‍ സംസാരിച്ചു നടന്നു. സംശയം തോന്നിയ വാര്‍ഡന്‍ ചോദ്യമുന്നയിച്ചപ്പോള്‍, കസിന്‍ ബ്രദറാണെന്ന് മറുപടി നല്‍കി. ആ സ്വാതന്ത്ര്യം പിന്നീടും ഉപയോഗിച്ചു. അങ്ങനെ മൂന്നോ നാലോ ആഴ്ചകള്‍ പിന്നിട്ടിട്ടുണ്ടാവണം.
ഒരു ഞായറാഴ്ച ഗസ്റ്റ് ഹൗസില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ എന്റെ ഹൃദയം കവര്‍ന്ന് ഗീത ചോദിച്ചു;
""എന്നെ ജീവിതത്തിലേക്ക് കൂട്ടാമോ?''
ഞാന്‍ അമ്പരന്നു നോക്കിയത് എന്റെ ഷര്‍ട്ടിലേക്കാണ്. ടി.കെ. രാമചന്ദ്രനോട് കടംകൊണ്ട ഷര്‍ട്ടാണത്. പോക്കറ്റില്‍ രാമചന്ദ്രന്‍ മൊകേരിയുടെ സംഭാവനയായി കിട്ടിയ 100 രൂപയില്‍ ഒരാഴ്ച കഴിഞ്ഞതിന്റെ ബാക്കിയും.
ഞാന്‍ ഗീതയോട് എന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു. അമ്മാടത്തെ ഇടിഞ്ഞുവീഴാറായ ഒരു നാലുകെട്ട്. മുപ്പതോളം പേരുള്ള കൂട്ടുകുടംബം. പറയാന്‍ തക്ക വരുമാനമില്ലാത്ത അവസ്ഥ. എങ്ങനെ ജീവിക്കും? എങ്ങനെ നിന്നെ ഞാന്‍ പോറ്റും?
""ജോലി കിട്ടിയിട്ട് മതി കല്യാണം.''
ഗീതയ്ക്ക് അന്ന് ഒരു വിവാഹാലോചന വന്നിരുന്നു. അതു വേണ്ടെന്ന് വച്ചു.
പിന്നീടും ഞാന്‍ ഗീതയുടെ ഹോസ്റ്റല്‍ വാര്‍ഡന്റെ മുന്നില്‍ പലതവണ "കസിന്‍ ബ്രദര്‍' ആയി. ആ കാലത്താണ് ഗീതയുടെ അമ്മയുടെ അനിയത്തി ഭാര്‍ഗവി അന്തര്‍ജ്ജനം റിസര്‍ച്ചിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് വരുന്നത്. ഭാര്‍ഗവി അന്തര്‍ജ്ജനവുമായി അടുപ്പത്തിലായ വേളയില്‍ സൗഹൃദസംഭാഷണമെന്നോണം ഹോസ്റ്റല്‍ വാര്‍ഡന്‍ ഒരിക്കല്‍ പറഞ്ഞു: ""ഗീതയുടെ കസിന്‍ ബ്രദര്‍ വരാറുണ്ട്!'' അങ്ങനെ ‘കസിന്‍ ബ്രദറി'നെ പിടികൂടി.
എന്നെ ഭാര്‍ഗവി അന്തര്‍ജ്ജനം വിളിപ്പിച്ചു. പേടിച്ചു ചെന്ന എന്നോട്: ""സീരിയസാണോ? കുട്ടിക്കളിയാവരുത്!'' എന്ന് പറഞ്ഞു. തൊഴിലും ഭദ്രതയുമൊക്കെയായ ശേഷം വിവാഹം എന്ന നിലയിലേക്ക് ആ കൂടിക്കാഴ്ച ഉറപ്പുവരുത്തി.
പിറ്റേദിവസം മുതല്‍ ഞാനും ഗീതയും ടൗണിലേക്ക് ഞങ്ങളുടെ പ്രണയവുമായി പോയിത്തുടങ്ങി. അളകാപുരി ഹോട്ടലില്‍ ഊണ്, ഒന്നോ രണ്ടോ സിനിമ എന്നിവയായി ഞങ്ങളുടെ അവധി ദിവസങ്ങള്‍. സിനിമാഹാളിലെ മങ്ങിയ വെളിച്ചത്തിലും പച്ചമറയുള്ള കോഴിക്കോട്ടെ ഇന്ത്യന്‍ കോഫീഹൗസിന്റെ തട്ടുമറയുടെ അകത്തും ഞങ്ങള്‍ പ്രണത്താല്‍ ആലിംഗബദ്ധരായി നിന്നു.
ഗീത എംഎഫില്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എംഫില്ലിനു ചേര്‍ന്നു. ആ കാലത്ത് ഗീത കേരള യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ചിന് ചേര്‍ന്നു. ആ രണ്ടുവര്‍ഷം വിരഹത്തിന്റേതായിരുന്നു. കത്തുകളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ പ്രണയം കൈമാറിക്കൊണ്ടിരുന്നു.

അനിയത്തി അജിതയുടെ വിവാഹനിശ്ചയം നടന്നപ്പോള്‍ ഗീതയുടെ അച്ഛന്‍ എന്റെ വീട്ടിലേക്ക് വന്നു. ഗീതയുടെയും എന്റെയും വിവാഹത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു വരവ്. എനിക്കൊരു കിടപ്പുമുറി പോലുമില്ലാത്ത വീട്ടിലേക്ക് ഞാനെങ്ങനെ വിവാഹം ചെയ്ത് ഗീതയെ കൊണ്ടുവരും?!
വിവാഹച്ചെലവുകളെല്ലാം ഗീതയുടെ വീട്ടുകാര്‍ നോക്കിക്കോളും എന്ന് അച്ഛന്‍ പറഞ്ഞു. എന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നു. അങ്ങനെ 1979 ജൂണ്‍ രണ്ടിന് ഗീതയെ ഞാന്‍ വിവാഹം ചെയ്തു. ഐ. ഷണ്‍മുഖദാസ് അയച്ചുതന്ന 500 രൂപയ്ക്ക് വാങ്ങിയ ഷര്‍ട്ടും മുണ്ടും ചെരുപ്പുമായിരുന്നു എന്റെ വേഷം.
വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ കോഴിക്കോടേക്ക് ഞാനും ഗീതയും വന്നു. ഞാന്‍ അപ്പോഴും പഠിക്കുകയാണ്. ഞാന്‍ ജോലി ചെയ്ത പാരലല്‍ കോളേജില്‍ ഗീതയ്ക്ക് ജോലി നോക്കാം. മധുവിധു കോഴിക്കോട് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍.
30 രൂപ വാടക കൊടുത്ത് ഞങ്ങളെടുത്ത വീട്ടില്‍ നിന്നായിരുന്നു ഞാന്‍ പഠിക്കാനും ഗീത ജോലിക്കും പോയിരുന്നത്. കോഴ്സ് കഴിഞ്ഞയുടന്‍ ജോലിക്കുള്ള അന്വേഷണമായി. അതിനിടയില്‍ 1979 ഡിസംബറില്‍ ഗീതയ്ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ജോലി കിട്ടി. പക്ഷേ, നിയമനം പിന്നെയും വൈകി.
1980 ഏപ്രില്‍, മെയ് മാസങ്ങളില്‍ ശമ്പളമോ ജോലിയോ ഇല്ലാതായപ്പോള്‍ ഗീത കൊല്ലത്തെ വീട്ടിലേക്ക് പോയി. 1980 ജൂണില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിയമനമായതോടെയാണ് തിരികെ വന്നത്. അതോടൊപ്പംതന്നെ ഞങ്ങള്‍ പി.എസ്.സി. എഴുതിയിരുന്നു. രണ്ടുപേരും ലിസ്റ്റിലുണ്ട്. ഗീതയ്ക്ക് രണ്ടാം റാങ്ക്, റാങ്കില്ലെങ്കിലും ഞാനും ലിസ്റ്റിലുണ്ട്. മപ്പുറം കോളേജില്‍ ഗീതയ്ക്കായിരുന്നു ആദ്യം ജോലി കിട്ടിയത്. ഗീത പെരിന്തല്‍മണ്ണയിലേക്ക് ട്രാന്‍സ്ഫറായ കാലത്ത് എനിക്ക് മലപ്പുറത്തും ജോലി കിട്ടി. പിന്നീട് രണ്ടുപേരും ഒരുമിച്ച് മലപ്പുറത്തായി. അത് നാലുവര്‍ഷത്തോളം തുടര്‍ന്നു.
ഈ കാലയളവിലാണ് ഗീത പ്രഗ്‌നന്റായത്. പക്ഷേ, വെസിക്കുലാര്‍ മൂണ്‍ എന്ന വൈദ്യശാസ്ത്രനാമത്തിലുള്ള അവസ്ഥയില്‍ ആ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യേണ്ടിവന്നു.
""വിഷമമുണ്ടോ?'' ഗീതയുടെ ചോദ്യം.
""നമുക്ക് കുറച്ചുകാലം കൂടി ഉല്ലസിച്ചുനടന്നൂടേ?'' എന്നൊരു മറുചോദ്യത്തിലൂടെ ഗീതയുടെ വിഷമത്തെ മറികടക്കാന്‍ ഞാന്‍ ശ്രമം നടത്തി.
ആ കാലത്തുതന്നെ ഗീതയ്ക്ക് കാന്‍സര്‍ ട്രീറ്റ്മെൻറ് തുടങ്ങിയിരുന്നു. മൂന്നുവര്‍ഷത്തോളം ചികിത്സ തുടര്‍ന്നു. ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ കണ്ടതിനെത്തുടര്‍ന്ന് വീണ്ടും പ്രഗ്‌നന്റായെങ്കിലും അതും അബോര്‍ട്ട് ചെയ്യേണ്ടിവന്നു. അത് ഗീതയെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നു.
ആദ്യത്തെ കീമോ തെറാപ്പി തുടങ്ങുകയാണ്.
തൃശൂരിലെ അമല ആശുപത്രിയിലായി ചികിത്സ. ആ കാലത്ത് രണ്ടുപേര്‍ക്കും തൃശൂരിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. ഞാന്‍ എപ്പോഴും ഗീതയ്ക്കൊപ്പംതന്നെയുണ്ടായി. മൂന്നു മാസത്തെ ചികിത്സ കഴിയുമ്പോഴേക്കും നില ഗുരുതരമായി. ഒരു ദിവസം നഴ്സ് വിളിച്ചിട്ടുപറഞ്ഞു: ""പ്രതീക്ഷ വേണ്ട. ബന്ധുക്കളെയൊക്കെ അറിയിച്ചോളൂ...''
അറിയിച്ച പ്രകാരം ഗീതയുടെ ബന്ധുക്കള്‍ വന്നു. കൂട്ടത്തില്‍ ബന്ധുകൂടിയായ ഡോ. ഉമാദേവി അന്തര്‍ജ്ജനവുമുണ്ടായിരുന്നു. ഉമാദേവി അന്തര്‍ജ്ജനം ഉടനെ തന്നെ ഡിസ്ചാര്‍ജ്ജ് വാങ്ങി തിരുവനന്തപുരത്തേക്ക് മാറ്റി, ഡോ. പത്മനാഭന്റെ ചികിത്സയ്ക്കായി.
രണ്ടുവര്‍ഷത്തോളം നീണ്ട ചികിത്സ. ഒടുക്കം യൂട്രസ് നീക്കം ചെയ്യണമെന്നായി ഡോക്ടര്‍മാര്‍. പക്ഷേ, ഡോ. സുഭദ്രാ നായരുടെ അസിസ്റ്റന്റായിരുന്ന ഡോ. ലളിതയാണ് പറഞ്ഞത്: ""കുട്ടികളില്ലാത്ത പെണ്‍കുട്ടിയല്ലേ, യൂട്രസ് റിമൂവ് ചെയ്യേണ്ട'' എന്ന്.
അസുഖത്തിന് നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഐ. ഷണ്‍മുഖദാസിന്റെ വീട്ടിലേക്ക് ഞങ്ങള്‍ വാടകയ്ക്ക് മാറി. കോളേജില്‍ ഗീതയുടെ ക്ലാസുകള്‍ കൂടി ഞാനെടുത്തു തീര്‍ത്തു. 1987ല്‍ ഗീത വീണ്ടും ഗര്‍ഭിണിയായി. അതേവര്‍ഷം ജൂണില്‍ത്തന്നെ ഗീതയെ സൗകര്യങ്ങളോടുകൂടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഒക്ടോബര്‍ 16ന് ഗീത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗീതയും ഞാനും മാനസികമായും ശാരീരികമായും സൗഖ്യത്തിലേക്ക് വന്നുകൊണ്ടിരുന്നു. അയ്യന്തോളില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് വാടകയ്ക്ക് കിട്ടി.
പതുക്കെ വീട് പണി തുടങ്ങാമെന്നായി. വി.ജി. തമ്പിയോട് വാങ്ങിയ സ്ഥലത്ത് വീടുപണി തുടങ്ങി. അതുവരെയുണ്ടായിരുന്ന സകലമാന സ്വസ്ഥതയും വീടുപണി ഇല്ലാതാക്കി. എല്ലാ ഇടതുപക്ഷ ബാങ്കുകളില്‍ നിന്നും ലോണെടുത്താണ് വീടിന്റെ പണി പൂര്‍ത്തിയാക്കുന്നത്.
ഈവനിംഗ് ബാച്ചിനെയാണ് ഗീത പഠിപ്പിക്കുന്നത്. വൈകീട്ട് അഞ്ചു മുതല്‍ എട്ടുവരെയാണ് ക്ലാസ്. ഗീതയ്ക്ക് കൂടുതല്‍ സമയം കിട്ടിത്തുടങ്ങി. കോട്ടക്കലില്‍ നിന്ന് ഇന്‍സ്റ്റാള്‍മെന്റിന് വാങ്ങിയ മടക്കുമേശയില്‍ കൈവെച്ച് ഗീത ഒഴിവുനേരങ്ങളില്‍ എഴുത്തില്‍ ലയിച്ചു. മകളെ ഉറക്കിക്കഴിഞ്ഞാല്‍ പാതിരാവില്‍ ഗീത എഴുത്തിന്റെ ലഹരിയിലേക്ക് വീണു.

കാന്‍സറിനെ അതിജീവിച്ച ശിവകുമാര്‍ എന്ന അധ്യാപകന്‍ ഗീതയുടെ അതിജീവനത്തിന് വലിയ സപ്പോര്‍ട്ടായിരുന്നു. പക്ഷേ, വീണ്ടും കാന്‍സറിന് അടിപ്പെട്ട് ശിവകുമാര്‍ മരിച്ചു എന്ന വാര്‍ത്ത ഗീതയ്ക്ക് വലിയ വിഷമമായിരുന്നു. ശിവകുമാറിനെക്കുറിച്ച് എഴുതാന്‍ ഗീതയോട് ഞാനാണ് ആവശ്യപ്പെട്ടത്. ഗീത എഴുതിയ ഹൃദ്യമായ ലേഖനം ഞാന്‍ കെ.സി. നാരായണന് അയച്ചുകൊടുത്തു. അതിനടിയില്‍ കൊടുത്ത പേര് ഗീത ഹിരണ്യന്‍ എന്നായിരുന്നു. ആദ്യമായി ഗീത ഹിരണ്യന്‍ എന്നെഴുതുന്നു.
പലരും ഫോണിലൂടെയും കത്തിലൂടെയും അഭിനന്ദിച്ചു. ഗീത എഴുത്ത് തുടര്‍ന്നു. ഗീതാഞ്ജലി എന്ന പേരില്‍ ഒരു കവിത എഴുതി ഗീത ഒരു ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. അത് തിരിച്ചുവന്നു. ആ കവിതയിലെ പ്രമേയം ഭാര്യയേക്കാള്‍ സംഘടനാകാര്യങ്ങള്‍ക്കൊക്കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഭര്‍ത്താവിനെക്കുറിച്ചുള്ളതായിരുന്നു. ഗീതയുടെ ഡയറിയില്‍ നിന്നും, നേരിട്ടും ഞാനെന്ന ഭര്‍ത്താവിനോടുള്ള പരാതിയായിരുന്നു ആ കവിതയുടെ അടിസ്ഥാനം. ഞാന്‍ ആ കവിത വാങ്ങി രണ്ട് വരികളോളം മാറ്റി. കടുത്ത ഭര്‍തൃനിന്ദ കൂട്ടി കവിതയെ ഫെമിനിസ്റ്റാക്കി. അത് അര്‍ദ്ധനാരീശ്വരന്‍ എന്ന പേരില്‍ അയച്ചുനല്‍കുകയും ചെയ്തു. അത് പ്രസിദ്ധീകരിച്ചുവന്നു എന്നു മാത്രമല്ല, പല കോണില്‍ നിന്നും നല്ല അഭിപ്രായവും കിട്ടി. കുഞ്ചുപിള്ള അവാര്‍ഡ് ഗീതയുടെ ആ കവിതയ്ക്കാണ് ലഭിച്ചത്.
1994ല്‍ ഇരുട്ടിന്റെ ചിറകൊച്ചകള്‍ എന്ന കഥ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഗീത സജീവമായി രംഗത്തുവന്നു. ഇന്ത്യാ ടുഡേയില്‍ 1995ല്‍ കഥകള്‍ വന്നു തുടങ്ങുന്നു. 1996ല്‍ ഗീത മോന് ജന്മം നല്‍കുന്നതോടെ വീട്ടില്‍ സന്തോഷം നിറഞ്ഞുനിന്നു. 1997ല്‍ ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല ജന്മസത്യം എന്ന കൃതി കറൻറ് ബുക്സ് പ്രസിദ്ധീകരിച്ചു. കഥയും ജീവിതവും ഉപന്യാസ വിഷയത്തിനപ്പുറം എന്ന കൃതി കൂടി പ്രസിദ്ധീകൃതമാകുന്നു. എല്ലാംകൊണ്ടും തിരക്കും എഴുത്തുമായി ഞങ്ങളുടെ ജീവിതം സമ്പന്നം.
ഗീത സാഹിത്യമേഖലയില്‍ കത്തി നില്‍ക്കുന്ന ആ 2000 കാലത്താണ് ഗീതയുടെ നാവില്‍ കടുത്ത വേദന അനുഭവപ്പെട്ടത്. ബയോപ്സി എടുത്തു. നാവില്‍ അര്‍ബുദമായിരുന്നു. നാവ് മുറിച്ചുമാറ്റണമെന്ന് കേട്ടപ്പോള്‍ ഗീത ബോധരഹിതയായി. വടിവൊത്ത അക്ഷരം പോലെത്തന്നെ, നന്നായി സംസാരിക്കുകയും ചെയ്തിരുന്ന ഗീതയ്ക്ക് നാവില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. നാവിന്റെ വളരെ ചെറിയ ഭാഗം മാത്രം മുറിച്ചാല്‍ മതിയെന്നായി.
നാവ് കുഴഞ്ഞ് ഗീത പറയുന്നത് അടുത്തുള്ളവര്‍ക്കുമാത്രമേ മനസിലാകൂ എന്ന അവസ്ഥയിലായി. അതേ വര്‍ഷം ഡിസംബറോടെ ബന്ധുക്കളോടൊപ്പം കഴിയാനും സ്വാന്തനചികിത്സ തുടരാനുമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ആ കാലത്ത് ഗീത സന്തോഷവതിയായിരുന്നു. ഗീത വായിക്കുകയായിരുന്നു കൂടുതലും. എം.ടി., സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആറ്റൂര്‍ തുടങ്ങിയവരെല്ലാം കത്തുകളിലൂടെയോ നേരിട്ടോ ഗീതയ്ക്ക് സമീപത്തെത്തി.
ഗീത വായിക്കേണ്ട, സംഗീതം കേട്ടോളൂ എന്നു പറഞ്ഞ് ആറ്റൂര്‍ ക്ലാസിക് മ്യൂസികിന്റെ കാസെറ്റുകള്‍ നല്‍കി. അതില്‍ ലയിച്ച് ഗീത ഇരിക്കുന്നത് ഞാന്‍ കണ്ടു. ഗീത സന്തോഷവതിയായിരുന്നു.
2002 ജനുവരി രണ്ടിന് പുലര്‍ച്ചെ നാലുമണിക്ക് ഗീതയ്ക്ക് ഞാന്‍ മരുന്നുകള്‍ നല്‍കി. പതിവിലും കൂടുതല്‍ നിസ്സഹായാവസ്ഥയിലായിരുന്നു ഗീത അപ്പോള്‍. ആരോഗ്യനില പതുക്കെ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഏഴുമണി നേരമായപ്പോഴേക്കും ഗീത എന്റെ കൈ നെഞ്ചിലേക്ക് എടുത്തുവയ്ക്കാന്‍ നോട്ടംകൊണ്ട് ആവശ്യപ്പെട്ടു. ഞാന്‍ ഗീതയുടെ നെഞ്ചില്‍ തടവിക്കൊണ്ടിരുന്നു. ഉള്ളില്‍ കുടുങ്ങിപ്പോയ ശ്വാസം നേര്‍ത്തുനേര്‍ത്ത് പുറത്തേക്ക് വരുന്നു. ഗീത പതുക്കെ യാത്രയാവുകയാണ് എന്ന തിരിച്ചറിവിലേക്ക് ഞാനെത്തുന്നതേയുള്ളു. ഗീതയുടെ ശ്വാസഗതികള്‍ പതുക്കെപ്പതുക്കെയായി. കണ്ണുകള്‍ അടച്ചുതന്നെ കിടന്നു. കണ്ണ് തുറന്നൊന്ന് നോക്കാനുള്ള നേര്‍ത്ത ശ്രമം. ഗീത നിശബ്ദമായി, ഒരു ശ്വാസശബ്ദം പോലുമില്ലാതെ...''
(ഹിരണ്യന്‍ ഓര്‍മ്മകളുടെ കയറ്റിറക്കങ്ങളിലൂടെ ഗുരുവായൂരില്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മകള്‍ സമ്പന്നമായ കാലത്ത് സംസാരിച്ചതാണിത്)
Iskandar Mirsa
28 Feb 2022, 01:51 PM
Touching..
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read
എസ്. ജോസഫ്
Apr 21, 2022
9 Minutes Read
ടി.ആര്‍. സുശീല
Apr 18, 2022
3 Minutes Read
റഫീഖ് ഇബ്രാഹിം
Apr 06, 2022
20 minutes read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
Iskandar Mirsa
28 Feb 2022, 01:52 PM
Touching..