30 Apr 2022, 06:04 PM
ഒരു സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതിന് കൃത്യമായ രൂപകല്‍പ്പനയുടെ ആവശ്യമുണ്ടോ ? ഉണ്ടെന്നാണ് കാരപ്പറമ്പ് സ്‌കൂള്‍ വിളിച്ചു പറയുന്നത്. വര്‍ണശബളമായ ആധുനിക കെട്ടിടങ്ങളല്ല, വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന, പൊതുജനത്തിന് കൂടി ഉപകാരപ്പെടുന്നൊരു ജനകീയ സ്ഥാപനമായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്ന് കൂടി കാണിച്ചു തരുന്നു കാരപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ആധുനിക സൗകര്യങ്ങളോടെയുള്ള മികച്ച ക്ലാസ് മുറികള്‍, ലാബോറട്ടറി, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ലൈബ്രറി, കഫെറ്റീരിയ എന്നിവയോടെ നിര്‍മ്മിച്ച കാരപ്പറമ്പ് സ്‌കൂള്‍ ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്നതാണ്. സ്‌കൂള്‍ ഡിസൈന്‍ ചെയ്ത ആര്‍കിടെക്ട് നിമിഷ ഹക്കീമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ടിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ മികച്ച രൂപകല്‍പ്പനയ്ക്കുള്ള അവാര്‍ഡാണ് നിമിഷയെ തേടിയെത്തിയത്.
സംസ്ഥാനത്താകെയുള്ള സ്‌കൂളുകളുടെ പുനരുദ്ധാരണത്തിന് പ്രചോദനമായ പ്രിസം പദ്ധതിയില്‍ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് ശേഷം വരുന്ന രണ്ടാമത്തെ സ്‌കൂളാണ് കാരപ്പറമ്പിലേത്. നാട്ടുകാർക്ക് പ്രഭാതസവാരിക്കായി സ്കൂളിലെത്താം. ആംഫി തിയേറ്ററിന്റെ പടികളിലിരുന്ന് പത്രം വായിക്കാം, ഓഡിറ്റോയത്തില്‍ കല്ല്യാണങ്ങളുൾപ്പെടെയുള്ള പരിപാടികൾ നടത്താം. സാമൂഹിക അടുക്കള നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്. മികച്ച സൗകര്യങ്ങളുള്ള സ്കൂളുകളിൽ സമ്പന്ന വർഗ്ഗം മാത്രം പഠിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാഴ്ചപ്പാട് തന്നെ പൊളിച്ച് കളഞ്ഞിട്ടാണ് കാരപ്പറമ്പ് സ്കൂൾ പണിതിരിക്കുന്നത്. വർഗ്ഗ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് മികച്ച ഭൗതിക സാഹചര്യത്തില്‍ പഠിക്കാനുമുള്ള ഇടമായിരിക്കണം സ്‌കൂള്‍ എന്ന് നിമിഷ ഹക്കിം പറയുമ്പോൾ അവിടെ തുല്യനീതിയുടെ സാമൂഹികപാഠം കൂടി കുട്ടികൾ സ്വഭാവികമായി പഠിക്കുന്നു.
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍, മരപ്പലക കൊണ്ട് വേര്‍തിരിച്ച ക്ലാസ് മുറികള്‍, ഒരു വഴിപാടെന്ന പോലെ സ്‌കൂളിലെത്തുന്ന അധ്യാപകര്‍. ഇതാണ് മലയാളിയുടെ "നൊസ്റ്റാള്‍ജിയയെ' തലോടുന്ന, പോപ് കള്‍ച്ചര്‍ സിനിമകളില്‍ കണ്ടുവരുന്ന ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂള്‍ ചിത്രം. എന്നാൽ രൂപവും ഭാവവും മാറ്റപ്പെട്ട ഇതേ സര്‍ക്കാര്‍ സ്‌കൂള്‍, ആധുനിക സൗകര്യങ്ങളുള്ള ഒരു റിസോര്‍ട്ടായി ഒരു മലയാള സിനിമയില്‍ ചിത്രീകരിക്കപ്പെട്ടു എന്ന വൈരുദ്ധ്യത്തിന്റെ കഥ കൂടിയുണ്ട് കാരാപ്പറമ്പ് സ്‌കൂളിന് പറയാൻ.
1907 ല്‍ ഒരു മുനിസിപ്പാലിറ്റി സ്‌കൂള്‍ ആയാണ് ഇന്നത്തെ കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതിരുന്ന കാലമായിരുന്നു അത്.
വിശാലമായ ഒരു പ്രദേശത്തിന്റെ അറിവുല്‍പാദന കേന്ദ്രമായിരുന്ന കാരാപ്പറമ്പ് സ്‌കൂളില്‍ മുന്‍ കാലങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി 2000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. 1991-ലെ ഉദാരവത്കരണത്തിന് ശേഷം വിദ്യാസ മേഖലയെ പാടെ ഗ്രസിച്ച കമ്പോളകേന്ദ്രീകൃത നയങ്ങളും, സമാന്തരമായി ശക്തിയാര്‍ജ്ജിച്ച സ്വകാര്യ - സാമുദായിക വിദ്യാഭ്യാസ സ്ഥാപനങ്ങളും കാരണം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പൂട്ടുകള്‍ വീണ് തുടങ്ങിയപ്പോള്‍ കാരാപ്പറമ്പ് സ്‌കൂളും അടച്ചുപൂട്ടല്‍ ഭീഷണിയിലായി.
2005ല്‍ നൂറില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്ഥാപനമായിരുന്നു കാരാപ്പറമ്പ് സ്‌കൂള്‍. മൂന്ന് തവണ കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. ആയിരുന്ന എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പ്രിസം പദ്ധതിയില്‍ കാരാപ്പറമ്പ് സ്‌കൂളിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് അടച്ചു പൂട്ടാനിരുന്ന സ്‌കൂളിന്റെ ഗേറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും, പൊതുസമൂഹത്തിനും മുന്നില്‍ തുറന്നത്. എല്ലാ അർത്ഥത്തിലും മികച്ച വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന് വിശ്വസിക്കുന്ന ജനപ്രതിനിധിയും കൃത്യമായ വിഷനുള്ള ഒരു ആര്‍കിടെക്റ്റും ഒത്തുചേര്‍ന്നപ്പോള്‍ സംഭവിച്ച അല്‍ഭുതത്തിന്റെ പേരാണ് കാരപ്പറമ്പ് ഹൈയര്‍ സെക്കന്ററി സ്കൂള്‍.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 31, 2022
10 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
പി.കെ. തിലക്
Jul 28, 2022
10 Minutes Read