വിശപ്പിന്റെ വിളി മറക്കല്ലേ, സിനിമാപ്രേമികളേ; പൊതുജനതാല്പര്യാർഥം ഇതാ ചില സ്​പോട്ടുകൾ

തിരുവനന്തപുരത്ത്​ ചലച്ചിത്രമേള നടക്കുന്ന തിയേറ്ററുകൾക്ക് അടുത്തുള്ളതും കുറഞ്ഞ ചെലവിൽ, കൂടുതൽ രുചിയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്നതുമായ ചില സ്‌പോട്ടുകൾ പൊതുജനതാല്പര്യാർഥം പരിചയപ്പെടുത്തുന്നു; തിയേറ്ററിൽ നിന്ന് തിയേറ്ററുകളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ സ്വന്തം വയറിന്റെ വിശപ്പിന്റെ വിളി മറക്കരുതേ എന്ന് വിനയപുരസരം അഭ്യർഥിച്ചുകൊണ്ട്​...

ന്താരാഷ്ട്ര ചലച്ചിത്രമേളക്കായി തിരുവനന്തപുരത്ത് വന്നിട്ടുള്ള സിനിമാപ്രേമികളിൽ വിശപ്പിന്റെ ‘അസുഖ’മുള്ളവർ ഒന്ന് ശ്രദ്ധിക്കുക:

തിയേറ്ററിൽ നിന്ന് തിയേറ്ററുകളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ സ്വന്തം വയറിന്റെ വിശപ്പിന്റെ വിളി മറക്കരുതേ എന്ന് വിനയപുരസരം അഭ്യർഥിച്ചുകൊള്ളട്ടേ. മേള നടക്കുന്ന തിയേറ്ററുകൾക്ക് അടുത്തുള്ളതും കുറഞ്ഞ ചെലവിൽ, കൂടുതൽ രുചിയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്നതുമായ ചില സ്‌പോട്ടുകൾ പൊതുജന താല്പര്യാർഥം പരിചയപ്പെടുത്തുന്നു.

സിനിമ കണ്ട് ഉറക്കമില്ലാതെ നടക്കുന്ന പുലർച്ചകളിൽ ഒരു ബിരിയാണി ആയാലോ?

കൊച്ചുവെളുപ്പിന് ബിരിയാണിയോ? എന്ന് നെറ്റിചുളിക്കാൻ വരട്ടെ. വെളുപ്പിനെ മൂന്നുമുതൽ നല്ല ചൂട് ബിരിയാണി വിളമ്പുന്ന ഒരു സ്‌പോട്ടുണ്ട്. വട്ടത്തിൽ മുറിച്ചിട്ട ഇലയിൽ ആവി പറക്കുന്ന നല്ല ഒന്നാം ക്ലാസ്​ ബിരിയാണി.
അതാണ് ബൈപ്പാസിൽ കുളത്തൂരിനടുത്തുള്ള ശരണ്യ മെസ്.
തമിഴ്‌നാട് സ്‌റ്റൈൽ ചിക്കൻ, മട്ടൺ, എഗ്ഗ് ബിരിയാണികൾ രാവിലെ മൂന്ന് മുതൽ ഇവർ വിളമ്പി തുടങ്ങും. ഭക്ഷണം കഴിക്കുന്നതിനിടെ അവരുടെ സ്‌പെഷ്യൽ ഗ്രേവി ചോദിച്ചു വാങ്ങാൻ മറക്കണ്ട.

ഇനി, രാവിലെ വെറുംവയറ്റിൽ ബിരിയാണി കഴിക്കാൻ താൽപര്യമില്ലാത്തവരാണ് എങ്കിൽ പാളയം പള്ളിക്ക് എതിർവശത്തുള്ള ടി & കോ യിൽ നിന്ന്​ ചൂട് ചായ കുടിച്ച് നേരെ കരമനയ്ക്ക് വെച്ചു പിടിച്ചോ...
അവിടെ നല്ല ചൂട് പൊറോട്ടയും നെയ്യിൽ പുരണ്ട ഒന്നാന്തരം ബീഫും കിട്ടും.
അതാണ് കരമനയുടെ സ്വന്തം ‘ഗുഡ് മോർണിംഗ്’ ഹോട്ടൽ. പൊറോട്ടയുടെയും ബീഫിന്റെയും പേരിൽ തിരുവനന്തപുരത്ത് ഇത്രയും പേര് കേട്ട മറ്റൊരു ഹോട്ടലുണ്ടോ എന്ന് സംശയമാണ്. ഇരുന്നു കഴിക്കാനുള്ള സാഹചര്യം വളരെ പരിമിതമാണ് കേട്ടോ. 10 താഴെ മാത്രം സീറ്റിംഗ് കപ്പാസിറ്റി ഉള്ള ഈ ഹോട്ടലിൽ ചൂടോടെ പാഴ്‌സലും നൽകുന്നുണ്ട്. പാഴ്‌സൽ വാങ്ങി കനകക്കുന്നിലോ നിശാഗന്ധിയിലോ പോയിരുന്നു കഴിക്കുന്നതായിരിക്കും ഭേദം.

നേരം വെളുക്കുമ്പോൾ തന്നെ നോൺവെജ് കഴിക്കാൻ താല്പര്യമില്ലാത്തവർക്കായി രണ്ട് ഉഗ്രൻ സ്‌പോട്ടുകളും സിറ്റി പരിധിക്കുള്ളിൽ തന്നെയുണ്ട്. അതാണ് ഗൗരി ശങ്കർ ഹോട്ടലും, മണിമെസ്സും.
‘‘രസവട കഴിച്ചു കൊണ്ടാണ് തിര്വന്തോരത്തുകാര് ദിവസം തുടങ്ങുന്നത്'' എന്നൊരു ചൊല്ലുണ്ട്. ചൂടുരസത്തിൽ മുങ്ങിക്കിടക്കുന്ന പരിപ്പുവട എന്ന രസവട അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള ഗൗരി ശങ്കർ ഹോട്ടലിൽ ഇത്തരം രസവട മാത്രമല്ല നല്ല മൊരിഞ്ഞ പൂരി, ചൂട് ചായ, പൂ പോലെയുള്ള ഇഡലി എന്നിവയും കിട്ടും. എന്നാൽ ഗൗരി ശങ്കറിന്റെ തുറുപ്പുചീട്ട് അവരുടെ അടദോശയും അവിയലുമാണ്. അതെന്താണെന്ന് പറഞ്ഞ്​ സസ്‌പെൻസ് കളയുന്നില്ല. രുചിച്ചു തന്നെ അറിയുക..

അവിടുന്നിറങ്ങി മണക്കാട് ശ്രീവരാഹം റോഡിലുള്ള മണി മെസ്സിൽ ചെന്നാൽ ചൂട് മസാലദോശയും, ഇഡലിയും, ചായയും, പൂരിയും ഒക്കെ കിട്ടും. ഇവരുടെ വെജ് മീൽസും ഏറെ പ്രശ്ശസ്തമാണ്. പക്ഷെ മണി മെസ്സിലെ കൊമ്പൻ, അത് അവരുടെ പരിപ്പുവട ആണ്.

ഇനി, ആദ്യ ഷോ കഴിഞ്ഞ് ഒരു വെള്ളം കുടിക്കണം എന്ന് തോന്നിയാൽ അതിനും വകുപ്പു​ണ്ടെന്നേ! ഒന്നാന്തരം സർബത്ത് കിട്ടുന്ന രണ്ട് നല്ല ഓപ്ഷനുകൾ തിയേറ്ററുകൾക്ക് അടുത്തുതന്നെ ലഭ്യമാണ്

കലാഭവൻ, കൈരളി തുടങ്ങിയ തിയേറ്ററുകളിൽ സിനിമയ്ക്ക് കയറുന്ന ചലച്ചിത്ര പ്രേമികൾക്ക്​, പാളയം വരെ വന്നാൽ സർബത്ത് കാക്കയുടെ ഓറഞ്ച് സർബത്ത് കുടിച്ച് ദാഹമകറ്റാം. പാളയം ജമാഅത്ത്​ പള്ളിക്കുസമീപം യൂണിവേഴ്‌സിറ്റി യിലേക്കുള്ള ഇടറോഡിലാണ് ബിസ്മി എന്ന ഈ ചെറിയ സർബത്ത് കട. പൊരി വെയിലത്ത് വിയർത്തു കുളിച്ച്​ സർബത്ത് കുടിക്കാനെത്തുന്നവർക്ക്
ഓറഞ്ച് നീരും, തേനും, ഐസ് കഷണങ്ങളും ചേർത്ത് ആ കുറിയ മനുഷ്യൻ ഒരു ഗ്ലാസ് സർബത് വച്ച് നീട്ടും. അടുത്തുകാണേണ്ട ചിത്രത്തെ പറ്റി ഒന്നോ രണ്ടോ വാചകങ്ങളുമായി അണ്ടർപാസിലേക്ക് നോക്കി പതിയെ സർബത്ത് കുടിക്കാം.

മണക്കാട്ടുള്ള കാസിം നറുനീണ്ടി പാൽ സർബത്ത് ഇപ്പോൾ നന്ദങ്കോടും ലഭ്യമാണ്. നഗരസഭയ്ക്ക് എതിരെ കിടക്കുന്ന വഴി കുടപ്പനക്കുന്നു റോഡിൽ മുന്നോട്ടു വന്നാൽ നന്ദൻകോട് എത്തുന്നതിനു മുൻപായി വലതുഭാഗത്താണ് ഈ ചെറിയ കട. 30 രൂപയാണ് ഒരു ഗ്ലാസ് സർബത്തിന് ഇവർ ഈടാക്കുന്നത്. ഒന്നാന്തരം തണുത്ത മിൽമ പാലും കസ്‌കസും ഇവരുടെ പ്രത്യേക നറുനീണ്ടി മിക്‌സും ചേർത്താണ് ഈ സർബത്ത് തയ്യാറാക്കുന്നത്.

ഉച്ചയ്ക്ക് വിശന്നു പൊരിയുന്ന വയറുമായി തിയേറ്റർ വിട്ടിറങ്ങുന്നവർക്ക് വൈവിധ്യമേറിയ ഓപ്ഷനുകളും തിരുവനന്തപുരം വെച്ച് നീട്ടുന്നുണ്ട്.

ബിരിയാണി പ്രേമികൾ ഇനി പറയുന്നത് ശ്രദ്ധിക്കുക: കൈരളി, നിള തീയേറ്ററുകൾക്കടുത്തുള്ള ആസിഫേ ബിരിയാണി നല്ല ഒരു ഓപ്ഷനാണ്.
കലാഭവനിൽ സിനിമ കാണുന്നവർ കുറച്ച് മുന്നോട്ട് നടന്ന്​ കലാഭവൻ മണി റോഡ് ഇറക്കമിറങ്ങിയാൽ അജ്വയിൽ നിന്ന്​ ചൂട് ഫിഷ് ബിരിയാണി കഴിച്ചു പോകാം. പുളിമൂടുവരെ പോകാനുള്ള പെട്രോൾ ഉള്ളവർക്ക് ഡിണ്ടികൽ തലപ്പാക്കട്ടി ബിരിയാണിയും ലഭ്യമാണ്.

സോമാറ്റോ, സ്വിഗി എന്നിവ ഉപയോഗിക്കാനുള്ള സാവകാശമുള്ളവർ തിരുവനന്തപുരത്തെ ഒന്നാന്തരം ബിരിയാണികളിൽ ഒന്നായ ‘ഖൽബിലെ ബിരിയാണി' ഉറപ്പായും ട്രൈ ചെയ്യണം. പരസ്പരം ഒട്ടിപ്പിടിക്കാത്ത റൈസും, രുചികരമായ ഇറച്ചി കഷ്ണങ്ങളും സ്‌പെഷ്യൽ ചമ്മന്തിയും ഇവരുടെ പ്രത്യേകതയാണ്.

ഉച്ചയ്ക്ക് ബിരിയാണി വേണ്ട, മന്തി മതിയെന്നോ?.

ആയിക്കോട്ടെ, അതിനും ഈ മണ്ണിൽ വകുപ്പുണ്ടെന്നേ...

മന്തി എന്നതിനൊപ്പം തിരുവനന്തപുരംകാർ ചേർത്തുപറയുന്ന പേരാണ് ബുർജ് അൽ മന്തി അട്ടക്കുളങ്ങര. അജന്ത, ശ്രീ പദ്മനാഭ തിയറ്ററുകളിൽ പോകുന്നവർക്ക് നടന്നുതന്നെ എത്താൻ പറ്റുന്ന ഒരിടം. മന്തിയോടൊപ്പം
തന്നെ പേരുകേട്ടതാണ് ഇവരുടെ ഷവർമകളും.

കലാഭവനിലും ടാഗോറിലും പടം കാണുന്നവർ ആകാശവാണി റോഡ് ചോദിച്ചു നടന്നാൽ ബാർബിക്യു സ്‌പെസിൽ എത്താം. മന്തികളുടെ ഒരു വിശാലമായ ലോകമാണവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

നട്ടുച്ചക്ക് നല്ല രസ്യൻ ഊണ് ആണ് വേണ്ടതെങ്കിൽ അതിനും വഴിയുണ്ട്.
പക്കാ വെജ് ഊണ് വേണമെന്നുണ്ടെങ്കിൽ നേരത്തെ പറഞ്ഞ ശ്രീവരാഹം റോഡിലെ മണി മെസ്സിലോ, പുത്തൻ സ്ട്രീറ്റിലെ സ്വാമി മെസ്സിലോ പോയി നോക്കാവുന്നതാണ്. വേപ്പിലക്കട്ടി അടക്കം ഊണ് വിളമ്പുന്ന സ്വാമി മെസ്സ് ഒരു സംഭവം തന്നെയാണ്.

ഇനി നാല് തരം പായസം അടക്കം ഒരു ഗംഭീര സദ്യയാണ് മനസ്സിലെങ്കിൽ, നേരെ ബേക്കറി ജംഗ്ഷനിലെ മദർസ് വെജ് പ്ലാസയിലേയ്ക്ക് പോരൂ, വർഷത്തിലെ മുഴുവൻ ദിവസവും നല്ല സദ്യ കിട്ടുന്ന സ്‌പോട്ട് ആണിത്. ചോക്ലേറ്റ് ദോശ, മൈസൂർ മസാല ദോശ തുടങ്ങിയ ദോശകൾ വേറെയും.

കള്ളു ഷാപ്പിൽ ഊണ് കഴിക്കണം എന്ന് തോന്നുവർക്ക് അതിനുള്ള ഓപ്ഷനും ഉണ്ട്. റിസർവ്​ ബാങ്കിനടുത്ത്​. കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം നൽകുന്ന സർക്കാർ ഓഫീസ് കാന്റീനുകൾ നിരവധിയാണ് അനന്തപുരിയിൽ. കുടുംബശ്രീ വക 20 രൂപ ഊണ് ഹോട്ടലുകൾ വേറെയും.

ഉച്ചയ്ക്കത്തെ ഷോ കഴിഞ്ഞ്​ വൈകീട്ട് നല്ലൊരു ഒരു ചായയാണ് നോക്കുന്നത് എങ്കിൽ അതിനുള്ള ഓപ്ഷനുകളും ഇവിടെയുണ്ട്. ചായ കുടിക്കാനെത്തി മുളയിട്ട ബന്ധങ്ങൾ വാട്​സ്​ആപ്​ ഗ്രൂപ്പുകളിലൂടെ പടർന്നു പന്തലിച്ച
ശാസ്തമംഗലം ജംഗ്ഷനിലെ ചിന്ത്യ ചായക്കട. കലാഭവനിൽ നിന്നും ടാഗോറിൽ നിന്നും ഇട റോഡ് കേറി അഞ്ചു മിനിറ്റുകൊണ്ടെത്താവുന്ന ദൂരത്തിലുള്ള ഈ കടയിലെ മൊട്ട ബജിയും, അത് സ്‌നേഹത്തോടെ വിളമ്പുന്ന ചന്ദ്രേട്ടനും ഒരു സംഭവം തന്നെയാണ്​.

ചിന്ത്യ യിലെ തിരക്കുകാരണം ചായ കുടിക്കാൻ പറ്റിയില്ല?
വിഷമിക്കേണ്ടന്നെ, നേരെ മുന്നോട്ട് പോര്...
ശ്രീ രാമകൃഷ്ണമിഷൻ ഹോസ്പിറ്റലിന്റെ മുന്നിലുള്ള ജി.പി. ഹോട്ടൽ. ഇവരുടെ സ്‌പെഷ്യൽ ഐറ്റംസ് ബീഫ്- പഴംപൊരി കോംബോ, അടിച്ചു പതപ്പിച്ച ചൂട് ചായ ഒക്കെയാണെങ്കിലും അവിടുത്തെ മസാലദോശയും മസ്റ്റ് ട്രൈ ആണ്. ട്രിവാൻഡ്രത്ത് ഞാൻ കഴിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ മസാലദോശ എന്ന് തന്നെ പറയാം.!

വൈകിട്ട് ചായ വേണ്ട അൽപം മധുരം മതി എന്നാണോ?
അജന്തയിലും എരീസിലും പടത്തിനു കേറിയവർക്ക് ഉഗ്രൻ പായസം കിട്ടുന്ന ഒരു സ്‌പോട്ട് പറഞ്ഞു തരാം. പഴവങ്ങാടി ഗണപതി കോവിലിന്റെ സൈഡിലൂടെ നടന്നാൽ നല്ല ചൂട് നെയ്‌ബോളി, പായസം എന്നിവ കിട്ടുന്ന മഹാ ബോളി കടയിൽ എത്തും.150 രൂപയാണ് അരലിറ്റർ പായസത്തിനു ഇവർ വാങ്ങുന്നത്.
പക്ഷെ സംഭവം ഉഗ്രനാണ്.
ഒരു പേപ്പർ പ്‌ളേറ്റിൽ ഒരു നെയ്ബോളി ഇങ്ങനെ നിവർത്തി ഇടുക. അതിന്റെ ഒത്ത നടുക്ക് കുറച്ചു പായസം ഒഴിച്ച്, അതിങ്ങനെ സെറ്റ് ആകുന്ന വരെ ഒന്ന് കാത്തിരിക്കണം. എന്നിട്ട് ചൂണ്ടുവിരലും നടുവിരലും തള്ളവിരലും ചേർത്ത് അതിനെ ഇങ്ങനെ കോരിയെടുത്തിട്ട്​ നേരെ വായിലേയ്ക്ക്...
ഹാ അന്തസ്സ്.

പായസം വേണ്ട വെറൈറ്റി ഷേക്കുകൾ ആണ് താല്പര്യം എങ്കിൽ പാളയം പള്ളിക്കടുത്ത് ഹാജി അലിയിൽ പോര്... ഫ്രഷ് ക്രീം, ഷേക്കുകൾ, പാനി പൂരി, ദഹി പൂരി തുടങ്ങി ഉഗ്രൻ സാധനങ്ങളാണ് ഇവിടെയുള്ളത്.

വൈകീട്ട് ചൂട് പൂരി കഴിക്കണമെന്ന് തോന്നുന്നവർക്ക് കിഴക്കേകോട്ട പാർത്താസിനടുത്തുള്ള ഹോട്ടൽ സൗരാഷ്ട്രയിലേക്ക് പോകാം.തിരുവനന്തപുരം നഗരവാസികൾക്ക് പതിറ്റാണ്ടുകളായി ഗുജറാത്തി രുചി വിളമ്പുന്ന ഇവിടം പുരിയുടെയും ഒപ്പം നൽകുന്ന കറികളുടെയും പേരിലാണ് പ്രശസ്തം.

ഇനി അതല്ല, മലയാളിയുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫും ആണ് വേണ്ടത് എങ്കിൽ ഇരുട്ടിക്കഴിഞ്ഞ്​, മാനവീയം വീഥിയിലോട്ട് ഒന്ന് നടന്നാ മതി. അവിടെ ‘ഇറാനി'ക്കാരുടെ വക ഒരു വാൻ കിടപ്പുണ്ടാകും.
അവരുടെ ലൈവ് പൊറോട്ടയും ബീഫും, ചില്ലി, റോസ്റ്റ് എന്നിങ്ങനെ ചിക്കനും ബീഫും കിട്ടും.
പൊളി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും.

ഷവർമ വേണം എന്നാണ് എങ്കിൽ ടാഗോറിന്റെ തൊട്ടടുത്തുതന്നെ ധാരാളം ഷവർമ ട്രക്കുകളുണ്ട്. കവടിയാർ -കുറവൻകോണം റൂട്ടിലാകട്ടെ മുക്കിനു മുക്കിന്​ ഷവർമ സ്‌പോട്ടുകളാണ്. പാനി പൂരി ഷവർമ, കോൺ ഷവർമ... അങ്ങനെയങ്ങനെ. ടർകിഷ് ഡിലൈറ്റിലെ ഷവർമ പൊളിയാണ്. ബാർബിക്യു സ്‌പെസിലെ ഫുൾ മീറ്റ്, സ്പൈസി ഷവർമയും, ഫിഷ് ഷവർമയും അറിഞ്ഞിരിക്കേണ്ട രുചികളിൽ ഒന്നാണ്.

ഇതൊന്നും പോരാ, വൈകിട്ട് തട്ടുകട വേണം എന്നാണെങ്കിൽ അതിനും ധാരാളം ഓപ്ഷൻസുണ്ട്.
പാളയം ബേക്കറി ജംഗ്ഷൻ, വെള്ളയമ്പലം, പട്ടം സിഗ്‌നൽ, പി.എം.ജി, യൂണിവേഴ്‌സിറ്റി തുടങ്ങി സിറ്റിയിലെ ഒരുമാതിരി സ്‌പോട്ടുകളിലെല്ലാം തട്ട് ലഭ്യമാണ്.

തിര്വന്തോരംകാരുടെ ഭാഷേൽ
‘അണ്ണാ,
നാല് ദോശ,
ഒരു സിംഗിൾ ഓംബ്ളറ്റ്,
ഒരു രസവടേം’ എന്നൊന്നു പറഞ്ഞു നോക്കിക്കേ...
ബാക്കിയൊക്കെ അവര് നോക്കിക്കോളും!

കിടക്കുന്നേനുമുന്നേ ഒരു ഷെയ്ക്ക് കുടിച്ചവസാനിപ്പിച്ചാലോ?
നേരെ കിഴക്കേക്കോട്ടയ്ക്ക് പോര്.
ബുഹാരിയുടെ അടുത്തുള്ള കരിക്ക് ഷെയ്ക്ക് കട. അറുപതിൽ കൂടുതൽ വെറൈറ്റി ഷെയ്ക്ക്കൾ ഇവിടെ കിട്ടും. സിഗ്‌നലിനു മുൻപുള്ള ‘ഖാനാ പീനാ'യിൽ കയറിയാൽ അവരുടെ സ്‌പെഷ്യൽ കണ്ണൂർ കോക്റ്റയിലും ട്രൈ ചെയ്യാം.

ഒന്നോ രണ്ടോ ദിവസം കൊണ്ട് തിന്നുതീർക്കാൻ കഴിയുന്നതല്ല അനന്തപുരി വച്ചുനീട്ടുന്ന രുചികൾ. അതിങ്ങനെ പടർന്നു പന്തലിച്ചു കിടക്കുകയാണ്.

Comments